Jigsaw Murders
1935 സെപ്റ്റംബർ 29-ന് രാവിലെ, സൂസൻ ഹെയ്‌നസ് ജോൺസൺ ( Susan Haines Johnson ) എന്ന യുവതി , ഡംഫ്രീസ്ഷെയർ പട്ടണമായ മൊഫാറ്റിൽ നിന്ന് 2 മൈൽ (3 കിലോമീറ്റർ) വടക്ക് സ്ഥിതി ചെയ്യുന്ന ഒരു പഴയ പാലത്തിന്റെ പാരപെറ്റിനു മുകളിലൂടെ കണ്ണോടിച്ചുനോക്കിയപ്പോൾ താഴെ ഒരു പൊതിയിൽ നിന്നും ഒരു ദ്രവിച്ച മനുഷ്യന്റെ കൈ പുറത്തേയ്ക്ക് തളളി നിൽക്കുന്നതു കണ്ടു. തുണിയിൽ പൊതിഞ്ഞ ഒരു ബണ്ടിലായി ജലത്തിൽ ആരോ തളളിയതായിരുന്നു അത്.

പോലീസ് പൊതിക്കുളളിലുളള അവശിഷ്ടങ്ങൾ മനുഷ്യന്റേതാണെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥർ അരുവിയിലും ചുറ്റുമുള്ള മലയിടുക്കുകളിലും സമീപത്തുള്ള നദിയിലും തിരച്ചിൽ നടത്തി. തുടർന്ന് രണ്ട് മനുഷ്യരുടെ തലകളും, മറ്റ് നാല് കെട്ടുകളും കണ്ടെത്തി.

അവയിൽ ഓരോന്നിലും വികൃതമാക്കിയ തുടയുടെ എല്ലുകൾ, കാലുകൾ എന്നിവയുൾപ്പെടെ മനുഷ്യ അവശിഷ്ടങ്ങൾ, മാംസത്തിന്റെ ഭാഗങ്ങൾ, ഒരു മനുഷ്യ ശരീരവും പെൽവിസും ഉണ്ടായിരുന്നു. ഈ മനുഷ്യാവശിഷ്ടങ്ങൾ ജീർണിച്ച നിലയിലായിരുന്നു, ബെഡ്ഷീറ്റുകൾ, തലയിണകൾ, കുട്ടികളുടെ വസ്ത്രങ്ങൾ, നിരവധി പത്രങ്ങൾ എന്നിവയിൽ പൊതിഞ്ഞിരുന്നു ( 1935 ഓഗസ്റ്റ് 6, ലേയും 31 ലേയും തീയതികളിലെ ഡെയ്‌ലി ഹെറാൾഡിന്റെ രണ്ട് പതിപ്പുകൾ. സൺഡേ ഗ്രാഫിക് തീയതി 15 സെപ്റ്റംബർ 1935, കൂടാതെ സൺഡേ ക്രോണിക്കിളിന്റെ തീയതിയില്ലാത്ത ഭാഗങ്ങൾ ).

ഒക്ടോബർ 1-ന് ഫോറൻസിക് ശാസ്ത്രജ്ഞൻ ജോൺ ഗ്ലെസ്റ്റർ ജൂനിയറും ഗിൽബർട്ട് മില്ലർ എന്ന ഡോക്ടറും ചേർന്ന് മൊഫാറ്റ് മോർച്ചറിയിൽ മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചു. ഇതുവരെ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങളുടെ 70 പ്രത്യേക വിഭാഗങ്ങൾ വ്യത്യസ്ത ഉയരങ്ങളും പ്രായവുമുള്ള രണ്ട് സ്ത്രീകളുടേതാണെന്നും, അവശിഷ്ടങ്ങൾ വികൃതമാക്കിയത് നല്ലതുപോലെ ശരീരഘടനാപരമായ അറിവുള്ള ഒരു വ്യക്തിയാണെന്നും ഇരുവരും നിർണ്ണയിച്ചു. എന്തെന്നാൽ കൊലയാളി കണ്ണുകൾ, ചെവി, ചർമ്മം, ചുണ്ടുകൾ, മൃദുവായ ടിഷ്യൂകൾ , രണ്ട് തലകളിൽ നിന്നും നിരവധി പല്ലുകൾ എന്നിവ നീക്കം ചെയ്തു. മറുകുകളോ, മുറിവിന്റെ വടുക്കളോ, ടാറ്റുവോ, വാക്സിന്റെ പാടോ ഉണ്ടാകാനിടയുളള എല്ലാ ചർമ്മവും നീക്കം ചെയ്യപ്പെട്ടിരുന്നു. അതായത് കുറ്റവാളിക്ക് അനാട്ടമിയിലും, ഫോറെൻസിക്കിലും പരിചയം ഉണ്ടാകാനിടയുണ്ട് എന്ന് അവർക്ക് ഇതിൽ നിന്നെല്ലാം തോന്നി.
രണ്ട് മൃതദേഹങ്ങളും എഡിൻബർഗ് സർവകലാശാലയിലെ അനാട്ടമി ഡിപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയി , പ്രൊഫസർമാരായ ഗ്ലൈസ്റ്റർ, ജെയിംസ് കൂപ്പർ ബ്രാഷ് , സിഡ്‌നി സ്മിത്ത് എന്നിവർ ഔപചാരികമായ പോസ്റ്റ്‌മോർട്ടം നടത്തി. രണ്ട് മൃതദേഹങ്ങളും എഡിൻബർഗ് സർവകലാശാലയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് മനുഷ്യാവശിഷ്ടങ്ങൾ അടങ്ങിയ മറ്റൊരു ബണ്ടിൽ കണ്ടെത്തിയത്. ഈ ബണ്ടിലിൽ രണ്ട് മനുഷ്യ കൈത്തണ്ടകൾ ഉണ്ടായിരുന്നു. അതിലൊന്നിൽ നിന്നും അന്വേഷകർക്ക് പൂർണ്ണമായ വിരലടയാളം നേടാൻ കഴിഞ്ഞു.
ശരീരങ്ങളിലൊന്ന് ഏകദേശം 30-നും 55-നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്നും , ഒരുപക്ഷേ 35-നും 45-നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാകാം എന്നും; രണ്ടാമത്തെ സ്ത്രീയുടെ പ്രായം 18 നും 25 നും ഇടയിൽ പ്രായം കണക്കാക്കാം എന്നും, ഒരുപക്ഷേ 20 നും 21 നും ഇടയിൽ പ്രായമുണ്ടായിരിക്കാം അവൾ കൊല്ലപ്പെടുമ്പോൾ എന്നും അവർ അനുമാനിച്ചു. മരണകാരണം പരാമർശിക്കുമ്പോൾ , പ്രായമായ സ്ത്രീയുടെ നെഞ്ചിൽ അഞ്ച് കുത്തേറ്റ മുറിവുകളും നിരവധി ഒടിഞ്ഞ അസ്ഥികളും നിരവധി ചതവുകളും ഉണ്ടായിരുന്നു. മറ്റ് പരിക്കുകൾ ഏൽക്കുന്നതിന് മുമ്പ് അവളെ കഴുത്ത് ഞെരിച്ച് കൊന്നതായി സൂചിപ്പിക്കുന്നു. രണ്ടാമത്തെ ഇരയുടെ കൈകാലുകളിലും തലയിലും മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ശരീരത്തിൽ ആവശ്യമായ രക്തം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. പരിശോദന പൂർത്തിയാക്കാൻ ഡോക്ട്ടർമാർക്ക് 8 മണിക്കൂർ സമയം എടുത്തു.
അവശിഷ്ടങ്ങൾ പൊതിഞ്ഞ സൺഡേ ഗ്രാഫിക്കിന്റെ നിരവധി പേജുകൾ പത്രത്തിന്റെ ആസമയത്തെ ഒരു സ്പെഷ്യൽ പതിപ്പായിരുന്നു. അത് സെപ്റ്റംബർ 15 ന് ഇംഗ്ലണ്ടിലെ മോർകാംബെയിലും ലാൻകാസ്റ്റർ ഏരിയയിലും മാത്രം അച്ചടിച്ച്
പ്രസിദ്ധീകരിച്ചവയായതിനാൽ കൊലപാതകി നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് താമസിച്ചിരുന്നത് എന്ന് പോലീസിന് ആദ്യ ലീഡ് കിട്ടി. കൂടാതെ സ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ ചിലത് കുട്ടികളുളളവർ മാത്രം ധരിക്കുന്ന തരത്തിലുളളതായതിനാൽ ഇരകളിൽ ഒന്നോ അധവാ രണ്ടു പേർക്കുമോ കുട്ടികളുണ്ടായിരിക്കാമെന്ന് സൂചന നൽകി.
ആ ഭാഗത്തുണ്ടായിരുന്ന ഒരു പാഴ്സി ഡോക്ടറിലേയ്ക്ക് സംശയം നീണ്ടു. ഡോ. ബുക്ദ്യാർ റംസ്തംജി ഹക്കീം. ( Bukhtyar Chompa Rustomji Ratanji Hakim )- ഡോ. ബക് റക്സ്റ്റൺ ( Dr. Buck Ruxton ) എന്ന ചുരുക്കപ്പേരിലാണ് ആൾ അറിയപ്പെട്ടിരുന്നത്.

1899 മാർച്ച് 21 ന് ഇന്ത്യയിലെ ബോംബെയിൽ ഇന്ത്യൻ-ഫ്രഞ്ച് വംശജരായ ഒരു സമ്പന്ന മധ്യവർഗ പാർസി കുടുംബത്തിലാണ് ബക്ക് റക്സ്റ്റൺ ജനിച്ചത്. റക്സ്റ്റണിന് സാമാന്യം നല്ല ജീവിത ചുറ്റുപാടുകൾ ഉണ്ടായിരുന്നു, അയാൾ ബുദ്ധിമാനായിരുന്നു കൂടാതെ ഉയർന്ന വിദ്യാഭ്യാസവും നേടി. കൗമാരപ്രായത്തിൽ വൈദ്യശാസ്ത്രത്തിൽ ഒരു കരിയർ തേടാൻ അദ്ദേഹം തീരുമാനിച്ചു. മാതാപിതാക്കളുടെ സാമ്പത്തിക പിന്തുണയോടെ, റക്‌സ്റ്റൺ ബോംബെ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചു , 1922-ൽ അദ്ദേഹം ബാച്ചിലർ ഓഫ് മെഡിസിൻ യോഗ്യത നേടി. അടുത്ത വർഷം, അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ചിലർ ഓഫ് സർജറിയായി അദ്ദേഹം പാസായി. പഠനം പൂർത്തിയാക്കിയ ഉടൻ, റക്സ്റ്റൺ ബോംബെ ആശുപത്രിയിൽ ലഭിച്ചു, അവിടെ അദ്ദേഹം മെഡിസിൻ, മിഡ്‌വൈഫറി , ഗൈനക്കോളജി എന്നിവയിൽ വൈദഗ്ദ്ധ്യം നേടി . പിന്നീട് ഇന്ത്യൻ മെഡിക്കൽ സർവീസിൽ ജോലി കിട്ടി
1925 മെയ് മാസത്തിൽ റക്സ്റ്റൺ മോത്തിബായ് ജഹാംഗീർജി ഘാഡിയാലി എന്ന പാഴ്സി സ്ത്രീയെ വിവാഹം കഴിച്ചു. വിവാഹം നിശ്ചയിച്ചുറപ്പിച്ച ഒന്നായിരുന്നു, അത് അധികം നീണ്ടില്ല. അടുത്ത വർഷം ബ്രിട്ടനിലേക്ക് താമസം മാറിയപ്പോൾ റക്‌സ്റ്റൺ ഈ വിവാഹത്തിന്റെ എല്ലാ തെളിവുകളും മറച്ചുവച്ചു.
കുടുംബത്തിന്റെയും ബോംബെ മെഡിക്കൽ സർവീസിന്റെയും സാമ്പത്തിക സഹായത്തോടെ, 1926-ൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് റക്സ്റ്റൺ താമസം മാറി. ഗബ്രിയേൽ ഹക്കിം എന്ന പേരിൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റലിൽ മെഡിക്കൽ കോഴ്‌സുകളിൽ പഠിച്ചു, 1927-ൽ എഡിൻബർഗിലേക്ക് പോയി ഫെലോഷിപ്പ് നേടുന്നതിനുള്ള പഠനം ആരംഭിച്ചു . റക്സ്റ്റൺ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടെങ്കിലും , ബോംബെയിൽ നിന്ന് നേരത്തെ നേടിയ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജനറൽ മെഡിക്കൽ കൗൺസിൽ യുണൈറ്റഡ് കിംഗ്ഡത്തിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ അദ്ദേഹത്തിന് അനുമതി നൽകി. താമസിയാതെ നിയമപരമായി തന്റെ പേര് “ബക്ക് റക്സ്റ്റൺ” എന്നാക്കി മാറ്റി.
എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഫെലോ ആകാൻ പഠിക്കുമ്പോൾ , നഗരത്തിലെ ഒരു കഫേ നടത്തിപ്പുകാരിയായ ഇസബെല്ല വാൻ എസ്സ് എന്ന 26 വയസ്സുള്ള സ്ത്രീയെ റക്സ്റ്റൺ പരിചയപ്പെട്ടു. അവർ പരിചയപ്പെടുന്ന സമയത്ത്, ഇസബെല്ല മറ്റൊരു വിവാഹത്തിൽ നിന്നും മോചിതയായിരുന്നു. ഇരുവരും പ്രണയബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങി, 1928-ൽ ഇംഗ്ലണ്ടിലേക്ക് താമസം മാറുമ്പോൾ ഇസബെല്ല റക്‌സ്റ്റണിനൊപ്പം ഉണ്ടായിരുന്നു. അടുത്ത വർഷം, ഇസബെല്ല ദമ്പതികളുടെ ആദ്യത്തെ കുട്ടിക്ക് ജന്മം നൽകി, അവർ എലിസബത്ത് എന്ന് പേരിട്ട മകൾക്ക്.
1930-ൽ റക്സ്റ്റൺസ് ലണ്ടനിൽ നിന്ന് ലങ്കാസ്റ്ററിലേക്ക് താമസം മാറ്റി, അവിടെ അദ്ദേഹം 2 ഡാൽട്ടൺ സ്ക്വയറിലുള്ള തന്റെ കുടുംബ വീട്ടിൽ ഒരു മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ചു. ബ്രിട്ടീഷ് സമൂഹത്തിൽ സ്വയം ലയിപ്പിക്കാൻ റക്സ്റ്റൺ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു, മാത്രമല്ല സമൂഹത്തിൽ നല്ല ബഹുമാനവും ജനപ്രീതിയുമുള്ള ഒരു കഠിനാദ്ധ്വാനിയും അനുകമ്പയും ഉള്ള ഒരു ജനറൽ ഫിസിഷ്യൻ എന്ന നിലയിൽ അദ്ദേഹം രോഗികൾക്കിടയിൽ വളരെ വേഗം പ്രശസ്തി നേടി. തന്റെ രോഗികൾക്ക് താങ്ങാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ പല അവസരങ്ങളിലും അദ്ദേഹം തന്റെ ചികിത്സാ ഫീസ് ഒഴിവാക്കിയതായി പറയപ്പെടുന്നു. അടുത്ത വർഷം, ഡയാൻ എന്ന രണ്ടാമത്തെ മകൾ ജനിച്ചു. രണ്ട് വർഷത്തിന് ശേഷം, 1933-ൽ ഇസബെല്ല വില്യം എന്ന മകനെ പ്രസവിച്ചു. അതേ വർഷം തന്നെ അവരുടെ കുട്ടികളെ പരിപാലിക്കുന്നതിനായി മേരി ജെയ്ൻ റോജേഴ്സൺ എന്ന വേലക്കാരിയെ നിയമിച്ചു.

ലങ്കാസ്റ്റർ കമ്മ്യൂണിറ്റിക്കുള്ളിൽ അദ്ദേഹത്തിന്റെ ബഹുമാന്യമായ പ്രശസ്തി ഉണ്ടായിരുന്നിട്ടും , ഇസബെല്ലയും റക്സ്റ്റണും തമ്മിലുള്ള ബന്ധം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു, ഇസബെല്ലയുടെ അവിശ്വസ്തതയെക്കുറിച്ച് അയാൾക്ക് സംശയം ഉണ്ടായിരുന്നു. പല അവസരങ്ങളിലും ഇസബെല്ല അവളുടെ സാധനങ്ങൾ പാക്ക് ചെയ്ത് കുട്ടികളുമായി എഡിൻബർഗിലേക്ക് തിരിച്ചു പോയിരുന്നു. റക്സ്റ്റണിൽ നിന്നുള്ള ഫോൺ കോളുകൾ വരുമ്പോൾ അവൾ ലങ്കാസ്റ്ററിലേക്ക് മടങ്ങി വരുകയും ചെയ്യും.

റക്സ്റ്റൺ എപ്പോഴാണ് ഇസബെല്ലയെ വ്യഭിചാരം ആരോപിച്ച് ആക്രമിക്കാൻ തുടങ്ങിയത് എന്നത് അജ്ഞാതമാണ്, എന്നിരുന്നാലും ദമ്പതികൾ തമ്മിലുള്ള ഉച്ചത്തിലുള്ള വഴക്കുകൾ പല അവസരങ്ങളിലും പോലീസ് ഇടപെടലിൽ കലാശിച്ചിരുന്നു. ദമ്പതികൾ തമ്മിലുള്ള തർക്കങ്ങൾ ഇടയ്ക്കിടെ ലങ്കാസ്റ്റർ പോലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കേണ്ടി വന്നു. ഒരിക്കൽ ഇസബെല്ല ആത്മഹത്യക്ക് ശ്രമിച്ചെന്നും, അതിന്റെ ഫലമായി അവൾക്ക് ഒരു അബോഷൻ സംഭവിച്ചെന്നും പറയപ്പെടുന്നു.
1933-ൽ ഒരിക്കൽ, തന്റെ ഭർത്താവ് തന്നെ മർദിക്കാൻ തുടങ്ങിയെന്ന് ഇസബെല്ല പോലീസിൽ പരാതിപ്പെട്ടു; പോലീസ് വീട്ടിൽ വന്ന് അന്വേഷിച്ചപ്പോൾ താൻ ഭാര്യയെ ആക്രമിച്ച കാര്യം റക്‌സ്റ്റൺ നിഷേധിച്ചു. എന്നിരുന്നാലും, ഈ സംഭവം നടന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഇസബെല്ല തന്റെ പങ്കാളിയുടെ അടുത്തേക്ക് തിരിച്ച് പോയി. മറ്റൊരവസരത്തിൽ 1934 ഏപ്രിലിൽ മറ്റൊരു വഴക്കിനെത്തുടർന്ന് ഒരു ലങ്കാസ്റ്റർ പോലീസുകാരനെ റക്സ്റ്റൺ വീട്ടിലേക്ക് വിളിച്ചു. അവിടെയെത്തിയപ്പോൾ, റക്സ്റ്റൺ ഉദ്യോഗസ്ഥനെ അറിയിച്ചു: “ഓഫീസർ, എനിക്ക് രണ്ട് പേരെ കൊല്ലാൻ തോന്നുന്നു … എന്റെ ഭാര്യ ഒരുവനെ കാണാൻ പോകുന്നു”.
1935 സെപ്തംബർ ആദ്യം ഇസബെല്ല റക്സ്റ്റൺ തന്റെ സഹോദരിമാരിൽ ഒരാളെ കാണാൻ എഡിൻബർഗിലേക്ക് പോയി. അവളുടെ സൗഹൃതവലയത്തിൽ റോബർട്ട് എഡ്മണ്ട്‌സൺ എന്ന് പേരുള്ള ഒരു പ്രമുഖ ലങ്കാസ്റ്റർ കുടുംബാംഗം ഉണ്ടായിരുന്നു, റോബർട്ട് എഡ്‌മണ്ട്‌സണുമായി തന്റെ ഭാര്യക്ക് ബന്ധമുണ്ടെന്ന് റക്സ്റ്റണ് സംശയമുണ്ടായിരുന്നു. പിന്നീട് പോലീസ് അന്വേഷണത്തിൽ അവരിരുവരും ഒരേ ഹോട്ടലിൽ വെവ്വേറെ റൂമുകൾ ബുക്ക് ചെയ്തിരുന്നതായി കണ്ടെത്തി.
ശരീരഭാഗങ്ങൾ ലഭിക്കുന്നതിന് 5 ദിവസം മുമ്പ് ഡോക്ടറുടെ ഒരു പരാതി ലങ്കാസ്റ്റർ പൊലീസിന് ലഭിച്ചിരുന്നു. തന്റെ ഭാര്യയെയും വീട്ടുജോലിക്കാരിയെയും കാണാനില്ല എന്നായിരുന്നു പരാതി. വീട്ടുജോലിക്കാരി തുണി അലക്കുകാരനാൽ ഗർഭിണിയാക്കപ്പെട്ടു എന്നും അബോർഷനായി അവർ രണ്ടുപേരും പണം മോഷ്ടിച്ചു കടന്നു എന്നുമായിരുന്നു ആരോപണം. ശരീരഭാഗത്തോടൊപ്പം കിട്ടിയ ബ്ലൗസ് വീട്ടുജോലിക്കാരിയുടെ ബന്ധുക്കളെ കാണിച്ചപ്പോൾ അവർ തിരിച്ചറിഞ്ഞു.

ഡോക്ടറുടെ വീട് വൃത്തിയാക്കുന്ന ആളെ പോലീസ് ചോദ്യംചെയ്തു. സെപ്റ്റംബർ 15-ന് ജോലിക്ക് വരണ്ട എന്ന് ഡോക്ടർ അവരോട് പറഞ്ഞിരുന്നതായി മൊഴി രേഖപെടുത്തി. പതിനാറാം തീയതി ജോലിക്കെത്തിയപ്പോൾ ഡോക്ടറുടെ വീട് ആകെ അലങ്കോലപ്പെട്ട് കാണപ്പെട്ടിരുന്നു എന്നും ബാത്ത്റൂമിലെ ബാത്ത് ടബ്ബിൽ മഞ്ഞ കറ പിടിച്ചിരുന്നു എന്നും മുറ്റത്ത് എന്തോ കത്തിച്ച ഒരു കൂന കാണപ്പെട്ടു എന്നും അവർ പറഞ്ഞു. അയൽക്കാരിൽ ഒരാളും ഡോക്ടർക്ക് എതിരായി മൊഴി കൊടുത്തു.
ഒക്ടോബർ 12-ന് ഡോ. ബക് റക്സ്റ്റൺ അറസ്റ്റ് ചെയ്യപ്പെട്ടു. റക്സ്റ്റണ് സംശയരോഗമായിരുന്നു. അദ്ദേഹത്തിന് ഭാര്യയെ വിശ്വാസമില്ലായിരുന്നു.
1935 സെപ്റ്റംബർ 14-ന് വൈകുന്നേരം ഇസബെല്ല റക്‌സ്റ്റൺ ബ്ലാക്ക്‌പൂൾ ഇല്യൂമിനേഷൻസ് കാണാനും അവളുടെ രണ്ട് സഹോദരിമാരെ സന്ദർശിക്കാനും (ഇരുവരും ബ്ലാക്ക്‌പൂളിന് സമീപം താമസിച്ചിരുന്നു) പോയി. അവൾ ഏകദേശം രാത്രി 11:30 ന് വീട്ടിലേക്ക് മടങ്ങാൻ ബ്ലാക്ക്പൂളിൽ നിന്ന് പുറപ്പെട്ടു. സെപ്റ്റംബർ 15 ഞായറാഴ്ച പുലർച്ചെ അവൾ ഡാൽട്ടൺ സ്ക്വയറിൽ തിരിച്ചെത്തിയപ്പോൾ , റക്‌സ്റ്റണിന്റെ അസൂയയും ഭ്രാന്തും അവനെ കീഴടക്കി, മിക്കവാറും അയാൾ ഇസബെല്ലയെ ആക്രമിക്കുകയും, കീഴ്പ്പെടുത്തുകയും കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലേക്കാകുകയും ചെയ്തു എന്നു കരുതുന്നു. അല്ലെങ്കിൽ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കത്തികൊണ്ട് കുത്തി എന്ന് അനുമാനിക്കുന്നു. വേലക്കാരി ഈ രംഗം കണ്ടതിനാൽ അവരേയും അതു പോലെ തന്നെ കൊന്നു.
വ്യക്തമായി തെളിഞ്ഞിട്ടില്ലെങ്കിലും ഭിത്തിയിലും, പരവതാനിയിലും, പടികളിലും രക്തത്തിന്റെ അടയാളങ്ങൾ പിന്നീട് കണ്ടു പിടിച്ചതിനാൽ അക്രമസമയത്ത് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കാം, അതിനാൽ കത്തി ഉപയോഗിച്ചായിരിക്കാം ആക്രമിച്ചിരിക്കുക.
കൊലപാതകത്തിന്റെ തലേദിവസം ഒരു വേലക്കാരിയോട് സെപ്റ്റംബർ 16 വരെ തന്റെ പരിസരത്ത് വരരുതെന്ന് അയാൾ പറഞ്ഞിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു വീട്ടുജോലിക്കാരിയുടെ വീട്ടിൽ ചെന്ന് സെപ്റ്റംബർ 16 വരെ തന്റെ വീടിന്റെ പരിസരം വൃത്തിയാക്കരുതെന്ന് അവളോട് പറയുകയും ചെയ്തു. അവന് പരിചയമുളള ഒരു ദന്തഡോക്ട്ടറുടെ അടുത്ത് കുട്ടികളെ ഒരു ദിവസം നോൽക്കാനായി ഏൽപ്പിച്ചു.

കണ്ടെത്തിയ ശരീരഭാഗങ്ങൾ ഭാര്യയുടെയും വീട്ടുജോലിക്കാരിയുടേതുമല്ല എന്നായിരുന്നു ഡോ റക്സ്റ്റൺ വാദിച്ചത്. എന്നാൽ ഫോറൻസിക് മെഡിസിൻ വിദഗ്ധരുടെ മൊഴികൾ അദ്ദേഹത്തിനെതിരായിരുന്നു. പ്രൊഫ. ഗ്ലൈസ്റ്റർ, ഡോ. സിഡ്‌നി സ്മിത്ത്, ഡോ. മില്ലർ എന്നിവർ ശരീരഭാഗങ്ങൾ ആരുടേതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിരുന്നു. ശരീരഭാഗങ്ങളുടെ പഴക്കം നിർണ്ണയിക്കാൻ അവശിഷ്ടങ്ങളിൽ കാണപ്പെട്ട പ്രാണിയുടെ പ്യൂപ്പയുടെ ജീവിത ചക്രം പരിശോദിക്കുകയും അതിൽ നിന്ന് രണ്ടാഴ്ച്ചയിൽ കൂടുതലായിട്ടില്ല എന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ അയാൾ മൃതദേഹം കളയാൻ പോകുമ്പോൾ ആ കാർ ഒരു സൈക്കിൾ യാത്രക്കാരൻ ശ്രദ്ധിച്ചിരുന്നു; അതും തെളിവായി. മറ്റ് പല കണക്കുകൂട്ടലുകളും സിന്ദാന്തങ്ങളും ഈ കേസിൽ ഉൾപ്പെട്ടിരുന്നു. ഒരു ഡോക്ട്ടർ ആയിട്ടും, തേച്ചുമാച്ചുകളയാൻ ആകുന്നതെല്ലാം നോക്കിയിട്ടും സയൻസ് അയാളിലും മുകളിൽ തന്നെ നിന്നു. പ്രതി ഡോക്ട്ടർ ആയതിനാൽ ഫോറൻസിക്ക് വിദഗ്ധരും അവരുടെ കഴിവിന്റെ പരമാവധി ഈ കേസിൽ പ്രയോഗിച്ചു. സൂപ്പർ ഇമ്പോസിഷൻ ആദ്യമായി ഈ കേസിൽ ഉപയോഗിച്ചു. വേലക്കാരിയുടെ ഒരു പഴയ ഫോട്ടോയിലേയ്ക്ക് ലഭിച്ച തലയോട്ടിയുടെ ഫോട്ടോ മെർജ് ചെയ്ത് പരിശോദിക്കുകയാണ് ചെയ്തത്. അതിനായി ആദ്യം ആ ഫോട്ടോ വർത്തമാന കാലത്തെ മറ്റ് ഒരു വസ്തുവിന്റെ അതേ വലുപ്പത്തിലേയ്ക്ക് എത്തിക്കുന്നു. ഇവിടെ വേലക്കാരിയുടെ ഹെയർ ബാൻഡിന്റെ വലുപ്പം ആദ്യം അടയാളപ്പെടുത്തുന്നു. പിന്നീട് ആ ഹയർബാൻഡിന് തക്കവണ്ണം ഫോട്ടോ എൻലാർജ് ചെയ്യുന്നു. അതിനു ശേഷം തലയോട്ടിയുടെ യഥാർത്ഥ ഫോട്ടോ എടുക്കുന്നു. ഇതു രണ്ടും തമ്മിൽ യോജിപ്പിക്കുമ്പോൾ കൃത്യമായി എല്ലാ പോയിന്റുകളും ( കപോല ശാസ്ത്രത്തിൽ അതിന് ചില കണക്കുകൾ ഉണ്ട് ) താതാമ്യം പ്രാപിക്കുന്നു എങ്കിൽ അത് മരിച്ച ആളിന്റെ തലയോട്ടിയാണ് അല്ലെങ്കിൽ അത് മറ്റാരുടേതെങ്കിലും ആയിരിക്കും.

Mrs. Ruxton’s portrait with dress and tiara, 1935.
Finding the Scale: Photographic reconstruction was an important tool in the investigation. The skulls of the two victims were compared with multiple existing portraits to confirm the identifications. To find the precise scale of this portrait, a photographer staged a measured shot of the dress and tiara and superimposed them on the portrait. (University of Glasgow)

Then they laid a photo-transparency of this skull over the portrait to establish that the skull was Mrs. Ruxton’s.
(University of Glasgow)

Outlines of Skull No. 1 superimposed on outlines of Mrs. Ruxton’s portrait. The facial outlines do not correspond. Outlines of Skull No. 2 superimposed on outlines of Mrs. Ruxton’s portrait. The facial outlines seem to correspond. (University of Glasgow)

(University of Glasgow)
അവസാന വാദങ്ങൾക്കും ജഡ്ജി സിംഗിൾട്ടണിന്റെ അന്തിമ നിർദ്ദേശങ്ങൾക്കും ശേഷം, ജൂറി അവരുടെ വിധി പരിഗണിക്കാൻ വിരമിച്ചു; റക്സ്റ്റണിനെതിരെ കുറ്റക്കാരനാണെന്ന് വിധിക്കുന്നതിന് മുമ്പ് അവർ വെറും ഒരു മണിക്കൂറോളം ആലോചിച്ചു . തൽഫലമായി, ജസ്റ്റിസ് സിംഗിൾട്ടൺ റക്സ്റ്റനെ വധശിക്ഷയ്ക്ക് വിധിച്ചു. മറുപടിയായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി സിംഗിൾടണിന്റെ ചോദ്യത്തിന്, കോടതിയുടെ ക്ഷമയ്ക്കും തന്റെ വിചാരണയുടെ നീതിക്കും മാന്യമായി നന്ദി പറയുകയും “ഞാൻ വളരെ ഖേദിക്കുന്നു” എന്നും അറിയിച്ചു. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് റക്സ്റ്റൺ ജഡ്ജിയെ അറിയിച്ചു

വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ, ബക്ക് റക്‌സ്റ്റൺ തന്റെ ചീഫ് ഡിഫൻസ് കൗൺസൽ നോർമൻ ബിർകെറ്റ് കെസിക്ക് ഒരു കത്ത് എഴുതി, ഈ കത്തിൽ, തന്റെ പ്രതിരോധം നടത്തിയ വൈദഗ്ധ്യത്തിന് റക്‌സ്റ്റൺ ബിർകെറ്റിന് നന്ദി പറഞ്ഞു: “എനിക്കറിയാം. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞാൻ എന്റെ സ്രഷ്ടാവിനെ കാണാൻ പോകുകയാണ്, പക്ഷേ ഞാൻ നിങ്ങളോട് പറയുന്നു, സർ, ഈ കുറ്റകൃത്യത്തിൽ ഞാൻ പൂർണ്ണമായും നിരപരാധിയാണ്.”
10,000-ത്തിലധികം ഒപ്പുകൾ ശേഖരിച്ച റക്‌സ്റ്റണിനോട് ദയ ആവശ്യപ്പെട്ട് ലങ്കാസ്റ്റർ നിവാസികൾ ഒരു നിവേദനം നൽകിയെങ്കിലും, 1936 മെയ് 12-ന് രാവിലെ എച്ച്‌എം ജയിൽ മാഞ്ചസ്റ്ററിൽ റക്‌സ്റ്റനെ തൂക്കിലേറ്റി.

റക്‌സ്റ്റണിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ പിറ്റേന്ന്, ഒരു ഞായറാഴ്ച പത്രം, അറസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന് റക്‌സ്റ്റൺ എഴുതിയ ഒരു ഹ്രസ്വമായ കൈയെഴുത്ത് കുറ്റസമ്മതം പ്രസിദ്ധീകരിച്ചു, അത് വധശിക്ഷയ്‌ക്ക് വിധേയനായാൽ മാത്രമേ തുറക്കാവൂ എന്നും അല്ലെങ്കിൽ കുറ്റവിമുക്തനാക്കപ്പെട്ടാൽ അവന് തിരികെ നൽകണമെന്നും അയാൾ പറഞ്ഞിരുന്നു.
“മിസ്സിസ് റക്സ്റ്റണെ ഞാൻ കൊലപ്പെടുത്തിയത് അവൾ ഒരു പുരുഷനോടൊപ്പമായിരുന്നുവെന്ന് ഞാൻ കരുതിയതുകൊണ്ടാണ്. ആ സമയത്ത് എനിക്ക് ഭ്രാന്തായിരുന്നു. ആ സമയത്ത് മേരി ജെയിൻ റോജേഴ്സൺ ഉണ്ടായിരുന്നു. എനിക്ക് അവളെ കൊല്ലേണ്ടി വന്നു.”
ഇതായിരുന്നു ആ കത്തിന്റെ ഉളളടക്കം.
കുറ്റാന്വേഷണ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കേസാണിത്. സൂപ്പർ ഇമ്പോസിഷൻ ടെക്നിക്ക് ചരിത്രത്തിൽ ആദ്യമായി ഉപയോഗിച്ചത് ഈ കേസിലാണ്. സൂപ്പർ ഇമ്പോസിഷൻ ഈ കേസിൽ ഒരു സപ്പോർട്ടിങ്ങ് എവിഡെൻസ് ആയാണ് ഉപയോഗിച്ചത്.
യഥാർത്ഥ വലിപ്പമുള്ള തലയോട്ടിയുടെ ചിത്രവും മരണപ്പെട്ട വ്യക്തിയുടെ ജീവനുള്ളപ്പോൾ എടുത്ത യഥാർത്ഥ വലിപ്പത്തിലുള്ള മുഖത്തിന്റെ ചിത്രവും തമ്മിൽ താരതമ്യം ചെയ്യുന്നു. സുതാര്യമായ ചിത്രങ്ങൾ മെർജ് ചെയ്യുകയാണ് ചെയ്യുക.
External auditory meatus, orbits, anterior nasal spine, chin point, angle of mandible, zygomatic processes, upper alveolar margin, upper orbital margins തുടങ്ങിയവ അനലൈസ് ചെയ്യുന്നു. അതായത് കണ്ണുകൾ ഓർബിറ്റിന്റെ ഉള്ളിൽ തന്നെ വരണം, പുരികങ്ങൾ ഓർബറ്റിന്റെ മാർജിന് മുകളിൽ തന്നെയായിരിക്കണം … അങ്ങനെ ഓരോന്നും താരതമ്യം ചെയ്യുന്നു.



ജീവനുള്ളപ്പോൾ എടുത്ത ഫോട്ടോ വലുതാക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകളും ഫോട്ടോഗ്രാഫുകൾ തമ്മിൽ ഉണ്ടാകുന്ന അലൈൻമെന്റ് തെറ്റുകളും സ്കൾ ഫോട്ടോ സൂപ്പർ ഇമ്പോസിഷനിൽ സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.
വീഡിയോ സൂപ്പർ ഇമ്പോസിഷൻ കൊണ്ട് ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാം. തലയോട്ടിയുടെ വീഡിയോയും മരണത്തിനു മുൻപുള്ള ഫോട്ടോഗ്രാഫിന്റെ വീഡിയോയും തമ്മിൽ സൂപ്പർ ഇംപോസ് ചെയ്യുന്നു. ഇതുകൂടാതെ കമ്പ്യൂട്ടർ സഹായത്തോടെയുള്ള സൂപ്പർ ഇമ്പോസിഷൻ ടെക്നിക്കും നിലവിലുണ്ട്.
എന്നാലിന്ന് ഈ രണ്ട് ടെക്നിക്കുകളും അപ്രസക്തമാണ് എന്ന് തന്നെ പറയാം. ഡി. എൻ. എ ഫിംഗർപ്രിന്റിങ്ങിലൂടെ 100% ഉറപ്പിച്ച് ഐഡിന്റിറ്റി കണ്ടുപിടിക്കാൻ വളരെ എളുപ്പമാണിന്ന്. ഐഡന്റിക്കൽ ട്വിൻസ് ആണെങ്കിൽ മാത്രമേ 100% ഉറപ്പില്ലാതാവുകയുള്ളൂ. ഇതിനായി വേണ്ടത് മരിച്ചയാളുടെ ശരീരഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന ഡി എൻ എയും സംശയിക്കുന്ന ആളുകളുടെ ബന്ധുക്കളുടെ രക്തവും മാത്രം. ഇതിനായി കുറച്ച് മില്ലീലിറ്റർ രക്തം മാത്രമേ ആവശ്യം വരൂ, ഇഡിറ്റിഎ ആണ് പ്രിസർവേറ്റിവായി ഉപയോഗിക്കേണ്ടത്.
അവിടെനിന്നും ശാസ്ത്രം വീണ്ടും വികസിച്ചിരിക്കുന്നു. താരതമ്യം ചെയ്യാൻ സംശയിക്കേണ്ട ആളില്ലെങ്കിൽ പോലും തലയോട്ടിയിൽ നിന്നും മുഖത്തിന്റെ രൂപം മെനഞ്ഞെടുക്കുന്ന സാങ്കേതികവിദ്യ. Sculptural reconstruction, computerized facial reconstruction തുടങ്ങിയവയാണ് സാങ്കേതികവിദ്യകൾ. മുഖത്തിന്റെ ത്രിമാന ചിത്രങ്ങൾ കമ്പ്യൂട്ടർ സഹായത്തോടെ സൃഷ്ടിക്കാൻ സാധിക്കുന്ന ഫേസ് റാപ്പിങ് സോഫ്റ്റ്‌വെയറുകൾ വരെ നിലവിലുണ്ട്. തലയോട്ടിയുടെ മുൻവശത്ത് മാംസപേശികൾ പ്രൊജക്ട് ചെയ്ത് മുഖത്തിന്റെ ഏകദേശരൂപം പുനസൃഷ്ടിക്കുന്നു. സയൻസിന്റെ വളർച്ചയോടൊപ്പം കുറ്റാന്വേഷണത്തിലെ ഈ വിഭാഗവും വളർന്നുകൊണ്ടിരിക്കുകയാണ്.