Escape From Bosnia.
1992 – 95 കാലഘട്ടം…
ക്രൊയേഷ്യ, സ്ലോവേനിയ, ബോസ്നിയ & ഹെർസെഗോവിന രാഷ്ട്രങ്ങൾ രൂപീകരിക്കപ്പെടാൻ കാരണമായ ബോസ്നിയൻ യുദ്ധകാലം.. ബോസ്നിയൻ-സെർബ് സേനകൾ പുരുഷന്മാരെയെല്ലാം വെടിവച്ചുകൊല്ലുകയും സ്ത്രീകളെയും പെൺകുട്ടികളെയും അതിക്രൂരമായി റേപ് ചെയ്യുകയും ലൈംഗിക അടിമകളായി ഉപയോഗിക്കുകയും ചെയ്തിരുന്നു. പിടിക്കപ്പെടുന്ന എല്ലാ പെൺകുട്ടികളുടെയും നിരപരാധികളുടെയും ദയനീയാവസ്ഥയെ അന്താരാഷ്ട്ര മാധ്യമങ്ങൾ തുറന്നുകാട്ടി. പതിനായിരക്കണക്കിന് സാധുജനങ്ങളായ സിവിലിയൻസ് മരിച്ചുവീഴുന്നതിനാൽ NATO (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) പ്രശ്നത്തിൽ ഇടപെട്ടു. മനുഷ്യാവകാശങ്ങൾ ലംഘിച്ചു കൂട്ടക്കൊല നടത്തുന്ന ബോസ്നിയൻ, സെർബിയൻ വിമത സേനകളെ ശക്തമായി നാറ്റോ, യു.എൻ സൈന്യങ്ങൾ പ്രതിരോധിച്ചു. ബോസ്നിയ & ഹെർസെഗോവിനയ്ക്ക് മുകളിലുള്ള യുദ്ധവിമാനങ്ങളുടെ സഞ്ചാരം ഇല്ലാതാക്കാനായി NATO അവിടം ഒരു നോ ഫ്ളൈ സോൺ ആയി പ്രഖ്യാപിച്ചു. ബോസ്നിയൻ-സെർബ് സായുധസേനകളുടെ വ്യോമാക്രമണത്തിൽ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കുക എന്നതായിരുന്നു നാറ്റോയുടെ ഉദ്ദേശം. ഈ കരാർ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ നാറ്റോ വിമാനങ്ങൾ ബോസ്നിയ & ഹെർസെഗോവിനയ്ക്ക് മുകളിലൂടെ നിരീക്ഷണത്തിനായി പറക്കാറുണ്ടായിരുന്നു.
2 ജൂൺ 1995..
വടക്ക് കിഴക്കൻ ഇറ്റലിയിലെ ഏവിയാനോ എയർബേസ്..
യു.എസ് എയർഫോഴ്സിലെ F-16 യുദ്ധവിമാനങ്ങൾ രണ്ടെണ്ണം റെക്കോണൈസൻസ് മിഷന് വേണ്ടി പറന്നുയർന്നു.
555 ഫൈറ്റർ സ്ക്വാഡ്രണിലെ പൈലറ്റുമാരായ സ്കോട്ട്. ഒ. ഗ്രാഡിയും ബോബ് വിൽബർ റൈറ്റുമായിരുന്നു അവ നിയന്ത്രിച്ചിരുന്നത്. യാത്രയിലുടനീളം ബോസ്നിയൻ സൈനികർ വിന്യസിച്ചിരിക്കുന്ന SAM റിങ്ങുകളിൽ നിന്ന് അകലം പാലിക്കാൻ കർശ്ശന നിർദേശമുണ്ടായിരുന്നു. SAM (Surface To Air) മിസൈലുകൾ, നിരീക്ഷണത്തിനായി താഴ്ന്നു പറന്നിരുന്ന F -16ന് വലിയ സുരക്ഷാഭീഷണി തന്നെയായിരുന്നു.
ആകാശം മേഘാവൃതമായിരുന്നു. വെള്ളിമേഘങ്ങളെ കീറിമുറിച്ചു കൊണ്ട് ടു-ഷിപ് ഫോർമേഷനിൽ ചേർന്ന് പറന്ന വിമാനങ്ങൾ സാവധാനം നോർത്ത് വെസ്റ്റ് ബോസ്നിയയോടടുത്തു. വിമാനത്തിന്റെ സർവയലൻസ് ക്യാമറകൾ ഓണായി. ഭൂമിയിലെ കാഴ്ചകൾ തെളിമയോടെ ഒപ്പിയെടുത്തുകൊണ്ടാ വിമാനങ്ങൾ ഇരമ്പിക്കൊണ്ട് ശത്രുപാളയങ്ങൾക്ക് മുകളിലൂടെ കുതിച്ചു. ഇന്റലിജൻസ് ഏജൻസി നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്തു മിസൈൽ സൈറ്റുകളിൽ നിന്ന് കൃത്യമായ അകലം പാലിച്ചുകൊണ്ടായിരുന്നു അവർ പറന്നിരുന്നത്. എന്നാൽ, ഒരപകടം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. വനങ്ങളാൽ ചുറ്റപ്പെട്ട, ഒരു മലയോര നഗരമായ റകോണിക് ഗ്രാഡ് നഗരത്തിൽ അറിയപ്പെടാത്ത മിസൈൽ സൈറ്റ് ഉണ്ടായിരുന്നു. ഒരു മൊബൈൽ ലോഞ്ചിങ് പ്ലാറ്റ്ഫോം ആയിരുന്നു അത്. എളുപ്പത്തിൽ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ സാധിക്കുന്ന ഒന്ന്..!

“ബാഷർ 5 വൺ…
“മഡ് 6, ബിയറിങ് 090.. “
ഓപ്പൺ റേഡിയോ ഫ്രീക്വൻസിയിൽ വിൽബർ, സ്കോട്ടിനോട് റഡാർ ത്രെട്ട് ഉണ്ടോയെന്ന് ആരാഞ്ഞു.. മിസൈലുകൾ ടാർഗെറ്റിനെ ലക്ഷ്യം വച്ചുകൊണ്ട് തങ്ങളുടെ ഗൈഡൻസ് സിസ്റ്റം ഓണാക്കുമ്പോൾ തന്നെ യുദ്ധവിമാനങ്ങൾക്ക് അത് തിരിച്ചറിയാൻ സാധിക്കും. അങ്ങനെ വല്ലതും കണ്ണിൽപ്പെട്ടോ എന്നാണ് വിൽബർ ചോദിച്ചത്. തന്റെ റഡാറിൽ സംശയാസ്പദമായി അങ്ങനെയൊന്നും കാണാൻ സാധിച്ചില്ലെന്ന് സ്കോട്ട് മറുപടി കൊടുത്തു. ഈ സമയം അങ്ങു താഴെ, മറ്റു ചിലത് സംഭവിക്കുന്നുണ്ടായിരുന്നു…

നാറ്റോയുടെ യുദ്ധവിമാനങ്ങൾ നേരത്തെ ശ്രദ്ധയിൽ പെട്ടിരുന്നതിനാൽ സെർബിയൻ സൈനികർ തങ്ങളുടെ റഡാർ സിസ്റ്റം ഓഫാക്കിയിട്ടു. അതൊരു തന്ത്രമായിരുന്നു. അവർ വിമാനങ്ങൾ കൃത്യം മുകളിലെത്താൻ കാത്തിരിക്കുകയായിരുന്നു, ശത്രു തൊട്ടു താഴെയാണെങ്കിൽ, റഡാർ സിഗ്നലുകൾ പിടിച്ചെടുക്കാനുള്ള കഴിവ് യുദ്ധവിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾക്ക് ഏറ്റവും കുറവായിരിക്കും. അതറിയാവുന്ന സെർബിയൻ ഉദ്യോഗസ്ഥർ വിമാനങ്ങൾ തൊട്ട് മുകളിലെത്താൻ വലയൊരുക്കി ക്ഷമയോടെ കാത്തിരുന്നു. വാണിംഗ് ലഭിക്കാത്തതിനാൽ നിർഭയം വിമാനങ്ങൾ ക്യാമ്പിനെ സമീപിച്ചു….!!!
പൈലറ്റുമാരായ സ്കോട്ടിനും വിൽബറിനും അവരുടെ സർവയലൻസ് സംവിധാനങ്ങൾ പോരാഞ്ഞു മറ്റൊരു സഹായം കൂടി ലഭിച്ചിരുന്നു. മാജിക് എന്നപേരിലറിയപ്പെട്ടിരുന്ന NATO യുടെ എയർബോൺ കമാൻഡ് സെന്റർ അവിടെ എവിടെയോ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്നു. റെക്കോണൈസൻസ് വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യസമയം നൽകുന്നതിനാൽ വളരെയധികം പ്രയോജനപ്രദമായിരുന്ന ഒന്നായിരുന്നു അത്.
ഈ സമയം കൊണ്ട് വിമാനങ്ങൾ കൃത്യം SAM – റിങ്ങിനു മുകളിലെത്തിയിരുന്നു.
പൊടുന്നനെയാണതുണ്ടായത്…!
എവിടെനിന്നോ വരുന്ന റഡാർ തരംഗങ്ങളെക്കുറിച്ചു വിമാനങ്ങൾക്ക് മാജിക് മുന്നറിയിപ്പ് കൊടുത്തു. സ്കോട്ടിന്റെ വിമാനത്തിലെ എയർ വാണിംഗ് സിസ്റ്റത്തിലെ അലാം ശബ്ദത്തോടെ ഇടതടവില്ലാതെ മുഴങ്ങി…!!
കൃത്യം ഈ സമയത്ത് തന്നെ താഴെ മിസൈൽ ലോഞ്ചറിൽ നിന്നും ടാർഗറ്റ് ലോക് ചെയ്ത ശേഷം തൊടുക്കപ്പെട്ട രണ്ടു 2K12 മിസൈലുകൾ ഹുങ്കാരത്തോടെ കുതിച്ചുയർന്നു..ഏതാണ്ട് മാക് 2 അടുത്ത് വേഗതയിൽ – ഇടിമിന്നലിന്റെ വേഗത്തിൽ അവ F-16 വിമാനങ്ങളെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. റഷ്യൻ നിർമിത 2K12 Kub മിസൈലുകൾക്ക് മാക് 2.8 വരെ വേഗതയാർജിക്കാൻ കഴിയും. അതായത് മണിക്കൂറിൽ 2469 കിലോമീറ്റർ..!

നിർഭാഗ്യവശാൽ മേഘങ്ങൾക്കുള്ളിൽ പറന്നിരുന്ന സ്കോട്ടിന് ഇടിമിന്നലിന്റെ വേഗതയിൽ തന്നെ സമീപിക്കുന്ന അപകടത്തെ കാണാനായില്ല.. ! പക്ഷേ, ഭാഗ്യത്തിന് ആ മിസൈൽ രണ്ടു യുദ്ധവിമാനങ്ങൾക്കിടയിൽ വച്ചു പൊട്ടിത്തെറിച്ചു..
സ്കോട്ട് ആ സംഭവത്തെ ഇങ്ങനെ വിവരിക്കുന്നു.
“സർഫസ് ടു എയർ മിസൈലുകളുടെ പ്രൊപ്പൽഷൻ ഉറപ്പായും ഒരു വെളുത്ത പുകയുടെ മാർഗരേഖ പിറകിൽ അവശേഷിപ്പിച്ചു കൊണ്ടാണ് സഞ്ചരിക്കുക. അങ്ങനെ ഒന്നിന് വേണ്ടി ഞാൻ വിഹ്വലതയോടെ നോക്കിയെങ്കിലും മേഘങ്ങളാലെന്റെ കാഴ്ച മറയ്ക്കപ്പെട്ടിരുന്നു. ഒരു മിസൈലിന്റെ പ്രോക്സിമിറ്റി ഫ്യൂസിന്റെ പരിധിയിലെത്തിയാൽ അതിന്റെ പ്രൊപ്പൽഷൻ നിലയ്ക്കും. ഭ്രാന്തമായ വേഗതയോടെ പിന്നീടത് ലക്ഷ്യം ഭേദിക്കും. അതും, എന്റെ F-16 ൻറെ ഇരട്ടി വേഗതയോടെ..! ആകാംക്ഷയോടെ ഞാനെന്റെ വീഡിയോ സ്ക്രീനിൽ കണ്ണും നട്ടിരുന്നു.”
പെട്ടെന്നാണതുണ്ടായത്..
“എന്റെ അലാം സ്ക്രീനിൽ ലൈറ്റ് മിന്നിത്തെളിയാൻ തുടങ്ങി. നേരത്തേതിലും ശക്തമായായി ഇത്തവണ നിലയ്ക്കാതെ അലാം മുഴങ്ങി.. അതിന്റെ അർഥം ഞാൻ ഇപ്പോളും മോണിറ്റർ ചെയ്യപ്പെടുന്നുണ്ട് എന്നാണ്. എന്റെ രക്തത്തിൽ അഡ്രിനാലിന്റെ പ്രവർത്തനം ത്വരിതമായത് ഞാനറിഞ്ഞു. തീവ്രമായ ഒരു ശ്വാസഗതി എന്നെ വേട്ടയാടിത്തുടങ്ങി. പൊടുന്നനെ സമനില വീണ്ടടുത്ത ഞാൻ ഡീക്കോയ് ഫ്ലെയേഴ്സ് ഉപയോഗിച്ച് രക്ഷപെടാൻ ശ്രമിച്ചു. വിമാനങ്ങൾ പുറപ്പെടുവിക്കുന്ന താപം മണത്തറിഞ്ഞു പ്രവർത്തിക്കുന്ന, നേർരേഖയിൽ ലക്ഷ്യം ഭേദിക്കാനായില്ലെങ്കിലും ഹീറ്റ് സെൻസ് ചെയ്തു പുറകെ വരുന്ന മിസൈലുകളെ കബളിപ്പിക്കാനുള്ളതാണ് ഫ്ളെയറുകൾ. സ്ഫോശകവസ്തുക്കൾ അന്തരീക്ഷത്തിൽ വിതറുകയാണ് ചെയ്യുക. പ്രധാനമായും മഗ്നീഷ്യം പെല്ലറ്റുകളെയാണ് ഉപയോഗിക്കാറ്. ഇവ 2000 ഡിഗ്രി ഫാരൻഹീറ്റിൽ കത്തിയെരിയും.. ഇവ പൊട്ടിത്തെറിച്ചുണ്ടാകുന്ന താപം ഈ മിസൈലുകളെ വഴിതെറ്റിക്കും.”

“സെക്കൻഡ് മിസൈൽ ഇൻ എയർ..!!” വിൽബർ റേഡിയോയിലൂടെ അലറിയെങ്കിലും അതെന്റെ കാതിലേക്ക് എത്തുന്നതിന് മുൻപത് സംഭവിച്ചു.
“ദിഗന്തം നടുക്കുന്നൊരു പൊട്ടിത്തെറിയായാണ് എനിക്കത് തോന്നിയത്. വലിയൊരു സ്ഫോടന ശബ്ദമെന്റെ കർണപുടങ്ങളെ തകർത്തുകൊണ്ട് മുഴങ്ങി..!”
“ചുറ്റുമുണ്ടായിരുന്ന ക്ളൗഡ് കവർ ഉപയോഗിച്ച്കൊണ്ട് രണ്ടാമത്തെ മിസൈൽ എന്റെ വിമാനത്തിന്റെ അടിയിൽ ശക്തമായി വന്നിടിച്ചു. വിമാനത്തെ രണ്ടായി പിളർത്തിക്കൊണ്ടത് പൊട്ടിത്തെറിച്ചു..
“എന്റെ വിമാനത്തിന്റെ ചലനഗതിയിൽ മാന്ദ്യം സംഭവിക്കുന്നത് ഞാനറിഞ്ഞു. പിറകിൽ നിന്നും ത്രസ്റ്റ് നൽകിയിരുന്ന പ്രൊപ്പൽഷന്റെ ഭാഗം വേർപെട്ട് പോയതായിരുന്നു കാരണം. നിമിഷാർദ്ധം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്..!”
“കോക്പിറ്റിൽ തീയും പുകയും നിറഞ്ഞു. വിറയ്ക്കുന്ന കൈകളാൽ ഞാൻ സീറ്റ് ഇജക്ട് ബട്ടൺ അമർത്തി. (സീറ്റ് ഇജക്ട് എന്നാൽ, വിമാനം തകരുന്നൊരു അവസ്ഥയുണ്ടായാൽ, ഒരു റോക്കറ്റ് മോട്ടോറോ, എക്സ്പ്ലോസീവ് ചാർജോ സൃഷ്ടിക്കുന്ന പൊട്ടിത്തെറിയുടെ ഫലമായി കോക്പിറ്റിൽ ഇരിക്കുന്ന പൈലറ്റ് സീറ്റോട് കൂടി പുറത്തേക്ക് തെറിക്കുകയും പിന്നീട് പാരഷൂട്ട് ഉപയോഗിച്ചു രക്ഷപ്പെടുകയും ചെയ്യുന്നൊരു വിദ്യയാണ്.)
ഒരു നിമിഷം..!
വിമാനത്തിന്റെ കോക്പിറ്റ് ഗ്ലാസിന് ചുറ്റുമുള്ള ബോൾട്ടുകൾ ഇളകിത്തെറിച്ചു. ശക്തമായ ഒരു ശബ്ദത്തോടെ സ്കോട്ട് ഇരുന്നിരുന്ന കസേരയടക്കം തെറിച്ചു പുറത്തേക്ക് പോയി. കത്തിയെരിയുന്ന വിമാനത്തിന്റെ ഭാഗങ്ങൾ താഴേയ്ക്ക് പതിക്കുന്നത് സ്കോട്ട് തലകീഴായി മറിയുമ്പോൾ കണ്ടു.
സീറ്റ് ഇജക്ട് ബട്ടൺ ഉപയോഗിക്കുമ്പോൾ കോക്പിറ്റിൽ സൂക്ഷിക്കപ്പെട്ടിരുന്ന ഡാറ്റകളെല്ലാം നശിപ്പിക്കപ്പെടും. ശത്രുക്കളുടെ കൈകളിൽ അവ എത്തിച്ചേരരുതെന്ന ലക്ഷ്യത്തോടെയാണ് ആ സംവിധാനം കൂടി ഘടിപ്പിച്ചിരിക്കുന്നത്.
പാരഷൂട്ടിൽ പറന്നിറങ്ങുമ്പോൾ താഴോട്ട് നോക്കിയ സ്കോട്ട് കണ്ടു, തന്നെ ലക്ഷ്യമാക്കി വരുന്ന സെർബിയൻ ഭടന്മാരെ.
നിലത്തിറങ്ങിയ സ്കോട്ട് പാരഷൂട്ടിന്റെ ബെൽറ്റ് വിടുവിച്ചു. 29 പൗണ്ട് (13 കിലോ) ഭാരമുള്ള ഒരു സർവൈവൽ ബാഗ് വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും കരസ്ഥമാക്കിയ ശേഷം ജീവനും കൊണ്ടോടി സുരക്ഷിതമായി ഒരിടത്തൊളിച്ചു. കാടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കുന്ന ശത്രുക്കളുടെ കണ്ണിൽപ്പെടാതെ പാറകളുടെയും മരങ്ങളുടെയും മറപറ്റി സ്കോട്ട് ശ്രദ്ധാപൂർവം ഓരോ അടിയും വച്ചു. ചെറിയൊരു പിഴവ് മതി, ശത്രുക്കളുടെ കയ്യിലകപ്പെടും. അവരിൽ നിന്ന് യാതൊരു ദയവും പ്രതീക്ഷിക്കണ്ടെന്ന് സ്കോട്ടിനറിയാമായിരുന്നു. ഇഞ്ചിഞ്ചായി ഓരോരോ അവയവങ്ങൾ തകർത്ത് അവർ തന്നെ കൊല്ലും.
SERE (Survival, Evasion, Resistance and Escape) എന്ന, ശത്രുക്കളുടെ മേഖലയിലകപ്പെട്ടാലും 17 ദിവസം പിടിച്ചു നിൽക്കാനുള്ള ട്രെയിനിങ് സ്കോട്ടിന് ലഭിച്ചിരുന്നു. അത് പ്രകാരം മുന്നിലുള്ള ചളി നിറഞ്ഞ പാടങ്ങളിലൂടെ അവൻ ഇഴഞ്ഞു നീങ്ങി. മെല്ലെ, വനത്തിനകത്ത് പ്രവേശിച്ച സ്കോട്ട് വളരെ പിശുക്കിയാണ് തന്റെ സർവൈവൽ റേഷൻ ഉപയോഗിച്ചത്. ഇളം പുല്ലുകളെയും പച്ചിലകളെയും, കുഞ്ഞു ഷഡ്പദങ്ങളെയും ഭക്ഷിച്ചു കൊണ്ടവൻ തന്റെ പ്രാണൻ നിലനിർത്തി. വല്ലപ്പോഴും കിട്ടുന്ന ജലം തന്റെ ബാഗിലുണ്ടായിരുന്ന സ്പോഞ്ചിൽ ശേഖരിച്ചു.
സെർബിയൻ പട്ടാളക്കാർ വനം മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും ആയുസിന്റെ ബലം ഒന്ന് കൊണ്ട് മാത്രം സ്കോട്ട് പലപ്പോഴും രക്ഷപ്പെട്ടു. കൈയിൽ ഒരു 9MM പിസ്റ്റൽ ഉണ്ടെങ്കിലും അത് കൊണ്ട് വലിയ പ്രയോജനമുണ്ടാവില്ലെന്ന് അവനറിയാമായിരുന്നു. രാത്രിയായതും സ്കോട്ടിന് കുറച്ചാശ്വാസം തോന്നി. എങ്കിലും, ഏതു നിമിഷവും നിശബ്ദമായി തന്റെ ജീവനുവേണ്ടി പിന്തുടരുന്ന ശത്രുക്കളെ ഭയന്ന് അവൻ ഉറങ്ങാതെ കഴിച്ചുകൂട്ടി.
മൂന്നാം ദിനം ഒരു ഹെലികോപ്ടറിന്റെ ശബ്ദം കേട്ടാണ് സ്കോട്ട് ഉണർന്നത്. കനത്ത സമ്മർദ്ദവും കാട്ടിലെ അന്തരീക്ഷവും കാരണം ഒന്ന് കണ്ണടച്ചതേയുള്ളൂ അവൻ. കാതടപ്പിക്കുന്ന ശബ്ദത്തോടെ ആ ഹെലികോപ്റ്റർ താഴ്ന്നു പറക്കുകയായിരുന്നു. ശ്വാസമടക്കിപ്പിടിച്ചു കൊണ്ട് സ്കോട്ട് ഒരു മരത്തോട് ചേർന്നുകിടന്നു. ഒരിലയനക്കത്തിന് വേണ്ടി ജാഗ്രതയോടെ കാത്തിരിക്കുന്ന സെർബിയൻ സൈനികരുടെ മുഖം വ്യക്തമായവൻ കണ്ടു. ചലനം കണ്ടിടത്തെല്ലാം വെടിയുണ്ടകൾ മഴപോലെ വർഷിച്ചുകൊണ്ട് അവർ എതിർദിശയിലേക്ക് പറന്നുപോയി. സ്കോട്ട് കിടന്നിടത്തിനു വളരെ അടുത്തുപോലും ബുള്ളറ്റുകൾ തുളഞ്ഞിറങ്ങിയിരുന്നു.
രാപകലില്ലാതെ സെർബിയൻ പട്ടാളവാഹനങ്ങൾ കാടിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സ്കോട്ടിനെ തിരഞ്ഞു നടന്നു.
ആറു ദിവസം, ജീവൻ കൈയിലെടുത്തു പിടിച്ചു കൊണ്ട്, ശ്വാസമടക്കിപ്പിടിച്ചു കൊണ്ടാ സൈനികൻ ഘോരവനത്തിൽ ശത്രുക്കൾക്ക് കീഴടങ്ങാതെ പിടിച്ചു നിന്നു. ഇതിനിടയിൽ ശത്രുവിന്റെ കണ്ണുകളിൽ പെടാതെ സൈനികത്താവളത്തിൽ തന്റെ സാന്നിധ്യമറിയിക്കാൻ അവൻ ശ്രമിച്ചു. GPS സിഗ്നലിങ് ഡിവൈസിന്റെ വളരെ പരിമിതമായ ബാറ്ററി അപ്പോഴേക്കും തീരാറായി. ഭാഗ്യത്തിന്, സ്കോട്ട് ഇടവിട്ടിടവിട്ട് സിഗ്നലുകൾ അയച്ചുകൊണ്ടിരുന്നതിൽ ചിലത് NATO വിമാനങ്ങൾ പിടിച്ചെടുത്തു.
ഐഡൻറിറ്റി ഉറപ്പുവരുത്തിയ ശേഷം സ്കോട്ടിനെ രക്ഷിക്കാനുള്ള മിഷൻ ആരംഭിച്ചു.
ജൂൺ 8 അർധരാത്രി..
അമേരിക്കൻ വിമാനവാഹിനിയായ USS കിയർസർജിൽ നിന്നും കേണൽ മാർട്ടിന്റെ നേതൃത്വത്തിൽ മറൈൻ കമാൻഡോകളെയും വഹിച്ചുകൊണ്ട് രണ്ടു CH-സീ സ്റ്റാലിയൻ ഹെലികോപ്റ്ററുകൾ പറന്നുപൊങ്ങി.


രണ്ട് സൂപ്പർകോബ്ര ഹെലികോപ്റ്ററുകളും AV 8B ഹാരിയർ യുദ്ധവിമാനങ്ങളും സംരക്ഷണാർത്ഥം അകമ്പടി സേവിച്ചു.


രാത്രിയുടെ മറവിൽ ആ രക്ഷാസംഘം തങ്ങളുടെ പട്ടാളക്കാരനെ തിരഞ്ഞിറങ്ങി. EF 111A രാവെൻ വിമാനങ്ങളും, തണ്ടർബോൾട്ട് വിമാനങ്ങളും ഒരു അവാക്സ് നിരീക്ഷണവിമാനവും അടങ്ങുന്ന മറ്റൊരു ടീം നിശബ്ദമായി അവരെ പിന്തുടർന്നു. മൊത്തം നാൽപ്പതിൽ അധികം വിമാനങ്ങളും ഹെലികോപ്റ്ററുകളും അടങ്ങിയൊരു പടുകൂറ്റൻ സംഘമായിരുന്നു അത്. അപ്രതീക്ഷിതമായി എന്തെങ്കിലും ആക്രമണമുണ്ടായാൽ ആ പ്രദേശം തന്നെ നിമിഷനേരം കൊണ്ട് ഭസ്മമാക്കാൻ കഴിവുള്ളത്ര ആയുധങ്ങൾ വഹിച്ചൊരു ടീം.
Two CH-53 Sea Stallions with 51 marines from the 3rd Battalion, 8th Marines within the 24th Marine Expeditionary Unit lifted off USS Kearsarge to rescue the pilot. The two helicopters were accompanied by two Marine Corps AH-1W Super cobra helicopter gunships and a pair of Marine Corps AV-8B Harrier jump jets, one piloted by Captain Ronald C. Walkerwicz. These six aircraft had support from identical sets of replacement helicopters and jump jets as well as two Navy EA-6B Prowler electronic warfare planes, two Air Force EF-111A Raven electronic warfare planes, two Marine F/A-18D Hornets, a pair of anti-tank Air Force A-10 Thunderbolts, an SH-60B from USS Ticonderoga (CG-47), and an RAF AWACS E-3D.





ഏതാണ്ട് ആറരയോടെ സ്കോട്ട് സിഗ്നലയച്ച സ്ഥലത്തെത്തിയ അവർ ഉയരത്തിൽനിന്നുകൊണ്ട് പരിസരം വീക്ഷിച്ചു.
പാറകൾ നിറഞ്ഞ ഒരു പ്രദേശത്തെ മരങ്ങൾക്കിടയിൽ നിന്നും ഒരു സ്മോക്ക് സിഗ്നൽ പുറത്തേക്ക് വരുന്നതവർ കണ്ടു. മേജർ വില്യം ടാർബട്ടൺ നയിച്ചിരുന്ന ആദ്യത്തെ ലീഡ് സ്റ്റാലിയൻ ഹെലികോപ്റ്റർ ആ ദിശ ലക്ഷമാക്കി താഴ്ന്നു പറന്നു. നിമിഷനേരം കൊണ്ട് കുതിച്ചിറങ്ങിയ ഇരുപതു മറൈൻ കോർപ്സ്, ആ സിഗ്നലിനു ചുറ്റുമായി ഒരു പ്രതിരോധവലയം തീർത്തു. അപ്പോൾ തന്നെ രണ്ടാമത്തെ ഹെലികോപ്ടറും നിലം തൊട്ടു.
പെട്ടെന്ന്, മരക്കൂട്ടത്തിനിടയിൽ നിന്ന് നീട്ടിപ്പിടിച്ച പിസ്റ്റളുമായി ഒരാൾ ഹെലികോപ്റ്ററിനടുത്തേക്ക് ശരവേഗത്തിൽ ഓടിയടുത്തു.
അത് സ്കോട്ട് ആയിരുന്നു…!
ഹെലികോപ്ടറിന്റെ സ്ലൈഡിങ് ഡോർ തുറക്കപ്പെട്ടു. വന്ന വേഗതയിൽ തന്നെ സ്കോട്ടിന്റെ കോളറിലും ബെൽറ്റിലും പിടിച്ചുയർത്തിക്കൊണ്ട് കമാൻഡോകൾ അവനെ എടുത്തു ചോപ്പറിനകത്തേക്കെറിഞ്ഞു.
സ്കോട്ടിന്റെ ദേഹത്തു കൈകളമർന്നതോടൊപ്പം തന്നെ മറ്റുള്ളവർ അകത്തേക്ക് പറന്നുകയറി. ഒരു ക്വിക് ഹെഡ് കൗണ്ടിനു ശേഷം തൊട്ടടുത്തനിമിഷം ആ ഹെലികോപ്റ്ററുകൾ പൊങ്ങിവന്ന ദിശയിലേക്ക് തന്നെ തിരിച്ചു പറന്നു.
കണ്ണടച്ച് തുറക്കുന്ന നിമിഷത്തിലായിരുന്നു ഇതെല്ലാം സംഭവിച്ചത്..!!
പോകുന്ന വഴിക്ക് അവരുടെ നിരീക്ഷണ വിമാനം ക്രൊയേഷ്യൻ മേഖലയിൽ ഒരു മിസൈലിന്റെ സാന്നിധ്യം കണ്ടെത്തി.
ജിറാഫ് എന്ന കോഡിൽ അറിയപ്പെട്ടിരുന്ന ആ യുദ്ധവിമാനത്തിൻറെ പൈലറ്റിന്റെ ശബ്ദം കോക്പിറ്റിൽ മുഴങ്ങി.
“എനിമി മിസൈൽ ഇൻ ആക്ഷൻ..”
“പെർമിഷൻ ടു ന്യൂട്രലൈസ്..”
“ഐ റിപ്പീറ്റ്..പെർമിഷൻ ടു ന്യൂട്രലൈസ്..”
തങ്ങൾ അതിന്റെ അക്രമണപരിധിയിലല്ലെന്നും വേണമെങ്കിൽ നിഷ്പ്രയാസം അതിനെ നശിപ്പിക്കാമെന്നും മനസിലാക്കിയ ജിറാഫിന്റെ ലീഡ് പൈലറ്റ് അതിനെ തകർക്കാനുള്ള അനുമതി തേടുകയാണ്..!
“പെർമിഷൻ ഡിനൈഡ്..!!”
കൂടുതൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കണ്ടെന്ന് കരുതിയ ക്യാപ്റ്റൻ അതിനനുവാദം കൊടുത്തില്ല!
കുറച്ചു കഴിഞ്ഞപ്പോൾ തോളിൽ നിന്ന് വിക്ഷേപിക്കുന്ന തരത്തിലുള്ള മൂന്ന് മിസൈലുകൾ അവരുടെ നേരെ തൊടുക്കപ്പെട്ടുവെങ്കിലും 282 km/h വേഗതയിൽ ഉയർന്നു പറന്ന് അവരതിനെ നിഷ്പ്രഭമാക്കി.
07 : 15 AM
“ഫീറ്റ് വെറ്റ്..
“ഐ റിപ്പീറ്റ്.. “ഫീറ്റ് വെറ്റ് “
USS കിയർസർജിൽ റേഡിയോ സന്ദേശം മുഴങ്ങി. അതായത്, അവർ സുരക്ഷിതരായി തങ്ങളുടെ നാവികസേനയുടെ സ്വന്തം അധികാര പരിധിയിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നർത്ഥം.
ഏഴരയോട് കൂടി റെസ്ക്യൂ ടീം സ്കോട്ടിനെയും കൊണ്ട് കപ്പലിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
അമേരിയ്ക്കൻ സൈനിക കേന്ദ്രങ്ങളിൽ വിജയാഹ്ലാദം മുഴങ്ങി. കരഘോഷത്തോടെ അവർ തങ്ങളുടെ രാജ്യത്തിൻറെ ധീരനായ സൈനികനെ വരവേറ്റു.
ദിവസങ്ങൾക്ക് ശേഷം ആഗസ്റ്റ് 11 ന് മറ്റൊരു അമേരിക്കൻ വിമാനമായ RQ പ്രിഡേറ്റർ സെർബിയൻ സൈനികർ വെടിവച്ചിട്ടു.
ആഗസ്റ്റ് 30 ന് അമേരിക്കയുടെ നേതൃത്വത്തിൽ 15 രാഷ്ട്രങ്ങളുടെ സംയുക്ത സേന കൊടുകാറ്റുപോലെ ബോസ്നിയയ്ക്ക് മേൽ ആക്രമണമഴിച്ചുവിട്ടു. 400 വിമാനങ്ങളും അയ്യായിരം സൈനികരുമടങ്ങുന്ന സംയുക്ത വ്യോമസേന ദിവസങ്ങൾ കൊണ്ട് പെരുമഴപോലെ വർഷിച്ചത് 1026 ബോംബുകളാണ്. സരേജാവോ നഗരം സെർബിയക്കാരിൽ നിന്നും പിടിച്ചെടുക്കപ്പെട്ടു. ഇതോടെ നട്ടെല്ലൊടിഞ്ഞ സെർബിയൻ/ബോസ്നിയൻ സൈനികർ വിട്ടുവീഴ്ചയ്ക്കും ചർച്ചകൾക്കും വഴങ്ങി.
വീരപരിവേഷത്തോടെ മടങ്ങിയെത്തിയ സ്കോട്ട്. ഒ, ഗ്രാഡിയ്ക്ക് ബ്രോൺസ് മെഡലും പർപ്പിൾ ഹാർട്ട് ബഹുമതിയും നൽകി അമേരിക്കൻ ഗവണ്മെന്റ് ആദരിച്ചു.

2001 ൽ ഇറങ്ങിയ ബിഹൈൻഡ് എനിമിലൈൻസ് ( Behind Enemy Lines ) എന്ന സിനിമ ഗ്രാഡിയെ ആസ്പദമാക്കി എടുത്തതാണ്.