Escape from Pretoria
വര്‍ണ്ണവെറിയുടേയും വംശവെറിയുടേയും കേളീനിലമായിരുന്നു ഒരുകാലത്ത് സൗത്ത് ആഫ്രിക്ക. കറുത്തവര്‍ഗ്ഗക്കാരായ ജനത അവിടെ അനുഭവിച്ചിരുന്നത് സമാനതകളില്ലാത്ത ദുരിതങ്ങളായിരുന്നു.
ഇതിനെതിരേ പലപ്പോഴും പ്രക്ഷോഭങ്ങളും കലാപങ്ങളുമൊക്കെ ഉണ്ടായെങ്കിലും അവയൊക്കെ ഭരണകൂടം മര്‍ദ്ധനമുഷ്ടിയോടെ അടിച്ചമര്‍ത്തുകയും നൂറുകണക്കിനു കറുത്തവര്‍ഗ്ഗക്കാരെ രാജ്യത്തെ വിവിധ ജയിലുകളില്‍ അടയ്ക്കുകയും ചെയ്തു. ഇത്തരം ജയിലുകളില്‍ കുപ്രസിദ്ധമായ ജയിലുകളിലൊന്നായിരുന്നു പ്രിട്ടോറിയയിലുള്ള സെന്‍ട്രല്‍ പ്രിസണ്‍.

സൌത്താഫ്രിക്കയിലെ ഏറ്റവും വലുപ്പമുള്ള ജയിലുകളിലൊന്നായ ഇത് മാക്സിമം സെക്യൂരിറ്റിയുള്ള പ്രിസണുകളിലൊന്നായിരുന്നു. വെള്ളക്കാരായ രാഷ്ട്രീയത്തടവുകാരേയും, കലാപകാരികളേയും മറ്റുമൊക്കയാണ് ഈ ഹൈ സെക്യൂരിറ്റി പ്രിസണില്‍ അടച്ചിട്ടിരുന്നത്.
സൗത്താഫ്രിക്കയിലെ വംശവെറിക്കെതിരേയുള്ള പ്രക്ഷോഭങ്ങള്‍ അതിശക്തമായി തുടരുന്നതിനിടയില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റും ഒക്കെയായിരുന്ന തിമോത്തി പീറ്റര്‍ ജെങ്കിന്‍, മറ്റൊരു ആക്ടിവിസ്റ്റായ സ്റ്റീഫന്‍ ബെര്‍നാര്‍ഡ് ലീ എന്നിവര്‍ 1978 മാര്‍ച്ച് 2 ന് അറസ്റ്റിലായി.
വർണ വെറിയ്ക്കെതിരേ തിരക്കേറിയ സ്ഥലങ്ങളില്‍ ലഘുലേഖകളും മറ്റും ചില ചെറിയ നിയന്ത്രിത സ്ഫോടനങ്ങള്‍ നടത്തി ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ച് വിതരണം നടത്തുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. ( ഈ കഥയനുസരിച്ച് ഇറങ്ങിയ സിനിമയിൽ അത് കാണിക്കുന്നുണ്ട്. ഒരു ചെറിയ പടക്കം പൊട്ടുന്നതു പോലുളള സ്പോടനമാണ് നടത്തുന്നത്, കൂടെ ലഘുലേഖകൾ ചിതറി തെറിക്കും)
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, സൌത്ത് ആഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉൾപ്പെടെ പല നിരോധിത സംഘടനകള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുകയും അവര്‍ക്കാവശ്യമായ ലഘുലേഖകളും മറ്റും അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു, രാജ്യത്തെ പ്രക്ഷോഭകാരികളോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു, തീവ്രവാദപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ചുമത്തപ്പെട്ട അവരെ വിചാരണയ്ക്കു വിധേയരാക്കി.
1978 ജൂണ്‍ 6 മുതല്‍ 14 വരെ കേപ്പ്ടൗണിലുള്ള സുപ്രീം കോടതിയില്‍ വിചാരണചെയ്യപ്പെട്ടപ്പോള്‍ തങ്ങളില്‍ ചാര്‍ജ്ജു ചെയ്യപ്പെട്ട കുറ്റങ്ങള്‍ ഇരുവരും സമ്മതിക്കുകയും കോടതി ജെങ്കിനേയും ലീയേയും കുറ്റക്കാരാണെന്നു വിധിക്കുകയും ചെയ്തു.

ജെങ്കിനു 12 കൊല്ലത്തെ തടവും ലീയ്ക്ക് 8 കൊല്ലത്തെ തടവും വിധിക്കുകയും അവരെ പ്രിട്ടോറിയയിലെ സെന്‍ട്രല്‍ പ്രിസണില്‍ അടയ്ക്കാന്‍ ഉത്തരവാകുകയും ചെയ്തു.

പ്രിട്ടോറിയാ ജയിലില്‍ അടയ്ക്കപ്പെട്ട ഇരുവരും എത്രയും പെട്ടെന്ന് തന്നെ അവിടുന്ന് രക്ഷപ്പെടണമെന്ന് തീരുമാനിച്ചു.
എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല.
വളരെ ഉയരമുള്ള ചുറ്റുമതിലും അതില്‍ സദാ തോക്കേന്തിയ പാറാവുകാരും ജയിലിന്റെ സുരക്ഷയ്ക്കായുണ്ടായിരുന്നു. നിരവധി വാതിലുകള്‍ കടന്നു ചെന്നാലാണ് പ്രിസണേര്‍സിനെ അടച്ചിടുന്ന ലോക്കപ്പുമുറികളിലെത്തൂ.
ഓരോ ലോക്കപ്പുമുറിയ്ക്കും രണ്ടു വാതിലുകള്‍ വീതമുണ്ടായിരുന്നു. ആദ്യത്തേത് അഴികള്‍കൊണ്ടുള്ളതും രണ്ടാമത്തേതും പൂര്‍ണ്ണമായും കവര്‍ചെയ്യപ്പെട്ട മെറ്റല്‍ ഡോറും.


എല്ലാ വാതിലുകളും ശക്തമായതും ഒപ്പം സദാസമയവും പൂട്ടിയിട്ടിരിക്കുകയും ചെയ്തിരുന്നു.
ജയിലില്‍നിന്നു രക്ഷപ്പെടാനുള്ള അവരുടെ ശ്രമമറിഞ്ഞ മറ്റു തടവുകാര്‍ അവരെ പരിഹസിച്ചതേയുള്ളൂ.
ആ ജയിലില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ നിരവധി വാതിലുകള്‍ തുറന്നുമാത്രമേ രക്ഷപ്പെടാനാകു എന്നു തിരിച്ചറിഞ്ഞ ജെങ്കിന്‍ അതിനുള്ള ശ്രമങ്ങളാരംഭിച്ചു.
കൃത്രിമതാക്കോലുണ്ടാക്കാനുറച്ച ജെങ്കിന്‍ പ്രഭാതഭക്ഷണം കഴിക്കുന്ന സമയത്തും അല്ലാതെയുമുള്ള സമയത്ത് തങ്ങളെ നിരീക്ഷിച്ചുകൊണ്ടുനടക്കുന്ന വാര്‍ഡന്റെ പക്കലുള്ള താക്കോലുകളുടെ മോഡലുകളെ സൂക്ഷ്മമായി നോക്കിക്കണ്ട് അതിന്റെ സ്കെച്ചുകള്‍ വരച്ച് തടികൊണ്ടുള്ള താക്കോലുകള്‍ ഉണ്ടാക്കാനാരംഭിച്ചു.

വര്‍ക്കുഷോപ്പില്‍ പണിയെടുക്കുന്നതിനിടയിൽ ചെറിയ തടിക്കഷണങ്ങള്‍ മുറിച്ചെടുത്ത് രഹസ്യമായി മുറിയിലെത്തിച്ച് ഒരു ചെറിയ അരമുപയോഗിച്ച് ആ തടിക്കഷണങ്ങളില്‍ താക്കോലുകളുടെ ഡ്യൂപ്ലിക്കേറ്റ് നിര്‍മ്മിക്കുകയാണ് ചെയ്തിരുന്നത്. അപ്രകാരം മരം കൊണ്ട് ആദ്യമുണ്ടാക്കിയ കീ കൊണ്ട് സെല്ലിലെ ആദ്യ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. എന്നാല്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അതിലുണ്ടായ പാടുകളും ചതവും കണ്ട് അതിനനുസരിച്ച് ആ താക്കോലിന്റെ മാതൃകയില്‍ ആവശ്യമായ മാറ്റം വരുത്തിയപ്പോള്‍ ജെങ്കിനു മുന്നില്‍ ആ സെല്‍ വാതില്‍ തുറക്കപ്പെട്ടു.
ആഹ്ലാദം കൊണ്ടു മതിമറന്ന ജെങ്കിന്‍ അന്നു സമാധാനമായി ഉറങ്ങി.
പുറത്തുനിന്ന് തുറക്കാന്‍ കഴിയുന്ന മെറ്റല്‍ ഡോറിനുള്ള കീ ഉണ്ടാക്കിയ ജെങ്കിന്‍ ഇടനാഴി ക്ലീന്‍ ചെയ്യുന്നതിനിടയില്‍ ആ വാതിലും താനുണ്ടാക്കിയ രണ്ടാമത്തെ തടി താക്കോലുപയോഗിച്ച് തുറന്നെങ്കിലും തിരിച്ച് അടയ്ക്കാന്‍ ശ്രമിക്കുന്ന നേരം താക്കോലൊടിഞ്ഞു.


വളരെ പരിശ്രമിച്ച് ആ തടിക്കഷണങ്ങള്‍ കുത്തിയിളക്കിയെടുത്തെങ്കിലും പൂട്ടിന്റെ ബോള്‍ട്ട് അടയ്ക്കാനായില്ല.
രാത്രി വാതിലുകള്‍ ബന്ധിക്കാന്‍ വന്ന വാര്‍ഡന്‍ അതു കണ്ട് സംശയാകുലനായെങ്കിലും സഹവാര്‍ഡന്‍ മറന്നതാവാമെന്നുകരുതി വാതിലടച്ചു പോയപ്പോഴാണ് ജെങ്കിനു സമാധാനമായത്.
മറ്റൊരു രാഷ്ട്രീയത്തടവുകാരനായ അലക്സ് മുംബാരിസും അവര്‍ക്കൊപ്പം രക്ഷപ്പെടാനുള്ള ശ്രമങ്ങളില്‍ക്കൂടി. എന്നാല്‍ ബാക്കിയുള്ള തടവുകാര്‍ പിടിക്കപ്പെടുമെന്നുള്ള ഭയത്താൽ അവരോടു സഹകരിച്ചില്ല.
പുറത്തെ മെറ്റല്‍ ഡോര്‍ സെല്ലിനകത്തുനിന്നു തുറക്കാനും ജെങ്കിന്‍ ഒരുപായം കണ്ടുപിടിച്ചു. സ്വന്തം ലോക്കപ്പുമുറി വൃത്തിയാക്കാനായി അവനനുവദിച്ചിരുന്ന ബ്രഷിന്റെ നീളമുള്ള കമ്പില്‍ ചില സൂത്രപ്പണികളൊപ്പിച്ച് രാത്രി വെന്റിലേറ്ററില്‍ക്കൂടി ( ഒരു ചെറിയ ജനൽ ആയിരുന്നു അത്) ആ ബ്രഷ് കമ്പില്‍ പിടിപ്പിച്ച താക്കോലുപയോഗിച്ച് അയാള്‍ സമര്‍ത്ഥമായി സെല്ലിന്റെ മെറ്റല്‍ ഡോറും തുറന്നു. ( ഒരു കണ്ണാടി കഷ്ണം ഉപയോഗിച്ചാണ് പുറത്തു നിന്നും താക്കോൾ ദ്വാരം കാണാൻ സാധിച്ചത്)


ഇപ്രകാരം ആ ജയിലിലെ ഓരോ വാതിലുകളും രാത്രികാലങ്ങളില്‍ അതിസമര്‍ത്ഥമായി ജെങ്കിനും ലീയും അലക്സും കൂടി ബ്രേക്ക് ചെയ്ത് രക്ഷപ്പെടാനുള്ള ട്രയല്‍ റണ്‍സ് നടത്തിക്കൊണ്ടിരുന്നു.
ഇടയ്ക്ക് പലപ്പോഴും എല്ലാവരുടേയും മുറികളില്‍ കര്‍ശനമായ പരിശോധനകളും മറ്റും നടത്തപ്പെട്ടെങ്കിലും ഭാഗ്യം ജെങ്കിനും കൂട്ടര്‍ക്കുമൊപ്പമായിരുന്നു.
മാസങ്ങളെടുത്തായിരുന്നു ഈ ട്രയല്‍ റണ്‍സ് നടത്തിയിരുന്നത്.
അഞ്ചാറു വാതിലുകള്‍ കഴിഞ്ഞാല്‍ പിന്നീടുള്ളത് നൈറ്റ് വാര്‍ഡന്റെ റൂമാണ്.
എന്നാല്‍ അതും സമര്‍ത്ഥമായി തുറക്കാനവര്‍ക്കു സാധിച്ചു.
ഒടുവില്‍ ജയിലിലടയ്ക്കപ്പെട്ട് 18 മാസങ്ങള്‍ക്കുശേഷം കൃത്യമായിപ്പറഞ്ഞാല്‍ 1979 ഡിസംബർ 11 നു രാത്രി അവർ രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. വാതിലുകള്‍ ഒന്നൊന്നായിത്തുറന്ന് താഴത്തെ നിലയിലെത്തിയ അവര്‍ നൈറ്റ് വാര്‍ഡന്‍ റോന്തിനു പോകുന്നതു കാത്തു പതുങ്ങി നിന്നു.
ജയിലിൽ തന്നെയുളള രാഷ്ട്രീയത്തടവുകാരന്മാരിലൊരാളായ ഡെനിസ് ഗോൾഡ്ബെർഗ് ലൈറ്റുകള്‍ ഉടച്ച് ബഹളമുണ്ടാക്കി വാര്‍ഡന്റെ ശ്രദ്ധയാകര്‍ഷിക്കുകയും അതിനെത്തുടര്‍ന്ന് വാർഡൻ മുകള്‍നിലയിലെ സെല്‍ ബ്ലോക്കിലേയ്ക്കു പോകുകയും ചെയ്തതോടെ ജെങ്കിനും ലീയും അലക്സും ബാക്കിയുള്ള വാതിലുകളും തുറന്ന് അവസാനത്തെ ഡോറിന്റെ മുന്നിലെത്തി.
എന്നാല്‍ ഇക്കുറി അവര്‍ക്ക് ആ വാതില്‍ തുറക്കാനായില്ല.
കൈയിലുണ്ടായിരുന്ന സകല താക്കോലുകളുമിട്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
തങ്ങള്‍ ഇത്രയും നാളും ചെയ്ത പരിശ്രമം മുഴുവന്‍ പാഴായിപ്പോകുമോ എന്നവര്‍ ഭയന്നു.
എന്നാല്‍ കൈയിലുണ്ടായിരുന്ന ഒരു ചെറിയ ഉളി ഉപയോഗിച്ച് അലക്സ് ആ പൂട്ടിന്റെ ഭാഗത്തുള്ള തടി കുത്തിപ്പൊളിക്കാനാരംഭിച്ചു. ജെങ്കിനു അതിനോട് യോജിപ്പില്ലായിരുന്നു. എന്നാല്‍ രക്ഷപ്പെടണമെന്ന കടുത്ത ആഗ്രഹം ഭരിച്ചിരുന്ന അലക്സ് വാതിലിന്റെ ഭാഗം കുത്തിപ്പൊളിക്കുന്നതു തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ഡോര്‍ ലോക്കിന്റെ ഭാഗം കുത്തിപ്പൊളിച്ച് ആ വാതിലും തുറന്ന് അവര്‍ പുറത്തേയ്ക്കിറങ്ങി.
അവരുടെ ഭാഗ്യം കൊണ്ട് പുറത്തെ റോഡിലേയ്ക്കുള്ള ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. റോഡിലേയ്ക്കിറങ്ങിയ മൂവരും റോഡിന്റെ ഓരം ചേര്‍ന്നു നടന്ന് മാക്സിമം ദൂരേയ്ക്ക് പോകാനാരംഭിച്ചു.
മുമ്പ് രഹസ്യമായി ജയിലിനുള്ളില്‍ എത്തിച്ച കുറേ രൂപ കൊണ്ട് അവര്‍ ഒരു ടാക്സി പിടിച്ച് മൊസാംബിക്കിലേക്കു യാത്രയാരംഭിച്ചു.
രാവിലെ പതിവുപോലെ വാര്‍ഡന്‍ വന്ന് സെല്‍ വാതിലുകള്‍ തുറന്നപ്പോഴാണ് തടവുപുള്ളികള്‍ രക്ഷപ്പെട്ട വിവരം മനസ്സിലാക്കുന്നത്. അയാള്‍ കുതിച്ചു ചെന്ന് അപായ സൈറണ്‍ മുഴക്കിയപ്പോള്‍ ജെങ്കിനും ലീയും അലക്സും ടാക്സിയില്‍ തങ്ങളുടെ യാത്ര തുടരുകയായിരുന്നു.

Movie : Escape from Pretoria (2020) Based on the real-life prison break of two political captives, Escape From Pretoria is a race-against-time thriller set in the tumultuous apartheid days of South Africa.
ഈ സിനിമ ഈ ലേഖനത്തിലും നന്നായി ആ സംഭവങ്ങൾ കാണിച്ചിതരും. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് എസ്കേപ്പ് ഫ്രം പ്രിട്ടോറിയ.




