Hamilton serial killer Sukhwinder Dhillon
1996 ജൂൺ മാസം.
കാനഡയിലെ ഹാമിൽട്ടനിലെ തന്റെ വീട്ടിൽ ഭാര്യയോടൊത്ത് രാത്രിഭക്ഷണം കഴിയ്ക്കുകയായിരുന്നു രഞ്ജിത് സിംഗ് ഖേല. 25 കാരനായ രഞ്ജിത്ത് പഞ്ചാബ് സ്വദേശിയാണ്. വിവാഹിതനായിട്ട് അധിക നാളായിട്ടില്ല. ഭാര്യ ഒരു ഹോമിയോ ഡോക്ടർ.

കാനഡയിൽ താമസമാക്കിയ സുഖ്വിന്ദർ സിംഗ് ധില്ലനെ (46 വയസ്സ്) (Sukhwinder Singh Dhillon) പരിചയപ്പെട്ടതാണ് അയാളുടെ ജീവിതത്തെ, പഞ്ചാബിലെ കുഗ്രാമത്തിൽ നിന്നും കാനഡയിലെ ആധുനിക നാഗരിക ജീവിതത്തിലേയ്ക്ക് പറിച്ചു നട്ടത്.
രണ്ടുവർഷം മുൻപായിരുന്നു അത്.
കാനഡയിൽ നിന്നും ലീവിനെത്തിയ ധില്ലനെ, രഞ്ജിത് സിംഗ് പോയിക്കാണുകയും എന്തെങ്കിലും ഒരു ജോലി ശരിപ്പെടുത്തിത്തരാൻ അപേക്ഷിയ്ക്കുകയുമായിരുന്നു. ബിരുദധാരിയായ രഞ്ജിത്തിനു ധില്ലൻ കാനഡയിലേയ്ക്കു ഒരു വിസ ശരിയാക്കുകയും തന്റെ ബിസിനസ്സിൽ സഹായി ആയിക്കൂട്ടുകയും ചെയ്തു. Sukhwinder Singh Dhillon
ഹാമിൽട്ടനിൽ ഒരു യൂസ്ഡ് കാർ ബിസിനസായിരുന്നു ധില്ലനുണ്ടായിരുന്നത്. ഉത്സാഹിയായ രഞ്ജിത്തിനെ ധില്ലൻ വൈകാതെതന്നെ ഒരു പാർട്നർ ആയി ചേർത്തു. താമസിയാതെ രഞ്ജിത്ത് വിവാഹിതനാകുകയും ഭാര്യയെ കാനഡയിലേയ്ക്കു കൊണ്ടുവരുകയും ചെയ്തു. സന്തോഷപ്രദമായിരുന്നു അവരുടെ ജീവിതം, ഒരു കാര്യത്തിലൊഴികെ. കിടപ്പറയിൽ രഞ്ജിത്ത് ഒരു പരാജയമായിരുന്നു. പുറമേ പറയാനുള്ള മടികാരണം ഇത് അവർക്കിടയിൽ തന്നെ കിടന്നു പുകഞ്ഞു കൊണ്ടിരുന്നു.
അടുക്കളയിൽ പാത്രങ്ങൾ കഴുകുകയായിരുന്നു രഞ്ജിത്തിന്റെ ഭാര്യ. ഡൈനിംഗ് റൂമിൽ നിന്നും പെട്ടെന്നൊരു അലർച്ച, രഞ്ജിത്തിന്റെയാണ്!. അവർ ഓടിച്ചെന്നു.
അയാൾ നിലത്തുകിടന്നു പുളയുകയാണ്. അസഹ്യമായ വേദനകൊണ്ട് ശരീരം വില്ലുപോലെ വളഞ്ഞിരിയ്ക്കുന്നു. കണ്ണുകൾ പുറത്തേയ്ക്കു തള്ളിയിരിയ്ക്കുന്നു. സ്തബ്ധയായ അവൾ പെട്ടെന്ന് അയാളെ താങ്ങിയെഴുനേൽപ്പിയ്ക്കാൻ ശ്രമിച്ചു, പക്ഷെ സാധ്യമായില്ല. അവർ വേഗം ഓടിപ്പോയി എമർജെൻസി നമ്പരിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടു.
നല്ല ഉറക്കത്തിനിടയിലെ, തുടർച്ചയായ ഫോൺ ബെൽ ശബ്ദം കേട്ടാണ് ധില്ലൻ കണ്ണുതുറന്നത്. അസഹ്യതയോടെ അയാൾ ഫോണെടുത്തു. ഞെട്ടിയ്ക്കുന്ന വാർത്തയായിരുന്നു അയാളുടെ ചെവിയിലേയ്ക്കെത്തിയത്. തന്റെ ബിസിനസ് പങ്കാളിയായ രഞ്ജിത് സിംഗ് ഖേല മരണപ്പെട്ടിരിയ്ക്കുന്നു. വല്ലാത്തൊരു ഷോക്കായിരുന്നു അത്. അയാൾ ഉടൻ ആശുപത്രിയിലെത്തി.
ഭയാനകമായിരുന്നു രഞ്ജിത്തിന്റെ ബോഡിയുടെ അവസ്ഥ. ശരീരം വില്ലുപോലെ വളഞ്ഞ് മരവിച്ചിരിയ്ക്കുന്നു. കണ്ണുകൾ തുറിച്ചു നിൽക്കുന്നു. വലിയ വേദന അനുഭവിച്ചാണ് അയാൾ മരിച്ചിരിയ്ക്കുന്നത്. എന്നാൽ എങ്ങനെയാണ് അയാൾ മരണപ്പെട്ടതെന്ന് ഡോക്ടർമാർക്ക് ഒരു പിടിയും കിട്ടിയില്ല. യാതൊരുവിധ മാരക പരിക്കുകളും ശരീരത്തിലില്ല. വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളുമില്ല. പെട്ടെന്നുണ്ടായ ഹൃദ്രോഗമോ മറ്റോ ആവാം മരണകാരണമെന്ന് അവർ വിധിയെഴുതി.
നിയമത്തിന്റെ നൂലാമാലകളിലേയ്ക്കു പോകാൻ രഞ്ജിത്തിന്റെ ഭാര്യയ്ക്കു താല്പര്യമുണ്ടായിരുന്നില്ല. അവർ പഞ്ചാബിൽ നിന്നു കാനഡയിലേയ്ക്കു വന്നിട്ട് അധികനാളായിട്ടില്ല. രഞ്ജിത്ത് ഇല്ലാതെ ഇവിടെ തുടരാൻ ബുദ്ധിമുട്ടുമാണ്. ആയതിനാൽ രഞ്ജിത്തിന്റെ ബോഡിയുമായി നാട്ടിലേയ്ക്കു മടങ്ങാനാണ് അവർ താല്പര്യപ്പെട്ടത്. ധില്ലനും അക്കാര്യത്തിൽ യോജിപ്പായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം പൊലീസ് ബോഡി വിട്ടുകൊടുത്തു.
കനേഡിയൻ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഹാമിൽട്ടൻ ബ്രാഞ്ചിലെ ക്ലെയിം ഇൻവെസ്റ്റിഗേറ്ററാണ് ക്ലിഫ്റ്റൻ എലിയറ്റ് ( Cliff Elliot ). ഒരു സീനിയർ ഓഫീസറാണദ്ദേഹം. പോളിസി ഉടമകൾ മരണപ്പെട്ടാൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിയ്ക്കലാണ് അദ്ദേഹത്തിന്റെ ജോലി. ആ റിപ്പോർട്ട് പ്രകാരമായിരിയ്ക്കും ക്ലെയിം തുക അനുവദിയ്ക്കുക.

1996 ലെ ആ പ്രഭാതത്തിൽ അദ്ദേഹത്തിനു അന്വേഷിയ്ക്കാനുണ്ടായിരുന്നത് രഞ്ജിത് സിംഗ് ഖേലയുടെ ലൈഫ് ഇൻഷുറൻസ് ക്ലെയിമിനെപറ്റിയായിരുന്നു. ബന്ധപ്പെട്ട പേപ്പറുകൾ അദ്ദേഹം പരിശോധിച്ചു. ഒരു വർഷം മുൻപ് എടുത്ത പോളിസിയാണത്. ഒരു ലക്ഷം ഡോളറാണ് പോളിസി തുക. രഞ്ജിത്തിന്റെ ബിസിനസ് പാർട്ണറായ സുഖ്വിന്ദർ സിംഗ് ധില്ലന്റെ പേർക്കാണ് ക്ലെയിം അവകാശം ഉണ്ടായിരുന്നത്. അതിൽ വിശേഷിച്ചൊന്നുമുണ്ടായിരുന്നില്ല, കാരണം ധില്ലന്റെ പേരിലും ഒരു ലക്ഷം ഡോളറിന്റെ പോളിസിയുണ്ട്. അതിന്റെ അവകാശി രഞ്ജിത് ആയിരുന്നു. പാർട്നർമാരിൽ ഒരാളുടെ മരണം ബിസിനസിനെ തകർക്കാതിരിയ്ക്കാനുള്ള മുൻകരുതലാവാം.



എലിയറ്റ്, ഹാമിൽട്ടന്റെ പ്രാന്തത്തിലുള്ള ധില്ലന്റെ വസതിയിലെത്തി. അവിടെ ധില്ലൻ കാത്തിരിപ്പുണ്ടായിരുന്നു. എലിയറ്റിനെ അയാൾ വീട്ടിനകത്തേയ്ക്കു ക്ഷണിച്ചു. പ്രൌഡമാണു ധില്ലന്റെ വീട്. ഹാളിൽ മനോഹരമായ ഒരു പെയിന്റിംഗ്.
ആ ചിത്രം, എലിയറ്റിന്റെ തലച്ചോറിൽ എന്തോ ഒന്നു മിന്നിച്ചു. ഈ ചിത്രം മുൻപ് എപ്പോഴോ താൻ കണ്ടിട്ടുണ്ടല്ലോ..! “ദേജാവൂ“ എന്നു പറയുന്ന ഒരു അനുഭൂതി. അയാൾ കണ്ണടച്ച് നെറ്റിയിൽ കൈവെച്ച് ഒരു നിമിഷം ആലോചിച്ചു. പിന്നെ ധില്ലനോട് ചോദിച്ചു:
“ഇതാരാണു ആ ചിത്രത്തിൽ? വളരെ ആകർഷണീയം!“
“ഇത് ഞങ്ങളുടെ മത സ്ഥാപകനാണ്. ഗുരു നാനാക്ക്..” ധില്ലൻ ഭവ്യമായി അറിയിച്ചു.
“ഇതു അടുത്തെങ്ങാനും ചെയ്യിച്ച പെയിന്റിംഗാണോ?” എലിയട്ട് ചോദിച്ചു.
“അല്ല. ഞാൻ കാനഡയിൽ താമസമാക്കിയപ്പോൾ കൊണ്ടുവന്നതാണ്. പഞ്ചാബിലെ ഒരു ആർടിസ്റ്റ് ചെയ്തത്.”
“കുറേക്കാലമായോ ഇവിടെ താമസമാക്കിയിട്ട്?”
“ഇല്ല, ഒരു വർഷമാകുന്നതേയുള്ളൂ.” ധില്ലൻ പറഞ്ഞു.
അപ്പോൾ എലിയറ്റിനു ഓർമ്മ വന്നു, ഈ ചിത്രം താൻ നേരത്തെ കണ്ടത്, ധില്ലന്റെ പഴയ വീട്ടിൽ വെച്ചാണ്. കൃത്യമായി പറഞ്ഞാൽ ഒന്നര വർഷം മുൻപ്..!
പക്ഷെ എലിയട്ടിനെ ആശ്ചര്യപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. അന്നും താൻ വന്നത് ഇതേപോലൊരു കാര്യത്തിനാണ്, ധില്ലന്റെ ഭാര്യയുടെ പേരിലുള്ള ഇൻഷുറൻസ് ക്ലെയിമിനെ പറ്റി അന്വേഷിയ്ക്കാൻ..!
ക്ലെയിം സംബന്ധമായ അത്യാവശ്യം കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ക്ലിഫ്റ്റൻ എലിയറ്റ് വേഗം തന്റെ ഓഫീസിലെത്തി. പഴയ ഫയലുകൾ തപ്പി. അധികം വൈകാതെ അയാൾ തിരഞ്ഞവ കണ്ടെത്തി.
1995 ൽ ആയിരുന്നു അയാളുടെ ഭാര്യ മരണപ്പെട്ടത്. അന്നത്തെ ക്ലെയിം പ്രകാരം 2,15,000 ഡോളർ ധില്ലനു അനുവദിച്ചിരുന്നു. കൂടാതെ ഭാര്യയുടെ പേരിലുണ്ടായിരുന്ന 18,000 ഡോളറിന്റെ ലോൺ എഴുതിത്തള്ളുകയും ചെയ്തിരുന്നു.

ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിനു ശേഷം പുതിയ ക്ലെയിം അനുവദിച്ചാൽ മതിയെന്നു എലിയട്ട് തീരുമാനിച്ചു.
അന്നുതന്നെ ഹാമിൽട്ടൻ പൊലീസിൽ ക്ലിഫ്റ്റൻ വിവരമറിയിച്ചു. ഒന്നരവർഷത്തിനിടയിൽ രണ്ടു ദുരൂഹമരണങ്ങൾ. രണ്ടിന്റെയും ഇൻഷുറൻസ് ക്ലെയിം ഒരേ ആൾക്ക്. ഇക്കാര്യത്തിൽ വിശദമായ ഒരന്വേഷണം വേണമെന്നായിരുന്നു അയാളുടെ ആവശ്യം.



ഡിറ്റക്ടീവ് ഇൻസ്പെക്റ്റർ വാറൻ കൊറോൾ ( Hamilton Police Detective Sergeant Warren Korol) അന്വേഷണം ഏറ്റെടുത്തു. ധില്ലന്റെ ഭാര്യ പർവേഷ് കൌറിന്റെ മരണത്തെപ്പറ്റി വിശദമായി അന്വേഷിയ്ക്കുവാൻ അദ്ദേഹം തീരുമാനിച്ചു.

1981 ലാണു, പഞ്ചാബിലെ ലുധിയാന സ്വദേശിയായ സുഖ് വിന്ദർ സിംഗ് ധില്ലൻ കാനഡയിലെത്തുന്നത്. ചെറിയ ബിസിനസ്സുകൾ ചെയ്ത അയാൾ 1983ൽ പർവേഷ് കൌറിനെ വിവാഹം ചെയ്തു കാനഡയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നു. 1995 ജനുവരിയിൽ മുപ്പത്തിയാറാം വയസ്സിൽ അവർ മരിച്ചു.




ഡിറ്റക്ടീവ്, ആശുപത്രി രേഖകളും കൊറോണറുടെ റിപ്പൊർട്ടും പരിശോധിച്ചു. പെട്ടെന്ന് അവശയായി വീണ നിലയിലാണ് പർവേഷിനെ ആശുപത്രിയിലെത്തിച്ചത്. വേദനകൊണ്ട് അവരുടെ മുഖം വികൃതമായിരുന്നു. ശരീരമാസകലം മരവിച്ചിരുന്നു. എന്താണു മരണകാരണമെന്ന് ഡോക്ടർമാർക്കു കണ്ടെത്താനായിരുന്നില്ല. പെട്ടെന്നുണ്ടായ എന്തോ അസുഖമെന്ന നിലയിൽ അവർ റിപ്പോർട്ടെഴുതി.
ഭാര്യയുടെ മരണശേഷമുള്ള തൊട്ടടുത്ത ബിസിനസ് ദിവസം തന്നെ ധില്ലൻ ഇൻഷുറൻസ് തുകയ്ക്കുള്ള ക്ലെയിം സമർപ്പിച്ചിരുന്നു എന്നു ഡിറ്റക്ടീവ് കൊറോൾ മനസ്സിലാക്കി. ധില്ലനെപ്പറ്റി കൂടുതൽ അന്വേഷിയ്ക്കാൻ ഹാമിൽട്ടൻ പൊലീസ് തീരുമാനിച്ചു. അതിനായി അന്വേഷണം ഇന്ത്യയിലേയ്ക്കു കൂടി വ്യാപിപ്പിയ്ക്കണം.
ഹാമിൽട്ടൻ പൊലീസിലുള്ള ഇന്ത്യൻ വംശജൻ ഡിറ്റക്ടീവ് കെവിൻ ധിൻസയെ, കൊറോളിനെ സഹായിയ്ക്കുവാൻ ചുമതലപ്പെടുത്തി. അവർ പഞ്ചാബിലെ ലുധിയാനയിലെത്തി.
1995ൽ, ഭാര്യയുടെ പേരിലുള്ള ഇൻഷുറൻസ് തുക കിട്ടിയശേഷം ധില്ലൻ പഞ്ചാബ് സന്ദർശിച്ചിരുന്നതായി അവർ കണ്ടെത്തി. അതിനു ശേഷവും പല തവണ അയാൾ പഞ്ചാബിൽ എത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെ പറ്റിയാണു അവർക്കറിയേണ്ടിയിരുന്നത്. ഹാമിൽട്ടൻ പൊലീസ്, പഞ്ചാബ് പൊലീസിന്റെ സഹായം ആവശ്യപ്പെട്ടു. അങ്ങനെ ധില്ലനെപറ്റി പഞ്ചാബിൽ വിശദമായ അന്വേഷണം നടന്നു.
അമ്പരപ്പിയ്ക്കുന്ന ചില കാര്യങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പർവേഷിന്റെ മരണശേഷം പഞ്ചാബിലെത്തിയ ധില്ലൻ ചെയ്തത് ഉടൻ തന്നെ മറ്റൊരു വിവാഹം കഴിയ്ക്കുക എന്നതാണ്.! സരബ്ജിത് കൌർ ബ്രാർ ആയിരുന്നു പുതിയ വധു. നല്ലൊരു തുകയാണ് സ്ത്രീധനമായി ലഭിച്ചത്. അധികം വൈകാതെ സരബ്ജിതിനെയും കൊണ്ടുപോകാം എന്നു വാഗ്ദാനം ചെയ്ത് ധില്ലൻ കാനഡയിലേയ്ക്കു മടങ്ങി. ഭാര്യാ വീട്ടുകാർ അവളുടെ പാസ്പോർട്ടും മറ്റും ശരിയാക്കാൻ ശ്രമം തുടങ്ങി.

ഇതിനിടെ, സരബ്ജിതിനെ അറിയിയ്ക്കാതെ ധില്ലൻ വീണ്ടും പഞ്ചാബിലെത്തി. ലുധിയാനയിൽ നിന്ന് വളരെ ഉള്ളിലുള്ള ഒരു പ്രദേശത്തുനിന്നും അയാൾ മറ്റൊരു വിവാഹം കൂടി കഴിച്ചു. കുശ്വിന്ദർ പ്രീത് കൌർ ഥൂർ ആയിരുന്നു ഇത്തവണത്തെ വധു. അവിടെയും നല്ലൊരു തുക സ്ത്രീധനം ലഭിച്ചു. കുശ്വിന്ദറിനെയും കാനഡയ്ക്കു കൊണ്ടുപോകാമെന്നും അതിനുള്ള രേഖകൾ ശരിയാക്കിക്കൊള്ളാനും പറഞ്ഞിട്ട് ധില്ലൻ തിരികെ പോയി.

മാസങ്ങൾ കടന്നു പോയി. ഇതിനിടെ സരബ്ജിത് കൌറിന്റെ വീട്ടിൽ നിന്നും ധില്ലനു അറിയിപ്പ് ലഭിച്ചു, അവൾ ഇരട്ടക്കുട്ടികളെ പ്രസവിച്ചുവെന്ന്. കുട്ടികളെ കാണാനായി ധില്ലൻ പഞ്ചാബിലെത്തി. ആശുപത്രിയിലായിരുന്നു അവൾ. കുട്ടികൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ചികിത്സയുണ്ട്. ധില്ലൻ ഭാര്യയ്ക്കും കുട്ടികൾക്കും കൂട്ടിരുന്നു. അവരുടെ ചികിത്സാകാര്യങ്ങൾ എല്ലാം കരുതലോടെ നോക്കിനടത്തി. ഏതാനും ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം പെട്ടെന്ന് കുട്ടികൾ രണ്ടും മരിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കൂടുതൽ ഒന്നും അന്വേഷിയ്ക്കാനുണ്ടായിരുന്നില്ല. അവരുടെ സംസ്കാര ശേഷം, ദു:ഖിതനായ ധില്ലൻ ലുധിയാനയിലെ സ്വന്തം വീട്ടിലേയ്ക്കു പോവുകയാണെന്നു ഭാര്യയെ അറിയിച്ചു.

അയാൾ പോയത് മൂന്നാം ഭാര്യയുടെ അടുത്തേയ്ക്കായിരുന്നു. അവരാണെങ്കിൽ കാനഡയിലേയ്ക്കുള്ള യാത്രയ്ക്കായി ധില്ലന്റെ വരവും പ്രതീക്ഷിച്ചിരിയ്ക്കുന്നു. വിസ ആവശ്യത്തിനുള്ള മെഡിക്കൽ ചെക്കപ്പിനായി ധില്ലൻ ഭാര്യയെ കൂട്ടിക്കൊണ്ടു പോയി. ചെക്കപ്പിനു ശേഷം തിരികെ എത്തുകയും ചെയ്തു. അന്നുതന്നെ ധില്ലൻ ലുധിയാനയിലേയ്ക്കു തിരിച്ചു.
രാത്രി അയാൾക്ക് ഫോൺ വന്നു, കുശ്വിന്ദർ പ്രീത് മരണപ്പെട്ടു എന്ന്. അയാൾ വേഗം അവിടെയെത്തി. വൈകിട്ട് പെട്ടെന്ന് അസുഖബാധിതയായി കുശ്വിന്ദർ വീഴുകയായിരുന്നു. വേദനകൊണ്ട് മുഖം വികൃതമാകുകയും ശരീരം വടിപോലെയാകുകയും ചെയ്തിരുന്നു. ഡോക്ടർമാർക്ക് മരണകാരണം കണ്ടെത്താനായില്ല. അജ്ഞാത രോഗമെന്ന് അവർ വിധിയെഴുതി. പിറ്റേന്നു തന്നെ മൃതദേഹം ദഹിപ്പിയ്ക്കുകയും ചെയ്തു.
വളരെ വിചിത്രമായുള്ള ഈ സംഭവങ്ങളെല്ലാം കൂടി ചേർത്തുവച്ച് ഡിറ്റക്ടീവ് കൊറോളും ധിൻസയും കൂടി ഒരു തീയറി ഉണ്ടാക്കി. ദുരൂഹമായ അഞ്ച് മരണങ്ങൾ. ഇതിന്റെയെല്ലാം ഒരുവശത്ത് ധില്ലനുണ്ടായിരുന്നു. ഓരോ മരണത്തിലും അയാൾക്ക് ചില പ്രയോജനങ്ങൾ. വളരെ ബുദ്ധിപൂർവം തയ്യാറാക്കിയ കൊലപാതകങ്ങൾ ആവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അതിനാദ്യം അറിയേണ്ടത് ഈ മരണങ്ങൾ എങ്ങനെ സംഭവിച്ചു എന്നറിയുകയാണ്.
രഞ്ജിത് സിംഗ് ഖേലയുടെ ബോഡിസാമ്പിളുകളിൽ നടത്തിയ ആധുനിക ഫോറെൻസിക് പരിശോധനകളിൽ നിന്നും അയാളുടെ ശരീരത്തിലുണ്ടായിരുന്ന ഒരു രാസപദാർത്ഥം ഡോക്ടർമാർ കണ്ടെത്തി. STRYCHNINE എന്ന വസ്തു ആയിരുന്നു അത്. കാഞ്ഞിരമരത്തിന്റെ വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു വിഷപദാർത്ഥമാണിത്. ഇത് കാനഡയിൽ ലഭ്യമായിരുന്നില്ല. കാഞ്ഞിരമരം കാനഡയിൽ വളരുന്നുമില്ല. അങ്ങനെയെങ്കിൽ ഒരു സാധ്യതയേയുള്ളു, ഇത് ഇന്ത്യയിൽ നിന്നും എത്തിച്ചതാവണം. ഇന്ത്യയിൽ ഈ മരം ധാരാളമുണ്ടല്ലോ.
ഡിറ്റക്റ്റീവ് കൊറോളും ധിൻസയും വീണ്ടും പഞ്ചാബിലെത്തി. പഞ്ചാബ് പൊലീസിന്റെ സഹായത്തോടെ അവർ മരിച്ചുപോയ ഇരട്ടക്കുട്ടികളുടെ ബോഡി പുറത്തെടുത്ത് ഫോറെൻസിക് സാമ്പിളുകൾ ശേഖരിച്ചു. മരണപ്പെട്ട കുശ്വിന്ദർ കൌറിന്റെ ബോഡി ദഹിപ്പിയ്ക്കപ്പെട്ടതിനാൽ അക്കാര്യത്തിൽ കൂടുതലൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.
കുട്ടികളുടെ ബോഡിയുടെ ഫോറെൻസിക് പരിശോധനയിൽ STRYCHNINEന്റെ അംശം കണ്ടെത്തി.

അവരുടെ ചികിത്സയിൽ ഒരിടത്തും ഇത്തരമൊരു വസ്തുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല എന്നു ഡോക്ടർമാർ മൊഴി നൽകി. ധില്ലന്റെ സാന്നിധ്യം ഉണ്ടായിരുന്ന ദിവസങ്ങളിലാണ് കുട്ടികളുടെ മരണം നടന്നിരിയ്ക്കുന്നത്.
ധില്ലൻ സഞ്ചരിച്ച വഴികളിലൂടെ പൊലീസും സഞ്ചരിച്ചു.
ലുധിയാനയിലെ തെരുവുകളിൽ ഒറ്റമൂലികളും സസ്യവിഷങ്ങളും വിൽക്കുന്ന ഒട്ടേറെ കൊച്ചുകടകൾ ഉണ്ട്. എലികൾ പോലുള്ള ക്ഷുദ്രജീവികൾക്കെതിരെ ഉപയോഗിയ്ക്കുന്ന “കുഞ്ചില” എന്ന വിഷം ഇവിടെ പലകടകളിലുമുണ്ടായിരുന്നു. പൊലീസ് അതു ശേഖരിച്ചു. ലാബ് പരിശോധനയിൽ അതിൽ ഉള്ളത് STRYCHNINE തന്നെ എന്നു സ്ഥിരീകരിച്ചു. ഈ വിഷത്തിന്റെ പ്രത്യേകത മനുഷ്യരിൽ പ്രയോഗിച്ചാൽ ഇതിന്റെ സാന്നിധ്യം സാധാരണ പരിശോധനകളിൽ തിരിച്ചറിയപ്പെടില്ല എന്നതാണ്. അതീവ വേദനാജനകമായിരിയ്ക്കും മരണം. പെട്ടെന്നു മരണം സംഭവിയ്ക്കുകയും ചെയ്യും. ഇത് എങ്ങനെയോ മനസ്സിലാക്കിയ ധില്ലൻ ഇവിടെ നിന്നാണ് ഈ വസ്തു ശേഖരിച്ചത്.
1997 ഒക്ടോബറിൽ ധില്ലനെ ഹാമിൽട്ടൻ പൊലീസ് അറസ്റ്റ് ചെയ്തു.

വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ പൊലീസ് കുറ്റപത്രം തയ്യാറാക്കി. പർവേഷ് കൌറിന്റെയും രഞ്ജിത് സിംഗ് ഖേലയുടെയും കൊലപാതകങ്ങളാണ് ധില്ലനിൽ ചാർജ് ചെയ്തത്. ഇരട്ടക്കുട്ടികളുടെയും കുഷ്വിന്ദർ കൌറിന്റെയും മരണം ഇന്ത്യയിൽ നടന്നതായതിനാൽ അത് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. എന്നാൽ ധില്ലന്റെ കുറ്റവാസന ബോധ്യപ്പെടുത്തുന്നതിനായി മേൽ കൊലപാതകങ്ങളുടെ വിശദാംശങ്ങളും ബന്ധപ്പെട്ട ആളുകളും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നും സാക്ഷികളെ കാനഡയിലെത്തിച്ച് കോടതിയിൽ മൊഴി രേഖപ്പെടുത്തി.
ധില്ലൻ കുറ്റങ്ങൾ നിഷേധിച്ചെങ്കിലും കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും ഫോറെൻസിക് റിപ്പോർട്ടുകളുടെയും മുന്നിൽ അതൊന്നും വിലപ്പോയില്ല. ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ആദ്യഭാര്യ പർവേഷിനെയും, ബിസിനസ് പങ്കാളി രഞ്ജിത് സിംഗിനെയും STRYCHNINE വിഷം നൽകി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
ലൈംഗിക ബലഹീനതയ്ക്കു പരിഹാരമായി കഴിക്കാൻ ഒരു ഗുളിക ധില്ലൻ അങ്കിൾ നൽകിയതായി രഞ്ജിത് സിംഗ് തന്നോടു പറഞ്ഞിരുന്നു എന്ന് അയാളുടെ ഭാര്യ കോടതിയിൽ മൊഴി നൽകി. STRYCHNINE കലർത്തിയതായിരുന്നു ആ ഗുളിക. ധില്ലനിൽ അല്പം പോലും സംശയമില്ലാതിരുന്നതിനാൽ അന്ന് അക്കാര്യം മറ്റാരോടും അവർ പറഞ്ഞിരുന്നില്ല. പിന്നീട് പൊലീസ് അന്വേഷണത്തിനു വന്നപ്പൊഴാണു ഇക്കാര്യം ഓർത്തത്.
ദീർഘമായ വിചാരണക്കു ശേഷം 2001ൽ, 25 വർഷത്തെ പരോളില്ലാത്ത തടവിനു മോണ്ട്രിയോൾ കോടതി ധില്ലനെ ശിക്ഷിച്ചു.
2013 നവമ്പർ 16 നു ക്യാൻസർ ബാധിതനായി വാർക്വെർത്ത് ജയിലിൽ സുഖ്വിന്ദർ സിംഗ് ധില്ലൻ മരിച്ചു.

Cast of characters
- Sukhwinder Singh Dhillon, the killer.
- Parvesh Kaur Dhillon, his first wife and victim.
- Sarabjit Kaur Brar, Dhillon’s second wife.
- Gurmeet and Gurwinder, newborn twin sons of Dhillon and Sarabjit.
- Uncle Iqbal, Sarabjit’s uncle.
- Kushpreet Kaur Toor, Dhillon’s third wife.
- Rai Singh Toor, Kushpreet’s father.
- Jagdev and Iqbal Mundi, Kushpreet’s aunt and uncle.
- Surinder Kaur Dhillon, Dhillon’s sister-in-law.
- Sukhwinder Kaur Grewal, Dhillon’s fourth wife.
- Ranjit Khela, friend and protege of Dhillon.
- Lakhwinder Kaur Sekhon, Ranjit’s wife.
- Cliff Elliot, a life insurance claims investigator.