Butcher of Rostov or the Red Ripper or Rostov Ripper.
മനുഷ്യമാംസം ഭക്ഷിക്കുന്ന നിഷ്ടൂരനായ ഒരു കൊലയാളിയുടെ കഥ.
1978 ഡിസംബർ 22 നു യെലേന സക്കോട്ട്നോവ ( Yelena Zakotnova ) എന്ന് പേരുള്ള 9 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം കരിങ്കടലിന് സമീപമുള്ള റോസ്തോവ് ഒബ്ലാസ്റ്റ് ( Rostov Oblast ) പ്രദേശത്തെ ശക്തി ( Shakti ) എന്ന സ്ഥലത്തുള്ള ഗ്രുഷെവ്ക നദിക്ക് ( Grushevka River ) സമീപം കണ്ടെത്തി. രണ്ടു ദിവസം മുമ്പ് വീടിനു സമീപത്ത് നിന്ന് കാണാതായതായിരുന്നു ആ കുട്ടിയെ. ശ്വാസം മുട്ടിച്ചും കത്തിക്കുത്ത് ഏറ്റുമായിരുന്നു കുട്ടി കൊല്ലപ്പെട്ടത്. നദിയുടെ എതിർവശത്തുള്ള തീരത്തുനിന്ന് യെലെനയുടെ സ്കൂൾ ബാഗ് പോലീസ് കണ്ടെത്തി.
സമീപത്തു താമസിക്കുന്ന ആന്ദ്രേ ചിക്കറ്റിലോ ( Andrei Chikatilo ) യുടെ വീടിനുസമീപത്ത് മഞ്ഞിൽ പോലീസ് രക്തത്തുള്ളികൾ കണ്ടെത്തി. ഡിസംബർ 22 നു വൈകുന്നേരം ആന്ദ്രേ വീടിനുസമീപത്തുണ്ടായിരുന്നു എന്ന് അയൽവക്കക്കാർ മൊഴികൊടുത്തു.

ഒരു സാക്ഷി ഒരു ബസ് സ്റ്റോപ്പിന് സമീപം യെലെനയുമായി ആന്ദ്രേയോടു സാമ്യമുള്ള ഒരാൾ സംസാരിച്ചുകൊണ്ട് നിൽക്കുന്നതായി കണ്ടുവെന്നു പോലീസിനോട് പറഞ്ഞു. യെലെനയെ അവസാനമായി ജീവനോടെ കണ്ടത് അപ്പോഴായിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെ പോലീസ് 25 വയസ്സുള്ള അലക്സാണ്ടർ ക്രാവ്ചെങ്കോ ( Aleksandr Kravchenko ) എന്ന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. അയാൾ കൗമാര കാലത്ത് ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷ അനുഭവിച്ച ഒരാളായിരുന്നു.
ക്രാവ്ചെങ്കോയുടെ വീട് പരിശോധിച്ച പോലീസ് ഭാര്യയുടെ സ്വെറ്ററിൽ രക്തത്തുള്ളികൾ കണ്ടെത്തി. യെലെനയുടെയും സ്വെറ്ററിൽ കണ്ട രക്തത്തുള്ളിയുമായി ഇതിന് സാമ്യമുണ്ടായിരുന്നു.
ക്രാവ്ചെങ്കോ ഭാര്യയോടും കൂട്ടുകാരോടുമൊപ്പം അന്ന് വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്നു പറഞ്ഞു. അയൽക്കാരായ ദമ്പതികൾ അത് ശരിവച്ചു.

എന്നാൽ പോലീസ് ക്രാവ്ചെങ്കോയെ കൂട്ടുപ്രതിയായും ദമ്പതികൾ സഹായികളാണെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. പോലീസിന്റെ ഭീക്ഷണിക്കുമുന്നിൽ ക്രാവ്ചെങ്കോ വൈകുന്നേരം വരെയും വന്നിട്ടില്ല എന്നവർ മൊഴികൊടുത്തു.
നിർബന്ധിച്ച് അടിച്ച് എല്പ്പിക്കപ്പെട്ട തെളിവിന്റെ അടിസ്ഥാനത്തിൽ ക്രാവ്ചെങ്കോ എങ്ങനെയോ കുറ്റം സമ്മതിച്ചു.
എന്നാൽ വിചാരണയിൽ ക്രാവ്ചെങ്കോ തന്റെ നിരപരാധിത്വം വെളിപ്പെടുത്തി, നിരന്തരമായ ഭീക്ഷണിയിലാണ് താൻ കുറ്റം സമ്മതിച്ചതെന്ന് പറഞ്ഞു.
1979 ൽ ക്രാവ്ചെങ്കോയെ വധശിക്ഷക്ക് വിധിച്ചു.
എന്നാൽ 1980 ൽ വധശിക്ഷ 15 വർഷത്തെ ജയിൽ ശിക്ഷയായി സുപ്രിം കോർട്ട് ഭേതഗതി ചെയ്തു.
യെലെനയുടെ ബന്ധുക്കളുടെ സമ്മർദത്തിന്റെ ഫലമായി പുനർവിചാരണയിൽ 1983 ജൂലൈയിൽ ക്രാവ്ചെങ്കോയുടെ വധശിക്ഷ നടപ്പാക്കി.
എന്നാൽ യഥാർത്ഥ കൊലയാളി ആന്ദ്രേ ചിക്കാടിലോ ആയിരുന്നു. ( പിന്നീടുള്ള വെളിപ്പെടുത്തലിൽ യെലെനയെ കൊന്നതിലൂടെ ലൈംഗിക ഉത്തേജനവും ഇരയെ കുത്തിക്കൊല്ലുന്നതിലൂടെയും കീറിമുറിക്കുന്നതിലൂടെയും തനിക്ക് രതിമൂർച്ച ലഭിച്ചുവെന്നും ആന്ദ്രേ പറഞ്ഞു ). പിന്നെ ആന്ദ്രെ തന്റെ നീണ്ട കൊലപാതക പരമ്പര തുടർന്നു.
ആൻഡ്രി റൊമാനോവിച്ച് ചിക്കാറ്റിലോ 1936 ഒക്ടോബർ 16 ന് സോവിയറ്റ് യൂണിയനിലെ ഗ്രാമീണ ഉക്രെയ്നിന്റെ ഹൃദയഭാഗത്തുള്ള ഒരു ഗ്രാമമായ യാബ്ലോച്നോയിയിൽ ജനിച്ചു. 1930-കളിൽ, ഉക്രെയ്ൻ സോവിയറ്റ് യൂണിയന്റെ “ബ്രെഡ്ബാസ്ക്കറ്റ്” എന്നറിയപ്പെട്ടിരുന്നു, സ്റ്റാലിൻ കാർഷിക ശേഖരണത്തിലൂടെ സാക്ഷാത്കരിച്ച കമ്മ്യൂണിസത്തിന്റെ നയങ്ങൾ രാജ്യത്തിനകത്ത് വ്യാപകമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു, ഒടുവിൽ ജനസംഖ്യയെ വരെ ബാധിക്കുന്ന ഒരു ക്ഷാമത്തിലേക്ക് അത് നയിച്ചു. ചിക്കാട്ടിലോയുടെ ജനനസമയത്ത് ക്ഷാമത്തിന്റെ അനന്തരഫലങ്ങൾ വ്യാപകമായി അനുഭവപ്പെട്ടിരുന്നു, അയാളുടെ ബാല്യകാലം ദാരിദ്ര്യത്താൽ വേട്ടയാടപ്പെട്ടതായിരുന്നു, സോവിയറ്റ് യൂണിയൻ ജർമ്മനിക്കെതിരായ യുദ്ധത്തിൽ പ്രവേശിച്ചപ്പോൾ അത് കൂടുതൽ വഷളായി, ഉക്രെയ്ൻ തുടർച്ചയായ ബോംബിംഗ് റെയ്ഡുകൾക്ക് വിധേയമായി. ബാഹ്യമായ ബുദ്ധിമുട്ടുകൾക്ക് പുറമേ, ചിക്കാറ്റിലോയ്ക്ക് ജനനസമയത്ത് ഹൈഡ്രോസെഫാലസ് (അല്ലെങ്കിൽ തലച്ചോറിലെ വെള്ളം കെട്ടുന്ന അസുഖം) ബാധിച്ചതായി വിശ്വസിക്കപ്പെടുന്നു, ഇത് പിന്നീട് ജീവിതത്തിൽ ജനനേന്ദ്രിയ-മൂത്രനാളി പ്രശ്നങ്ങൾക്ക് കാരണമായി. കൗമാരത്തിന്റെ അവസാനത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം ഉണ്ടായിരുന്നു. കൂടാതെ അയാൾക്ക് സ്ഖലനം ചെയ്യാൻ കഴിയുമെങ്കിലും ഉദ്ധാരണം നിലനിർത്താനുള്ള കഴിവില്ലായ്മ ഉണ്ടായിരുന്നു.

ജർമ്മനിക്കെതിരായ യുദ്ധത്തിൽ പിതാവ് നിർബന്ധിതനായത് ചിക്കാർട്ടിലോയുടെ ജീവിതത്തെ താറുമാറാക്കി, ജർമ്മൻ യുദ്ധത്തിൽ ചിക്കാർട്ടിലോയുടെ പിതാവ് പിടിക്കപ്പെടുകയും തടവിലാകുകയും തുടർന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഈ സംഭവം നാട്ടുകാരാൽ അധിക്ഷേപിക്കുന്നതിന് ഇടവരുത്തി. തന്റെ പിതാവിന്റെ ‘ഭീരുത്വ’ത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചത് ചിക്കാർട്ടിലോ ആയിരുന്നു. അവൻ സ്കൂളിൽ പീഡനത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഇതിന്റെ ഫലമായി വേദനാജനകമായ ലജ്ജാശീലം അയാൾക്കുണ്ടായിരുന്നു. 15 ആം വയസ്സിൽ അവന്റെ ഒരേയൊരു ലൈംഗികാനുഭവം സംഭവിച്ചു, അവൻ ഒരു പെൺകുട്ടിയെ കീഴടക്കി, ഹ്രസ്വമായ പോരാട്ടത്തിനിടയിൽ ഉടനടി സ്ഖലനം സംഭവിച്ചു. അതിനാൽ അയാൾക്ക് കൂടുതൽ പരിഹാസം ഏറ്റു. ഈ അപമാനം ഭാവിയിലെ എല്ലാ ലൈംഗികാനുഭവങ്ങൾക്കും നിറം പകരുകയും അക്രമവുമായി ലൈംഗിക ബന്ധത്തെ ഉറപ്പിക്കുകയും ചെയ്തു. മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ അയാൾ പരാജയപ്പെട്ടു, തുടർന്ന് 1960-ൽ റോസ്‌റ്റോവിനടുത്തുള്ള റോഡിയോനോവോ-നെസ്‌വെറ്റയേവ്‌സ്‌കി എന്ന പട്ടണത്തിലേക്ക് മാറി, അവിടെ ഒരു ടെലിഫോൺ എഞ്ചിനീയറായി. അവന്റെ ഇളയ സഹോദരി അവനോടൊപ്പം താമസം മാറി. ഒരു നാട്ടുമ്പുറത്തുകാരി പെൺകുട്ടിയായ ഫയീനയുമായി പരിചയപ്പെട്ടു, 1963-ൽ അവൻ അവളെ വിവാഹം കഴിച്ചു.
അവന്റെ ലൈംഗിക പ്രശ്‌നങ്ങളും താൽപ്പര്യക്കുറവും ഉണ്ടായിരുന്നിട്ടും. അവർക്ക് രണ്ട് കുട്ടികളെ ജനിച്ചു. എങ്കിലും പുറമേ സാധാരണ കുടുംബജീവിതം നയിച്ചു പോന്നു. 1971-ൽ, സ്കൂൾ ടീച്ചറിലേക്കുള്ള ഒരു കരിയർ മാറ്റം അവൻ നടത്തി എങ്കിലും അത് ഹ്രസ്വകാലമായിരുന്നു. ചെറിയ കുട്ടികൾക്കെതിരായ മോശം പെരുമാറ്റങ്ങളുടെ പരാതികൾ മൂലം അവനെ ഒരു സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് മാറാൻ നിർബന്ധിതനാക്കി, ഒടുവിൽ റോസ്തോവിനടുത്തുള്ള ശക്തിയിലെ ഒരു മൈനിംഗ് സ്കൂളിൽ താമസമാക്കി.

1981 സെപ്റ്റംബർ 3 നു ആന്ദ്രേ 17 വയസ്സുള്ള ലാരിസ ടീക്കചെങ്കോ ( Larisa Tkachenko ) എന്ന ഒരു ബോർഡിംഗ്സ്കൂൾ വിദ്യാർദ്ധിനിയെ പ്രലോഭിപ്പിച്ച് ഡോണ് നദിയുടെ സമീപത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി.

ഒരൊഴിഞ്ഞ കോണിൽ അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറി ബലാത്സംഗത്തിന് ശ്രമിച്ചു. ലാരിസ അതിശക്തമായി പ്രതികരിച്ചു. ലൈംഗിക ഉത്തേജനം ആന്ദ്രേക്ക് ലഭിച്ചില്ല. ലാരിസയുടെ വായിൽ ചെളി തിരുകി കഴുത്ത് ഞെരിച്ച് കൊന്നു. കത്തി കൈയ്യിലില്ലാത്തത് കാരണം പല്ലും കമ്പും ഉപയോഗിച്ച് മൃതശരീരം വികൃതമാക്കി. ശരീരം ശിഖരങ്ങളും ഇലകളുമുപയൊഗിച്ച് മൂടുന്നതിനിടയിൽ ലാരിസയുടെ ഒരു മുലക്കണ്ണു അയാൾ കടിച്ചെടുത്തു. പിറ്റേ ദിവസം ലാരിസയുടെ മൃതദേഹം കണ്ടെത്തി.
പോലീസ് കൊലയാളിയെക്കുറിച്ചുള്ള അന്വേഷണം തുടർന്നു.
1982 ജൂണ് 12 നു ല്യൂബോവ് ബിരിയുക്ക് ( Lyubov Biryuk ) എന്ന 13 കാരിയെ കാണാതായി. ജൂണ് 27 ന് ടോന്സ്കോയി ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ കുത്തേറ്റും, കീറിമുറിച്ച നിലയിലും, വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലും അവളുടെ ശരീരം കണ്ടെത്തി. തലയിലും, കഴുത്തിലും, ചങ്കിലും, നാഭിയിലുമായി 27 കുത്തുകൾ ഏറ്റിരുന്നു.

പിന്നെ ആന്ദ്രേ അടങ്ങിയിരുന്നില്ല. ജൂലൈ മാസത്തിനും സെപ്റ്റെംബറിനും ഇടയിൽ 9 വയസ്സിനും 19 വയസ്സിനുമിടയിലുള്ള 5 പേരുകൂടി ആന്ദ്രേക്ക് ഇരയായി.
1983-ൽ, മോസ്കോ ഡിറ്റക്ടീവായ മിഖായേൽ ഫെറ്റിസോവ് ( Mikhail Fetisov ) അന്വേഷനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഒരു സീരിയൽ കില്ലർ അഴിഞ്ഞാടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു, ഒരു സ്പെഷ്യലിസ്റ്റ് ഫോറൻസിക് അനലിസ്റ്റായ വിക്ടർ ബുരാക്കോവിനെ ഷാക്റ്റി ഏരിയയിലെ അന്വേഷണത്തിന് നേതൃത്വം നൽകാൻ ഏർപ്പെടുത്തി. അറിയപ്പെടുന്ന ലൈംഗിക കുറ്റവാളികളെയും മാനസികരോഗികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ലോക്കൽ പോലീസിന്റെ ചോദ്യം ചെയ്യൽ രീതികൾ മൂലം പിടിയിലാവുന്നവരിൽ നിന്ന് പതിവായി തെറ്റായ കുറ്റസമ്മതം കിട്ടിക്കൊണ്ടിരുന്നു, ഈ “കുറ്റസമ്മതങ്ങളിൽ” ഭൂരിഭാഗവും ബുറാക്കോവിന് സംശയമുണ്ടാക്കി. പുരോഗതി മന്ദഗതിയിലായിരുന്നു, പ്രത്യേകിച്ചും, ആ ഘട്ടത്തിൽ, ഇരകളാകപ്പെട്ടവരുടെ എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നില്ല, അതിനാൽ യഥാർത്ഥ ശരീരത്തിന്റെ എണ്ണം പോലീസിന് അജ്ഞാതമായിരുന്നു.

1984 സെപ്ടംബറിൽ 23 മൃതശരീരങ്ങൾ ഒരു കാടിനടുത്തുനിന്നു കണ്ടെത്തി. അതിൽ കൂടുതലും ചെറിയ ആൺകുട്ടികളും പെങ്കുട്ടികളുമായിരുന്നു. പിന്നെ 20 വയസ്സിനടുത്ത് പ്രായമുളളവരുടെയും കൂട്ടത്തിൽ ഉണ്ടായിരുന്നു. എല്ലാ മൃതദേഹവും വികൃതമാക്കിയിട്ടുണ്ടായിരുന്നു. ലൈംഗികാവയവങ്ങളും മറ്റ് ശരീര ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ടായിരുന്നു.

പോലീസ് ഒരു വലിയ മനുഷ്യവേട്ട തുടങ്ങി. ആയിരക്കണക്കിന് ആൾക്കാർ നിശിതമായ ചോദ്യം ചെയ്യലിന് വിധേയമായി. സംശയിക്കപ്പെട്ടവരെല്ലാം വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. അതിൽ നിന്ന് റോസ്റ്റൊവിലെ ഒരു ഫാക്ടറിയിലെ സപ്ലൈ ഓഫീസറായ ആന്ദ്രേ ചിക്കാട്ടിലോ പിടിയിലായി. പക്ഷെ ഈ സമയവും ആന്ദ്രേ രക്ഷപെട്ടു. പ്രകൃതി തന്നെ ആന്ദ്രേയ്ക്കായുള്ള രക്ഷപെടലിനുള്ള പദ്ധതി ഒരുക്കിയിരുന്നു. ജനിതകരമായ ഒന്ന്. അത് പിന്നെ 21 പേരുടെ മൃഗീയമായ കൊലപാതകത്തിന് കാരണമായി എന്നുള്ളതാണ് സത്യം.
ആന്ദ്രേ ഒരു നോണ് സീക്രട്ടറായിരുന്നു. ക്രൈം സീനുകളിൽ നിന്ന് കണ്ടെടുത്ത ശുക്ലവുമായി ആന്ദ്രേയുടെ ബ്ലഡ് ഗ്രൂപ്പിന് ഒരു സാമ്യവുമില്ലായിരുന്നു !!.
ഈ കാലയളവിൽ 32 അതിനിഷ്ടൂരമായ കൊലപാതകങ്ങൾ ആന്ദ്രേ ചെയ്തുകഴിഞ്ഞിരുന്നു.
ആന്ദ്രേയുടെ ബ്ലഡ് ടൈപ് A വിഭാഗത്തിൽ പെട്ടതായിരുന്നു. എന്നാൽ ശുക്ല പരിശോധനയിൽ അത് ടൈപ് AB ആണെന്ന് കണ്ടെത്തി. പോലീസ് കൊലയാളി മറ്റൊരാൾ ആയിരിക്കുമെന്ന് കരുതി.
1984 ഒക്ടോബർ 8 നു റഷ്യൻ പബ്ലിക് പ്രോസിക്യൂട്ടെഴ്സ് ഓഫീസ് ആന്ദ്രേയുടെ 23 കൊലക്കേസുകൾ ഒന്നായി കണ്ടു. നേരത്തെ മാനസികരോഗിയായ ഒരാൾ കുറ്റം സമ്മതിച്ചിരുന്നു. ആ മാനസികരോഗിയെ കുറ്റവിമുക്തനാക്കി.
സെപ്റ്റംബർ 6 നു കൊലചെയ്യപ്പെട്ട ഐറിന ലുചിൻസ്കായ ( Irina Luchinskaya ) യുടെ കൊലപാതകത്തിനുശേഷം ആന്ദ്രേയുടെ മോഡസ് ഒപ്പറാണ്ടിയിലുള്ള ( സമാന രീതിയിലുള്ള) ഒരു കൊലപാതകവും റോസ്റ്റൊവിൽ പോലീസ് കണ്ടില്ല.

റോസ്റ്റൊവിലെ അന്വേഷണ ഉദ്ധ്യോഗസ്ഥർ കൊലയാളി സോവിയറ്റ് യൂണിയന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് പോയി തന്റെ കൊലപാതക പരമ്പര തുടങ്ങിയിട്ടുണ്ടാവും എന്ന് വിചാരിച്ചു. റോസ്റ്റോവ് പോലീസ് ആന്ദ്രേയുടെ കില്ലിംഗ് പാറ്റേണിനെക്കുറിച്ച് സോവിയറ്റ് യൂണിയനിലെ മുഴുവൻ ഫോഴ്സിനും ബുള്ളറ്റിനുകൾ അയച്ചു. എന്നാൽ മറ്റ് സേനകളിൽ നിന്നുള്ള പ്രതികരണം നെഗറ്റിവായിരുന്നു. താഷ്കെന്റിൽ നടന്ന രണ്ട് കൊലപാതകങ്ങൾ ആന്ദ്രേയുമായി ബന്ധപ്പെടുത്താൻ ഉസ്ബെക്കിസ്ഥാൻ പോലീസിനു കഴിഞ്ഞിരുന്നില്ല. അതിനു കാരണം ഇരയുടെ കഴുത്ത് വേർപെടുത്തിയിരുന്നു എന്നതാണ്. മറ്റൊരു കൊലയിൽ ശരീരം ഭയങ്കരമായി വികൃതമായിരുന്നു. പോലീസ് അതൊരു മെതിയന്ത്രത്തിൽ പെട്ടതായിരിക്കുമെന്നു കരുതി.
ആ കാലഘട്ടത്തിൽ പലവിവരങ്ങളും പുറത്തുപോകാതെ മാധ്യമങ്ങൾ ഒതുക്കിയിരുന്നു. എന്തെങ്കിലും വെളിയിൽ വന്നാൽ തന്നെ അത് മറ്റ് രാഷ്ട്രങ്ങൾ ചെയ്യുന്ന പണിയാണെന്നും, ചെന്നായ ഭക്ഷിച്ചതാണെന്നും ഉളള തരത്തിൽ വളച്ചൊടിക്കപ്പെടുകയോ, കുഴിച്ചുമൂടപ്പെടുകയോ ചെയ്തിരുന്നു.
ഇതിനിടയിൽ ആന്ദ്രേ ഒരു മോക്ഷണക്കേസിൽ പ്രതിയായി. ഒരു വർഷത്തെ ശിക്ഷ ലഭിച്ചു. എന്നാൽ മൂന്നുമാസത്തെ ശിക്ഷ കഴിഞ്ഞ് 1984 ഡിസംബർ 12 നു ആന്ദ്രേ മോചിതനായി. ഡിസംബറിൽ ജയിൽ മോചിതനായ ആന്ദ്രേ ചിക്കാട്ടിലോ നോവോചെർകാസ്ക് ( Novocherkassk ) ലെ ഒരു ലോക്കോമോട്ടീവ് ഫാക്ടറിയിൽ ജോലിക്കാരനായി കൂടി. 1985 ആഗസ്റ്റ് 1 വരെ കൊല്ലാനുള്ള തൃഷ്ണ അടക്കി അയാൾ കഴിഞ്ഞു.
മോസ്കൊയിലെക്കുള്ള ഒരു ബിസ്സിനസ് ട്രിപ്പിൽ ഡൊമോഡെഡോവോ എയർപോർട്ട് ( Domodedovo Airport ) നു സമീപമുള്ള ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് 18 വയസ്സുള്ള നതാലിയ പോഖ്ലിസ്റ്റോവ ( Natalia Pokhlistova ) എന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഒരു മരക്കൂട്ടത്തിനിടയിലെക്ക് കൊണ്ടുപോയി കെട്ടിയിട്ട് 38 കത്തിക്കുത്ത് ഏല്പ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നു.

കൊലയാളി റോസ്റ്റോവ് ഒബ്ലാസ്റ്റിൽ നിന്ന് വിമാനമാർഗ്ഗമായിരിക്കും യാത്ര ചെയ്തതെന്ന് പോലീസ് കരുതി. എല്ലാ എയറോ ഫ്ലോട്ട് ഫ്ലൈറ്റ് റെക്കോർഡുകളും പോലീസ് പരിശോധിച്ചു. ജൂലൈ അവസാനവും ആഗസ്റ്റ് 1 നും ഇടയിൽ സഞ്ചരിച്ച യാത്രക്കാരുടെ ലിസ്റ്റിൽ നിന്നും സംശയിക്കപ്പെടുന്ന ആരുടേയും പേര് പോലീസിനു ലഭിച്ചില്ല. ഒരു പക്ഷെ ആ സമയം ആന്ദ്രേ ചിക്കാട്ടിലോ യാത്ര ചെയ്തത് ട്രയിനിനായിരുന്നിരിക്കാം.
4 ആഴ്ചക്ക് ശേഷം ആഗസ്റ്റ് 27 നു ഐറിന ഗുലിയേവ ( Irina Gulyaeva ) യെ ശക്തി ബസ് സ്റ്റേഷൻ ( Shakhty bus station ) സമീപത്തുള്ള ഒരു മരക്കൂട്ടത്തിനിടയിൽ വച്ച് കൊലപ്പെടുത്തി.
Irina Gulyaeva
1985 നവംബറിൽ ഇസ കോസ്റ്റോയേവ് ( Issa Kostoyev ) ഇൻവെസ്ടിഗേഷന്റെ ചാർജ് ഏറ്റെടുത്തു. റോസ്റ്റൊവിലും പരിസരത്തുമുള്ള അറിയപ്പെടുന്ന എല്ലാ കൊലയാളികളും വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. പോലീസ് ഡോ. അലക്സാണ്ടർ ബുഖാനോവ്സ്കി ( Dr. Alexandr Bukhanovsky ) എന്ന മനശാസ്ത്രജ്ഞന്റെ സഹായം തേടി. സോവിയറ്റ് യൂണിയനിൽ ഒരു സീരിയൽ കില്ലറെ പിടിക്കാൻ ആദ്യമായുള്ള ഒരു സംഭവമായിരുന്നു അത്. ഡോ. അലക്സാണ്ടർ ബുഖാനോവ്സ്കി അജ്ഞാതനായ ആ കൊലയാളിയെക്കുറിച്ച് 65 പേജുള്ള ഒരു സൈക്കോളജിക്കൽ പ്രൊഫൈൽ തയ്യാറാക്കി. കൊലയാളി 45 നും 50 നും ഇടയിൽ പ്രായമുള്ളയാളും, ഒരു സാഡിസ്റ്റും, ഇരയുടെ കഷ്ട്ടപ്പാടുകൾ കണ്ട് ലൈംഗിക സംതൃപ്തി നേടുന്നയാളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊലയാളിയുടെ ജോലി യാത്രയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ആന്ദ്രേ ചിക്കാട്ടിലോ ആ സമയത്ത് കൊലയാളിയെ പിടിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെപറ്റി ശ്രദ്ധാപൂർവ്വം പത്രങ്ങളിൽ നിന്നും പഠിച്ചു കൊണ്ടിരുന്നു. ആന്ദ്രേ വീണ്ടും കൊലപാതക പരമ്പര തുടർന്നു.
1990 മാർച്ച് 7 നു 10 വയസ്സുള്ള യാരോസ്ലാവ് മകരോവ് Yaroslav Makarov എന്ന ആൺകുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി റോസ്തോവ് സ്റ്റേഷന്റെ സമീപത്തുള്ള റോസ്തോവ് ബൊട്ടാണിക്കൽ ഗാർഡൻസിൽ വച്ച് കൊലപ്പെടുത്തി.
1990 ഏപ്രിൽ 4 നു 31 വയസ്സുള്ള ല്യൂബോവ് സുയേവ ( Lyubov Zuyeva ) എന്ന സ്ത്രീയെ ആന്ദ്രേ പ്രലോഭിപ്പിച്ച് ശക്തിയിലുള്ള ഡോൺലെസ്ഖോസ് സ്റ്റേഷൻ ( Donleskhoz station ) നു സമീപമുള്ള വനപ്രദേശത്തു വച്ച് കൊന്നു ( പക്ഷെ മൃതദേഹം കണ്ടെത്തിയത് ആഗസ്റ്റ് 24 നു ആണ്.)
1990 ജൂലൈ 28 റോസ്തോവ് ബൊട്ടാണിക്കൽ ഗാർഡൻസിൽ വച്ച് 13 വയസ്സുള്ള വിക്ടർ പെട്രോവ് ( Viktor Petrov ) എന്ന ആൺകുട്ടി കൊല്ലപ്പെട്ടു. മകാരോവ് കൊല്ലപ്പെട്ടതിനു കുറച്ചകലെയാണ് പെട്രോവിന്റെ മൃതദേഹം കണ്ടത്.
1990 ഓഗസ്റ്റ് 14 നു ഇവാൻ ഫോമിൻ ( Ivan Fomin ) എന്ന 11 വയസ്സുള്ള ആൺകുട്ടി നോവോചെർകാസ്ക് മുനിസിപ്പൽ ബീച്ചിൽ (Novocherkassk municipal beach ) കൊല്ലപ്പെട്ടു ( 17 ഓഗസ്റ്റ് നു മൃതദേഹം കണ്ടെടുത്തു )
1990 October 17 നു മാനസികാസ്വാസ്ത്യമുള്ള വാഡിം ഗ്രോമോവ് ( Vadim Gromov 16 വയസ് , വിദ്യാർഥി ) ശക്തിയിൽ നിന്ന് ടാഗൻറോഗ് ( Taganrog ) ലേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ കാണാതായി.
റെയിൽവേ സ്റ്റേഷനോടനുബന്ധിച്ച് ആണ് കൂടുതൽ കൊലപാതകങ്ങൾ എന്ന് കണ്ട് അന്വേഷണ ഡിപ്പാർട്ട്മെന്റ് റോസ്റ്റോവ് ഒബ്ലാസ്റ്റിലെ വിവിധ സ്റ്റേഷനുകളിൽ 360 പോലീസുകാരെ സിവിൽ ഡ്രെസ്സിൽ നിയോഗിച്ചു. പ്രത്യേകിച്ചും കിർപിച്നയ ( Kirpichnaya ), ഡോൺലെസ്ഖോസ് ( Donleskhoz ), ലെസോസ്റ്റെപ്പ് ( Lesostep ) എന്നീ തിരക്കുള്ള മൂന്നു സ്റ്റേഷനുകളിൽ.
ഒരു കുട്ടിയോടോ പെൺകുട്ടിയോടോ ഒപ്പം കാണുന്ന ഏതു പുരുഷനെയും ചോദ്യം ചെയ്യാനും അവരുടെ പേരും പാസ്പോർട്ട് നമ്പരും രേഖപ്പെടുത്താനുമുള്ള നിർദ്ദേശം അന്വേഷണ ഉധ്യോഗസ്ഥനായ വിക്ടർ ബുക്കാരോവ് കൊടുത്തു. 1990 ഒക്ടോബർ 27 നു അത് പ്രാബല്യത്തിൽ വന്നു.
ഒക്ടോബർ 30 നു പോലീസ് മാനസികാസ്വാസ്ത്യമുള്ള വാഡിം ഗ്രോമോവിന്റെ ശരീരം ഡോൺലെസ്ഖോസ് ( Donleskhoz ) സ്റ്റേഷനിൽ നിന്നും കണ്ടെത്തി. വാഡിമിന്റെ കഴുത്ത് ഞെരിച്ചിരുന്നു. 27 കുത്തുകൾ ഏറ്റിരുന്നു. വൃഷണങ്ങളും നാക്കിന്റെ അറ്റവും മുറിച്ചുമാറ്റിയിരുന്നു, ഇടതു കണ്ണിൽ കുത്ത് ഏറ്റിരുന്നു. അതെ ദിവസം തന്നെ ( 1990 October 30 ) കിർപിച്നയ സ്റ്റേഷനിൽ നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് വിക്ടർ ടിഷ്ചെങ്കോ ( Viktor Tishchenko – 16 വയസ് ) യെ പ്രലോഭിപ്പിച്ച്കൊണ്ടുപോയി സമീപത്തുള്ള ഒരു വനത്തിൽ വച്ചു കൊന്നു. വിക്ടർ ജീവനുവേണ്ടി ആന്ദ്രേയോടു നന്നായി പൊരുതി, വിരൽ കടിച്ചു പറിച്ചിരുന്നു. വിക്ടറിന്റെ ശരീരത്തിൽ 40 മുറിവുകൾ ഉണ്ടായിരുന്നു.
1990 നവംബർ 6 നു സ്വെറ്റ്‌ലാന കൊറോസ്റ്റിക് ( Svetlana Korostik ) എന്ന 22 കാരിയെ ഡോൺലെസ്ഖോസ് സ്റ്റേഷൻനു സമീപമുള്ള വനത്തിൽ വച്ചു ആന്ദ്രേ കൊലപ്പെടുത്തി. എന്നാൽ ക്രൈം സീനിൽ നിന്ന് പോയ ആന്ദ്രേ ഒരു കിണറിനു സമീപം കൈയും മുഖവും കഴുകുന്നത് ഒരു അണ്ടർ കവർ ഓഫീസർ കണ്ടു. ആന്ദ്രേയുടെ കോട്ട് പുല്ലും ചെളിയും പറ്റി വൃത്തികേടായിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു.
ആന്ദ്രേയുടെ താടിയിൽ ഒരു ചുവന്ന അടയാളം ഓഫീസർ കണ്ടു. ഒഫീസറിനു സംശയം തോന്നി. ആ സമയത്ത് കാട്ടു കൂണുകൾ ശേഖരിക്കാനാണ് സാധാരണയായി ആൾക്കാർ കാട്ടിൽ കയറിയിരുന്നത്. എന്നാൽ ആന്ദ്രേയുടെ വസ്ത്രധാരണ രീതി അതിനോട് യോജിക്കുന്നതായിരുന്നില്ല. തന്നെയുമല്ല ആന്ദ്രേയുടെ കൈയ്യിൽ കണ്ട നൈലോണ് സ്പോർട്സ് ബാഗ് കൂണ് ശേഖരിക്കാൻ യോജിച്ചതുമായിരുന്നില്ല. ആ പോലീസുകാരൻ ആന്ദ്രേയേ ചോദ്യം ചെയ്തു. ആന്ദ്രേയുടെ പേപ്പറുകൾ പരിശോധിച്ചു. എന്നാൽ ആന്ദ്രേയേ അറസ്റ്റ് ചെയ്യാനുള്ള ഒന്നും കണ്ടില്ല. ഓഫീസിൽ തിരിച്ചെത്തിയ ഓഫീസർ പതിവുപോലെ സ്റ്റേഷനിൽ വച്ച് കണ്ട ആന്ദ്രേയേ പറ്റി ഒരു റിപ്പോർട്ട് കൊടുത്തു.
നവംബർ 13 നു സ്വെറ്റ്‌ലാന കൊറോസ്റ്റിക് ( Svetlana Korostik ) യുടെ മൃതശരീരം പോലീസ് കണ്ടെത്തി. പോലീസിന്റെ കണ്ടെത്തലിൽ അവർ തിരയുന്ന കൊലയാളിയുടെ 36 മത് കൊലപാതകമായിരുന്നു അത്.
1987 ലെ ഒരു സസ്പെറ്റ് ലിസ്റ്റിൽ ആന്ദ്രേയുമുണ്ടായിരുന്നു. ആന്ദ്രേയുടെ നിലവിലെ ജോലിയും മുമ്പുണ്ടായിരുന്ന ജോലിയുമേതെന്നു പോലീസ് അന്വേഷിച്ചു.
പല കൊലപാതകങ്ങൾ നടന്ന സ്ഥലത്തും ആന്ദ്രേയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നു പോലീസ് കണ്ടെത്തി. ആന്ദ്രേ പഠിപ്പിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ മറ്റുള്ളവരുടെ നേർക്കുള്ള ലൈംഗിക ആക്രമണത്തിന്റെ പേരിൽ നിർബന്ധിതമായി പുറത്താക്കപ്പെടുകയായിരുന്നുവെന്നു സഹപ്രവർത്തകർ മൊഴികൊടുത്തു.

നവംബർ 14 നു ആന്ദ്രേ പോലീസ് നിരീക്ഷണത്തിലായി. പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ ആന്ദ്രേ പെട്ടു. പല അവസരങ്ങളിലും പലയിടത്തും പ്രത്യേകിച്ചും ട്രെയിനിലും ബസ്സിലും ആന്ദ്രേ ഒറ്റപ്പെട്ട കുട്ടികളും സ്ത്രീകളുമായി സംഭാക്ഷണത്തിൽ ഏർപ്പെടുന്നത് പോലീസ് ശ്രദ്ധിച്ചു.
6 ദിവസത്തിനു ശേഷം ആന്ദ്രേ ഒരു വലിയ ജാറുമായി വീട് വിട്ട് ഇറങ്ങി.
തന്റെ ഇരയെ കാത്ത് നോവോചെർകാസ്ക് ( Novocherkassk ) പാർക്കിനു സമീപം അലഞ്ഞുതിരിഞ്ഞു, കുട്ടികളുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പോലീസ് തന്റെ പുറകെ ഉണ്ടെന്ന് ആന്ദ്രേ മനസ്സിലാക്കിയില്ല. പിന്നീട് ഒരു കിയോസ്കിൽ നിന്നും ജാറിൽ ബിയർ നിറച്ചു. തന്റെ വേട്ട ആന്ദ്രേ തുടർന്നു. ഒരു കഫെയിൽ നിന്നിറങ്ങുമ്പോൾ സാധാരണ വസ്ത്രങ്ങൾ ധരിച്ച നാലുപേർ ആന്ദ്രേയേ വളഞ്ഞു. അവർ ആന്ദ്രേയേ കൊലപാതകങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തു.
ഈ കൊലപാതക പരമ്പരയുടെ പേരിൽ 1984 ൽ തന്നെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസിനു തെറ്റ് പറ്റിയതാണെന്നും ആന്ദ്രേ പറഞ്ഞു !!.
ആന്ദ്രേയുടെ വിരലിൽ കണ്ട മുറിവ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ ആ മുറിവ് ആരോ കടിച്ചതാണെന്നു മെഡിക്കൽ എക്സാമിനർ മൊഴി കൊടുത്തു ( വിക്ടർ ജീവനുവേണ്ടി ആന്ദ്രേയോടു നന്നായി പൊരുതി വിരൽ കടിച്ചു പറിച്ചിരുന്നു.).





ആന്ദ്രേ ആ മുറിവിനു ചികിത്സ തേടിയിരുന്നില്ല. പോലീസ് ആന്ദ്രേയുടെ വസ്തുവകകൾ പരിശോധിച്ച് ഒരു മടക്കു പിച്ചാത്തിയും രണ്ട് മുഴം കയറും കണ്ടെത്തി.
ആന്ദ്രേയുടെ രക്തത്തിന്റെ സാമ്പിൾ പോലീസ് എടുത്തു. ഒരു പോലീസുകാരനോടൊപ്പം റോസ്റ്റൊവിലെ KGB ഹെഡ് ക്വാർറ്റെഴ്സിൽ ഒരു സെല്ലിൽ ആന്ദ്രേയേ എത്തിച്ചു.
പിറ്റേ ദിവസം നവംബർ 21 നു സ്പെഷൽ പ്രോസിക്യൂട്ടരായ ഇസ കോസ്റ്റോയേവ് ( Issa Kostoyev ) ന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടങ്ങി. അവർ ബുദ്ധിപൂർവ്വം ഒരു പദ്ധതി ഒരുക്കിയിരുന്നു.
മെഡിക്കൽ പരിരക്ഷ ആവശ്യമുള്ള ഒരു രോഗിയാണ് ആന്ദ്രേയെന്നും ഒരു കുറ്റസമ്മതം ആവശ്യമാണെന്നും അവർ ധരിപ്പിച്ചു. ഒരു മാനസിക രോഗിയായതുകൊണ്ട് കുറ്റസമ്മതം നടത്തിയാൽ പ്രൊസിക്ക്യൂട്ട് ചെയ്യാൻ സാധിക്കുകയില്ല എന്ന് ആന്ദ്രേയേ അവർ വിശ്വസിപ്പിച്ചു. പോലീസിനറിയാമായിരുന്നു ആന്ദ്രേക്ക് എതിരെ സാഹചര്യതെളിവ് മാത്രമേയുള്ളുവെന്ന്. സോവിയറ്റ് നിയമമനുസരിച്ച് സംശയിക്കപ്പെടുന്നയാളെ 10 ദിവസം മാത്രമേ കസ്റ്റടിയിൽ വയ്ക്കാൻ പറ്റുകയുള്ളു. അല്ലെങ്കിൽ അയാളെ റിലീസ് ചെയ്യേണ്ടിവരും. അതിനു മുൻപ് ആന്ദ്രേയുടെ വെളിപ്പെടുത്തലുകൾ ഉണ്ടായാൽ അതിൽ നിന്നും തെളിവുകൾ ലഭിക്കും.

ആന്ദ്രേയുടെ ബ്ലഡ് സാമ്പിൾ പരിശോധനയിൽ അത് TYPE A ആണെന്ന് കണ്ടെത്തി. എന്നാൽ ക്രൈം സീനിൽ നിന്ന് കണ്ടെടുത്ത ശുക്ലത്തിന്റെ ഉടമ TYPE AB ആണെന്ന് കണ്ട് പോലീസ് വിഷമിച്ചു !!.
പോലീസ് ആന്ദ്രേയിൽ നിന്ന് വീണ്ടും ശുക്ലത്തിന്റെ സാമ്പിൾ എടുത്തു പരിശോധനക്ക് അയച്ചു. അത് TYPE AB ആണെന്ന് തെളിഞ്ഞു!!. എന്നാൽ ആന്ദ്രേയുടെ രക്തവും ഉമിനീരുംTYPE A ആയിരുന്നു!! ( 1988 ൽ അന്വേഷണ ഉദ്യോഗസ്തർക്ക് ഒരു സർക്കുലർ കിട്ടിയിരുന്നു. അപൂർവ്വമായി ചില കേസുകളിൽ ഒരു മനുഷ്യന്റെ രക്ത ഗ്രൂപ്പും ശുക്ലവും ഉമ്മിനീരും വ്യത്യസ്തമായിരിക്കും എന്നായിരുന്നു അത് ) ചോദ്യത്തിലുടനീളം ആന്ദ്രേ കൊലപാതകത്തിലുള്ള തന്റെ പങ്ക് നിക്ഷേധിച്ചു.



ബുറാക്കോവും ( Burakov ), ഫെറ്റിസോവും ( Fetisov ) ഡോ. അലക്സാണ്ടർ ബുഖാനോവ്സ്കിയുടെ സഹായം തേടി.
നവംബർ 29 നു 1985 ൽ കൊലയാളിയെ പിടിക്കാൻ താനെഴുതിയ സൈക്കോളജിക്കൽ പ്രൊഫൈലുമായി ശാസ്ത്രജ്ഞനായ ഡോ. അലക്സാണ്ടർ ബുഖാനോവ്സ്കി വന്നു.
ആന്ദ്രേയോടു തന്റെ സൈക്കോളജിക്കൽ പ്രൊഫൈലിലെ ചില കാര്യങ്ങൾ ഡോ. അലക്സാണ്ടർ ബുഖാനോവ്സ്കി പറഞ്ഞു. ആന്ദ്രേ രണ്ടു മണിക്കൂറിനുള്ളിൽ കുറ്റസമ്മതത്തിനു തയ്യാറായി!!. ആന്ദ്രേ കുറ്റസമ്മതത്തിനു തയ്യാറാണെന്ന് ബുറാക്കോവിനോടും, ഫെറ്റിസോവിനോടും ഡോ. അലക്സാണ്ടർ ബുഖാനോവ്സ്കി റിപ്പോർട്ട് ചെയ്തു.
ആന്ദ്രേ താൻ ചെയ്ത കൊലപാതകങ്ങളെ പറ്റി വിശധമായ വിവരണങ്ങൾ നല്കി.











1982 ജൂണിനും 1990 നവംബറിനുമിടയിലുള്ള 34 കൊലപാതകങ്ങളുടെ കുറ്റസമ്മതം ഏറ്റെടുത്തു.
1991 ആഗസ്റ്റ് 20 നു ആന്ദ്രേയേ മോസ്കൊയിലുള്ള സെർബ്സ്കി ഇൻസ്റ്റിറ്റ്യൂട്ട് ( Serbsky Institute ) ലേക്ക് മാനസികമായി ഒരു വിചാരണ നേടുവാനുള്ള കഴിവുണ്ടോയെന്നറിയാൻ 60 ദിവസത്തെ മാനാസികാപഗ്രഥനത്തിനു അയച്ചു. സാഡിസ്റ്റിക് സവിശേഷതകളുള്ള ബോർഡർലൈൻ വ്യക്തിത്വ വൈകല്യം ( Borderline personality disorder with Sadistic features ) കൊണ്ട് ആന്ദ്രേ കഷ്ടപ്പെടുന്നുണ്ടെന്നും എന്നാൽ നിയമപരമായി ഒരു വിചാരണ നേരിടാൻ ആന്ദ്രേ ശക്തനാണെന്നും സീനിയർ സൈക്യാട്രിസ്റ്റ്, ഡോ. ആന്ദ്രേ തകചെങ്കോ ( Senior Psychiatrist Dr. Andrei Tkachenko ) അറിയിച്ചു.
1992 ഏപ്രിൽ 14 നു റോസ്റ്റൊവിൽ ആന്ദ്രേ ചിക്കാട്ടിലോ വിചാരണക്ക് വിധേയനായി.
15 ഒക്ടോബർ പ്രവിശ്യാ കോടതി ജഡ്ജി ലിയോണിഡ് അകുബ്ജനോവ് ( Provincial Court Judge Leonid Akubzhanov ) ആന്ദ്രേയേ വധശിക്ഷക്ക് വിധിച്ചു.

ആന്ദ്രേ ഒരു ദയാഹർജി സമർപ്പിച്ചെങ്കിലും 1994 ജനുവരി 4 നു റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസിൻ അത് നിരസിച്ചു.
1994 ഫെബ്രുവരി 14 നു നോവോചെർകാസ്ക് ജയിൽ ( Novocherkassk prison ) ലെ ഒരു സൌണ്ട് പ്രൂഫ് റൂമിലേക്ക് ആന്ദ്രേയേ മാറ്റി. ചെവിയുടെ പുറകിൽ വലതു ഭാഗത്ത് ഒറ്റ ഒരു വെടിവയ്പ്പോടെ അയാളെ വധിച്ചു. അങ്ങനെ റോസ്റ്റോവ് റിപ്പർ എന്ന ആന്ദ്രേ ചിക്കാട്ടിലോയുടെ കഥ കഴിഞ്ഞു.
ഏകദേശം 53 പേരെ ആന്ദ്രേ ചിക്കാട്ടിലോ കാലപുരിക്ക് അയച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ആന്ദ്രേ ഇരകളുടെ മാംസം ഭക്ഷിച്ചിരുന്നു !!.
ആന്ദ്രേ ചിക്കട്ടിലോ ഒരു നോൺ സീക്രട്ടർ ആണെന്ന് കരുതുന്നു.
( A “Non-secretor” is someone, who through their own genetics, carries a gene which inhibits them from secreting their ABO blood type in their secretions. By secretions we mean saliva, semen, etc. Eighty-five percent of the population are secretors, so non-secretors are in a minority )
അതുകൊണ്ടാണ് പോലീസിനു ആന്ദ്രേ ചിക്കാടിലോയെ നേരത്തെ കണ്ടെത്താൻ കഴിയാതിരുന്നത്. ആന്ദ്രേയേ പറ്റി മുഴുവൻ കാര്യങ്ങൾ എഴുതണമെങ്കിൽ ഇവിടെയെങ്ങും നില്ക്കുകയില്ല. ഇതൊരു രത്നച്ചുരുക്കമാണ്.