Baker Street Robbery
എഴുപതുകളുടെ തുടക്കത്തിൽ ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലുണ്ടായ ഒരു ബാങ്ക് കവർച്ച സമാനതകളില്ലാത്ത ഒരു കവർച്ചയാണ്.
വളരെ ബുദ്ധിപരമായി കവർച്ചക്കാർ പദ്ധതി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്തെങ്കിലും അതേ അളവിൽ മണ്ടത്തരവും കാണിച്ചു എന്നതാണ് ഈ കേസിന്റെ ഒരു പ്രത്യേകത.
പല ഗൂഢാലോചന സിദ്ധാന്തങ്ങളും ഈ കേസിനെ ചുറ്റി പറ്റി ഉണ്ട്. അതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബുദ്ധിപരമായ നീക്കങ്ങൾ, പ്ലാനുകൾ, പദ്ധതികൾ എല്ലാം ആയിരുന്നു ഈ കവർച്ചയുടെ മുഖ്യ ആകർഷണം. അതും ഇത്തരം കവർച്ചകൾ കേട്ടു കേൾവി പോലും ഇല്ലാത്ത എഴുപതുകളിൽ!!!
ബേക്കർ സ്ട്രീറ്റ് … കവർച്ച എന്നൊക്കെ വേറെ എവിടെയോ വായിച്ച പോലെ തോന്നുന്നുണ്ടോ?
ശരിയാണ്. ഷെർലോക് ഹോംസിന്റെ കഥകൾ മിക്കതും ബേക്കർ സ്ട്രീറ്റിലാണ് നടക്കുന്നത്. ഈ കവർച്ചക്കും അതുമായി ഒരു ബന്ധമുണ്ട്. ഷെർലോക് ഹോംസിന്റെ പ്രസിദ്ധമായ “ദി റെഡ് ഹെഡഡ് ലീഗ് ” എന്ന കുറ്റാന്വേഷണ കഥയിൽ ബാങ്കിലേക്ക് ടണൽ തുരന്നു കൊള്ള നടത്തുന്നതിനെ പറ്റി പറയുന്നുണ്ട്. ഈ കവർച്ചയിൽ അവർ ഈ മാർഗ്ഗമാണ് തിരഞ്ഞെടുത്തത്.
ഇതിന്റെ പ്രധാന സൂത്രധാരൻ വടക്കേ ലണ്ടനിൽ താമസമുണ്ടായിരുന്ന ടോണി ഗവിൻ എന്ന ഒരു ഫോട്ടോഗ്രാഫർ ആയിരുന്നു. വലിയൊരു ക്രിമിനൽ ഒന്നും അല്ലെങ്കിലും ലഹരി മരുന്ന് വില്പനയുമായി ബന്ധപ്പെട്ട ഒന്ന് രണ്ടു കേസുകൾ മാത്രമാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം. എന്നിരുന്നാലും ബേക്കർ സ്ട്രീറ്റിലെ ലോയിഡ് ബാങ്ക് അയാൾ കുറച്ച് നാളായി നിരീക്ഷിച്ചു വരികയായിരുന്നു. അതിനടുത്തു ഒരു ചിക്കൻ ഇൻ എന്ന ഒരു ഭക്ഷണശാലയും, അതിനപ്പുറത്തു ഒരു ലെതർ കടയും ഉണ്ടായിരുന്നു.

ഈ ഉദ്യമത്തിന് താനൊറ്റക്ക് ശ്രമിച്ചാൽ പറ്റില്ലെന്ന് ഗവിനു അറിയാമായിരുന്നു. അതിനാൽ അയാൾ തന്റെ സുഹൃത്ത് റെഗ് ടെക്കർ എന്നയാളെ കൂടി ഇതിൽ പങ്കാളിയാക്കി. അയാൾക്ക് ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത ഒരാളായിരുന്നു. അതിനാൽ അയാളോട് ഈ ലോയിഡ് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങുവാൻ ഗവിൻ നിർദ്ദേശിച്ചു. അയാൾ അക്കൗണ്ട് തുങ്ങുകയും അടുത്ത ആഴ്ച തന്നെ വാൾട്ടിൽ ഒരു സേഫ് ലോക്കർ എടുക്കുകയും ചെയ്തു.
ഈ ബാങ്കിന്റെ പ്രത്യേകത, ഇവരുടെ സേഫ് ഡെപ്പോസിറ്റ് ലോക്കറിൽ പല ഉന്നതന്മാരുടെയും പല രഹസ്യ ഫയലുകളും, കള്ളപ്പണവും മറ്റ് പല രഹസ്യ വസ്തുക്കളും സൂക്ഷിച്ചിരുന്നു എന്നതാണ്. പലതും നിയമപരമല്ലാത്തതു കൊണ്ട് അവിടെനിന്നു കളവുപോയാലും അവർ പോലീസിൽ പരാതിപ്പെടില്ല. ഇത് ഗവിനും കൂട്ടാളികൾക്കും നല്ല ബോധ്യമുണ്ടായിരുന്നു.
റെഗ് ടെക്കർ ഏതാണ്ട് പതിമൂന്നു പ്രാവശ്യം ബാങ്കിൽ ഈ വോൾട്ടിൽ വരികയും സേഫ് ഡെപ്പോസിറ്റ് ഉപയോഗിക്കാൻ എന്ന വ്യാജേന അവിടെ തനിയെ നിൽക്കുകയും, വാൾട്ടിന്റെ വീതിയും, നീളവും കയ്യിലുള്ള കുട ഉപയോഗിച്ചും, കുട ഇല്ലാത്തപ്പോൾ കൈത്തണ്ട ഉപയോഗിച്ചും അളന്നു. വാൾട്ടിന്റെ താഴെ ഇട്ടിരിക്കുന്ന ടൈലുകൾ അളക്കുകയും എത്ര ടൈലുകൾ എന്നെല്ലാം അളന്നെടുക്കുകയും ചെയ്തു.
പിന്നീടുള്ള കവർച്ചക്ക് ഈ അളവുകൾ ഏറെ സഹായിച്ചു. പിന്നീട് ഇയാളുടെ ലേ ഔട്ട് വളരെ പെർഫെക്ട് ആയിരുന്നുവെന്ന് കോടതി വരെ സ്ഥിതീകരിച്ചു. കള്ളന്മാരാണെങ്കിലും അവരുടെ ക്ഷമയും, സ്ഥിരോത്സാഹവും പ്രശംസനീയം തന്നെയാണ്. ഇത്തരം അളവുകൾ എടുക്കുന്നതിനു തന്നെ ഏകദേശം രണ്ടു മാസമെടുത്തു.
ഇനിയും ആളുകൾ ഈ കവർച്ചക്ക് ആവശ്യമാണെന്ന് ഗവിനു തോന്നുകയും ആയുധങ്ങൾക്കായി ഒരു സെക്കന്റ് ഹാൻഡ് കാർ ഡീലർ ആയ തോമസ് സ്റ്റീഫനെ കൂടി ഇതിൽ പങ്കാളിയാക്കി.
100ടൺ ഭാരം താങ്ങാവുന്ന ജാക്ക് അടക്കം ലോഹം ഉരുക്കാൻ ഉപയോഗിക്കുന്ന തെർമൽ ലാൻസ് വരെ ഇയാളിൽ നിന്നാണ് ഗവിനു കിട്ടിയത്. ഇവരെ മൂന്നാളെ കൂടാതെ ഇനിയും പങ്കാളികൾ ഈ കവർച്ചയിൽ പങ്കെടുത്തു.
ഒരു ബാങ്ക് കവർച്ചക്ക് ആവശ്യമുള്ള ചേരുവകൾ എല്ലാം തികഞ്ഞ ഒരു പെർഫെക്ട് ക്രൈം തന്നെയായിരുന്നു ഇത്. ഒരു സ്ഫോടന വിദഗ്ധൻ, ഒരു അലാറം വിദഗ്ധൻ പിന്നെയും അറിയപ്പെടാത്ത രണ്ടു പേർ എല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു.
രണ്ടു പേരെ കണ്ടു പിടിക്കാനേ സാധിച്ചിട്ടില്ല. അതിലൊരാൾ സ്ത്രീയാണെന്നു പറയപ്പെടുന്നു.
വിവിധ ക്രിമിനൽ ഗാംഗുകളുമായി ബന്ധമുള്ള ബെഞ്ചമിൻ വുൾഫ് എന്ന ഒരു കടയുടമയെയും ഗവിൻ ഇവരുടെ ഗാങ്ങിലേക്ക് ചേർത്തു. ഈ ബെഞ്ചമിന്റെ പേരിലായി ബാങ്കിനടുത്തുള്ള ലെതെർ കട ലീസിന് എടുത്തു. അതിന്റെ ബേസ്‌മെന്റ് ഉൾപ്പെടെയാണ് എടുത്തത്. പിന്നീട് ഈ ഗാങ് മൊത്തം ഇങ്ങോട്ട് താമസം മാറ്റി.
രാത്രിയിൽ എല്ലാ കടകളും അടച്ചതിനു ശേഷം രാത്രിയിൽ ബാങ്കിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ലെതെർ കടയുടെ ബേസ്‌മെന്റിൽ നിന്നും കുഴിക്കൽ തുടങ്ങി. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ബാങ്കിന് അവധിയാണ്. പക്ഷേ അടുത്തുള്ള റെസ്റ്ററന്റിന് ഞായറാഴ്ച മാത്രമേ അവധിയുള്ളൂ. അതിനാൽ ഞായറാഴ്ചയാണ് പ്രധാനമായും തുരങ്ക നിർമ്മാണം.
ഗവിൻ തന്നെയാണ് ഈ പണി ചെയ്തിരുന്നത്. ഏതാണ്ട് മൂന്ന് മാസത്തോളം ഈ പണിക്കു മാത്രം വേണ്ടി വന്നു. ചിക്കൻ റെസ്റ്റോറന്റിന്റെ താഴെ എത്തിയപ്പോൾ തുരങ്കം താഴേക്കു കുഴിച്ചു. പിന്നീട് ഈ റെസ്റ്റോറന്റിന്റെ ബേസ്‌മെന്റ് മേൽക്കൂരയാക്കിയാണ് ബാക്കി തുരങ്കം പണിതത്. ഇതിന്റെ ഗുണം എന്താണെന്നു വച്ചാൽ ഈ തുരങ്ക നിർമ്മാണത്തിൽ മണ്ണിടിച്ചിൽ പതിവാണ് എന്നാൽ ബേസ്മെന്റ് മേൽക്കൂരയാക്കിയാൽ ഇതൊഴിവാക്കാം. അതിനാൽ കുറെ സ്റ്റെപ്പുകൾ താഴേക്കു പണിതാണ് തുരങ്കം ബാക്കി നിർമ്മാണം.
ഈ കേസ് കോടതിയിൽ എത്തിയപ്പോൾ കോടതി ഇതിന്റെ നിർമ്മാണ മികവിനെ അഭിനന്ദിക്കാനും മറന്നില്ല. യാതൊരു മുൻപരിചയമില്ലാഞ്ഞിട്ടും ഇത്തരമൊരു നിർമ്മാണം അത്ഭുതം തന്നെ എന്നാണ് കോടതി നിരീക്ഷിച്ചത്.
ഇതിനിടെ സംഘത്തിൽ നാല് പേർ കൂടി ചേർന്നിരുന്നു. അതിൽ മൂന്നാളെ പറ്റി യാതൊരു അറിവുകളും ഇത് വരെ ഉണ്ടായിട്ടില്ല. മൂന്ന് മില്യൺ പൗണ്ടിന്റെ കവർച്ച എന്നാണ് പോലീസ് പറയുന്നത്. അതിന്റെ പങ്കു പറ്റി ഈ മൂന്നാളുകൾ എവിടെയോ സുഖമായി ജീവിച്ചിരുന്നിരിക്കണം.
തുരങ്ക നിർമാണത്തിനിടയിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അങ്ങിനെ ഉണ്ടായാൽ അറിയിക്കാൻ സംഘത്തിലെ ഒരാളെ വാക്കി ടോക്കി യുമായി അടുത്തുള്ളൊരു കെട്ടിടത്തിന്റെ മുകളിൽ നിർത്തിയിട്ടുണ്ടായിരുന്നു.
ആ ആൾ പരിസരം വീക്ഷിച്ചു വേണ്റോബർട്ട് നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു.
ബാങ്കിന്റെ 800 മീറ്റർ പരിധിയിൽ ഒരാൾ താമസിച്ചിരുന്നു; റോബർട്ട് റോ ലാൻഡ്സ് എന്ന ഇയാളുടെ മെയിൻ ഹോബി റേഡിയോ തരംഗങ്ങൾ പിടിച്ചു ഡി കോഡ് ചെയ്തു കേൾക്കുന്നതായിരുന്നു. അങ്ങിനെ ചെയ്യുന്നതിനിടയിൽ അയാൾ ഇവരുടെ വാക്കി ടോക്കി സംഭാഷണം കേൾക്കാൻ ഇടയായി. ഉടനെ തന്നെ അയാൾ പോലീസിൽ വിവരമറിയിച്ചു.

എന്നാൽ പോലീസ് അത് വെറും പ്രഹസനം പോലെയാണ് കരുതിയത്. കാരണം ഇത്തരം റേഡിയോ തരംഗങ്ങൾ ഡി കോഡ് ചെയ്യാൻ ലൈസൻസ് ആവശ്യമാണ്. ഇയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. അതിനാൽ അവർ അത് കാര്യമായി എടുത്തില്ല എന്ന് മാത്രമല്ല പിന്നീട് ഇയാൾക്ക് ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ ശിക്ഷയും കിട്ടി.
എന്നിരുന്നാലും അടുത്ത തവണ അത് റെക്കോർഡ് ചെയ്യാൻ അവർ ഉപദേശിച്ചു. അയാൾ അതുപോലെ ചെയ്തു. ഇപ്രാവശ്യം അയാൾ നേരിട്ടു സ്കോട്ലൻഡ് യാർഡ് നെ തന്നെ അറിയിച്ചു. അവർ വന്നു നോക്കിയപ്പോൾ അടുത്തെവിടെയോ ഒരു ബാങ്ക് കൊള്ള നടക്കാൻ പോകുന്നതിന്റെ വ്യക്തമായ സൂചന അവർക്കു കിട്ടി.
എന്നാൽ അവരുടെ ആദ്യത്തെ തെറ്റ് അവിടെ തുടങ്ങി.
ചുറ്റുമുള്ള പ്രദേശങ്ങളിലായി 750 ബാങ്കുകൾ ഉണ്ടായിരുന്നു.
ഓരോ ബാങ്കിലും ഇവർ പരിശോധനകൾ തുടങ്ങി. ഈ റോബർട്ട് എന്ന ആൾക്ക് 800 മീറ്റർ അകലത്തിലെ റേഡിയോ തരംഗങ്ങൾ മാത്രമേ പിടിക്കാൻ പറ്റുകയുള്ളൂ.
എന്നാൽ അതറിയാതെ സ്കോട്ലൻഡ് യാർഡ് തിരച്ചിൽ തുടങ്ങി. ദിവസങ്ങളോളം അവർ അവിടെയുള്ള ബാങ്കുകളിലെല്ലാം അന്വേഷണം നടത്തി.
ഇതിനിടെ തുരങ്കം ബാങ്കിന്റെ വാൾട്ടിനു കീഴെ എത്തി. എന്നാൽ അതിന്റെ ഫ്ലോർ നല്ല കട്ടിയുള്ള കോൺക്രീറ്റ് ആയിരുന്നു അതിനാൽ ഒരു സ്‌ഫോടനത്തിലൂടെയല്ലാതെ അത് പൊളിക്കാൻ കഴിയുമായിരുന്നില്ല.
അങ്ങിനെ ഒരു ഞായറാഴ്ച അവർ അതും ചെയ്തു.
എന്നാൽ തീയും പുകയും കാരണം അവർക്കു പുറത്തേക്കു ഇറങ്ങി ഓടേണ്ടി വന്നു.
പിന്നീട് അവർ തറ തുരന്നു അകത്തു കയറി.
സേഫ് ഡെപ്പോസിറ്റുകൾ ഓരോന്നായി പൊളിച്ചു കവർച്ച ചെയ്തു. ഈ പ്രക്രിയ തകൃതിയായി നടന്നു കൊണ്ടിരിക്കുമ്പോൾ അവിടേക്കു പോലീസ് എത്തി.

എല്ലാ ബാങ്കുകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അവർ എത്തിയത്. വോൾട്ടിന്റെ വാതിൽക്കൽ എത്തിയപ്പോൾ കവർച്ചയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. മാത്രമല്ല ടൈം ലോക്ക് ചെയ്തിരിക്കുന്നതുകൊണ്ട് വെള്ളിയാഴ്ച പൂട്ടിയാൽ തികളാഴ്ചയെ അത് തുറക്കാനാകൂ.
എന്നാൽ പോലീസ് വന്നെന്നു അറിഞ്ഞ കള്ളന്മാർ ഇത് തങ്ങളുടെ അവസാന ദിവസമെന്നു ഉറപ്പിച്ചൂ. ഒരു വോൾട്ടിന്റെ ഇരുപ്പുറത്തും പോലീസും കള്ളന്മാരും ഉണ്ടായിട്ടും പോലീസിന് ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ സ്ഫോടന ശബ്ദം റെസ്റ്റോറന്റിലെ ഒരു ജോലിക്കാരൻ കേട്ടെങ്കിലും ഒന്നും കാണാത്തതിനാൽ അയാളും അത് കാര്യമായി എടുത്തില്ല.

അങ്ങിനെ മാസങ്ങളുടെ കാത്തിരിപ്പിനോടുവിൽ അവർ കവർച്ച വിജയകരമായി പൂർത്തിയാക്കി.
ഇത്രയും വലിയ ഒരു ബാങ്കിന് സെക്യൂരിറ്റി അലാറം ഉണ്ടാകില്ലേ എന്ന് നമ്മൾ സംശയിച്ചേക്കാം.
ശരിയാണ്. ഉണ്ട്. എന്നാൽ ബാങ്ക് സെക്യൂരിറ്റിയുമായി സൗഹൃദം തുടങ്ങിയ ഇവർ ഒരു കാര്യം അയാളിൽ നിന്നും മനസ്സിലാക്കി. അപ്പുറത്ത് ഒരു കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വ്യാജ അലാറമുകൾ ഇടയ്ക്കിടെ മുഴക്കുന്നതുകൊണ്ട് കുറച്ച് ദിവസമായി ബാങ്കിലെന്റെ അലാറം ഓഫ് ചെയ്തിരിക്കുകയായിരുന്നു.
കള്ളന്മാർക്ക് ശുഭകരമായ ഒരു വിവരം വേറെയുണ്ടോ?
എന്നാൽ ഇത്രക്കും ഭാഗ്യം തുണച്ച അവർക്കു വല്ലാത്ത ഒരു മണ്ടത്തരവും പറ്റിയിരുന്നു. ഒന്നല്ല രണ്ടെണ്ണം; അവരെ പോലീസ് പിടിക്കാൻ സഹായിച്ചതും ഇത് തന്നെയായിരുന്നു. അത് മാത്രമല്ല മറ്റൊരു ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ് കൂടി ഈ കവർച്ചക്ക് പിന്നിലുണ്ട്.
വാരാന്ത്യ അവധി കഴിഞ്ഞു തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് ജീവനക്കാർ തലയിൽ കൈവച്ചു പോയത്.
വാൾട്ടിനകത്തെ എല്ലാ സേഫ് ലോക്കറുകളും കുത്തി പൊളിച്ചു ഇട്ടിരിക്കുന്നു. എല്ലാം മോഷണം പോയിരിക്കുന്നു. ആരുടെയൊക്കെയോ വിലപ്പെട്ട, രഹസ്യ സ്വഭാവമുള്ള ഫയലുകളും അതോടൊപ്പം മോഷണം പോയിരിക്കുന്നു. എന്നാൽ മൂല്യം കണക്കാക്കാൻ ബാങ്കിന് പോലുമാകില്ല. കാരണം സേഫ് ലോക്കറിൽ വയ്ക്കുന്ന കാര്യങ്ങൾക്കു ബാങ്കിനു കൃത്യമായ വിവരം ഇല്ല. ഏകദേശം മൂന്ന് മില്യൻ പൗണ്ട്ന്റെ നഷ്ടം ബാങ്ക് കണക്കാക്കുന്നു.




പക്ഷേ അതിലും ഇരട്ടി പോയിരിക്കും കാരണം നിയമപരമല്ലാത്തതു ആരും പരാതി പറയില്ലല്ലോ?
എന്നാൽ കവർച്ചക്കാർക്ക് മണ്ടത്തരം പറ്റിയത് തുരങ്കം അതേ പടി നിലനിർത്തിയാണ് അവർ സ്ഥലം വിട്ടത്.
തുരങ്കത്തിലൂടെ പോയ പോലീസുകാർ കൃത്യമായി ലെതെർ കടയിലെത്തി.
മറ്റൊരു ആന മണ്ടത്തരം ആ കട ലീസിന് എടുത്ത ബെഞ്ചമിൻ വുൾഫ് തന്റെ സ്വന്തം തിരിച്ചറിയൽ രേഖകളാണ് ലീസിന് വേണ്ടി കൊടുത്തിരുന്നത്. പിന്നെ ആളെ പിടിക്കാൻ പോലീസിന് പ്രയാസമുണ്ടോ?
ബെഞ്ചമിനെ പൊക്കിയ പോലീസിനു ഗവിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രയാസമുണ്ടായില്ല. എന്നാൽ മറ്റൊരു മണ്ടത്തരം അയാളുടെ അടുത്തേക്ക് പെട്ടെന്ന് പോലീസിനെ എത്തിച്ചു.
അടുത്തൊരു ബാറിൽ സ്ഥിരമായി പോകുന്ന ഗവിൻ അവിടെയും തന്റെ സ്വന്തം തിരിച്ചറിയൽ രേഖകൾ കൊടുത്തിരുന്നു. അങ്ങിനെ അയാളും അകത്തായി.
ഗവിന്റെ മൊഴി പ്രകാരം റെഗ് ടക്കേറെയും പൊക്കി.
എന്നാൽ മറ്റ് മൂന്ന് പേർ യാതൊരു വിധ തിരിച്ചയൽ രേഖകളും കൊടുത്തിരുന്നില്ല. അതിനാൽ അവരെ ഇതേവരെ പിടികൂടാൻ കഴിഞ്ഞില്ല. അതിലൊന്ന് സ്ത്രീയാണെന്നു പറയപ്പെടുന്നു. ഇതിൽ ബെഞ്ചമിന് പ്രയാധിക്യം മൂലം എട്ടു വർഷം തടവേ കിട്ടിയുള്ളൂ. മറ്റ് രണ്ടു പേർക്കും പന്ത്രണ്ടു വർഷം കഠിന തടവ് വിധിച്ചു. എന്നാൽ മീഡിയയ്ക്ക് കിട്ടിയ ട്വിസ്റ്റ് ഇതൊന്നുമായിരുന്നില്ല.
ഈ കേസിന്റെ തുടക്കം മുതലേ ബ്രിട്ടീഷ് രാജകുടുംബവും, ഗവണ്മെന്റും പോലീസും ഈ കേസിൽ മീഡിയക്ക് ശക്തമായ താക്കീതു കൊടുത്തിരുന്നു.
ഈ ബാങ്ക് കവർച്ചയെ പറ്റി ഒന്നും പബ്ലിഷ് ചെയ്യരുതെന്ന്. എന്നാൽ ഇത്തരമൊരു കവർച്ചയെ അവർ എന്തിനാണ് ഭയക്കുന്നതെന്നു മീഡിയക്കു മനസ്സിലായില്ല.
ഡി നോട്ടീസ് എന്നാൽ മീഡിയയ്ക്കുള്ള വിലക്കാണ്.
ഈ കേസിൽ അവർ ഡി നോട്ടീസ് പുറപെടുവിച്ചു.
ഇതിനെപ്പറ്റിയുള്ള ഒരു ന്യൂസും പുറത്തു വിടരുത് എന്നായിരുന്നു താക്കീത്. എന്നാൽ അതോടു കൂടി മീഡിയ കൂടുതൽ താത്പര്യത്തോടെ റിപ്പോർട്ടിങ് തുടങ്ങി.
പല ഗൂഢാലോചന സിദ്ധാന്തങ്ങളും വന്നു.
എന്നാൽ അതിൽ പ്രബലമായതു ഈ കഥയാണ്.
എലിസബെത്ത് രാജ്ഞിയുടെ സഹോദരി മാർഗരറ്റ് രാജകുമാരി കുറച്ച് കുത്തഴിഞ്ഞ ജീവിതമായിരുന്നു നയിച്ചിരുന്നത്.

വിവാഹം കഴിഞ്ഞെങ്കിലും ഒരു പാട് വിവാഹേതര ബന്ധങ്ങൾ അവർക്കുണ്ടായിരുന്നു. അവരോടൊപ്പം വെക്കേഷൻ ആഘോഷിക്കാൻ പോയ ഏതോ നാളുകളിൽ രാജകുമാരിയുടെ നഗ്നവും, മോശപ്പെട്ടതുമായ പല ഫോട്ടോകളും മൈക്കൽ എക്സ് എന്നൊരു ഫോട്ടോഗ്രാഫർ എടുത്തിരുന്നു.

ഇത് ഇയാൾ ഈ ബാങ്കിന്റെ സേഫ് ലോക്കറിൽ ആണ് സൂക്ഷിച്ചിരുന്നത്. അത് എടുക്കാൻ രാജകുടുംബം തന്നെ ചെയ്യിച്ചതാണെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അല്ലെങ്കിൽ അത് പുറത്താക്കുമോ എന്ന പേടി കൊണ്ടാവണം ഡി നോട്ടീസ് കൊടുത്തത് എന്നും പറയപ്പെടുന്നു.

എന്നാൽ അത് മാത്രമല്ല. അന്നത്തെ ബ്രിട്ടീഷ് ഗവണ്മെന്റിലെ ഒരു മന്ത്രി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയുന്ന ചില ഫോട്ടോസും ഇവിടെ നിന്നു ലഭിച്ചു എന്നും പറയപ്പെടുന്നു. മൈക്കൽ എക്സിനെ പിന്നീട് ഗവണ്മെന്റ് ഒരു കൊലപാതകകേസിൽ തൂക്കി കൊന്നു എന്നാണ് അറിഞ്ഞത്.
അതോടു കൂടി ഫോട്ടോകൾ ലഭിക്കാനുള്ള മാർഗ്ഗവും അടഞ്ഞു. സേഫ് ലോക്കറിനെ പറ്റി യാതൊരു വിവരവും ഇല്ലാത്തതിനാലാണ് ഇത്തരമൊരു കവർച്ച അവർ പ്ലാൻ ചെയ്തത് എന്നും പറയപ്പെടുന്നു.
എന്തായാലും മാധ്യമ ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ ഈ കേസിൽ ഗവിനും, റെഗ് ടെക്കറും പന്ത്രണ്ടു വർഷം തടവ് അനുഭവിച്ചു പുറത്തുവന്നപ്പോൾ പത്രക്കാർ പിന്നെയും അടുത്തുകൂടി. അന്നയാൾ പറഞ്ഞത്.
ഞങ്ങൾക്ക് വിഷമമില്ല കാരണം ഞങ്ങൾ വിലപേശിയതിലും കൂടുതൽ ഞങ്ങൾക്ക് കിട്ടി എന്താണ് അതിനർത്ഥം? ഗൂഢാലോചന സിന്ധാന്തങ്ങൾ എല്ലാം ശരിയായിരുന്നു എന്നല്ലേ? ആർക്കറിയാം?





NB : The Bank Job is a thriller that tells the story of a Baker Street robbery.
[ബ്രിട്ടീഷ് രജ്ഞി എലിസബത്തിന്റേയും, രാജകുമാരി മാർഗരറ്റിന്റേതും ചിത്രങ്ങൾ കൂടുതലായി ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയത് മാർഗരറ്റിന് ഇതുമായുളള ബന്ധം ഊട്ടിയുറപ്പിക്കാനല്ല, മറിച്ച് രാജകുടുംബാംഗങ്ങൾ ആയതിനാൽ അവരുടെ മനോഹരമായ ഫോട്ടോകൾ വളരെയധികം ലഭ്യമാണ്. ആ കാലഘട്ടത്തിലെ വസ്ത്രധാരണം, കൊട്ടാരത്തിന്റെ അകത്തളങ്ങൾ, ഇന്ന് തൊണ്ണൂറുകഴിഞ്ഞ രാജ്ഞിയുടെ ബാല്യകാലം എന്നിവ ഒരു കോൺസ്പരസിയുടെ പേരിലാണെങ്കിലും ചിത്രീകരിക്കാൻ സാധിക്കുമല്ലോ എന്നു കരുതിയാണ്. വായനക്കാർ മറ്റൊരു അർത്ഥത്തിൽ ആ ചിത്രങ്ങളെ കാണേണ്ടതില്ല.]
