Bombay Double Murders
2012 മാർച്ച് 9.
മുംബായ് സിറ്റിയിലെ അമ്പോളി പൊലീസ് സ്റ്റേഷനിലേയ്ക്ക്, വൃദ്ധയായ റീത്ത കക്കറും മകൻ അനിഷ് കക്കറും കയറിച്ചെന്നു. ന്യൂ ഡെൽഹി സ്വദേശികളായ അവർ തലേന്നാളത്തെ വിമാനത്തിനു മുംബായിൽ എത്തിയതാണ്. സ്റ്റേഷൻ ഹൌസ് ഓഫീസർക്കു മുന്നിൽ അവർ ഒരു പരാതി സമർപ്പിച്ചു.

റീത്തയുടെ മൂത്തപുത്രനും ഹനീഷിന്റെ ജ്യേഷ്ഠനുമായ കരൺ കക്കറിനെ പറ്റി കഴിഞ്ഞ മൂന്നു ദിവസമായി യാതൊരു വിവരവുമില്ല എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
കരൺ കക്കർ, വർഷങ്ങൾക്കു മുൻപേ ബോളിവുഡ് മോഹങ്ങളുമായി ഡെൽഹിയിൽ നിന്നും മുംബായിലെത്തിയതാണ്. ഡെൽഹിയിലായിരുന്നപ്പോൾ ചെറിയ ടെലിഫിലിമുകളിൽ അഭിനയിയ്ക്കുകയും നിർമ്മിയ്ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ അറിയപ്പെടുന്നൊരാളാകണമെങ്കിൽ ബോളിവുഡിൽ പയറ്റണമെന്ന് കരണിന് അറിയാമായിരുന്നു.
മുംബായിലെത്തിയ അയാൾ ചില ഹിന്ദി ചിത്രങ്ങളിൽ മുഖം കാണിച്ചു. എന്നാൽ അതിൽ തൃപ്തനാകാതെ ഒരു ഹിന്ദി ചിത്രം നിർമ്മിയ്ക്കുന്നതിനെ പറ്റി അയാൾ ചിന്തിച്ചു തുടങ്ങി. അതിനുള്ള ശ്രമങ്ങളിലാണിപ്പോൾ കരൺ ഉള്ളത്.
2012 മാർച്ച് 6 ന്, അതായത് മൂന്നു ദിവസം മുൻപ്, വൈകുന്നേരം സഹോദരനായ ഹനീഷിന് കരണിന്റെ ഫോൺ കോൾ വന്നിരുന്നു.
മുംബായിലെ ഒരു രാഷ്ട്രീയ നേതാവ് തന്റെ പ്രോജക്ടിനോട് സഹകരിയ്ക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ഇന്നു രാത്രി അയാളെ കാണാൻ പോകുന്നു എന്നുമായിരുന്നു കോൾ.
അന്നു വൈകി, ഹനീഷ് സഹോദരനെ വിളിച്ചപ്പോൾ ഫോൺ ശബ്ദിയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ ആരും അറ്റൻഡ് ചെയ്തില്ല.
പിന്നീട് വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ചോഫ് ആയിരുന്നു.
അന്നു രാത്രിയും പിറ്റേന്നും അതിനടുത്ത ദിവസവും ശ്രമിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. തന്റെ സഹോദരനു എന്തോ ആപത്തു സംഭവിച്ചതായി തോന്നിയ ഹനീഷ് മാതാവുമൊത്ത് മുംബായിലെത്തുകയായിരുന്നു.
അന്ധേരിയിലെ, സമ്പന്നരുടെ മേഖലയായ ഒബ്റോയ് സ്പ്രിങ് ഫീൽഡ്സ് അപാർട്ട്മെന്റിലായിരുന്നു കരൺ കക്കറിന്റെ താമസം.
പരാതി സ്വീകരിച്ച ഇൻസ്പെക്ടർ, വേണ്ട നടപടി സ്വീകരിയ്ക്കാമെന്ന് അവർക്ക് ഉറപ്പു നൽകി.

കരണിന്റെ മുംബായിലെ പരിചയക്കാർ ആരെന്ന് പോലീസ് അവരോട് അന്വേഷിച്ചു. സിമ്രാൻ സൂദ് എന്നൊരു യുവതിയെ പറ്റി മാത്രമേ അവർക്കറിവുണ്ടായിരുന്നുള്ളു, അക്കാര്യം പൊലീസിനെ അറിയിച്ചു.
പരാതി നൽകിയ ശേഷം ഹനീഷും മാതാവും മുംബായി തന്നെ താൽക്കാലികമായി താമസിച്ചു.

പൊലീസ് അന്ധേരിയിലെത്തി.
സമ്പന്നമേഖല, ആഡംബര ഫ്ലാറ്റുകൾ. കരണിന്റെ ഫ്ലാറ്റിന്റെ ചുറ്റുവട്ടത്ത് അന്വേഷണം നടത്തിയതിൽ നിന്നും, സിമ്രാൻ സൂദും അടുത്തു തന്നെയുള്ള മറ്റൊരു ഫ്ലാറ്റിലാണു താമസമെന്നു മനസ്സിലായി.
സിമ്രാനെ സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചു.
മുംബായിലെ അറിയപ്പെടുന്നൊരു മോഡലാണു സിമ്രാൻ.
അതിസുന്ദരി. (!)


കരൺ കക്കർ എന്നൊരാളെ തനിയ്ക്കറിയില്ല എന്നവൾ പൊലീസിനു മൊഴി നൽകി.
ചോദ്യം ചെയ്യലിൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചുമില്ല. പൊലീസ് അവളെ വിട്ടയച്ചു.
കരണിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.
ഏതാനും ദിവസങ്ങൾക്കു ശേഷം, പൂനയിൽ നിന്നും ഒരു വിവരം അമ്പോളി പൊലീസിനു ലഭിച്ചു.
അവിടെ, ആളൊഴിഞ്ഞ ഒരു വീട്ടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന BMW കാറിനെ പറ്റിയായിരുന്നു അത്.
വീട്ടുടമസ്ഥൻ വിദേശത്താണു താമസം. വീടു നോക്കി നടത്തുന്ന ആൾ ഒരു ദിവസം രാവിലെ എത്തുമ്പോഴാണു ഒരു കാർ നിർത്തിയിട്ടിരിയ്ക്കുന്നതു കണ്ടത്. രണ്ടുദിവസമായിട്ടും ആരും അന്വേഷിച്ചു വരാത്തതിനാൽ അയാൾ പൊലീസിനെ അറിയിച്ചു.
പൊലീസ് കാർ നമ്പർ പരിശോധിച്ചതിൽ നിന്നും അതും മുംബായിൽ രജിസ്റ്റർ ചെയ്തതാണെന്ന് മനസ്സിലായി.
കാർ ഉടമസ്ഥനെ തിരഞ്ഞതിൽ നിന്നും അതു കരൺ കക്കർ എന്നൊരാളിന്റേതാണെന്നും മനസ്സിലായി. അങ്ങനെയാണു ഇക്കാര്യം അമ്പോളി പൊലീസിൽ എത്തിയത്.
പുനെയിലെത്തിയ പൊലീസിനു കാറിൽ നിന്നും കാര്യമായ തുമ്പുകളൊന്നും കിട്ടിയില്ല.
കരൺ എവിടെ പോയി മറഞ്ഞു എന്നതു ദുരൂഹമായി തുടർന്നു.
മാർച്ച് 17 നു, കരണിന്റെ അനുജൻ ഹനീഷിനു ന്യൂഡെൽഹിയിൽ നിന്നും ഒരു കോൾ ലഭിച്ചു. ഒരു സുഹൃത്തായിരുന്നു വിളിച്ചത്.
കരണിന്റെ മൊബൈൽ ഫോൺ, മുംബായി- ദില്ലി വൈശാലി എക്സ്പ്രസിൽ നിന്നും കിട്ടി എന്നായിരുന്നു സുഹൃത്തിന്റെ സന്ദേശം.
ഹനീഷ് ഉടൻ തന്നെ ഡെൽഹിയിലേയ്ക്കു തിരിച്ചു. സുഹൃത്തിന്റെ അടുത്തെത്തി.
റെയിൽവേ പൊലീസ് സുഹൃത്തിന്റെ ഫോണിലേയ്ക്ക് വിളിച്ച്, ഒരു ഫോൺ കിട്ടിയതായും ആ ഫോണിന്റെ ഉടസ്ഥനെ അറിയുമോ എന്നും അന്വേഷിയ്ക്കുകയായിരുന്നു. ആ വിവരമാണു ഹനീഷിനെ അറിയിച്ചത്.

രണ്ടു പേരും കൂടി റെയിൽവേ പൊലീസിലെത്തി.
വൈശാലി എക്സ്പ്രസിന്റെ ടോയിലറ്റിൽ ഒരു ഫോൺ കിടക്കുന്നതു കണ്ട ഒരു യാത്രക്കാരൻ അത് പൊലീസിനെ ഏല്പിച്ചു. പൊലീസ് അതിൽ നിന്നും അവസാനം പോയ കോളിന്റെ നമ്പരിലേയ്ക്ക് വിളിച്ചപ്പോഴാണു സുഹൃത്തിനെ കിട്ടിയത്.
ഹനീഷ് കാര്യങ്ങൾ പൊലീസിനെ അറിയിച്ചു. മുംബായ് പൊലീസിൽ തങ്ങൾ പരാതി നൽകിയ വിവരവും അറിയിച്ചു.
അവർ ഫോൺ ഹനീഷിനെ ഏല്പിച്ചു. മുംബായിൽ മടങ്ങിയെത്തിയ ഹനീഷ് അത് അമ്പോളി പൊലീസിനു കൈമാറി.
തന്റെ കാർ പൂനെയിൽ ഉപേക്ഷിച്ചിട്ട്, എന്തിനു കരൺ ഡെൽഹിയ്ക്കു പോയി? അവിടെ നിന്നും എങ്ങോട്ടു പോയി? കരൺ കക്കർ മിസ്സിംഗ് കേസിൽ പൊലീസ് അക്ഷരാർത്ഥത്തിൽ വഴിമുട്ടി നിന്നു.

മുംബായ് പൊലൊരു മഹാനഗരത്തിൽ ഒരു അന്യനാട്ടുകാരന്റെ തിരോധാനം അത്രയൊന്നും ചലനം സൃഷ്ടിയ്ക്കാൻ വഴിയില്ലല്ലോ.
കേസ് പൊലീസ് ഫയലിൽ ഭദ്രമായി ഇരുന്നു.
2012 ഏപ്രിൽ 7
അന്ധേരിയിലെ സമർത്ഥ് ആംഗൻ അപാർട്ട്മെന്റിലെ പരിസരവാസിയായ ഒരാളിൽ നിന്നൊരു ഫോൺ കോൾ അമ്പോളി പൊലീസ് സ്റ്റേഷനിൽ എത്തി. അപാർട്ട്മെന്റിലെ ഒരു ഫ്ലാറ്റിൽ ഒരു കൊലപാതകം നടക്കുന്നു എന്നും, കൊലപാതകികളെ ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടിരിയ്ക്കുന്നു എന്നുമായിരുന്നു കോൾ.
പൊലീസ് ഉടൻ അങ്ങോട്ടേയ്ക്ക് പുറപ്പെട്ടു.
ബഹുനിലമന്ദിരങ്ങളാണ് ചുറ്റും. അപാർട്ട് മെന്റിന്റെ നാലാം നിലയിലാണു സംഭവം നടന്നത്.
പരിസരവാസികൾ അലാറം മുഴക്കിയതിനാൽ അവിടെങ്ങും ആൾത്തിരക്കായിരുന്നു.
പാഞ്ഞെത്തിയ പൊലീസ് ഫ്ലാറ്റിലേയ്ക്കു കുതിച്ചു.
പൂട്ടിയിട്ട വാതിൽ തുറന്ന് അകത്തുകയറി. മുറിയിൽ ചോരപ്പാടുകളുണ്ട്. പക്ഷേ ആരെയും കാണാനില്ല.
പരിശോധിച്ചതിൽ നിന്നും, അടുക്കള ജനൽ തുറന്നു കിടക്കുന്നതുകണ്ടു. അവിടെയെല്ലാം രക്തം വീണു കിടപ്പുണ്ട്. തുറന്ന ജനലിനു സമീപമുള്ള പൈപ്പുലൈനുകൾ താഴേയ്ക്കുള്ളതാണ്. ആ പൈപ്പുലൈനിലും ചോരപ്പാടുണ്ട്.
ഫ്ലാറ്റ് വിശദമായി പരിശോധിച്ച പൊലീസ്, ടൊയിലറ്റിൽ ഒരു മധ്യവയസ്കന്റെ ബോഡി കണ്ടെത്തി. നെഞ്ചിലും വയറിലും കുത്തേറ്റിരുന്ന അയാൾ മരിച്ചിട്ട് അധികമായിരുന്നില്ല. കൊലപാതകികൾ പൈപ്പുലൈൻ വഴി രക്ഷപെട്ടിട്ടുണ്ടാവണം.
ഫ്ലാറ്റിൽ നിന്നും എന്തോ അസാധാരണ ശബ്ദം കേട്ട അയൽവാസി മുൻവാതിൽ തുറന്നപ്പോൾ അവിടുത്തെ താമസക്കാരായ രണ്ടു പേരെയും മുറിയിൽ കണ്ടു. അവരുടെ കൈകളിലും വസ്ത്രങ്ങളിലും രക്തം പുരണ്ടിട്ടുണ്ടായിരുന്നു.
എന്തു സംഭവിച്ചു എന്ന ചോദ്യത്തിനു, കുഴപ്പമൊന്നുമില്ല കൈമുറിഞ്ഞതാണെന്നവർ മറുപടി പറഞ്ഞു.
എന്നാൽ എന്തോ അസാധാരണത്വം തോന്നിയ അയാൾ പുറത്തിറങ്ങി ഫ്ലാറ്റ് പുറത്തു നിന്നു പൂട്ടിയ ശേഷം പൊലീസിനെ അറിയിയ്ക്കുകയായിരുന്നു.
സമ്പന്ന മേഖലയിൽ നടന്ന കൊലപാതകം മുംബായ് പൊലീസ് ഗൌരവമായി എടുത്തു.
ക്രൈം ബ്രാഞ്ചിനു കേസ് കൈമാറി.
ഡെപ്യൂട്ടി കമ്മീഷണർ നിസാർ തമ്പോലി അന്വേഷണം ഏറ്റെടുത്തു.
കൊലനടന്ന ഫ്ലാറ്റിലെ താമസക്കാരെ പറ്റി ക്രൈം ബ്രാഞ്ച് അന്വേഷിച്ചു.
ധനജ്ഞയ ഷിൻഡേ, മനോജ് ഗജ്കോഷ് എന്നിങ്ങനെ രണ്ടു പേരായിരുന്നു അവിടെ താമസം.
കഴിഞ്ഞ ദിവസം ആ ഫ്ലാറ്റിൽ ഒരു വഴക്കു നടന്നിരുന്നു.
കൊല്ലപ്പെട്ട മധ്യവയസ്കൻ കോപാകുലനായി ആ ഫ്ലാറ്റിലെത്തിയിട്ട്, അവിടെ താമസിച്ചിരുന്നവരുടെ സാധനങ്ങളെല്ലാം എടുത്ത് പുറത്തെറിഞ്ഞു. എന്നിട്ട് ഉള്ളിൽ കയറി വാതിൽ പൂട്ടി.
കുറച്ചു കഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ അവിടെയെത്തി. അയാളും മധ്യവയസ്കനും തമ്മിൽ വലിയ ഒച്ചപ്പാടായി. സംസാരത്തിൽ നിന്നും അവർ അച്ഛനും മകനുമാണെന്ന് മനസ്സിലായി.
ആ ചെറുപ്പക്കാരനായിരുന്നു മൂന്നു ഫ്ലാറ്റുകളും നോക്കി നടത്തിയിരുന്നതും, വാടകയ്ക്കു നൽകിയിരുന്നതും.
അയാളുടെ പേർ അനുജ് ടിക്കു.

പൊലീസ് അന്നു തന്നെ അനുജ് ടിക്കുവിനെ കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടത്, അയാളുടെ അച്ഛൻ അരുൺ ടിക്കുവായിരുന്നു.
ഡൽഹിയിലാണു അരുൺ ടിക്കു താമസം.
മുംബയിലെ അന്ധേരിയിൽ അയാൾ മൂന്നു ഫ്ലാറ്റുകൾ വാങ്ങിയിരുന്നു. വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുകയാണു ലക്ഷ്യം.
നല്ല കൊള്ളാവുന്ന താമസക്കാരെ കണ്ടെത്തി തന്നെ അറിയിയ്ക്കാനാണു അയാൾ മകനെ മുംബായിലേയ്ക്ക് അയച്ചത്.

കഴിഞ്ഞ ദിവസം മുംബായിലെത്തിയ അയാൾ കേട്ടത്, മൂന്നു ഫ്ലാറ്റുകളും തന്റെ അറിവോ സമ്മതമോ കൂടാതെ വാടകയ്ക്കു കൊടുത്തിരിയ്ക്കുന്നു എന്ന വാർത്തയാണ്. അഞ്ച് ലക്ഷം രൂപ വീതം ഡിപോസിറ്റും പ്രതിമാസം മുപ്പതിനായിരം രൂപ വാടകയും.
കോപം നിയന്ത്രിയ്ക്കാനാവാതെ ഫ്ലാറ്റിലെത്തിയ അയാൾ ധനജ്ഞയിന്റെ ഫ്ലാറ്റിൽ കയറി സാധനങ്ങളെല്ലാം വെളിയിലെറിഞ്ഞ് ഫ്ലാറ്റ് പൂട്ടി.
അനുജ് ഏർപ്പെടുത്തിയവർ തന്നെയാണു അച്ഛനെ വകവരുത്തിയതെന്നാണു പൊലീസ് സംശയിച്ചത്.
എന്നാൽ താൻ നിരപരാധിയാണെന്ന് അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു. അച്ഛനോട് ദേഷ്യപ്പെട്ട് സംസാരിച്ചുവെങ്കിലും താനൊരിയ്ക്കലും അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല.
ധനഞ്ജയിനെയും മനോജിനെയും കണ്ടെത്താനായി പൊലീസ് ശ്രമം. അതോടൊപ്പം മറ്റു രണ്ട് ഫ്ലാറ്റുകളിലെ താമസക്കാരെ പറ്റിയും അന്വേഷിച്ചു.
ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നത് ജർമ്മൻ യുവതിയായ ലെവിസ് ബ്രങാൻസ ആയിരുന്നു.
അടുത്ത ഫ്ലാറ്റിൽ വിജയ് പലൻഡേ എന്നൊരാളും.
ജർമ്മൻകാരി ഇടയ്ക്കെപ്പൊഴോ വന്നതല്ലാതെ പിന്നീടു കണ്ടിട്ടില്ല.
വിജയ് പലൻഡേയും അങ്ങനെ അധികം കാണപ്പെട്ടിട്ടില്ല.
മകനെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിനു മനസ്സിലായ ഒരു കാര്യം, മൂന്നു ഫ്ലാറ്റുകളും വാടകയ്ക്ക് എടുത്തിരിയ്ക്കുന്നത് വിജയ് പലൻഡേ ആണെന്നാണ്.
ഏപ്രിൽ 8.

വിജയ് പലൻഡേയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പൊലീസിന്റെ ആരോപണങ്ങളെല്ലാം അയാൾ നിഷേധിച്ചു. താൻ വാടയ്ക്കെടുത്ത ഫ്ലാറ്റ് കൂടുതൽ ലാഭത്തിൽ മറിച്ചു കൊടുക്കുകയായിരുന്നു എന്നാണയാൾ വാദിച്ചത്.
പലൻഡേയെപ്പറ്റി പൊലീസ് അന്വേഷിച്ചു.
ഏപ്രിൽ 10
അരുൺ ടിക്കു കൊലയുമായി ബന്ധപ്പെടുത്തി ക്രൈം ബ്രാഞ്ച് പലൻഡേയെ അറസ്റ്റു ചെയ്തു.
പൊലീസ് ലോക്കപ്പിലേയ്ക്ക് അയാളെ ഒരു വാനിലാണു കൊണ്ടുപോയത്. എന്നാൽ അന്ധേരിയിൽ വെച്ച് അയാൾ പൊലീസ് വാനിൽ നിന്നും ചാടി രക്ഷപെട്ടു. (മിക്കവാറും പൊലീസിന്റെ അറിവോടെയാകാം). എന്തായാലും ക്രൈം ബ്രാഞ്ച് അയാളെ പിടികൂടാൻ ഊർജ്ജിതമായി രംഗത്തിറങ്ങി.
അയാളുടെ മൊബൈൽ ട്രാക്ക് ചെയ്യാൻ ശ്രമിച്ചു.
ഏപ്രിൽ 11.
സൌത്ത് മുംബായിലുള്ള തന്റെ സഹോദരിയെ പലൻഡേ മൊബൈലിൽ വിളിച്ചു. അതേ സമയം തന്നെ പൊലീസ് അയാളെ ട്രാക്ക് ചെയ്തു.
ഒടുവിൽ, ചർച്ച് ഗേറ്റ് തെരുവിൽ വെച്ച് ക്രൈംബ്രാഞ്ച് അയാളെ പിടികൂടി.
പൊലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ പലൻഡേ കുറ്റമേറ്റു പറഞ്ഞു.
മൂന്നു ഫ്ലാറ്റുകളും വാടകയ്ക്കെടുത്തത്, വ്യക്തമായ പ്ലാനിംഗോടെ ആയിരുന്നു.
ഡൽഹിക്കാരനായ അനുജ് ടിക്കുവിനു മുംബായിൽ കാര്യമായ ബന്ധങ്ങളൊന്നും ഇല്ലായെന്ന് പലൻഡേയ്ക്ക് അറിയാമായിരുന്നു.
അയാളെ തട്ടിക്കളയുക തന്നെയായിരുന്നു ലക്ഷ്യം. അതോടെ ഫ്ലാറ്റുകൾ പലൻഡേയുടെ കൈയിൽ തന്നെയിരിയ്ക്കും.
എന്നാൽ അച്ഛനായ അരുൺ ടിക്കു ഇതിനിടയിൽ വന്നു പെടുകയായിരുന്നു. ധനജ്ഞയിന്റെയും സുഹൃത്തിന്റെയും സാധനങ്ങൾ വലിച്ചെറിഞ്ഞ്, ഫ്ലാറ്റ് പൂട്ടിയതോടെ പകമൂത്ത അവർ അയാളെ കൊന്നുകളഞ്ഞു.
അങ്ങനെ കാര്യങ്ങൾ മാറിമറിഞ്ഞു.
പലൻഡേ ആരാണ് എന്ന് വിശദമായി അന്വേഷിയ്ക്കാൻ ഡെ. കമീഷണർ തീരുമാനിച്ചു.
മഹാരാഷ്ട്രയിലെ ചിപ്ലുൻ എന്ന സ്ഥലത്തു നിന്നും 1980 കളിൽ മുംബായിലേയ്ക്കു കുടിയേറിയതാണു വിജയ് പലൻഡേയുടെ കുടുംബം.
അക്കാലത്ത് അയാൾ 9-ആം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.
പഠനത്തിൽ മിടുക്കനായിരുന്നു വിജയ്, പിന്നീട് ഹോട്ടൽ മാനേജ്മെന്റ് പഠനം നടത്തി.
തുടർന്ന് കോപ്പർ ചിമ്മിനി എന്ന വൻകിട റസ്റ്റാറന്റിന്റെ മാനേജരായി വിജയിനു ജോലി ലഭിച്ചു.
സമ്പന്നരയിരുന്നു അവിടുത്തെ ഇടപാടുകാർ.
ക്രിക്കറ്റ് വാതുവയ്പുകാരും അധോലോകനായകന്മാരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു.
ഇക്കാലത്തെപ്പൊഴോ, ഗാംഗ്സ്റ്റർ സന്തോഷ് ഷെട്ടിയുമായി അയാൾ പരിചയത്തിലായി.
എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്ന പലൻഡേയ്ക്ക്, വാടക കൊലപാതകം ഇഷ്ടമേഖലയായി മാറി. ഒറ്റയടിയ്ക്കു വൻ തുക കൈയിൽ വരും.
1998 ൽ സിമ്രാൻ സൂദ് എന്ന മോഡലിനെ പരിചയപ്പെട്ടതോടെ പലൻഡേയുടെ ജീവിതം മാറിമറിഞ്ഞു.
സുന്ദരിയായ അവളിൽ അയാൾ അനുരക്തനായി.













ധാരാളം പണം ചിലവഴിയ്ക്കാനുള്ളതിനാൽ അയാളെ അവളും ഇഷ്ടപ്പെട്ടു.
2002 ൽ വിജയ് പലൻഡേ അറസ്റ്റിലായി.
എന്നാൽ അടുത്ത വർഷം പരോളിലിറങ്ങി അയാൾ മുങ്ങി.
2003 ൽ ബാങ്കോങ്കിലേയ്ക്കു കടന്ന പലൻഡേ, പ്ലാസ്റ്റിക് സർജറിയിലൂടെ രൂപമാറ്റം വരുത്തിയ ശേഷം കരൺ സൂദ് എന്ന പേരിൽ 2005 ൽ ഇന്ത്യയിൽ തിരിച്ചെത്തി. വിജയ് പലൻഡേയ്ക്കു ഉണ്ടായിരുന്ന അനേകം പേരുകളിൽ ഒന്നായിരുന്നു കരൺ സൂദ്.
സിമ്രാൻ സൂദ്..!
ആ പേരു ഡെപ്യൂട്ടി കമീഷണറുടെ ശ്രദ്ധയിൽ പെട്ടു.
കരൺ കക്കറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട്, സിമ്രാൻ സൂദിനെ അമ്പോലി പൊലീസ് വിളിപ്പിച്ചിരുന്നതായി അദ്ദേഹത്തിനു മനസ്സിലായി.
സിമ്രാനെ ക്രൈംബ്രാഞ്ച് വീണ്ടും വിളിച്ചു വരുത്തി.
താൻ പലൻഡേയുടെ ഭാര്യയാണെന്നു പറഞ്ഞ അവൾ, ഡെ. കമ്മീഷണറുടെ നിശിതമായ ചോദ്യം ചെയ്യലിൽ, കരൺ കക്കറിനെ തനിയ്ക്ക് അറിയാമെന്ന് സമ്മതിച്ചു.

ഏപ്രിൽ 13.
കരൺ കക്കറിനെ താൻ കൊലപ്പെടുത്തിയതായി വിജയ് പലൻഡേ ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചു.
ഒബ്റോയ് സ്പ്രിംഗ്ഫീൽഡ്സ് അപാർട്ടുമെന്റിലെ താമസക്കാരനായ, BMW കാറിൽ വരുന്ന ആ സുമുഖനായ ചെറുപ്പക്കാരനെ പലൻഡേ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു.
വലിയ സമ്പന്നരുമായാണ് അയാളുടെ കൂട്ടുകെട്ടുകൾ.
തീർച്ചയായും അയാളും സമ്പന്നനായിരിയ്ക്കണം.
പലൻഡേ തന്റെ ഭാര്യയോ കാമുകിയോ കൂട്ടുകാരിയോ ആയി കൂടെ കൂട്ടിയിരുന്ന ഇമ്രാൻ സൂദുമായി ഇക്കാര്യം ചർച്ച ചെയ്തു.
അയാളെ വലയിലാക്കാൻ രണ്ടു പേരും കൂടി ഒരു പദ്ധതി പ്ലാൻ ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ ഇമ്രാൻ സൂദ്, ആ ചെറുപ്പക്കാരനുമായി മനപൂർവം പരിചയമുണ്ടാക്കി.




ഡൽഹിക്കാരനായ കരൺ കക്കർ എന്ന അയാൾ ബോളിവുഡ്ഡുമായും, ക്രിക്കറ്റ് വാതുവയ്പുകാരുമായും വലിയ ബന്ധമുള്ള ആളാണെന്ന് അവൾ ഊഹിച്ചു. പരിചയം ക്രമേണ അടുപ്പമായി അവൾ വളർത്തി.
സുന്ദരിയായ സിമ്രാന്റെ മുന്നിൽ അയാൾ വീണു.
കരണിന്റെ ഫ്ലാറ്റിനു സമീപത്തു തന്നെ അവളും ഫ്ലാറ്റെടുത്തു താമസമായി.
സുന്ദരനും മര്യാദക്കാരനുമായിരുന്ന കരണിനോട് അവൾക്ക് പ്രണയം തോന്നി.
പലൻഡേയുടെ നിർദേശപ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ അവൾ മടി കാണിച്ചു.
കാര്യങ്ങൾ താൻ ഉദ്ദേശിച്ച രീതിയിലല്ല നീങ്ങുന്നതെന്ന് പലൻഡേയ്ക്കു ബോധ്യമായി. കരണിനെ ഒഴിവാക്കിയില്ലെങ്കിൽ സിമ്രാനെ തനിയ്ക്കു നഷ്ടപ്പെടുമെന്നു അയാൾക്കു തോന്നി.
2012 മാർച്ച് 6 രാത്രി.
തന്റെ ഫ്ലാറ്റിലായിരുന്നു കരൺ കക്കർ കോളിങ് ബെൽ കേട്ടാണു വാതിൽ തുറന്നത്.
വിജയ് പലൻഡേ ആയിരുന്നു അത്.
വിനയമായ സംസാരത്തോടെ ഉള്ളിൽ കടന്ന അയാൾ പിന്നിൽ നിന്നും കുടുക്കിട്ട് കരണിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.
തുടർന്ന് മൃതദേഹം പലതാക്കി പ്ലാസ്റ്റിക് ബാഗുകളിൽ പായ്ക്കു ചെയ്തു.
കരണിന്റെ BMW കാറിന്റെ താക്കോൽ കൈവശപ്പെടുത്തിയ അയാൾ, ആരുടെയും ശ്രദ്ധയിൽ പെടാതെ ബാഗുകൾ അതിൽ കയറ്റി.
ഫ്ലാറ്റിൽ യാതൊരു തെളിവും അവശേഷിപ്പിയ്ക്കാതെ എല്ലാം ഭദ്രമാക്കി വെച്ചു. കരണിന്റെ മൊബൈൽ ഫോണും എടുക്കാൻ മറന്നില്ല.
കാറുമായി അയാൾ പൂനയിലേയ്ക്കാണു ഓടിച്ചു പോയത്.
മുംബായ് – പൂന എക്സ്പ്രസ് ഹൈവേയിൽ പലയിടത്തായി, വിജനമായ കുറ്റിക്കാടുകളിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ചു.
തുടർന്ന്, അയാൾക്ക് പരിചയമുള്ള ഒരാളുടെ – ആൾ വിദേശത്താണ് എന്നറിയാവുന്നതിനാൽ – വീട്ടിന്റെ മുറ്റത്ത് കാർ ഉപേക്ഷിച്ച ശേഷം മുംബായിലേയ്ക്ക് തിരിച്ചു.
മുംബായിലെത്തിയ പലൻഡെ, തന്റെ കൂട്ടാളിയായ ധനജ്ഞയ ഷിൻഡേയെ കരണിന്റെ ഫോൺ ഏൽപ്പിച്ചു. സിം ഊരി മാറ്റാതെ തന്നെ ആ ഫോണുമായി ഡൽഹിയിലേയ്ക്കു പുറപ്പെടാൻ അയാളോടു പറഞ്ഞു.
ഡൽഹിയിലെത്തുമ്പോൾ ഫോൺ എവിടെയെങ്കിലും ഉപേക്ഷിയ്ക്കുക.
പിന്നീട് പോലീസ് ഫോൺ ട്രാക്ക് ചെയ്യുമ്പോൾ കരൺ ഡെൽഹിയിലെത്തിയതായി തെളിവുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
അതിൻ പ്രകാരം, ധനജ്ഞയ് ഡൽഹിയ്ക്കുള്ള വൈശാലി എക്സ്പ്രസിൽ ആ ഫോണുമായി യാത്രചെയ്തു.
ട്രെയിനിന്റെ ടോയിലറ്റിൽ ഉപേക്ഷിയ്ക്കുകയും ചെയ്തു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ സിമ്രാൻ സൂദ് എല്ലാം സമ്മതിച്ചു.
വലയിലാക്കുക എന്ന ലക്ഷ്യത്തോടെയാണു താൻ കരണിനെ സമീപിച്ചതെന്ന് അവൾ പറഞ്ഞു.
തങ്ങളുടെ അടുപ്പം അതിരുവിടുന്നതായി തോന്നിയ പലൻഡേ തന്നോട് വഴക്കടിയ്ക്കാറുണ്ടായിരുന്നു എന്ന് അവൾ വെളിപ്പെടുത്തി.
പലൻഡേയുടെ മുൻകാലത്തെ പല കുറ്റകൃത്യങ്ങളിലും സിമ്രാനും പങ്കുണ്ടായിരുന്നു. എങ്കിലും പൊലീസിന്റെ പിടിയിൽ നിന്നും അവൾ എപ്പോഴും രക്ഷപെട്ടിരുന്നു.
കരൺ കക്കർ കൊലക്കേസിൽ സിമ്രാൻ സൂദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പലൻഡേയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് പൊലീസ് പൂന-മുംബായ് എക്സ്പ്രസ് ഹൈവേയുടെ പരിസരങ്ങളിൽ തിരച്ചിൽ നടത്തി.
ഒരു ബാഗിൽ നിന്നും കരണിന്റെ തലയോട്ടിയും കുറച്ച് അസ്ഥികളും ലഭിച്ചു. ബാക്കിയുള്ളവ നഷ്ടപ്പെട്ടിരുന്നു.

വൃദ്ധയായ റീത്തയ്ക്ക് തന്റെ മൂത്ത പുത്രന്റേതായി തിരികെ ലഭിച്ചത് അതു മാത്രമാണ്. അരുൺ ടിക്കുവിന്റെ കൊലപാതകത്തിൽ മകനായ അനൂജ് ടിക്കുവിന് പങ്കുണ്ടോ എന്നറിയില്ല. പോലീസ് ആ രീതിയിൽ സംശയിച്ചിരുന്നു. വ്യത്യസ്ത സമയങ്ങളിൽ, വ്യത്യസ്ത ഉദ്ദേശവുമായി ന്യൂ ഡെൽഹിയിൽ നിന്നും മുംബായിലെത്തിയ, പരസ്പരം അറിയാത്ത രണ്ടു പേർ ഒരേ ആളുടെ കൈകളാൽ കൊല്ലപ്പെട്ടു..!
കരണിന്റെ അമ്മയുടെ പരാതി പൊലീസ് ശുഷ്കാന്തിയോടെ അന്വേഷിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ അരുൺ ടിക്കുവിനു തന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
കൂടുതൽ വിവരങ്ങളും, നാൾവഴികളും
- മാർച്ച് 5
ചലച്ചിത്ര നിർമ്മാതാവായ കരൺ കക്കറിനെ (28) അന്ധേരിയിലെ ലോഖണ്ഡ്‌വാല ഏരിയയിലുള്ള ഒബ്‌റോയ് സ്പ്രിംഗ്‌സിലെ വസതിയിൽ നിന്ന് കാണാതായതായി റിപ്പോർട്ട്. സഹോദരൻ ഹനീഷും അമ്മയും ഡൽഹിയിൽ നിന്ന് മുംബൈയിലെത്തി അംബോലി പോലീസിൽ പരാതി നൽകി. - ഏപ്രിൽ 7
മുതിർന്ന പൗരനായ അരുൺ ടിക്കുവിനെ ഒഷിവാരയിലെ സമർഥ് അംഗൻ വസതിയിൽ വെച്ച് രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തി. ധനഞ്ജയ് ഷിൻഡെ, മനോജ് ഗജ്‌കോഷ് എന്നിവരെ പിന്നീട് തിരിച്ചറിഞ്ഞു. - ഏപ്രിൽ 11
ഷിൻഡെ, ഗജ്‌കോഷ്, ടിക്കുവിന്റെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ വിജയ് പലാണ്ഡെ എന്നിവരെ ബാന്ദ്രയിൽ നിന്നും ചിപ്ലൂണിൽ നിന്നും അറസ്റ്റ് ചെയ്തു. പലാണ്ഡെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയും രാത്രി വൈകി പിടിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് പലാണ്ഡെയുടെ അകന്ന ബന്ധുവും ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറുമായ സഞ്ജയ് ഷിൻഡെയെ അഡ്മിനിസ്‌ട്രേഷൻ വകുപ്പിലേക്ക് മാറ്റി. - ഏപ്രിൽ 13
കക്കറിനെ തട്ടിക്കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് ആരോപിച്ച് പലാണ്ഡിന്റെ ഭാര്യ സിമ്രാൻ സൂദിനെ അറസ്റ്റ് ചെയ്തു. - ഏപ്രിൽ 14
തട്ടിക്കൊണ്ടുപോയതായി കരുതപ്പെടുന്ന കക്കറിന്റെ ബിഎംഡബ്ല്യു, കോണ്ട്വയിൽ നിന്ന് കണ്ടെത്തി. കൃഷ്ണ കേവൽ ബിൽഡിംഗിന് സമീപമാണ് കാർ കണ്ടത്, പാലാണ്ഡിന്റെ ബന്ധു രാഹുൽ മാനെയ്‌ക്കൊപ്പമായിരുന്നു കാർ. - ഏപ്രിൽ 16
സത്താറ-ഗോവ റോഡിന് സമീപമുള്ള കുംഭാർലി ഘട്ടിലാണ് കക്കറിന്റെ മൃതദേഹം പോലീസ് കണ്ടെത്തി. - ഏപ്രിൽ 17
കർണാടകയിൽ നിന്നുള്ള വ്യവസായിയും മെഴ്‌സിഡസ് ഉടമയുമായ ഗുരുദത്ത് ജയ്ദേവിനെ കേസുമായി ബന്ധിപ്പിച്ചു. ഒരു പൊതുസുഹൃത്ത് വഴിയാണ് താൻ പലാണ്ഡെയുമായി ബന്ധപ്പെട്ടതെന്നും പലാണ്ഡെ തന്റെ വാഹനം ബലമായി പിടിച്ചെടുക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറയുന്നു. - ഏപ്രിൽ 23
പലാണ്ഡെയെ സഹായിച്ചതിന് സ്റ്റോക്ക് ബ്രോക്കർ ഗൗതം വോറ അറസ്റ്റിൽ. 2010ൽ ആത്മഹത്യ ചെയ്ത സൂപ്പർ മോഡൽ വിവേക് ബാബജിയുടെ കാമുകനായിരുന്നു ഇയാൾ. - ഏപ്രിൽ 30
കക്കറിന്റേതെന്ന് കരുതുന്ന കൂടുതൽ ശരീരഭാഗങ്ങൾ കുംഭാർലി ഘട്ടിൽ കണ്ടെത്തി. - മെയ് 14
കുംഭാർലി ഘട്ടിൽ നിന്ന് രക്തം പുരണ്ട കത്തിയും, വാളും പോലീസ് കണ്ടെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കൊലപാതകത്തിന് ശേഷം മോഷണം പോയ കക്കറിന്റെ സാംസങ് ഗാലക്‌സി ടാബ് ഫോണും പോലീസ് കണ്ടെടുത്തു. - മെയ് 17
സിമ്രാൻ സൂദിന്റെ ഒഷിവാര വീട്ടിൽ നിന്ന് ഒരു ഡസൻ വെടിയുണ്ടകൾ പിടിച്ചെടുത്തു. ആയുധ നിയമപ്രകാരമുള്ള കുറ്റമാണ് പാലാണ്ഡെക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. - മെയ് 17
അംബോലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സൈഫുദ്ദീൻ ഷെയ്ഖിനെയാണ് സസ്പെൻഡ് ചെയ്തു. കരൺ കക്കർ കേസിൽ മാതാപിതാക്കൾ ഏപ്രിൽ 5 ന് പരാതി നൽകുമ്പോൾ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഷെയ്ഖ്. - ജൂൺ 8
ചിപ്ലൂണിന് സമീപമുള്ള കുംഭാർലി ഘട്ടിൽ കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ റിപ്പോർട്ടുകൾ ലഭിച്ചു, കണ്ടെടുത്ത ശരീരഭാഗങ്ങൾ കക്കറിന്റെ ബന്ധുവിന്റെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നതായി കാണിക്കുന്നു, എന്നാൽ തലയോട്ടി പൊരുത്തപ്പെടുന്നില്ല. അതിനാൽ അജ്ഞാതനെ കൊലപ്പെടുത്തിയതിന് ക്രൈംബ്രാഞ്ച് പാലാണ്ഡെക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു.
പലാണ്ഡിന് സിമ്രാൻ സൂദ് കൂടാതെ മറ്റ് 3 ഭാര്യമാർ ഉളളതായി അയാൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാൾ ജർമ്മനിയിലും, മറ്റൊരാൾ അമ്മേരിക്കയിലും ആണെന്ന് അയാൾ പറയുന്നു. കരൺ കക്കറിന്റേയും, അരുൺ ടിക്കുവിന്റേയും കൊലപാതകങ്ങൾ കൂടാതെ മറ്റ് കൊലപാതകങ്ങൾ കൂടി പലാണ്ഡ് നടത്തിയിട്ടുളളതായി വിശ്വസിക്കപ്പെടുന്നു. ബോംബെ അധോലോകവും, അഭിസാരികമാരും, സിനിമ, ക്രിക്കറ്റ് ബന്ധങ്ങളും കൂടിക്കുഴഞ്ഞതും നിരവധി ലീഡുകൾ എല്ലാ ദിശയിലേയ്ക്കും ഉളളതുമായ ഒരു വലക്കണ്ണിയുടെ ഏതാനും ഭാഗങ്ങൾ മാത്രമാണ് കരൺ കക്കറിന്റേയും, അരുൺ ടിക്കുവിന്റേയും കൊലപാതകങ്ങൾ. ഈ ബന്ധങ്ങളും, കഥകളും വിവരിക്കാൻ ഒരു പുസ്തകം തന്നെ എഴുതേണ്ടിവരും.