Jack the ripper.
1888 കാലത്ത് ലണ്ടനിലെ വൈറ്റ് ചാപ്പൽ ( Whitechapel ) എന്ന സ്ഥലത്ത് രാത്രിയിൽ ഓരോരോ സ്ത്രീകളായി കൊല്ലപ്പെട്ടു തുടങ്ങി. അതിക്രൂരമായ രീതിയിലായിരുന്നു കൊലപാതകങ്ങൾ. കഴുത്തു വീതിയിൽ രണ്ട് അറ്റവും മുറിച്ചായിരുന്നു കൊല. അത് മാത്രമല്ല വയറ് കുത്തിപൊളിച്ചു കിഡ്നി, ഗർഭപാത്രം പോലുള്ളവ എടുത്തുകൊണ്ടു പോകുകയോ വലിച്ചു പുറത്തിടുകയോ ചെയ്തിരുന്നു.

ആദ്യം കണ്ടെത്തിയത് മേരി അന്ന നിക്കോളാസ് ( Mary Ann Nichols ) എന്ന നാൽപത്തഞ്ചു വയസ്സുള്ള ഒരു വിധവയെയെയായിരുന്നു. അഞ്ചു മക്കളുള്ള അവരെ രാത്രി മുതൽ കാണാനില്ലായിരുന്നു. രാവിലെ അവരുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. പിന്നീട് ഓഗസ്റ്റ് മുതൽ നവംബർ 9 വരെ നടന്ന മറ്റ് നാലു ഇരകൾ അന്നി ചാപ്മാൻ ( Annie Chapman ), എലിസബത്ത് സ്റ്റ്രിഡ് ( Elizabeth Stride ), കാതറിൻ എഡ്ഡോവെസ് ( Catherine Eddowes ), മേരി ജെയ്ൻ കെല്ലി ( Mary Jane Kelly ) എന്നിരാണ്. ഇവർക്കെല്ലാം ഒരു സാമ്യത ഉണ്ടായിരുന്നു. ഇവരെല്ലാവരും അടുത്തടുത്തു തന്നെയായിരുന്നു താമസം. എല്ലാവരും ദരിദ്രരും തെരുവിൽ വേശ്യവൃത്തി ചെയ്യുന്നവരുമായിരുന്നു. പക്ഷേ ഈ അജ്ഞാത കൊലയാളിയെ കണ്ടെത്താനായില്ല.

ഇംഗ്ലണ്ടിന്റെ പോലീസ് ചരിത്രത്തിലെ നാണക്കേടുണ്ടാക്കിയ ഒരു കേസായിരുന്നു വൈറ്റ് ചാപ്പൽ കൊലയാളി അഥവാ തുകൽ കോട്ടിട്ട കൊലയാളി എന്നറിയപ്പെട്ട Jack the ripper എന്ന കുപ്രസിദ്ധ സീരിയൽ കില്ലർ. ഒരു പക്ഷേ സീരിയൽ കില്ലർമാരുടെ തന്നെ മുതുമുത്തച്ഛൻ എന്ന് പറയാം. അഞ്ചു കൊലകളാണ് Jack the ripper ചെയ്തത് എന്നാണ് പറയപ്പെടുന്നത്. ഈ അഞ്ചു ഇരകളെയും കാനോനിക്കൽ ഫൈവ് ( Canonical five ) എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇതിൽ ആദ്യത്തെ കൊലപാതകം നടന്ന ഉടനെ തന്നെ പോലീസിന് ഒരു കത്ത് കിട്ടി. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും. ഇനിയും കൊലകൾ നടക്കുമെന്നും. ഇനി കൊല്ലാൻപോകുന്ന ഇരയുടെ കാതുകൾ മുറിച്ചെടുക്കും എന്നുമായിരുന്നു കത്തിൽ.
എന്നാൽ ഇത് പോലീസ് ഗൗരവമായി എടുത്തില്ല. പക്ഷേ അടുത്ത കൊലപാതകം അടുത്ത ദിവസങ്ങളിൽ തന്നെ നടക്കുകയും ഇരയുടെ കാതുകൾ മുറിച്ചെടുക്കുകയും ചെയ്തിരുന്നു. അതോടു കൂടി ആളുകൾ പ്രക്ഷോഭം തുടങ്ങി.
അന്ന് വൈറ്റ് ചാപ്പൽ എന്ന പ്രദേശം കുടിയേറ്റക്കാരുടെ ഇടമായിരുന്നു. അതുകൊണ്ടു തന്നെ കൊള്ളയും, കൊലപാതകവും, വേശ്യവൃത്തിയും കൊടികുത്തി വാണിരുന്ന പ്രദേശവും ആയിരുന്നു അവിടം. ഇംഗ്ലണ്ടിലെ വെള്ളക്കാർ ഇവിടെ അപൂർവമായിരുന്നു. അതിനാൽ തന്നെ ഇവിടെ നടക്കുന്ന കൊലപാതകങ്ങളിലോ, ആക്രമങ്ങളിലോ ഭരണകൂടത്തിനു ഒരു താത്പര്യവും ഇല്ലായിരുന്നു. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ആയതുകൊണ്ട് പലരും പ്രക്ഷോഭങ്ങൾ തുടങ്ങി. രാത്രിയിൽ മാത്രമല്ല പകലും പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെട്ടു. അടുത്തടുത്ത രണ്ട് മാസങ്ങളിലായാണ് ഈ അഞ്ചു കൊലപാതകങ്ങളും നടന്നത്. ഒരു ദിവസം രണ്ട് കൊലപാതകങ്ങൾ നടന്നു. എല്ലാം ഒരേ കത്തികൊണ്ട് തന്നെയായിരുന്നു. വെട്ടിന്റെ ആഴം മനസ്സിലാക്കി കൊലപാതകിക്ക് ഒരേ മാനസികാവസ്ഥയായിരുന്നു ആ സമയത്തു എന്ന് കൂടി അനുമാനിക്കാമായിരുന്നു. അതുകൊണ്ടാണ് ഇത് ഒരു സൈക്കോ കില്ലർ അല്ലെങ്കിൽ സീരിയൽ കില്ലറുടെ പണിയാണെന്നു പോലീസ് സംശയിച്ചത്.

മരണപെട്ട ഒരാളും സഹായത്തിനായോ മറ്റോ കരയുകയോ, ഓളിയിടുകയോ, പ്രതിരോധിച്ചു മുറിവുകൾ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല എന്നുള്ളതും നിഗൂഢമാണ്. വളരെ പ്രൊഫഷണൽ ആയാണ് ഓരോ കൊലയും നടത്തിയിരിക്കുന്നത്. അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി കയറ്റി ആന്തരാവയവങ്ങൾ പുറത്തെടുക്കുകയും ചെയ്തിരുന്നു. അഞ്ചാമത്തെ കൊലപാതകത്തിൽ അവരുടെ ഹൃദയവും മുറിച്ചെടുത്തു കൊണ്ടുപോയിരുന്നു.
ഒരു പാട് പേരെ ചോദ്യം ചെയ്യുകയും, അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തെങ്കിലും കൊലയാളിയെ കുറിച്ച് വ്യക്തമായ ഒരു സൂചനയും ലഭിച്ചില്ല.
പല കത്തുകളും പോലീസിന് ലഭിച്ചുകൊണ്ടിരുന്നു. പലതും വ്യാജ കത്തുകൾ ആയിരുന്നു. അതിലൊരു കത്താണ് ജാക്ക് ദി റിപ്പർ എന്ന പേരിൽ വന്നത്. എന്നാൽ പിന്നീടത് ഏതോ പത്രം അവരുടെ സർക്കുലേഷൻ കൂട്ടാൻ വ്യാജമായി ഉണ്ടാക്കിയത് ആണെന്ന് തെളിഞ്ഞു. ആദ്യ കത്തും ജാക്ക് എന്നയാളുടെ പേരിലായിരുന്നു. അതുകൊണ്ടാണ് റിപ്പർക്ക്, ജാക്ക് ദി റിപ്പർ എന്ന പേര് കൊടുത്തത്.

അവസാനം നടന്ന കൊലയിൽ ഇരയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി ആളെ ഒരു നോക്കു കണ്ടിരുന്നുവത്രെ; അവരുടെ വിവരണവും കൗതുകകരമായിരുന്നു. അയാൾ ഒരു പൊക്കമുള്ള ബലിഷ്ഠനായ ഒരു മനുഷ്യൻ ആണെന്നും, തുകൽ കൊണ്ടുള്ള ഒരു കോട്ടാണ് ധരിച്ചിരുന്നതെന്നും, കറുത്ത ഒരു തൊപ്പി ധരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ അവർക്കു വിക്ടോറിയ രാഞ്ജിയുടെ നല്ല ഛായയുണ്ടെന്നും അവർ പറഞ്ഞത് ഒരു ഞെട്ടിപ്പിക്കുന്ന തെളിവായിരുന്നു.

വിക്ടോറിയ രാഞ്ജിയുടെ ഛായ ഉണ്ടെന്നുള്ളത് പോലീസിനെ കുഴപ്പത്തിലാക്കി. രാഞ്ജിയുടെ ഒരു കൊച്ചുമകൻ വരെ ഈ കേസിൽ സംശയത്തിന്റെ നിഴലിൽ ആയിരുന്നു. ഒരു പാട് പേരെ സംശയിച്ചിരുന്നു. അതിൽ എടുത്തു പറയേണ്ടവർ :
കോസ്മിന്‍സ്കി ( Aaron Kosminski ) വൈറ്റ് ചാപ്പലില്‍ താമസിച്ചിരുന്ന ഒരു ജൂദന്‍.

ജോണ്‍ ഡ്രൂട്ട് ( Montague John Druitt ) വക്കീലും സ്കൂള്‍ ടീച്ചറുമായിരുന്ന ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഇയാൾ ഒരു ലോക്കൽ സർജന്റെ മകനായിരുന്നു. ഇയാൾ നല്ലൊരു ക്രിക്കറ്റർ കൂടിയായിരുന്നു. ടീച്ചറായും, വക്കീലായും ഒക്കെ പ്രാക്ടീസ് ചെയ്ത ഇയാളെ എന്തോ കാര്യത്തിന് ടീച്ചർ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. അതിന് ശേഷം ഇയാൾ തെയിംസ് നദിയിൽ ചാടി ആത്മഹത്യ ചെയ്തു.

റിപ്പറുടെ അവസാന കത്തിൽ തന്റെ അവസാന ഇര മേരി ജയിൻ കെല്ലി ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. അവരെ കൊന്ന ദിവസം തന്നെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. പിന്നീട് ഇയാൾ തന്നെയാണ് റിപ്പർ എന്ന ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഒരു സാഹചര്യത്തെളിവുകളും കിട്ടിയിരുന്നില്ല.
ജോർജ് ചാപ്മാൻ ( George Chapman ) : പോളണ്ടുകാരനായ ഇദ്ദേഹം സർജറി പഠിച്ചിട്ടുണ്ട്. ഒരു ഡോക്ടറുടെ അസിസ്റ്റന്റായി ജോലി നോക്കിയിരുന്നു. മനുഷ്യ ശരീരം കീറി മുറിക്കാൻ പ്രഗത്ഭൻ. ഇയാൾ 1888 ൽ ലണ്ടനിലേക്ക് താമസം മാറ്റി. ഇയാളുടെ ഭാര്യ ; ഇയാൾ ലണ്ടനിൽ മറ്റൊരു കല്യാണം കഴിച്ചെന്നു പറഞ്ഞു പരാതി നൽകിയിരുന്നു. ഇയാൾ രണ്ടാമത്തെ ഭാര്യയെ അർസീനിക് പോലെയുള്ള എന്തോ വിഷം കൊടുത്തു കൊന്നു. പിന്നെ വീണ്ടും കല്യാണം കഴിച്ചു. അവരുടെ സർ പേര് സ്വീകരിച്ചു അവരുടെ സ്വത്തെല്ലാം കൈക്കലാക്കി. പിന്നെ അവരെയും വിഷം കൊടുത്തു കൊന്നു. പിന്നീട് രണ്ട് കല്യാണം കൂടി കഴിച്ചു അവരെയും കൊന്നു. ഇയാളെ റിപ്പർ ആയി കരുതിയിരുന്നു. പക്ഷേ ഭാര്യമാരെ കൊന്ന കുറ്റത്തിന് ഇയാളെ 1903 ൽ തൂക്കിലേറ്റി.

മൈക്കല്‍ ഓസ്ട്രോഗ് ( Michael Ostrog ) – റഷ്യക്കാരനായ ഡോക്ട്ടറും ഒരു കള്ളനുമാണെന്ന് കാണുന്നു.

ഡോ ഫ്രാന്‍സിസ് ജെ ടമ്മ്ലെറ്റെ ( Francis Tumblety ) – ഒരു അമേരിക്കന്‍ ഡോക്ടര്‍.

ഇവരും ഇതുപോലെ ആയിരകണക്കിനാളുകൾ സംശയത്തിന്റെ മുനയിൽ നിന്നു. അതിൽത്തന്നെ എടുത്തു പറയേണ്ട ഒരു ആളാണ് വിക്ടോറിയ രാഞ്ജിയുടെ പേർസണൽ ഡോക്ടർ ആയ വില്യം ഗൾ ( William Gull ).

അതുപോലെ രാജകുടുംബത്തിലെ പ്രിൻസ് ആൽബർട്ട് വിക്ടർ ( Prince Albert Victor ) നേയും സംശയിച്ചിരുന്നു.

രാഞ്ജിയുടെ ഡോക്ടറുടെ മകൻ അച്ഛൻ അറിയാതെ ഒരു വേശ്യയെ കല്യാണം കഴിച്ചെന്നും അതിൽ ഒരു കുട്ടിയുണ്ടായെന്നും; മകന്റെ ജീവിതം നശിപ്പിച്ച വേശ്യകളോട് അയാൾക്കുള്ള അമിതമായ ദേഷ്യമാണ് കൊലക്കു കാരണം എന്നും വാദങ്ങളുണ്ട്.
എന്തായാലും മനുഷ്യശരീരം നന്നായി അറിയാവുന്ന ഒരാൾക്കേ ഇത്തരം കീറിമുറിക്കലുകൾ അനായാസമായി ചെയ്യാൻ പറ്റൂ എന്ന നിഗമനത്തിൽ ഡോക്ടർമാരെയും; പ്രത്യേകിച്ച് സർജൻമാരെയും റിപ്പർ ആയി സംശയിച്ചിരുന്നു.
ഇത് കൂടാതെ അമേരിക്കയിൽ നിന്നും വന്ന ഒരു ഡോക്ടർ ഫ്രാൻസിസ് ജെ ടംലെറ്റ് ഇയാളെയും സംശയിച്ചിരുന്നു. ഈ ഡോക്ടറെ ലിങ്കൺന്റെ കൊലപാതകത്തിലും സംശയിച്ചു, തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചതാണ്. ഇതിൽ സംശയിച്ചെങ്കിലും അറസ്റ്റിനു മുൻപ് ഇയാൾ ഫ്രാൻസിലേക്ക് രക്ഷപെട്ടു.
ഇങ്ങിനെ ഒരു പാട് കോൺസ്പിരസി തിയറികൾ വന്നെങ്കിലും ഒരു ക്ലൂ പോലും പോലീസിന് ലഭിച്ചില്ല എന്നത് ഇന്നും ദുരൂഹമായി തുടരുന്നു.
ഈ അഞ്ചു കൊലകൾ മാത്രമാണ് ജാക്ക് ദി റിപ്പർ നടത്തിയത് എന്നും ബാക്കിയുള്ള ആറ് കൊലകൾ ( മൊത്തം പതിനൊന്നു കൊലകളാണ് ഈ കാലഘട്ടത്തിൽ നടന്നത് ) റിപ്പറുടെ മറവിൽ വേറെയാരോ ചെയ്തതാണെന്നും സംശയം ഉണർന്നിരുന്നു.
റിപ്പറെ പറ്റിയുള്ള ഊഹാപോഹങ്ങൾ കൊടുംപിരി കൊള്ളുമ്പോഴും ആളെ കണ്ടുപിടിക്കാനുള്ള ഒരു തുമ്പും പോലീസിന് കിട്ടിയില്ല എന്നതാണ് സത്യം. “from the hell” “നരകത്തിൽ നിന്ന്” എന്ന് പറഞ്ഞൊരു കത്ത് പോലീസിന് വന്നിരുന്നു.

അതിൽ എഴുതിയത് കണ്ടു പോലീസ് ഞെട്ടി. ഒരു ഇരയുടെ കിഡ്നി ഇതിന്റെ കൂടെ അയക്കുന്നു എന്നും അതിന്റെ ഒരു ഭാഗം ഞാൻ കഴിച്ചു മറുഭാഗം നിങ്ങൾ കഴിച്ചോളൂ എന്നുമായിരുന്നു ആ കത്തിൽ. കൂടെ വന്ന പാർസലിൽ ഒരു വൈൻ ബോട്ടിലിനുളളിലെ വൈനിന്റെ കൂടെ ഒരു സ്ത്രീയുടെ കിഡ്നിയും ഉണ്ടായിരുന്നു. നാലാമത്തെ ഇരയുടെ മൃതദ്ദേഹത്തിന്റെ കുറച്ചകലെ റിപ്പറുടെ എന്ന് കരുതുന്ന ഒരു തുണികഷണം കണ്ടെത്തുകയും, അതിന് മുകളിലുള്ള ചുവരിൽ ജൂതക്കാരെ കുറിച്ച് എഴുതുകയും ചെയ്തിരുന്നു. ഇത് വർഗീയ ലഹള ഉണ്ടാക്കും എന്നു ഭയന്ന് അധികാരികൾ അന്ന് തുടച്ചു നീക്കി.
വേശ്യവൃത്തി ഇതിനു ശേഷം വളരെയധികം കുറഞ്ഞെന്നും ഇതിനു വേണ്ടിയുള്ള അധികാരികളുടെ ഒരു കുതന്ത്രം ആണെന്നും വരെ ആളുകൾ സംശയിച്ചു.
അന്ന് അവിടെ മറ്റൊരു സംഭവം കൂടി നടന്നു; ഒരു ജൂതൻ അവിടെ ഒരു ബാർബർ ഷോപ്പ് നടത്തിയിരുന്നു. അയാൾ ഒരു പകൽ ദിവസം ഒരു സ്ത്രീയെ ഓടിച്ചിട്ട് കുത്താൻ ചെന്നു. പോലീസ് അയാളെ പിടിക്കുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അയാളെ പിന്നീട് ഭ്രാന്തലയത്തിൽ അടക്കുകയും ചെയ്തു.
ജാക്ക് ദി റിപ്പറുടെ കേസുകൾക്കു ശേഷം ഇരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം ഇരകളുടെ വസ്ത്രങ്ങൾ അടക്കമുള്ള തെളിവുകളെല്ലാം കൂടി ലേലത്തിനു വച്ചു. പോലീസ് കേസ് അവസാനിപ്പിച്ചതിനു ശേഷമായിരുന്നു അത്. അന്ന് ആ തെളിവുകൾ ലേലത്തിൽ എടുത്തത് ഫോറെൻസിക് ഡിപ്പാർട്മെന്റ് ആയിരുന്നു. റിപ്പറുടെ ആക്രമണ കാലത്ത് ഫോറെൻസിക് മെഡിസിനൊന്നും പ്രാബല്യത്തിൽ വന്നിട്ടില്ലായിരുന്നു.
ഈ വസ്ത്രങ്ങളിലുള്ള രക്തത്തിന്റെ DNA പരിശോധന നടത്തുകയുണ്ടായി. ആ DNA യുമായി സാമ്യമുള്ള ആളുകളെ കണ്ടെത്താൻ ആ പ്രദേശങ്ങളിലെ ആളുകളുടെ DNA പരിശോധന വളരെ സമയം എടുത്തു തന്നെ നടത്തുകയും ചെയ്തു. അതിൽ ഒരാളുടെ DNA യുമായി സാമ്യം തോന്നിയതിനാൽ അയാളുടെ ഫാമിലിയെ മൊത്തം DNA പരിശോധിക്കുകയും ചെയ്തു. അങ്ങിനെ അവരുടെ ഫാമിലിയിൽ പെട്ട ആരോ ആണ് ഇത് ചെയ്തത് എന്ന് അവർ തെളിയിക്കുകയും ചെയ്തെന്ന് പറയപ്പെടുന്നു. പോരാത്തതിന്
ആ അന്വേഷണം ചെന്നു നിന്നത് ആ സമയത്തു പകൽ ഒരാൾ ഒരു സ്ത്രീക്ക് പിന്നാലെ ഓടുകയും അയാൾക്ക് മാനസികാസ്വാസ്ഥ്യം തോന്നി ഭ്രാന്താശുപത്രിയിൽ അടക്കുകയും ചെയ്ത ആ ബാർബർ തന്നെയായിരുന്നത്രെ. ഇതിനെ പറ്റി ആധികാരികമായി ഒരു റിപ്പോർട്ട് വന്നിട്ടില്ലെങ്കിലും ഇങ്ങിനെയും ഒരു ഊഹാപോഹം പറയുന്നുണ്ട്.
എന്തായാലും കണ്ണിൽ ചോരയില്ലാതെ ഇത്തരം അതിക്രൂര കൊലപാതകങ്ങൾ ചെയ്യുന്നവരെ പിന്നീട് റിപ്പർ എന്ന് അറിയപ്പെട്ടു. ഇത്തരം മാനസികാവസ്ഥയെ കുറിച്ച് പഠിക്കുന്ന ശാഖ റിപ്പെറോളജി ( Ripperology ) എന്നും ഇതിനെ പറ്റി പഠിക്കുന്നവരെ റിപ്പെറോളജിസ്റ്റ് ( Ripperologist ) എന്നും അറിയപ്പെട്ടു.