സോവിയറ്റ് യൂണിയന്റെ തലസ്ഥാനമായ മോസ്ക്കോയിക്കടുത്തുളള ബിറ്റ്സെവ്സ്കി പാർക്ക് ( Bitsa Park ) മരങ്ങളും അരുവികളും നിറഞ്ഞ ഒരു ദീർഘമായ ഇരുണ്ട വനമാണ്. ശൈത്യകാലത്ത് ക്രോസ്-കൺട്രി സ്കീയർമാർക്കിടയിൽ ഇത് പ്രിയപ്പെട്ട സ്ഥലമാണ്. വടക്കേ അറ്റത്തുള്ള ബാലക്ലാവ്സ്കി പ്രോസ്പെക്റ്റ് മുതൽ തെക്ക് നാല് മൈൽ അകലെ മോസ്കോയെ വലയം ചെയ്യുന്ന മൾട്ടിലെയ്ൻ ബെൽറ്റ്വേയായ എം.കെ.എഡി വരെ ഇത് നീളുന്നു. 2,700 ഏക്കറിലധികം വിസ്തൃതിയുള്ള പാർക്ക് വളരെ വലുതാണ്. (ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് 843 കവർ ചെയ്യുന്നു.) അതിനുചുറ്റും പതിനായിരക്കണക്കിന് ആളുകൾ പഴയതും തുരുമ്പിച്ചതുമായ അപ്പാർട്ട്മെന്റ് ബ്ലോക്കുകളിൽ താമസിക്കുന്നു. “ലോകത്തിന്റെ കഴുത” എന്ന് മോസ്കോയുടെ ഈ ഭാഗത്തെ പലരും വിളിക്കുന്നു. അത്രമാത്രം വിരസവും, പരുഷവുമായിരുന്നു ആ പ്രദേശം.

2001 – 2002 വർഷങ്ങളിൽ ഈ പാർക്കിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ആളുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. മിക്കവരും പ്രായമായവരോ, പെൻഷൻ പറ്റിയവരോ ആയ പുരുഷൻമ്മാരായിരുന്നു. ആദ്യമൊന്നും ആരും ഇത് ശ്രദ്ദിച്ചില്ല. മറ്റുചിലപ്പോൾ ജനങ്ങൾ മൂന്നു ദിവസം കാത്തിരിക്കുകയും പിന്നീട് പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ മദ്യസേവയ്ക്കും, കൈക്കൂലിക്കും പേരുകേട്ട പോലീസ് ഒരു നടപടിയും എടുത്തില്ല.
തിരോധാനങ്ങൾ വർദ്ധിച്ചപ്പോൾ കാണാതായവരുടെ ബന്ധുക്കൾ ഒത്തു ചേർന്നു, പക്ഷേ അധികാരികൾ ഒന്നും ചെയ്യാൻ തയ്യാറാകാതിരുന്നതിനാൽ അവർ നിസഹായരായിരുന്നു. അവർ തങ്ങൾക്കറിയാവുന്ന വിവരങ്ങൾ പരസ്പരം കൈമാറി. ആ കാലത്ത് കാണാതായ ലിയോഷസ്, നിക്കോളാസ്, വിക്ടേഴ്സ് എന്നിവരെപ്പറ്റി അവർ ആശ്ചര്യപ്പെട്ടു.
“ലിയോഷ എവിടെയാണ്?”
“അവൻ ഖിംകിയിൽ ജോലി കണ്ടെത്തി”
“അവൻ ഒരു മദ്യപാനിയാണ്”
“ഒരുപക്ഷേ അവൻ മരിച്ചു”
“പാർക്കിനടുത്തുളള മാനസീകരോഗാശുപത്രിയിൽ നിന്നും രക്ഷപെട്ട രോഗി കൊന്നതായിരിക്കുമോ?”
“അത് ചെചൻസ് ആണ്”
“പിന്നിൽ മാഫിയ ആണ്”
കാണാതായവരെക്കുറിച്ച് ഈ രീതിയിലുളള കിംവദന്തികൾ പടർന്നുകൊണ്ടിരുന്നു.
2003 ആയപ്പോൾ കാണാതായവരുടെ എണ്ണം മുപ്പതിനടുത്തു. കാണാതായവരിൽ ചിലർ ബന്ധുക്കളായിരുന്നു. ചിലർ സുഹൃത്തുക്കളായിരുന്നു, മറ്റു പലരും അടുത്തടുത്തുളള അപ്പാർട്ട്മെന്റിൽ താമസിക്കുന്നവരായിരുന്നു, പലർക്കും പരസ്പരം അറിയാമായിരുന്നു.
ഇക്കാര്യത്തിൽ കാര്യമായ നടപടിയുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
കാണാതായവർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ മൃതദേഹങ്ങൾ കാണപ്പെടേണ്ടതല്ലേ? അത് ഒരിക്കലും ലഭിക്കാഞ്ഞതിനാൽ എല്ലാം ജനങ്ങളുടെ ഊഹാപോഹങ്ങൾ മാത്രമായി അവശേഷിച്ചു. ആളുകൾ തങ്ങളിൽ ഒരാളാണോ ഇതിനെല്ലാം പിന്നിൽ എന്ന് അന്യോന്യം സംശയിച്ചു തുടങ്ങി.
ഇതിനിടയിൽ വേറേയും ചില സംഭവങ്ങൾ അരങ്ങേറിയിരുന്നു. അതിൽ ഒന്ന് ഒരു സ്ത്രീയെ കൊലപ്പെടുത്താൻ ഒരു യുവാവ് ശ്രമിച്ചതും, ഒരു കൗമാരക്കാരനെ ഒരാൾ കൊല്ലാൻ നോക്കിയതും ആയിരുന്നു. എങ്കിലും അധികാരികൾ അതൊന്നും കാര്യമാക്കിയില്ല.
2005 നവംബറിൽ, നിക്കോളായ് സഖർചെങ്കോ എന്ന 63-കാരനായ ഒരു മുൻ പോലീസുകാരൻ കാട്ടിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു. സഖർചെങ്കോയുടെ കേസ് കൊലപാതകമാണെന്ന് സംശയാതീതമായി നിർണ്ണയിക്കപ്പെട്ട ആദ്യത്തേതായിരുന്നു. നിക്കോളായ് സഖർചെങ്കോയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വസ്തുത അദ്ദേഹം നാൽപ്പത്തിയൊന്നാമത്തെ ഇരയായിരുന്നു എന്നതാണ്. അതിനർത്ഥം കുറഞ്ഞത് നാൽപ്പത് ആളുകളെങ്കിലും ഇതിനു മുമ്പായി അപ്രത്യക്ഷരായി കഴിഞ്ഞിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെയും പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസിലെയും ഡിറ്റക്ടീവുകൾ മോസ്കോയിൽ ഒരു പരമ്പര കൊലയാളി ഉണ്ടെന്ന് മനസ്സിലാക്കിത്തുടങ്ങി. കാണാതായ ഇരകളും കൊലയാളിയുടെ ഇരയായതായി സംശയിക്കപ്പെട്ടു.
സീരിയൽ-കില്ലർ വിദഗ്ധനായ അലക്സാണ്ടർ ബുഖാനോവ്സ്കി പറയുന്നു. “പെരെസ്ട്രോയിക്കയ്ക്ക് മുമ്പ് ഇവിടുത്തെ പോലീസ് സംവിധാനം മികച്ചതായിരുന്നു, ഒരു ക്രമമുണ്ടായിരുന്നു. അത് കൂടുതൽ വ്യക്തവും ഫലവത്തും ആയിരുന്നു. ഇപ്പോൾ പോലീസിന് കാര്യമായൊന്നും അറിയില്ല.”
മൃതദേഹങ്ങൾ വനത്തിൽ കാണാൻ തുടങ്ങിയതിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയം കേസ് ഏറ്റെടുത്തത്. സീരിയൽ കില്ലർമാരെ എങ്ങനെ കണ്ടെത്താമെന്ന് യഥാർത്ഥത്തിൽ അറിയാവുന്ന ആന്ദ്രേ സുപ്രുനെങ്കോയെപ്പോലുള്ള ആളുകൾ അവനെ തിരയാൻ തുടങ്ങി.
സഖർചെങ്കോയുടെ മരണം കൊലയാളിയിലേയ്ക്കുളള ഒരു വഴിത്തിരിവായിരുന്നു.
സഖർചെങ്കോയിൽ നിന്ന് ആരംഭിച്ച് പോലീസ് 2006 ന്റെ തുടക്കത്തിൽ, നഗരത്തിലേയും മഞ്ഞുമൂടിയ ബൊളിവാർഡുകളിലെയും അപ്രത്യക്ഷരായ ആളുകളെ ബന്ധിപ്പിക്കുന്ന വിവരങ്ങൾ ചികഞ്ഞെടുക്കാൻ തുടങ്ങി. ഈ സമയത്ത് പാർക്കിനെ ചുറ്റപ്പെട്ട അപ്പാർട്ട്മെന്റ് ബ്ലോക്കുകളിലും മെട്രോ സ്റ്റേഷനുകളിലും ഭീകരത അലയടിക്കാൻ തുടങ്ങിയിരുന്നു, അവിടം ഒരു പ്രേതബാധയുള്ള സ്ഥലമായി കണക്കാക്കപ്പെട്ടു. കുട്ടികൾ കാട്ടിൽ കയറുന്നത് വിലക്കിയിരുന്നു. മരങ്ങൾക്കിടയിലൂടെ പ്രതിധ്വനിക്കുന്ന കരച്ചിലും, നിലവിളികളും കേൾക്കുന്നതിനെക്കുറിച്ച് ആളുകൾ പറഞ്ഞു നടന്നു. തെക്കൻ മോസ്കോയിലെ ഈ പാർക്ക് അങ്ങിനെ അദൃശ്യനായ ഒരു രാക്ഷസനെക്കുറിച്ചുളള കഥകളോടെ ഇന്റെർനെറ്റിലും പടർന്നു. തുടർന്ന് ബിറ്റ്സെവ്സ്കി പാർക്ക് മാനിയാക് നിഘണ്ടുവിലേക്കും, ദേശീയ ശ്രദ്ധയിലേയ്ക്കും, ആഗോള വാർത്തകളിലേയ്ക്കും പ്രവേശിച്ചു.

ആദ്യം ആളുകളെ കാണാതാകുന്നു എന്നു മാത്രമാണ് അധികാരികൾ കരുതിയിരുന്നതെങ്കിൽ മൃതദേഹങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ കൊലപാതകം ആണ് അപ്രത്യക്ഷമാകലിന്റെ പിന്നിലെ രഹസ്യം എന്ന് വൈകാതെ പോലീസിന് മനസിലായി. ആ പ്രദേശമാകെ ഡിക്റ്റീവുമാരേക്കൊണ്ടും, രഹസ്യാന്വേഷകരെക്കൊണ്ട് നിറഞ്ഞു. പക്ഷേ കൊലയാളിയെ മാത്രം കിട്ടിയില്ല.
ഒരു ദിവസം ഒരു ഡോക്ട്ടർ അരുവിക്കരയിലൂടെ തന്റെ നായയുമായി നടന്നു പോകുമ്പോൾ ഒരു കാട്ടുനായ്ക്കൂട്ടത്തിൽ ഒന്ന് ഒരു അസ്ഥിയുമായി ഓടിപ്പോകുന്നതു കണ്ടു. ഡോക്ട്ടർ ആയതിനാൽ അതൊരു മനുഷ്യന്റേതാണെന്ന് അദ്ദേഹത്തിന് വേഗം തന്നെ മനസിലായി. തുടർന്ന് നടത്തിയ അന്വഷണത്തിൽ ഒരാളുടെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിൽ അരുവിക്കരയിൽ കണ്ടെത്തി. എങ്കിലും പോലീസിന് ഇതുകൊണ്ടൊന്നും കൊലയാളിയിലേയ്ക്ക് എത്താൻ സാധിച്ചില്ല.
2006 ജൂണിൽ, ഒരു ഷോപ്പിൽ ജോലിചെയ്യുന്ന 36-കാരിയായ മറീന മോസ്കലിയോവ ( Marina Moskalyova ) കൂടെ ജോലിയെടുക്കുന്ന പിച്ചുഷ്കിൻ എന്ന യുവാവുമൊത്ത് പാർക്കിൽ നടക്കാൻ പോകാൻ തീരുമാനിച്ചു. കുറച്ചു നാളുകൾക്ക് മുമ്പ് അവളോടൊപ്പം ജോലിയെടുത്തിരുന്ന ലാറിസ കുലിഗിന ( Larissa Kulygina ) എന്ന യുവതി പെട്ടെന്ന് അപ്രത്യക്ഷയായിരുന്നു. അതിനാൽ തന്നെ അവൾക്ക് ആ പാർക്കിൽ പോകാൻ ഭയമുണ്ടായിരുന്നു, എന്നാൽ പിച്ചുഷ്കിൻ വളർത്തിയിരുന്ന നായ മരിച്ചതിന്റെ ചരമവാർഷീകമാണെന്ന് പറഞ്ഞതിനാൽ അതിനെ അടക്കിയ സ്ഥലത്ത് പോകാൻ അയാളെ സംശയം തോന്നിയെങ്കിലും അവൾ സമ്മതിച്ചു. അവൾ പോകുന്നതിന് മുമ്പ്, താൻ പിച്ചുഷ്കിനൊപ്പമാണെന്ന് അറിയിച്ചുകൊണ്ട് മകന് ഒരു കുറിപ്പ് എഴുതി, കൂടാതെ പിച്ചുഷ്കിന്റെ ഫോൺ നമ്പർ അവനു കൊടുത്തു.
കുറെ സമയം കഴിഞ്ഞും അമ്മയെ കാണാതെ കുട്ടിവിഷമിച്ചു. അവൻ പിച്ചുഷ്കിനെ വിളിച്ചു, പിച്ചുഷ്കിൻ അമ്മയെ കണ്ടിട്ടില്ലെന്ന് പറഞ്ഞു. പക്ഷേ സംശയം തോന്നിയ കുട്ടി ഇക്കാര്യം പിതാവിനെ അറിയിക്കുകയും തുടർന്ന് പോലീസിനെ വിളിക്കുകയും ചെയ്തു.
മോസ്കലിയോവയുടെ മൃതദേഹം 2006 ജൂൺ 14 ന് ബിറ്റ്സ പാർക്കിൽ കണ്ടെത്തി. മോസ്‌കലിയോവയുടെ വസ്ത്രത്തിൽ മെട്രോ ട്രെയിനിൽ യാത്ര ചെയ്ത ടിക്കറ്റ് ഉണ്ടായിരുന്നു. അവൾ ടിക്കറ്റ് വാങ്ങിയ സ്‌റ്റേഷനിലെ CCTV ദൃശ്യങ്ങൾ പരിശോദിച്ചതിൽ നിന്നും മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പിച്ചുഷ്‌കിന്റെ കൂടെ പ്ലാറ്റ്‌ഫോമിൽ അവൾ നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതായിരുന്നു പോലീസ് നോക്കിയിരുന്ന നിമിഷം. 2006 ജൂൺ 16-ന് പിച്ചുഷ്കിനെ അറസ്റ്റ് ചെയ്തു. പോലീസുകാരും ഡിറ്റക്ടീവുകളും ഫോറൻസിക് വിദഗ്ധരും അവന്റെ താമസസ്ഥലം കീഴ്മേൽ മറിച്ചു. അവിടെ അവർക്ക് പല തെളിവുകളും കിട്ടി. അതിൽ ആശ്ചര്യകരമായ ഒന്ന് ഒരു ലോഗ് ബുക്ക് ആയിരുന്നു. ഒരു ചെസ് ബോർഡായിരുന്നു അത്. അതിൽ താൻ കൊലപ്പെടുത്തിയ ആളുകളുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നു. 62 പേരുകൾ. എന്നാൽ കൊലപ്പെടുത്തി എന്ന് അയാൾ കരുതിയിരുന്ന 2 പേർ രക്ഷപെട്ടിരുന്നു.
അലക്സാണ്ടർ പിച്ചുഷ്കിൻ

1974 ഏപ്രിൽ 3 ആം തിയതി മോസ്കോയിലായിരുന്നു അലക്സാണ്ടർ പിച്ചുഷ്കിന്റെ ജനനം. മകന് 9 മാസം മാത്രം പ്രായമുള്ളപ്പോൾ അലക്സാണ്ടറിന്റെ പിതാവ് കുടുംബം വിട്ടുപോയി. അമ്മയും മുത്തച്ഛനും ചേർന്നാണ് അലക്സാണ്ടറിനെ വളർത്തിയത്. വളരെ ഉർജസ്വലനും മിടുക്കനുമായിരുന്ന പിച്ചുഷ്കിന്റെ ജീവിതം തന്നെ കീഴ്മേൽ മറിയുന്നത് അയാളുടെ നാലാമത്തെ വയസ്സിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ആയിരുന്നു. പാർക്കിൽ ഊഞ്ഞാലാടി കൊണ്ടിരിക്കുന്ന പിച്ചുഷ്‌കിൻ ഊഞ്ഞാലിൽ നിന്ന് വീഴുകയും ഊഞ്ഞാലിന്റെ സീറ്റ് ശക്തമായി അവന്റെ തലയുടെ മുൻഭാഗത്തു വന്ന് അടിക്കുകയും ചെയ്തു. ശക്തമായ ആ ഒരു അടിയിൽ പിച്ചുഷ്കിന്റെ തലച്ചോറിലെ ഫ്രന്റൽ കോർടെക്സ് എന്നൊരു ഭാഗത്തിന് സാരമായി പരിക്ക് ഏൽക്കാനിടയായി. ഈ ഒരു അപകടത്തെ തുടർന്ന് പിച്ചുഷ്കിൻ ഒരു അന്തർമുഖനായി മാറുകയും, അകാരണമായി അക്രമവാസന കാണിക്കാനും തുടങ്ങി. ഇത് കാരണം അലക്സാണ്ടർ പിച്ചുഷ്‌കിൻ സ്കൂളിൽ ശരിക്കും ഒറ്റപെട്ടു. പഠിത്തത്തിലും കായിക ഇനങ്ങളിലും തീരെ താല്പര്യം കാണിക്കാത്ത പിച്ചുഷ്കിനെ സ്കൂളിലെ മറ്റു കുട്ടികൾ നിരന്തരം കളിയാക്കുകയും മർദ്ധിക്കുകയും ചെയ്തു കൊണ്ടിരുന്നു.

15 വയസുളളപ്പോൾ കുറെ വിദ്ധ്യാർത്ഥികൾ ചേർന്ന് അവനെ ആക്രമിച്ചു. ഇതും സമൂഹത്തോടും, മനുഷ്യരോടും പൊതുവിൽ ഒരു വൈരാഗ്യബുദ്ധി വളർന്നുവരുവാൻ ഇടയാക്കിയതായി കരുതപ്പെടുന്നു.
അങ്ങെനെയിരിക്കെ ആണ് പിച്ചുഷ്‌കിന്റെ മുത്തശ്ശൻ അവനെ കാണാൻ വീട്ടിലേക്ക് വരുന്നത്. പിച്ചുഷ്‌കിൻ പഠിക്കാൻ മോശമാണെങ്കിലും ബുദ്ധിമാനായ ഒരു കുട്ടി ആന്നെന്നു മുത്തശ്ശൻ മനസിലാക്കി. മുത്തശ്ശൻ പിച്ചൂഷ്കിനെ അയാളുടെ വീട്ടിലേക് കുട്ടി കൊണ്ട് പോയി. അവിടെ വെച്ച് അയാൾ പിച്ചൂഷ്കിനെ ചെസ്സ് കളിക്കാൻ പഠിപ്പിച്ചു. അലക്സാണ്ടർ പിച്ചുഷ്‌കിൻ അവന്റെ ദേഷ്യവും സങ്കടവും എല്ലാം ചെസ്സ് കളിയിലൂടെ മറക്കാൻ ശ്രമിച്ചു. അങ്ങെനെ പിച്ചുഷ്‌കിനും അവന്റ മുത്തശ്ശനും വളരെ സന്തോഷത്തോടെ ജീവിച്ചു പോന്നു.
പക്ഷെ ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. പിച്ചുഷ്കിന്റ ആ സന്തോഷജീവിതത്തിന്റെ അവസാനമെന്നോണം അവന്റെ മുത്തശ്ശൻ ജീവിതത്തിൽ നിന്നും വിടവാങ്ങി. ആ മരണം പിച്ചുഷ്കിനെ ആകെ തളർത്തി. അവൻ മുത്തശ്ശന്റെ വീട്ടിൽ നിന്ന് അവന്റെ വീട്ടിലേക്ക് തിരിച്ചെത്തി. വീണ്ടും പഴയ ആ ഏകാന്തതയിലേക്ക് അവൻ തിരിച്ചു പോയി. ഈ ഏകാന്തതയിൽ നിന്ന് അവന് ചെറിയ ഒരു ആശ്വാസം ആയിരുന്നത് അവന്റ ഒരു വളർത്തുനായ ആയിരുന്നു. കാലങ്ങൾ കടന്നു പോയി. ഒരു ദിവസം അവന്റെ വളർത്തു നായയും ചത്തു. പിച്ചുഷ്‌കിന് തീർത്തും ഒറ്റ പെട്ടു.

മോസ്കോയിലെ കേർസംകിയ സ്ട്രീറ്റിലാണ് പിച്ചുഷ്കിൻ ജീവിച്ചിരുന്നത്. ബിറ്റ്‌സ പാർക്കിന്റെ വടക്കേ അറ്റത്ത് നിന്ന് ആറ് മിനിറ്റ് നടന്നാൽ എത്താൻ കഴിയുന്ന ഒരു അപ്പാർട്ട്മെന്റിലാണ് അവൻ താമസിച്ചിരുന്നത്. അഞ്ചാം നിലയിലെ രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിൽ അമ്മ നതാലിയ എൽമോറഡോവ്ന, ഇളയ അർദ്ധ സഹോദരി, അവളുടെ ഭർത്താവ്, അവരുടെ മകൻ എന്നിവരോടൊപ്പം ആയിരുന്നു കഴിഞ്ഞിരുന്നത്.
പിച്ചുഷ്‌കിൻ ബിറ്റ്സ പാർക്കിൽ ചെസ്സ് കളിക്കാൻ പോയിരുന്നു. കൂടുതലും പ്രായമായ ആളുകളോടൊപ്പമാണ് അവൻ ചെസ് കളിച്ചിരുന്നത്. ഈ കാലഘട്ടത്തിൽ കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് അവൻ ഒരു ഹോബിയായി കൊണ്ടുനടന്നിരുന്നു. കുട്ടികളെ തലകീഴായി തൂക്കിപ്പിടിക്കുക, ഭയപ്പെടുത്തി ഓടിക്കുക മുതലായവ അവൻ വീഡിയോ ആയി റെക്കോർഡുചെയ്തിരുന്നു. തന്റെ ശക്തി വീണ്ടും സ്ഥിരീകരിക്കാൻ അവൻ ഈ വീഡിയോകൾ ആവർത്തിച്ച് കണ്ടു, പക്ഷേ ഇതുകൊണ്ടൊന്നും അവന്റെ കൊലപാതക പ്രേരണകൾ തൃപ്തിപ്പെട്ടില്ല.
1992 ജൂലൈ 27 ന് പിച്ചുഷ്കിൻ തന്റെ ആദ്യ കൊലപാതകം നടത്തി, അവനന്ന് 18 വയസ്സായിരുന്നു. ഈ സമയത്ത്, സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് രാജ്യം അക്രമാസക്തമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. പിച്ചുഷ്കിൻ തന്റെ സഹപാഠിയായ മിഖായേൽ ഒഡിച്ചുക്കിനോട് ( Mikhail Odichuk ) 64 പേരെ ഒന്നൊന്നായി കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയതായി അറിയിക്കുകയും, അതിന് ഒപ്പം ചേരാനും ക്ഷണിച്ചു.
ഒരു ചെസ് ബോർഡിലെ സ്ക്വയറുകളുടെ എണ്ണമായ 64 അവൻ തിരഞ്ഞെടുത്തതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. റഷ്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഭീകരനായ മറ്റൊരു സീരിയൽ കില്ലർ ആയിരുന്നു ആന്ദ്രേ ചിക്കാട്ടിലോ ( Andrei Chikatilo ) . അയാൾ ആ കാലഘട്ടത്തിൽ 53 പേരെ വധിച്ചിരുന്നു. പിച്ചുഷ്കിൻ ചിക്കാട്ടിലോയുടെ ആരാധകനായിരുന്നു. രണ്ടുവർഷം മുൻപ് (1990-ൽ) ചിക്കാട്ടിലോ അറസ്റ്റിലായിരുന്നു. ചിക്കാട്ടിലോയുടെ കൊലപാതക നമ്പരായ 53 മറികടക്കുക എന്നതായിരുന്നു പിച്ചുഷ്കിന്റെ ലക്ഷ്യം.
ഒരു തമാശയായി ഇത് കരുതി ഒഡിച്ചുക്ക് ഈ പദ്ധതിക്ക് സമ്മതിച്ചു. പ്ലാൻ അനുസരിച്ച് കൊലപാതകസ്ഥലമായ മോസ്കോയിലെ ബിറ്റ്സെവ്സ്കി (ബിറ്റ്സ) പാർക്കിന്റെ പരിസരത്ത് ഒഡിച്ചുക്ക് 1992 ജൂലൈ 27 ന് പിച്ചുഷ്കിനെ സന്ധിച്ചു. എന്നിരുന്നാലും, അവർ മീറ്റിംഗ് പോയിന്റിൽ എത്തിയപ്പോൾ പിച്ചുഷ്ക്കിൻ തമാശപറയുകയല്ല എന്ന് മനസിലാക്കി കൂടുതൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പിച്ചുഷ്കിനോട് അവൻ പറഞ്ഞു.
തന്റെ ഉറ്റസുഹൃത്ത് കളിയാക്കുന്നതായി തോന്നിയ പിച്ചുഷ്കിൻ ബാഗിൽ നിന്ന് ഒരു ചുറ്റിക പുറത്തെടുത്ത് ഒഡിച്ചുക്കിന്റെ തലയിൽ ഇരുപതോളം അടി ഏൽപ്പിച്ചു, ഒടുവിൽ അവനെ കൊന്നു. ഒഡിച്ചുക്ക് മരിച്ചുകഴിഞ്ഞ് പിച്ചുഷ്‌കിൻ മൃതദേഹം ബിറ്റ്‌സ പാർക്കിലുളള അഴുക്കുചാലുകൾക്ക് സമീപം നിക്ഷേപിച്ചു. തുടർന്ന് ബിറ്റ്‌സ പാർക്കിൽ നിന്ന് ഏകദേശം അഞ്ച് മിനിറ്റ് നടപ്പു ദൂരമുളള അമ്മയുടെ അപ്പാർട്ട്മെന്റിലേക്ക് മടങ്ങി.

1992 ജൂലൈ 28 ന്, ഒഡിച്ചുകിന്റെ മൃതദേഹം ബിറ്റ്‌സ പാർക്കിലെ അഴുക്കുചാലുകൾക്ക് സമീപം കണ്ടെത്തി. മസ്‌കോവൈറ്റ് പോലീസ് കൊലപാതകത്തിനായി അന്വേഷണം ആരംഭിച്ചു, മൃതദേഹം മോസ്കോയിൽ താമസമാക്കിയ 18 വയസ്സുള്ള മിഖായേൽ ഒഡിച്ചുക്കിന്റെതാണെന്ന് തിരിച്ചറിഞ്ഞു. ഒഡിചുക്കിനെ അവസാനമായി കണ്ടത് അലക്‌സാണ്ടർ പിച്ചുഷ്‌കിനൊപ്പം ബിറ്റ്‌സ പാർക്കിന്റെ ദിശയിൽ നടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
1992 ജൂലൈ 30 ന് പിച്ചുഷ്കിനെ അമ്മയുടെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തു, തുടർന്ന് ചോദ്യം ചെയ്യലിനായി മോസ്കോ പോലീസ് സ്റ്റേഷന്റെ പരിസരത്തേക്ക് കൊണ്ടുപോയി. ഒഡിച്ചുക്കിന്റെ മരണസമയത്ത് അവന്റെ യാത്രയെപ്പറ്റി ചോദിച്ചപ്പോൾ, മൂന്ന് ദിവസം മുമ്പ് ഒഡിച്ചുക്കിനൊപ്പം ഉണ്ടായിരുന്നതായി പിച്ചുഷ്കിൻ സ്ഥിരീകരിച്ചു, എന്നാൽ തന്റെ അമ്മയോടും സഹോദരിയോടും ഒപ്പം പോകാനായി താൻ ഒഡിച്ചുക്കിനെ പാർക്കിൽ വിട്ടിട്ടു പോന്നു എന്ന് അവകാശപ്പെട്ടു.
ഏതാനും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷവും റഷ്യൻ പോലീസിന് പിച്ചുഷ്കിനെ ഒഡിച്ചുക്കിന്റെ മരണവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. അങ്ങിനെ പിച്ചുഷ്കിൻ തനിക്കെതിരെ ഒരു കുറ്റവും ചുമത്താതെ പോലീസ് സ്റ്റേഷൻ വിട്ട് അമ്മയുടെ വീട്ടിലേക്ക് മടങ്ങി.
1992 സെപ്തംബറിൽ 18 വയസ്സുള്ള അയൽക്കാരിയായ ഓൾഗ ( Olga ) പിച്ചുഷ്കിന്റെ പ്രണയം നിരസിച്ചു. പിച്ചുഷ്കിന്റെ സുഹൃത്ത് സെർജിയുമായി ( Sergei ) ബന്ധം പുലർത്തിയിരുന്നതിനാൽ ആയിരുന്നു അവൾ പിച്ചുഷ്കിനുമായുളള ബന്ധം നിരസിച്ചത്. ഓൾഗ തന്നെ നിരസിച്ചതിൽ രോഷാകുലനായ പിച്ചുഷ്കിൻ സെർജിയുടെ അപ്പാർട്ട്മെന്റിലേക്ക് പോയി അവനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു. സെർജി നിരവധി മീറ്ററുകൾ ഉയരത്തിൽ നിന്നും വീണു മരിച്ചതായി ആണ് കാണപ്പെട്ടത്. ഈ കേസ് പിച്ചുഷ്കിൻ ചെയ്തതാണ് എന്ന് കരുതുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല, കൂടാതെ പോലീസ് അന്വേഷണത്തിൽ സെർജിയുടെ മരണം ആത്മഹത്യ ചെയ്തു എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
1992 ഒക്ടോബറിൽ പിച്ചുഷ്കിൻ താൽക്കാലികമായി കൊലപാതകം അവസാനിപ്പിച്ചു. ഈ മാസം തന്നെ, ആന്ദ്രേ ചിക്കാറ്റിലോയുടെ വിചാരണ അവസാനിക്കുകയും അയാളെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ചിക്കാറ്റിലോയുടെ വധശിക്ഷയിൽ പിച്ചുഷ്കിൻ ഭയന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ ആഗ്രഹിച്ചില്ലെന്നും അഭിപ്രായമുണ്ട്.
1996-ൽ റഷ്യ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്തി. ഇത് പിച്ചുഷ്കിന്റെ കൊലപാതകത്തോടുള്ള താൽപര്യം വീണ്ടും ജ്വലിപ്പിച്ചു, ആ വർഷം അവൻ ബോഡിബിൽഡിംഗ് വ്യായാമം ചെയ്യാൻ തുടങ്ങി. റഷ്യയിലെ ഏറ്റവും പ്രഗത്ഭനായ സീരിയൽ കില്ലറായി മാറാൻ അവൻ ആഗ്രഹിച്ചിരുന്നതിനാലാണ് അവൻ ശരീരം പുഷ്ടിപ്പെടുത്താൻ തീരുമാനിച്ചത്.

പിച്ചുഷ്കിനെ അതിജീവിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളായിരുന്നു മരിയ വിരിചേവ ( Maria Viricheva ). അവൾ ഒരു കച്ചവടക്കാരിയായിരുന്നു. തന്റെ കൈയ്യിൽ മോഷണവസ്തുവായ ക്യാമറാകൾ ഉണ്ട് എന്ന് അയാൾ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. അത് സൂക്ഷിച്ചിരിക്കുന്നത് പാർക്കിന് സമീപമുളള കിണറ്റിലാണെന്ന് അവൻ അറിയിച്ചു. 2002 ഫെബ്രുവരി 23 ന് ചതി മനസിലാക്കാതെ അത് കാണുവാനായി അവൾ അവനോടൊപ്പം കിണറ്റിൻ കരയിലെത്തി. ഉളളിലേക്ക് കുനിഞ്ഞ് നോക്കാൻ അവൻ ആവശ്യപ്പെട്ടു. പിച്ചുഷ്കിൻ ഗർഭിണിയായ മരിയ വിരിചേവയെ കിണറ്റിലേക്ക് തള്ളിയിട്ടു.
അവൾ താഴേയ്ക്ക് വീഴാതെ കിണറിന്റെ വക്കിൽ അളളിപ്പിടിച്ചു കിടന്നു. അവൻ അവളുടെ മുടിയിൽ പിടിച്ച് തല കോൺക്രീറ്റ് ഭിത്തികളിൽ ആവർത്തിച്ച് ഇടിച്ചു. അതോടെ പിടിവിട്ട് അവൾ കിണറ്റിൽ വീണു. അവൾ മരിച്ചെന്ന് വിശ്വസിച്ച് അയാൾ പോയി. അവൾ മരിച്ചിരുന്നില്ല, മറ്റൊരു വശത്തുകൂടി അവൾ മുകളിലേയ്ക്ക് കയറി. എങ്കിലും കിണറിന് മൂടിയുളളതിനാൽ അവൾക്ക് പുറത്ത് വരുവാൻ സാധിച്ചില്ല. ഭാഗ്യവശാൽ, അവളുടെ കരച്ചിൽ ഒരു സ്ത്രീ കേൾക്കുകയും, ഗർഭം അലസൽ സംഭവിക്കാതെ അവളെ രക്ഷിക്കുകയും ചെയ്തു. അവൾ ഒരു ആശുപത്രിയിൽ എത്തി, ആക്രമണത്തെക്കുറിച്ച് അവൾ പോലീസിനോട് പറഞ്ഞു.

വിരിചേവയുടെ രജിസ്ട്രേഷൻ പേപ്പറുകൾ പോലീസുകാർ ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് റഷ്യൻ പൗരന്മാർ മോസ്കോയിൽ നിയമവിരുദ്ധമായി താമസിക്കുന്നു; വിരിചേവയും അങ്ങിനെ ഒരുവളായിരുന്നു. തന്റെ പക്കൽ പേപ്പറുകളൊന്നുമില്ലെന്ന് വിരിചേവ പറഞ്ഞു. ആക്രമണത്തെ കുറിച്ച് മിണ്ടാതിരുന്നാൽ അവർ അവളുടെ “അനധികൃത വാസസ്ഥലം” അവഗണിക്കും എന്ന് പോലീസുകാർ അറിയിച്ചു. അതിനാൽ വിരിചേവ നിശബ്ദനായി. അവൾ ആ കേസിന് പിന്നാലെ പോയില്ല.
രക്ഷപ്പെട്ട മറ്റൊരാൾ കൗമാരക്കാരനായ മിഖായേൽ ലോബോവ് ( Mikhail Lobov ) ആയിരുന്നു. 2002 മാർച്ച് 10 ന്, സിഗരറ്റും വോഡ്കയും നൽകാമെന്ന വാഗ്ദാനവുമായി പിച്ചുഷ്കിൻ ബിറ്റ്സ പാർക്കിലേക്ക് അവനെ കൂട്ടിക്കൊണ്ടുവന്നു. അവിടെ വച്ച് അയാൾ അവന്റെ തലയിൽ ഇടിക്കുകയും കിണറ്റിലേക്ക് തള്ളിയിടുകയും ചെയ്തു. കുട്ടി മരിച്ചുവെന്ന് കരുതി പിച്ചുഷ്കിൻ സ്ഥലം വിട്ടു. ഭാഗ്യവശാൽ, ലോബോവിന്റെ ജാക്കറ്റ് കിണറ്റിനുള്ളിലെ ഒരു ലോഹക്കഷണത്തിൽ കുടുങ്ങി, മഞ്ഞുമൂടിയ വെള്ളത്തിലേക്ക് വീഴുന്നതിൽ നിന്ന് ആ കൊളുത്ത് അവനെ രക്ഷിച്ചു. അവൻ എങ്ങിനേയോ പുറത്തേക്ക് കയറാൻ കഴിഞ്ഞു. ദിവസങ്ങൾക്ക് ശേഷം മെട്രോ സ്റ്റേഷനിൽ വച്ച് പിച്ചുഷ്കിനെ ആ കുട്ടി പോലീസുകാരന് കാണിച്ചുകൊടുത്തു. എന്നാൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇതുപോലുളള കുട്ടികളുടെ വാക്കുകളെ മുഖവിലയ്ക്കെടുക്കാൻ ആ പോലീസുകാരൻ ഒരുക്കമായിരുന്നില്ല. അയാൾ പിച്ചുഷ്കിനെ പിടിക്കാൻ മിനക്കെട്ടില്ല. ഈ തവണയും അവൻ രക്ഷപെട്ടു.

“അഴുക്കുചാലുകളുടെ കാലഘട്ടം” (മെയ് 2001-സെപ്റ്റംബർ 2005)
ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2001 മെയ് മാസത്തിൽ പിച്ചുഷ്കിൻ വീണ്ടും കൊല്ലാൻ തുടങ്ങി. അക്കാലത്ത് മോസ്കോയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു അവൻ.
2001 മെയ് 17 ന്, പിച്ചുഷ്കിൻ ബിറ്റ്സ പാർക്കിൽ യെവ്ജെനി പ്രോനിൻ ( Yevgeny Pronin ) എന്ന 52-കാരനോടൊപ്പം ചെസ്സ് കളിക്കുകയായിരുന്നു. ചെസ്സ് കളിയുടെ അവസാനം, തന്റെ നായയുടെ ചരമവാർഷികമാണെന്നും ബിറ്റ്‌സ പാർക്കിലെ നായയുടെ ശവക്കുഴി സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി തന്നോടൊപ്പം ചേരുവാൻ പിച്ചുഷ്കിൻ പ്രോനിനെ ക്ഷണിച്ചു.
ബിറ്റ്‌സ പാർക്കിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്തേക്ക് പ്രോനിൻ അവനെ അനുഗമിച്ചു, തുടർന്ന് പിച്ചുഷ്കിൻ ഒരു കുപ്പി വോഡ്ക പ്രോനിന് നൽകി. അവർ നായയ്ക്ക് ഒരു ടോസ്റ്റ് ഉണ്ടാക്കി, അതിനുശേഷം പിച്ചുഷ്കിൻ വോഡ്ക കുപ്പി ഉപയോഗിച്ച് പ്രോനിന്റെ തലയിൽ അടിച്ചു. പ്രൊനിൻ മരിച്ചപ്പോൾ, പിച്ചുഷ്കിൻ അയാളുടെ ശരീരം അടുത്തുള്ള കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.
2003 നവംബർ 15 ന്, അയൽക്കാരനായ കോൺസ്റ്റാന്റിൻ പോളികാർപോവിനെ ( Konstantin Polikarpov ) പച്ചുഷ്കിൻ ബിറ്റ്സ പാർക്കിൽ മദ്യപിക്കാനായി ക്ഷണിച്ചു. അവിടെവച്ച് മൂന്നു തവണ അയാളെ ചുറ്റികകൊണ്ട് തലയിലടിച്ച ശേഷം കിണറ്റിലേക്ക് എടുത്തിട്ടു. വീണ്ടും, തന്റെ ഇര മരിച്ചുവെന്ന് കരുതി അവൻ പോയി. പോളികാർപോവ് അത്ഭുതകരമായി രക്ഷപെട്ട് പുറത്തുകടന്നു, പക്ഷേ അദ്ദേഹത്തിന് തലയ്ക്ക് ആഘാതം സംഭവിച്ചതിനാൽ ആക്രമണത്തെക്കുറിച്ച് ഒന്നും ഓർക്കാൻ കഴിഞ്ഞില്ല. ഈ തവണയും കൊലയാളിക്ക് വീണ്ടും മുന്നോട്ട് പോകാനായി കാലം പിന്നെയും അവസരം നൽകി.
2001 മെയ് മുതൽ 2005 സെപ്തംബർ വരെ പിച്ചുഷ്കിൻ മുപ്പത്തിയാറ് ഇരകളെ ആക്രമിച്ചു; അയാളുടെ ഇരകളിൽ മൂന്ന് പേർ പരിക്കുകളോടെ മുകളിൽ പറഞ്ഞ പ്രകാരം രക്ഷപ്പെട്ടു. ( വിശദമായ ലിസ്റ്റ് ഏറ്റവും അവസാനം നൽകിയിരിക്കുന്നു )
പിച്ചുഷ്കിൻ തന്റെ ഇരയെ പാർക്കിൽ സമീപിക്കും. അവരിൽ ഭൂരിഭാഗവും ഭവനരഹിതരായ ആളുകൾ ആയിരുന്നു. വഴിയോരത്തു കിടന്ന് ഉറങ്ങിയിരുന്ന ഭാവനരഹിതർ ആയ വൃദ്ധരെ മദ്യം നൽകി ചങ്ങാത്തത്തിൽ ആക്കുകയും അവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൂട്ടിക്കോണ്ട് പോകുകയും അവിടെ വച്ച് തലക്കടിച്ചു കൊന്ന ശേഷം ഓടകളിൽ ഉപേക്ഷിക്കുകയാണ് പിച്ചുഷ്കിൻ ചെയ്തിരുന്നത്.
ഇരകളിൽ 20 പേരോളം അവനോടൊപ്പം ചെസ് കളിച്ചിരുന്നു. കുടിച്ച് ഇര പൂസായിക്കഴിയുമ്പോൾ സാധാരണയായി അവരുടെ തലയോട്ടിയുടെ പിൻഭാഗത്ത് ചുറ്റികയോ കുപ്പിയോ ഉപയോഗിച്ച് അടിച്ച് കൊല്ലും. വസ്ത്രത്തിൽ രക്തം വീഴാതിരിക്കാൻ അവൻ എപ്പോഴും പുറകിൽ നിന്നായിരുന്നു ആക്രമിച്ചിരുന്നത്. കൊലപാതകങ്ങൾ ചെയ്യുമ്പോൾ അയാൾക്ക് കിട്ടിയിരുന്ന ആനന്ദം കൂടുതൽ ക്രൂരമായി ആളുകളെ കൊല്ലുന്ന രീതിയിലേക്ക് പിച്ചുഷ്കിനെ മാറി ചിന്തിപ്പിച്ചു. അങ്ങനെ പിന്നീട് “പിച്ചുഷ്കിൻ സിഗ്‌നെചർ സ്റ്റൈൽ” എന്ന് വിളിച്ച ഒരു കൊലപാതകരീതിയിലെക്ക് അയാൾ എത്തി. സൗഹൃദം നടിച്ചു ആളുകളെ കൂട്ടികൊണ്ട് പോകുകയും അവരെ പിന്നിൽ നിന്ന് ഒരു ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി തലയോടിൽ ചുറ്റിക കൊണ്ട് ഒരു ദ്വാരം ഉണ്ടാക്കി അതിൽ വോഡ്കയുടെ കുപ്പി അടിച്ചു കേറ്റുക ആയിരുന്നു പിച്ചുഷ്കിൻ ചെയ്തിരുന്നത്.
കൊലപാതകശേഷം തന്റെ ഇരകളെ മലിനജല കനാലിലേക്ക് അവൻ തള്ളി. അഞ്ചു കിലോമീറ്റർ താഴെയയാണ് മലിനജലം ശുദ്ധീകരിച്ചിരുന്നത്. അവിടെ എത്തുമ്പോൾ ആ ശരീരങ്ങൾ അഴുകി തിരിച്ചറിയാൻ സാധിക്കാതെ ആകുമായിരുന്നു. പലപ്പോഴും അവിടം വരെ എത്തപ്പെടുകയും ഇല്ല. അതിനാൽ തന്നെ പല ഇരകളുടേയും അവശിഷ്ടങ്ങൾ ഇന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. ചില കേസുകളിൽ തലയോട്ടി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. മരിച്ചവരെല്ലാം തന്നെ പാവപ്പെട്ടവരും, സാധാരണക്കാരും ആയതിനാൽ പോലീസോ, മലിനജലശുദ്ധീകരണ അധികാരികളോ കൂടുതൽ അന്വേഷിക്കാൻ തയ്യാറായിരുന്നില്ല. ഈ ഒരു സാഹചര്യം അവനെ പിടികൂടുന്നതിൽ കൂടുതൽ താമസം വരുത്തി.
2005 സെപ്റ്റംബർ 28 ന് 46 കാരനായ യൂറി കുസ്നെറ്റ്സോവിനെ കൊലപ്പെടുത്തിയ ശേഷം, പിച്ചുഷ്കിൻ മൃതദേഹങ്ങൾ പാർക്കിലെ അഴുക്കുചാലുകളിൽ സംസ്കരിക്കുന്നത് നിർത്തി, പകരം അവ തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കാൻ ആരംഭിച്ചു. സീരിയൽ കൊലപാതകങ്ങളിൽ മടുത്ത് പത്രമാധ്യമങ്ങൾ അവനിലുളള ശ്രദ്ധ ഉപേക്ഷിച്ചിരുന്നു. പിച്ചുഷ്കിൻ ഇതിൽ പ്രകോപിതനായി, അവന്റെ ചെയ്തികൾ നാലാൾ അറിയുന്നതിനും, പോലീസിനോട് ഒരു ഏറ്റുമുട്ടൽ എന്ന തരത്തിലും ശവശരീരങ്ങൾ പാർക്കിന്റെ പല ഭാഗങ്ങളിൽ കാണപ്പെട്ടു തുടങ്ങി. FBI സീരിയൽ കില്ലർ പ്രൊഫൈൽ അനുസരിച്ച്, പോലീസുകാരുമായി കളിക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് പിച്ചുസ്കിൻ സമ്മതിച്ചു എന്ന് കാണുന്നു.
ഒരു രാത്രി അവൻ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ടിവി കാണുകയായിരുന്നു, ബിറ്റ്സെവ്സ്കി പാർക്ക് കൊലയാളിയെ കുറിച്ച് ഒരു റിപ്പോർട്ട് ടി.വിയിൽ ഉണ്ടായിരുന്നു. അവന്റെ സഹോദരി ആക്രോശിച്ചു: “ഈ ഭ്രാന്തൻ, അവൻ വളരെ ആകർഷകനാണ്. അവൻ ആരാണ്?” പിച്ചുഷ്കിന് വളരെ പണിപ്പെട്ടാണ് സ്വയം അടക്കിയത്. അവൾ അവന്റെ അടുത്താണ് ഇരിക്കുന്നതെന്ന് അവന് പറയണമെന്നുണ്ടായിരുന്നു.
“ഓപ്പൺ പിരീഡ്” (ഒക്ടോബർ 2005-ജൂൺ 2006)
പിച്ചുഷ്കിൻ പിന്നീട് പറഞ്ഞതുപോലെ :
“ഇരകൾ അപ്രത്യക്ഷരായി എന്ന വസ്തുത എന്നെ തൃപ്തിപ്പെടുത്താൻ പോരായിരുന്നു; എനിക്ക് കൂടുതൽ വികാരങ്ങൾ ആവശ്യമായിരുന്നു”.
അതായത് ഇരകൾ കൊല്ലപ്പെട്ടു എന്ന് എല്ലാവരും അറിയുകയും, ചർച്ചചെയ്യുകയും ചെയ്യണം എന്നവൻ ആഗ്രഹിച്ചു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളേയും സ്ത്രീകളെയും കുട്ടികളെയും അവൻ ലക്ഷ്യമിടാൻ തുടങ്ങി. അവന്റെ ഇരകളിൽ പത്ത് പേർ അയാൾ താമസിച്ചിരുന്ന അതേ നാല് കെട്ടിട സമുച്ചയത്തിലാണ് താമസിച്ചിരുന്നത്.

ആളുകളെ കൊല്ലാനൊരുങ്ങുമ്പോൾ തന്റെ ഇരകൾ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നത് സ്വയം ആ അവസരത്തിൽ ദൈവത്തെപ്പോലെ തോന്നുന്നുവെന്ന് അയാൾ അറസ്റ്റിനുശേഷം അവകാശപ്പെട്ടു .
“എല്ലാ കേസുകളിലും ഞാൻ കൊന്നത് ഒരു കാരണത്താലാണ്. ജീവിക്കാൻ വേണ്ടിയാണ് ഞാൻ കൊന്നത്, കാരണം നിങ്ങൾ കൊല്ലുമ്പോൾ നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നു”
മറ്റൊരിക്കൽ അവൻ ഇങ്ങിനെ പറഞ്ഞു.
“എനിക്ക്, കൊലപാതകമില്ലാത്ത ജീവിതം നിങ്ങൾക്ക് ഭക്ഷണമില്ലാത്ത ജീവിതം പോലെയാണ്. ഈ എല്ലാവരുടെയും പിതാവായി എനിക്ക് തോന്നി, കാരണം അവർക്ക് മറ്റൊരു ലോകത്തിലേക്കുള്ള വാതിൽ തുറന്നത് ഞാനാണ്.”
അയൽവാസികൾ പറയുന്നതനുസരിച്ച് “അവൻ ശാന്തനായിരുന്നു, എന്നാൽ പിന്നീട് അവൻ പൂർണ്ണമായും മാറി. അയാൾ എല്ലാ ദിവസവും രാവിലെ ഫ്ലാറ്റിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം മാത്രമേ തിരികെ വരൂ. അവൻ ഒരു മത്സ്യത്തെപ്പോലെ മദ്യപിച്ച് വാതിലിനടുത്ത് വീണുകിടക്കുന്നത് കാണാമായിരുന്നു”- അവന്റെ അയൽക്കാരിലൊരാളായ ലുബോവ് വോൾക്കോവ് പറയുന്നു.
അലക്സാണ്ടർ പിച്ചുഷ്കിൻ, ഒരിക്കലും വിവാഹിതനായിട്ടില്ല. അവനെ ആരും ഒരിക്കലും ഒരു സ്ത്രീയുമായി കണ്ടിട്ടില്ല. എന്നാൽ ഇയാളുടെ മുറിയിൽ നിന്ന് നിരവധി പോൺ ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു. ലൈംഗികതയിൽ, പ്രത്യേകിച്ച് അക്രമാസക്തമായ ലൈംഗികതയിൽ അയാൾക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്ന് ഇത് കാണിക്കുന്നു.
സൈക്യാട്രിസ്റ്റും ക്രിമിനൽ നിയമ വിദഗ്ധനുമായ മൈക്കൽ വിനോഗ്രഡോവ് പറയുന്നത് പിച്ചുഷ്കിന് മാനസികമായി ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നാണ്. ഒരുപക്ഷേ, അയാൾക്ക് സ്കീസോഫ്രീനിയയുടെ പ്രാരംഭഘട്ടമുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും ആർദ്രവും ദുർബലവുമായ കാലഘട്ടത്തിൽ, 15 വയസ്സുള്ളപ്പോൾ, അവൻ വളരെ ഏകാന്തനായി. അയാൾക്ക് സ്ത്രീകളുമായി ഇടപഴകാൻ കഴിയില്ല. അവൻ അവരെ ആഗ്രഹിക്കുന്നു, പക്ഷേ അവരെ ഭയപ്പെടുന്നു. അലക്സാണ്ടർ പിച്ചുഷ്കിക്കിന് സുഹൃത്തുക്കളില്ലായിരുന്നു, ബന്ധുക്കളുമായുള്ള അവന്റെ ബന്ധവും പൂർണതയിൽ നിന്ന് വളരെ അകലെയായിരുന്നു. ഈ ഘടകങ്ങളെല്ലാം അവനെ സമൂഹത്തെ വെറുക്കുകയും അതിന്റെ എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുകയും ചെയ്തു.

കോടതിയിൽ പോലീസ് സമർപ്പിച കുറ്റപത്രം പ്രകാരം പിച്ചുഷ്കിന് 49 കൊലപാതകങ്ങളും 3 കൊലപാതകശ്രമങ്ങളും നടത്തി. എന്നാൽ കോടതിയിൽ പിച്ചുഷ്കിന് അത് നിഷേധിച്ചു. താൻ 49 അല്ല 60 കൊലപാതകങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ആയാൾ തറപ്പിച്ചു പറഞ്ഞു. തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ തനിക് വെറും 4 കൊലകൾ മാത്രമേ വേണ്ടിയിരുന്നുള്ളൂ എന്ന് അയാൾ കോടതിയിൽ അറിയിച്ചു. താൻ 64 കൊലപാതകങ്ങളിൽ എത്തിയാലും, തന്നെ തടഞ്ഞില്ലായിരുന്നൂ എങ്കിൽ കൂടുതൽ ആളുകളെ കൊല്ലുമായിരുന്നു എന്നും പിച്ചുഷ്കിൻ പറഞ്ഞു.
ജഡ്ജ് വ്‌ളാഡിമിർ ഉസോവ് വിധി വായിക്കാൻ ഒരു മണിക്കൂറെടുത്തു: ആദ്യത്തെ 15 വർഷം ജയിൽവാസം ഏകാന്ത തടവിൽ .
2007-ന്റെ അവസാനത്തിൽ, പിച്ചുഷ്കിൻ തന്റെ ശിക്ഷാവിധി “വളരെ കഠിനമാണ്” എന്ന് അവകാശപ്പെടുകയും 25 വർഷമായി കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അപ്പീൽ വിജയിക്കാൻ സാധ്യതയില്ലെന്ന് അവന്റെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകി, പക്ഷേ പിച്ചുഷ്കിൻ അതിന് “നിർബന്ധിച്ചു”. അപ്പീൽ തളളപ്പെട്ടു.
2016 ൽ, നതാലിയ എന്നറിയപ്പെടുന്ന ഒരു സ്ത്രീ അവനെ സന്ദർശിച്ചു, ഇരുവരും വിവാഹിതരായി എന്ന് പറയപ്പെടുന്നു. പിച്ചുഷ്കിൻ ആർട്ടിക് പീനൽ കോളനിയായ “പോളാർ ഓൾ” എന്ന സ്ഥലത്ത് ഏകാന്ത തടവിൽ ദിവസങ്ങൾ ചെലവഴിക്കുന്നു. അവൻ ഒരിക്കലും പുറത്തു വരില്ല എന്ന് കരുതപ്പെടുന്നു.






Known Victims
- July 27, 1992: Mikhail Odichuk, 18
2001:
May 17: Yevgeny Pronin, 52
- May 23: Vyacheslav Klimov, 64
- June 22: “Yuri” (unidentified)
- June 26: Nikolai Tikhomirov
- June 29: Nikolai Filippov, 72
- July 2: Oleg Lvov, 49
- July 13: Gennady Safonov, 61
- July 14: Sergei Pavlov, 44
- July 20: Viktor Elistratov, 45
- July 21: Viktor Volkov, 54
- July 26: Andrei Konovaltsev, 22
2002:
- January 29: Andrei Veselovsky, 42
- February 13: Yuri Chumakov, 48
- February 23: Maria Viricheva, 19 (survived)
- February 27, 2002: Vera Zakharova, 48
- March 7: Boris Nesterov, 46
- March 8: Alexey Fedorov, 41
- March 10: Mikhail Lobov, 14 (survived)
- August 24: German Chervyakov, 43
- September 13: Nikolai Ilyinsky, 40
- September 25: Vyacheslav Minayev
- September 30: Sergei Fedorov, 42
- November 2: Alexey Pushkov, 46
- November 12: Valery Dolmatov
2003:
- March 13: Alexey Fatkullin, 72
- March 27: Viktor Ilyin
- April 4: Igor Kashtanov, 62
- April 6: Oleg Boyarov
- May 10: Vasily Stanovoy, 40
- May 12: Sergei Chudin, 45
- August 30, 2003: Egor Kudryavtsev
- October 14: Vladimir Fomin
- November 14: Vladimir Fedosov, 44
- November 15: Konstantin Polikarpov, 31 (survived)
2005:
- February 22, 2005: Peter Dudukin, 57
- June 8: Andrei Maslov, 40
- September 28: Yuri Kuznetsov, 46
- October 15: Nikolai Vorobyov, 31
- November 16: Nikolai Zakharchenko, 63
- November 21: Oleg Lavrienko, 36
- November 28: Vladimir Dudukin, 73
- December 6: Nikolai Koryagin, 72
- December 16: Viktor Soloviev, 49
- December 19: Boris Grishin, 64
- December 26: Alexander Lyovochkin, 51
2006:
- February 27: Yuri Romashkin, 55
- March 4: Stepan Vasilenko, 68
- March 24: Makhmud Joldoshev, 24
- April 12: Larissa Kulygina, 48
- June 14: Marina Moskalyova, 36
Possible
- Unspecified date in 1992: Sergei (surname unrevealed)
- Unspecified date in 2002: Olga (surname unrevealed)
- Note: Pichushkin claimed to have murdered 60 people in total.