Girl with Peacock Tattoo
2011 ഫെബ്രുവരി 11 ന് ഡൽഹി റെയില്‍വേ സ്റ്റേഷന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ട്രാവൽ ബാഗ് കിടക്കുന്നുവെന്ന് ഡല്‍ഹി പോലീസിന് ആരോ വിവരം അറിയിച്ചു. വിവരമറിഞ്ഞ് കുതിച്ചെത്തിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ബാഗിനുളളിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ആ മൃതദേഹത്തിന്റെ വയറില്‍ മയിലിന്റെ ചിത്രം പച്ചകുത്തിയ അടയാളമുണ്ടായിരുന്നു. യുവതിയെന്നു തോന്നിച്ച ഇവര്‍ ആരാണെന്നോ എവിടെ നിന്നാണോന്നോ യാതൊരു വിവരവും ലഭിക്കാന്‍ മറ്റ് തെളിവുകളൊന്നും ആ ബാഗിൽ നിന്നും ലഭിച്ചിരുന്നില്ല.
പോലീസ് ആകെ വലഞ്ഞു. മൃതദേഹം കണ്ടെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും കൊല്ലപ്പെട്ടയാളെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഡല്‍ഹി പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചു തുടങ്ങി. സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും യുവതി ആരെന്ന് അവകാശപ്പെട്ട് ആരും രംഗത്ത് വന്നില്ല. പോലീസിന്റെ കൈയില്‍ ആകെയുള്ളത് പച്ചകുത്തിയ മയിലിന്റെ ചിത്രം മാത്രമാണ്. ഇത് മാധ്യമങ്ങളില്‍ വളരെയധികം പ്രചരിച്ചു. അജ്ഞാത മൃതദേഹത്തിന് അവര്‍ ഒരു പേരും നല്‍കി – “ദി ഗേള്‍ വിത്ത് പീകോക്ക് ടാറ്റു”.

ലോകം മുഴുവന്‍ തരംഗമായ ദി ഗേള്‍ വിത്ത് ഡ്രാഗണ്‍ ടാറ്റു എന്ന സിനിമ റിലീസായി രണ്ടുവര്‍ഷങ്ങള്‍ അന്ന് കഴിഞ്ഞിരുന്നു. ഇതിനെ അനുസ്മരിച്ചാണ് “ദി ഗേള്‍ വിത്ത് പീകോക്ക് ടാറ്റു” എന്ന പേര് അന്ന് മാധ്യമങ്ങള്‍ ഉപയോഗിച്ചത്.
ആഴ്ചകള്‍ കഴിഞ്ഞിട്ടും ആരും വരാതായതോടെ യുവതിയുടെ മൃതദേഹം പോലീസ് സംസ്‌കരിച്ചു.
അവള്‍ നീതു സോളങ്കി
പോലീസ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെ അടുത്ത ദിവസം ഒരാള്‍ പോലീസിനെ സമീപിച്ചു. മാധ്യമങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ കൊല്ലപ്പെട്ട യുവതി തന്റെ മകള്‍ നീതു സോളങ്കിയാകാമെന്നാണ് ( Neetu Solanki ) അദ്ദേഹം പോലീസിനെ അറിയിച്ചത്. ഇതോടെ അന്വേഷണം ഊര്‍ജിതമായി. അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് നീതു തന്നെയെന്ന് വെളിപ്പെട്ടു.

20 വയസുള്ള നീതു നിയമബിരുദം കരസ്ഥമാക്കിയ മിടുക്കിയായ യുവതിയായിരുന്നു. ധൈര്യവും സാഹസികതയും നിറഞ്ഞ സ്വഭാവത്തിനുടമ. നീതുവിന്റെ സഹോദരി അല്‍ക പറയുന്നതനുസരിച്ച് ആര്‍ക്കും വളരെപ്പെട്ടന്ന് കീഴടക്കാന്‍ സാധിക്കാത്തത്ര ശക്തയും മനോധൈര്യവും നിറഞ്ഞവള്‍ ആയിരുന്നു നീതു.
2010 മേയ് ഒന്നിന് നീതു അവള്‍ ജോലി ചെയ്യുന്ന കോള്‍സെന്ററില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. ജോലി ആവശ്യത്തിനായി താന്‍ സിങ്കപ്പൂരിലേക്ക് പോവുകയാണെന്നാണ് നീതു മാതാപിതാക്കളെ അന്ന് അറിയിച്ചിരുന്നത്.
പുതിയ വിവരങ്ങള്‍ ലഭിച്ചതോടെ പോലീസ് അന്വേഷണം പൂര്‍വാധികം ശക്തമായി. കിട്ടിയ വിവരങ്ങള്‍ക്ക് പിന്നാലെ അന്വേഷണോദ്യോഗസ്ഥര്‍ പാഞ്ഞു. സിങ്കപ്പൂരിലേക്ക് പോവുകയാണെന്ന നീതു മാതാപിതാക്കളെ അറിയിച്ചത് നുണയായിരുന്നുവെന്ന് ഒടുവില്‍ പോലീസ് കണ്ടെത്തി. കൂട്ടത്തില്‍ മറ്റൊന്നുകൂടി, നീതു ഒരു യുവാവുമായി അഗാധമായ പ്രണയത്തിലായിരുന്നു എന്ന് അവർ കണ്ടെത്തി. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന രാജു ഗഹ്‌ലോട്ട് ( Raju Gehlot ) എന്നയാളിലാണ് നീതു തന്റെ പ്രണയം കണ്ടെത്തിയിരുന്നത്.

താന്‍ സിങ്കപ്പൂരിലേക്ക് പോവുകയാണെന്ന് മാതാപിതാക്കളെ നീതു അറിയിച്ച അതേ ദിവസം മുതല്‍ തന്നെ രാജുവും ജോലിക്ക് ഹാജരായിരുന്നില്ല. തുടരന്വേഷണത്തില്‍ ഇരുവരും ഡല്‍ഹിയില്‍ ഒരുമിച്ച് താമസം തുടങ്ങിയിരുന്നുവെന്ന് കണ്ടെത്തി. ഏകദേശം ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ചില മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും ഇവര്‍ താമസിച്ചിരുന്നുവെന്ന് പറയുന്നു.
അതേസമയം താന്‍ സിങ്കപ്പൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞതിന് ശേഷം നീതുവിനെ അവരുടെ വീട്ടുകാര്‍ കണ്ടിട്ടുമില്ല. സ്വതവേ ധൈര്യശാലിയായതിനാല്‍ നീതുവിനേപ്പറ്റി അവര്‍ക്ക് ആശങ്കകളുണ്ടായിരുന്നതുമില്ല. അതിനാലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയ വാര്‍ത്തകള്‍ പരന്നപ്പോഴും നീതുവിന്റെ രക്ഷിതാക്കള്‍ പ്രതികരിക്കാതിരുന്നതും.
കൊലപാകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൊലയാളി രാജുവായിരിക്കാനുള്ള സാധ്യത പോലീസിനുമുന്നില്‍ ശക്തമായിരുന്നു. അന്വേഷണത്തില്‍ ഇതിലേക്ക് നയിക്കുന്ന ശക്തമായൊരു മൊഴി അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തു. നീതു കൊല്ലപ്പെട്ടതോടെ അന്വേഷണം രാജുവിനെ കേന്ദ്രീകരിച്ചായി. ഇയാളെ തിരയുന്നതിനിടെ നവീന്‍ ശോകീന്‍ ( Naveen Shokeen ) എന്ന രാജുവിന്റെ ബന്ധുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഒടുവില്‍ കൊലയാളി രാജുവാണെന്ന് ഉറപ്പിക്കുന്ന മൊഴി അയാളില്‍ നിന്ന് ലഭിച്ചു.

നീതു കൊല്ലപ്പെട്ട ഫെബ്രുവരി 11 ന് അതിരാവിലെ രാജു ഇയാളെ വിളിച്ചിരുന്നുവത്രെ. താന്‍ നീതുവിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം മറവ് ചെയ്യാന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് നവീന്‍ ശോകീനിനെ രാജു വിളിച്ചത്. താന്‍ നിസ്സഹായനാണെന്ന് അറിയിച്ചതിനാല്‍ രാജു തന്നെ നീതുവിന്റെ മൃതദേഹം ചാക്കിലാക്കി കെട്ടി ഓട്ടോ റിക്ഷയില്‍ കയറ്റിക്കൊണ്ട് പോയി റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് നവീന്‍ വെളപ്പെടുത്തി.
നീതുവിന്റെ കൊലപാതകി രാജുവാണെന്ന് വ്യക്തമായെങ്കിലും അതിലേക്ക് നയിക്കുന്ന തെളിവുകള്‍ പോലീസിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. അതിന് രാജുവിനെ പിടികൂടേണ്ടതുണ്ടായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും രാജുവിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. കിട്ടിയ വിവരങ്ങള്‍ വെച്ച് ഇരുവരും താമസിച്ചിരുന്ന ഡല്‍ഹി, ബെംഗളൂരു, മുംബൈ തുടങ്ങിയിടങ്ങളില്‍ നിരവധി റെയ്ഡുകള്‍ നടന്നു. രാജു മാത്രം എവിടെയോ മറഞ്ഞിരുന്നു. ഒടുവില്‍ രണ്ടുലക്ഷം ഈനാം പ്രഖ്യാപിച്ച് പോലീസ് രാജുവിനായി നോട്ടീസ് ഇറക്കി.
ഇതിനിടെ ഇയാള്‍ ബാങ്കോക്ക്, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് കടന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നികൊണ്ടിരുന്നു. രാജുവിന്റെ കുടുംബാംഗങ്ങള്‍ മുഴുവന്‍ പോലീസ് നിരീക്ഷണത്തിലായി. എന്നാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് എവിടെയോ അയാള്‍ മറഞ്ഞിരുന്നു.
പോലീസ് ഓരോ സ്ഥലത്തും അയാളെ പിന്തുടരുമ്പോഴും അയാൾ അവരെ വെട്ടിച്ചു കടന്നു. അയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചു, എയർ ഇന്ത്യയിൽ ഉണ്ടായിരുന്ന ജോലി കളഞ്ഞതിന് നീതു അയാളെ പരിഹസിച്ചതായിരുന്നു കാരണം. തന്റെ ഭാര്യയെ ഉപദ്രവിച്ചു എന്നും പറഞ്ഞ് ആളുകളെ ബ്ലാക്ക് – മെയിൽ ചെയ്ത് പണം തട്ടി എന്നും, ഫോണുകൾ മോഷ്ടിച്ച് വിറ്റിരുന്നു എന്നും പോലീസ് കണ്ടുപിടിച്ചു. അതിന് മുമ്പ് ഒരിക്കൽ അവർ തമ്മിൽ പ്രശ്നമുണ്ടായത് രാജു കൃത്രിമമായി അയാളുടെ ഡോക്കുമെന്റുകൾ ഉണ്ടാക്കുകയും, അത് നീതു കത്തിച്ചു കളഞ്ഞതും ആയിരുന്നു കാരണം. അയാൾ പലയിടത്തും ഈ ഡോക്കുമെന്റുകളുമായി ജോലി അന്വേഷിച്ചിരുന്നതും പോലീസിന് അറിവായി. ഈ പ്രശ്നങ്ങളുടെയെല്ലാം ബാക്കിപത്രമായിട്ടായിരിക്കാം കൊലപാതകം നടന്നിട്ടുണ്ടാകുക. എങ്കിലും പോലീസിന് അയാളെ എത്തിപ്പിടിക്കാൻ മാത്രം സാധിച്ചില്ല.
കാലം കണക്കുതീര്‍ക്കുന്നു…
നീതു കൊല്ലപ്പെട്ടിട്ട് എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. 2019 ജൂണില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ അതീവ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സക്കായി പ്രവേശിക്കപ്പെട്ടു. രോഹന്‍ ദഹിയാന്‍ എന്നയാളാണ് രോഗി. ഗുഡിഗാവിലെ ഒരു വാഹന നിര്‍മാണ കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
രോഗം ഗുരുതരമായി മരണത്തോടടുത്ത ആരോഗ്യ സാഹചര്യത്തിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി കിടക്കയില്‍ നിന്ന് അയാള്‍ ഒരിടത്തേക്ക് ഫോണ്‍ വിളിച്ചു. അത് രാജു ഗഹ്‌ലോട്ടിന്റെ വീട്ടിലേക്കായിരുന്നു. താന്‍ രാജുവാണെന്ന് അയാള്‍ വെളിപ്പെടുത്തി. ഇത്രയും നാള്‍ രോഹന്‍ ദഹിയാന്‍ എന്ന വ്യാജപ്പേരില്‍ മറ്റൊരു ജോലിയുമായി ഒളിവില്‍ കഴിയുകയായിരുന്നു താനെന്ന് അയാള്‍ അറിയിച്ചു. വീട്ടുകാര്‍ വിവരം പോലീസിന് കൈമാറി.
അടുത്ത ബുധനാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള സന്നാഹവുമായി ഡല്‍ഹി പോലീസ് ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ നിന്ന് ഡോക്ടര്‍മാര്‍ നല്‍കിയ വിവരങ്ങള്‍ കേട്ട് അന്വേഷണോദ്യോഗസ്ഥര്‍ തരിച്ചിരുന്നു. പോലീസ് അന്വേഷിക്കുന്ന ആള്‍ മരിച്ചിരിക്കുന്നു! നീതുവിന്റെ കൊലയാളിയെ കാലം കണക്ക് തീര്‍ത്ത് തിരികെ വിളിച്ചിരിക്കുന്നു.