Child Killer : Colin Pitchfork
33 വർഷം മുൻപാണു DNA പരിശോധന ആദ്യമായി പൊലീസ് ഉപയോഗിച്ചത്.
1983 നവംബറിൽ ഇംഗ്ലണ്ടിലെ ലസ്റ്റർഷയറിൽ ലിൻഡ മാൻ ( Lynda Mann ) എന്ന 15 വയസ്സുകാരിയെ കാണാതായി. കൂട്ടുകാരിയെ കാണാൻ വീട്ടിൽ നിന്നിറങ്ങി നടന്നതായിരുന്നു ലിൻഡ. ടെൻ പൗണ്ട് ലൈനിലാണു കാണാതായത്. വീട്ടുകാരും നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു. രണ്ടു ദിവസത്തിനുശേഷം, ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട നിലയിൽ അവളുടെ മൃതദേഹമാണു കണ്ടെത്തിയത്. കുറ്റവാളിക്കായി പൊലീസ് വലവിരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

മൂന്നു വർഷത്തിനുശേഷം, 1986 ജൂലൈയിൽ ഡോൺ ആഷ്‍വർത്ത് ( Dawn Ashworth ) എന്ന പതിനഞ്ചുകാരിയെ ലസ്റ്റർഷയറിൽ കാണാതായി. സുഹൃത്തിന്റെ വീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കുള്ള യാത്രയിൽ ടെൻ പൗണ്ട് ലൈനിലാണു ഡോണിനെയും കാണാതായത്. പിറ്റേന്നു ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട നിലയിൽ അവളുടെ മൃതദേഹവും കിട്ടി.

ഒരേ രീതിയിൽ ഇംഗ്ലണ്ടിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ടതു വലിയ വാർത്തയും ചർച്ചയുമായി. ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം പൊലീസ് മണത്തു. ലിൻഡയുടെയും ഡോണിന്റെയും വസ്ത്രങ്ങൾ നീക്കിയ രീതിയും സ്കാർഫ് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതും ഒരുപോലെ ആയിരുന്നു എന്നതാണു നിഗമനത്തിനു സഹായിച്ചത്. രണ്ടു പെൺകുട്ടികളുടെയും ശരീരത്തിൽനിന്നു ലഭിച്ച ബീജ സാംപിൾ ഒരേ വ്യക്തിയുടേതായിരുന്നു. പെൺകുട്ടികളെ അറിയുന്ന, സ്ഥലപരിചയമുള്ള നാട്ടുകാരൻ തന്നെയാകും കൊലയാളിയെന്നും ഉറപ്പിച്ചു. സമീപഗ്രാമങ്ങളിൽ ഭയം പടർന്നു.
‘കൊലയാളി നമ്മുടെ നടുക്ക്’ എന്ന് മാധ്യമങ്ങൾ എഡിറ്റോറിയലുകൾ എഴുതി. അടുത്തതു നമ്മുടെ മകളോ എന്നു നാട്ടുകാർ ആശങ്കപ്പെട്ടു. സർക്കാരിനെതിരെ പ്രതിഷേധമുയർന്നു. ലിൻഡയുടെ കൊലപാതകിയെ പിടിക്കാൻ സാധിക്കാതിരുന്ന പൊലീസ്, ഡോണിന്റെ മരണത്തിനു പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തു.
പഠനവൈകല്യമുള്ള പതിനേഴുകാരൻ റിച്ചാർഡ് ബക്ക്‌ലാൻഡ് ആണ് പിടിയിലായത്. ഡോണിനെ അറിയാമായിരുന്ന റിച്ചാർഡ്, അവളെ കൊല ചെയ്തതു താനാണെന്നു മൊഴി നൽകി. എന്നാൽ ലിൻഡയുടെ കൊലപാതകം ഏറ്റില്ല. രണ്ടു പെൺകുട്ടികളെയും ഒരാളാണു കൊന്നതെന്ന നിലപാടിലായിരുന്നു പൊലീസ്. റിച്ചാർഡ് നുണ പറയുകാണെന്നും അവർ പറഞ്ഞു. ദൃക്‌സാക്ഷികളുടെയും തെളിവുകളുടെയും അഭാവം പൊലീസിനെ വലച്ചു. ലിൻഡ കൊലക്കേസിൽ പങ്കില്ലെന്നു റിച്ചാർഡ് കോടതിയിലും ആവർത്തിച്ചതോടെ പൊലീസിനു നിൽക്കക്കള്ളിയില്ലാതായി.
ഈ സമയത്താണ്, പെൺകുട്ടികൾ മരിച്ച നാര്‍ബോറോ ഗ്രാമത്തിൽനിന്ന് അഞ്ചു മൈൽ അകലെ, യാദൃച്ഛികമായി അലെക് ജെഫ്രി എന്ന ബ്രിട്ടിഷ് ജനിതക ശാസ്ത്രജ്ഞൻ DNA പ്രൊഫൈലിങ് അവതരിപ്പിക്കുന്നത്.

ബ്രിട്ടിഷ് പൗരത്വം നിഷേധിക്കപ്പെടുന്ന കുട്ടികൾക്കു തന്റെ സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തി കുടുംബത്തിന്റെ ജനിതക പാരമ്പര്യം തെളിയിക്കാമെന്ന വാദവുമായി അലെക് ജെഫ്രി മുന്നോട്ടുവന്നു. കുറ്റാന്വേഷണങ്ങളിലും ഉപയോഗപ്പെടുത്താമെന്ന് അവകാശപ്പെട്ടു. ലിൻഡയുടെ കൊലപാതകം റിച്ചാർഡ് ഏൽക്കാതിരുന്ന സാഹചര്യത്തിൽ പൊലീസ് ജെഫ്രിയുടെ സഹായം തേടി. രണ്ടു കൊലപാതകങ്ങളും റിച്ചാർഡ് ചെയ്തതാണെന്നു DNA ടെസ്റ്റിലൂടെ സ്ഥാപിക്കാനാകുമോ എന്നായിരുന്നു ജെഫ്രിയോടു പൊലീസ് ചോദിച്ചത്. പെൺകുട്ടികളുടെ ശരീരത്തിൽനിന്നു കിട്ടിയ ബീജവും റിച്ചാർഡിന്റെ രക്തവും ശേഖരിച്ചു ജെഫ്രി തന്റെ ലാബിലേക്കു മടങ്ങി. പരിശോധനയിൽ രണ്ടു കാര്യങ്ങൾ വെളിപ്പെട്ടു.


പൊലീസ് പറയുന്നതു ശരിയാണ്; പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്നത് ഒരാളാണ്. ബീജ സാംപിളുകളുടെ DNA ഇതു ശരിവയ്ക്കുന്നു.
ഞെട്ടിപ്പിക്കുന്നതായിരുന്നു രണ്ടാമത്തെ കണ്ടെത്തൽ. അറസ്റ്റിലായ റിച്ചാർഡിന്റെ DNAയും പെൺകുട്ടികളുടെ ശരീരത്തിലെ ബീജ സാംപിളിലെ DNAയും പൊരുത്തപ്പെടുന്നില്ല!
രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരാളാണെന്നും എന്നാലതു റിച്ചാർഡ് അല്ലെന്നും ജെഫ്രി പൊലീസിനു റിപ്പോർട്ട് കൊടുത്തു. പൊലീസിന്റെ നിഗമനം ശരിയും പിടിയിലായ ‘പ്രതി’ നിരപരാധിയും ആണെന്നായിരുന്നു ജെഫ്രി നൽകിയ DNA ഫലം. ഇതുകേട്ടു ഞെട്ടിയ പൊലീസ് ജെഫ്രിയെ ആദ്യം വിശ്വാസത്തിലെടുത്തില്ല. മൂന്നു തവണ ജെഫ്രി DNA പരിശോധനകൾ ആവർത്തിച്ചു. മൂന്നു തവണയും ഫലം ഒന്നായിരുന്നു.
വിവരം പുറത്തറിഞ്ഞതോടെ പൊലീസിനു വലിയ നാണക്കേടായി. നിരപരാധിയെന്നു തെളിഞ്ഞതോടെ മൂന്നു മാസത്തെ കസ്റ്റഡിക്കുശേഷം റിച്ചാർഡ് പുറത്തിറങ്ങി.
പിന്നീട്, പൊലീസിന്റെ സമ്മർദത്താലാണ് കൊലയാളിയാണെന്നു സമ്മതിച്ചതെന്നു റിച്ചാർഡ് വെളിപ്പെടുത്തിയതോടെ തല പൊക്കാനാകാത്ത അവസ്ഥയിലായി ബ്രിട്ടിഷ് പൊലീസ്.
പുറത്തു സുഖമായി വിഹരിക്കുന്ന കൊലയാളി ആരാണ്?
ക്രൂരനായ കൊലയാളിയെ കണ്ടെത്താൻ ജെഫ്രിന്റെ സഹായം തേടി വീണ്ടും പൊലീസെത്തി. കുറ്റകൃത്യം നടന്ന പരിസരത്തുള്ള മുഴുവൻ പുരുഷന്മാരുടെയും DNA ശേഖരിക്കണമെന്നായിരുന്നു ജെഫ്രിന്റെ നിർദേശം. 1953നും 1970നും ഇടയിൽ ജനിച്ച സകല പുരുഷന്മാർക്കും പൊലീസ് നോട്ടിസ് അയച്ചു. ഇക്കാലത്തു നാര്‍ബോറോയിൽ ജീവിച്ചവരും ജോലി ചെയ്തവരും ഇതിലുൾപ്പെടും. രണ്ടു ലാബുകൾ സജ്ജമാക്കി. ആഴ്ചയിൽ മൂന്നു ദിവസം വീതം രാവിലെയും വൈകിട്ടുമായി രക്തസാംപിളുകൾ ശേഖരിച്ചു. ഭൂരിഭാഗം ആളുകളും സ്വമേധയാ രക്തം നൽകാനെത്തി. സൂചി പേടിയാണ്, പൊലീസിനെ ഇഷ്ടമല്ല എന്നെല്ലാം കാരണം പറഞ്ഞു കുറച്ചുപേർ രക്തം നൽകാൻ തയാറായില്ല. കേസിന്റെ പ്രധാന്യം മനസ്സിലാക്കിയപ്പോൾ ഇവരുടെ മനസ്സുമാറി.
കുറ്റവാളിയെ കണ്ടുപിടിക്കാൻ എല്ലാവരും രക്തം കൊടുക്കണമെന്നു സമൂഹം സ്വയമേവ സമ്മർദം ചെലുത്തിയതോടെ ആർക്കും മാറിനിൽക്കാനായില്ല. പൊലീസ് നടപടിക്കെതിരെ യുകെയിൽ മനുഷ്യാവകാശ സംഘടനകൾ പരാതിയുമായെത്തി. കൂട്ടമായി രക്തസാംപിൾ ശേഖരിക്കുന്നതു പാർലമെന്റ് പരിശോധിക്കണമെന്നും ആവശ്യമുയർന്നു. വ്യക്തിയുടെ അവകാശത്തേക്കാൾ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനാണു പ്രധാനമാണെന്ന തരത്തിൽ ജനങ്ങളിൽ ഒരു ഭാഗവും മാധ്യമങ്ങളും നിലപാടെടുത്തതോടെ പ്രതിഷേധങ്ങൾ തണുത്തു.
എട്ടു മാസത്തെ യജ്ഞത്തിനൊടുവിൽ 5511 പുരുഷന്മാർ രക്തം നൽകി.
പരിശോധനയിൽ 5511 DNA യും പെൺകുട്ടികളുടെ ശരീരത്തിലെ ബീജ DNA യുമായി യോജിക്കുന്നില്ലെന്ന ഫലം വന്നു. പൊലീസ് നിരാശയിലായി.
രക്തപരിശോധനയിൽനിന്ന് ഒഴിഞ്ഞുമാറിയവരെ കണ്ടെത്താൻ അന്വേഷണം വിപുലീകരിച്ചു. അങ്ങനെയാണു കോളിൻ പിച്ച്‌ഫോക്ക് ( Colin Pitchfork ) എന്ന ഇരുപത്തിയേഴുകാരനെ തേടി പൊലീസ് എത്തിയത്.

രണ്ടു കുട്ടികളുടെ പിതാവായ ബേക്കറി ജീവനക്കാരനാണു പിച്ച്ഫോക്ക്. മൂന്നു വർഷം മുൻപു ലിൻഡ മരിച്ച സമയത്ത് പ്രദേശത്തു കണ്ടെന്നാരോപിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നതാണ്. ഇളയ മകനെ നോക്കി ഇറങ്ങിയതാണെന്നു മറുപടിയിൽ അന്വേഷണസംഘം തൃപ്തരായിരുന്നതിനാൽ പിച്ച്ഫോക്കിനെ വിട്ടയച്ചു. രേഖകൾ പ്രകാരം രക്തപരിശോധനയ്ക്ക് എത്തിയിരുന്നെങ്കിലും മറ്റൊരാൾ ഇയാൾക്കുവേണ്ടി ആൾമാറാട്ടം നടത്തിയതാണെന്ന സൂചനയാണ് തുമ്പായത്. ഡോണിന്റെ കൊലയ്ക്ക് ഒരു വർഷത്തിനുശേഷം, 1987 ഓഗസ്റ്റിൽ പിച്ച്‌ഫോക്കിന്റെ സഹപ്രവർത്തകനായ കെല്ലി എന്നയാളിൽനിന്നാണാണു വിലപ്പെട്ട വിവരം പൊലീസിനു ചോർന്നുകിട്ടിയത്.
സമീപത്തെ പബ്ബിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു മനസ്സുതുറന്ന കെല്ലി, രക്തപരിശോധനാ സമയത്തു പിച്ച്ഫോക്കിനു പകരം താനാണു ലാബിൽ എത്തിയതെന്നു കുറ്റസമ്മതം നടത്തി. ചെറുപ്പത്തിൽ ചെയ്ത തെറ്റിനെ മറയ്ക്കാൻ സഹായം ചെയ്യണമെന്ന പിച്ച്ഫോക്കിന്റെ ആവശ്യം അനുസരിക്കുകയായിരുന്നു. പാസ്പോർട്ടിലെ ഫോട്ടോ മാറ്റി കെല്ലിയുടേത് ഒട്ടിച്ചാണു വ്യാജരേഖ ഉണ്ടാക്കിയത്. പരിശോധന നടക്കുന്ന സ്കൂളിലേക്കു തന്നെ വാഹനത്തിൽ എത്തിച്ചതും തിരികെ കൊണ്ടുപോയതും പിച്ച്ഫോക്ക് ആണെന്നുമായിരുന്നു കെല്ലിയുടെ വാക്കുകൾ. കുറ്റസമ്മത സംഭാഷണം കേട്ട ഒരാൾ ആറാഴ്ചയ്ക്കു ശേഷം പൊലീസ് സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞു. കെല്ലി അറസ്റ്റിലായി. കെല്ലിയെ ചോദ്യം ചെയ്ത പൊലീസ് വൈകാതെ പിച്ച്ഫോക്കിനെയും പിടികൂടി.
രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചതും കൊന്നതും താനാണെന്നു പിച്ച്‌ഫോക്ക് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മറ്റു രണ്ടു ലൈംഗിക പീഡനങ്ങളും വെളിപ്പെടുത്തി. എന്തിനായിരുന്നു പീഡനങ്ങൾ എന്നു ചോദിച്ചപ്പോൾ, ‘അവസരമുണ്ടായി. ആ സമയത്ത് അവൾ അവിടെയുണ്ടായിരുന്നു ഞാനും!’ എന്നായിരുന്നു പിച്ച്‌ഫോക്കിന്റെ മറുപടി.
DNA പരിശോധനയിൽ പിച്ച്‌ഫോക്ക് ആണു കൊലയാളി എന്നു തെളിഞ്ഞു. പ്രതി സൈക്കോപാത്ത് ആണെന്നും സമൂഹത്തിന് ആപത്താണെന്നും ചൂണ്ടിക്കാട്ടിയ കോടതി പിച്ച്‌ഫോക്കിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
DNA പരിശോധന കുറ്റാന്വേഷണത്തിൽ ആദ്യമായി ഉപയോഗിക്കപ്പെട്ട കേസാണിത്. മറഞ്ഞിരുന്ന കുറ്റവാളിയെ ഇരുമ്പഴിക്കുള്ളിൽ ആക്കുക മാത്രമല്ല, ചെയ്യാത്ത കുറ്റത്തിനു ശിക്ഷ അനുഭവിക്കേണ്ടിയിരുന്ന നിരപരാധിയെ രക്ഷിക്കുക കൂടി ചെയ്താണ് DNA ടെസ്റ്റ് വരവറിയിച്ചത്. പിന്നീടു ലോകത്തെമ്പാടും നിരവധി കേസുകളിലും സംഭവങ്ങളിലുമായി ദശലക്ഷക്കണക്കിനു DNA പരിശോധനകളാണു നടന്നത്.
നാലരപ്പതിറ്റാണ്ട് ഒളിച്ചു, ഇപ്പോൾ പിടിയിൽ
കലിഫോര്‍ണിയയിൽ 45 വര്‍ഷം മുന്‍പു കാണാതായ പതിനൊന്നുകാരി കൊല്ലപ്പെട്ടതാണെന്നു സ്ഥിരീകരിച്ചതും പ്രതി അറസ്റ്റിലായതും 2019 ഫെബ്രുവരിയിലാണ്. പ്രതിയെ കണ്ടെത്തിയതാകട്ടെ DNA പരിശോധനയിലൂടെയും.
കലിഫോര്‍ണിയ സ്വദേശിനി ലിന്‍ഡ ഒകീഫിനെയാണ് ( Linda Ann O’Keefe ) 1973ല്‍ കാണാതായത്. പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി.


സമ്മര്‍ സ്‌കൂളില്‍നിന്നു വീട്ടിലേക്ക് മടങ്ങുമ്പോഴാണു പെണ്‍കുട്ടിയെ കാണാതായത്. വാനില്‍ എത്തിയ അപരിചിതനോടു കുട്ടി സംസാരിക്കുന്നതു കണ്ടവരുണ്ട്. പക്ഷേ ഇയാളെ പിന്നീട് തിരിച്ചറിയാനോ കണ്ടെത്താനോ സാധിച്ചില്ല.


ലിന്‍ഡയുടെ ശരീരത്തില്‍നിന്നു ശേഖരിച്ച അജ്ഞാതന്റെ DNA സാംപിള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പൂര്‍വികരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനു പൗരന്മാര്‍ ഡേറ്റ ബാങ്കിലേക്ക് DNA സാംപിള്‍ നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ പുറത്തുവിട്ട വംശാവലി സംബന്ധിച്ച ഡേറ്റയില്‍ നിന്നാണു പ്രതിയുടെ DNA തിരിച്ചറിഞ്ഞത്. കുടുംബത്തിലും സമൂഹത്തിലും മാന്യനായിരുന്ന കൊളറാഡോ സ്വദേശി ജെയിംസ് നീലിന്റെ (72) DNA യുമായി പൊരുത്തമുള്ളതായിരുന്നു ലിൻഡയുടെ ദേഹത്തുനിന്നു കിട്ടിയ DNAയും. നാലര പതിറ്റാണ്ടു നീണ്ട അന്വേഷണത്തിനൊടുവിൽ ന്യുപോര്‍ട്ട് ബീച്ച് പൊലീസ് നീലിനെ അറസ്റ്റ് ചെയ്തു.


32 വർഷം മറവിൽ, നാപ്കിനിൽ കുടുങ്ങി
ഹോട്ടലിൽ കൈതുടച്ചു വലിച്ചെറിഞ്ഞ പേപ്പർ നാപ്കിനിൽനിന്നു 32 വർഷം മുൻപു നടന്ന കൊലപാതകത്തിലെ പ്രതി കുടുങ്ങിയതു 2018 ജൂണിലാണ്.
യുഎസിലായിരുന്നു സംഭവം.
1986ൽ പന്ത്രണ്ടു വയസ്സുകാരിയായ മിഷേലയെ പീഡിപ്പിച്ചു കൊന്ന ഗാരി ചാൾസ് ഹാർട്മാൻ – Gary Charles Hartman (67) എന്നയാളെയാണു മൂന്നു പതിറ്റാണ്ടിലേറെ കഴിഞ്ഞു ശാസ്ത്രീയാന്വേഷണത്തിലൂടെ പിടികൂടിയത്.

1986 മാർച്ച് 26ന് ആണു മിഷേല വെൽഷിനെ ( Michella Welch ) മരിച്ച നിലയിൽ കണ്ടെത്തിയത്. ടകോമയിലുള്ള പാർക്കിൽ അന്നു രാവിലെ രണ്ടു സഹോദരിമാർക്കൊപ്പം കളിക്കാൻ പോയതായിരുന്നു മിഷേല. 11 മണിയായപ്പോൾ ഉച്ചഭക്ഷണം എടുക്കാനായി സൈക്കിളിൽ അവൾ അടുത്തുള്ള വീട്ടിലേക്കു പോയി. ഈ സമയം സഹോദരിമാർ ശുചിമുറിയിലേക്കു പോയി. അവർ തിരികെ വന്നപ്പോൾ ചേച്ചിയെ കണ്ടില്ല. എങ്കിലും കുട്ടികൾ കളി തുടർന്നു. അൽപനേരം കഴിഞ്ഞപ്പോൾ മിഷേലയുടെ സൈക്കിളും ഉച്ചഭക്ഷണവും അകലെ കിടക്കുന്നതു കുട്ടികൾ കണ്ടു. മിഷേലയെ കണ്ടതുമില്ല.

കുട്ടികൾ അവരുടെ ആയയോടു വിവരം പറഞ്ഞു. ആയ അമ്മയോടും. കുട്ടികളിലൊരാളെ കാണാനില്ലെന്നറിഞ്ഞതോടെ വീട്ടുകാർ പൊലീസിനെ വിളിച്ചു. അന്വേഷണത്തിൽ രാത്രിയോടെ ആളൊഴിഞ്ഞ പാറക്കെട്ടിനടുത്തുനിന്നു മൃതദേഹം കണ്ടെത്തി. കുട്ടിയെ പീഡിപ്പിച്ചു കൊന്നതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഏറെനാളുകൾ അന്വേഷിച്ചിട്ടും പ്രതിയെക്കുറിച്ചു വിവരം കിട്ടിയില്ല. DNA രൂപരേഖയടക്കം തയാറാക്കിയെങ്കിലും പൊലീസിന്റെ ശേഖരത്തിലെ DNA സാംപിളുകളുമായി യോജിച്ചില്ല. വർഷങ്ങൾക്കു ശേഷവും അന്വേഷണം തുടർന്നു. 2016 ൽ ജനിതക വംശാവലി തയാറാക്കുന്ന വിദഗ്ധന്റെ സഹായം തേടി. മിഷേലയുടെ ശരീരത്തിൽനിന്നു കിട്ടിയ കുറ്റവാളിയുടെ DNA ഉപയോഗിച്ച്, ആരെന്നറിയാത്ത കുറ്റവാളി ഏതു കുടുംബത്തിൽപ്പെട്ടയാളാണെന്നു തിരിച്ചറിയാൻ കഴിയുമോ എന്ന പഠനമാണ് ഈ വിദഗ്ധൻ നടത്തിയത്. അതിനായി ലഭ്യമായ DNA സാംപിളുകൾ പരിശോധിച്ചു. ഈ ഗവേഷണത്തിനൊടുവിൽ കുറ്റവാളിയാകാൻ സാധ്യതയുള്ള രണ്ടുപേരെ നോട്ടമിട്ടു. സഹോദരങ്ങളായിരുന്നു ഇവർ. പൊലീസ് ഇവരെ നിരീക്ഷിക്കാൻ തുടങ്ങി. ഇവരിൽ ഒരാൾ ഹോട്ടലിൽ പോയപ്പോൾ പൊലീസ് ഡിറ്റക്ടിവും പിന്നാലെ കൂടി. ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം ഇയാൾ കൈതുടച്ച നാപ്കിൻ ഈ ഡിറ്റക്ടിവ് രഹസ്യമായി കൈക്കലാക്കി.
നാപ്കിനിലെ വിയർപ്പിൽനിന്നു DNA വേർതിരിച്ചെടുത്തു. മിഷേലിന്റെ ശരീരത്തിൽനിന്നു കണ്ടെടുത്ത DNA യുമായി ഇതു യോജിക്കുന്നുവെന്നു ലാബ് പരിശോധനയിൽ തെളിഞ്ഞു. നിഷേധിക്കാനാകാത്ത ശാസ്ത്രീയ തെളിവുമായി പൊലീസ് എത്തിയപ്പോൾ കീഴടങ്ങുകയേ ഗാരി ചാൾസ് ഹാർട്മാനു വഴിയുണ്ടായിരുന്നുള്ളൂ.

വെറും ഡമ്മിയല്ല DNA, എന്താണ് DNA?
ജീവിയുടെ അടിസ്ഥാനഘടകമായ ഡീഓക്സി റൈബോ ന്യൂക്ലിക് ആസിഡ് ( Deoxyribonucleic acid ) എന്ന ജനിതകഘടനയുടെ ചുരുക്കെഴുത്താണു DNA. ഓരോ മനുഷ്യരുടെയും DNA വ്യത്യസ്തമാണ്. ഒരേ പോലുള്ള DNA രണ്ടു പേർക്കുണ്ടാവില്ലെന്നു ശാസ്ത്രം. കുറ്റകൃത്യം നടത്തിയ പ്രദേശത്തുനിന്നു കിട്ടിയ ഗ്ലൗസ്, മുഖംമൂടി, തലമുടി, ഉമിനീര്, വസ്ത്രം തുടങ്ങിയവയിൽ നിന്നൊക്കെ കുറ്റവാളിയുടെ DNA വേർതിരിച്ചെടുക്കാം. നിലവിൽ കുറ്റവാളിയെ സ്ഥിരീകരിക്കാൻ വിരലടയാളമാണു ശാസ്ത്രീയ തെളിവായി പരിഗണിക്കുന്നത്. കുറ്റകൃത്യമുണ്ടായ സ്ഥലത്തുനിന്നു കുറ്റവാളിയുടെ വിരലടയാളം കണ്ടെത്തുക ശ്രമകരമാണ്. ഫൊറൻസിക് ലാബുകളുടെ വരവോടെ ഡമ്മികൾ സിനിമകളിൽ മാത്രമായി. സംഭവസ്ഥലത്തെ മുടിനാരിൽ നിന്നോ സിഗരറ്റ് കുറ്റിയിൽ നിന്നോ വരെ ലഭിക്കുന്ന DNA പരിശോധന വിവരമാണു പലപ്പോഴും പ്രതിയെ പൊലീസിനു മുന്നിലെത്തിക്കുക. പ്രമാദമായ ജിഷ വധക്കേസിൽ അമീറുൾ ഇസ്‍ലാമിനെയും സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയെയും കുടുക്കിയതു DNA പരിശോധനകളാണ്. സംസ്കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിക്കുമ്പോള്‍ തിരിച്ചറിയാനുള്ള ഏറ്റവും ശാസ്ത്രീയവും സൂക്ഷ്മവുമായ മാര്‍ഗമാണു മൈറ്റോകോണ്‍ഡ്രിയല്‍ DNA പരിശോധന. പഴക്കം കൊണ്ടു ശരീരകോശങ്ങള്‍ നഷ്ടപ്പെട്ട ക്രിമിനൽ കേസില്‍ അസ്ഥികളില്‍നിന്നു സാംപിള്‍ ശേഖരിച്ചാണു പരിശോധന. കൂടത്തായിയിൽ ആറുപേര്‍ കൊല്ലപ്പെട്ടതിൽ നാലുപേരുടെയും ശരീരകോശങ്ങള്‍ ലഭ്യമല്ല. കുഴിച്ചെടുക്കാനായതാകട്ടെ അസ്ഥികള്‍ മാത്രവും. മൈറ്റോകോണ്‍ഡ്രിയല്‍ DNA പരിശോധന ഇവിടെയാണ് അനിവാര്യമാകുന്നത്.
മക്കള്‍ക്ക് അമ്മ വഴിയുള്ള ബന്ധമാണു കണ്ടെത്താന്‍ കഴിയുക. ഇതിനായി അസ്ഥികളില്‍നിന്നു ശേഖരിക്കുന്ന DNA സാംപിളുകള്‍, ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളുടെ സാംപിളുകളുമായി ഒത്തുനോക്കുകയാണ് ആദ്യപടി.
കൂടത്തായി കേസില്‍ 17 വര്‍ഷം മുന്‍പു മരിച്ച അന്നമ്മയും മക്കളുമായുള്ള ബന്ധം തെളിയേണ്ടത് അത്യാവശ്യമാണ്. ഇവരുടെ ബന്ധം ശാസ്ത്രീയമായി ഉറപ്പിക്കാനായാല്‍ മാത്രമെ കൊലക്കേസിലെ മറ്റു തെളിവുകള്‍ക്കു സാധുതയുണ്ടാകൂ. കൊല്ലപ്പെട്ടവരില്‍ അന്നമ്മയും സഹോദരന്‍ മാത്യുവും തമ്മിലുള്ള ബന്ധവും ഇങ്ങനെ തെളിയിക്കാന്‍ കഴിയും.
ഒരമ്മയുടെ മക്കള്‍ക്ക് എല്ലാവര്‍ക്കും ഒരേ മൈറ്റോകോണ്‍ഡ്രിയല്‍ DNA ആകും. മരിച്ച ആറുപേരുടെയും ജൈവിക അസ്തിത്വം ഇങ്ങനെ കണ്ടുപിടിക്കാം. എന്നാൽ മരണകാരണമെന്നു കരുതുന്ന സയനൈഡിന്റ പരിശോധനയും DNA പരിശോധനയും തമ്മില്‍ ബന്ധമുണ്ടാകണം എന്നില്ല. കാലപ്പഴക്കത്താൽ നേർത്ത് ഇല്ലാതായ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ അതീവ സൂക്ഷ്മ പരിശോധനകളിലൂടെ സാധിക്കുമെന്നാണു സമീപകാല കുറ്റാന്വേഷണങ്ങൾ തെളിയിക്കുന്നത്.