The mystery of Burari deaths
ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽ ബുരാരി എന്ന സ്ഥലത്താണ് സന്ത് നഗർ എന്ന കോളനി.
സന്ത് നഗറിൽ കൂടുതലും താമസിക്കുന്നത് വിവിധ ജോലികൾക്കും, ബിസിനസുകൾക്കുമായി അവിടെ വന്നു താമസിക്കുന്ന ഹരിയാന, പഞ്ചാബ് എന്നിവടങ്ങളിൽ നിന്നുള്ള കുടുംബങ്ങളാണ്. തമ്മിൽ തമ്മിൽ രമ്യതയോടെ കഴിഞ്ഞിരുന്ന കുടുംബങ്ങൾ.
അവിടെ ഒരു രണ്ടു നില വീട്ടിലാണ് അത്യാവശ്യം സാമ്പത്തികമൊക്കെയുള്ള ഭാട്ടിയ കുടുംബം താമസിച്ചിരുന്നത്. കൂട്ട് കുടുംബം ആയിരുന്നു അവരുടേത്.
അവിടെ അമ്മ നാരായണി ദേവിയും അവരുടെ മക്കളായ ബാവ്നേഷ്, ഭാര്യ സവിത, ലളിത്, ഭാര്യ ടീന, മകൾ പ്രതിഭ, പ്രതിഭയുടെ മകൾ പ്രിയങ്ക, ബവ്നേഷിന്റെ മക്കൾ നീതു, മോനു, ദ്രുവ്, പിന്നെ ലളിതിന്റെ ഏക മകൻ ശിവം എന്നിവരായിരുന്നു സന്തോഷകരമായ ജീവിതം നയിച്ചിരുന്നത്.

2018, ജൂലൈ ഒന്നാം തിയ്യതി ഉറക്കമുണർന്നത് വലിയൊരു ഭീകരമായ മരണ വാർത്തയുമായാണ്. അവിടെ താമസിക്കുന്ന ഭാട്ടിയ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തിരിക്കുന്നു. ആർക്കും അത് വിശ്വസിക്കാൻ പോലും ആയില്ല.
2018 ജൂലൈ 1 ന് അയൽവാസിയായ ഗുരുചരൺ സിംഗ് പ്രഭാത സവാരിക്കൂ പതിവുപോലെ ഇറങ്ങിയതായിരുന്നു. സാധാരണ ഭാട്ടിയ കുടുംബത്തിലെ ആരെങ്കിലുമൊക്കെ പുള്ളിയുടെ കൂടെ നടത്തതിന് ഉണ്ടാകും. ഇന്ന് ആരെയും കണ്ടില്ല. മാത്രമല്ല അവരുടെ പലചരക്കു കടയിൽ നിന്നാണ് എല്ലാവരും രാവിലെ പാൽ വാങ്ങുന്നത്. സാധാരണ 6 മണിക്ക് കട തുറക്കേണ്ടതാണ്. എന്നാൽ അന്ന് 7.30 ആയിട്ടും കട തുറന്നില്ല.
സംശയം തോന്നിയ ഗുരുചരൺ സിംഗ് അവരുടെ വീട്ടിലേക്കു പോയി.
മുൻവശത്തെ വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നില്ല. അയാൾ വാതിൽ തുറന്നു അകത്തു കടന്നു ഒന്നാം നിലയിലേക്ക് പോയി.

അവിടെ നമ്മുടെ നാട്ടിൽ കാണുന്നത് പോലെ ഒരു നടുമുറ്റം (courtyard ) ഉണ്ടായിരുന്നു. അതിന് മുകളിൽ ഇരുമ്പിന്റെ ഒരു വയർ മെഷ് ഇട്ടിരുന്നു. ആ മെഷിൽ നിശ്ചിത അകലത്തിൽ ഒരു വൃത്താകൃതിയിൽ ആ വീട്ടിലെ പത്തു പേർ തൂങ്ങി നിന്നാടുന്നു. അവരുടെ അമ്മ നാരായണി ദേവി അവരുടെ മുറിയിൽ കഴുത്തിൽ ഷോൾ ചുറ്റിയ നിലയിൽ മരിച്ചു കിടക്കുന്നു.
ഈ കാഴ്ച!! പതിനൊന്നു മൃതദ്ദേഹങ്ങൾ ആദ്യം കണ്ട ആളുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.

ഗുരുചരൺ സിംഗ് ഉറക്കെ നിലവിളിച്ചുകൊണ്ട് വീട്ടിലേക്കോടി. അയാൾ വഴിയിൽ കണ്ട എല്ലാവരോടും ഭാട്ടിയ വീട് ചൂണ്ടി കാണിച്ചു. അയാൾക്ക് ശബ്ദം കരച്ചിലായി മാത്രമേ വന്നിരുന്നുള്ളൂ. അത്ര ഭയാനകമായിരുന്നു അയാൾ അവിടെ കണ്ട കാഴ്ച. നമ്മുടെ ഒരു ദുസ്വപ്നത്തിൽ പോലും നമുക്ക് അങ്ങിനെയൊരു ദുരന്തം കാണാൻ കഴിയില്ല.
പോലീസ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഏതൊരു ധൈര്യവാനും “ശോ!” എന്ന് പറഞ്ഞ് കണ്ണ് പൊത്തി പോകുന്ന ഒരു കാഴ്ചയായിരുന്നു അത്. ഫോറെൻസിക്കുകാരും താമസിയാതെ എത്തി. ഓരോരോ മൃതദ്ദേഹത്തിനും ഓരോ നമ്പർ കൊടുക്കലായിരുന്നു ആദ്യത്തെ കടമ്പ. തറയിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിൽക്കുന്ന പത്തു മൃതദ്ദേഹങ്ങളെ തിരിച്ചും മറിച്ചും കൊണ്ടവർ നമ്പർ ഇട്ടു. മരിച്ചവർ ഇവരായിരുന്നു.
1) Narayani Devi (80), mother of Bhuvnesh, Lalit and Pratibha
2) Pratibha Bhatia (57), widowed daughter of Narayani Devi
3) Bhuvnesh (50), elder son of Narayani Devi
4) Lalit (45), younger son of Narayani Devi
5) Savita (48), elder daughter-in-law of Narayani Devi, wife of Bhuvnesh
6) Tina (42), younger daughter-in-law of Narayani Devi, wife of Lalit
7) Priyanka (33), daughter of Pratibha
8) Nitu (25), elder daughter of Bhuvnesh
9) Monu (called “Menaka”) (23), younger daughter of Bhuvnesh
10) Dhruv (called “Dushyant”) (15), only son and youngest child of Bhuvnesh
11) Shivam (15), son and only child of Lalit.

ആ മൃതദ്ദേഹങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഒന്ന് അവർ തൂങ്ങിയിരുന്ന പാറ്റേൺ, അത് വിചിത്രമായിരുന്നു. ചതുരകൃതിയുള്ള ആ വയർ മെഷിൽ അവർ എല്ലാവരും കൂടി തൂങ്ങിയത് മൊത്തത്തിൽ ഒരു വൃത്താകൃതി ഉണ്ടാക്കിയിരുന്നു. മാത്രമല്ല അവരുടെയെല്ലാം കണ്ണുകൾ കെട്ടിയിരുന്നു, കൈകൾ പിന്നിലേക്ക് ടെലിഫോൺ വയർ കൊണ്ടു മുറുക്കി കെട്ടിയിരുന്നു. വായിലും, ചെവിയിലും തുണിയോ, പഞ്ഞിയോ ഒക്കെ തിരുകിയിരുന്നു. പത്തു പേർക്ക് വേണ്ടി അഞ്ചു സ്റ്റൂളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇളയ മകൻ ലളിതിന്റെയും, ഭാര്യ ടീനയുടെയും ഒഴികെ ബാക്കി എല്ലാവരുടെയും കെട്ടുകൾ ഒരേ രീതിയിൽ ആയിരുന്നു.
ആത്മഹത്യ ചെയ്യുന്നവർ ഒരിക്കലും കൈകൾ പിന്നിൽ കെട്ടാനോ, കണ്ണ് മൂടികെട്ടാനോ മുതിരില്ല. അതിനാൽ ഇതൊരു കൊലപാതകം ആകാം എന്ന് എല്ലാവരും സംശയിച്ചു.
പക്ഷേ ആര്? എന്തിന്? ആ വീട്ടിൽ ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ ഇല്ല. മരിച്ചവരാരും എതിർത്തു നിന്നതിന്റെ ലക്ഷണങ്ങൾ ഇല്ല. മോഷണം നടന്നിട്ടില്ല. വീട് അലങ്കോലപെട്ടിട്ടില്ല.
പിന്നെന്തായിരിക്കും ആ വീട്ടിൽ സംഭവിച്ചത്?
നാരായണിദേവിയുടെ മൂത്ത മകൻ പ്രദീപും, ഒരു മകളും വിവരമറിഞ്ഞു എത്തി. വീട്ടുകാർ മൊത്തമായി ആത്മഹത്യ ചെയ്യില്ലെന്നും. അഥവാ അങ്ങിനെയെങ്കിൽ അവർ അമ്മയെ കൊല്ലില്ല എന്നും അവർ തറപ്പിച്ചു പറഞ്ഞു.
പോലീസ് കൊലപാതകികൾക്ക് കൂട്ട് നിൽക്കുകയാണെന്നു വരെ അവർ ആരോപിച്ചു. പോലീസുകാർ നിസ്സഹായ അവസ്ഥയിൽ ആയിരുന്നു.
കൊലപാതകമോ? ആത്മഹത്യയോ? അതോ നാമറിയാത്ത എന്തെങ്കിലും കുടുംബ രഹസ്യമോ?
ഭാട്ടിയ കുടുംബത്തിലെ മറ്റൊരംഗമായിരുന്ന അവരുടെ വളർത്തു നായയെ ഇവർ തൂങ്ങിയിരുന്ന ആ വയർ മെഷിനു മുകളിലായി കെട്ടിയിട്ടിരുന്നു. അവൻ മാത്രമാണ് ജീവനോടെ അവശേഷിച്ചത്. തന്റെ പ്രിയപ്പെട്ടവർ പിടഞ്ഞു മരിക്കുന്നത് കണ്ട ഏക സാക്ഷി. പറയാൻ കഴിയാത്തത് കൊണ്ടു എല്ലാം ഉള്ളിൽ ഒതുക്കി അവൻ അവന്റെതായ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടു തുടർച്ചയായി കുരച്ചു കൊണ്ടിരുന്നു.


പോലീസിന് ഒരു തുമ്പും കണ്ടെത്താനായില്ല. പോസ്റ്റ്മോർട്ടം നടത്താൻ മൃതദ്ദേഹങ്ങൾ പുറത്തെടുക്കാൻ പോലും പോലീസ് ഏറെ പണിപ്പെട്ടു. ഒന്നാം നിലയിൽ നിന്നു പതിനൊന്നു മൃതദ്ദേഹങ്ങളും പതിനൊന്നു ആംബുലൻസുകളിലായി പുറപ്പെട്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.
ചുറ്റുമുള്ള അയൽ വീടുകളിലെല്ലാം മീഡിയകൾ ക്യാമറകളുമായി ഓരോ മിനിറ്റും ലൈവ് ആയി കാണിച്ചുകൊണ്ടിരുന്നു.
ഡൽഹി മുഖ്യമന്ത്രി കേജരിവാൾ വീട് സന്ദർശിച്ചു. കേസ് എത്രയും വേഗം തെളിയിക്കുമെന്ന് ബന്ധുക്കൾക്ക് ഉറപ്പും നൽകി. ചുറ്റുമുള്ള ക്യാമറകളിൽ ഒരു ക്യാമറ ആ വീട്ടിലെ ചുമരിൽ ഒരു പ്രത്യേകത ശ്രദ്ധിച്ചു. പതിനൊന്നു പൈപ്പുകൾ പല രീതിയിൽ ഘടിപ്പിച്ചിരിക്കുന്നു. അതിൽ നാലെണ്ണം മുകളിലോട്ടും ഏഴെണ്ണം താഴോട്ടും ആയിട്ടാണ് ഘടിപ്പിച്ചത്.
ഒരു പത്രക്കാരൻ അത് റിപ്പോർട്ട് ചെയ്തത്, ഇതിനു മരണവുമായി ബന്ധമുണ്ടെന്നും നാല് ആണുങ്ങളും ഏഴ് പെണ്ണുങ്ങളുമാണ് മരിച്ചത് എന്നും. ഇത് ഒരു സൂചകമായിരുന്നു എന്നും തട്ടി വിട്ടു. എന്നാൽ വാർത്ത പ്രാധാന്യത്തിനു വേണ്ടി റിപ്പോർട്ട് ചെയ്ത ആ വാർത്ത, ഈ കേസിനെ മറ്റൊരു തലത്തിൽ നിന്നു വീക്ഷിക്കാൻ പോലീസിനെ പ്രേരിപ്പിച്ചു.

ഈ പൈപ്പുകളുടെ പുറകെ ആയി പിന്നീട് പോലീസ്. എന്നാൽ അത് വെന്റിലേഷന് വേണ്ടിയാണെന്ന് പ്ലമ്പർ അറിയിച്ചു. അയാളാണ് അത് ഫിറ്റ് ചെയ്തത്. വെന്റിലേഷന് വേണ്ടി ജനാലകളോ, മറ്റ് മാർഗ്ഗങ്ങളോ സ്വീകരിക്കാതെ പതിനൊന്നു പൈപ്പുകൾ ആരെങ്കിലും വെക്കുമോ? അതും ഒരു സംശയമായി. എന്തായാലും വീടിനുള്ളിൽ നിന്നു എല്ലാ തെളിവുകളും പോലീസ് ഒപ്പിയെടുത്തു. എന്തെങ്കിലും ഒരു ക്ലൂ അതിൽ നിന്നു കിട്ടണമല്ലോ?
ആ വീട്ടിൽ അടുത്ത് തന്നെ ഒരു ഹോമം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടു.
പിന്നെയും സംശയം പൈപ്പിലേക്കു നീണ്ടു. അന്ധവിശ്വാസങ്ങൾ എന്തെങ്കിലും പ്രേരകമായോ എന്നായി പിന്നെ സംശയം. അവിടത്തെ സഹോദരിയുടെ മകളുടെ എൻഗേജ്മെന്റ് വളരെ ആഘോഷമായി കഴിഞ്ഞിട്ട് പതിനൊന്നു ദിവസമേ ആയിരുന്നുള്ളൂ. അവരുടെ അച്ഛൻ മരിച്ചിട്ടു പതിനൊന്നു വർഷവും. പിന്നീയീ പതിനൊന്നു പൈപ്പും. പതിനൊന്നിനു ആ വീടുമായി അഭേദ്യമായ ബന്ധം ഉള്ളത് പോലെ. പോലീസുകാർക്ക് പിന്നെയും കൺഫ്യൂഷൻ ആയി. അപ്പോഴും ഇവരുടെ ബന്ധുക്കൾ ഇതൊരു കൊലപാതകമാണെന്ന് തന്നെ വിശ്വസിച്ചു.
പോലീസ് ആ വീട് അരിച്ചു പെറുക്കി. ഒരു പൊടി പോലും അവശേഷിക്കാതെ പരിശോധിച്ചു. വീട്ടിലെ ഓരോരുത്തരുടെയും പശ്ചാത്തലം പരിശോധിച്ചു.

ആ വീട്ടിൽ നിന്നു കുറെ നോട്ടുബുക്കുകൾ ലഭിച്ചു. ഡയറി പോലെയാണ് ആ നോട്ടുബുക്കുകൾ അവർ ഉപയോഗിച്ചിരുന്നത്. പോലീസ് എല്ലാം എടുത്ത് ഗഹനമായ വായനക്കും, പരിശോധനക്കുമായി കൊണ്ടുപോയി. ഏതാണ്ട് ഒറ്റ ദിവസം കൊണ്ടുതന്നെ അതെല്ലാം വായിച്ചു തീർത്തു.
ഓരോ ദിവസവും ആ വീട്ടിലെ ആളുകൾ എങ്ങിനെ ജീവിക്കണം എന്നത് വ്യക്തമായി തിയ്യതി ഇട്ടു ആ ഡയറികളിൽ എഴുതിയിരുന്നു.
ഉദാഹരണത്തിന് ഒരു നോട്ടിൽ “ദ്രുവിനു മൊബൈലിൽ കളി കൂടുതലാണ്. അതിനാൽ അവനു ഇനി റീചാർജ് ചെയ്തു കൊടുക്കരുത്”. തുടങ്ങിയ നിസ്സാര കാര്യങ്ങൾ വരെ എഴുതിയിരിക്കുന്നു. കയ്യക്ഷരം ആരുടേയാണെന്നു പരിശോധന നടത്തിയപ്പോൾ അത് അടുത്ത് വിവാഹ നിശ്ചയം കഴിഞ്ഞ പ്രിയങ്കയുടെ ആണെന്ന് കണ്ടുപിടിച്ചു.

എന്നാൽ മറ്റാരുടെയോ നിർദ്ദേശങ്ങൾ അപ്പാടെ പകർത്തുക മാത്രമാണ് അവൾ ചെയ്തിരിക്കുന്നത് എന്നത് വ്യക്തം.
ഈ കുടുംബത്തിന്റെ കുറച്ചു ഫ്ലാഷ് ബാക്കിലേക്ക് പോലീസ് ആഴ്ന്നിറങ്ങി അന്വേഷിച്ചു.
ഇവരുടെ അച്ഛൻ ഭോപ്പാൽ സിംഗ് നല്ല കൂർമ്മ ബുദ്ധിയുള്ള ആളും, കഠിനാധ്വാനിയും ആയിരുന്നു. ഹരിയനയിൽ എട്ടേക്കർ പുരയിടവും, കൃഷിസ്ഥലവും എല്ലാം ഉണ്ടായിരുന്നു. എന്നാൽ പെണ്മക്കളെ കല്യാണം കഴിച്ചു വിട്ടതോടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായി. അതോടെ അതെല്ലാം വിറ്റു കടങ്ങൾ വീട്ടി അയാൾ കുടുംബത്തോടൊപ്പം ഡൽഹിയിലേക്ക് മാറി.
ഇവിടെയും പല ബിസിനസുകൾ ചെയ്തു. സാമ്പത്തികം വലിയ കുഴപ്പങ്ങളില്ലാതെ നീങ്ങി. വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അച്ഛൻ തന്നെയായിരുന്നു. അതിനാൽ പെട്ടെന്ന് അച്ഛൻ മരിച്ചപ്പോൾ മക്കൾക്ക് എങ്ങിനെ ജീവിതം തുടരണമെന്ന് അറിയില്ലായിരുന്നു.
മൂത്ത മകൻ കഷ്ടപ്പെടാൻ തയ്യാറാണെങ്കിലും. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തനായിരുന്നില്ല. അതിനാൽ അനിയൻ ലളിത് ആണ് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിരുന്നത്.
ഇതിനിടക്ക് ഇടക്കെപ്പോഴോ അച്ഛന്റെ ആത്മാവ് തന്നോട് എപ്പോഴും സംസാരിക്കുന്നുണ്ടെന്നും, അച്ഛനാണ് നിർദ്ദേശങ്ങൾ തരുന്നതെന്നും ലളിത് പറഞ്ഞു. എല്ലാ ദിവസവും രാത്രി ഹനുമാൻ ചാലിസ ഒരു നിശ്ചിത കണക്കിൽ വായിക്കുമ്പോഴാണ് അച്ഛന്റെ ആത്മാവ് ലളിതിൽ പ്രവേശിക്കുക. പിന്നീട് അയാൾ സംസാരിക്കുന്നതു പോലും അച്ഛന്റെ ശബ്ദത്തിൽ ആണെന്ന് വീട്ടുകാർ പറഞ്ഞിരുന്നുവത്രെ.

പതുക്കെ പതുക്കെ ലളിത് അച്ഛന്റെ സ്ഥാനത്തേക്ക് അവരോധിക്കപെടുകയായിരുന്നു. ഓരോ ആളുകളും എന്ത് ചെയ്യണം എന്നുള്ള കൃത്യമായ വിവരങ്ങൾ ലളിത് പറയുമായിരുന്നു. അത്തരത്തിൽ അയാളുടെ നിർദ്ദേശങ്ങൾ അണുവിട മാറാതെ അനുസരിക്കുന്നതുകൊണ്ട് അവർക്കു നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂ. ബിസിനസ് വലുതായി. രണ്ടു കടകൾ തുടങ്ങി, സാമ്പത്തികം മെച്ചപ്പെട്ടു. അതോടുകൂടി ലളിത് പറയുന്നത് വീട്ടുകാരെല്ലാം അപ്പാടെ വിശ്വസിച്ചു. ലളിത് എന്ത് പറഞ്ഞാലും കുടുംബാഗങ്ങൾ അനുസരിക്കാൻ തുടങ്ങി.

2007ൽ അച്ഛൻ മരിച്ചു പതിനൊന്നു വർഷം കഴിഞ്ഞപ്പോൾ, സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു പതിനൊന്നാം ദിവസം. ലളിത് പറഞ്ഞ് പ്രിയങ്ക നോട്ട് ബുക്കിൽ കുറിച്ചിട്ട കാര്യങ്ങൾ ആണ് അവരെ ഈ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്.
എല്ലാവരും എങ്ങിനെ കഴുത്തിൽ കയറിട്ടു നിൽക്കണമെന്നും, കണ്ണുകൾ മൂടികെട്ടണം എന്നും, കൈകൾ പിന്നിലേക്ക് കെട്ടണമെന്നും എല്ലാം ആ നോട്ടിൽ കുറിച്ചിരുന്നു. അതേ പോലെയാണ് അവർ ചെയ്തതും. ജനലിൽ ഒരു പാത്രം വെള്ളം വക്കണമെന്നും അതിന്റെ നിറം മാറുമ്പോൾ അച്ഛൻ വന്നു എല്ലാവരെയും രക്ഷിക്കുമെന്നുമായിരുന്നു വിശ്വാസം. അതല്ല മരിച്ചു കഴിഞ്ഞു കൂടുതൽ കരുത്താർജിച്ചു തിരിച്ചു വരുമെന്നും. കൂടുതൽ ധനികരാകുമെന്നും വിശ്വസിച്ചിരുന്നു എന്നും കേൾക്കുന്നു. ആത്മാക്കൾക്ക് പോകാനാണ് ആ പൈപ്പുകൾ ഘടിപ്പിച്ചിരുന്നത് എന്നും വിശ്വസിക്കുന്നു. ഇതൊന്നും തെളിയിക്കാനോ, ഉറപ്പിക്കാനോ ഒരാൾ പോലും ആ വീട്ടിൽ ജീവിച്ചിരിപ്പില്ല എന്നതാണ് ദുഖകരമായ സത്യം. എന്നാൽ പുറത്തു നിന്നൊരാൾ അവിടെ വന്നു അവരെ വക വരുത്തിയതാണ് എന്നതിൽ സത്യമില്ല എന്ന് മനസ്സിലായി.

പിന്നെ പോലീസ് അന്വേഷിച്ചത് ലളിത് എന്നയാളെ പറ്റിയായിരുന്നു. എല്ലാവർക്കും അയാളെ കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ. എന്നാൽ തന്റെ അച്ഛന്റെ സഹോദരന് മുത്തച്ഛന്റെ ബാധ ഇടയ്ക്കു കൂടുമെന്നും പിന്നെ മുത്തച്ഛന്റെ പോലെ സംസാരിക്കുമെന്നും മൂത്തമകന്റെ മകൾ ക്ലാസ്സിൽ തന്റെ കൂട്ടുകാരികളോട് ഒരിക്കൽ പറഞ്ഞിരുന്നുവത്രെ.
പക്ഷേ വീട്ടിലെ രഹസ്യങ്ങൾ പുറത്തു ആരോടും പറയരുത് എന്ന് ലളിത് വീട്ടിൽ എല്ലാവരോടും കർശനമായി പറഞ്ഞിരുന്നു. മൂത്ത മകന്റെ ഭാര്യ അടുക്കളയിലെ എല്ലാ കാര്യങ്ങളും നോക്കണമെന്ന് നിർദ്ദേശിച്ചിരുന്നതും അനിയനായ ലളിത് ആണ്. വീട്ടിലെ ഓരോ ആളും എന്ത് ചെയ്യണമെന്ന് ലളിത് നിശ്ചയിക്കും. ഒരു കൾട്ട് പോലെയായിരുന്നു ആ വീട്. അവിടത്തെ ഗോഡ് മാൻ ആയിരുന്നു ലളിത്. മറിച്ചൊരു വാക്ക് പറയാൻ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ലളിതിന്റെ കൂട്ടുകാരോട് അയാളെ പറ്റി പോലീസ് ചോദിച്ചറിഞ്ഞു. അച്ഛൻ മരിച്ചതിൽ പിന്നെ വലിയ സമ്മർദ്ദത്തിൽ ആയിരുന്നു ലളിത്.

അതിനിടെ അയാൾക്ക് വലിയൊരു ബൈക്ക് ആക്‌സിഡന്റ് ഉണ്ടായി. തലയിൽ നല്ല മുറിവുണ്ടായി. ഒരു പാട് കാലം ആശുപത്രിയിൽ ആയിരുന്നു.
പിന്നീട് പ്ലൈ വുഡിന്റെ ബിസിനസ് തുടങ്ങിയപ്പോൾ പണ്ട് ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയുടെ മുതലാളിയും, അയാളുടെ ഗുണ്ടകളും ചേർന്നു ലളിതിനെ കൊല്ലാൻ ശ്രമിച്ചു. പ്ലൈവുഡിന്റെ കമ്പനിക്ക് തീ ഇട്ടു കൊണ്ടാണ് അവർ അന്ന് അതിന് ശ്രമിച്ചത്. അതിൽ അയാൾ രക്ഷപെട്ടുവെങ്കിലും അയാളുടെ ശബ്ദം നഷ്ടപ്പെട്ടു. നീണ്ട ഏഴ് വർഷങ്ങൾ കഴിഞ്ഞാണ് അയാൾക്ക് ശബ്ദം തിരിച്ചു കിട്ടിയത്. അതും ഹനുമാൻ ചാലിസ പ്രാർത്ഥിക്കുമ്പോൾ. പിന്നീട് അതൊരു ശീലമായി. അച്ഛന്റെ ആത്മാവ് വന്നതും അങ്ങിനെയൊരു സമയത്തായിരുന്നു.
സൈക്യാർട്ടിസ്റ്റുകളുടെ അഭിപ്രായത്തിൽ തലക്കേറ്റ ക്ഷതം അയാളുടെ തലച്ചോറിനെ ബാധിച്ചിരിക്കാം. പിന്നീടുള്ള ട്രോമ കൂടിയായപ്പോൾ സൈക്കോസിസിന്റെ അവസ്ഥയിലേക്ക് അയാൾ എത്തിയിരിക്കും.
ആ സൈക്കോസിസിന്റെ അവസ്ഥയിൽ അയാൾ സൃഷ്ടിക്കുന്ന കഥാപത്രമാണ് അച്ഛനും അച്ഛന്റെ ആത്മാവും.
പെങ്ങളുടെ മകളുടെ വിവാഹ നിശ്ചയ സമയത്തു ലളിത് വലിയ അസ്വസ്ഥതയിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. അവൾ മറ്റൊരു വീട്ടിലേക്കു പോകുമ്പോൾ ഈ വീട്ടിലെ രഹസ്യങ്ങൾ അവൾ അവരോടു പറയുമോ എന്നുള്ള പേടി അയാൾക്ക് ഉണ്ടായിരുന്നിരിക്കാം.
സൈക്കോസിസ് ഉള്ള ഒരാൾ ഏത് രീതിയിൽ ചിന്തിക്കുമെന്ന് നമുക്ക് പറയാനാകില്ല. എന്നാൽ ഇവിടെ അയാൾക്ക് മറ്റുള്ളവരെയെല്ലാം തന്നിലേക്ക് വിശ്വസിക്കാൻ തരത്തിൽ നിയന്ത്രിക്കാൻ പറ്റി എന്നതാണ് അയാളുടെ വിജയം.
ഒരു തരത്തിൽ മാസ്സ് സൈക്കോസിസ് ആയിരുന്നു എന്ന് പറയാം.
എന്തായാലും അയാളുടെ അസുഖം നേരംവണ്ണം ചികിൽസിക്കാത്തത് ഒരു കൂട്ട മരണത്തിനു കാരണമായി. ഒരു പാട് പഠിപ്പുള്ള കുട്ടികൾവരെ അയാളെ വിശ്വസിച്ചു എന്നതും, ഇങ്ങിനെ ഒരു സാഹസത്തിനു ഇറങ്ങി തിരിച്ചു എന്നുള്ളതുമാണ് ഇതിനെല്ലാം തെളിവായി ചൂണ്ടികാണിക്കപ്പെടുന്നത്. തൂങ്ങാനുള്ള സ്റ്റൂളുകൾ കൊണ്ടുവരുന്നതും, കെട്ടാനുള്ള വയർ കൊണ്ടുവരുന്നതും സിസി ടിവിയിൽ കാണാമായിരുന്നു.

അതുകൊണ്ട് ഇതൊരു പുറത്തു നിന്നുള്ള കൊലപാതകമല്ല എന്ന് മനസിലാക്കാം.
ഇതൊരു ആത്മഹത്യ ആണോ എന്ന് ചോദിച്ചാൽ അതുമല്ല. അതിൽ മരിക്കുന്ന ആളുടെ ഇഷ്ടത്തോട് കൂടിയാണ് ആത്മഹത്യ ചെയ്യുന്നത്. ഇതിൽ അതല്ല കാരണം. കൊലപാതകം എന്ന് പറയുമ്പോൾ മറ്റൊരാളുടെ അനുവാദം ഇല്ലാതെ കൊല്ലുന്നതിനാണ് പറയുക. എന്നാൽ ഈ കേസിൽ ആർക്കും എതിരാഭിപ്രായം ഇല്ല. അതുകൊണ്ട് ഇത് ആത്മഹത്യ ആണോ കൊലപാതകം ആണോ എന്നത് ഇപ്പോഴും ഒരു സമസ്യ ആണ്.

അന്ധവിശ്വാസത്തിന്റെ ഇരകൾ അല്ലെങ്കിൽ ഒരു ആക്‌സ്മിക മരണം എന്ന് വേണമെങ്കിൽ പറയാം.
മാനസിക രോഗങ്ങൾ വേണ്ട വിധത്തിൽ നമ്മുടെ നാട്ടിൽ ചികിൽസിക്കപെടാത്തതിനാൽ ഉണ്ടായതാണ് ഈ കൂട്ട മരണങ്ങൾ. വട്ട് എന്ന് നാം കളിയാക്കി വിളിക്കുന്ന പല കാര്യങ്ങളും ഒരു ഡോക്ടറെ കണ്ടാൽ ചികിൽസിച്ചു ഭേദപെടുത്താം. എന്നാൽ അഭിമാനം നോക്കി ഇത്തരം കാര്യങ്ങൾ ചികിൽസിക്കാതെ ഇരുന്നാൽ ഇതുപോലുളള ദുരന്തങ്ങൾ പിന്നെയും ആവർത്തിക്കും.
പതിനൊന്നു മരണങ്ങൾ നടന്ന ആ വീട് ഇന്ന് അനാഥമാണ്. അവർ ഓരോരുത്തരും നിൽക്കാറുള്ള ഇടങ്ങളിൽ ചിലപ്പോഴൊക്കെ അവരെ ഇപ്പോഴും കാണാമെന്നു അയൽവാസികളിൽ ചിലർ പറയുന്നു. അതും മറ്റൊരു അന്ധവിശ്വാസം തന്നെ. അന്ധവിശ്വാസങ്ങൾ ഇനിയും എത്ര ജീവിതങ്ങൾ തകർക്കും?
ഹൗസ് ഓഫ് സീക്രട്ട്സ്: ദി ബുരാരി ഡെത്ത്സ്(2021)
[House Of Secrets: The Burari Deaths] | 3 എപ്പിസോഡ്
2018 ജൂലൈ മാസത്തിൽ ഡൽഹിയിലെ ബുരാരിയിൽ നടന്ന, രാജ്യത്തെ നടുക്കിയ കൂട്ട മരണത്തെ ആസ്‌പദമാക്കി ലീന യാദവ് ഒരുക്കി, നെറ്റ്ഫ്ലിക്‌സിലൂടെ പുറത്തിറങ്ങിയ ഡോക്യുമെന്ററി സീരീസാണ് ഹൗസ് ഓഫ് സീക്രട്ട്സ്: ദി ബുരാരി ഡെത്ത്സ്. 2018 ജൂലൈ മാസം നാടിനെ ഒട്ടാകെ നടുക്കിക്കൊണ്ട് ഒരു വീട്ടിലെ കുട്ടികൾ അടക്കമുള്ള 11 പേർ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നു. കുട്ടികൾ മുതൽ വൃദ്ധവയോധിക ഉൾപ്പടെ 11 പേർ. അയൽവാസികൾ പോലീസിനെ വിളിക്കുന്നത്തോടു കൂടി ഒരു ത്രില്ലർ സിനിമയിലേത് പോലേ അന്വേഷണം ആരംഭിക്കുന്നു. കൊലപാതകമാണോ അതോ ആത്മഹത്യയാണോ? കൊലപാതകത്തിന്റെതായ ഒരു വിവരവും അന്വേഷണ സംഘത്തിന് കണ്ടെത്താനാവുന്നില്ല. ആ നിഗൂഢ ചോദ്യങ്ങളാണിപ്പോൾ അവരെ വലയ്ക്കുന്നത് “11 പേർ? കുട്ടികളടക്കം? ഒരേ സമയം? എങ്ങനെ? എന്തിന്?” ഓരോ നിമിഷവും സംഭവത്തിന്റെ യഥാർത്ഥ ഭീകരതയുടെ എക്‌സ്ട്രീം ഫീൽ പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് മികച്ച ഇന്ത്യൻ ഡോക്യുമെന്ററി സീരിസുകളിൽ ഒന്നായി മാറിയ ഹൗസ് ഓഫ് സീക്രട്ടിന്റെ പ്രധാന ആകർഷണങ്ങൾ അച്ചടക്കത്തോടെയുള്ള അവതരണരീതിയും, എ ആർ റഹ്മാന്റെ ശക്തമായ പശ്ചാത്തല സംഗീതമാണ്.
ഈ സീരീസിന്റെ സബ്ടൈറ്റിൽ ലഭിക്കാൻ മുകളിലുളള ലിങ്കുവഴി www.moviemirrormalayalamsubtitles.com എന്ന വെബ്ബ് സൈറ്റ് സന്ദർശിച്ചാൽ മതി. ഈ സീരീസിന്റെ വിഡിയോ ലിങ്കിനായി The Burari Deaths എന്ന് ടെലഗ്രാമിൽ സേർച്ച് ചെയ്യുക.
മറ്റ് സബ്ടൈറ്റിൽ സൈറ്റുകളിലേയ്ക്കുളള ലിങ്കുകൾ നൽകുന്നു. ക്രെം ഫയൽസിൽ കടന്നുവരുന്ന പല കഥകളും സിനിമകളായും, സീരിയലുകളായും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
DDs മലയാളം പരിഭാഷകൾ : https://t.me/ddmlsub
ടീം GOAT മലയാളം : https://t.me/goat9061255774
MZone : https://malayalamsubtitles.org, https://youtube.com/c/MSoneSubs, https://instagram.com/msoneofficial, https://www.facebook.com/MSonePage/