Techie Accused of ‘Killing’ Wife and Making Hoax Bomb Calls to Airports
ഭാര്യയെ കൊലപ്പെടുത്തി ബോംബ് ഭീതി സൃഷ്ടിച്ച് ബാംഗ്ലൂർ ടെക്കിയെക്കുറിച്ച് അറിയേണ്ടതെല്ലാം.
എം ജി ഗോകുൽ. (കടപ്പാട്: ഫേസ്ബുക്ക്)
2015 സെപ്റ്റംബർ അഞ്ചിനു ബാംഗ്ലൂരിലെ കെമ്പ ഗൗഡ എയർപോർട്ട് ടെർമിനൽ മാനേജരുടെ വാട്സ്ആപ്പിലേക്കു കുറച്ചു സന്ദേശങ്ങൾ വന്നു. മൂന്ന് ഇന്റർനാഷണൽ ഫ്ലൈറ്റുകളിൽ ബോംബ് വച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങൾ ആയിരുന്നു അത്. എന്നാൽ എല്ലാ സന്ദേശങ്ങളിലും ഒരു ഭീകരവാദ സ്റ്റൈൽ ഉണ്ടായിരുന്നു
- Islamic state wins. Air France to Paris and Haj Flight to Jeddah will be blasted on air.’
- Third target for today. Lufthansa to Germany.’
- IS wins will spoil India. Stop if you can Allah.
ഇങ്ങിനെ തുടങ്ങുന്ന ചില സന്ദേശങ്ങൾ ആണ് അന്ന് ലഭിച്ചത്. സുരക്ഷ ഭയന്നു അപ്പോൾ തന്നെ രണ്ടു വിമാനങ്ങൾ സർവീസ് റദ്ദാക്കി. പുറപ്പെടാൻ തുടങ്ങിയ വിമാനത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പരിശോധിച്ചു. സത്യത്തിൽ സുരക്ഷ ഉദ്യോഗസ്ഥന്മാർ പരിഭ്രമിച്ചു പോയിരുന്നു. ഇത്രയും വലിയ ഒരു ഭീഷണി അടുത്ത കാലത്തൊന്നും വന്നിരുന്നില്ല. ഒരു പാട് ഫ്ലൈറ്റുകൾ അന്ന് റദ്ദാക്കുകയും, നേരം വൈകുകയും ചെയ്തു. അപ്പോൾ തന്നെ കേന്ദ്ര ഇന്റലിജിൻസ് വിഭാഗവും, ഭീകരവാദം കൈകാര്യം ചെയ്യുന്ന ആന്റി ടെററിസ്റ് സ്‌ക്വാഡുമൊക്കെ രംഗത്തെത്തി പരിശോധനകൾ ശക്തമാക്കി. ഫ്ലൈറ്റ്റുകളുടെ സുരക്ഷക്കായിരുന്നു മുൻഗണന കൊടുത്തത്. എന്നാൽ സന്ദേശം വ്യാജമാണെന്ന് ഉറപ്പായതോടെ ഈ വ്യാജ സന്ദേശം ആരാണ് അയച്ചത് എന്നറിയാൻ അന്വേഷണം തുടങ്ങി. ആ അയച്ച നമ്പറിന്റെ സിം കാർഡ് ഒരു മലയാളിയുടെ പേരിൽ ഉള്ളതായിരുന്നു. ഒരു സാജു ജോസ്. അയാളുടെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ബാംഗ്ലൂർ തന്നെ ഒരുപാട് മലയാളികൾ താമസിക്കുന്ന മടിവാളക്കടുത്തായിരുന്നു ആ സ്ഥലം.
പോലീസ് ഉടൻ അവിടേക്കു കുതിച്ചെത്തി. സിം കാർഡിന്റെ ട്രാക്കിങ് ഒരു ഫ്ലാറ്റിലേക്കായിരുന്നു. അവിടെ അവർ സാജു ജോസിന്റെ ഫ്ലാറ്റ് കണ്ടുപിടിച്ചു.
അത്തരം ഒരു നമ്പർ അയാൾ ഉപയോഗിക്കുന്നില്ല എന്നും അയാൾക്ക് ഈ വ്യാജ സന്ദേശത്തെ പറ്റി ഒന്നും അറിയില്ലെന്നും അയാൾ പറഞ്ഞു. എന്നാൽ പോലീസിന് മറ്റ് ചില തെളിവുകൾ കൂടി അവിടെനിന്നു കിട്ടി. ഒരു സ്കൾ മാസ്ക്, ഗ്ലോവ്സ്, ചില IS ലഘു രേഖകൾ എല്ലാം അവിടെനിന്നും ലഭിച്ചു.
എന്നാൽ വ്യാജ സന്ദേശം അയച്ച മൊബൈൽ ഫോൺ മാത്രം അവിടെ നിന്നു കിട്ടിയില്ല. എന്തായാലും സാജു ജോസ് അറസ്റ്റിലായി. അയാളെ മടിവാള പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. അയാൾ തുടക്കം മുതലേ എല്ലാം നിഷേധിച്ചു കൊണ്ടിരുന്നു.
അപ്പോഴാണ് സ്റ്റേഷനിലെ സൈബർ സെൽ വിഭാഗം മറ്റൊരു കാര്യം കണ്ടുപിടിച്ചത്. സാജു ജോസ് ന്റെ പേരിൽ ഒരു ഫേസ്ബുക് അക്കൗണ്ട് ഉണ്ട്. അതിൽ അയാൾ IS എന്ന ഭീകര സംഘടനയെ ഫോള്ളോ ചെയ്യുന്നുണ്ടെന്ന്.
അതോടെ അയാൾ ഭീകര സംഘടനയുമായി ബന്ധമുള്ള ആളായിരുന്നെന്നു പോലീസുകാർ ഉറപ്പിച്ചൂ. എന്നാൽ അത്തരമൊരു ഫേസ്ബുക് അക്കൗണ്ടിനെ കുറിച്ച് അയാൾക്ക് അറിവില്ലെന്നും. ഇതെല്ലാം തന്നെ ആരോ കുടുക്കാൻ ശ്രമിക്കുന്നതാണെന്നും അയാൾ പറഞ്ഞു.
ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും അയാൾ കുറ്റം സമ്മതിച്ചില്ല. അതിനാൽ പോലീസുകാർക്കും സംശയമായി. പക്ഷേ അവരെ ഞെട്ടിച്ചുകൊണ്ട് ആ പ്രസ്തുത ഫോണിന്റെ ട്രാക്കിങ്ങിൽ ലൊക്കേഷൻ മാറി. ആ ലൊക്കേഷൻ കണ്ടു പോലീസുകാരാണ് ഞെട്ടിയത്!
വിവാദത്തിലായ ഫോണിന്റെ ലൊക്കേഷൻ അപ്പോൾ ആ പോലീസ് സ്റ്റേഷൻ ആയിരുന്നു. ഇത് കണ്ടു ഞെട്ടിയ പോലീസുകാരെ എതിരേറ്റത് ഭർത്താവിന്റെ അറസ്റ്റ് വാർത്ത കേട്ടു ഓടി വന്ന അയാളുടെ ഭാര്യയാണ്. അവർ വന്ന കാറിൽ ആയിരുന്നു ഫോണിന്റെ ലൊക്കേഷൻ. കാറിന്റെ കാർപെറ്റിന്റെ കീഴെ ആയിരുന്നു ഫോൺ.
എന്നാൽ അത്തരമൊരു ഫോൺ താൻ ഉപയോഗിക്കുന്നില്ലെന്നും. അത് തന്റെ അല്ല എന്നും അയാൾ വീണ്ടും ആവർത്തിച്ചു. അവസാനം പോലീസ് അതെടുത്തു വിശദമായ പരിശോധന നടത്തി. ഭീഷണി സന്ദേശം അതിൽ നിന്നു തന്നെയാണ് പോയതെന്ന് മനസ്സിലായി. അതോടെ വീണ്ടും കാര്യമായ അന്വേഷണത്തിലേക്കു പോലീസ് നീങ്ങി.

ആ ഫോണുമായി അവരുടെ ഫ്ലാറ്റിലേക്കെത്തിയ പോലീസ് അമ്പരിപ്പിക്കുന്ന ആ സത്യം മനസ്സിലാക്കി. സാജു ജോസിന്റെ വീട്ടിലെ Wifi കണക്ഷൻ അല്ല ആ ഫോണിലേക്കു ബന്ധിച്ചിരിക്കുന്നത് എന്ന്. പകരം ആ ഫ്ലാറ്റിലെ തന്നെ മറ്റേതോ അപാർട്മെന്റിലെ Wifi ആണെന്നും മനസ്സിലായി.
ആ അന്വേഷണം എത്തി നിന്നത് ഇവരുടെ തൊട്ട് അയൽവാസിയായ ഒരു ചെറുപ്പക്കാരനിലേക്കാണ്.
ഗോകുൽ എന്ന് പേരുള്ള ഒരു എഞ്ചിനീയർ ആയിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്. അയാൾ ആ ഫ്ലാറ്റിലേക്കു വന്നിട്ടു അധികനാൾ ആയിരുന്നില്ല. ഒരു വർഷം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്തിനായിരിക്കാം അയാൾ ഇത്രയും വലിയൊരു ദ്രോഹം ചെയ്തത്? പോലീസിന് ഒന്നും പിടി കിട്ടിയില്ല. പോലീസ് ഗോകുലിനെ വേണ്ടവിധം ക്വാസ്റ്റൻ ചെയ്തതോടെ അയാൾ തന്റെ കഥ പറഞ്ഞു തുടങ്ങി.

ഗോകുൽ കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ അയാൾക്കൊരു പ്രണയിനി ഉണ്ടായിരുന്നു. ധന്യ, എഞ്ചിനീയറിംഗ് കഴിയുന്നത് വരേയ്ക്കും ആ പ്രണയബന്ധം തുടർന്നു. എന്നാൽ അത് കല്യാണത്തിലെത്താൻ വീട്ടുകാർ തടസ്സം നിന്നു. രണ്ടു പേരും രണ്ടു സമുദായത്തിൽ പെട്ടതായിരുന്നു കാരണം. അങ്ങിനെ അയാളുടെ പ്രണയിനി മറ്റൊരാളുടെ ഭാര്യയായി പോകുന്നത് കണ്ട അയാൾ പിന്നീട് ജോലിക്കായി ഡൽഹിക്ക് വണ്ടി കയറി.
കാലങ്ങൾ കടന്നു പോയി. ഗോകുലും വിവാഹിതനായി. ഒരു പോലീസുദ്യഗസ്ഥന്റെ മകൾ, ഒരു ടീച്ചറേയാണ് അയാൾ വിവാഹം കഴിച്ചത്. അനുരാധ എന്നായിരുന്നു ഭാര്യയുടെ പേര്, അതിൽ ഒരു കുഞ്ഞുമായി.
ഒരു ഇന്റർനെറ്റ് സർവീസ് പ്രോവൈഡറിന് വേണ്ടിയാണു അയാൾ അപ്പോൾ ജോലി ചെയ്തിരുന്നത്. രാവിലെ ജോലിക്കിറങ്ങിയാൽ വളരെ വൈകിയാണ് അയാൾ വീട്ടിലെത്തുക. വീട്ടിൽ എത്തിയാലും ലാപ് ടോപ്പിന് മുന്നിൽ തന്നെ. ഇത് അവരുടെ വിവാഹ ജീവിതം ഒന്നുലച്ചു.

അധ്യാപികയായ അയാളുടെ ഭാര്യക്ക് തന്റെ ഒരു വിദ്യാർത്ഥിയുമായി അവിഹിതമായ ബന്ധം ഉണ്ടെന്ന് അയാൾ ഭാര്യയുടെ മൊബൈൽ ഫോണിലെ സന്ദേശങ്ങളിലൂടെ അറിയാൻ ഇട വന്നു. ഒരു കുട്ടി ഗോകുലിനു ഈ ബന്ധത്തിൽ ഉള്ളതിനാൽ അയാൾ അത് ക്ഷമിക്കുവാൻ തീരുമാനിച്ചു. അവളോട് അതേപറ്റി സംസാരിക്കുകയും അവൾ ഇനി ആ ബന്ധം തുടരില്ലെന്നു ആണയിട്ട് പറയുകയും ചെയ്തു.
എന്നാൽ പിന്നീട് കുറച്ചു നാളുകൾക്കു ശേഷം അയാൾ വീണ്ടും അവളുടെ മൊബൈലിൽ ആ വിദ്യാർഥിയുടെ സന്ദേശങ്ങൾ കണ്ടു. ഇത്തവണ അയാൾ ക്ഷമിക്കാൻ ഒരുക്കമായിരുന്നില്ല. പകരം അയാൾ തന്റെ കമ്പ്യൂട്ടർ വൈധഗ്ദ്യവും, ക്രിമിനൽ ചിന്തയും ഉപയോഗിച്ച് ഒരു സ്വാമിയുടെ പേരിൽ ഒരു ഇമെയിൽ ഉണ്ടാക്കി.
അയാളുടെ ഭാര്യ ഒരു തികഞ്ഞ ഭക്ത ആണെന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇയാൾ സ്വാമിയുടെ പേരിൽ അവൾക്ക് സന്ദേശങ്ങൾ അയച്ചു. ചെയ്ത തെറ്റുകൾ സ്വാമിയോട് തുറന്നു പറയാൻ നിർബന്ധിച്ചു. അവൾ എല്ലാം സ്വാമിയോട് തുറന്നു പറഞ്ഞു. എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ ഇയാൾ സ്വാമിയുടെ ഇമെയിൽ അവസാനിപ്പിച്ചു എന്നിട്ട് സ്വാമിയുടെ അനുയായി എന്ന നിലയിൽ ആശ ദേവി എന്ന പേരിൽ മറ്റൊരു ഇമെയിൽ തുടങ്ങി. അതിലൂടെയും ഭാര്യയോട് സംസാരിച്ചു.
പതിയെ പതിയെ ആശ ദേവി ഗോകുലിന്റെ ഭാര്യ അനുരാധയുടെ സ്പിരിറ്റ്വൽ ഗുരുവായി മാറി.
ഭർത്താവിനെയും കാമുകനെയും ഒന്നിച്ചു നിർത്താനായി അവർ ഒരു പൂജ നടത്താമെന്നും അതിനായി കാമുകനുമൊപ്പം ഉള്ള നഗ്ന ചിത്രങ്ങൾ തനിക്കയച്ചു തരാനും ആശ ദേവി അനുരാധയോടു പറഞ്ഞു. അവൾ അത്തരം കുറെ ചിത്രങ്ങൾ അയച്ചു കൊടുത്തു.

ഇതെല്ലാം ഗോകുൽ സൂക്ഷിച്ചു. മറ്റൊരു ദിവസം അവളോട് പൂജയുടെ ഭാഗമായി കുടിച്ചു ലക്ക് കെട്ടു ബോധം ഇല്ലാതെ പൂജ മുറിയിൽ വരുവാൻ ആവശ്യപ്പെട്ടു. ചില പൂജ മന്ത്രങ്ങൾ ചൊല്ലുവാൻ ആവശ്യപ്പെട്ടു. ഒന്നര കുപ്പി ബ്രാണ്ടിയാണു ഇതിനായി അനുരാധ അകത്താക്കിയത്( ഒരു ഫുൾ ബോട്ടിൽ മദ്യം കുടിച്ചു എന്നത് എഴുതിയ ആളിന്റെ ഭാവനയാകാം, ഒരു പക്ഷേ അദ്ദേഹം ഉദ്ദേശിച്ചത് ഒരു പൈന്റ് ആയിരിക്കാം, അല്ലെങ്കിൽ അനുരാധ നിത്യവും മദ്യപിക്കുന്നവരായിരിക്കണം. ഒരു അദ്ധ്യാപിക അതിന് സാധ്യത കുറവാണ്.) കുടിച്ചു ലക്ക് കെട്ട അവർ ഭർത്താവിനെയും, കാമുകനെയും ഒരുമിച്ചു നിർത്താനുള്ള ആ പൂജയിൽ നിൽക്കുമ്പോഴാണ് പൊടുന്നനെ അത് സംഭവിച്ചത്!
ഒരു ഗണേശ വിഗ്രഹം അനുരാധയുടെ തലയിൽ ആഞ്ഞാഞ്ഞു പതിച്ചു. തല പൊട്ടി ചോര വാർന്നു അനുരാധ പൂജമുറിയിൽ വച്ചു തന്നെ കൊല്ലപ്പെട്ടു. ഇതിനു മുൻപ് തന്നെ ഭർത്താവ് ഗോകുൽ ഭാര്യയുടെ അവിഹിതബന്ധത്തിന്റെ കഥയും, ഫോട്ടോസും ഭാര്യയുടെ അച്ഛനെ കാണിച്ചിരുന്നു.
എല്ലാം അറിഞ്ഞിട്ടും കുട്ടിയെ കരുതി ഞാൻ അവളോട് ക്ഷമിക്കുകയാണെന്നാണ് അയാൾ അമ്മായിയച്ഛനെ ധരിപ്പിച്ചത്. അതിനാൽ തന്നെ മരുമകനോട് അയാൾക്ക് വല്ലാത്ത ബഹുമാനവും തോന്നി.
എന്നാൽ ഗോകുലിന്റെ മനസ്സിലുള്ള കുടിലത അയാൾക്ക് മനസ്സിലായില്ല.
അനുരാധയുടെ മരണം ഒരു ആക്‌സ്മിക മരണമായി എല്ലാവരും കരുതി. കുടിച്ചു ലക്ക് കെട്ടു ആ ലോഹ വിഗ്രഹത്തിലേക്കു തലയടിച്ചു വീണു മരിച്ചതാകാം എന്ന് എല്ലാവരും ധരിച്ചു. ഗോകുൽ അങ്ങിനെയാണ് എല്ലാവരെയും ധരിപ്പിച്ചതും. എന്നാൽ പോലീസുകാർക്ക് അത് അത്ര വിശ്വാസമായില്ല. എന്നാൽ ഗോകുലിന്റെ ഭാര്യ പിതാവ് മരുമകനു ക്ലീൻ ചിറ്റ് കൊടുക്കുകയും, കൂടുതൽ അന്വേഷണങ്ങൾ വേണ്ടെന്നു പോലീസിനോട് പറയുകയും ചെയ്തു. അദ്ദേഹവും പോലീസ് ഓഫീസർ ആയിരുന്നത് കൊണ്ടു കാര്യങ്ങൾ ഗോകുലിനു എളുപ്പമായി.

ഗോകുലും ആദ്യം ഭാര്യയോട് ക്ഷമിക്കാൻ തന്നെയാണ് വിചാരിച്ചിരുന്നത്. എന്നാൽ ആയിടക്കാണ് തന്റെ പഴയ കാമുകി സോഷ്യൽ മീഡിയയിൽ റിക്വസ്റ്റ് അയക്കുന്നത്. അവർ തമ്മിൽ ചാറ്റ് തുടങ്ങിയപ്പോഴാണ് അവളുടെയും ദാമ്പത്യം അത്ര നല്ല രീതിയിലല്ല പോകുന്നത് എന്ന് മനസ്സിലായി. അതോടെ ഗോകുലിന്റെ മനസ്സിൽ ക്രിമിനൽ ബുദ്ധി ഉണർന്നു. എങ്കിൽ പിന്നെ ഭാര്യയെ ഒഴിവാക്കി എന്തുകൊണ്ട് മുൻ കാമുകിയെ സ്വീകരിച്ചുകൂടാ? ഇനി ആരാണെന്നോ ഈ മുൻ കാമുകി? നേരത്തേ വ്യാജ ബോംബ് കേസിൽ കുടുക്കാൻ ശ്രമിച്ച സാജു ജോസിന്റെ ഭാര്യ.
ഈ ബോംബ് കേസിനു മുൻപും കാമുകിയുടെ ഭർത്താവിനെ ഇയാൾ ഒഴിവാക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. ബിഷപ്പിന് ഇവരുടെ ദാമ്പത്യം ശരിയല്ല എന്നുള്ള തരത്തിൽ ഒരു കത്തയച്ചായിരുന്നു അത്. എന്നാൽ ബിഷപ്പ് ഒരു കൗൺസിലിങ് എല്ലാം നടത്തി അത് ശരിയാക്കി. പിന്നീടാണ് ഈ വ്യാജ ബോംബ് ഭീഷണിയിൽ സാജു ജോസിനെ കുടുക്കാൻ ശ്രമിച്ചത്. ഇതിനായി എടുത്ത വ്യാജ സിമ്മിന് ആവശ്യമായ സാജു ജോസിന്റെ ID കൾ എല്ലാം കൊടുത്തത് ഗോകുലിന്റെ മുൻ കാമുകിയായ സാജുവിന്റെ ഭാര്യ തന്നെയായിരുന്നു.
എന്നാൽ ഈ കേസിന്റെ അന്വേഷണത്തിലാണ് ഗോകുൽ സ്വന്തം ഭാര്യയെ തലക്കടിച്ചു കൊന്നതാണെന്നു അയാൾ വെളിപ്പെടുത്തിയത്. അനുരാധയുടെ മാതാപിതാക്കൾക്ക് പോലും ആ മരണത്തിൽ സംശയം ഉണ്ടായിരുന്നില്ല. മകളുടെ മരണശേഷം അവർ മകളുടെ കുട്ടിയെ നോക്കാനായി ഗോകുലിന്റെ അടുത്തു തന്നെ ഉണ്ടായിരുന്നു.
നീണ്ട അഞ്ച് വർഷമാണ് ഈ പദ്ധതികൾ നടപ്പാക്കാൻ ഗോകുൽ ചിലവഴിച്ചത്. ഡൽഹിയിലായിരുന്ന ഗോകുൽ കാമുകിക്ക് വേണ്ടിയാണു അവളുടെ അടുത്തു തന്നെയുള്ള ഫ്ലാറ്റ് വാടകക്ക് എടുത്തു ബാംഗ്ലൂരിലേക്ക് മാറിയത്. പിന്നീട് ഭാര്യയെ ഒഴിവാക്കി ഒടുവിൽ കാമുകിയുടെ ഭർത്താവിനെയും ഒഴിവാക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിക്കപ്പെട്ടത്. അതും തികച്ചും അവിചാരിതമായി.

ഇത്രയും കൂർമ്മ ബുദ്ധിയുള്ള ഒരു ടെക്കിക്കു പക്ഷേ പറ്റിയ ഒരു കൈയബദ്ധം. Wifi കണക്ട് ചെയ്തത് സ്വന്തം ഫ്ലാറ്റിൽ നിന്നായിപ്പോയി. ആ ഒരു ദൈവം ഇട്ടു കൊടുത്ത ലൂപ് ഹോളിൽ ആ വലിയ ക്രിമിനൽ കുടുങ്ങി. അല്ലെങ്കിൽ അനുരാധയുടെ മരണവും വെളിച്ചത്തു വരാതെ പോയേനെ. ഇത്രയും ബുദ്ധി ഇയാൾ നല്ല കാര്യങ്ങൾക്കു ഉപയോഗിച്ചിരുന്നുവെങ്കിൽ എന്നാണ് എല്ലാവരും അഭിപ്രായപെടുന്നത്.
വിചിത്രവും, അവശ്വനീയവുമായ ഈ കഥയിലെ ചില ഏടുകൾ കൂടി അവസാനമായി പറഞ്ഞുകൊള്ളട്ടെ.
ഗോകുലിന്റെ ഭാര്യ കൊല്ലപ്പെട്ട അനുരാധ ഷിർദ്ധിസായ് ബാബയുടെ ഭക്തയായിരുന്നു. എന്നാൽ ആ ബാബയുടെ അനുയായി എന്ന് ധരിപ്പിച്ച് പറ്റിക്കൂടിയ ആശ എന്ന തട്ടിപ്പുകാരി ( യഥാർത്ഥത്തിൽ ഗോകുൽ തന്നെ ) സ്ത്രീയ്ക്ക് നൽകുവാൻ, അനുരാധ ഹോട്ടലിൽ മുറിയെടുക്കുകയും, കാമുകനോടൊപ്പം ഷവറിനടിയിൽ നിൽക്കുന്ന നഗ്‌ന ഫോട്ടോകൾ പകർത്തുകയും അത് ഗോകുലിന് നൽകുകയും ചെയ്തു. ബാബയുടെ അനുയായി മദ്യം, നഗ്‌നത മുതലായവ ആവശ്യപ്പെടുമ്പോൾ സംശയിക്കാത്തത് വിചിത്രമാണ്.

അനുരാധയുടെ പിതാവ് മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്നു. നിരവധി കുറ്റവാളികളെ കണ്ടിട്ടുള്ള അദ്ദേഹത്തിന് മരുമകന്റെ കള്ളത്തരങ്ങൾ മനസിലാക്കാനും, മകളുടെ മരണം കൊലപാതകമാണെന്ന് തിരിച്ചറിയാനും സാധിച്ചില്ലാ എന്നത് വിരോധാഭാസമായി തോന്നുന്നു.
ഇതേ സമയം തന്നെ സാജു ജോസിന്റെ വിവാഹ ബന്ധവും സുസ്ഥിരമായിരുന്നില്ല. ആദ്യം മുതൽക്കേ ആ ബന്ധത്തിൽ അസ്വരസ്യങ്ങൾ ഉണ്ടായിരുന്നു. അത് ഗോകുലിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയും, പ്രതീക്ഷനൽകുകയും ചെയ്തു. ഈ രണ്ട് ബന്ധങ്ങളിലും ഒരേ പോലെ പാളിച്ചകൾ വന്നതിനാലാണ് കാര്യങ്ങൾ കൊലപാതകത്തിലേയ്ക്ക് കടന്നത്.
സാജു ജോസിന്റെ ഭാര്യയുടെ പേര് ധന്യ ബാബു എന്നാണ് എന്ന് ചിലയിടങ്ങളിൽ കാണുന്നു, ഏതായാലും സാജു ജോസിന്റെ അപ്പാർട്ട്‌മെന്റിന്റെ ഡ്യൂപ്ലിക്കേറ്റ് കീ ഗോകുലിന് ധന്യ വഴി ലഭിച്ചു. അങ്ങിനെ അവരുടെ ലാഡ് ഫോൺ ലൈൻ ഗോകുൽ ടാപ്പ് ചെയ്യുന്നുണ്ടായിരുന്നു. മാത്രവുമല്ല ഭീകരവാദം ഉണ്ട് എന്ന് തെളിയിക്കാൻ കള്ള തെളിവുകൾ ഗോകുൽ സാജുവിന്റെ വീട്ടിൽ നിക്ഷേപിച്ചത് ഇത്തരത്തിൽ കള്ളത്താക്കോൽ ഉപയോഗിച്ചാണ് എന്ന് പോലീസ് പറയുന്നു. അതേ രീതിയിൽ തന്നെ സാജുവിന്റെ വീട്ടിൽനിന്നും ഐ.ഡി കളും സംഘടിപ്പിച്ചാണ് വ്യാജ സിം കാർഡ് എടുത്തത്.
ഈ കുറ്റകൃത്യങ്ങളിലെല്ലാം സാജുവിന്റെ ഭാര്യ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുവാൻ ബാഗ്ലൂർ പോലീസിലെ മൂന്ന് വനിത എസ്.ഐ മാർ മണിക്കൂറുകളോളം അവരെ ക്വസ്റ്റൻ ചെയ്യുകയുണ്ടായി. എന്നാൽ അവർ നേരിട്ട് ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ് അവസാനം പോലീസ് സ്ഥിതീകരിച്ചത്.
മറ്റൊരു വിചിത്രമായ സംഗതി, സാജുവിന്റെ ഭാര്യ ഗോകുലിന്റെ കുട്ടിയെ കൂടി നോക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഗോകുൽ തനിക്കായി വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചു എന്നാണ് അവർ വെളിപ്പെടുത്തുന്നത്. സ്വാഭാവീകമായും സാജുവുമായുള്ള ബന്ധം തകർന്നിരിക്കാം എന്ന് അനുമാനിക്കാം, എന്നാൽ ഗോകുലിന്റെ കുട്ടിയെ എങ്ങിനെ അവർക്ക് ലഭിക്കും എന്ന് വ്യക്തമാകുന്നില്ല. ഈ കേസ് നമ്മൾ കാണുന്നതിലും ആഴത്തിൽ വേരുകൾ പടർന്ന് മറ്റ് ചിലതുകൂടി ഉള്ളതാണ് എന്ന് കരുതേണ്ടിവരും.
എന്തായാലും ബാക്കി ജീവിതം മുഴുവൻ ജയിലിൽ കഴിയാനാണ് ഈ കുരുട്ടു ബുദ്ധിക്കാരന്റെ വിധി.