
ഈ മനുഷ്യനെ കണ്ടാൽ നമ്മുടെ നിലവിലെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനിന്റെ ബന്ധുവോ, ഏതെങ്കിലും സുപ്രീം കോടതി ജഡ്ജിയോ, അതുമല്ലെങ്കിൽ സമൂഹത്തിലെ ഉന്നതനായ ഒരു വ്യക്തിയോ ആയി തോന്നില്ലേ?

ദോഷം പറയരുതല്ലോ, ഇദ്ദേഹം ഒരു കാലത്ത് ഒരു വൈമാനികനായിരുന്നു. പക്ഷേ കഥ മുഴുവൻ കേട്ടു കഴിയുമ്പോൾ നമ്മൾക്ക് നൽകുക മറ്റൊരു ചിത്രമായിരിക്കും. ഏതായാലും നിരവധി തലങ്ങളുള്ള ജോസഫ് നാസോ എന്ന ഈ മനുഷ്യന്റെ ജീവിതത്തിലേയ്ക്ക് നമ്മുക്കൊന്ന് യാത്രചെയ്തുവരാം. 1970 കൾ മുതൽ 2021 വരെയുള്ള നിരവധി സംഭവങ്ങൾ ഉൾപ്പെട്ടതാണ് ആ ചരിത്രം. വായനക്കാർക്ക് വായിച്ച് മനസിലാക്കാൻ ചിലപ്പോൾ ബുദ്ധിമുട്ട് വരുന്നതിനാൽ വിവിധ ഭാഗങ്ങളായി അവതരിപ്പിക്കുന്നു.
1934-ൽ റോച്ചെസ്റ്ററിൽ ജനിച്ച നാസോ, 1950-കളിൽ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു. ആ അവസരത്തിൽ തന്റെ ആദ്യ ഭാര്യ ജൂഡിത്തിനെ കണ്ടുമുട്ടി, വിവാഹിതനായി, ചാൾസ് എന്ന മകനുണ്ടായി. അദ്ദേഹത്തിന്റെ മകന് സ്‌കീസോഫ്രീനിയ എന്ന മാനസീകരോഗം ഉണ്ടെന്ന് ആ കാലത്ത് കണ്ടുപിടിച്ചു., നാസോ തന്റെ പിന്നീടുള്ള വർഷങ്ങൾ അവനെ പരിപാലിക്കാൻ ചെലവഴിച്ചു. 18 വർഷത്തെ ദാമ്പത്യത്തിനുശേഷം, നാസോയും ജൂഡിത്തും വിവാഹമോചനം നേടി, എങ്കിലും പിന്നീട് അവൾ താമസിച്ചിരുന്ന കിഴക്കൻ ബേ ഏരിയയിൽ അയാൾ അവളെ പതിവായി സന്ദർശിക്കുമായിരുന്നു. ഈ കാലഘട്ടത്തിൽ ഒരു പ്രീലാൻസ് ഫൊട്ടോഗ്രാഫറായാണ് നാസോ അറിയപ്പെട്ടത്.

വിവാഹമോചനത്തിനുശേഷം, നാസോ പടിഞ്ഞാറൻ തീരത്ത് ചുറ്റി, സാൻ ഫ്രാൻസിസ്‌കോയിലും നെവാഡയിലും താമസിച്ചു. അദ്ദേഹം കാലിഫോർണിയയിൽ താമസിക്കുമ്പോൾ, 1970-കളുടെ മധ്യത്തിൽ ഓക്ക്‌ലാൻഡിലെ കമ്മ്യൂണിറ്റി കോളേജുകളിൽ ക്ലാസെടുത്തു, 1980-കളിൽ മിഷൻ ഡിസ്ട്രിക്റ്റിലെ സാൻഫ്രാൻസിസ്‌കോയിൽ താമസിച്ചു. 1994-ൽ യുബ സിറ്റിക്കടുത്തുള്ള സട്ടർ കൗണ്ടിയിൽ ഒരു ചെറിയ മോഷണക്കേസിൽ അദ്ദേഹം ജയിലിലായി.

1995-ൽ , ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ നാസോ , കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ചുറ്റിനടന്ന് 30 ജോഡി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചു. അറുപതുവയസ്സുള്ള ഒരു മനുഷ്യൻ സാധാരണയായി കുട്ടികുറ്റവാളികളുമായി ബന്ധപ്പെട്ട ഒരു ജുപുത്‌സാവഹമായ മോഷണം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെടുമെന്നത് അസംബന്ധമായി അന്ന് ആളുകൾ കരുതി. 2003-ൽ, സാക്രമെന്റോയിലെ പ്രാദേശിക ഫുഡ് കോയിൽ ഷോപ്പ് മോഷണം നടത്തിയതിന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.
2010 ഏപ്രിൽ 13-ന്, പരോളിൽ പുറത്തിറങ്ങിയ നാസോ ഒപ്പിടാൻ ചെല്ലേണ്ട സമയങ്ങളിൽ ചെല്ലാതെ വന്നപ്പോൾ അധികാരപ്പെട്ട ഉദ്ദ്യോഗസ്ഥനായ വെസ് ജാക്‌സൺ, ഒരു അപ്രതീക്ഷിത ഗൃഹ സന്ദർശ്ശനം നടത്തി. പരോൾ ഓഫീസറായ വെസ് ജാക്‌സണിൽ നിന്നുള്ള ഈ ആകസ്മിക സന്ദർശനം അദ്ദേഹത്തിന്റെ ജീവിതത്തെ തലകീഴായി മാറ്റി.
ആ വീട്ടിൽ ചെന്നപ്പോൾ ഒരു തോക്കിന്റെ പരസ്യം ജാക്‌സൺ ശ്രദ്ധിച്ചു, കൂടാതെ ഒരു ആഷ്ട്രേയിൽ വളരെ അശ്രദ്ധമായി നിരവധി വെടിയുണ്ടകളും. വെടിയുണ്ടകൾ നാസോയുടെ പരോളിന്റെ വ്യക്തമായ ലംഘനമായിരുന്നു, ഇത് ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തിന്റെ വീട് പരിശോധിക്കാൻ വാറണ്ട് നൽകി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പ്രൊബേഷൻ ലംഘനങ്ങൾക്ക് ജയിലിൽ അടയ്ക്കുകയും അടുത്ത വർഷം വരെ നെവാഡ ജയിലിൽ കഴിയുകയും ചെയ്തു.
ആ വീട്ടിൽ കണ്ട കാര്യങ്ങളെല്ലാം തന്നെ പോലീസിനെ കുഴക്കുന്നതായിരുന്നു. വെടിയുണ്ട കണ്ടതിനാൽ തോക്ക് ഉണ്ടായിരിക്കും എന്നവർ ഊഹിച്ചു, അവസാനം അത് ഫ്രിഡ്ജിന്റെ പിന്നിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ആകെ 4 തോക്കുകൾ ഉണ്ടായിരുന്നു. വെടിമരുന്ന്, കൈവിലങ്ങുകൾ, പോലീസുകാരുടെ യൂണിഫോം മുതലായവയും കണ്ടെടുത്തു.
നിരവധി യുവതികളുടെ അർദ്ധനഗ്‌ന ഫോട്ടോകളും, പൂർണ്ണ നഗ്‌ന ഫോട്ടോകളും അവർക്കു കിട്ടി. ബോൻണ്ടേജ് ഗണത്തിൽ പെടുന്ന ആയിരക്കണക്കിന് ചിത്രങ്ങൾ ഉണ്ടായിരുന്നു. മറ്റു ചില ചിത്രങ്ങളിൽ സ്ത്രീകൾ കൊല്ലപ്പെട്ടതായതോ, അല്ലെങ്കിൽ അങ്ങിനെ അഭിനയിച്ചതായതോ ആയ ചിത്രങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.
ജോസഫ് നാസോ അതിനു നൽകിയ വിശദീകരണം അതെല്ലാം അയാൾ പ്രഫഷണലിന്റെ ഭാഗമായി എടുത്ത വെറും ചിത്രങ്ങൾ മാത്രമാണെന്നും, അതൊന്നും യഥാർത്ഥ്യം അല്ലാ എന്നുമായിരുന്നു.

മറ്റൊരു വിചിത്രമായ സംഗതി അതിനിടെ ഒരു ഓഫീസർ ആ വീട്ടിൽ കണ്ടെത്തി. ഒരു മുറിയായിരുന്നു അത്. ആ മുറി പുറത്തു നിന്ന് മാത്രമേ തുറക്കാൻ സാധിക്കുമായിരുന്നുള്ളൂ. മാത്രവുമല്ല ആ വാതിലിന് ഒരു ചെറിയ വിടവുണ്ടായിരുന്നു. ജയിലിലും മറ്റും കുറ്റവാളികളെ താമസിപ്പിക്കുന്ന മുറിക്ക് സമമായിരുന്നു ഇത്. വിടവിലൂടെ ഭക്ഷണവും മറ്റും നൽകാൻ സാധിക്കുന്ന തരത്തിലായിരുന്നു നിർമ്മിച്ചിരുന്നത്. ആരേയെങ്കിലും തടവിലാക്കി പീഡിപ്പിക്കുന്നതിലേക്ക് നയിക്കുന്ന ശക്തമായ ഒരു തെളിവായിരുന്നു അത്.
അയാളുടെ കിടപ്പു മുറിയിൽ നിന്ന് ഒരു ഡയറി കിട്ടി. അതിൽ നിരവധി സ്ത്രീകളെക്കുറിച്ചുള്ള ഭാഗീകമായവിവരങ്ങൾ ഉണ്ടായിരുന്നു. ഈ ഡയറി പിന്നീട് കോടതിയിൽ ‘ ഡമ്പ് ജേർണൽ’ എന്ന പേരിൽ അറിയപ്പെട്ടു. ഈ ജേർണലുകളിൽ ഉണ്ടായിരുന്ന വാക്കുകൾ പദാനുപദം പൊതുജനത്തിന് ഇതുവരെ വെളിപ്പെട്ടില്ല, എന്നാൽ അത് ചുരുക്കത്തിൽ… സ്ത്രീകളെ വശീകരിക്കുക, കാറിൽ കയറ്റി വീട്ടിൽ കൊണ്ടുവരിക, ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ, മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയോ ബലാൽസംഗം ചെയ്യുക, പിന്നീട് കഴുത്തുഞെരിച്ച് കൊന്നതിനു ശേഷം എവിടെങ്കിലും കൊണ്ടു പോയി കളയുക എന്നതായിരുന്നു. ഇത് നേരായ രീതിയിലല്ല എഴുതിയിരിക്കുന്നത്, എന്നാൽ വേണമെങ്കിൽ ആ അർത്ഥം വിവക്ഷിക്കാവുന്ന തരത്തിൽ സൂചനകളാണ് നൽകുന്നത്, പോരാത്തതിന് ഉപോൽപ്പലകമായ ചിത്രങ്ങളും കൂടെ നൽകിയിരുന്നു. ചില ഭാഗങ്ങളിൽ തനിക്ക് താൽപ്പര്യമോ, പരിചയമോ ഉള്ള സ്ത്രീകളെ എങ്ങിനെയെല്ലാം പീഡിപ്പിച്ച് കൊല്ലണം എന്നതടക്കം വിശദീകരിച്ചിരുന്നു.
ഇനിയാണ് ഏറ്റവും ചർച്ച ചെയ്യപ്പെട്ട തെളിവ് പോലീസിന് ലഭിക്കുന്നത് അത് ഒരു ചെറിയ ലിസ്റ്റായിരുന്നു. അതിൽ ഒന്നു മുതൽ പത്ത് വരെ നമ്പരിട്ട് പത്ത് സ്ത്രീകളെ പരാമർശിച്ചിരുന്നു. എന്നാൽ ആരുടേയും പേരുകൾ ഇല്ലായിരുന്നു. ‘ലിസ്റ്റ് ഓഫ് 10’ എന്നായിരുന്നു ആ കടലാസ് കഷണത്തിന് നൽകിയിരുന്ന പേർ. അതിൽ യുവതികളുമായി സന്ധിച്ചതെന്ന് കരുതുന്ന സ്ഥലം രേഖപ്പെടുത്തിയിരുന്നു. ആ ലിസ്റ്റ് പരിശോദിച്ച പോലീസുകാർ അമ്പരന്നു പോയി. ആ ലിസ്റ്റിൽ പറയുന്ന സ്ഥലങ്ങളിലെ 6 ഇടങ്ങളിൽ ആ കാലഘട്ടത്തിൽ 6 സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ലിസ്റ്റിലുള്ള മറ്റ് 4 സ്ത്രീകൾ ആരാണെന്നുപോലും ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും പോലീസിന് ചില ഊഹങ്ങൾ ഉണ്ട്, പക്ഷേ അതിന് ആവശ്യമായ തെളിവുകൾ അവർക്ക് ഒരിടത്തുനിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇത്രയും ആയതോടെ നാസോ വെറും ഒരു സാധാരണ കുറ്റവാളിയല്ല എന്ന് പോലീസിന് മനസിലായി തുടങ്ങി. അവർ കേസുകൾ വിശദമായി പഠിക്കാൻ ആരംഭിച്ചു. യു.എസ് മുഴുവനും അറിയിപ്പ് പോയി. എല്ലാ മേഖലകളിലും സമാനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.

നാസോയുടെ വിചാരണയിൽ അവതരിപ്പിച്ച പത്തിന്റെ പൂർണ്ണമായ ലിസ്റ്റ് ചുവടെ.
1. ഹെൽഡ്‌സ്ബർഗ് മെൻഡോസിനോ കമ്പനിക്ക് സമീപമുള്ള പെൺകുട്ടി.
2. പോർട്ട് കോസ്റ്റയ്ക്ക് സമീപമുള്ള പെൺകുട്ടി ( സാധ്യത : കാർമെൻ കോളൻ (Carmen Colon))
3. ലോഗനിറ്റാസിനടുത്തുള്ള പെൺകുട്ടി ( സാധ്യത : റോഗ്ഗാഷ് (Roxene Roggasch))
4. ടാമിലെ പെൺകുട്ടി
5. ഡൗൺ പെനിൻസുലയ്ക്കടുത്തുള്ള മിയാമിയിൽ നിന്നുള്ള പെൺകുട്ടി
6. ബെർക്ക്‌ലിയിൽ നിന്നുള്ള പെൺകുട്ടി
7. 839 ലെവൻവർത്തിൽ നിന്നുള്ള ലേഡി ( സാധ്യത : ഷാരിയ പാറ്റൺ (Sharieea Patton))
8. വുഡ്ലാൻഡിലെ പെൺകുട്ടി (നെവാഡ കൗണ്ടിക്ക് സമീപം) ( സാധ്യത : സാറാ ഡിലൻ (Sara Dylan or Sara Shapiro )
9. ലിൻഡയിൽ നിന്നുള്ള പെൺകുട്ടി (യുബ കൗണ്ടി) ( പമേല പാർസൺസ് 1993-ൽ കണ്ടെത്തി ) ( Pamela Parsons )
10. MRIV (ശ്മശാനം) യിൽ നിന്നുള്ള പെൺകുട്ടി ( സാധ്യത : ട്രേസി തഫോയ (Tracy Tafoya))
ഇനി പോലീസ് കേസ് പഠിക്കട്ടെ ആ സമയത്ത് നമ്മുക്ക് ആ സ്ത്രീകളിലേയ്ക്ക് ഒന്ന് പോയി വരാം.
1977 ജനുവരി 10-ന്, കാലിഫോർണിയയിലെ ഫെയർഫാക്‌സിന് സമീപം റോക്‌സൻ റോഗ്ഗാഷിനെ ( Roxene Roggasch ) മരിച്ച നിലയിൽ കണ്ടെത്തി. നാല് ജോഡി സ്ത്രീകൾ ധരിക്കുന്ന പാന്റി ഹോസ് അവളുടെ ശരീരത്തിൽ ചുറ്റപ്പെട്ടിരുന്നു. രണ്ടെണ്ണം കൊണ്ട് കൈകാലുകൾ ബന്ധിച്ചിരുന്നു. ഒരെണ്ണം വായിൽ തിരുകിയിരുന്നു. ഒരെണ്ണം റോക്‌സൻ റോഗ്ഗാഷ് ധരിച്ചിരുന്നു. അവൾ മരിച്ചിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂവെന്നാണ് പോലീസ് നിഗമനം. 18 വയസ്‌സായിരുന്നു മരിക്കുമ്പോൾ അവൾക്ക് പ്രായം. പോലീസ് ഏറ്റവും എളുപ്പത്തിലുള്ള ഒരു പ്രതിവിധിയാണ് ആ കേസിൽ ആദ്യം സ്വീകരിച്ചത്. റോഗ്ഗാഷ് വേശ്യാവൃത്തി ചെയ്യുന്നതായി സംശയിക്കപ്പെട്ടതിനാൽ, പ്രദേശത്തെ ഒരു പിമ്പ് ആയ ഒരാളെ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു, അയാൾ ആ സ്ത്രീയെ ആക്രമിച്ചു എന്ന് കുറ്റം ചാർത്തി അറസ്റ്റു ചെയ്തു. എന്നാൽ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ അയാളെ വിട്ടയക്കേണ്ടിവന്നു, അതോടെ കേസും മരവിച്ചു. റോഗ്ഗാഷ് ഒരു വേശ്യയാണെന്നുള്ള അവളുടെ കുടുംബം നിഷേധിക്കുകയും ചെയ്തു.

മൃതദേഹം കണ്ടെത്തുമ്പോൾ റോഗ്ഗാഷ് ധരിച്ചിരുന്ന പാന്റിഹോസിൽ നാസോയുടേയും മറ്റൊരാളുടേയും ഡിഎൻഎ കണ്ടെത്തി. ( ഈ മറ്റൊരാൾ ആരാണെന്ന് ഇതുവരെ പോലീസിന് സൂചനകൾ ഒന്നുമില്ല.) റോഗാഷിന്റെ കഴുത്തിൽ പൊതിഞ്ഞ പാന്റിഹോസിൽ അദ്ദേഹത്തിന്റെ മുൻ ഭാര്യയുടെ ഡിഎൻഎ കണ്ടെത്തി. അത് ഈ കേസിൽ ശക്തമായ ഒരു ലിങ്ക് നൽകാൻ ഇടയാക്കി. ഈ സംഭവം നടന്നത് പിൻകാലത്താണ്.
ഒരു വർഷത്തിനുശേഷം കോൺട്രാ കോസ്റ്റ കൗണ്ടിയിൽ, ഒരു കന്നുകാലി വെടിവയ്പ്പിന്റെ റിപ്പോർട്ടുകൾ അന്വേഷിക്കുന്ന ഒരു ഹൈവേ പട്രോൾ ഓഫീസർ, 1978 ഓഗസ്റ്റ് 13-ന്, ക്രോക്കറ്റിനും പോർട്ട് കോസ്റ്റയ്ക്കും ഇടയിലുള്ള ഒരു റോഡായ കാർക്വിനസ് സീനിക് ഹൈവേയിൽ നഗ്‌നമായ ശരീരം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹം പിന്നീട് കാർമെൻ കോളൻ (22) (Carmen Colon ) ആണെന്ന് തിരിച്ചറിഞ്ഞു. അവൾക്ക് 22 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ കേസിലും അക്കാലത്ത് തെളിവുകൾ ഒന്നും ലഭിക്കാഞ്ഞതിനാൽ കോൾഡ് കേസായി എല്ലാവരും മറന്നു. പിന്നീട് നാസോയുടെ കേസ് ഉയർന്ന് വന്നപ്പോൾ അവളുടെ നഖത്തിനിടയിൽ നിന്നും കിട്ടിയ ചർമ്മത്തിന്റെ ഡി.എൻ.എ യുമായി നാസോയുടെ ഡി.എൻ.എ ഭാഗീകമായി മാച്ചായി. ഇതാണ് നാസോയ്ക്ക് കിട്ടിയ രണ്ടാമത്തെ കുരുക്ക്.

പിന്നീട് നാസോയുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ അവസാനിച്ചു, പക്ഷേ 15 വർഷങ്ങൾക്ക് ശേഷം മറ്റൊരു സ്ത്രീ കൊല്ലപ്പെട്ടു, നാസോ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് വളരെ അകലെയല്ലാതെ ജോലി ചെയ്തിരുന്ന പരിചാരികയായ പമേല പാർസൺസ് ( Pamela Parsons – 38) 1993 സെപ്റ്റബർ 19 ന് യുബ കൗണ്ടിയിലെ സിംപ്‌സൺ – ഡാന്റോണി റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. അവളുടെ കൈത്തണ്ടയിലും കഴുത്തിലും ലിഗേച്ചർ അടയാളങ്ങളും ഒടിഞ്ഞ ഹയോയിഡ് അസ്ഥിയും ഉണ്ടായിരുന്നു.

പമേല പാർസൺ കൊല്ലപ്പെട്ടുകഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം നാസോയുടെ കൈയ്യിൽ നിന്നും ലഭിച്ച 2 സേഫ് ലോക്കറുകളുടെ താക്കോൽ ഉപയോഗിച്ച് പോലീസ് ആ ലോക്കറുകൾ തുറന്നപ്പോൾ പമേലയുടെ ഫോട്ടോകളും, അവളുടെ മരണവുമായി ബന്ധപ്പെട്ട പത്ര ക്ലിപ്പിംഗുകളും, രേഖകളും ലഭിച്ചു. കൂടാതെ നാസോയുടെ വീട്ടിൽ നിന്നും പാർസൺസുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചുള്ള 1993-ലെ നിരവധി എഴുത്തുകളും, ലോഗുകളും, കലണ്ടറും കണ്ടെത്തി. പാഴ്സൺസിന്റെ ചിത്രങ്ങളും അവളുടെ മരണത്തെക്കുറിച്ചുള്ള വാർത്താ ലേഖനത്തിന്റെ മുകളിൽ ടേപ്പ് ചെയ്തിരിക്കുന്നതുൾപ്പെടെ അധികൃതർ മനസിലാക്കി. ഫോട്ടോകൾ അവളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് 1.5 മൈൽ മാത്രം അകലെയുള്ള സ്ഥലത്തുവച്ച് എടുത്തതായിരുന്നു. അവസാനമായി ലിസ്റ്റിൽ 9 ത്തെ നമ്പരായി ‘ലിൻഡയിൽ നിന്നുള്ള പെൺകുട്ടി’ എന്ന് അടയാളപ്പെടുത്തിയിരുന്നു. ഈ തെളിവും നാസോയ്‌ക്കെതിരെ കോടതിയിൽ ശക്തമായി നിലകൊണ്ടു.

ഒരു വർഷത്തിനുശേഷം, 31 കാരിയായ ട്രേസി തഫോയയെ ( Tracy Tafoya ) യുബ കൗണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അവളെ മയക്കുമരുന്ന് നൽകുകയും ബലാത്സംഗം ചെയ്യുകയും ഒരു സെമിത്തേരിയിൽ തള്ളുകയും ചെയ്തു.

മൃതദേഹം കണ്ടെത്തുന്നതിന് ഒരാഴ്ച മുമ്പ് അവൾ മരിച്ചതായി കണക്കാക്കുന്നു. എബിസി ന്യൂസ് 10 അനുസരിച്ച്, ഈ സമയത്ത് നാസോ യുബ സിറ്റിയിലെ കൂപ്പർ അവന്യൂവിലാണ് താമസിച്ചിരുന്നത്. അവളുടെ മരണത്തെക്കുറിച്ചുള്ള പത്രം ക്ലിപ്പിംഗുകളും അവളുടെ ഫോട്ടോകളും നാസോയിൽ ഉണ്ടായിരുന്നു.

പട്ടികയിലെ അവസാനത്തെ എൻട്രി മേരിസ്വില്ലിൽ നിന്നുള്ള ഒരു പെൺകുട്ടിയെ പരാമർശിച്ചു, അതിനടുത്തായി (ശ്മശാനം) എഴുതിയിരിക്കുന്നു.’ നാസോയുടെ വീടിനടുത്തുള്ള മേരിസ്വില്ലെ സെമിത്തേരിക്ക് സമീപമാണ് ട്രേസി തഫോയയെ തള്ളിയത്.
പട്ടികയിലെ മറ്റ് രണ്ട് ഇരകളെ തിരിച്ചറിഞ്ഞു.
‘839 ലെവെൻവർത്തിൽ നിന്നുള്ള ലേഡി’ എന്നറിയപ്പെടുന്ന 56 കാരിയായ ഷാരിയ പാറ്റൺ (Sharieea Patton) 1981-ൽ കൊല്ലപ്പെട്ടു. അപ്രത്യക്ഷമാകുന്നതിന് മുമ്പ് ബേ ഏരിയയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നാസോ താമസിച്ചിരുന്നു. അവളുടെ മൃതദേഹം കാലിഫോർണിയയിലെ ടിബുറോണിനടുത്തുള്ള നേവൽ നെറ്റ് ഡിപ്പോയ്ക്ക് സമീപം കരയ്ക്കടിഞ്ഞു.

റെനി ഷാപ്പിറോ (Renee Shapiro) എന്നറിയപ്പെടുന്ന സാറാ ഡിലനായിരുന്നു ( Sara Dylan – Sara Shapiro) മറ്റൊരു ഇര. 1992-ൽ ഹവായിയിൽ നടന്ന ബോബ് ഡിലൻ കച്ചേരിയിലാണ് അവളെ അവസാനമായി ജീവനോടെ കണ്ടത്. പിന്നീട് 12 വർഷങ്ങൾക്ക് ശേഷം ഒരു കൊക്കയിലാണ് അവളുടേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെടുക്കപ്പെട്ടത്.

നാസോയുടെ പട്ടികയിൽ ‘ഗേൾ ഇൻ വുഡ്ലാൻഡിൽ (നെവാഡ കൗണ്ടിക്ക് സമീപം)’ എന്ന് ഡിലൻ കുറിക്കപ്പെട്ടു എന്ന് പോലീസ് കരുതുന്നു. ഇവരുടെ പേരിലും അതിശയകരമായ ഒരു വസ്തുതയുണ്ട് , അവർ റെനി ഷാപ്പിറോ ( Renee Shapiro ) എന്ന പേർ മാറ്റിയത് ബോബ് ഡില്ലനോടുള്ള ആരാധനയുടെ പുറത്തായിരുന്നു. ബോബ് ഡിലന്റെ മുൻ ഭാര്യയുടെ പേര് സാറ എന്നാണ്. അതിനുശേഷം അവർ അറിയപ്പെട്ടിരുന്നത് സാറ ഡില്ലൻ എന്നായിരുന്നു. രാജ്യത്തുടനീളവും വിദേശത്തും ഷാപിറോ ഡിലനെ പിന്തുടരുകയായിരുന്നു. ഗായകന്റെ മാനേജർക്കും സുരക്ഷാ ടീമിനും ഈ കാര്യം അറിയാമായിരുന്നു. അവളുടെ പേര് മാറ്റിയിരുന്നെങ്കിലും കൂട്ടുകാർ അവളെ തമാശയായി സാറാ സാപ്രിയോ എന്ന് വിളിച്ചിരുന്നു. ഈ പേര് നാസോ അറിഞ്ഞിരുന്നോ എന്ന് ആർക്കും അറിയില്ല. അങ്ങിനാണെങ്കിൽ അഗതാ ക്രിസ്റ്റിയുടെ നോവലിലെ പോലെ ഇതും ഒരു ആൽഫബറ്റ് മർഡർ തന്നെയായിരിക്കാം.
1992 മെയ് മാസത്തിൽ സാൻ ഫ്രാൻസിസ്‌കോയിലെ വാർഫീൽഡ് തിയേറ്ററിൽ ഒരു ഡിലൻ കച്ചേരിക്ക് പോകുന്ന വഴിയാണ് ഷാപിറോയെ അവസാനമായി കണ്ടത്, അവൾ മരിച്ചതായി അധികൃതർ കരുതുന്നു.
അവളുടെ ജീവശാസ്ത്രപരമായ അമ്മയുടെ ഡിഎൻഎയുടെ സഹായത്തോടെ, 1998-ൽ പോലീസിന് അവളുടെ ഡിഎൻഎ നെവാഡ കൗണ്ടിയിൽ കണ്ടെത്തിയ ഒരു തലയോട്ടിയുമായി പൊരുത്തപ്പെടുത്താൻ കഴിഞ്ഞു. നാസോയുടെ റെനോയിലെ ഒരു സേഫ് ഡെപ്പോസിറ്റ് ബോക്‌സിൽ ഡിലന്റെ പാസ്പോർട്ടും ഡ്രൈവിംഗ് ലൈസൻസും കണ്ടെത്തി. അതോടൊപ്പം ഒരു കടലാസിൽ നാസോ എഴുതിയത് ‘മെയ് 4 1992 തിങ്കളാഴ്ച വൈകുന്നേരം’ എന്നതും ഉണ്ടായിരുന്നു. വാർഫീൽഡിൽ ഡിലന്റെ രണ്ട് കച്ചേരികളിലൊന്നിന്റെ തീയതിയായിരുന്നു അത്.
പുതുതായി ഇനിയും പല പേരുകളും ഉയർന്നു വരുന്നുണ്ട്. അതെല്ലാം തന്നെ കാലിഫോണിയായിൽ പല കാലങ്ങളിൽ കൊല്ലപ്പെട്ട സമാനമായ പേര് സൂചനകൾ ഉള്ള കേസുകളാണ്.
സൗത്ത് ലേക് താഹോയിലെ കോൾഡ് കേസുകളുടെ ഫയലുകളിൽ 1976-ൽ 17 വയസ്സുള്ള കാത്ലീൻ കിയോഹാനെയുടെ ( Kathleen Keohane ) കൊലപാതകവും ഉൾപ്പെടുന്നു. ട്രക്കി നദി പാലത്തിന് താഴെയാണ് കിയോഹാനിന്റെ മൃതദേഹം കണ്ടെത്തിയത്. അവളുടെ തലയോട്ടി ഒരു എന്തോ മൂർച്ചയുള്ള വസ്തു കൊണ്ട് തകർന്നിരുന്നു. കേസിൽ സംശയിക്കുന്നവരോ കാരണങ്ങളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
1976-ൽ അമേരിക്കൻ നദിയായ കാന്യോണിൽ നിന്നാണ് മിച്ചൽ അപ്രത്യക്ഷനായത്. തിരച്ചിൽക്കാർ ആഴ്ചകളോളം പ്രദേശം അരിച്ചുപെറുക്കി. അവളെ അവസാനമായി കണ്ട സ്ഥലത്ത് നിന്ന് വളരെ അകലെയല്ലാതെ അവളുടെ ജീർണിച്ച ശരീരം തീരത്തടിഞ്ഞു. ലീഡുകൾ കുറവായതിനാലും ഉദ്ദേശ്യങ്ങളൊന്നുമില്ലാത്തതിനാലും ഫൗൾ പ്ലേ ഒഴിവാക്കപ്പെട്ടു. എന്നാൽ മിച്ചൽ എങ്ങനെയാണ് മരിച്ചതെന്ന് തങ്ങൾക്ക് ഒരിക്കലും അറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സമ്മതിച്ചു.

1980 നവംബർ 25 ന് സരട്ടോഗ സ്പ്രിംഗ്‌സ് ,125, ചർച്ച് സെന്റ് അപ്പാർട്ട്‌മെന്റ്.
ഷെല്ലാ ഷെപ്പേർഡ് തിങ്കളാഴ്ച ടൈപ്പിംഗ്, ക്ലാർക്ക് ക്ലാസുകൾ എടുക്കുന്ന വേൾഡ് വൈഡ് എജ്യുക്കേഷണൽ സർവീസസിൽ ഹാജരാകാതിരുന്നപ്പോൾ, ഒരു സഹപാഠി അവളെ പരിശോധിക്കാൻ അവളുടെ അപ്പാർട്ട്‌മെന്റിലേക്ക് പോയി. ആരും വാതിൽക്കൽ വന്നില്ല. അവരറിയിച്ചതനുസരിച്ച് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ അവളുടെ അമ്മയും, അമ്മായിയും, അമ്മാവനും എന്താണ് പ്രശ്നമെന്ന് അറിയാൻ അപ്പാർട്ട്‌മെന്റിലെത്തി. വാതിൽ പൂട്ടുകയോ കുടുങ്ങിപ്പോയതോ ചെയ്തതാകാമെന്നു കരുതി അമ്മാവൻ ഫയർ എസ്‌കേപ്പ് ഉപയോഗിച്ച് മുകളിലത്തെ നിലയിലെ യൂണിറ്റിനുള്ളിൽ പ്രവേശിച്ചു. അവൾ ജനൽ പൂട്ടിയിട്ടില്ലെന്ന് ഷെപ്പേർഡിന്റെ സഹോദരനിൽ നിന്ന് അയാൾ അറിഞ്ഞു. അങ്ങിനെ അവർ ബെഡ് റൂമിൽ എത്തിയപ്പോൾ അവൾ കൊല്ലപ്പെട്ടതായി കണ്ടു. നഗ്‌നയായും ബന്ധിക്കപ്പെട്ടും വായ മൂടിക്കെട്ടിയ നിലയിലും അടിവയറ്റിൽ അഞ്ച് ഇഞ്ച് സ്റ്റീക്ക് കത്തിയുമായി അവളെ കണ്ടെത്തി. അവളെ ഷൂലേസുകൾ കൊണ്ട് ബന്ധിച്ചിരുന്നു, ഒരു ടെറി വസ്ത്രത്തിന്റെ ഒരു കഷണം കൊണ്ട് കഴുത്ത് മുറുക്കിയിരുന്നു. ആ സമയത്ത് പാത്തോളജിസ്റ്റുകൾ അവൾ ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. കണ്ടെത്തുന്നതിന് രണ്ട് ദിവസം മുമ്പ് അവളെ ശ്വാസം മുട്ടിച്ച് കൊല്ലുകയും മരിച്ചതിന് ശേഷം കുത്തുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ ഷീല ഷെപ്പേർഡിന് 22 വയസ്സായിരുന്നു. മരിക്കുമ്പോൾ യുവതി വിവാഹിതയായിരുന്നുവെങ്കിലും മരണസമയത്ത് വേർപിരിഞ്ഞിരുന്നു. അവളുടെ ഭർത്താവിനെ സംശയാസ്പദമായാണ് ആദ്യം കണ്ടത്, എന്നാൽ അയാൾ കാലിഫോർണിയയിലാണ് താമസിച്ചിരുന്നതെന്നും നല്ല അലിബിയുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. അവരുടെ മകൾ, ഒരു കൊച്ചുകുട്ടി, ന്യൂയോർക്കിന് പുറത്ത് ബന്ധുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

സരട്ടോഗ സ്പ്രിംഗ്‌സ് പോലീസ് ഒരിക്കലും ഷെപ്പേർഡ് കേസിൽ ഡിഎൻഎ പരീക്ഷിച്ചിട്ടില്ല, കൂടാതെ 38 വർഷം മുമ്പ് ശേഖരിച്ച ഏതെങ്കിലും തെളിവ് അന്വേഷകർക്ക് ലാബിൽ പരീക്ഷിക്കാൻ കഴിയുമോ എന്ന് ഇതുവരെ അറിയില്ല.
സരട്ടോഗ സ്പ്രിംഗ്‌സിലെ പതോളജിസ്റ്റായ ഡോ. ജാക്ക് പാസ്റ്റണാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെയും മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെയും കൊലപാതകങ്ങളെക്കുറിച്ചുള്ള ഫെഡറൽ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ന്യൂയോർക്ക് സ്റ്റേറ്റ് പോലീസിന്റെ മുൻ ചീഫ് ഫോറൻസിക് പാത്തോളജിസ്റ്റ് ഡോ. മൈക്കൽ ബാഡനുമായി അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കൂടിയാലോചിച്ചു. അവൾ മരിച്ചതിന് ശേഷം കുത്തേറ്റിരുന്നു. കൊല നടന്നതിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലോ തുടർന്നുള്ള 38 വർഷങ്ങളിലോ അറസ്റ്റുകളൊന്നും നടന്നിട്ടില്ല.
കേസിന്റെ വസ്തുതകൾ
നാസോ പ്രധാനമായും വടക്കൻ കാലിഫോർണിയയിൽ സജീവമായിരുന്നു. എന്നാൽ അയാൾ റോച്ചെസ്റ്റർ, റിനോ, ലണ്ടൻ, ഇംഗ്ലണ്ട് മുതലായ സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ട്. മാത്രവുമല്ല 1953-1957 വരെ വ്യോമസേനയിൽ ആയിരിക്കുമ്പോൾ അജ്ഞാതമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു. അയാൾ അവധിക്കാലങ്ങൾ ചിലവഴിക്കാൻ എവിടെയെല്ലാം പോയിട്ടുണ്ട് എന്നത് അധികാരികൾക്ക് ഇന്നും സംശയം ഉള്ള വസ്തുതയാണ്.
ജോസഫ് നാസോ കുറഞ്ഞത് 10 സ്ത്രീകളെയെങ്കിലും കൊന്നതായി അധികാരികൾ വിശ്വസിക്കുന്നു, എന്നാൽ ആറ് പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. സ്വന്തം ബലാത്സംഗ ഡയറി പ്രകാരം, അവൻ 100-ലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു.
എല്ലാ മരണങ്ങൾക്കും ചില പൊതു സ്വഭാവങ്ങൾ ഉണ്ടായിരുന്നു. എല്ലാ കേസുകളിലും, സ്ത്രീകളെ കഴുത്ത് ഞെരിച്ച നിലയിൽ കണ്ടെത്തി, ഗ്രാമപ്രദേശങ്ങളിൽ നഗ്‌നരായി എറിയപ്പെട്ടു. അവർക്കെല്ലാം ഒന്നുകിൽ മയക്കുമരുന്ന്, മദ്യം എന്നിവ മൂലം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അല്ലെങ്കിൽ അവർ വേശ്യകളായിരുന്നു എന്നാണ് റിപ്പോർട്ട്. ഇരകൾക്കിടയിലെ ഏറ്റവും രസകരമായ സാമ്യം, അവരുടെ അതുല്യമായ പേരുകളായിരുന്നു. കൊല്ലപ്പെട്ട നാല് സ്ത്രീകൾക്കും അലിറ്റേറ്റീവ് ഇനീഷ്യലുകൾ ഉണ്ടായിരുന്നു അതായത് അവരുടെ പേരിന്റെ ആദ്യഭാഗവും അവസാന ഭാഗവും ഒരേ അക്ഷരത്തിൽ ആരംഭിച്ചു. ഈ വിശദാംശം അന്വേഷകരുടെ താൽപ്പര്യത്തെ കൂടുതൽ ആകർഷിച്ചു, കാരണം ഏതാനും വർഷങ്ങൾക്ക് മുമ്പ്, നാസോ ജനിച്ച റോച്ചെസ്റ്റൽ മറ്റൊരു കൊലപാതക പരമ്പര നടന്നിരുന്നു, കൂടാതെ ഇരകൾക്ക് ആദ്യ പേരിന്റെയും അവസാന പേരിന്റെയും ആദ്യ അക്ഷരങ്ങൾ തന്നെ ഉണ്ടായിരുന്നു. ആ കൊലപാതകങ്ങളെ ആൽഫബറ്റ് മർഡേഴ്‌സ് എന്ന് വിളിച്ചിരുന്നു.
പോലീസ് അന്വേഷിക്കുകയാണ് ; പക്ഷേ നമ്മൾ ഇനിയും പിന്നോട്ട് പോകുന്നു. ആൽഫബറ്റ് മർഡേഴ്‌സിന്റെ പിന്നാലെ. അതുകഴിഞ്ഞ് നാസോയിലേയ്ക്ക് നമ്മുക്ക് മടങ്ങിവരാം.
എഴുപതുകളുടെ മധ്യത്തിൽ, റോച്ചെസ്റ്ററിൽ, മൂന്ന് കൗമാരപ്രായക്കാർ കൊല്ലപ്പെട്ടു. നാസോയുടെ ഇരകളെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പെൺകുട്ടികൾക്കും ഒരേ അക്ഷരത്തിൽ തുടങ്ങുന്ന പേരുകളും അവസാന പേരുകളും ഉണ്ടായിരുന്നു. അവരിൽ ഒരാളായ കാർമെൻ കോളണിന് നാസോയുടെ ഇരകളെന്ന് ആരോപിക്കപ്പെടുന്ന ഒരാളുടെ അതേ പേര് പോലും ഉണ്ടായിരുന്നു. നാസോയുടെ അറസ്റ്റ് പരസ്യമായപ്പോൾ, ന്യൂയോർക്കിലെ കോൾഡ് കേസ് ഡിറ്റക്ടീവുകൾ അവരുടെ പഴയ ഫയലുകൾ തുറന്ന് പരിശോധിച്ചു . എന്നാൽ ഇരകളുടെ പേരുകളിൽ സാമ്യമുണ്ടെങ്കിലും മറ്റുചിലത് ചേരുന്നില്ല എന്ന് വ്യക്തമായി. എന്തെന്നാൽ നാസോ കേസുമായി ബന്ധപ്പെട്ട സ്ത്രീകൾ കുറച്ചുകൂടി പ്രായമുള്ളവരും കൂടുതലും വേശ്യകളുമായിരുന്നു. യഥാർത്ഥ ‘ആൽഫബറ്റ് മർഡേര്‌സിൽ’ ഇരകൾ ചെറുപ്പക്കാരായിരുന്നു. കോളൻ, മിഷേൽ മെൻസ , വാൻഡ വാൽകോവിക്‌സ് എന്നിവരെല്ലാം 10 നും 12 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. നാസോ തന്റെ വിക്രിയകൾക്കായി താമസിച്ചിരുന്ന അതേ പ്രദേശത്തുനിന്നുള്ളവരായിരുന്നു അവർ എന്നതും അതേ കാലയളവിൽ അദ്ദേഹം ബന്ധുക്കളെ കാണാൻ പോയതും യാദൃശ്ചികമായി തോന്നി. കാലിഫോർണിയയിലെ കൊലപാതകങ്ങളിൽ നിന്നുള്ള ഡിഎൻഎ വാൽകോവിക്‌സിൽ അവശേഷിക്കുന്ന ഡിഎൻഎയുമായി പൊരുത്തപ്പെടാത്തപ്പോൾ പോലീസ് നാസോയെ തള്ളിക്കളഞ്ഞു.
കുട്ടികളുടെ തിരോധാനം ഇപ്രകാരമായിരുന്നു.
ന്യൂയോർക്കിലെ റോച്ചസ്റ്ററിലാണ് ആൽഫബെറ്റ് കൊലപാതകം നടന്നത്. 1817-ൽ അമേരിക്കൻ വിപ്ലവത്തിനുശേഷം ഫലഭൂയിഷ്ഠമായ കൃഷിഭൂമി തേടി പ്യൂരിറ്റൻസിന്റെ പിൻഗാമികളാണ് ഇത് സ്ഥാപിച്ചത്. കേണൽ നഥാനിയൽ റോച്ചസ്റ്ററിന്റെ പേരിലാണ് റോച്ചെസ്റ്ററിന് പേര് ലഭിച്ചത്. വിത്ത്, മിൽ വ്യാപാരം കാരണം ഇത് ‘ഫ്‌ലവർ സിറ്റി’ എന്നും ‘ഫ്‌ലോർ സിറ്റി’ എന്നും അറിയപ്പെടുന്നു. 89 ഇഞ്ച് വാർഷിക മഞ്ഞുവീഴ്ചയുള്ള അമേരിക്കയിലെ ഏറ്റവും മഞ്ഞുവീഴ്ചയുള്ള നഗരങ്ങളിലൊന്നായും ഇത് അറിയപ്പെടുന്നു.
1971 നവംബർ 16 ന്, 10 വയസ്സുള്ള കാർമെൻ കോളൻ അവളുടെ മുത്തച്ഛന്റെ മരുന്നിന്റെ കുറിപ്പടി കെമിസ്റ്റിന്റെ കൈയ്യിൽ നിന്നും എടുക്കാൻ പുറത്തു പോയി. കാർമെൻ യഥാർത്ഥത്തിൽ പ്യൂർട്ടോറിക്കോയിൽ നിന്നുള്ളയാളായിരുന്നു. ചടുലമായ പുഞ്ചിരിയും വളരെ നല്ല ഒരു പെൺകുട്ടിയുമാണെന്ന് എല്ലാവരും അവളെ ഓർക്കുന്നത്. അവളുടെ വീട്ടിൽ നിന്ന് രണ്ട് ബ്ലോക്കുകൾ മാത്രം അകലെയുള്ള വെസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ജാക്‌സ് ഫാർമസി. മാനം മൂടിയതും, മഴയുള്ളതുമായ ബുധനാഴ്ച ഉച്ചതിരിഞ്ഞ് വൈകുന്നേരം 4:20 ന് അവൾ പുറപ്പെട്ടു. കാർമെൻ എത്തിയപ്പോൾ കുറിപ്പടി തയ്യാറായിട്ടില്ലെന്ന് കെമിസ്റ്റ് അവളോട് പറഞ്ഞു. സ്റ്റോർ ക്ലാർക്ക് പറയുന്നതനുസരിച്ച്, കാർമെൻ തിടുക്കത്തിലാണെന്ന് അയാൾക്ക് തോന്നി. ‘എനിക്ക് പോകണം, എനിക്ക് പോകണം’. അവൾ അതു പറഞ്ഞ് വേഗം മുൻവാതിലു വഴി പുറത്തേക്കിറങ്ങി.

സാക്ഷി പറഞ്ഞതനുസരിച്ച് ഫാർമസിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കാർമെൻ പ്രവേശിച്ചു. കാർമെൻ വീട്ടിലേക്ക് മടങ്ങാൻ താമസിച്ചപ്പോൾ അവളുടെ മുത്തശ്ശി വൈകുന്നേരം 7:50 ന് പോലീസിനെ ബന്ധപ്പെട്ടു.
കാർമെൻ ഫാർമസി വിട്ട് ഏകദേശം 50 മിനിറ്റിനുശേഷം, അന്തർസംസ്ഥാന 490-ലെ വാഹനമോടിക്കുന്നവർ കണ്ടത് ; ഒരു കുട്ടി അരക്കുമുകളിലേയ്ക്ക് നഗ്‌നമായി ഒരു വാഹനത്തിൽ നിന്നും ഓടിപോകുന്നതും; പിന്നാലെ വന്നയാൾ അവളെ ആ വാഹനത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയും, ആരെങ്കിലും എതിർക്കും മുൻപേ ഓടിച്ചു പോകുന്നതും ആയിരുന്നു. ആ സമയത്ത് അവൾ കൈകൾ വീശി നിലവിളിച്ചുകൊണ്ട് ആരെയെങ്കിലും നിർത്താൻ ശ്രമിച്ചുവെങ്കിലും ആരും ചെയ്തില്ല. കടും നിറമുള്ള ഫോർഡ് പിന്റോ ഹാച്ച്ബാക്ക് എന്നാണ് വാഹനത്തെ വിശേഷിപ്പിച്ചത്.
ഒരു ദൃക്സാക്ഷി മുന്നോട്ടുവന്ന്, ഒരു കൊച്ചു പെൺകുട്ടിയെ പിടികൂടിയ ശേഷം ഡ്രൈവർ കാറിലേക്ക് തിരികെ കൊണ്ടുപോകുന്നത് തങ്ങൾ കണ്ടതായി പറഞ്ഞു. കൊച്ചുകുട്ടി കാർമെന്റെ വിവരണവുമായി പൊരുത്തപ്പെട്ടു. എന്നാൽ ഈ വിവരണങ്ങൾ ഒക്കെ അറിയുന്നത് പിന്നീടായിരുന്നു.
നവംബർ 18, 1971. രണ്ട് ദിവസത്തിനു ശേഷം, ചർച്ച്വില്ലെ ഗ്രാമത്തിന് അടുത്തുള്ള ഒരു ഗല്ലിക്ക് സമീപം രണ്ട് കൗമാരക്കാർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ചില്ലി അതിർത്തിക്കടുത്തുള്ള അപൂർവ്വമായി സഞ്ചരിക്കുന്ന റോഡിൽ നിന്ന് കാർമെൻ കോളന്റെ ഭാഗികമായി നഗ്‌നമായ ശരീരം അവർ കണ്ടു. അവൾ അവസാനം കണ്ട ഷർട്ടിൽ സോക്‌സും ഷൂക്കറുകളും ധരിച്ചിരുന്നു. കാർമെനെ അവസാനമായി ജീവനോടെ കണ്ട സ്ഥലത്ത് നിന്ന് ഏകദേശം 12 മൈൽ അകലെയാണ് ചർച്ച്വില്ലെ. ശരീരത്തിൽ നിന്ന് 300 മീറ്റർ അകലെ ഒരു കലുങ്കിൽ നിന്നാണ് അവളുടെ കോട്ട് കണ്ടെത്തിയത്. 12 ദിവസത്തിന് ശേഷം നവംബർ 30 ന് കാർമെന്റെ പാന്റ്‌സ് കണ്ടെത്തി. അന്തർസംസ്ഥാനത്തിലൂടെ ഓടുന്ന അവളെ അവസാനമായി കണ്ട സർവീസ് റോഡിന് സമീപമായിരുന്നു പാന്റ്‌സ്.
കാർമെൻ ബലാത്സംഗത്തിനിരയായെന്നും തലയോട്ടിയും കശേരുക്കളും ഒടിഞ്ഞതായും പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. അവളുടെ ശരീരത്തിലുടനീളം കൊലയാളിയുടെ വിരൽ നഖങ്ങളാൽ ഉണ്ടാക്കിയ വിപുലമായ പോറലുകൾ ഉണ്ടായിരുന്നു. അവളെ നേരിട്ട ആരോ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണ് മരണകാരണം. ഡിഎൻഎ പ്രൊഫൈലൊന്നും ലഭിച്ചിട്ടില്ല.
കാർമനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്ത ഉടൻ തന്നെ മാധ്യമങ്ങളിൽ പ്രകോപനം സൃഷ്ടിച്ചു. കാർമന്റെ കൊലയാളിയെ അറസ്റ്റുചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും കാരണമാകുന്ന ഏതൊരു വിവരത്തിനും റോച്ചെസ്റ്റർ പത്രങ്ങൾ, ”ടൈംസ് യൂണിയൻ”, ”ഡെമോക്രാറ്റ് & ക്രോണിക്കിൾ” എന്നിവ സംയുക്തമായി $2,500 (2020 ൽ $15,000-ൽ കുറഞ്ഞത്) പ്രതിഫലം വാഗ്ദാനം ചെയ്തു. അന്വേഷകർ സംശയാസ്പദമായ പലരെയും പിടികൂടി, പക്ഷേ നിർഭാഗ്യവശാൽ, അവരെയെല്ലാം വെറുതെവിട്ടു. അന്വേഷണം ഇഴഞ്ഞു നീങ്ങി. 1972-ൽ റോച്ചസ്റ്റർ എക്സ്പ്രസ് വേയ്ക്ക് ചുറ്റും കാർമന്റെ ചിത്രമുള്ള അഞ്ച് വലിയ പരസ്യബോർഡുകൾ സ്ഥാപിച്ചു. ‘കാർമെൻ കോളണിനെ കൊന്നത് ആരാണെന്ന് നിങ്ങൾക്കറിയാമോ?’ എന്ന തലക്കെട്ടായിരുന്നു അതിലുണ്ടായിരുന്നത്. വീണ്ടും ഇത് ധാരാളം സൂചനകൾ ആളുകളിൽ നിന്നും ലഭിക്കാൻ ഇടയാക്കി, പക്ഷേ അവയൊന്നും ഒന്നിലും എത്തിപ്പെട്ടില്ല. കാർമെന്റെ തട്ടിക്കൊണ്ടുപോകൽ കൊലപാതകം ഒറ്റപ്പെട്ട സംഭവം എന്ന് പോലീസ് കരുതിയിരിക്കാം, പക്ഷേ അത് അങ്ങനെയായിരുന്നില്ല.
17 മാസങ്ങൾക്ക് ശേഷം
1973 ഏപ്രിൽ 2 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക്, ചുവന്ന മുടിയുള്ള, 11 വയസ്സുള്ള വാൻഡ വാൽകോവിക്സ് റോച്ചസ്റ്ററിലെ അവളുടെ കിഴക്ക് ഭാഗത്തുനിന്ന് അപ്രത്യക്ഷയായി. ഒരു ടോംബോയ് എന്നാണ് വാണ്ടയെ വിശേഷിപ്പിക്കുന്നത്. വൈകുന്നേരത്തെ ഭക്ഷണത്തിനായി പലചരക്ക് സാധനങ്ങൾ വാങ്ങാൻ അമ്മ അവളെ ഹിൽസൈഡ് ഡെലിക്കേറ്റസണിലേക്ക് അയച്ചിരുന്നു. ട്യൂണ മത്സ്യം, പാൽ, കപ്പ് കേക്കുകൾ, പൂച്ചക്കുള്ള ഫുഡ് എന്നിവ ഉൾപ്പെടുന്ന $8.52 മൂല്യമുള്ള പലചരക്ക് സാധനങ്ങൾ വാൻഡ വാങ്ങി. ബോസ് ഡെലിക്കേറ്റസെനിൽ വാൻഡ ചില സുഹൃത്തുക്കളെ കണ്ടു. വാണ്ട ആ കടയിൽ നിന്ന് പുറത്തുപോകുന്നതായി ഒരു സുഹൃത്ത് കണ്ടിരുന്നു. വാണ്ടയുടെ സുഹൃത്ത് ആ കടയിൽ നിന്ന് പുറത്തുകടന്നപ്പോൾ, ഭാരമേറിയ പലചരക്ക് ബാഗ് പോലെ തോന്നിക്കുന്ന സാധനങ്ങൾ ചുമക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പതുക്കെ അവരുടെ പുറകെ നടന്നു. മഴയായതിനാൽ കൂട്ടുകാർ അവളെ കാത്തുനിന്നില്ല. അവർ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ബാഗുമായി ബുദ്ധിമുട്ടി നടക്കുന്നത് കണ്ടു. തവിട്ടുനിറത്തിലുള്ള ഒരു വലിയ കാർ അവരെ പതുക്കെ കടന്നുപോകുന്നതും അവർ കണ്ടു. അവർ വീണ്ടും തിരിഞ്ഞു നോക്കിയപ്പോൾ കാറും വാണ്ടയും കാണാനില്ല.

വാണ്ടയെ കാണാനില്ലെന്ന് ജോയ്സ് വാൽക്കോവിച്ച്സ് രാത്രി 8 മണിക്ക് പോലീസിനെ വിളിച്ചറിയിച്ചു. അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്തു വ്യാപകമായ തിരച്ചിൽ തുടങ്ങി. വാൻഡയ്ക്ക് പോകാനും കളിക്കാനും ഇഷ്ടമുള്ള ജെനീസി നദിക്ക് ചുറ്റുമുള്ള പ്രദേശം ഉൾപ്പെടെ നിരവധി ചതുരശ്ര മൈലുകൾ ഇത് ഉൾക്കൊള്ളുന്നു. അടുത്ത ദിവസം രാത്രി 10:15 ന്, ഒരു സംസ്ഥാന പോലീസ് ഉദ്യോഗസ്ഥൻ അവളുടെ മൃതദേഹം ഒരു കായലിൽ നിന്ന് കണ്ടെത്തി. വെബ്സ്റ്ററിലെ ബേ ബ്രിഡ്ജ് വിശ്രമകേന്ദ്രത്തിന് പുറത്തായിരുന്നു ഇത്. സഹോദരി മിഷേലിന്റെ പത്താം ജന്മദിനത്തിലാണ് അവളെ കണ്ടെത്തിയത്. പൂർണമായും വസ്ത്രം ധരിച്ചാണ് വാൻഡയെ കണ്ടെത്തിയത്, സ്റ്റേറ്റ് റൂട്ട് 104-ൽ ഒരു കുന്നിൻചെരിവിലാണ് ഈ സ്ഥലം. റോച്ചസ്റ്ററിൽ നിന്ന് ഏകദേശം 7 1/2 മൈൽ അകലെയാണിത്. അവളുടെ ശരീരത്തിന്റെ സ്ഥാനം സൂചിപ്പിക്കുന്നത് അവൾ മിക്കവാറും ഒരു വാഹനത്തിൽ നിന്ന് എറിയപ്പെടുകയും കരയിലേക്ക് അടിഞ്ഞുവന്നു എന്നും ആണ്.
പിന്നിൽ നിന്ന് കഴുത്ത് ഞെരിച്ചാണ് മരിച്ചതെന്ന് വാൻഡയുടെ പോസ്റ്റ്മോർട്ടം വെളിപ്പെടുത്തുന്നു. ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് സൂചിപ്പിക്കുന്ന ലിഗേച്ചർ ( കെട്ടിയ ) പാടുകൾ അവളുടെ കഴുത്തിൽ ഉണ്ടായിരുന്നു. വാൻഡയ്ക്ക് നിരവധി പ്രതിരോധ മുറിവുകൾ ഉണ്ടായിരുന്നു. അവളെയും ബലാത്സംഗം ചെയ്യുകയും പിന്നീട് വസ്ത്രങ്ങൾ നേരെയാക്കുകയും ചെയ്തു. അവളുടെ വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലും ഗുഹ്യരോമങ്ങൾക്കൊപ്പം ബീജവും കാണപ്പെട്ടു. മരണത്തിന് തൊട്ടുമുമ്പ് അവൾ ഒരു കസ്റ്റാർഡ് ഭക്ഷണം കഴിച്ചിരുന്നതായി അവളുടെ പോസ്റ്റ്മോർട്ടം കാണിച്ചു. അവളുടെ വസ്ത്രത്തിൽ ധാരാളം വെളുത്ത പൂച്ച രോമങ്ങൾ കണ്ടെത്തി. വാൽക്കോവിക്സിന് ഒരു പൂച്ച ഉണ്ടായിരുന്നു, പക്ഷേ വെളുത്ത രോമങ്ങളുള്ള പൂച്ചയല്ല ഉണ്ടായിരുന്നത്.
വാൻഡ വാൽക്കോവിച്ച്സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്കുള്ള പ്രതിഫലം ഇത്തവണ $10,000 ആയിരുന്നു (2020ൽ $58,000-ൽ അധികം). വാണ്ടയുടെ തിരോധാനത്തെയും കൊലപാതകത്തെയും കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് ശേഷം സാക്ഷികൾ മുന്നോട്ട് വരികയും ഒരു ചെറിയ തവിട്ട് നിറത്തിലുള്ള വാഹനത്തിന്റെ പാസഞ്ചർ വാതിലിനടുത്ത് ഡ്രൈവറുമായി ഒരു കുട്ടി സംസാരിക്കുന്നത് കണ്ടതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വാണ്ടയെ കാണാതായ ദിവസം വൈകുന്നേരം 5:30 നും 6 നും ഇടയിൽ കോങ്കി അവന്യൂവിലെ ഒരു ഇളം നിറമുള്ള ഡോഡ്ജ് ഡാർട്ടിലേക്ക് വാൻഡയുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ചുവന്ന മുടിയുള്ള പെൺകുട്ടിയെ ഒരാൾ ബലംപ്രയോഗിച്ച് കൊണ്ടുപോകുന്നത് മറ്റൊരു അജ്ഞാത സാക്ഷി റിപ്പോർട്ട് ചെയ്തു.
കാർമോണിന്റെയും വാണ്ടയുടെയും തട്ടിക്കൊണ്ടുപോകൽ/കൊലപാതകങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഇപ്പോൾ തങ്ങൾ അങ്ങനെ ചിന്തിക്കുന്നില്ല എന്ന് പോലീസ് പറഞ്ഞു. കേസ് അന്വേഷിച്ചെങ്കിലും ഒരു ലീഡും കിട്ടിയില്ല, അതും കോൾഡ് കേസായി മാറി.
7 മാസം കഴിഞ്ഞ്
1973 നവംബർ 26 തിങ്കളാഴ്ച, വെബ്സ്റ്റർ ക്രസന്റ് പരിസരത്ത് നിന്നുള്ള 11 വയസ്സുള്ള മിഷേൽ മെൻസയെ കാണാതായതായി അവളുടെ അമ്മ കരോലിൻ റിപ്പോർട്ട് ചെയ്തു. തടിച്ച നാണം കുണുങ്ങിയായ പെൺകുട്ടിയെന്നാണ് മിഷേലിനെ വിശേഷിപ്പിക്കുന്നത്. അവളുടെ അമ്മ പഴ്‌സ് ഒരു കടയിൽവച്ച് മറന്നു പോയിരുന്നു. മിഷേലിനെ അവിടേക്ക് അയച്ചത് അത് വീണ്ടെടുക്കാനാകുമോ എന്നറിയാനായിരുന്നു. പക്ഷേ അവൾ തിരിച്ചു വന്നില്ല. ഉച്ചകഴിഞ്ഞ് 3:20 ഓടെ അവളുടെ സഹപാഠികളിൽ ചിലരാണ് മിഷേലിനെ അവസാനമായി കണ്ടത്. അവൾ ഒരു പ്രാദേശിക ഷോപ്പിംഗ് പ്ലാസയായ ഗുഡ്മാൻ പ്ലാസയിലേക്ക് തനിയെ നടക്കുകയായിരുന്നു. ഷോപ്പിംഗ് പ്ലാസയുടെ പാർക്കിംഗ് സ്ഥലത്ത് അവൾ അവളുടെ അമ്മാവന്റെ അടുത്തേക്ക് ഓടിക്കയറി, അയാൾ അവൾക്ക് വീട്ടിലേക്ക് ഒരു സവാരി നൽകാമെന്ന് വാഗ്ദാനം ചെയ്തു. ദൂരം കുറവായതിനാൽ അവൾ അവനോട് നോ പറഞ്ഞ് വീട്ടിലേക്ക് നടക്കാൻ തീരുമാനിച്ചു.

മിഷേൽ തന്റെ അമ്മാവനുമായി സംസാരിച്ച് 10 മിനിറ്റിനുശേഷം ഒരു നാല് വാതിലുകളുള്ള ബീജ് അല്ലെങ്കിൽ ടാൻ വാഹനത്തിന്റെ പാസഞ്ചർ സീറ്റിൽ ഇരിക്കുന്നതായി കണ്ടു എന്ന് ഒരു സാക്ഷി അവകാശപ്പെടുന്നു. ഈ വാഹനം ഒരു കവലയിലായിരുന്നു, തുടർന്ന് വെബർ അവന്യൂവിൽ തിരിയുന്നതിന് മുമ്പ് അക്കർമാൻ സ്ട്രീറ്റിലൂടെ ഉയർന്ന വേഗതയിൽ ടേക്ക് ഓഫ് ചെയ്തു. പെൺകുട്ടി കരയുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച്, വൈകുന്നേരം 5:30 ന്, ടയർ പഞ്ചറായതുപോലെ തോന്നിക്കുന്ന ( മറ്റൊരിടത്ത് കാണുന്നത് ഒരു വാഹനവുമായി ആക്‌സിഡെന്റ് ഉണ്ടായി എന്നാണ് – ഒരുപക്ഷേ ഒരു വാഹനത്തിൽ ഇരിക്കുന്ന സാക്ഷിക്ക് അങ്ങിനെ തോന്നിയതാകാനും മേലായ്കയില്ല) ഒരു ഡ്രൈവറെ സഹായിക്കാൻ ഒരാൾ വണ്ടി നിർത്തി. വാൾവർത്ത് പട്ടണത്തിൽ റൂട്ട് 350-ൽ പാർക്ക് ചെയ്തിരുന്ന വാഹനമായിരുന്നു അത്. ഈ മനുഷ്യൻ വളരെ ഭയാനകമായി കാണപ്പെടുകയും പെൺകുട്ടിയുടെ കൈത്തണ്ടയിൽ പിടിക്കുകയും ചെയ്തിരുന്നു. സഹായിക്കാൻ വന്ന ആൾ ആ മനുഷ്യന്റെയും കുട്ടിയുടെയും അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആ മനുഷ്യൻ ഭീഷണിപ്പെടുത്തുന്ന രീതിയിൽ അവന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. ആ നല്ല സമരിയാക്കാരൻ തിരികെ വാഹനത്തിൽ കയറി ഓടിച്ചു പോയി.
സാക്ഷി നൽകിയ വിവരണം ശരീരത്തിന്റെ മുഴുവൻ രേഖാചിത്രം നിർമ്മിക്കാൻ പോലീസിനെ സഹായിച്ചു. ഏകദേശം 6 അടി ഉയരവും 165 പൗണ്ട് ഭാരവുമുള്ള 25 നും 35 നും ഇടയിൽ പ്രായമുള്ള കറുത്ത മുടിയുള്ള ഒരു വെളുത്ത പുരുഷനായിരുന്നു അത്. വശത്ത് ബെൽറ്റ് ബക്കിളുകളുള്ള ബ്രൗൺ കൗബോയ് ബൂട്ടുകളിലേക്ക് ജീൻസ് ഇട്ടിരിക്കുന്ന അയാൾ നീല അല്ലെങ്കിൽ ഇരുണ്ട നിറത്തിലുള്ള സ്‌കീ-ടൈപ്പ് വെസ്റ്റ് ധരിച്ചിരുന്നു. കുറേ ദിവസമായി താടി വളർച്ചയും നീണ്ട വൃത്തികെട്ട നഖങ്ങളും ഉണ്ടായിരുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറഞ്ഞിയിരുന്നു ആ മനുഷ്യൻ നിന്നിരുന്നത് എന്നും അയാൾ ഓർക്കുന്നു. ഇനി ഉണ്ടെങ്കിൽ തന്നെ ആ നമ്പർ പ്ലേറ്റ് വ്യാജമായിരിക്കാനാണ് സാധ്യത.
നവംബർ 28ന് രാവിലെ 10.30ന് മിഷേലിന്റെ മൃതദേഹം കണ്ടെത്തി. മാസിഡോൺ പട്ടണത്തിലെ ഒരു ഗ്രാമീണ റോഡിന്റെ അരികിലുള്ള ഒരു കുഴിയിൽ അവൾ മുഖം കുനിച്ചു കിടക്കുകയായിരുന്നു. റോച്ചസ്റ്ററിൽ നിന്ന് ഏകദേശം 15 മൈൽ അകലെയാണ് മാസിഡോൺ. അവളുടെ കോട്ട് റോഡിൽ നിന്ന് രണ്ട് വാര അകലെ കണ്ടെത്തി. മൃതദേഹം ഉപേക്ഷിച്ചു കഴിഞ്ഞാണ് കോട്ട് കൊലയാളി വാഹനത്തിന്റെ പിൻ സീറ്റിൽ കണ്ടത് എന്ന് പോലീസ് അനുമാനിക്കുന്നു.
പിന്നിൽ നിന്ന് കഴുത്ത് ഞെരിച്ചാണ് കൊന്നത് എന്ന് മിഷേലിന്റെ പോസ്റ്റ്മോർട്ടം വ്യക്തമാക്കുന്നു. അവളുടെ കഴുത്തിൽ ഏതോ കനം കുറഞ്ഞ കയറിൽ നിന്ന് വന്നതുപോലെയുള്ള ലിഗേച്ചർ അടയാളങ്ങൾ ഉണ്ടായിരുന്നു. മിഷേലിന് ബ്ലണ്ട് ഫോഴ്സ് ട്രോമയും ഉണ്ടായിരുന്നു. മരണശേഷം അവളെ ബലാത്സംഗം ചെയ്യുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. അവളുടെ ശരീരത്തിലും അടിവസ്ത്രത്തിലും ബീജം കണ്ടെത്തി. മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഉള്ളി ചേർത്ത ഹാംബർഗർ കഴിച്ചിരുന്നതായി മിഷേലിന്റെ വയറ്റിലെ ഉള്ളടക്കം വ്യക്തമാക്കുന്നു. അവളുടെ വസ്ത്രത്തിൽ വെളുത്ത പൂച്ച രോമങ്ങളും കണ്ടെത്തി.
മറ്റൊരു സാക്ഷി വന്ന് മിഷേലിനെയും അവളുടെ കൊലയാളിയെയും വൈകുന്നേരം 4:30 ഓടെ പെൻഫീൽഡിലെ കരോൾ റെസ്റ്റോറന്റിൽ കണ്ടതായി പറയുന്നു.
മൂന്ന് കേസുകളും ഒരുമിച്ച് നോക്കുമ്പോൾ ചില സമാനതകളുണ്ട്. ഓരോ കുട്ടിയും ഒരു ദരിദ്ര കത്തോലിക്കാ കുടുംബത്തിൽ നിന്നുള്ളവരാണ്, ഒരു രക്ഷിതാവ് മാത്രമാണുള്ളത്. കാർമെന്റെ കാര്യത്തിൽ, അവൾ അവളുടെ മുത്തശ്ശിമാർക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയ്ക്കും രണ്ട് ഇളയ സഹോദരിമാർക്കുമൊപ്പമാണ് വാൻഡ താമസിച്ചിരുന്നത്. അവളുടെ അച്ഛൻ മരിച്ചിരുന്നു. അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പമാണ് മിഷേൽ താമസിച്ചിരുന്നത്. അവളെ തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേന്നായിരുന്നു അവന്റെ ജന്മദിനം. മൂന്ന് പേർക്കും കുറച്ച് സുഹൃത്തുക്കളേ ഉണ്ടായിരുന്നുള്ളൂവെന്നും; ഭീഷണിപ്പെടുത്തലും മോശം അക്കാദമിക് പ്രകടനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇരുണ്ടതും മഴയുള്ളതുമായ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3:30 നും 5:30 നും ഇടയിൽ അപ്രത്യക്ഷരായ കൗമാരക്കാരായിരുന്നു മൂന്നു പേരും. ഇവരുടെ മൃതദേഹങ്ങളെല്ലാം സമീപ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തി. മരിക്കുന്നതിന് തൊട്ടുമുമ്പ് മൂവരെയും ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തിരുന്നു. ഓരോ പെൺകുട്ടിയും തങ്ങളെ തട്ടിക്കൊണ്ടുപോയവന്റെ കൂടെ സ്വമനസ്സോടെ പോയതായി കാണുന്നു. ഇത് പോലീസ് ഓഫീസർ അല്ലെങ്കിൽ ഫയർമാൻ ആയി വേഷമിട്ട ആരെങ്കിലുമാകാം എന്ന വിശ്വാസത്തിലേക്ക് പോലീസിനെ നയിക്കുന്നു. അങ്ങിനെയുള്ള ആരെയെങ്കിലുമാണെങ്കിൽ അതുപോലൊരു യൂണിഫോം ഉള്ളതിനാൽ വിശ്വാസത്തിൽ എടുത്തിരിക്കാം എന്ന് പോലീസ് കരുതുന്നു. ഏറ്റവും ശ്രദ്ധേയമായ സാമ്യം, ഓരോ പെൺകുട്ടികൾക്കും അവരുടെ ആദ്യ പേരുകളിൽ ഒരേ അക്ഷരം അവരുടെ അവസാന പേരുകളായിരുന്നു എന്നതാണ്. കൂടാതെ, ഓരോരുത്തരും അവരുടെ പേരിന്റെ അതേ അക്ഷരത്തിൽ ആരംഭിച്ച ഒരു പട്ടണത്തിനടുത്തുള്ള ഒരു പ്രദേശത്ത് വലിച്ചെറിയപ്പെട്ടു.
കാർമെൻ, വാൻഡ, മിഷേൽ എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ച് റോച്ചസ്റ്റർ സ്റ്റേറ്റ് പോലീസിന് ഇപ്പോഴും തുറന്ന അന്വേഷണമുണ്ട്. നാളിതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. ഡിഎൻഎ പരിശോധന തുടരുന്നു. ഒരുപക്ഷേ വംശാവലി ഡിഎൻഎ തെളിവുകൾ സ്പർശിക്കുന്ന ഡാറ്റാ ബേസ് വഴി പിൻകാലത്ത് തെളിയക്കപ്പെട്ടേക്കാം.
ഈ കേസുകളിൽ എല്ലാം സംശയിക്കത്തക്ക നിരവധി ആളുകൾ ഉണ്ടായിരുന്നു. പക്ഷേ വ്യക്തമായ തെളിവുകൾ ഒന്നിലും ലഭിച്ചില്ല. അങ്ങിനെ പോലീസ് കാലിഫോർണിയായിലെ ആൽഫബെറ്റ് മർഡേഴ്‌സ് മാത്രം നാസോയിൽ കുറ്റം ചാർത്തി. അതിൽ തന്നെ 4 കേസുകളിൽ മാത്രമേ എന്തെങ്കിലും തെളിവുകൾ എന്ന് സ്ഥാപിക്കാൻ സാധിക്കുന്നതുണ്ടായിരുന്നുള്ളൂ. മറ്റെല്ലാം സപ്പോർട്ടിങ്ങ് എവിഡെൻസുകൾ മാത്രമായിരുന്നു.
സാൻ റാഫേൽ, കാലിഫോർണിയ (റോയിട്ടേഴ്സ്)
1970 കളിലെ നാല് വേശ്യകളെ കൊലപ്പെടുത്തിയതിൽ ഫസ്റ്റ് ഡിഗ്രി കൊലപാതകം ആരോപിച്ച് നാസോയ്ക്കെതിരായ കൊലപാതക വിചാരണയിൽ മൊഴി നൽകാൻ നെബ്രാസ്‌കയിലെ ഒരു സ്ത്രീയെ പ്രോസിക്യൂഷൻ ഹാജരാക്കി. കുറ്റാരോപിതനായ സീരിയൽ കില്ലർ ജോസഫ് നാസോ അരനൂറ്റാണ്ട് മുമ്പ് കാറിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തതായി 76 കാരിയായ ആ കലാകാരി ചൊവ്വാഴ്ച കാലിഫോർണിയ കോടതിയിൽ പറഞ്ഞു, ഇത് നാസോയ്ക്ക് ലൈംഗീക ആക്രമണത്തിൽ ഒരു നീണ്ട ചരിത്രമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂട്ടർമാരെ സഹായിക്കും.
1961-ലെ സംഭവത്തെക്കുറിച്ച് മാരിൻ കൗണ്ടി സുപ്പീരിയർ കോടതിയിൽ ക്രോസ് വിസ്താരം നടത്തിയപ്പോൾ കറുത്ത കണ്ണടയും ബാങ്സും ധരിച്ച വെള്ളി മുടിയുള്ള സ്ത്രീ അസ്വസ്ഥയായി കാണപ്പെട്ടുവെങ്കിലും അചഞ്ചലയായി തുടർന്നു. ചൊവ്വാഴ്ച സാക്ഷ്യപ്പെടുത്തിയ സ്ത്രീ 1961 ഡിസംബറിൽ ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ 24 വയസ്സുള്ള ബിരുദ വിദ്യാർത്ഥിനിയായിരുന്നു, ഒരു ബസ് സ്റ്റോപ്പിൽ വെച്ച് നാസോയെ കണ്ടുമുട്ടി. അവൻ അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ വാഗ്ദാനം ചെയ്തു. അടുത്ത രാത്രി, അവർ അതേ ബസ് സ്റ്റോപ്പിൽ കണ്ടുമുട്ടി, അവൾ വീണ്ടും ഒരു സവാരി സ്വീകരിച്ചു. അവൾക്ക് തലവേദന ഉണ്ടായി, ഒരു ഗുളികയെങ്കിലും കഴിക്കാൻ നാസോ അവളെ നിർബന്ധിച്ചു, അവൾ പറഞ്ഞു.

‘അയാൾ ബലമായി എന്റെ വായിലേക്ക് വിരൽ കുത്തിക്കയറ്റി’. ഗുളിക കഴിച്ചതിന് ശേഷം, താൻ നക്ഷത്രങ്ങൾ കാണാൻ തുടങ്ങിയെന്നും തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ നാസോയോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ അയാൾ തെറ്റായ ദിശയിലാണ് വാഹനം ഓടിച്ചതെന്നും യുവതി പറഞ്ഞു. അവൾ കാറിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ചപ്പോൾ, അയാൾ അവളെ തടഞ്ഞു, അവന്റെ കൈ അവളുടെ വായും മൂക്കും കഴുത്തും വരിഞ്ഞുമുറുക്കി, അവൾ പറഞ്ഞു. അയാൾ അവളെ ഒരു പറമ്പിലേക്ക് കൊണ്ടുപോയി, അവിടെ അവളുടെ പാവാട വലിച്ചു കീറി, സിപ്പർ പൊട്ടിപ്പോയിരുന്നു, അവളെ ബലാത്സംഗം ചെയ്തു, അവൾ പറഞ്ഞു.
”ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചു. എന്റെ ജീവനെ കുറിച്ച് എനിക്ക് ഭയമായിരുന്നു. ‘
”ഞാൻ എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടു. അയാൾ എന്നെ കൊല്ലുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു.
ഒടുവിൽ ആ രാത്രി നാസോ ആ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുപോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവൾ സംഭവം പോലീസിനെ അറിയിച്ചു, അവർ അവനെ അറസ്റ്റ് ചെയ്തു. കുറ്റപത്രം സമർപ്പിക്കാൻ ജില്ലാ അറ്റോർണി വിസമ്മതിച്ചു. ( ആ കാലഘട്ടത്തിൽ ലൈഗീക ആക്രമങ്ങൾക്ക് പോലീസ് വലിയ ശ്രദ്ദ ഒന്നും കൊടുത്തിരുന്നില്ല എന്ന് ചില കുറിപ്പുകളിൽ കാണുന്നു.)
സെപ്തംബർ 17, 2013, ചൊവ്വാഴ്ച, സാൻ റാഫേൽ, കാലിഫോർണിയ
കേസിന്റെ പെനാൽറ്റി ഘട്ടത്തിൽ തീരുമാനത്തിലെത്തുന്നതിന് മുമ്പ് പാനൽ ഏകദേശം നാല് മണിക്കൂറോളം ചർച്ച നടത്തി. നാസോയിൽ നിന്ന് അവസാന വാദങ്ങൾ കേട്ടു.
റോക്സെൻ റോഗ്ഗാഷ്, കാർമെൻ കോളൻ, പമേല പാർസൺസ്, ട്രേസി തഫോയ – വേശ്യകളുടെ മരണത്തിൽ നാല് കൊലപാതക കേസുകളിൽ നാസോ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
‘ഈ സ്ത്രീകളെ കൊന്ന രാക്ഷസൻ താനല്ല’ എന്ന് നാസോ ജൂറിയോട് പറഞ്ഞു.

പതിറ്റാണ്ടുകൾ പഴക്കമുള്ള നാല് വടക്കൻ കാലിഫോർണിയ സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായ 79 കാരനായ മുൻ ഫോട്ടോഗ്രാഫർ ജോസഫ് നാസോയ്ക്ക് വധശിക്ഷ വിധിക്കാൻ ജൂറി ചൊവ്വാഴ്ച ശുപാർശ ചെയ്തു.
ജൂറി മരണം ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, ജഡ്ജി പാനലിനോട് യോജിക്കുകയാണെങ്കിൽ നാസോയെ വധിക്കാൻ സാധ്യതയില്ല. കാലിഫോർണിയയിലെ ഡെത്ത് റോയിൽ ഇതിനകം 725 തടവുകാരുണ്ട്, 2006-ൽ ഒരു ഫെഡറൽ ജഡ്ജി കാലിഫോർണിയയിലെ എക്‌സിക്യൂഷൻ പ്രോട്ടോക്കോൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ടപ്പോൾ മുതൽ വധശിക്ഷകൾ നിർത്തിവച്ചിരിക്കുകയാണ്. ജഡ്ജിയുടെ അനുമതി ലഭിക്കാനും ജയിൽ ഉദ്യോഗസ്ഥർക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കും.
88 വയസുള്ള ജോസഫ് നാസോ ഇപ്പോൾ അഴികൾക്കുള്ളിലാണ്, അയാളുടെ ക്രൂരതയ്ക്കിടയായവരുടെ ബന്ധുക്കളിൽ ചിലർ നാസോയ്ക്ക് 110 വർഷം ആയുസുണ്ടായിരിക്കട്ടെ എന്ന് ആശംസിച്ചു. ഇനിയും രണ്ട് കേസുകൾക്കുകൂടി അയാൾ അടുത്തു തന്നെ വിചാരണ നേരിടേണ്ടിവരും. യഥാർത്ഥത്തിൽ അയാൾ എത്രകൊലപാതകങ്ങൾ നടത്തിയിട്ടുണ്ട് എന്നത് അയാൾക്ക് മാത്രം അറിയാവുന്ന കാര്യമാണ്.
ഒരു വക്കീലിനെ വച്ച് കേസ് വാദിച്ചിരുന്നെങ്കിൽ ഒരു പക്ഷേ രക്ഷപെടാവുന്ന തെളിവുകളേ നാസോയുടെ കാര്യത്തിൽ ഉണ്ടായിരുന്നുള്ളൂ. നാസോ വൈകാരീകമായാണ് കേസിനെ നേരിട്ടത്, കോടതിയിൽ വസ്തുതകൾക്കാണ് പ്രാമുഖ്യം എന്നകാര്യം നാസോ മനസിലാക്കി വന്നപ്പോഴേക്കും കേസ് അയാളുടെ കൈയ്യിൽ നിന്നും പോയി. സ്വയം കേസു നടത്താൻ തുനിഞ്ഞത് അയാളുടെ അഹങ്കാരത്തിന്റേയും , അമിത വിശ്വാസത്തിന്റേയും കൂടുതൽകൊണ്ടാണെന്ന് നിയമ വിദഗ്ദ്ധർ കരുതുന്നു, മാത്രവുമല്ല ഒരു വക്കീലായിരുന്നെങ്കിൽ ഡി.എൻ.എ തെളിവുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് ഉപോൽപ്പലകമായ നിരവധി തടസവാദങ്ങൾ സമർപ്പിച്ച് കോടതിയെ സംശയത്തിന്റെ ആനൂകൂല്യത്തിലേയ്ക്ക് തള്ളി വിടാൻ സാധിക്കുമായിരുന്നു എന്നും പറയുന്നു.
കാലിഫോണിയായിൽ വധശിക്ഷ നിർത്തലാക്കിയിരിക്കുന്നത് നാസോയ്ക്ക് വിധി കൂടുതൽ കാലം ജയിലിൽ കിടക്കാൻ വേണ്ടിയാണ് എന്നും, ആ കാലയളവിൽ അയാൾ മനസുമാറി ബാക്കി കുറ്റങ്ങളെ കുറിച്ചുള്ള തെളിവുകൾ പുറത്തു വിടും എന്നും ചിലർ വിശ്വസിക്കുന്നു. ഏതായാലും ഈ ജൻമം അയാൾ ഇനി ഒരു രീതിയിലും പുറം ലോകം കാണാൻ സാധ്യതയില്ല.