Karikkan Villa Murder Case
തിരുവല്ല – കോഴഞ്ചേരി റൂട്ടിൽ ആയിരുന്നു എൺപതുകളിലെ വീടിന്റെ ആധുനിക സ്റ്റൈൽ കൊണ്ടു ആഡംബര പ്രൌഡിയോടെ തലയുയർത്തി നിന്നിരുന്ന കരിക്കൻ വില്ല. ഏറേനാൾ കുവൈറ്റിൽ ജോലി ചെയ്തുണ്ടാക്കിയ കാശുമായി നാട്ടിൽ വന്നു താമസമാക്കിയ ഒരു മധ്യവയസ്ക്കാരായ ദമ്പതിമാർ ആയിരുന്നു അവിടെ താമസിച്ചിരുന്നത്. കുടുംബനാഥൻ ജോർജ്ജും (63), ഭാര്യ റേച്ചലും (56).

ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒട്ടേറെ ബന്ധുക്കൾക്ക് ഇവരുടെ സ്വത്തിൽ ഒരു കണ്ണുണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ കാരണങ്ങൾ കൊണ്ടു വീട്ടിൽ സഹായം ചോദിച്ചെത്തുന്ന ഒരു ബന്ധുക്കളെയും ഇവർ ഏഴയലത്തു അടുപ്പിക്കാറില്ല. അയല്പക്കകാരോടും അവർ ഒരു ദൂരത്തിലേ നിന്നിരുന്നുള്ളു. ആകെ ആ വീട്ടിൽ നിത്യം വന്നു കൊണ്ടിരുന്നത് ഗൗരി എന്ന വേലക്കാരിയായിരുന്നു. അവർ രാവിലെ പണിക്കുവന്ന് വൈകീട്ട് തിരിച്ചു വീട്ടിൽ പോകും.
1980 ഒക്ടോബർ ഏഴാം തിയതി പതിവുപോലെ ഗൗരി രാവിലെ തന്നെ പണിക്കു വന്നു. എന്നാൽ പതിവിന് വിപരീതമായി രണ്ടാളെയും പുറത്തു കണ്ടില്ല.
പുറകിലത്തെ വാതിലിനടുത്തുള്ള ജനലിലൂടെ അകത്തോട്ടു നോക്കിയപ്പോൾ അവർ കണ്ട കാഴ്ച ഭീകരമായിരുന്നു.
ആ ദമ്പതികൾ രണ്ട് പേരും കുത്തേറ്റു ചോരയിൽ മുങ്ങി കിടക്കുന്നു.
കുറച്ചു നേരം സ്തബ്ധയായി നിന്ന അവർ പുറത്തേക്കോടി നാട്ടുകാരോട് വിവരം പറഞ്ഞു. അപ്പോഴും അവർ വിറക്കുന്നുണ്ടായിരുന്നു. ആ ഷോക്കിൽ തന്നെയായിരുന്നു അവരും.
സംഭവം അറിഞ്ഞു ആളുകൾ ഓടികൂടാൻ തുടങ്ങി.
അതിലൊരു രാഷ്ട്രീയ പ്രവർത്തകൻ പോലീസിനെ അറിയിച്ചു. അവർ വളരെ വേഗം സ്ഥലത്തെത്തി. ഏതൊരു കുറ്റകൃത്യത്തിനും ആദ്യത്തെ 24 മണിക്കൂർ വളരെ പ്രധാനമാണ്. സംഭവം നടന്ന സ്ഥലം അലങ്കോലമാക്കരുത്. വളരെ വിലപ്പെട്ട തെളിവുകൾ ആളുകളുടെ തിക്കി തിരക്കൽ മൂലം നഷ്ടപ്പെടാറുണ്ട്.
പോലീസ് എത്തി മൃതദ്ദേഹങ്ങൾ പരിശോധിച്ചു. ജോർജ് വീട്ടിലെ സ്വീകരണ മുറിയിലെ സെറ്റിക്ക് അടുത്തും, റെയ്ച്ചൽ അടുക്കളയിലേക്കുള്ള ഇടനാഴിയിലുമായിരുന്നു കിടന്നിരുന്നത്. റേച്ചലിന്റെ വയറ്റിൽ കത്തി തറച്ചിരുന്നു. നാലാൾ ചായ കുടിച്ചതിന്റെ കപ്പുകൾ അവിടെ ഉണ്ടായിരുന്നു.

തലേന്നു വൈകിട്ടു താൻ ജോലി കഴിഞ്ഞു മടങ്ങാൻ തുടങ്ങുമ്പോൾ 4 പേർ കാറിൽ വന്നതായി ഗൗരി പൊലീസിനു മൊഴി നൽകി. അപ്പോൾ ദമ്പതികളെ കൂടാതെ വേറെ ആരോ അവിടെ വന്നിരുന്നു. പിന്നെ അന്വേഷണം ആ വഴിക്കായി. വീട്ടു വേലക്കാരി ഗൗരിയെ വീണ്ടും ചോദ്യം ചെയ്തു. അവർക്കു പേടിച്ചിട്ടു ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.
ഒരു കൊലപാതകം നടന്നു കഴിഞ്ഞാൽ പോലീസ് ആദ്യം നോക്കുന്നത് അവിടെ നിന്ന് എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നാണ്. ഇവിടെ റെയ്ച്ചലിന്റെ ആഭരണങ്ങളും, ജോർജിന്റെ റോളക്സ് വാച്ചും, ടേപ്പ് റെക്കോർഡറും, അലമാരയിൽ നിന്ന് പൈസയും മറ്റും മോഷണം പോയിട്ടുണ്ട്. അതായതു കൊലപാതകം നടത്തിയത് മോഷണത്തിന് വേണ്ടിയാണ്. പിന്നീട് പോലീസിന്റെ ശ്രദ്ധ മുഴുവൻ ഈ വിരലടയാളങ്ങൾ കുപ്രസിദ്ധ മോഷ്ടാക്കളുടെയാണോ എന്ന് പരിശോധിക്കുകയായിരുന്നു.

അന്ന് സിബി മാത്യൂസ് എന്ന ASP യുടെ കരിയറിലെ ആദ്യത്തെ കുറ്റന്വേഷണമായിരുന്നു ഇത്. അദ്ദേഹം പിന്നീട് വലിയ വലിയ കേസുകൾ തെളിയിച്ചു പ്രശക്തനായി. പ്രതികൾ വീടാകെ വലിച്ചു വാരി ഇട്ടിരുന്നു. താഴെ ചിതറി കിടന്ന പേപ്പറുകളിൽ രക്തത്തിൽ പതിഞ്ഞ ഷൂസിന്റെ പാടുകൾ ഉണ്ടായിരുന്നു. അത്തരത്തിലൊരു ഷൂ അക്കാലത്തു കേരളത്തിൽ കണ്ടിട്ടില്ല.
അന്ന് ബാറ്റയൊക്കെയായിരുന്നു ഷൂ നിർമാതാക്കളിൽ പ്രമുഖർ. ആ ഷൂസിന്റെ പാട് ഫോട്ടോ എടുത്തു ബാറ്റ ഷോറൂമിൽ കാണിച്ചു. അപ്പോൾ അവർ പറഞ്ഞത് ഈ ഷൂസ് വിദേശനിർമ്മിതമാണെന്നാണ്.
പിന്നെ അന്വേഷണം ആ വഴിക്കായി.
സിബി മാത്യൂസ് ഒരു കാര്യം വ്യക്തമായി പറഞ്ഞു. “ഇത് ചെയ്തത് പ്രൊഫഷണൽ ഗുണ്ടകൾ അല്ല”. ആഡംബര പ്രിയരായ ചെറുപ്പകാരായിരിക്കണം ഇത് ചെയ്തത്.
അദ്ദേഹം അതിന് പറഞ്ഞ കാരണം ഈ ഷൂസിന്റെ പാടായിരുന്നു. അത് കടക്കാർ പറഞ്ഞതു പോലെ വിദേശ നിർമ്മിത ഷൂസ് ആയിരുന്നു. കൂടാതെ കുത്തേറ്റിരിക്കുന്നത് അടുക്കളയിലെ കറി കത്തി കൊണ്ടാണ്. റേയ്ചലിന്റെ വയറിൽ കത്തിയുടെ പിടി ഒടിഞ്ഞു താഴ്ന്നിറങ്ങിയ നിലയിലായിരുന്നു. പ്രൊഫഷണൽ ഗുണ്ടകൾ ആണെങ്കിൽ അവർ ആയുധം കൂടെ കൊണ്ടുവരുമായിരുന്നു. പിന്നെ ആരോടും അടുപ്പം കാണിക്കാത്ത ഈ ദമ്പതികൾ വാതിൽ തുറന്നു ചായ കൊടുത്തിട്ടുണ്ടെങ്കിൽ വന്നതിൽ ഒരാളെങ്കിലും ഇവരുടെ പരിചയക്കാർ ആകണം. അതിനാൽ വീണ്ടും അന്വേഷണം ബന്ധുക്കളിലേക്ക് തിരിഞ്ഞു.
ഇതിനിടെയാണ് ഗൗരി ഒരു കാര്യം വെളിപ്പെടുത്തിയത്. ഈ ഒരു വാചകം ആണ് ക്രൂരമായ ഈ കൊലപാതകത്തിലേക്കുള്ള വഴി തെളിച്ചത്.
ദൃസാക്ഷികൾ ഇല്ലാത്ത കേസുകളിൽ കൊലപാതകിയിലേക്കുള്ള വഴിയിൽ ഒരു തെളിവ് അവർ അവശേഷിപ്പിച്ചിരിക്കും. എത്ര വിദഗ്ധമായി കൊലപാതകം നടത്തിയാലും ഒരു ലൂപ് ഹോൾ അവശേഷിക്കും. മാധ്യമങ്ങൾ അതിനെ ദൈവത്തിന്റെ കയ്യൊപ്പ് എന്നൊക്കെ വിശേഷിപ്പിക്കും. പോലീസ് ഭാഷയിൽ അതിന് വിസിറ്റിംഗ് കാർഡ് എന്നാണ് പറയുക. കൊലപാതകിയുടെ വിസിറ്റിംഗ് കാർഡ്. ഇതിൽ ആ വിദേശ നിർമ്മിത ഷൂസും, ഗൗരിയുടെ മൊഴിയും വിസിറ്റിംഗ് കാർഡുകളായി.
ഒക്ടോബർ ആറാം തിയ്യതി ജോലി കഴിഞ്ഞു ഗൗരി പോകാറായപ്പോൾ ഒരു കാർ ആ വീട്ടിൽ വന്നു ഉടനെ അമ്മച്ചി നാലു ചായ കൂടി ഉണ്ടാക്കിവെച്ചിട്ടു പോകാൻ പറഞ്ഞു.
ആരാണത് എന്ന ചോദ്യത്തിന് “അത് മദ്രാസിലെ മോനാ” എന്നമ്മച്ചി മറുപടി പറഞ്ഞു. ഈ ഒരു സ്റ്റേറ്റ്മെന്റ് ആണ് പിന്നീട് പ്രതിയിലേക്ക് നയിച്ചത്.
പക്ഷേ ഈ അടുത്തകാലത്തു ഇതിന്റെ ഒരു അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ക്രൈം ഡീറ്റാച്ച്മെന്റ് DySP കെ.എൻ ബാൽ പറയുന്നത് “മദ്രാസിലെ മോൻ “എന്ന വാക്ക് ഗൗരി പറഞ്ഞിട്ടില്ല. അത് മാധ്യമ സൃഷ്ടിയാണെന്നാണ്.
ബാൽ ആയിരുന്നു ഈ കേസിന്റെ തുടക്കത്തിൽ പ്ലാൻ ഓഫ് ആക്ഷൻ തയ്യാറാക്കിയത്.
അദ്ദേഹമാണ് ഗൗരിയെ ചോദ്യം ചെയ്തതും.

അദ്ദേഹം പറയുന്നത് ഈ കേസ് തെളിയിച്ച ക്രെഡിറ്റ് അദ്ദേഹത്തിന് ലഭിച്ചില്ലെന്നും വേറെ പലരും അത് കൈക്കലാക്കി എന്നുമാണ്.
ഗൗരി അന്ന് പറഞ്ഞത് – അമ്മച്ചിയോടു ആരാണ് വരുന്നത് എന്ന് ചോദിച്ചപ്പോൾ “അപ്പച്ചന്റെ ഒരു ബന്ധുവാണ്. മദ്രാസിലാണ് പഠിക്കുന്നത്” എന്ന് മാത്രമാണത്രെ – അന്ന് പറഞ്ഞത്. എന്തായാലും ക്രൈം ഡയറി എഴുതിയ ഏതോ ഭാവനയുള്ള പോലീസുകാരൻ എഴുതിയതാണ് മദ്രാസിലെ മോൻ എന്നത്. പിൽക്കാലത്തു അത് ആ പേരിൽ ഒരു സിനിമയുമായി.
സംഭവം നടന്നു നാലാമത്തെ ദിവസമാണ് ഗൗരി ഈ കാര്യം വെളിപ്പെടുത്തിയത്. അവർക്കു ഭയമായിരുന്നു. കഴിവുള്ള അപ്പച്ചനെയും അമ്മച്ചിയേയും കൊല്ലാമെങ്കിൽ അയാളെ ചൂണ്ടികാട്ടിയ എന്നെയും അയാൾ കൊല്ലുമെന്ന് ഗൗരിയമ്മ വല്ലാതെ പേടിച്ചു. അവരുടെ സഹോദരനാണ് അവർക്കു ധൈര്യം പകർന്നു കൊടുത്തത്. “സത്യം പറഞ്ഞിട്ട് മരിക്കാണെങ്കിൽ നമുക്ക് ഒരുമിച്ചു മരിക്കാം എന്ന് ” അദ്ദേഹം വാക്ക് കൊടുത്തുവത്രെ. എന്നാലും ഓരോ പ്രാവശ്യവും പ്രതി പരോളിൽ ഇറങ്ങുമ്പോൾ ഗൗരി പേടിച്ചു വിറച്ചാണ് കഴിഞ്ഞിരുന്നത്. അവർ 98 മത്തെ വയസ്സിൽ രണ്ട് വർഷം മുൻപ് നിര്യാതയായി. കേരളം ഞെട്ടി വിറച്ച ഒരു കേസിന്റെ പ്രധാന സാക്ഷി ആയിക്കൊണ്ട് സത്യസന്നദ്ധതയുടെ പര്യായം ആയിട്ടു വിട പറഞ്ഞു.
അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥർ ഇവർ രണ്ടുപേരുടെയും ഒരു ഫാമിലി ട്രീ ഉണ്ടാക്കി.
അതിൽ ജോർജ് അപ്പച്ചന്റെ അമ്മയുടെ അനിയത്തിയുടെ മകളുടെ ഒരു മകൻ മദ്രാസിൽ ഏയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗ്ന് പഠിക്കുന്നുണ്ട്.
ആളെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ ആളൊരു മുടിയനായ പുത്രനാണെന്നു ബോധ്യമായി. ഡ്രഗ്സും, മദ്യവും അടിച്ചു പൊളി ജീവിതവുമായി സ്വത്തുക്കൾ നശിപ്പിച്ചു നടക്കുന്ന ഒരു തെമ്മാടി.
മദ്രാസിൽ പഠിക്കുന്നുണ്ടെങ്കിലും കോളേജിലൊന്നും പോകാറില്ല.

ഉടനെ രണ്ട് പേർ ഇവരെ തപ്പി മദ്രാസിലേക്ക് പുറപ്പെട്ടു.
അന്നൊന്നും ഇന്നത്തെപോലെ തമിഴ്നാട് പോലീസ് നമ്മുടെ പോലീസുമായി അത്ര സഹകരണം ഒന്നും ഇല്ല. ശാസ്ത്ര സാങ്കേതിക വിദ്യകളോ ഇത്ര മെച്ചപ്പെട്ടിട്ടില്ല.
ഈ അന്വേഷിച്ചു പോയവരിൽ ഒരാൾ നാടകവുമൊക്കെയായി ബന്ധമുള്ള ഒരു കലാകാരനായിരുന്നു. പഴയ സിനിമ നടൻ എം ജി സോമൻ ഇദ്ദേഹത്തിന്റെ കൂട്ടുകാരൻ ആയിരുന്നു.


അന്നൊക്കെ സിനിമ നടൻമാർ താമസിക്കുന്ന വുഡ്ലാൻഡ് ലോഡ്ജിൽ ചെന്നു ഇവർ എം ജി സോമനോടും, അടുത്ത മുറിയിൽ താമസിക്കുന്ന സിനിമ നടൻ ജനാർദ്ദനനോടും കാര്യം പറഞ്ഞു. അവർ അവരെ സഹായിക്കാൻ തയ്യാറായി.
ഒരു കാറും മദ്രാസ് പരിചയമുള്ള ഒരു ഡ്രൈവറെയും അവർ അറേഞ്ച് ചെയ്തു കൊടുത്തു.
മിക്ക ലോഡ്ജിലും കയറിയിറങ്ങി എങ്കിലും ഒന്നും കണ്ടെത്താനായില്ല. അങ്ങിനെ മദ്രാസിൽ ചെന്നതിന്റെ മൂന്നാമത്തെ ദിവസം അവർ ഒരു ലോഡ്ജിൽ എത്തുകയും. ഇവരുടെ വിവരങ്ങൾ പറഞ്ഞപ്പോൾ അവിടെ ഒരു മുറിയിൽ ഇവർ താമസമുണ്ടെന്നും കണ്ടെത്തി.
ഇവർ മുറിയിലേക്ക് ചെന്നപ്പോൾ ആദ്യം അവർ കണ്ടെത്തിയത് ആ വിദേശ നിർമിത ഷൂസ് തന്നെയായിരുന്നു. എന്ത് കൊണ്ടു ആ ഷൂസ് കളഞ്ഞില്ല എന്ന ചോദ്യത്തിന് റെനി ഉത്തരം നൽകിയത് “അത് വളരെ വിലപിടിപ്പുള്ള ഷൂ ആയതിനാൽ “എന്നായിരുന്നു.
കരിക്കൻ വില്ലയിലെ ജോർജ് എന്ന അപ്പച്ചന്റെ അമ്മയുടെ അനിയത്തിയുടെ മകളുടെ മകൻ റെനി ജോർജിന്റെ ( Reni George ) ആയിരുന്നു അത്. അയാളെയും അയാളുടെ കൂട്ടുകാരൻ മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദിനേയും ( Gulam Mohammed ) അന്ന് അറസ്റ്റ് ചെയ്തു.
അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അവർ ഇവരെ ചോദ്യം ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കാര്യങ്ങളെല്ലാം വെളിവായി. ഇവർ തന്നെയാണ് കൊലപാതകം നടത്തിയത്. ഇവരെ കൂടാതെ രണ്ട് പേർ കൂടി ഉണ്ടായിരുന്നു. മലേഷ്യൻ സ്വദേശി ഗുണശേഖരൻ ( Gunashekharan ), കെനിയക്കാരനായ കിബ്‌ലോ ദാനിയൽ ( Kiblo Daniel ) എന്നീ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്തമായി.
ഗുണശേഖരനെ പിറ്റേ ദിവസം അറസ്റ്റ് ചെയ്തു.
എന്നാൽ കെനിയയിലെ ഒരു രാഷ്ട്രീയക്കാരന്റെ മകനായ കിബലോ തന്റെ പാസ്പോർട്ട് കളഞ്ഞു പോയെന്നും തനിക്ക് അത്യാവശ്യമായി നാട്ടിൽ പോകണം എന്നും പറഞ്ഞു കെനിയൻ എംബസിയിൽ പോയിരുന്നു. ഇയാൾ പിന്നീട് തിരുവല്ല പോലീസിൽ കീഴടങ്ങി.
അങ്ങിനെ കൊലപാതകം നടന്നു പത്തു ദിവസത്തിൽ ഒരു ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും സഹായമില്ലാതെ കേരള പോലീസ് ഈ കൊലപാതകത്തിന്റെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു.
ഇവരെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ജയിലിലേക്ക് അയച്ചു. കിബ് ലോ നെ മാത്രം തിഹാർ ജയിലേക്ക് പിന്നീട് മാറ്റുകയുണ്ടായി.
വിചാരണ വേളയിൽ ഗൗരിക്ക് മൊഴി മാറ്റി പറയാൻ വല്ലാത്ത സമ്മർദ്ദം ഉണ്ടായിരുന്നു. സ്ഥലവും വീടും കൊടുക്കാമെന്നു ഒന്നാം പ്രതി റെനി ജോർജിന്റെ അപ്പൻ പറഞ്ഞിരുന്നുവത്രെ. പക്ഷേ ഗൗരി അതേ മൊഴിയിൽ ഉറച്ചു നിന്നു. വല്ലാതെ കഷ്ടപ്പെട്ട് ജീവിച്ച അവരുടെ സ്ഥിതി അറിഞ്ഞു പിൽക്കാലത്തു ഒരു സന്നദ്ധ സംഘടന അവരുടെ വീട് നന്നാക്കി കൊടുക്കുകയുണ്ടായി. സത്യസന്ധതയിൽ അവർ ഉറച്ചു നിന്നു.
മാധ്യമങ്ങൾ റെനി ജോർജിനെ ഈ ദമ്പതികളുടെ വളർത്തു മകനായും മറ്റും ചിത്രീകരിച്ചിരുന്നു. എന്നാൽ ഇവർ തമ്മിൽ വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ആകെ രണ്ട് പ്രാവശ്യമാണ് ഇവർ തമ്മിൽ കണ്ടിട്ടുള്ളത്. ഒന്ന് റെനിയുടെ അമ്മയുടെ അപ്പൻ – അതായതു ജോർജിന്റെ അമ്മയുടെ അനിയത്തിയുടെ ഭർത്താവ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ദമ്പതികൾ അവരെ കാണാനായി വന്നപ്പോൾ റെനിയെ പരിചയപ്പെടുത്തി. അന്നവർ ചായ കൊണ്ടുവന്ന ഫ്ലാസ്ക് തിരിച്ചു കൊടുക്കാനായി റെനി ഒരു ദിവസം അവരുടെ വീട് വരെ ഒന്ന് ചെന്നു. അന്നും അകത്തൊന്നും കയറിയില്ല. മൂന്നാമത്തെ വരവിലായിരുന്നു കൊലപാതകം. മദ്യത്തിനും, മയക്കുമരുന്നിനും അടിമയായ ഇവർ പണത്തിനു വേണ്ടി മുൻപും മോഷണങ്ങൾ നടത്തിയിട്ടുണ്ട്.
അവർ അന്ന് കരിക്കൻ വില്ലയിൽ വന്ന കാറും മോഷ്ടിച്ചതായിരുന്നു.
റെനിയുടെ പിതാവിന്റെ വണ്ടി നമ്പർ അതിൽ കൃത്രിമമായി ഉണ്ടാക്കി ഒട്ടിച്ചു. റെനിയുടെ മാതാപിതാക്കൾ ഡൽഹിയിൽ ആയിരുന്നു അവരുടെ വണ്ടിയുടെ ഡീറ്റെയിൽസ് എല്ലാം ഫോട്ടോ കോപ്പിയെടുത്തു കയ്യിൽ വച്ചു.
കരിക്കൻ വില്ലയുടെ തൊട്ടടുത്തു താമസിക്കുന്ന ആൾ ഒരു കേരള നമ്പർ അല്ലാത്ത ഒരു വണ്ടി ആ വീട്ടിൽ വന്നിരുന്നു എന്ന് സ്ഥിതീകരിച്ചിരുന്നു.
സുഹൃത്തുക്കളായ കിബ്ലോ ദാനിയേല്‍ (കെനിയ), ഗുണശേഖരന്‍ (മലേഷ്യ), ഗുലാം മുഹമ്മദ് (മൗറീഷ്യസ്) എന്നിവരെക്കൂട്ടി കാറില്‍ കരിക്കന്‍ വില്ലയില്‍ എത്തി കൃത്യം നടത്തി മടങ്ങുകയായിരുന്നു റെനി.
മോഷണശ്രമാമായിരുന്നു ഉദ്ദേശം എങ്കിലും ജോര്‍ജ് എതിര്‍ത്തപ്പോള്‍ അത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ഒരു പിഴവും സംഭവിക്കില്ല എന്നുറപ്പിച്ചാണ് റെനി ഈ കൃത്യം ചെയ്തത്. അതുകൊണ്ടു തന്നെ കേരള പോലീസിന്റെ സാമർഥ്യത്തെ പരസ്യമായി അഭിനന്ദിക്കാനും റെനി മറന്നില്ല. കൊലപാതകത്തിനിടെ കത്തികൊണ്ട് റെനിയുടെ കൈഞരമ്പ് മുറിഞ്ഞു. മടങ്ങിപ്പോകുംവഴി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മുറിവ് തുന്നിക്കെട്ടിയിരുന്നു.
1983 ൽ കോടതി അവരെ നാലുപേരെയും ജീവപര്യന്തം ജയിൽ ശിക്ഷക്ക് വിധിച്ചു. കോടതി വളരെ വ്യക്തമായി അതിൽ പറഞ്ഞിരുന്നത് “അപൂർവങ്ങളിൽ അപൂർവമായ ഈ കേസിന് വധശിക്ഷ കൊടുക്കേണ്ടതാണ്. എന്നാൽ പ്രതികളുടെ പ്രായവും, മുൻപ് കേസുകളിൽ ഉൾപെടാത്തതും, നന്നാകാനുള്ള ഒരവസരം കൊടുക്കാനുമായി ജീവപര്യന്തം ആക്കുന്നു എന്നാണ്” കോടതിയുടെ ഈ വാക്കുകൾ പിന്നീട് റെനിയുടെ ജീവിതം ശരിവെച്ചു.
ജയിലിൽ മദ്രാസിലെ മോനെ ഹർഷാരവങ്ങളോടെയാണ് മറ്റ് കുറ്റവാളികൾ എതിരേറ്റത്.
ജയിൽ എന്ന ശിക്ഷ രീതി ഉപയോഗിക്കുന്നത് രണ്ട് കാര്യങ്ങൾക്കു വേണ്ടി ആണ്.
ഒന്ന് കുറ്റവാസന ഉള്ള ആളുകളെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക;
രണ്ടാമതായി ഒരു കറക്ഷണൽ ഹോം പോലെയും.
എന്നാൽ ഇതിൽ സാധാരണ സംഭവിക്കാറുള്ളത് നേരെ മറിച്ചാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കുറ്റവാളി ആകുന്ന പലരും ജയിൽ ചെന്നു കഴിഞ്ഞാൽ കൊടും കുറ്റവാളികൾ ആയി മാറുന്നു.
കുട്ടികളുടെ ജയിലിന്റെ കാര്യത്തിലും ഗതി ഇതുതന്നെ. ദുർഗുണ പരിഹാര പാഠശാല എന്നുള്ളത് പലരും തെറ്റി ദുർഗുണ പാഠശാല എന്ന് പറയാറുണ്ട്. സത്യത്തിൽ അതാണ് അവിടെ സംഭവിക്കുന്നത്. ദുർഗുണങ്ങൾ എല്ലാം പഠിച്ചു അവർ വലിയ ക്രിമിനലുകളായി പുറത്തു വരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം കുട്ടി കുറ്റവാളികളെ കാലിൽ ഒരു മോണിറ്ററിങ് മെഷീൻ ഘടിപ്പിച്ചു അവരെ വീട്ടിൽ വിടുകയും പ്രൊബേഷണൽ ഓഫീസർ എന്നൊരു ആൾ അവരെ നീരിക്ഷിക്കുകയും ചെയ്യുന്നു. വയസ്സായ കുറ്റവാളികളെയും അവർ ഇങ്ങനേ ആണ് ചെയ്യുന്നത്; ഒരു തരത്തിൽ പറഞ്ഞാൽ വീട്ടു തടങ്കൽ.
അത്തരം ശിക്ഷ രീതികൾ ഇനി എന്നാണാവോ നമ്മുടെ നാട്ടിൽ എത്തുക?
ജയിലിൽ മദ്രാസിലെ മോന് ആവശ്യമുള്ള ഡ്രഗ്സും മദ്യവും സുലഭമായി കിട്ടികൊണ്ടിരുന്നു.
പരോളിൽ പുറത്തു പോകുന്ന കുറ്റവാളികൾ തിരിച്ചു വരുമ്പോൾ പൈസ കൊണ്ടുവരണം അതാണ് ജയിലിലെ നിയമം. ഇത് പാലിക്കാതെയായാൽ സഹതടവുകാരിൽ നിന്നും കിട്ടുന്ന പീഡനം ഓർത്തു പലരും പരോളിൽ ഇറങ്ങി മോഷണമോ കൊലപാതകമോ ചെയ്യുന്നു.
ജയിലർമാർക്ക് എന്നും ഒരു തലവേദന ആയിരുന്നു മദ്രാസിലെ മോൻ എന്ന റെനി ജോർജ്.
ഈ അവസരത്തിൽ നാട്ടിലെ ഒരു ജുവല്ലറി മുതലാളി മദ്രാസിലെ മോൻ എന്ന പേരിൽ കരിക്കൻവില്ല കൊലപാതകത്തെക്കുറിച് ഒരു സിനിമയും ഉണ്ടാക്കി.
ആദ്യ പരോളിൽ ഇറങ്ങിയ റെനി പൈസക്ക് വേണ്ടി ഇതിന്റെ നിർമാതാവിനെ സമീപിച്ചു ഭീഷണിപ്പെടുത്തി.
60,000 രൂപ അയാളുടെ കൈയിൽ നിന്നും വാങ്ങിച്ചു ജയിലിലേക്ക് തിരിച്ചു പോയി.
അതിൽ 30000 രൂപ ജയിൽ അധികൃതർ എടുത്തു എന്ന് റെനി തന്നെ പിന്നീട് വെളിപ്പെടുത്തി.
ഓരോ തവണ റെനി പരോളിൽ വരുമ്പോഴും ഞെട്ടി വിറച്ചിരുന്ന ഒരാളുണ്ട് ഗൗരി എന്ന വീട്ടുവേലക്കാരി. തന്നെ അയാൾ കൊല്ലുമെന്നവർ സദാ ഭയപ്പെട്ടു.
രണ്ടാമതും പരോളിൽ ഇറങ്ങിയ റെനി തന്റെ ശിക്ഷ കഴിഞ്ഞുള്ള സുഖജീവിതത്തിനായി ഒരു ബാങ്ക് കൊള്ളയടിക്കാൻ തന്നെ തീരുമാനിച്ചു. ആ വരവിൽ അയാൾ അതിനുള്ള കോപ്പുകൾ തയ്യാറാക്കികൊണ്ടിരുന്നു.
ഗ്യാസ് കട്ടർ നന്നാക്കി കൊണ്ടിരിക്കുമ്പോൾ ആരോ തന്നെ കാണാൻ വന്നിട്ടുണ്ടെന്നു അമ്മ പറഞ്ഞു. ചെന്നു നോക്കുമ്പോൾ താടിയെല്ലാം വളർത്തിയ ഒരു പഴയ കുറ്റവാളി തന്നെ അന്വേഷിച്ചു വന്നിരിക്കുന്നു.
തീർച്ചയായും തന്റെ കൂടെ ചേർന്നു മോഷണം നടത്താനായിരിക്കും എന്നു തന്നെ വിശ്വസിച്ചു റെനി അവന്റെ പുറകെ പോയി.
എന്നാൽ ഒരു പ്രാർത്ഥനാലയത്തിലേക്കായിരുന്നു അയാൾ റെനിയെ കൂട്ടികൊണ്ട് പോയത്.
അയാൾ അത്ഭുതപെട്ടു. തന്നെ മാനസാന്തരപ്പെടുത്തുകയോ? അയാൾക്ക് ചിരിയും, പുച്ഛവും സമയം കളഞ്ഞതിനു ദേഷ്യവും തോന്നി.
പക്ഷേ എന്തുകൊണ്ടോ അവിടെ നിന്ന് ഇറങ്ങിപോകാൻ അയാൾക്ക് തോന്നിയില്ല.
അന്ന് അവിടെ വച്ചു ഒരു കൊടും കുറ്റവാളി മാനസാന്തരപ്പെടുകയായിരുന്നു.
അയാൾ ഉരുകുകയായിരുന്നു.
ജീവിതത്തിൽ ആദ്യമായി അയാൾ പൊട്ടി പൊട്ടി കരഞ്ഞു.
തന്റെ പഴയകാല ജീവിതത്തെ കുറിച്ചുള്ള കുറ്റബോധം അയാളെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചു. ആർക്കും വിശ്വസിക്കാനാവാത്തവിധം അയാൾ മാറുകയായിരുന്നു.



തിരിച്ചു ജയിലിൽ ചെന്നപ്പോൾ അയാളുടെ ബാഗിൽ നിറയെ പണമായിരിക്കും എന്നാണ് സഹതടവുകാർ വിചാരിച്ചത്. കാരണം ആ സമയത്തു ശരിക്കും ഒരു ബാങ്ക് കൊള്ള നടന്നിരുന്നു. അതിന്റെ പിന്നിൽ റെനി ജോർജ് തന്നെയായിരിക്കും എന്ന് അവർ ഏതാണ്ട് ഉറപ്പിച്ചിരുന്നു.
എന്നാൽ അവർക്കു ആ ബാഗിൽ കാണാനായതു ഒരു ബൈബിൾ മാത്രമാണ്.
സഹതടവുകാർക്ക് ദേഷ്യം വന്നു. ഇവന്റെ മനം മാറ്റം വെറും നാടകമാണെന്നും പൈസ മുഴുവൻ അവൻ ഒറ്റയ്ക്ക് എടുക്കാൻ വേണ്ടിയാണെന്നും അവർ പരിഹസിച്ചു.
റെനി ജയിലിലും പ്രാർത്ഥനയും, പാട്ടും തുടങ്ങി. കേട്ടാലറക്കുന്ന അശ്ലീല പദങ്ങൾ കൊണ്ടു മറ്റുള്ളവർ അവനെ കളിയാക്കി. എന്നാൽ മറിച്ചൊന്നും പറയാതെ റെനി പ്രാർത്ഥനയിൽ മുഴുകി.
ആദ്യമാദ്യം തനിച്ചായിരുന്നു പ്രാർത്ഥന. പിന്നീട് ചിലരെല്ലാം കൂടെ കൂടാൻ തുടങ്ങി.
അടുത്ത പ്രാവശ്യം പരോളിൽ ഇറങ്ങിയപ്പോൾ റെനി ഗൗരിയെ കാണാൻ ചെന്നു. പേടിച്ചിരുന്ന ഗൗരി ഇയാൾ തന്നെ കൊല്ലുമെന്ന് ഉറപ്പിച്ചൂ. പക്ഷേ ഗൗരിയുടെ പ്രിയപ്പെട്ട യജമാനത്തിയെ കൊന്നതിനു റെനി കരഞ്ഞുകൊണ്ട് മാപ്പപേക്ഷിച്ചു.
അവിടെനിന്നു റെനിയുടെ ജീവിതം മാറുകയായിരുന്നു. തിരിച്ചു ജയിലെത്തിയത് റെനിയുടെ കല്യാണം കഴിഞ്ഞു കൊണ്ടായിരുന്നു. ബഹറിനിൽ നേഴ്സ് ആയ ടീനയെ ആയിരുന്നു റെനി വിവാഹം കഴിച്ചത്.
ഏത് കൊടും കുറ്റവാളിക്കും ഒരു മാനസാന്തരം ഉണ്ടാകും എന്നവൾ ഉറച്ചു വിശ്വസിച്ചു. റെനിയും തന്റെ മാറിയ ജീവിതം കൊണ്ടു അത് ശരിയാണെന്നു തെളിയിച്ചു.
പതിനാലു വർഷം തടവിൽ കിടന്നു മോചിതനായ റെനി നേരെ ബാംഗ്ലൂരിലേക്ക് പോയി. തന്റെ പ്രിയതമ ഒരു കൊടും കുറ്റവാളിയെ വിവാഹം കഴിച്ചത് കൊണ്ടു സമൂഹത്തിൽ ഒറ്റപെട്ടു.
അവൾ ജോലി ഉപേക്ഷിച്ചു തടവുകാരുടെ മക്കൾക്ക് വേണ്ടി ഒരു സ്ഥാപനം തുടങ്ങി.
കിബ്‌ലോയും ഗുണശേഖറും ഗുലാമും മോചിതരായി തങ്ങളുടെ രാജ്യങ്ങളിലേക്കു മടങ്ങി.
അവരെയൊന്നു പിന്നീടു റെനി കണ്ടിട്ടില്ല.
ഇന്ന് റെനി ബ്രദർ റെനിയാണ്.
സുവിശേഷയോഗങ്ങളും, പ്രേഷിത പ്രവർത്തനങ്ങളുമായി റെനി ഒരു സമാധാന ജീവിതം നയിക്കുന്നു.
ഒരു പാട് കുട്ടികളുടെ പ്രിയ ഡാഡിയാണ് ഇന്ന് റെനി.
തടവുകാരുടെ മക്കൾക്കായി പ്രവർത്തിക്കുന്നു. ഒപ്പം ഭാര്യ ടീനയും.
പലപ്പോഴും കരിക്കൻ വില്ല കേസിനെപ്പറ്റി ഡോക്യൂമെന്ററി ഉണ്ടാക്കാൻ പലരും റെനിയെ കരിക്കൻ വില്ലയിലേക്ക് ക്ഷണിച്ചു. എന്നാൽ റെനി പറഞ്ഞത് ആ ജീവിതത്തെ പറ്റി പറയാനോ ആ വീട് സന്ദർശിക്കാനോ എനിക്കിനി താത്പര്യമില്ല എന്നാണ്.
അത്രക്കും അയാൾ മാറിയിരിക്കുന്നു.
വിധി ന്യായത്തിൽ കോടതി പറഞ്ഞ വാക്കുകൾ സത്യമായി പര്യവസാനിച്ചു – കൊടും കുറ്റവാളി സുവിശേഷപ്രവർത്തകനായി.
കരിക്കൻവില്ല ഇന്നൊരു പ്രാർഥനാ ഭവനമാണ്.
ഏതാനും വർഷം മുൻപു ഗോസ്‌പൽ ഫോർ ഏഷ്യ ഈ വീടും പറമ്പും വാങ്ങി. കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ സിബി മാത്യുവും റെനിയെ വീണ്ടും കണ്ടുമുട്ടി.
പരോളിലിറങ്ങിയ കുറ്റവാളി തനിക്കു ശിക്ഷ വാങ്ങിത്തന്നെ ഉദ്യോഗസ്‌ഥനെ തേടിപ്പിടിച്ചു ചെന്നുകണ്ട് ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നു പറഞ്ഞപ്പോൾ സിബിക്കു വിശ്വസിക്കാനായില്ല.
കേസന്വേഷണത്തിനു ചുക്കാൻപിടിച്ച എസ്.പി: ഗോപിനാഥ്, സി.ഐ: എ.കെ. ആചാരി, എസ്.ഐ. അബ്‌ദുൽ കരിം എന്നിവർ മരിച്ചു.