The Blood Countess : Elizabeth Báthory
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇന്നത്തെ സ്ലൊവാക്യയിലെ ട്രെൻസിൻ ഗ്രാമത്തിന് ചുറ്റും കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. സെജ്‌റ്റെ കോട്ടയിൽ ജോലി നോക്കുന്ന കർഷക പെൺകുട്ടികൾ അപ്രത്യക്ഷരാകുന്നു എന്നതായിരുന്നു അത്, എന്തുകൊണ്ടെന്ന് ആർക്കും അറിയില്ല. എന്നാൽ അധികം താമസിയാതെ, പല നാട്ടുകാരും കൗണ്ടസ് എലിസബത്ത് ബത്തോറിക്ക് നേരെ വിരൽ ചൂണ്ടാൻ തുടങ്ങി.

ഹംഗറി രാജ്യത്തിലെ വളരെയധികം ഭൂമിയുടെ അവകാശികളായ ഒരു കുലീന പ്രൊട്ടസ്റ്റന്റ് കുടുംബമായ ബത്തോറിയിൽ നിന്നാണ് എലിസബത്ത് ബത്തോറി വന്നത്. അവളുടെ പിതാവ് ബാരൺ ജോർജ്ജ് ആറാമൻ ബത്തോറി ( Baron George VI Báthory ) ആയിരുന്നു , ട്രാൻസിൽവാനിയയിലെ മറ്റൊരു വോയിവോഡിന്റെ മകളായ ബറോണസ് അന്ന ബത്തോറി ( Baroness Anna Báthory ) ആയിരുന്നു അവളുടെ അമ്മ. പോളണ്ടിലെ രാജാവും, ലിത്വാനിയയിലെ പ്രഭുവും, ട്രാൻസിൽവാനിയ രാജകുമാരനുമായിരുന്ന സ്റ്റീഫൻ ബത്തോറിയുടെ ( Stephen Báthory ) മരുമകൾ കൂടിയായിരുന്നു അവർ.
നൈർബേറ്ററിലെ ഒരു ഫാമിലി എസ്റ്റേറ്റിലാണ് എലിസബത്ത് ബത്തോറി ജനിച്ചത്, കുട്ടിക്കാലം ചെലവഴിച്ചത് എക്സെഡ് കാസിലിലായിരുന്നു. ആ കാലഘട്ടത്തിൽ അപസ്മാരം ബത്തോറിക്ക് അനുഭവപ്പെട്ടിരുന്നു.

ബത്തോറിക്ക് ഏതാണ്ട് 12 വയസ് പ്രായമുളളപ്പോൾ ഒരു ബാരന്റെ മകനും; പ്രഭുവർഗ്ഗത്തിലെ മറ്റൊരു അംഗവുമായ ഫെറൻക് നഡാസ്ഡിയുമായി ( Count Ferenc Nádasdy ) വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ഒന്നോ രണ്ടോ വർഷം കഴിഞ്ഞപ്പോൾ ഒരു സാദാരണക്കാരനായ യുവാവിൽ നിന്ന് ബത്തോറി ഗർഭ്ഭിണിയാകുകയും; ഇതറിഞ്ഞ ഫെറൻക് നഡാസ്ഡി ആ കുഞ്ഞിനെ മാറ്റിയശേഷം യുവാവിനെ കൊത്തിനുറുക്കി നായ്ക്കൾക്കിട്ടുകൊടുക്കുകയും ചെയ്തു. 1575-ൽ, ഫെറൻക് നഡാസ്ഡിയെ ബത്തോറി വിവാഹം കഴിച്ചു. അപ്പോൾ ബത്തോറിക്ക് 14 വയസായിരുന്നു പ്രായം. ഏകദേശം 4,500 അതിഥികളെ അവരുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു.

1578-ഓടെ, നഡാസ്ഡി ഹംഗേറിയൻ സൈന്യത്തിന്റെ മുഖ്യ കമാൻഡറായി മാറുകയും ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ ഒരു സൈനിക മുന്നേറ്റം ആരംഭിക്കുകയും ചെയ്തു. യുദ്ധത്തിനായി പോകുമ്പോൾ തന്റെ വിശാലമായ എസ്റ്റേറ്റുകളുടെയും, പ്രാദേശിക ജനങ്ങളുടെ ഭരണത്തിന്റെയും ചുമതല അദ്ദേഹം ഭാര്യയെ ഏൽപ്പിച്ചു. 1604-ൽ നഡാസ്ഡിക്ക് കാലുകളിൽ വേദനയുണ്ടാകുകയും തുടർന്ന് ശാശ്വത വൈകല്യം ബാധിച്ച് മരിക്കുകയും ചെയ്തു. ദമ്പതികൾക്ക് 4 കുട്ടികളുണ്ടായിരുന്നു.
ഈ പറയുന്ന കഥകളിലെല്ലാം എത്രമാത്രം വാസ്ഥവമുണ്ട് എന്നത് തർക്കവിഷയമാണ്. ആധുനീക ലോകത്തിലെ ചരിത്രകാരൻമാർ ഇതിൽ പലതും തളളിക്കളയുന്നു. ഭർത്താവ് യുദ്ധത്തിനായി പോയസമയത്ത് നിരവധി യുവാക്കളെ ബത്തോറി അവളുടെ എസ്റ്റേറ്റുകളിലേയ്ക്ക് വരുത്തിയിരുന്നതായി പറയപ്പെടുന്നു. വ്യക്തമായും വ്യക്തിഹത്യ എന്നു തോന്നാവുന്ന തരത്തിലുളള ഈ വിവരണങ്ങൾ എല്ലാം തന്നെ യാതൊരു ലിഖിതമായ രേഖയുമില്ലാത്തവയാണ്. ഒരു നൂറ്റാണ്ടുകഴിഞ്ഞാണ് ഈ കഥകൾ പ്രചരിക്കുന്നത്.
ഭർത്താവിന്റെ മരണശേഷം അവളുടെ സാഡിസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ച് കഥകൾ പരക്കാൻ തുടങ്ങി. പെൺകുട്ടികളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് അവൾ ആസ്വദിക്കുന്നുണ്ടെന്ന് പ്രചരിക്കപ്പെട്ടു. നാടോടികഥകൾ അനുസരിച്ച് ആദ്യം അവർ പീഡിപ്പിച്ചത് അവളുടെ കോട്ടകളിലെ ദാസിമാരെ ആയിരുന്നു. പ്രാദേശിക കർഷകരുടെ പെൺമക്കളായിരുന്നു ദാസികളായി കോട്ടയിൽ ജോലി നോക്കിയിരുന്നത്.

ബത്തോറി പീഡിപ്പിക്കുക മാത്രമല്ല രക്തം കുടിക്കുകയും, യുവാക്കളുടെ രക്തത്തിൽ കുളിക്കുകയും ചെയ്യുമായിരുന്നു എന്ന് പറയപ്പെടുന്നു. കൊട്ടാരത്തിലെ ദാസിമാരേ കൂടാതെ നല്ലശീലങ്ങൾ പഠിക്കുവാനായി കൊട്ടാരത്തിലേയ്ക്ക് അയക്കപ്പെട്ട കുലീന കുടുംബങ്ങളിലെ കൗമാരക്കാരികളും ബത്തോറിയുടെ ഇരകളായി. പെൺകുട്ടികളുടെ രക്തം കുടിക്കുന്നത് അവളുടെ യൗവനവും രൂപവും സംരക്ഷിക്കുമെന്ന് അവൾ വിശ്വസിച്ചു. ഒരു വേലക്കാരിയെ തല്ലിയതിന് ശേഷമാണ് അവൾ ഈ അഭിനിവേശം വളർത്തിയെടുത്തതെന്നും ആ ദാസിയുടെ രക്തം തെറിച്ചിടത്ത് അവളുടെ ചർമ്മം ചെറുപ്പമായി കാണപ്പെട്ടുവെന്നും കഥ പറയുന്നു. പീഡിപ്പിച്ച് കൊല്ലുന്ന ഇരകളുടെ ശവശരീരം തന്റെ 4 കൂട്ടാളികളുടെ സഹായത്താൽ രാത്രികാലങ്ങളിൽ പളളി സെമിത്തേരികളിൽ അടക്കുകയാണ് ചെയ്തിരുന്നത്. ബത്തോറി തന്റെ ഇരകളിൽ പല തരത്തിലുള്ള പീഡനങ്ങൾ നടത്തിയതായി സംശയിച്ചിരുന്നു. ബത്തോറിയിൽ നിന്നും അതിജീവിച്ചവരും, ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച് ഇരകൾക്ക് കഠിനമായ മർദനം ഏറ്റിരുന്നു. ചിലരുടെ കൈകൾക്ക് പൊളളലും, വികലമാക്കപ്പെടലും ഏറ്റതായി പറയുന്നു. ചിലർ പട്ടിണി കിടന്ന് മരിച്ചു. ബുഡാപെസ്റ്റ് സിറ്റി ആർക്കൈവ്സ് പറയുന്നതനുസരിച്ച്, ഇരകളെ തേൻ പുരട്ടിയ ശേഷം ജീവനുള്ള ഉറുമ്പുകൾക്ക് ഭക്ഷിക്കാൻ കൊടുത്തു. മറ്റു ചിലപ്പോൾ പഴുപ്പിച്ച ഇരുമ്പായുധങ്ങൾ, നാണയങ്ങൾ, താക്കോലുകൾ എന്നിവ ഉപയോഗിച്ച് പൊളളിക്കുകയും പിന്നീട് തണുത്തുറഞ്ഞ വെള്ളത്തിൽ മുക്കിക്കൊല്ലുകയും ചെയ്തു. ബത്തോറി ഇരകളുടെ ചുണ്ടിലോ ശരീരഭാഗങ്ങളിലോ സൂചികൾ കുത്തിയിറക്കിയിരുന്നതായി കരുതപ്പെടുന്നു, കത്രിക ഉപയോഗിച്ച് അവരെ കുത്തുകയോ അവരുടെ സ്തനങ്ങൾ, മുഖങ്ങൾ, കൈകാലുകൾ എന്നിവ മുറിവേൽപ്പിക്കുകയും ചെയ്തു. ചിലരെ തല്ലിക്കൊന്നു. എലിസബത്ത് അവരുടെ രക്തത്തിൽ കുളിച്ചിരുന്ന കഥ പിന്നീട് ചേർത്തതായി തോന്നുന്നു.
കോട്ടയിൽ പഠിക്കാൻ വിട്ട പെൺകുട്ടികളെ കൊന്നതിനുശേഷം താഴേയ്ക്ക് വലിച്ചെറിഞ്ഞത് കുട്ടികളെ അന്വേഷിച്ച് വന്നവരുടെ മുന്നിലാണ് വന്നു വീണത് എന്ന് പറയപ്പെടുന്നു.
ജനം ഇളകി, രാജാവിനുമുന്നിൽ പരാതിയെത്തി. അതിനാൽ, ഹംഗേറിയൻ രാജാവ് മത്തിയാസ് രണ്ടാമൻ അവൾക്കെതിരായ പരാതികൾ അന്വേഷിക്കാൻ തന്റെ ഏറ്റവും ഉയർന്ന റാങ്കിലുള്ള പ്രതിനിധിയായ ഗ്യോർഗി തുർസോയെ അയച്ചു.

1610-ൽ അന്വേഷണം ആരംഭിച്ചു. 300-ഓളം സാക്ഷികളിൽ നിന്ന് തുർസോ തെളിവുകൾ ശേഖരിച്ചു, അവർ കൗണ്ടസിനെതിരെ ശരിക്കും ഭയാനകമായ ആരോപണങ്ങൾ ഉന്നയിച്ചു. തുർസോയുടെ അന്വേഷണ സമയത്ത്, ചിലർ അവളെ ഒരു വാമ്പയർ ആണെന്ന് ആരോപിച്ചു, മറ്റുള്ളവർ അവൾ പിശാചുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടതായി അവകാശപ്പെട്ടു. ഏറ്റവും കുപ്രസിദ്ധമായ ആരോപണം – അവളുടെ വിളിപ്പേര്, ബ്ലഡ് കൗണ്ടസ് എന്നതിന് പ്രചോദനം നൽകിയത് – എലിസബത്ത് ബത്തോറി യുവാക്കളുടെ രക്തത്തിൽ കുളിച്ചു എന്നും അങ്ങിനെ യുവത്വം നിലനിർത്താൻ ശ്രമിച്ചുവെന്നും ആണ്. എന്നാൽ ഈ കഥ ഏറ്റവും അവിസ്മരണീയമാണെങ്കിലും, ഇത് സത്യമായിരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഒടുവിൽ ആ വർഷം ഡിസംബറിൽ എലിസബത്ത് അറസ്റ്റിലായി. തുർസോ ആത്യന്തികമായി 80 പെൺകുട്ടികളുടെ മരണത്തിന് ബത്തോറിക്കെതിരെ കുറ്റം ചുമത്തി. ബത്തോറി തന്നെ സൂക്ഷിച്ചിരുന്ന ഒരു പുസ്തകം കണ്ടതായി ഒരു സാക്ഷി അവകാശപ്പെട്ടു. ബത്തോറി ഇരകളുടെ എല്ലാവരുടെയും പേരുകൾ അതിൽ രേഖപ്പെടുത്തി എന്ന് പറയപ്പെടുന്നു. ആകെ 650 പേരുടെ പേരുണ്ടായിരുന്നു. ഈ ഡയറി ഒരു കോടതി ഉദ്യോഗസ്ഥന്റെ കൈയ്യിൽ നിന്നും ഒരാൾ കണ്ടു എന്നു മാത്രമാണ് അവകാശവാദം ഉളളത്. അതിനാൽ ഇതും ഒരു കെട്ടുകഥ മാത്രമാണെന്ന് തോന്നുന്നു.
അവളുടെ കൂട്ടാളികൾ എന്ന് ആരോപിക്കപ്പെട്ട അവളുടെ പ്രിയപ്പെട്ട നാല് സേവകരെ വിചാരണ ചെയ്ത് കുറ്റക്കാരായി കണ്ടെത്തി. ഇവരിൽ മൂന്നുപേരെ വധിക്കുകയും നാലാമനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
അവളുടെ കുടുംബത്തിന്റെ നിലപാടുകൾ കാരണം എലിസബത്ത് സ്വയം വിചാരണ ചെയ്യപ്പെട്ടില്ല, എന്നാൽ അവളെ സെറ്റ്ജെ കാസിലിൽ അടച്ചു. അവൾ അടയ്ക്കപ്പെട്ട മുറിക്ക് ജനാലകൾ ഉണ്ടായിരുന്നില്ല. ആ ഏകാന്തതടവിന് അവസാനം 1614-ൽ അവിടെ വച്ച് മരിക്കുമ്പോൾ അവൾക്ക് 54 വയസ്സായിരുന്നു.

വാസ്‌തവത്തിൽ, ചില ആധുനിക ഹംഗേറിയൻ പണ്ഡിതർ പറയുന്നത്, അവളുടെ തിന്മയെക്കാളും മറ്റുള്ളവരുടെ ശക്തിയും അത്യാഗ്രഹവും ആയിരിക്കാം ഈ കഥകൾ പ്രചരിക്കാൻ കാരണം എന്നാണ്. മത്തിയാസ് രണ്ടാമൻ രാജാവ് ബത്തോറിയുടെ പരേതനായ ഭർത്താവിനോടും, പിന്നീട് അവളോടും വലിയ കടബാധ്യതയുണ്ടായിരുന്നു. ആ കടം വീട്ടാൻ മത്തിയാസ് തയ്യാറായില്ല. പണം നൽകാതിരിക്കുവാനായി കൗണ്ടസിനെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തി എന്ന് ചരിത്രകാരന്മാർ പറയുന്നു.

അതുപോലെ, ചില ചരിത്രകാരന്മാർ പറയുന്നത്, സാക്ഷികൾ സ്വാധീനപ്പെട്ടിരിക്കാം, അവളുടെ കുടുംബത്തിന് ഇടപെടാൻ കഴിയുന്നതിനു മുൻപ് വിധിയും പുറപ്പെടുവിച്ചിരിക്കാം, ആ രീതിയിൽ വസ്തുവകകൾ കണ്ടുകെട്ടുകയാകും ഉണ്ടായത്.
ചരിത്രകാരന്മാർ പറയുന്നത് പ്രകാരം എലിസബത്ത് ബത്തോറിയുടെ യഥാർത്ഥ കഥ ഇതുപോലെയാണ്: അവരുടെ ഉടമസ്ഥതയിലുള്ള തന്ത്രപ്രധാനമായ ഭൂമിയിൽ നിന്നുളള വരുമാനം വലിയ സമ്പത്തിന് അവരെ ഉടമയാക്കി. തന്റെ അരികിൽ ആൺതുണയില്ലാതെ ഭരിക്കുകയും, ബുദ്ധിമതിയും, ശക്തിമതിയും ആയ വളർന്നുവരുന്ന ആ അധികാര കേന്ദ്രത്തെ രാജാവ് ഭയപ്പെട്ടു. കൂടുതൽ വളരാൻ അനുവദിച്ചാൽ തന്റേടിയും, ക്രൂരയുമായ അവർ രാജാവിന്റെ സിംഹാസനത്തിനുതന്നെ ഭീഷണിയാകുമെന്ന നിലവന്നിരിക്കാം. ഈ കാരണങ്ങൾ മൂലം കോടതിയെ സ്വാധീനിക്കുകയും അവർക്കാകുന്ന തരത്തിൽ ഒരു കഥ കെട്ടിച്ചമക്കുകയും, അതിനനുസരിച്ച് സാക്ഷികളെ മുന്നിൽ കൊണ്ടുവരികയും ആണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബർത്തോറി തന്റെ സേവകരെ ഉപദ്രവിക്കുകയോ, കൊല്ലുകയോ ചെയ്തിരിക്കാം, എന്നാൽ പ്രചരിക്കുന്ന കഥയിൽ നിന്നും വളരെ അകലെയായിരിക്കാം യഥാർത്ഥ്യം എന്ന് കരുതപ്പെടുന്നു.
ഇവരുടെ ജീവിതത്തെ ആസ്പദമാക്കി കുറേയേറേ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.
Daughter of darkness (1971), Countess Dracula (1970), Stay alive(2008), fright night 2(2013), എന്നിവ അവയില്‍ ചിലത് മാത്രമാണ്. ഒരു വീഡിയോ ഗെയിമും ഇവരെ കേന്ദ്രകഥാപാത്രമായി ഇറങ്ങിയിട്ടുണ്ട്…
ലോകം കണ്ട ഏറ്റവും ക്രൂരയായ സ്ത്രീയായിട്ടായിരുന്നു ഗിന്നസ് ഇവരെ പരിചയപ്പെടുത്തിയത്.