Aarushi Talwar murder case.
ന്യൂഡൽഹിയുടെ സമീപമുള്ള പ്രമുഖമായ നഗരമാണ് നോയിഡ. ഉത്തർ പ്രദേശിന്റെ ഭാഗമാണ്. വിശാലമായ റെസിഡൻഷ്യൽ ഏരിയകളും വ്യവസായസ്ഥാപനങ്ങളുമെല്ലാം നോയിഡയിലുണ്ട്.
2008 മേയ് 15 .
നോയിഡയിലുള്ള ഹവുജ് ഖാസ് ക്ലിനിക്കിലെ ഡെന്റിസ്റ്റ് ഡോ: നൂപുർ തൽവാർ തന്റെ രാവിലത്തെ ഷിഫ്റ്റ് ജോലി കഴിഞ്ഞ് പോകാനിറങ്ങി.
വളരെ തിരക്കുള്ള ദിവസം.
രാവിലെ 9 മുതൽ ഉച്ച വരെ ഒരേ തിരക്ക്. അവർ അവിടെ നിന്നും തന്റെ കാറിൽ ദെൽഹി പബ്ലിക് സ്കൂളിലേയ്ക്കു പോയി. അവിടെ പഠിയ്ക്കുന്ന മകൾ 14 കാരിയായ ആരുഷി തൽവാർ അപ്പോൾ ക്ലാസ് കഴിഞ്ഞ് അമ്മയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അവളെയും കൂട്ടി വീട്ടിലേയ്ക്കു പോകുമ്പോഴാണു നാത്തൂൻ ( ഭർത്താവ് ഡോ: രാജേഷ് തൽവാറിന്റെ അനുജൻ ദിനേഷിന്റെ ഭാര്യ) വന്ദന തൽവാറിന്റെ ഫോൺ വന്നത്. അവരും ഉച്ച ഭക്ഷണത്തിനുണ്ടാകുമത്രേ.

വന്ദനയെയും കൂട്ടി താമസസ്ഥലമായ ജലവായു വിഹാർ അപാർട്ട്മെന്റിലെത്തി. വേലക്കാരൻ നേപ്പാളിയായ ഹേം രാജ് ഭക്ഷണമെല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.
മൂവരും ഉച്ചഭക്ഷണം കഴിച്ചു. വിശേഷങ്ങൾ പങ്കുവെച്ചു. ഡോ: നൂപുരിനു ഉച്ചക്കു ശേഷം 4.30 മുതൽ 7.00 മണി വരെ “ഫോർട്ടിസ്“ ഹോസ്പിറ്റലിൽ കൺസൾട്ടേഷനുണ്ട്. അതുകൊണ്ട് അധികം വൈകാതെ അവർ പോയി കൂടെ വന്ദനയും. ആരുഷി തനിച്ച് അവളുടെ റൂമിലും.
അവളുടെ അച്ഛൻ ഡോ: രാജേഷ് തൽവാർ തിരക്കുള്ള ഒരു ഡെൻസ്റ്റിസ്റ്റും ഡെന്റൽ കോളേജ് അധ്യാപകനുമാണ്.
രാവിലെ 8.45 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെ അദ്ദേഹം ITS ദെന്റൽ കോളേജിൽ ക്ലാസ്സെടുക്കും.
അതു കഴിഞ്ഞാൽ ഹവുജ് ഖാസ് ക്ലിനിക്കിൽ രോഗികളെ പരിശോധിയ്ക്കും. രാത്രി 8.30 വരെ അവിടെ ഡ്യൂട്ടിയുണ്ട്.
ഹവുജ് ഖാസ് ക്ലിനിക്ക് ഡോ: രാജേഷിന്റെയും മറ്റൊരു ഡോക്ടറായ പ്രഫുൽ ദുറാനിയുടെയും കൂട്ടുടമസ്ഥതയിലുള്ളതാണ്.
ഡോ പ്രഫുലിന്റെ ഭാര്യ ഡോ. അനിതയും ഇതേ ക്ലിനിക്കിലാണു പ്രാക്ടീസ് ചെയ്യുന്നത്. രാജേഷിന്റെയും പ്രഫുലിന്റെയും കുടുംബങ്ങൾ വളരെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. അവരുടെ താമസവും അടുത്തടുത്തു തന്നെ. നോയിഡയിലെ സെക്ടർ 25 – അതായത് ജലവായു വിഹാർ – പൊതുവെ സമ്പന്നരുടെ മേഖലയാണ്. ഡോ. നൂപുരിന്റെ മാതാപിതാക്കളും ഇതിനടുത്തായിട്ടാണു താമസം, നടന്നു പോകാവുന്ന ദൂരത്തിൽ.

രാത്രി 7.30 ഓടെ നൂപുർ ഡ്യൂട്ടികഴിഞ്ഞ് വീട്ടിൽ തിരികെ എത്തി. രണ്ടാം നിലയിലാണു അവരുടെ അപാർട്ട് മെന്റ് L-32. മൂന്നു ബെഡ് റൂമുകളും ഒരു ഹാളും. കൂടാതെ വേലക്കാരനു താമസിയ്ക്കാനായി ഒരു മുറി കൂടിയുണ്ട്.
രാത്രി 9.30 മണിയോടെ ഡോ: രാജേഷ് തൽവാർ വീട്ടിൽ മടങ്ങിയെത്തി. അദ്ദേഹത്തിന്റ്റെ കാർ ഓടിയ്ക്കുന്നത് ഡ്രൈവറാണ്, ഉമേഷ് ശർമ്മ. അപാർട്ട്മെന്റിനു മുൻപിൽ രാജേഷിനെ ഇറക്കിയ ശേഷം ഉമേഷ് കാറുമായി നൂപുരിന്റെ മാതാപിതാക്കൾ താമസിയ്ക്കുന്ന അപാർട്ട്മെന്റിലേയ്ക്കു പോയി. കാർ അവിടെയാണ് എന്നും പാർക്കു ചെയ്യുക, രാജേഷിന്റെ അപാർട്ട്മെന്റിൽ കാർ പാർക്ക് ഇല്ല.
കാർ പാർക്കു ചെയ്തശേഷം ഉമേഷ് നടന്ന്, ഡോ. രാജേഷിന്റെ വീട്ടിലെത്തി.
അദ്ദേഹത്തിന്റെ ടിഫിനും മറ്റും സാധനങ്ങളുമുള്ള ബാഗ് വേലക്കാരൻ ഹേം രാജിനെ ഏല്പിച്ചു. അയാൾ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു.
പിന്നെ കാറിന്റെ താക്കോൽ ഏൽപ്പിയ്ക്കാനായി ഹാളിലേയ്ക്കു ചെന്നു.
അവിടെ ഡൈനിംഗ് ടേബിളിനു സമീപം ആരുഷിയും അമ്മയും ഇരുന്നു ടി വി കാണുന്നു.
അപ്പോൾ ഡോ. രാജേഷ് ബെഡ് റൂമിൽ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു. താക്കോൽ അദ്ദേഹത്തെ ഏൽപ്പിച്ച് ഉമേഷ് ഇറങ്ങി. അപ്പോൾ സമയം രാത്രി ഏകദേശം 9.45 ആയിരുന്നു.
അത്താഴത്തിനു ശേഷം ആരുഷി അവളുടെ മുറിയിലേയ്ക്കു പോയി.
അല്പസമയത്തിനു ശേഷം രാജേഷും നൂപുരും മകളുടെ മുറിയിലേയ്ക്കു ചെന്നു. അവരുടെ കൈയിൽ ഒരു സർപ്രൈസ് ഗിഫ്റ്റുണ്ടായിരുന്നു.
ഒരു സോണി ഡിജിറ്റൽ ക്യാമറ.
മെയ് 24 അവളുടെ ജന്മദിനമാണ്. അന്നു നൽകാനായി ഒരു ക്യാമറ രാജേഷ് ഓർഡർ ചെയ്തിരുന്നു. മുംബായിൽ നിന്നും കൊറിയറായിട്ടാണു അതു വന്നത്.
അന്നു രാവിലെ വന്ന അത് വേലക്കാരൻ ഹേം രാജാണു സ്വീകരിച്ചത്. അയാൾ അതു രാജേഷിനെ ഏല്പിച്ചിരുന്നു. എന്നാൽ ഡോ. നൂപുരിന്റെ അഭിപ്രായം ആ സമ്മാനം നേരത്തെ തന്നെ അവൾക്കു കൊടുക്കാം എന്നായിരുന്നു. ഒടുക്കം രാജേഷ് സമ്മതിച്ചു. രണ്ടാളും കൂടി മോൾക്ക് അതു സമ്മാനിച്ചു.
ആരുഷി അതിശയിച്ചു പോയി. ഇത്രയും വലിയൊരു സമ്മാനം അവൾ പ്രതീക്ഷിച്ചിരുന്നില്ല.
സത്യത്തിൽ വിസ്മയത്തോടെ അവൾ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു. അവരോടൊപ്പം നിന്നു പല പോസിൽ ഫോട്ടോകളെടുത്തു.
പത്തേകാലോടെ രാജേഷും നൂപുരും മകളുടെ മുറിയിൽ നിന്നും പുറത്തെക്കു പോന്നു.
ആരുഷി വാതിൽ അടച്ചു.

അടച്ചാലുടൻ തനിയെ ലോക്കാകുന്ന പൂട്ടാണു അതിന്. രാജേഷും ഭാര്യയും അവരുടെ റൂമിലേക്കു പോയി. ആരുഷിയുടെ റൂമിന്റെ തൊട്ടടുത്തു തന്നെ അതും.
രാത്രി 11.00 മണിയോടെ രാജേഷിനു ഇന്റെർനെറ്റ് ഉപയോഗിയ്ക്കേണ്ട ചില ആവശ്യങ്ങളുണ്ടായി. ഓഹരിക്കമ്പോളത്തിൽ കുറച്ചു മുതലിറക്കിയിട്ടുണ്ട് അദ്ദേഹം. അതിന്റെ ഉയർച്ച താഴ്ചകൾ ദിനവും പരിശോധിയ്ക്കേണ്ടതാണ്. പിന്നെ ചില ഇ മെയിലുകൾ. ഇന്റെർനെറ്റിന്റെ റൂട്ടർ ആരുഷിയുടെ മുറിയിലാണ്. അതു ഓണാക്കണം.
അതുപോയി ഓണാക്കി വരാൻ അദ്ദേഹം ഭാര്യയോടു പറഞ്ഞു. നൂപുർ ആരുഷിയുടെ മുറി താക്കോലുപയോഗിച്ച് തുറന്ന് അകത്തു കയറി. അപ്പോൾ അവൾ ഒരു ഇംഗ്ലീഷ് നോവൽ വായിച്ചു കൊണ്ടു കിടക്കുകയായിരുന്നു, റൂട്ടർ ഓണാക്കിയ ശേഷം നൂപുർ തിരികെ പോന്നു.
ഈ സമയം അവരുടെ റൂമിലുള്ള ലാൻഡ് ഫോൺ റിംഗ് ചെയ്തു. അമേരിയ്ക്കയിൽ നിന്നും രാജേഷിനു വന്ന ഒരു കോളായിരുന്നു അത്. മെഡിക്കൽ സംബന്ധമായ ചില കാര്യങ്ങൾ അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. തുടർന്ന് അദ്ദേഹം ഇന്റെർനെറ്റിൽ കൂടി സ്റ്റോക്ക് മാർക്കറ്റ് സംബന്ധമായ ചില കാര്യങ്ങൾ പരിശോധിച്ചു. 11.43 ഓടെ ലാപ്ടോപ് ഓഫാക്കി അദ്ദേഹം കിടന്നു.
പിറ്റേ ദിവസം. മേയ് 16. സമയം രാവിലെ 6.00 മണി.
തൽവാർ കുടുംബത്തിന്റെ അപാർട്ട്മെന്റിലെ ക്ലീനിങ് ജോലികൾ ചെയ്യുന്ന ഭാരതി മണ്ഡൽ എന്ന യുവതി പതിവുപോലെ അന്നും പുറത്തെ കാളിംഗ് ബെൽ അമർത്തി.
താഴെ നിന്നും കുറെ സ്റ്റെപ്പുകൾ കയറിയാണു അവൾ അകത്തേക്കുള്ള വാതിലിനു പുറത്തെ ബെൽ അമർത്തിയത്.
ആ വാതിൽ തുറന്നാൽ ഒരു ഗ്രിൽ ഡോറുണ്ട്. അതിനും ഉള്ളിലായാണ് അപ്പാർട്ട്മെന്റിന്റെ ഹാളിലേയ്ക്കുള്ള ഡോർ.
സാധാരണ കോളിംഗ് ബെൽ അടിച്ചാൽ ഹേം രാജ് വന്ന് പുറം ഡോർ തുറക്കും. പുറത്തെ ഡോറിനും ഗ്രില്ലു ഡോറിനും ഇടയ്ക്കായാണൂ ഹേം രാജിന്റെ മുറിയിലേയ്ക്കുള്ള വാതിൽ. കൂടാതെ അയാളുടെ മുറിയിൽ നിന്നും അപാർട്ട്മെന്റിലേക്കു പോകാൻ മറ്റൊരു വാതിൽ ഉള്ളിലുമുണ്ട്. ( അപാർട്ട്മെന്റിന്റെ പ്ലാൻ താഴെ കൊടുത്തിട്ടുണ്ട്). പക്ഷേ ഇന്നു രണ്ടു തവണ ബെല്ലടിച്ചിട്ടും ഹേം രാജിനെ കണ്ടില്ല. അവൾ ചെറുതായൊന്നു തള്ളിയിട്ടും അതു തുറന്നില്ല. അവൾ വീണ്ടും ബെല്ലടിച്ചു. അപ്പോൾ അകത്തെ മെയിൻ ഡോർ തുറക്കുന്ന ശബ്ദം കേട്ടു. അവിടെ നിന്നും നൂപുർ വിളിച്ചു ചൊദിച്ചു.

“ഹേം രാജില്ലേ അവിടെ? ഈ ഗ്രിൽ ഡോർ പുറത്തു നിന്നും ലോക്കു ചെയ്തിരിയ്ക്കുകയാണല്ലോ..?
“അയാളെ ഇവിടെ കാണുന്നില്ല”
“അവൻ പാൽ മേടിയ്ക്കാൻ പോയതാവും. നീ അല്പം വെയിറ്റ് ചെയ്യൂ..”
“എനിയ്ക്കു വെയിറ്റ് ചെയ്യാൻ സമയമില്ല. മാഡം ആ ഡോറിന്റെ താക്കോൽ ഇട്ടു തന്നാൽ മതി. ഞാൻ തുറന്നു കയറിക്കോളാം..”
“ശരി.. ബാൽക്കണിയ്ക്കു താഴെ വാ.. ഞാൻ താക്കോൽ ഇട്ടു തരാം..”
ഭാരതി സ്റ്റെപ്പിറങ്ങി ബാൽക്കണിയുടെ ഭാഗത്തേയ്ക്കു പോയി. നൂപുർ ഹേം രാജിന്റെ മൊബൈൽ ഫോണിലേയ്ക്കു വിളിച്ചു നോക്കി. അതു ഒന്നു റിംഗ് ചെയ്ത ശേഷം കട്ടായി. വീണ്ടും വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു.
ഭാരതി സ്റ്റെപ്പിറങ്ങി ബാൽക്കണിച്ചുവട്ടിൽ എത്തിയപ്പോൾ, നൂപുർ വിളിച്ചു പറഞ്ഞു, പുറത്തെ കതക് ഒന്നു കൂടി തള്ളിനോക്കാൻ. ചിലപ്പോൾ അതു പൂട്ടിക്കാണില്ല. എന്നാൽ വീണ്ടും ഒന്നുകൂടി പോയി പരീക്ഷിയ്ക്കാൻ സമയമില്ലാതിരുന്ന ഭാരതി, താക്കോൽ താഴേയ്ക്ക് ഇട്ടു തരാൻ പറഞ്ഞു. നൂപുർ അങ്ങനെ ചെയ്തു.

താക്കോലുമായി സ്റ്റെപ്പ് കയറി മുകളിലെത്തിയ ഭാരതി വാതിലിൽ ഒന്നുകൂടി തള്ളിനോക്കിയപ്പോൾ അതു തുറന്നു.
അപ്പോഴേയ്ക്കും രാജേഷും ഉണർന്നിരുന്നു. ഹാളിലെത്തിയ അയാൾ ഡൈനിങ് ടേബിളിൽ സ്കോച്ച് വിസ്കിയുടെ ഒരു കുപ്പി ഇരിയ്കുന്നതു കണ്ട് അമ്പരന്നു. അത് മുക്കാലും കാലിയായിരുന്നു. അതിൽ ഇരുണ്ട ചുവപ്പു കറ.
“ആരാണിത് ഇവിടെ കൊണ്ടു വെച്ചത്? നൂപുർ..” അയാൾ ഉച്ചത്തിൽ വിളിച്ചു. അവർ അങ്ങോട്ടു ചെന്നു.
“എവിടെ ആരുഷി? അവളുടെ റൂമിൽ നോക്കൂ..” അയാൾ ഭാര്യയോടു പറഞ്ഞു.
എന്നിട്ട് രണ്ടാളും ആരുഷിയുടെ മുറിയുടെ മുന്നിലേയ്ക്കു ചെന്നു.
ഓട്ടോമാറ്റിക്ക് ലോക്ക് ഉള്ള അത് പൂട്ടിക്കാണേണ്ടതാണ്. പക്ഷേ അത്ഭുതകരം, അതു ഇന്നു പൂട്ടാതെ കാണപ്പെട്ടു. മുറിയ്ക്കുള്ളിൽ പ്രവേശിച്ച അവർ രണ്ടാളും ഞെട്ടിപ്പോയി.
അവിടെ ബെഡിൽ ഒരു ബ്ലാങ്കറ്റു കൊണ്ട് പുതച്ച നിലയിൽ ആരുഷി കിടപ്പുണ്ടായിരുന്നു. അവളുടെ കഴുത്ത് എന്തോ ആയുധം കൊണ്ട് മുറിച്ചിരിയ്ക്കുന്നു. നെറ്റിയിൽ കനത്ത എന്തൊ കൊണ്ട് അടിയേറ്റിട്ടുണ്ട്.
അവൾ രാത്രിയിലെപ്പോഴോ കൊല്ലപ്പെട്ടിരുന്നു..!
ആ കാഴ്ച കണ്ട് രാജേഷ് തൽവാർ ഉച്ചത്തിൽ അലറി.
നൂപുർ സ്തംഭിച്ച് ശബ്ദം നഷ്ടപ്പെട്ടു നിന്നു.
പുറത്തെ വാതിൽ തുറന്ന് അകത്തു കയറിയ ഭാരതി ഗ്രില്ലു വാതിൽ പരിശോധിച്ചപ്പോൾ അതു പൂട്ടിയിരുന്നില്ല, പുറത്തു നിന്നും തഴുതിട്ടതേ ഉണ്ടായിരുന്നുള്ളു. ഭാരതി വാതിൽ തുറന്ന് കയറിവരുമ്പോൾ കാണുന്നത് കരഞ്ഞു കൊണ്ടു നിൽക്കുന്ന രാജേഷിനെയും നൂപുരിനെയുമാണ്.
അമ്പരന്ന അവരുടെ നേരെ നൂപുർ ആരുഷിയുടെ മുറി ചൂണ്ടിക്കാണിച്ചു.
വാതിൽക്കൽ നിന്ന് അവർ ആ കാഴ്ച കണ്ടു.
14 കാരിയായ ആ പെൺകുട്ടി കൊല്ലപ്പെട്ടു കിടക്കുന്നു.

“അവൻ.. ആ ഹേംരാജാണു ഞങ്ങളുടെ മോളെ കൊന്നത്. അവനെവിടെ..?
രാജേഷും നൂപുറും ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
ഭാരതി ഉടൻ തന്നെ പുറത്തേയ്ക്കു പോയി അയൽവാസികളെ വിവരം അറിയിച്ചു.
പിന്നീട് അവർ ജോലിയ്ക്കായി മറ്റു വീടുകളിലേയ്ക്കു പോയി.
വിവരമറിഞ്ഞ് അയൽവാസികൾ ഉടൻ അങ്ങോട്ടെത്തി. തൊട്ടയൽവാസിയായ പുനീത് റായ് ടണ്ഠൻ കോളനിയിലെ സെക്യൂരിറ്റിക്കാരെ വിളിച്ച് പൊലീസിൽ വിവരമറിയിയ്ക്കാൻ ആവശ്യപ്പെട്ടു.
യു. പി. പൊലീസ് എത്തുമ്പോൾ 8.00 മണിയായി.
അപ്പോൾ വീട്ടിൽ നിറയെ ആളുകളായിരുന്നു, പത്തിരുപതോളം കൂടാതെ കുറച്ചു മാധ്യമപ്രവർത്തകരും.
എല്ലാവരും കൂടി കയറിയിറങ്ങി അവിടമെല്ലാം അലങ്കോലമായിരുന്നു.
കൊല നടന്ന മുറിയിലെ വിലപ്പെട്ട പല തെളിവുകളും നാശമായിരുന്നു.
പൊലീസ് ക്രൈം സീൻ പരിശോധിച്ചു.

ആരുഷിയുടെ ബോഡി ഒരു വെളുത്ത ഫ്ലാനൽ ബ്ലാങ്കറ്റ് കൊണ്ട് ഭാഗികമായി മൂടിയിരുന്നു.
അവളുടെ മുഖത്ത് ഒരു സ്കൂൾ ബാഗ് വെച്ച് മറച്ചിട്ടുണ്ട്.
തലയിണ, കിടക്ക, നിലം, ഭിത്തി, ബെഡ് റൂം കതക് എന്നിവിടങ്ങളിൽ രക്തം കാണപ്പെട്ടു. എന്നാൽ സ്കൂൾ ബാഗ്, അടുത്തുകിടക്കുന്ന മറ്റൊരു തലയിണ, അവളുടെ കളിപ്പാട്ടങ്ങൾ എന്നിവിടങ്ങളിൽ രക്തപ്പാടുകളൊന്നുമില്ല.
ബെഡ് ഷീറ്റിനു ചുളിവോ മടക്കുകളോ ഇല്ല.
അവൾ വായിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് നോവൽ, ചേതൻ ഭഗതിന്റെ “ The 3 Mistakes of My Life” കിടക്കയിലുണ്ടായിരുന്നു. അതിലും രക്തപ്പാടുകളൊന്നുമില്ല.
ആരുഷിയുടെ അടി വസ്ത്രം നീങ്ങി നിതംബഭാഗം അല്പം കാണാമായിരുന്നു. അതിനു താഴെ ബെഡ് ഷീറ്റിൽ നനവ് കാണപ്പെട്ടു. പക്ഷെ അവളുടെ അടി വസ്ത്രത്തിൽ നനവുണ്ടായിരുന്നില്ല.

തന്റെ വേലക്കാരൻ ഹേംരാജാണു മകളെ കൊന്നതെന്ന് രാജേഷ് പൊലീസിനോടു പറഞ്ഞു കൊണ്ടിരുന്നു.
വിസ്കി കുടിച്ച് മത്തുപിടിച്ച അവൻ ആരുഷിയെ ഉപദ്രവിയ്ക്കാൻ ശ്രമിച്ചുകാണും. അവൾ എതിർത്തപ്പോൾ കൊന്ന ശേഷം രക്ഷപെട്ടിരിയ്ക്കാം. എത്രയും പെട്ടെന്ന് അവനെ കണ്ടുപിടിയ്ക്കാൻ അയാൾ പൊലീസിനോട് അപേക്ഷിച്ചു. അവൻ നേപ്പാളിലേയ്ക്കു കടക്കാനാണു സാധ്യതയെന്നും അവനെ പിന്തുടർന്നു പിടിയ്ക്കുന്നതിനു എത്ര തുകവേണമെങ്കിലും താൻ മുടക്കാമെന്നു അദ്ദേഹം പൊലീസിനോടു പറഞ്ഞു.
പൊലീസ് അപാർട്ട്മെന്റ് പരിശോധിച്ചതിൽ നിന്നും, പുറമേ നിന്നു ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണമൊന്നും കാണാനായില്ല.
നടുവിലത്തെ ഗ്രിൽ ഡോർ പുറത്തു നിന്നും തഴുതിട്ടിരുന്നു എന്നതിന്റെ അർത്ഥം കൃത്യം നടത്തിയ ശേഷം ഹേം രാജ് വാതിൽ അടച്ച് തന്റെ മുറിയിലെ പുറത്തേയ്ക്കുള്ള വാതിൽ വഴി രക്ഷപെട്ടിരിയ്ക്കാം എന്നതാണ്.
ഹേംരാജിന്റെ മുറി പരിശോധിച്ച പൊലീസിന്, കഴിയ്ക്കാതെ വച്ചിരിയ്ക്കുന്ന തലേന്നത്തെ ആഹാരം കാണാനായി. മുറിയിൽ മറ്റു പ്രത്യേകമായി ഒന്നും കാണായില്ല.
അധികം വൈകാതെ ഫോറെൻസിക് ടീം എത്തിയെങ്കിലും അവർക്ക് തെളിവുകളൊന്നും ശേഖരിയ്ക്കപ്പെടാൻ കഴിയാത്ത വണ്ണം എല്ലാം അലങ്കോലമായിരുന്നു. ആരുഷിയുടെ കിടക്കയുടെ ചില ഭാഗങ്ങൾ, ബെഡ് ഷീറ്റ്, തലയിണ, വസ്ത്രങ്ങൾ തുടങ്ങിയവ ഫോറെൻസിക് ടീം ശേഖരിച്ചു.

8.30 ഓടെ ആരുഷിയുടെ ബോഡി പോസ്റ്റുമോർട്ടത്തിനായി പുറത്തേയ്ക്കെടുത്തു. ഏതാനും പൊലീസുകാരും രാജേഷിന്റെ സഹോദരൻ വിനോദും ഡ്രൈവർ ഉമേഷും ബോഡിയ്ക്ക് അകമ്പടി പോയി. 1.00 മണിയോടെ പൊസ്റ്റുമോർട്ടം കഴിഞ്ഞ ബോഡി തിരികെ അപാർട്ടുമെന്റിലെത്തിച്ചു. അവിടെ ഐസ് സ്ലാബുകൾക്കു മേൽ അതു അല്പനേരം ദർശനത്തിനു വെച്ചു.
പൊലീസ് നടപടികൾ കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി കാത്തിരിയ്ക്കേണ്ടതില്ലെന്നു ബന്ധുക്കൾ തീരുമാനിച്ചു.
4.00 മണിയോടെ ബോഡി ദഹിപ്പിയ്ക്കാനായി അന്തിം നിവാസ് ക്രിമിറ്റോറിയത്തിലേയ്ക്കു കൊണ്ടു പോയി.
ആരുഷിയുടെ കിടക്കയുൾപ്പെടെയുള്ള വസ്തുക്കൾ മുറിയിൽ നിന്നു ഒഴിവാക്കുന്നതിനായി ഡ്രൈവർ ഉമേഷും രാജേഷിന്റെ സഹോദരൻ ദിനേശും കൂടി ഒരു ഭാണ്ഡത്തിൽ കെട്ടി.
തൽക്കാലം അവ ടെറസിലിടാം. പിന്നീട് പുറത്തുകളയാമെന്ന് അവർ തീരുമാനിച്ചു.
എല്ലാം പെറുക്കികെട്ടി സ്റ്റെപ്പു കയറി ടെറസിലേയ്ക്കുള്ള വാതിലിൽ എത്തുമ്പോൾ അതു പൂട്ടിയിരുന്നു. അപ്പോൾ പ്രായമായ ഒരു സ്ത്രീ താഴെ നിന്നു പറഞ്ഞു, തൽക്കാലം അതു അയൽവാസി പുനീതിന്റെ ടെറസിൽ ഇടാൻ. അവർ ഭാണ്ഡവുമായി പുനീതിന്റെ അപ്പാർട്ട് മെന്റിലെത്തി. ഒരു ഭിത്തിയ്ക്കപ്പുറമാണു പുനീത് താമസം.
അയാൾ തന്നെ താക്കോലുമായി വന്ന് ടെറസ് വാതിൽ തുറന്നു കൊടുത്തു. ഒരു ഗ്രില്ലിന്റെ വേർതിരിവിനപ്പുറം രാജേഷിന്റെ ടെറസാണ്. കെട്ട് ഒരു മൂലയിലൊതുക്കിയശേഷം അവർ തിരികെ പോന്നു.
പൊലീസ് ഹേം രാജിന്റെ മൊബൈൽ ട്രാക്ക് ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. അത് ഓഫായിരുന്നു. ആരുഷിയുടെ മൊബൈലും കാണാനുണ്ടായിരുന്നില്ല. അതും ട്രാക്ക് ചെയ്യാൻ കഴിഞ്ഞില്ല.
ഹേംരാജിന്റെ സുഹൃത്തുക്കളെ കണ്ടെത്താനായി അവരുടെ ശ്രമം. നോയിഡ പോലെ തിരക്കേറിയ ഒരു പ്രദേശത്ത് അതു ദുഷ്കരമാണ്.
മെയ് 17.

ആരുഷിയുടെ ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്യുവാനായി രാജേഷ് തൽവാറും നൂപുരും ഹരിദ്വാറിലേയ്ക്ക് പുറപ്പെട്ടു,. അതു അടക്കം ചെയ്ത കുംഭം നൂപുർ തന്റെ കൈയിൽ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്.
അപ്പോഴും ജലവായു വിഹാറിലെ അവരുടെ അപ്പാർട്ട്മെന്റിലേയ്ക്ക് സുഹൃത്തുക്കളും ബന്ധുക്കളും വന്നുകൊണ്ടേയിരുന്നു. അവരെ സ്വീകരിയ്ക്കാനും മറ്റും സഹൊദരനെ ഏൽപ്പിച്ചിട്ടാണു രാജേഷ് പുറപ്പെട്ടിരുന്നത്.
കെ. കെ ഗൌതം എന്നൊരു റിട്ടയേഡ് പൊലീസ് സൂപ്രണ്ട് രാജേഷിന്റെ സുഹൃത്തായിരുന്നു. അദ്ദേഹവും സന്ദർശകരോടൊപ്പമുണ്ടായിരുന്നു. അവിടെയെത്തിയ ഗൌതം ആരുഷിയുടെയും ഹേം രാജിന്റെയും മുറികൾ വിശദമായി പരിശോധിച്ചു. കൂടാതെ വീട് ആകമാനവും. അക്കൂട്ടത്തിൽ ടെറസും പരിശോധിയ്ക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു.
മുകളിലെത്തിയപ്പോൾ വാതിൽ പൂട്ടിയിരിയ്ക്കുന്നു.
സൂക്ഷിച്ചു നോക്കിയ അദ്ദേഹത്തിന്റെ പൊലീസ് കണ്ണിൽ ഹാൻഡിലിലും കതകിലും പറ്റിയ ചോരപ്പാടുകൾ പെട്ടു. സംശയം തോന്നിയ അദ്ദേഹം സഹൊദരനെ വിളിപ്പിച്ചു. അത് ഇന്നലെ തങ്ങൾ ആരുഷിയുടെ കിടക്കയും മറ്റും കൊണ്ടുപോയപ്പോൾ പറ്റിയതാകാമെന്ന് ദിനേശ് പറഞ്ഞു.
ടെറസിന്റെ താക്കോൽ എവിടെയാണെന്ന് തനിയ്ക്കൊരു ഊഹവുമില്ലെന്ന് അയാൾ പറഞ്ഞു. ഗൌതം ഉടനെ ഗ്രേറ്റർ നോയിഡ ജില്ലാ എസ്.പി. മഹേഷ് മിശ്രയെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. ചിലപ്പോൾ കൊലപാതകി രക്ഷപെട്ടത് ഈ വഴിയാകാൻ സാധ്യതയുണ്ട്. ഉടൻ തന്നെ താൻ ഒരു ഇൻസ്പെക്ടറെ അയയ്ക്കാമെന്ന് എസ് പി അറിയിച്ചു.
അധികം വൈകാതെ ദത്താറാം എന്നൊരു ഇൻസ്പെക്ടർ അപാർട്ട് മെന്റിലെത്തി. താക്കോൽ കിട്ടാൻ ഒരു മാർഗവുമില്ലാ എന്നു മനസ്സിലായ ഇൻസ്പെക്ടർ പൂട്ട് തകർത്ത് വാതിൽ തുറന്നു. അവർ ടെറസിലേയ്ക്കു കടന്നു.
വല്ലാത്ത ദുർഗന്ധം. അല്പം മുന്നിലായി ആരെയോ വലിച്ചു കൊണ്ടുപോയ ചോരപ്പാടുകൾ. അതെത്തിനിന്നത് പരന്നു കിടക്കുന്ന കട്ടപിടിച്ച ഒരു ചോരക്കളത്തിലായിരുന്നു. അവിടെ ജീർണിയ്ക്കാൻ തുടങ്ങിയ ഒരു ജഡം.
പുരുഷന്റേതാണ്.
അയാളുടെ തല അടിയേറ്റ് തകർന്നിരുന്നു. കഴുത്ത് മുറിയ്ക്കപ്പെട്ടിരുന്നു. ജഡത്തിന്റെ മുകളിൽ എയർ കൂളറിന്റെ പാനൽ വച്ച് മറച്ചിട്ടുമുണ്ടായിരുന്നു.

ദിനേശ് ഉടൻ സഹോദരനെ ഫോണിൽ വിളിച്ചു. അവർ ഹരിദ്വാർ യാത്രാമധ്യേ ആണ്. ടെറസിൽ ഒരു ജഡം കണ്ടെത്തിയ കാര്യം അയാൾ അറിയിച്ചു. . ഉടൻ വീട്ടിലേയ്ക്കു മടങ്ങിയെത്താൻ അയാൾ രാജേഷിനോട് ആവശ്യപ്പെട്ടു. രാജേഷും നൂപുറും ഉടനേ വീട്ടിലേയ്ക്കു മടങ്ങി.
അപാർട്ട്മെന്റിന്റെ മുന്നിലെത്തിയ കാറിൽ നിന്നും രാജേഷ് ഇറങ്ങി. നൂപുർ കുംഭവുമായി അവിടെ തന്നെ ഇരുന്നു. ടെറസിലെത്തിയ രാജേഷിനു ജഡം തിരിച്ചറിയാനായില്ല. തുടർന്ന് പൊലീസ് ഹേം രാജിന്റെ ഒരു പരിചയ്ക്കാരനെ കണ്ടെത്തി. ജഡം ഹേം രാജിന്റേതു തന്നെയെന്ന് അയാൾ തിരിച്ചറിഞ്ഞു.
രാജേഷും നൂപുറും ഹരിദ്വാറിലേയ്ക്കു വീണ്ടും പുറപ്പെട്ടു. അവിടെ ഗംഗയിൽ മകളുടെ ചിതാഭസ്മം ഒഴുക്കിയ ശേഷം വൈകിട്ടോടെ അവർ തിരികെ എത്തി.
ഹേം രാജിന്റെ ജഡം പൊലീസ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോയിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ആരുഷിയും ഹേംരാജും മരിച്ചത് രാത്രി 12 നും 1 മണിയ്ക്കും ഇടയിലാണ്. രണ്ടു പേരും ആദ്യം ആക്രമിയ്ക്കപ്പെട്ടത് മൂർച്ചയില്ലാത്ത കനത്ത എന്തോ ആയുധത്താലാണു. അതു കൊണ്ടുള്ള അടിയേറ്റ് U / V ആകൃതിയിലുള്ള പരിയ്ക്കേറ്റിട്ടുണ്ട് രണ്ടു പേർക്കും. അവരുടെ മരണത്തിനു കാരണവും ആ പരിക്കുകളാണ്. അതിനു ശേഷമാണു മൂർച്ചയേറിയ ആയുധത്താൽ അവരുടെ കഴുത്തുകൾ മുറിയ്ക്കപ്പെട്ടത്. ശ്വാസതടസ്സത്താൽ ഉണ്ടാകാവുന്ന ശാരീരിക അവസ്ഥകൾ കാണപ്പെടാത്തതിനാലാണു ഈ നിഗമനം.
ആരുഷിയ്ക്ക് അടിയേറ്റത് നെറ്റിയിലാണ്. ഹേം രാജിനു തലയ്ക്കു പുറകിലും.
14 സെന്റിമീറ്റർ നീളവും 6 സെന്റിമീറ്റർ ആഴവുമുള്ള മുറിവാണു കഴുത്തിൽ കാണപ്പെട്ടത്. ഏതാണ്ട് ഇതേ അളവിൽ തന്നെയാണു ഹേം രാജിന്റെ കഴുത്തിലും കാണപ്പെട്ടത്. രണ്ടും ഒരേ ആയുധം ഉപയോഗിച്ച്ണെന്നു വ്യക്തം. ഗൂർഖകൾ ഉപയോഗിയ്ക്കുന്ന ഖുക്രി കത്തികൊണ്ട് ഇത്തരം മുറിവ് ഏൽപ്പിയ്ക്കാനാവും.

ആരുഷിയുടെ രഹസ്യഭാഗങ്ങൾ അസാധാരണമായ വികസിതാവസ്ഥയിലാണു കാണപ്പെട്ടത്. എന്നാൽ ബലാത്സംഗത്തിന്റെയോ ലൈംഗിക ബന്ധത്തിന്റെയോ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. രഹസ്യഭാഗങ്ങൾ ആരോ ക്ലീൻ ചെയ്തതായി സംശയിയ്ക്കപ്പെടുന്നു. ആരുഷി വൈകിട്ട് കഴിച്ച ഭക്ഷണം വയറ്റിൽ കാണപ്പെട്ടു.
എന്നാൽ ഹേം രാജിന്റെ വയറ്റിൽ ആഹാരപദാർത്ഥങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അയാൾ വൈകിട്ട് ഭക്ഷണം കഴിച്ചിട്ടില്ല എന്നർത്ഥം.
പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു.
അപാർട്ട്മെന്റിൽ ആരും അതിക്രമിച്ചു കയറിയതായ ലക്ഷണമൊന്നുമില്ല.
നടുവിലത്തെ ഗ്രില്ലു വാതിൽ പുറമേ നിന്നു തഴുതിട്ടിരുന്നു. പുറത്തെ വാതിലിനു രണ്ടു സെറ്റ് താക്കോലാണുള്ളത്. ഒരെണ്ണം നൂപുരിന്റെ കൈയിലും മറ്റേത് ഹേം രാജിന്റെ കൈയിലും.
നൂപുർ പറയുന്നത്, ഹേം രാജിന്റെ താക്കോൽ ഹാളിലെ സൈഡ് ബോർഡിലാണു വയ്ക്കാറുള്ളത്, മെയ് 16 നു രാവിലെ അവർ അവിടെ നോക്കുമ്പോൾ താക്കോൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്റെ കൈയിലെ താക്കോലാണു വേലക്കാരി ഭാരതിയ്ക്ക് എറിഞ്ഞു കൊടുത്തത്.
പൊലീസ് ഭാരതിയെ ചൊദ്യം ചെയ്തു.
അവൾ പുറത്തെ വാതിൽ ആദ്യം തള്ളിയപ്പോൾ തുറന്നിരുന്നില്ല. പിന്നീട് താഴെ പോയി ബാൽക്കണിയിൽ നിന്നു നൂപുർ ഇട്ടുകൊടുത്ത താക്കോലുമായി വന്നു വീണ്ടും തള്ളിയപ്പോൾ അതു തുറക്കുകയും ചെയ്തു.
ഈ മൊഴി പൊലീസ് വിശകലനം ചെയ്തു. രണ്ടു സാധ്യതകൾ ഉണ്ട്. കൊലപാതകി പുറത്തുള്ള ആൾ ആണെങ്കിൽ, കൊലയ്ക്കു ശേഷം അപാർട്ട്മെന്റ് ഡോർ അടച്ചു, അതു ഓട്ടോമാറ്റിക് ലോക്ക് ആയി. തുടർന്ന് ഗ്രില്ലു ഡോർ പുറമേ നിന്നു തഴുതിട്ടു. അതിനുശേഷം വെളിയിലെ വാതിൽ വലിച്ചടച്ചിട്ടു പോകുന്നു. ഭാരതി ആദ്യം തള്ളിയത്, വേണ്ടത്ര ശക്തിയിലാവില്ല. പക്ഷേ അവളുടെ മൊഴി പ്രകാരം രണ്ടു പ്രാവശ്യവും ഒരേ ശക്തിയിലാണു തള്ളിയത്.
അങ്ങനെയെങ്കിൽ മറ്റൊരു സാധ്യതയുണ്ട്. ആദ്യം ആ ഡോർ അകത്തു നിന്നു ലോക്ക് ചെയ്തിരുന്നു. ഭാരതി താഴേയ്ക്കു പോയ നേരത്ത് അകത്തുള്ള ആരെങ്കിലും ഹേം രാജിന്റെ മുറിയിൽ കൂടി വന്ന് അതു പൂട്ടു തുറക്കുന്നു. ഭാരതി തിരികെ എത്തി വീണ്ടും തള്ളുമ്പോൾ തുറക്കപ്പെട്ടു. അപ്പോൾ അവൾ കണ്ടത് പുറത്തു നിന്നും തഴുതിട്ട ഗ്രില്ലു വാതിലാണ്. ആരോ പുറത്തേക്കു പോയിട്ടുണ്ട് എന്ന് തോന്നിപ്പിയ്ക്കാനാവാം.
അകത്തു ചെന്ന ഭാരതി കാണൂന്നത് കരയുന്ന രാജേഷിനെയും നൂപുരിനെയുമാണ്. അപ്പോൾ അസ്വാഭാവികതയൊന്നും തോന്നിയില്ലെങ്കിലും ഇപ്പോൾ അത് എത്രമാത്രം സ്വാഭാവികമായിരുന്നു എന്നവൾക്ക് പറയാനാവുന്നില്ല.
അവളോടും പൊലീസിനോടും രാജേഷ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത് ഹേംരാജാണു ഇതു ചെയ്തതെന്നാണ്. ഹേം രാജിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിക്കഴിഞ്ഞു. രണ്ടുപേരുടെയും മരണ സമയം അടുത്തടുത്താണ്.
പൊലീസിന്റെ സംശയം മെല്ലെ രാജേഷ് തൽവാറിലേയ്ക്കു തിരിഞ്ഞു.

അവർ ഒരു തീയറി ഉണ്ടാക്കി.
രാത്രിയിൽ എല്ലാവരും ഉറങ്ങിയെന്ന ധാരണയിൽ ഹേം രാജ്, ഹാളിലെത്തി, ഷെൽഫിൽ നിന്നും വിസ്കി എടുത്തു മദ്യപിച്ചു. മദ്യം തലയ്ക്കു പിടിച്ച അയാൾ ആരുഷിയുടെ മുറിയിൽ തട്ടി. മാതാപിതാക്കാളെന്നു കരുതി അവൾ വാതിൽ തുറന്നു.
ഉള്ളിൽ കയറിയ അയാൾ അവളെ ലൈംഗികമായി ആക്രമിയ്ക്കാൻ ശ്രമിച്ചു. ചെറുത്തപ്പോൾ കൈയിലെ ഖുക്രി കൊണ്ട് അവളുടെ കഴുത്തറത്തു.
ഈ സമയം ശബ്ദം കേട്ട രാജേഷ് പുറത്തു വന്നു. അയാളോടി ഹേം രാജിന്റെ മുറിയിൽ ചെന്നു നോക്കുമ്പോൾ അവനില്ല. അവിടെ ഉണ്ടായിരുന്ന ഒരു ഗോൾഫ് ക്ലബ്ബ് എടുത്തുകൊണ്ട് ആരുഷിയുടെ മുറിയിലെത്തി. അപ്പോൾ ഹേം രാജ് അവളുടെ കഴുത്തു മുറിച്ചിരുന്നു. ആദ്യ അടി അവന്റെ തലയ്ക്കു പുറകിൽ കൊണ്ടു.

അടുത്ത അടിയ്ക്ക് മുൻപേ അവൻ ചെരിഞ്ഞു വീണതിനാൽ അത് ആരുഷിയ്ക്കാണു കൊണ്ടത്. പരിക്കേറ്റ ഹേം രാജിനെ ഷെറ്റിൽ പൊതിഞ്ഞ് ടെറസിലേയ്ക്കു കൊണ്ടു പോയി. അവിടെ വെച്ച് അവന്റെ കഴുത്തും അറുത്തു. ജഡം പിന്നീട് മറവു ചെയ്യുന്നതിനായി അവിടെ സൂക്ഷിച്ചു.
ചില പഴുതുകൾ ഉണ്ടെങ്കിലും സാധ്യതയുള്ള ഒരു സിദ്ധാന്തമായിരുന്നു അത്. രാജേഷിനെ ഇതുമായി ബന്ധിപ്പിയ്ക്കാനുള്ള തെളിവുകൾ കിട്ടേണ്ടിയിരിയ്ക്കുന്നു.
പൊലീസ് രാജേഷിനെ ചോദ്യം ചെയ്തു.
രാത്രി പതിനൊന്നേ മുക്കാലോടെ കിടന്ന താൻ പെട്ടെന്നുറങ്ങി എന്നാണയാൾ പറഞ്ഞത്. ആരുഷിയുടെ മുറി തൊട്ടടുത്തായതിനാൽ അവിടെ നിന്നുമുള്ള ശബ്ദം കേൾക്കേണ്ടതല്ലേ എന്ന ചോദ്യത്തിന്, എ സി യുടെ ശബ്ദം മൂലം കേൾക്കാൻ സാധിച്ചില്ല എന്നു പറഞ്ഞു. പൊലീസ് മുറികൾ പരിശോധിച്ചു. ആരുഷിയുടെയും രാജേഷിന്റെ മുറികൾ വേർതിരിച്ചത് ബോർഡ്കൊണ്ടാണു എന്നു പൊലീസിനു മനസ്സിലായി. എന്നാൽ അത്, ബ്ലോക്ക് ഭിത്തിയ്ക്കു പുറമേ പിടിപ്പിച്ചതാണെന്ന് രാജേഷ് പറഞ്ഞു. അന്നു രാത്രി താൻ ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങൾ രാജേഷ് വിവരിച്ചു. നെറ്റ് ഉപയോഗവും അമേരിയ്ക്കയിൽ നിന്നു കോൾ വന്ന കാര്യവുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
ആരുഷിയുടെയും ഹേം രാജിന്റെയും ഫോണുകൾ കാണാനില്ലായിരുന്നു.
പൊലീസ് ആരുഷിയുടെ കോൾ ഡിറ്റയിത്സ് ശേഖരിച്ചു.
മേയ് 1 മുതൽ അവൾ കൊല്ലപ്പെട്ട മെയ് 15 വരെയുള്ള ദിവസങ്ങൾ പരിശോധിച്ചപ്പോൾ, സാധാരണയായി അർദ്ധരാത്രി വരെ അവൾ ഫോൺ ഉപയോഗിയ്ക്കാറുണ്ടെന്നു മനസ്സിലായി.
11.30 മുതൽ 1.00 മണി വരെയുള്ള സമയങ്ങളിൽ കോളുകളോ മെസേജുകളോ ഉണ്ടായിട്ടുണ്ട്. അതേ സമയം, മെയ് 15 നു രാത്രി 9.10 വരെയേ ഉപയോഗം കാണുന്നുള്ളു.

ആ സമയത്ത് ഒരു മെസ്സേജ് വന്നിരുന്നു. ഇവയെല്ലാം തന്നെ അവളുടെ സുഹൃത്തുക്കളുടേതായിരുന്നു. അതിൽ ഒരു നമ്പർ പൊലീസ് ശ്രദ്ധിച്ചു.
ആ നമ്പരിൽ നിന്നാണു കൂടുതൽ മെസേജുകളും കോളുകളും വന്നിരിയ്ക്കുന്നത്. അന്മോൽ എന്ന ഒരു ആൺ സുഹൃത്തിന്റേതായിരുന്നു അത്.
അവൾ കൊല്ലപ്പെട്ട അന്ന് അന്മോൽ അർദ്ധരാത്രിയോടെ കോൾ ചെയ്തിരുന്നെങ്കിലും കണക്ടായിരുന്നില്ല. തുടർന്ന് അവൻ വീട്ടിലെ ലാൻഡ് നമ്പരിലേയ്ക്കു വിളിച്ചിട്ടുണ്ട്. അതും അറ്റന്റ് ചെയ്യപ്പെട്ടിട്ടില്ല. വീണ്ടും അവൻ ആരുഷിയ്ക്ക് ഒരു മെസേജ് അയച്ചു. പക്ഷേ അതു ഡെലിവെർ ചെയ്യപ്പെട്ടിട്ടില്ല.
ലാൻഡ് ഫോൺ രാജേഷിന്റെയും നൂപുരിന്റെയും മുറിയിലാണ്.
അർദ്ധരാത്രിയിൽ അന്മോലിന്റെ കോൾ ലാൻഡ് ലൈനിലേയ്ക്കു വന്നിട്ടുണ്ടെങ്കിൽ അവർ ഉണരേണ്ടതാണ്. അക്കാര്യത്തെ പറ്റി ചോദിച്ചപ്പോൾ തങ്ങൾ അങ്ങനെ ഒരു റിങ്ങിംഗ് കേട്ടിട്ടില്ല എന്നും ഫോൺ ചിലപ്പോൾ കേടായാതാവമെന്നും പറഞ്ഞു. പക്ഷേ അതേ രാത്രിയിൽ രാജേഷ് അമേരിയ്ക്കയിൽ നിന്നു വന്ന കോൾ അറ്റന്റു ചെയ്തതാണു, അതായത് ഫോൺ കേടല്ല എന്നർത്ഥം. ഈ വൈരുദ്ധ്യം വിശദീകരിയ്ക്കാൻ അയാൾക്കായില്ല.
അടുത്തതായി ഹേം രാജിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചു.
അയാളുടെ ഫോണിൽ ഉണ്ടായിരുന്നത് രാജേഷിന്റെ പേരിലെടുത്ത സിം ആയിരുന്നു.
മേയ് 15 നു ഉണ്ടായ കോളുകൾ അധികവും രാജേഷിന്റേതും നൂപുരിന്റേതുമായിരുന്നു.
അന്ന് അവസാനം വന്ന കോൾ രാത്രി 8.27 നു ആയിരുന്നു. 6 മിനുട്ട് നീണ്ടുനിന്ന ആ കോൾ ഒരു പബ്ലിക് ബൂത്തിൽ നിന്നായിരുന്നു. ആരാണു ആ കോൾ ചെയ്തത് എന്ന് പൊലീസിനു കണ്ടെത്താനായില്ല.
പിറ്റേന്ന് രാവിലെ 6.01 നു നൂപുരിന്റെ കോൾ അതിൽ വന്നിട്ടുണ്ട്. കോൾ അറ്റന്റ് ചെയ്തിട്ടുണ്ട് 2 സെക്കൻഡ് നേരത്തേയ്ക്ക്. പിന്നെയതു കട്ടായി.
ഫോൺ ലൊക്കേഷൻ രാജേഷിന്റെ അപാർട്ട്മെന്റ് ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെയായിരുന്നു. ഒരു പക്ഷേ അപാർട്ട്മെന്റിൽ തന്നെയുമാവാം.
രാജേഷിന്റെ മൊബൈൽ കാൾ റിക്കാർഡുകളിൽ അസാധാരണമായി ഒന്നും കണ്ടില്ല.
സാധാരണ ഉണ്ടാകാവുന്ന കോളുകൾ മാത്രം. അതിൽ കൂടുതലും ഉണ്ടായിരിയ്ക്കുന്നത് കുടുംബസുഹൃത്തും സഹപ്രവർത്തകയുമായ അനിതാ ദുറാനിയുമായിട്ടാണ്. രാത്രി 10.38 നു യു എ ഇ യിൽ നിന്നും ഒരു കോൾ അദ്ദെഹത്തിനു വന്നിട്ടുണ്ട്.
നൂപുരിന്റെ ഫോൺ മെയ് 15 വൈകിട്ട് 7.40 മുതൽ മെയ് 18 ഉച്ചയ്ക്ക് 1.00 മണി വരെ സ്വിച്ച് ആയതായിട്ടാണു കണ്ടത്.
കഴിഞ്ഞ 60 ദിവസങ്ങളിൽ ആദ്യമായിട്ടാണു ആ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരുന്നത്.
ഹേം രാജിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നും, തന്റെ ജീവനു ഭീഷണി ഉള്ളതായി അയാൾ പലപ്പോഴും പറഞ്ഞിട്ടുള്ളതായി മനസ്സിലായി.
രാജേഷ് ഒരു മുൻകോപിയാണെന്നും നിസാര കാര്യങ്ങൾക്കു വരെ അടിയ്ക്കുമായിരുന്നെന്നും അവർ മൊഴി നൽകി. അവരുടെ കുടുംബ രഹസ്യങ്ങൾ വെളിയിൽ പറയുമോ എന്ന സംശയത്താലായിരുന്നത്രേ രാജേഷിനു കോപം.
മറ്റു ചില നിരീക്ഷണങ്ങൾ ഇവയാണ്.
ഹേം രാജ് ആ രാത്രി ആഹാരം കഴിച്ചിരുന്നില്ല. അയാളുടെ കിടക്ക രാവിലെ മടക്കി വെച്ച പോലെ തന്നെയിരുന്നു. അതിനർത്ഥം ആ രാത്രി അയാൾ കിടന്നിരുന്നില്ല.
ഹാളിൽ കണ്ടെത്തിയ വിസ്കി കുപ്പിയിൽ ചോരപ്പാടുകളുണ്ടായിരുന്നു.
അത് ആരുഷിയുടേയും ഹേം രാജിന്റേതുമാണെന്ന് ഡി എൻ എ പരിശോധനയിൽ മനസ്സിലായി. എന്നാൽ കുപ്പിയിൽ നിന്നും ആരുടെയും ഫിംഗർ പ്രിന്റ് കണ്ടെത്താൻ കഴിഞ്ഞില്ല.
ആരുഷിയുടെ പുതിയ ക്യാമറയിൽ 13, 15, 20, 22, 23 എന്നീ നമ്പരുകളിലുള്ള ഫോട്ടോകൾ ഉണ്ടായിരുന്നു. അതായത് ചുരുങ്ങിയത് 23 ഫോട്ടോകളെങ്കിലും എടുത്തിരിയ്ക്കണം. ബാക്കിയുള്ളവ ആരോ ഡിലീറ്റ് ചെയ്തിരിയ്ക്കുന്നു. അതു ഒരു പക്ഷേ അവൾ തന്നെയാവാം.
അരുഷിയുടെ മരണ ശേഷം, മൂന്നുമണിക്കൂർ കഴിഞ്ഞ് വെളുപ്പിനു 3.43 നു അവളുടെ റൂമിലുണ്ടായിരുന്ന ഇന്റെർനെറ്റ് റൂട്ടർ ഓഫായിരുന്നു. പിന്നീട് രാവിലെ 6.01 നു ഓണായിരുന്നു. തുടർന്നു പലവട്ടം ഓഫും ഓണുമായി.
ശേഖരിയ്ക്കപ്പെട്ട തെളിവുകൾ എല്ലാം വിരൽ ചൂണ്ടിയത് രാജേഷിനു നേരെയാണ്.
പൊലീസ് ആദ്യമുണ്ടാക്കിയ തിയറി പ്രകാരം തന്നെയാവാം സംഭവിച്ചിരിയ്ക്കുക. ഇവിടെ പക്ഷേ, പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ഒരു സൂചന മറ്റൊരു സാധ്യതയാണു കാണിച്ചത്. ആരുഷി തലയ്ക്കടിയേറ്റാണു മരണപെട്ടത്, അതിനു ശേഷമാണു കഴുത്തിലെ മുറിവുണ്ടായത്. അതിന്റെ അർത്ഥം ഹേം രാജല്ല അവളെ കൊന്നത് എന്നാണ്. കാരണം അവൾക്കും അയാൾക്കും പരിക്കെറ്റിരിയ്ക്കുന്നത് ഒരേ ആയുധം കൊണ്ടാണല്ലോ..!
പൊലീസിനു തങ്ങളുടെ തീയറി പരിഷ്കരിയ്ക്കേണ്ടി വന്നു. രണ്ടു പേരെയും ഒരാളാണു കൊന്നതെങ്കിൽ അതു രാജേഷ് തന്നെയാവാം. പക്ഷേ അച്ഛൻ സ്വന്തം മകളെ ഇങ്ങനെ കൊല്ലുമോ?

പൊലീസ് മറ്റു സാധ്യതകൾ അന്വേഷിച്ചു തുടങ്ങി.
രാജേഷിന്റെ വീട്ടിൽ നേരത്തെ ഒരു നേപ്പാളി ജോലിയ്ക്കു നിന്നിരുന്നു. വിഷ്ണു ഥാപ.
പത്തു വർഷത്തോളം രാജേഷിന്റെ കൂടെയുണ്ടായിരുന്നു അയാൾ. എന്നാൽ ആൾക്ക് കൃത്യനിഷ്ഠ കുറവായിരുന്നു.
ഇടയ്ക്കിടെ നേപ്പാളിലേയ്ക്കു പോകും. വരുമ്പോൾ ആരെങ്കിലും കൂടെയുണ്ടാകും. അയാളെ തൽക്കാലം നിർത്തി വീണ്ടും കറങ്ങാൻ പോകും.
അങ്ങനെ കൊണ്ടു വന്നതായിരുന്നു ഹേം രാജിനെ.
ഹേം രാജിനെ രാജേഷിന്റെ കൂടെ നിർത്തി നേപ്പാളിൽ പോയി വന്ന വിഷ്ണു ഥാപയോട്, ഇനി നിന്നെ ആവശ്യമില്ല എന്നു രാജേഷ് പറഞ്ഞു. അതോടെ ജോലി നഷ്ടപ്പെട്ട വിഷ്ണു ഥാപ്പ നിരാശയോടെ സ്ഥലം വിട്ടു. എട്ടുമാസമേ ആയിട്ടുള്ളു ഹേം രാജ് ഇവിടെ ജോലിയ്ക്ക് ചേർന്നിട്ട്.
ജോലി നഷ്ടപ്പെട്ടതിൽ പ്രതികാര ദാഹിയായ ഥാപ ഒരു പക്ഷെ ആ രാത്രി തിരികെയെത്തി ഹേം രാജിനെ വധിച്ചിരിയ്ക്കാം.
സംഭവത്തിനു സാക്ഷിയായ ആരുഷിയെയും അയാൾ വധിച്ചിരിയ്ക്കാം. രാജേഷിന്റെ അപാർട്ട്മെന്റ് നല്ല പരിചയമുള്ള വിഷ്ണുഥാപയ്ക്ക് ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ.. ചിലപ്പോൾ മറ്റാരുടെയെങ്കിലും സഹായവും ഉണ്ടാകാം.
പൊലീസ് വിഷ്ണുഥാപയെ ട്രാക്ക് ചെയ്തു.
അധികം വൈകാതെ അയാളെ പിടികൂടി. വിശദമായി ചോദ്യം ചെയ്തു. കാര്യമൊന്നുമുണ്ടായില്ല. സംഭവം നടക്കുന്ന രാത്രി അയാൾ നേപ്പാളിലായിരുന്നു എന്നു സംശയരഹിതമായി തെളിഞ്ഞു.
സംശയത്തിന്റെ മുന വീണ്ടും രാജേഷിലേയ്ക്കു തിരിഞ്ഞു.

പൊലീസ് അവരുടെ തീയറി മറ്റൊരു രീതിയിലേയ്ക്കു തിരിച്ചു. കൊല്ലപ്പെട്ട ഹേം രാജും ആരുഷിയും തമ്മിൽ വഴി വിട്ട ബന്ധം ഉണ്ടായിരുന്നിരിയ്ക്കാം. ആ രാത്രി അയാൾ ആരുഷിയുടെ മുറിയിലെത്തിക്കാണും. ശബ്ദം കേട്ട് എത്തിയ രാജേഷ് അവരെ ആ നിലയിൽ കണ്ട കോപത്തിനു ഹേം രാജിനെ കൊല ചെയ്തിരിയ്ക്കാം. അഭിമാനക്ഷതം മൂലം മകളെയും കൊന്നിരിയ്ക്കണം. ശബ്ദം കേട്ട് ഉണർന്ന നൂപുരും അയാളെ സഹായിച്ചു കാണും. രണ്ടു പേരും കൂടി ഹേം രാജിന്റെ ബോഡി ടെറസിലെത്തിച്ചു. പിന്നീട് മറവു ചെയ്യാമെന്നു കരുതി. എന്നിട്ട് ആരുഷിയുടെ മുറിയിലെത്തി അവിടമെല്ലാം വൃത്തിയാക്കി. ആരുഷിയെ വേറെ വസ്ത്രം ധരിപ്പിച്ചു. അവളുടെ രഹസ്യ ഭാഗങ്ങൾ ക്ലീൻ ചെയ്തു. ക്രൈം സീൻ നന്നായി ഒരുക്കി വെച്ചു.
എന്നാൽ മീററ്റ് പൊലീസ് ഐ ജി ഗുർദർശൻ സിംഗ് മറ്റൊരു തീയറി അവതരിപ്പിച്ചു.
രാജേഷിനു സഹപ്രവർത്തക അനിത ദുറാനിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇക്കാര്യം ഹേം രാജിനു അറിവു കിട്ടി. അയാൾ അതു വെച്ച് രാജേഷിനെ ബ്ലാക്ക് മെയിൽ ചെയ്തു. സഹികെട്ട രാജേഷ് ഹേം രാജിനെ ടെറസിൽ വെച്ച് കൊലപ്പെടുത്തി. ആരുഷി ഇതു കണ്ടതിനാൽ അവളെയും കൊലപ്പെടുത്തി.
രണ്ടു തീയറിയിലും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ രാജേഷാണു കുറ്റവാളിയെന്നു യു പി പൊലീസ് നിഗമനത്തിലെത്തി.
മെയ് 23 നു, പൊലീസ് രാജേഷിനെയും നുപുരിനെയും കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച നൂപുരിനെ അവിടെയിരുത്തി. രാജേഷിനെ അറസ്റ്റ് ചെയ്ത് മജിസ്റ്റ്രേറ്റിനുമുന്നിൽ ഹാജരാക്കി. കൊലക്കുറ്റം ചുമത്തപ്പെട്ട അയാൾക്കു ജാമ്യം നിഷേധിച്ച് ജയിലിലേയ്ക്കയച്ചു.
അന്നു വെള്ളിയാഴ്ച ആയിരുന്നു.
ഇനി തിങ്കളാഴ്ച മാത്രമേ മേൽക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനാവൂ.
ജയിലിലേയ്ക്കുള്ള യാത്രയിൽ രാജേഷിനെ പൊലീസുകാർ ഭീഷണിപ്പെടുത്തിയതായി അയാൾ പരാതിപ്പെട്ടു.
മെയ് 23 തിങ്കളാഴ്ച ഐ ജി ഗുർദർശൻ സിംഗ് ഒരു പത്ര സമ്മേളനം വിളിച്ചു. ആരുഷിയുടെയും ഹേം രാജിന്റെയും കൊലപാതക കുറ്റത്തിനു രാജേഷ് തൽവാറിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കൊലയെ പറ്റി അദ്ദേഹം വിവരിച്ചത് ഇങ്ങനെയാണ്.
- രാജേഷ് തൽവാറിനു സഹപ്രവർത്തക അനിത ദുറാനിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം ആരുഷിയ്ക്ക് അറിയുമായിരുന്നു. അവൾ ഇതിനെ ചൊല്ലി അച്ചനുമായി വഴക്കിട്ടിരുന്നു. പ്രതിഷേധ സൂചകമായി വേലക്കാരൻ ഹേം രാജുമായി ബന്ധമുണ്ടാക്കി.
- മെയ് 15 രാത്രി 9.30 നു രാജേഷ് വീടു വിട്ടു വെളിയിൽ പോയി. തിരികെ എത്തുമ്പോൾ സമയം 11.30. അപ്പോൾ ആരുഷിയെയും ഹേം രാജിനെയും ശരിയല്ലാത്ത നിലയിൽ കണ്ടു.
- രാജേഷ് ഹേം രാജിനെ ടെറസിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. കനമുള്ള ആയുധം കൊണ്ട് അടിച്ച് കൊലപ്പെടുത്തി, കഴുത്തറുത്തു.
- തിരികെയെത്തി, വിസ്കി കഴിച്ചു.
- പിന്നീട് മകളെയും കൊലപ്പെടുത്തി.
കൌമാരക്കാരിയായ ഒരു പെൺകുട്ടിയുടെ മരണം എന്ന നിലയിൽ മാധ്യമങ്ങൾ ഈ വിഷയം ദിവസങ്ങളോളം കൊണ്ടാടുകയായിരുന്നു. ഭാവനയ്ക്കനുസരിച്ച് പലവിധ കഥകൾ. അവർക്ക് കിട്ടിയ പുതിയ വെളിപ്പെടുത്തലായിരുന്നു പൊലീസ് ഐ.ജിയുടേത്.
ജനരോഷം തൽവാർ കുടുംബത്തിനെതിരെ തിരിഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളിൽ മിക്കവരും അവരെ കൈയൊഴിഞ്ഞു. ജോലി ചെയ്തിരുന്ന ക്ലിനിക്കുകളിൽ നിന്നെല്ലാം അവരെ ഒഴിവാക്കി.
എന്നാൽ അവർ നിരപരാധികളെന്നു വിശ്വസിയ്ക്കുന്നവരും ഉണ്ടായിരുന്നു.
കൃത്യമായ തെളിവെടുപ്പോ അന്വേഷണമോ നടത്താത്ത യു പി പൊലീസ് മന:പൂർവം അവരെ കുടുക്കുകയായിരുന്നു എന്ന് അവർ ആരോപിച്ചു.
നിഷ്കളങ്കയായ ഒരു പെൺകുട്ടിയെ സ്വഭാവഹത്യ ചെയ്തതിനെതിരെ ശക്തമായ രോഷമുയർന്നു. സ്കൂളിൽ വളരെ മിടുക്കിയായിരുന്നു അവൾ. അവളുടെ സുഹൃത്തുക്കൾ ഒത്തുചേർന്ന് ഡൽഹിയിൽ അവൾക്കു വേണ്ടി മെഴുകുതിരികൾ കത്തിച്ചു.
കേന്ദ്രമന്ത്രി രേണുക ചൌധുരി ഐ ജി ഗുർദർശൻ സിംഗിനെ കഠിനമായി വിമർശിച്ചു. അയാളെ സസ്പെൻഡ് ചെയ്യാൻ അവർ ആവശ്യപ്പെട്ടു. താമസിയാതെ അദ്ദേഹം ട്രാൻസ്ഫർ ചെയ്യപ്പെട്ടു.

തങ്ങളെ യു പി പൊലീസ് വേട്ടയാടുകയാണെന്ന് കാണിച്ച് തൽവാർ ദമ്പതികൾ കോടതിയെ സമീപിച്ചു. കേസ് സി ബി ഐ-യെ ഏല്പിയ്ക്കണമെന്ന് അവർ അപേക്ഷിച്ചു.
മെയ് 31 നു ആരുഷി-ഹേം രാജ് വധക്കേസ് സി ബി ഐയ്ക്കു കൈമാറി.
CBI ജോയിന്റ് ഡയറക്ടർ അരുൺ കുമാർ IPS ന്റെ നേതൃത്വത്തിൽ ജൂൺ ആദ്യവാരം അന്വേഷണമാരംഭിച്ചു. സി ബി ഐയ്ക്കു മുമ്പിൽ തൽവാർ ദമ്പതികൾ തങ്ങളുടെ മറുവാദങ്ങൾ ഉന്നയിച്ചു. അവ ഇങ്ങനെയാണ്.
- കൊലപാതകം നടന്ന ആ രാത്രിയിൽ തങ്ങൾ ഉറക്കത്തിലായിരുന്നു. തങ്ങളുടെ മുറിയിലും ആരുഷിയുടെ മുറിയിലും എ.സി പ്രവർത്തിയ്ക്കുന്നുണ്ടായിരുന്നു. കൂടാതെ മുറികൾ നന്നായി അടച്ചിരുന്നു. ആയതിനാൽ പുറത്ത് ശബ്ദമുണ്ടായാലും കേൾക്കാൻ സാധിയ്ക്കില്ല. ആരുഷിയ്ക്ക് തൊണ്ടയിൽ ഇൻഫെക്ഷനുണ്ടായിരുന്നു. അതു കൊണ്ട് അവൾക്ക് ഉച്ചത്തിൽ ശബ്ദമുണ്ടാക്കാനാവുമായിരുന്നില്ല.
ഈ വാദം പരിശോധിയ്ക്കുന്നതിനായി സി ബി ഐ ഒരു സൌണ്ട് എക്സ്പെർട്ട് ടീമിനെ നിയോഗിച്ചു. അവർ അന്നു രാത്രി ഉണ്ടാകാനിടയുള്ള ശബ്ദങ്ങൾ പുന:സൃഷ്ടിച്ചു. തൽവാർ ദമ്പതികൾ അവകാശപ്പെട്ടതു പോലെ പുറത്തെ ശബ്ദം അവരുടെ മുറിയിൽ കേൾക്കാൻ സാധ്യമല്ലായിരുന്നു. - ആരുഷിയുടെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ഹേം രാജിനെ ടെറസിലേയ്ക്കു വലിച്ചു കൊണ്ടു പോകുക സാധ്യമല്ല. അയാൾ കൊല്ലപ്പെട്ടത് ടെറസിൽ വെച്ചു തന്നെയാണ്. അതിനർത്ഥം, അയാളെയും ആരുഷിയെയും മുറിയിൽ ഒന്നിച്ചു കണ്ടു എന്നതു തെറ്റാണെന്നാണ്. ഡ്രൈവർ ഉമേഷിന്റെ മൊഴിയനുസരിച്ച്, തലേന്ന് രാത്രി രാജേഷിനെ കാണുമ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണു പിറ്റേന്ന് രാവിലെ കാണുമ്പോഴും ധരിച്ചിരുന്നത്. ഇക്കാര്യം വേലക്കാരി ഭാരതി മണ്ഡലിന്റെ മൊഴിയുമായി ഒത്തു പോകുന്നുണ്ട്. രാജേഷിന്റെ വസ്ത്രത്തിൽ ആരുഷിയുടെ രക്തം മാത്രമേ കാണപ്പെട്ടിട്ടുള്ളു (രാവിലെ അവളുടെ ശരീരം സ്പർശിച്ചതിൽ നിന്നും). ഹേം രാജിന്റെ രക്തത്തിന്റെ യാതൊരംശവും ആ വസ്ത്രങ്ങളിൽ നിന്നു കണ്ടെടുക്കാനായിട്ടില്ല. ആരുഷി അവസാനമായി എടുത്ത ഫോട്ടോയിൽ നൂപുർ ധരിച്ചിരുന്ന നീല മാക്സി തന്നെയാണു രാവിലെയും ധരിച്ചിരുന്നത്. അതിലാകട്ടെ രക്തത്തിന്റെ യാതൊരംശവും കണ്ടെത്തിയിട്ടില്ല. ഇതിൽ നിന്നും മനസ്സിലാകുന്നത് അവരല്ല കൊല ചെയ്തതെന്നാണ്. തന്നെയുമല്ല വ്യത്യസ്ത ജാതിയിൽ പെട്ട മിശ്ര വിവാഹിതരായ തങ്ങൾ ദുരഭിമാനക്കൊല ചെയ്യില്ല എന്നും അവർ പറഞ്ഞു.
- ഇന്റെർനെറ്റ് റൂട്ടർ ഓൺ ചെയ്യാൻ പോയ താൻ ആരുഷിയുടെ വാതിലിൽ നിന്നും താക്കോൽ എടുക്കാൻ വിട്ടു പോയിരുന്നു എന്ന് നൂപുർ പറഞ്ഞു. കൊലപാതകികൾക്ക് അവളുടെ മുറിയിൽ വിഷമമില്ലാതെ കയറുവാൻ ഇതാവാം സഹായിച്ചത്.
- തൽവാറിന്റെയും ദുറാനിയുടെയും കുടുംബങ്ങൾ ദീർഘകാലസുഹൃത്തുക്കളും ആശുപത്രിയുടെ ഷെയർ ഉള്ളവരുമാണ്. തീർച്ചയായും അതിനിടയിൽ അവിഹിത ബന്ധങ്ങൾക്കു സാധ്യത ഇല്ല.
- രാജേഷിന്റെയോ നൂപുരിന്റെയോ വിരലടയാളം വിസ്കി കുപ്പിയിലോ സംശയിയ്ക്കപ്പെടുന്ന മറ്റു ഇടങ്ങളിലോ കണ്ടെത്തിയിട്ടില്ല.

ഇവരുടെ മൊഴികൾ സാധൂകരിയ്ക്കാവുന്നതാണോ എന്നറിയുവാനായി സി ബി ഐ, രാജേഷിനെയും നൂപുരിനെയും പോളിഗ്രാഫ് ടെസ്റ്റ് (നുണ പരിശോധന), ബ്രെയിൻ മാപ്പിംഗ് ടെസ്റ്റ്, നാർക്കോ അനാലിസിസ് എന്നിവയ്ക്കു വിധേയമാക്കി. അത്ഭുതകരമെന്നു പറയട്ടെ, അവർ എന്തെങ്കിലും കള്ളം പറഞ്ഞതായി ഒരു ടെസ്റ്റിലും തെളിഞ്ഞില്ല.
ടെറസിൽ, കണ്ടെത്തിയ ഒരു ഷൂ അടയാളത്തിനു 8-9 ഇഞ്ച് നീളമുണ്ടായിരുന്നു. രാജേഷിന്റെ ഷൂ വിനു നീളം 6 ഇഞ്ച് മാത്രം.
തൽവാർ ദമ്പതികളുടെ അഭിപ്രായത്തിൽ, ആരുഷിയെയും ഹേം രാജിനെയും ബന്ധിപ്പിച്ചും രാജേഷിനെയും അനിതയെയും ബന്ധിപ്പിച്ചും കഥകൾ ഉണ്ടാക്കിയത് കൃഷ്ണ തദറായി എന്നൊരാളാണ്. നേപ്പാളിയായ ഇയാൾ, രാജേഷിന്റെ ക്ലിനിക്കിലെ ഒരു അസിസ്റ്റന്റാണ്. കൊലപാതകത്തിനു കുറച്ചു ദിവസം മുൻപ്, ജോലിയിലെ വീഴ്ചയ്ക്ക് രാജേഷ് ഇയാളെ ശകാരിച്ചിരുന്നു. അതിന്റെ പക ഇയാൾക്ക് രാജേഷിനോടുണ്ടായിരുന്നു. ഹേം രാജും കൃഷ്ണയും നേപ്പാളി ഭാഷയിൽ എന്തോ ഉച്ചത്തിൽ സംസാരിയ്ക്കുന്നത്, ഡ്രൈവർ ഉമേഷ് കണ്ടതായി മൊഴി നൽകി.
മേയ് 16 നു രാവിലെ നൂപുർ ഹേം രാജിനെ ഫോണിൽ വിളിയ്ക്കുമ്പോൾ അത് ജലവായു വിഹാർ പരിധിയിലായിരുന്നു എന്ന് കോൾ ഡിറ്റയിത്സ് കാണിയ്ക്കുന്നുണ്ട്. കൃഷ്ണ തദറായിയും ഇതേ ലൊക്കേഷനിൽ തന്നെയാണു താമസം.
ജൂൺ 7.
കൃഷ്ണയെ തേടി സി ബി ഐ ടീം രംഗത്തിറങ്ങി. അയാളുവീട് സി ബി ഐ റെയ്ഡ് ചെയ്തു. രക്തക്കറ പുരണ്ട ഒരു ഖുക്രി അവിടെ നിന്നും കണ്ടെടുത്തു. കൃഷ്ണയെ അറസ്റ്റ് ചെയ്തു.
അയാളെ വിവിധ ഇടങ്ങളിൽ നാർക്കോ റ്റെസ്റ്റുകൾക്കു വിധേയനാക്കി. മയക്കത്തിനിടയിലെ മൊഴികളിൽ നിന്നും മറ്റൊരു പേർ സി ബി ഐക്കു ലഭിച്ചു. രാജ് കുമാർ. ദുറാനി കുടുംബത്തിന്റെ വേലക്കാരനായിരുന്നു അയാൾ. അയാളുടെ താമസ സ്ഥലത്തു നിന്നും രക്തം പുരണ്ട ഒരു ടി ഷർട്ട് കണ്ടെടുത്തു. അയാളെയും നാർക്കോ ടെസ്റ്റുകൾക്കു വിധേയനാക്കി. തുടർന്ന് അറസ്റ്റു ചെയ്തു.
അയാളുടെ മൊഴിയിൽ നിന്നും മറ്റൊരാളുടെ വിവരം കൂടി ലഭിച്ചു.
ശംഭു എന്ന വിജയ് മണ്ഡൽ. അയാളും അറസ്റ്റിലായി.
ഇതിൽ കൃഷ്ണ, രാജ് കുമാർ എന്നിവരെ, ഹെം രാജിനെ കൊണ്ടുവന്ന അതേ വിഷ്ണു തന്നെയാണു നേപ്പാളിൽ നിന്നും കൊണ്ടുവന്നിരുന്നത്.
അറസ്റ്റിലായ മൂന്നു പേരും കൊല നടന്ന ദിവസം ഹേം രാജിന്റെ മുറിയിൽ ഒത്തു ചേർന്നതായി നാർക്കോ ടെസ്റ്റിലൂടെ ബോധ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അവർ അവിടെയിരുന്ന് ഒരു നേപ്പാളി ഗാനം ടിവിയിലൂടെ കണ്ടതായി മൊഴി നൽകി. അവർ കണ്ടു എന്നു പറയുന്ന ഗാനം തന്നെയാണു, അന്ന് ആ ചാനലിൽ പ്രക്ഷേപണം ചെയ്തത് എന്ന് സി ബി ഐ ഉറപ്പിച്ചു.
2008 ജൂലൈ 11 നു, അരുൺ കുമാർ ഒരു പ്രസ് കോൺഫറൻസ് വിളിച്ചു.
ആരുഷി-ഹേം രാജ് വധക്കേസ് ഇപ്പോഴും തെളിയിയ്ക്കപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
രാജേഷ് തൽവാറിനെതിരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. എന്നാൽ അദ്ദേഹത്തെ സംശയത്തിൽ നിന്നു ഒഴിവാക്കിയിട്ടുമില്ല. അറസ്റ്റിലായ മൂന്നു പേർ തന്നെയാണു മുഖ്യമായും സംശയിയ്ക്കപ്പെടുന്നത്. പക്ഷേ അവരെയും കൊലപാതകവുമായി ബന്ധിപ്പിയ്ക്കാവുന്ന ശക്തമായ തെളിവുകളൊന്നും ഇല്ല.
അറസ്റ്റിലായ മൂന്നു പേരും വ്യത്യസ്ത ഭാഷ്യങ്ങളാണു നാർക്കോ ടെസ്റ്റിൽ നൽകിയത്. ഒരാൾ ആരുഷിയുടെ മുറിയിൽ പോകുന്നു, മറ്റു രണ്ടുപേർ പിന്നാലെ പോകുന്നു. അവർ ആരുഷിയെ ആക്രമിയ്ക്കുന്നു. ആരുഷി കൊല്ലപ്പെടുന്നു. അതു കണ്ട് ഭയന്ന ഹേം രാജിനെയും അവർ കൊല്ലുന്നു. തുടർന്ന് രക്ഷപ്പെടുന്നു. ഇതു പലരീതിയിൽ തിരിഞ്ഞും മറിഞ്ഞും വന്നു. മയക്കുമരുന്നുകളുടെ പിടിയിൽ നൽകുന്ന ഇത്തരം മൊഴികൾക്ക് നിയമദൃഷ്ട്രാ യാതൊരു വിലയുമില്ല., അതിനെ ഉറപ്പിയ്ക്കുന്ന മറ്റു തെളിവുകൾ ഇല്ലാത്തിടത്തോളം.
കൂടാതെ, ഈ മൂന്നു പേരുടെയും തൊഴിലുടമകൾ അവർക്കനുകൂലമായ മൊഴികളാണു നൽകിയത്. ആ രാത്രി അവർ തങ്ങളുടെ വാസസ്ഥലങ്ങളിൽ തന്നെ ഉണ്ടായിരുന്നതായി അവർ ഉറപ്പിച്ചു പറഞ്ഞു.
അവരുടെ താമസ സ്ഥലങ്ങളിൽ നിന്നു കണ്ടെടുത്തു എന്നു പറയുന്ന വസ്തുക്കൾ ഫോറെൻസിക് ടെസ്റ്റ് നടത്തിയതിൽ നിന്നും കൊലപാതകവുമായി ബന്ധിപ്പിയ്ക്കാവുന്ന തെളിവുകൾ ഒന്നും കണ്ടെത്തിയില്ല. അവ പലതും സി ബി ഐ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന പരാതിയും ഉണ്ടായി. ഇന്ത്യയിലെ നേപ്പാളികളുടെ സംഘടന മൂവരുടെയും അറസ്റ്റിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
2009 ജനുവരിയിൽ, ഇവർ മൂവർക്കുമെതിരെ കുറ്റപത്രം സമർപ്പിയ്ക്കാൻ പോകുന്നതായി സി ബി ഐ പ്രഖ്യാപിച്ചെങ്കിലും അങ്ങനെ ഉണ്ടായില്ല. തുടർന്ന് മൂവരും വിട്ടയയ്ക്കപ്പെട്ടു.
സി ബി ഐ യിലെ ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥനായിരുന്നു അരുൺ കുമാർ. അദ്ദേഹത്തെ യു പി സർക്കാർ തിരികെ വിളിച്ചു.
2009 സെപ്തംബറിൽ സി ബി ഐയുടെ പുതിയൊരു ടീം ആരുഷി കേസ് ഏറ്റെടുത്തു. നീലഭ് കിഷോർ എന്ന ഒരു സൂപ്രണ്ടും, AGL കൌൾ എന്ന അഡീഷണൽ സൂപ്രണ്ടുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.
അവർ കേസ് വിശദമായി പരിശോധിച്ചു. ആരുഷിയുടെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെ ചോദ്യം ചെയ്തു. അവളുടെ സ്വകാര്യ ഭാഗങ്ങളിൽ കണ്ട പ്രത്യേകതകളും, അവിടം ക്ലീൻ ചെയ്യപ്പെട്ടിരുന്നു എന്നതും അവർ പ്രത്യേകം ശ്രദ്ധിച്ചു. പുറമെ നിന്നൊരു കൊലയാളി ഇതു ചെയ്യാൻ മെനക്കെടില്ല.

ആരുഷിയ്ക്കും ഹേം രാജിനും അടിയേറ്റത് രാജേഷിന്റെ ഗോൾഫ് ക്ലബ് (സ്റ്റിക്ക്) കൊണ്ടു തന്നെയാണെന്ന് അവർ അനുമാനിച്ചു. അവ പരിശോധിച്ചതിൽ നിന്നും, അവ കൊണ്ടുള്ള അടിയിൽ U/ V ആകൃതിയിലുള്ള അടയാളം ഉണ്ടാകാം എന്നും തീർച്ചപ്പെടുത്തി.
പുതിയ സി ബി ഐ ടീം, രണ്ടു കൊലയും ചെയ്തത് രാജേഷ് തന്നെയെന്ന് ഉറച്ചു സംശയിച്ചു. എന്നാൽ അതുറപ്പിയ്ക്കുന്നതിനുള്ള ഒരു തെളിവും ലഭിച്ചുമില്ല.
ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിയ്ക്കുവാൻ കോടതിയോടപേക്ഷിയ്ക്കാൻ അവർ തീരുമാനിച്ചു.
2010 ഡിസംബർ 29 നു അവർ ഒരു ക്ലോഷർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
- നേരത്തെ അറസ്റ്റു ചെയ്യപ്പെട്ട മൂന്നു പേർക്കും കൊലപാതകവുമായി യാതൊരു ബന്ധവുമില്ല.
- പുറമേ നിന്നു ആരും വീട്ടിനുള്ളിൽ കയറിയതായി തെളിവുകളില്ല.
- ആരുഷിയുടെയും ഹേം രാജിന്റെയും കഴുത്തുകളിൽ കണ്ട മുറിവുകൾ ഒരു ക്ലിനിയ്ക്കൽ വിദഗ്ധനു ചെയ്യാൻ കഴിയുന്നതാണ്. സർജിക്കൽ കത്തി കൊണ്ട് ഉണ്ടായ മുറിവാകാം അവ.
- ആരുഷിയുടെ രഹസ്യ ഭാഗങ്ങൾ വൃത്തിയാക്കാൻ പുറമേ നിന്നുള്ള ഒരാൾ ശ്രമിയ്ക്കില്ല. എന്നാൽ,
- ഹേം രാജ് ആരുഷിയുടെ മുറിയിലാണു കൊല്ലപ്പെട്ടത് എന്നതിന് തെളിവില്ല.
- ഹേം രാജിന്റെ രക്തം, തൽവാർ ദമ്പതികളുടെ വസ്ത്രങ്ങളിൽ കാണപ്പെട്ടിട്ടില്ല.
- കഴുത്തറുക്കാനുപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല.
- നാർക്കോട്ടിക് ടെസ്റ്റുകളിലൊന്നും സംശയിയ്ക്കപ്പെടാവുന്ന ഒന്നും കണ്ടെത്തിയിട്ടില്ല.
- കൊലയ്ക്ക് ആധാരമാകാവുന്ന മോട്ടീവ് കൃത്യമായി കണ്ടെത്താനാവുന്നില്ല.

ഈ സാഹചര്യങ്ങളിൽ കേസ് അവസാനിപ്പിയ്ക്കാൻ അനുവദിയ്ക്കണമെന്നായിരുന്നു സി ബി ഐയുടെ അപേക്ഷ.
എന്നാൽ രാജേഷും നൂപുറും സി ബി ഐയുടെ ഈ റിപ്പോർട്ടിനെ എതിർത്തു.
കൃത്യമായ അന്വേഷണം നടത്താതെ, തങ്ങളെ ആയുഷ്കാലം അപകീർത്തിപ്പെടുത്തുകയാണു സി ബി ഐ ചെയ്തതെന്ന് അവർ ഗാസിയാബാദ് സ്പെഷ്യൽ സി ബി ഐ കോടതിയിൽ നൽകിയ പരാതിയിൽ ആരോപിച്ചു.
2011 ജനുവരി 24 നു കോടതി പരിസരത്തു വെച്ച് ഒരു യുവാവ് രാജേഷ് തൽവാറിന്റെ മുഖത്തു കുത്തി.

എന്നാൽ സ്പെഷ്യൽ ജഡ്ജി പ്രീതി സിംഗ് തൽവാർ ദമ്പതികളുടെ പെറ്റീഷൻ തള്ളുകയും അവർക്കെതിരെ കുറ്റപത്രം തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനെതിരെ രാജേഷും നൂപുരും സുപ്രീം കോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. അവർക്കെതിരെ കുറ്റപത്രം സമർപ്പിയ്ക്കപ്പെട്ടു.
വിചാരണയ്ക്കൊടുവിൽ രാജേഷും നൂപുറും കുറ്റം ചെയ്തതായി കോടതി പ്രഖ്യാപിച്ചു.
26 പോയിന്റുകളാണു അവർക്കെതിരെ കോടതി കണ്ടെത്തിയത്. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്.
- മരണപ്പെട്ടവരോടൊപ്പം അവസാനമായി കാണപ്പെട്ടത്, ഡ്രൈവർ ഉമേഷിന്റെ മൊഴിയനുസരിച്ച് പ്രതികൾ മാത്രമാണ്.
- പ്രതികളുടെ മുറിയുടെ തൊട്ടടുത്തു തന്നെയുള്ള മുറിയിലാണ് ആരുഷി മരിച്ചതായി കാണപ്പെട്ടത്.
- പ്രതികളുടെ വീടിന്റെ ടെറസിലാണ് ഹേം രാജിന്റെ ബോഡി കാണപ്പെട്ടത്. അത് അകത്തു നിന്നും പൂട്ടപ്പെട്ടിരുന്നു.
- ഇരുവരുടെയും കൊലപാതകം ഏകദേശം ഒരേ സമയമാണ് നടന്നിരിയ്ക്കുന്നത്. അവരെ ജീവനോടെ കണ്ടതും കൊലചെയ്യപ്പെട്ട സമയവും തമ്മിൽ അധികം ദൈർഘ്യമില്ല. ആ സമയത്ത് പ്രതികളല്ലാതെ മറ്റാരെങ്കിലും അവിടെ എത്താനുള്ള സാധ്യതയില്ല.
- ഓട്ടോമാറ്റിക് ലോക്കുള്ള ആരുഷിയുടെ മുറിയുടെ വാതിൽ താക്കോലില്ലാതെ പുറമേ നിന്നു തുറക്കാനാവില്ല. മറ്റൊരാൾക്ക് അതു എങ്ങനെ തുറക്കാനായി എന്നു പ്രതികൾക്കു വിശദീകരിയ്ക്കാനായിട്ടില്ല.
- ഇന്റെർനെറ്റ് ഉപയോഗിയ്ക്കപ്പെട്ട സമയവും കൊലപാതകം നടന്ന സമയവും തമ്മിൽ അധികം ദൈർഘ്യമില്ല. പ്രതികളിൽ ഒരാളെങ്കിലും ആ സമയത്ത് ഉണർന്നിരിപ്പുണ്ടായിരുന്നു എന്നു അനുമാനിയ്ക്കാം.
- വീട്ടിൽ ആരും അതിക്രമിച്ചു കടന്നതായി തെളിവില്ല.
- അന്നേ ദിവസം വൈദ്യുതിയ്ക്ക് തടസ്സമുണ്ടായിട്ടില്ല.
- അടുത്തുള്ള താമസക്കാർ ആരും, പുറമേയുള്ളവരെ ആ സമയങ്ങളിൽ പ്രദേശത്ത് കണ്ടിട്ടില്ല.
- മരണം കണ്ടെത്തിയ രാവിലെ, വേലക്കാരിയെ തെറ്റിദ്ധരിപ്പിയ്ക്കുവാൻ നൂപുർ മന:പൂർവം ശ്രമിച്ചു.
- വേലക്കാരി കടന്നു വരുമ്പോൾ, പ്രതികളെ കരയുന്ന നിലയിൽ കണ്ടതായി അവരുടെ മൊഴിയിൽ ഇല്ല.
- ഭാരതിയോട് സംസാരിയ്ക്കുമ്പോൾ മകളുടെ മരണത്തെ പറ്റിയല്ല, ഹേം രാജാണു ഇതു ചെയ്തതെന്നു വിശ്വസിപ്പിയ്ക്കാനാണു നൂപുർ ശ്രമിച്ചത്.
- പ്രതികളുടെ വസ്ത്രത്തിൽ മകളുടെ രക്തക്കറ കാര്യമായി കാണാനുണ്ടായിരുന്നില്ല. സ്വന്തം മകളെ മരണപ്പെട്ട നിലയിൽ കണ്ടാൽ ആരും അവളെ കോരിയെടുക്കാനോ കെട്ടിപ്പിടിയ്ക്കാനോ ശ്രമിയ്ക്കും. ഇവിടെ അതുണ്ടായിട്ടില്ല.
- ഹേം രാജിനെ കൊല ചെയ്തയാൾ പുറമേ ഉള്ള ഒരാളെങ്കിൽ, അയാൾ ടെറസ് ഡോർ പൂട്ടാനുള്ള താക്കോൽ തപ്പി നടക്കാതെ, ഉടൻ സ്ഥലം വിടുകയേ ഉള്ളു.
- പുറമേയുള്ള ഒരു കൊലയാളിയാണ് കൃത്യം നടത്തിയതെങ്കിൽ അതിനു ശേഷം രഹസ്യമായി സൂക്ഷിച്ച വിസ്കി തപ്പിയെടുത്ത് കുടിയ്ക്കാനായി അയാൾ മെനക്കെടില്ല, ഉടൻ രക്ഷപെടാൻ ശ്രമിയ്ക്കുകയേ ഉള്ളു.
- പുറമേ നിന്നുള്ള ഒരാൾ ഹേം രാജിന്റെ ബോഡി ടെറസിൽ കൊണ്ടു പോയി ഇടാൻ മെനക്കെടില്ല. ഉടൻ രക്ഷപെടാൻ ശ്രമിയ്ക്കുകയേ ഉള്ളു.
- സാധാരണ പൂട്ടിയിടാറില്ലാത്ത ടെറസ് ഡോർ മരണ ദിവസം മാത്രമാണു പൂട്ടിയിടപ്പെട്ടത്. അതിന്റെ താക്കോൽ കാണാനുമുണ്ടായിരുന്നില്ല.
മേൽപ്പറഞ്ഞ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ രാജേഷിനെയും നൂപുരിനെയും ജീവപര്യന്തം കഠിന തടവിനു കോടതി ശിക്ഷിച്ചു.
തങ്ങൾ നിരപരാധികളെന്ന് രാജേഷും നൂപുരും പറഞ്ഞുകൊണ്ടിരുന്നെങ്കിലും അതൊന്നും പരിഗണിയ്ക്കപ്പെട്ടില്ല. രണ്ടു പേരും ജയിലിലേയ്ക്ക് അയയ്ക്കപ്പെട്ടു.

രാജേഷ് തൽവാറും നൂപുർ തൽവാറും നിരപരാധികളെന്നു വിശ്വസിയ്ക്കുന്നവരും ധാരാളമുണ്ട്. അവർക്കു നീതി ലഭിയ്ക്കുന്നതിനായി പലരും പ്രചരണം നടത്തി.

12 ഒക്ടോബര്‍ 2017
ആരുഷി തൽവാര്‍ വധക്കേസിൽ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറിനെയും നുപുര്‍ തൽവാറിനേയും അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. സംശയത്തിന്‍റെ ആനുകൂല്യം നൽകിയാണ് അലഹാബാദ് കോടതി തൽവാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയത്. ജീവപര്യന്തം ശിക്ഷിച്ച ഗാസിയാബാദ് സി ബി ഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കോടതി വിധി പഠിച്ച ശേഷം തുടര്‍ നടപടിയെന്നായിരുന്നു സി ബി ഐയുടെ പ്രതികരണം.
15 ഡിസംബർ 2017
കൊല്ലപ്പെട്ട ഹേമരാജിന്റെ ഭാര്യ കേസിലെ പ്രതികളായ ആരുഷിയുടെ മാതാപിതാക്കളെ വെറുതെ വിട്ട ഉത്തരവിനെ ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചു.
ഒരു മധ്യവര്‍ഗ കുടുംബത്തിനകത്ത് നടന്ന സംഭവം. ശരിതെറ്റുകളുടെ കറുപ്പുംവെളുപ്പും നിറഞ്ഞ ചതുരംഗക്കളത്തിലുള്ളത് അച്ഛന്‍ , അമ്മ, മകള്‍. ഇന്ത്യന്‍ സാമൂഹിക സങ്കല്‍പത്തില്‍ ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന കുടുംബമാണ് വേദി. ഒപ്പം ഏതുതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും വഴിവെയ്ക്കാവുന്ന തരത്തില്‍ വീട്ടുജോലിക്കാരന്‍റെ ദുരൂഹമരണം.
അശ്രദ്ധയും കാര്യക്ഷമതയില്ലായ്മയും കൈമുതലാക്കിയ യുപി പൊലീസ് നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെടുത്തി. കൊലയാളിയുടെ വിരലടയാളം ഉള്‍പ്പെടെ.
അടുത്ത ഊഴം മാധ്യമങ്ങളുടേതായിരുന്നു.

വസ്തുതകള്‍ക്കപ്പുറം വികാരങ്ങള്‍കൊണ്ട് റേറ്റിങ് ഉയര്‍ത്താനുള്ള സ്റ്റുഡിയോ വിചാരണകള്‍. വിധിപ്രസ്താവങ്ങള്‍.
രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള അന്വേഷണ ഏജന്‍സിയായ സി ബി ഐ നേരറിയാതെ കുഴങ്ങി. ഒരു തലയിണയില്‍ വീണ രക്തക്കറ മനുഷ്യന്‍റേതാണോയെന്ന് പോലും കൃത്യമായി കണ്ടെത്താനാകാത്ത ഫൊറന്‍സിക് വൈദഗ്ധ്യം.
അന്വേഷിച്ച് ഒരുവഴിക്കാക്കി ഉത്തരമില്ലാത്ത ഒരായിരം കേസുകെട്ടുകളുടെ കൂട്ടത്തിലേക്ക് നടതള്ളാന്‍ സി ബി ഐ ആദ്യം ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോള്‍, തട്ടിക്കൂട്ടിയ കേസുമായി കോടതിയിലെത്തി.
ഒരു സാഹചര്യം ചിന്തിച്ചുനോക്കൂ, സംശയത്തിന്‍റെ ആനുകൂല്യം നല്‍കി കോടതി വെറുതവിട്ട തല്‍വാര്‍ ദമ്പതികള്‍ ശരിക്കും നിരപരാധികളാണെങ്കിലോ?

എങ്കില്‍ അവരനുഭവിച്ച ജയില്‍വാസത്തിനും അപമാനത്തിനും എന്തു മറുപടിയുണ്ട്.
ഒരുപക്ഷെ ഒരുപാട് നിരപരാധികള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങുന്ന രാജ്യത്ത് അത് പുതുമയല്ലായിരിക്കാം. മറിച്ച് അവര്‍ കുറ്റവാളികളാണെങ്കില്‍ നമ്മുടെ അന്വേഷണ സംവിധാനം നോക്കുകുത്തിയായി. നമ്മുടെ വ്യവസ്ഥിതിക്ക് ഒരു പുനര്‍വിചിന്തനത്തിനുള്ള ഇടമാണ് ആരുഷി കേസ്. അങ്ങിനെ ചെയ്ത് ശീലമില്ലെങ്കിലും.

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ, അതിശയകരമായ ഒരു കൊലക്കേസായി ആരുഷി – ഹേം രാജ് കേസ് ഇപ്പോഴും വിസ്മയിപ്പിയ്ക്കുന്നു.
ആരുഷി–ഹേംരാജ് ഇരട്ടക്കൊലപാതകം ബോളിവുഡിൽ രണ്ടു സിനിമകൾക്കും പ്രമേയമായി. 2015 ഒക്ടോബറിലും ഡിസംബറിലുമായി റിലീസ് ചെയ്ത തൽവാർ, രഹസ്യ എന്നിവ. ‘രഹസ്യ’ ബോക്സ് ഓഫിസിൽ പരാജയപ്പെട്ടെങ്കിലും ‘തൽവാർ’ നിരൂപക പ്രശംസ നേടി. അച്ഛനമ്മമാർ അനുഭവിച്ച അഗ്നിപരീക്ഷയിൽ കേന്ദ്രീകരിച്ച ചിത്രം ഒരു പ്രത്യേക നിഗമനത്തിൽ എത്തുന്നുമില്ല. ‘രഹസ്യ’ ചിത്രീകരണം നടക്കുമ്പോൾ തന്നെ തൽവാർ ചിത്രത്തിനെതിരെ ഹർജി ഫയൽ ചെയ്തിരുന്നു. രാജേഷിനെ പ്രതിസ്ഥാനത്തു നിർത്തുന്ന ചിത്രമായിരുന്നു രഹസ്യ.
