Woman tries to feed boyfriend’s corpse to children after skinning him.
1955, ഒക്ടോബര്‍ 24 നായിരുന്നു കാതറീന്റെ ജനനം.

അമ്മ ബാര്‍ബറയ്ക്ക്, ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായിരുന്ന കെന്‍ നൈറ്റില്‍ ഉണ്ടായ ഇരട്ടകളില്‍ ഇളയവളാണ് കാതറീന്‍. ആബര്‍ഡീനിലായിരുന്നു ബാര്‍ബറ താമസിച്ചിരുന്നതെങ്കിലും കെന്നുമായുള്ള ബന്ധം നാട്ടില്‍ എല്ലാവരും അറിഞ്ഞതോടെ അവര്‍, അയാളിലുണ്ടായ മക്കളെ മാത്രം എടുത്ത് മൊറീ എന്ന സ്ഥലത്തേക്ക് താമസം മാറി. ഈ രണ്ടെണ്ണം കൂടാതെ, ഭര്‍ത്താവില്‍ നാല് മക്കള്‍ കൂടി ബാര്‍ബറയ്ക്ക് ഉണ്ടായിരുന്നു. കുഞ്ഞുനാളിലൊക്കെ കാതറീന്‍ ജീവിച്ചത് സിഡ്നിയിലുള്ള ആന്‍റിയുടെ അടുത്തായിരുന്നു.
ചെറുപ്പത്തില്‍ ബാര്‍ബറയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു കെന്നിന്‍റെ സഹോദരനായ ഓസ്ക്കര്‍. നാട്ടില്‍ അറിയപ്പെടുന്ന ഒരു കുതിരസവാരിക്കാരനായിരുന്നു ഓസ്ക്കര്‍ നൈറ്റ്. പക്ഷെ എന്തോ കാരണത്താല്‍ 1969 ല്‍ അദ്ദേഹം ആരോടും ഒന്നും പറയാതെ ആത്മഹത്യ ചെയ്തു. ഈ മരണം കാതറീനെ വല്ലാതെയങ്ങ് ഉലച്ചെങ്കിലും, ഓസ്‌ക്കറിന്‍റെ ആത്മാവിനെ അവള്‍ പലപ്പോഴായി രാത്രികളില്‍ കാണാന്‍ തുടങ്ങി. അവളെ സാന്ത്വനിപ്പിക്കാനായി ഓസ്ക്കര്‍ പലപ്പോഴായി വരാറുണ്ടെന്ന് പല തവണ കാതറീന്‍, പലരോടായി പറഞ്ഞിട്ടുണ്ട്. അതേ വര്‍ഷം തന്നെ ആ കുടുംബം തിരികെ ആബര്‍ഡീനിലേക്ക് താമസം മാറി. ചെറുപ്പത്തില്‍ താന്‍ പലപ്പോഴായി കുടുംബത്തിലെ പലരാലും പീഡിപ്പിക്കപ്പെട്ടതായി കാതറിന്‍ പറഞ്ഞിട്ടുണ്ട്. മുഴുക്കുടിയനായ കെന്‍ ബാര്‍ബറയെ ദിവസവും, നിരവധി തവണ ബലാല്‍ക്കാരമായി കീഴ്പ്പെടുത്താറുണ്ടെങ്കിലും അയാള്‍ കാതറീനോട് അങ്ങിനെ ഒരിക്കല്‍ പോലും പെരുമാറിയിട്ടില്ല.
ബാര്‍ബറ പക്ഷെ അങ്ങിനെയായിരുന്നില്ല, ഭര്‍ത്താവുമായി ബന്ധപ്പെടുന്നതിനെ കുറിച്ച് വിശദമായിത്തന്നെ കുട്ടികളോട് അവര്‍ പറയാറുണ്ടായിരുന്നു, കൂടെ തന്‍റെ പുരുഷവിദ്വേഷവും അവര്‍ ഇടയ്ക്കിടെ കുട്ടികളുടെ മനസ്സിലേക്ക് കുത്തിവച്ച് കൊണ്ടിരുന്നു.


പഠിക്കുന്ന സമയത്ത് കാതറീന്‍ പലപ്പോഴും ഒരു മാതൃകാ വിദ്യാര്‍ഥിനിയായിരുന്നു, പക്ഷെ ദേഷ്യം വന്നാല്‍ തീര്‍ന്നു. അളവിലധികം വയലന്‍റ് ആകുന്ന കാതറീന്‍റെ ഇഷ്ടവിനോദം തന്നെക്കാള്‍ വലുപ്പം കുറഞ്ഞവരെ ദ്രോഹിക്കുക എന്നതായിരുന്നു. ഒരിക്കല്‍ ഒരു ടീച്ചറിനെയും അവള്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പതിനഞ്ചാമത്തെ വയസ്സില്‍ കാതറീന്‍ സ്കൂള്‍ പഠനം നിര്‍ത്തുമ്പോള്‍ അവള്‍ക്ക് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. പിന്നീട് ഒരു വര്‍ഷത്തോളം അവള്‍ ഒരു തുണിമില്ലിലായിരുന്നു ജോലി ചെയ്തിരുന്നത്, ശേഷം അവളുടെ “സ്വപ്ന-സ്ഥാപനത്തില്‍” ജോലി കിട്ടിയപ്പോള്‍ ആ ജോലി ഉപേക്ഷിച്ച് അവള്‍ പുതിയ ജോലിക്ക് കയറി. ഒരു മീറ്റ് ഫാക്ടറിയായിരുന്നു അത്.
പെട്ടെന്ന് തന്നെ കാതറീന്‍ ആ ജോലിയില്‍ കഴിവ് തെളിയിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അവള്‍ക്ക് സ്ഥാനക്കയറ്റവും കിട്ടി. അവിടെ വച്ചാണ് അവള്‍ ആദ്യമായി ഡേവിഡിനെ കാണുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കാതറീന്‍, ഡേവിഡിനെ പോക്കറ്റിലിട്ട് നടക്കുന്ന അവസ്ഥയായി. പക്ഷെ ഡേവിഡ് എന്ത് പ്രശ്നത്തില്‍ ചെന്ന് ചാടിയാലും, അടിയായാലും വഴക്കായാലും കാതറീന്‍ ഒന്നും നോക്കാതെ അതിലേക്ക് ചാടിയിറങ്ങും. ആരെങ്കിലും അവളെ ചെറിയ രീതിയില്‍ കളിയാക്കുകയോ, വിമര്‍ശിക്കുകയോ ചെയ്‌താല്‍ കയ്യില്‍ കിട്ടിയതെടുത്ത് കാതറീന്‍ അവരെ ആക്രമിക്കും. അങ്ങിനെ നിരവധി കേസുകള്‍ കാതറീന്‍റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാതറീന്‍ ഹോട്ടലിലോ ബാറിലോ വന്ന് കയറുന്നത് കണ്ടാല്‍ത്തന്നെ ആളുകള്‍ മാറിയിരിക്കുന്ന അവസ്ഥയായിരുന്നു അപ്പോൾ അവിടെ.

അങ്ങിനെ ആ ദിവസം വന്നെത്തി. കാതറീന്‍റെയും ഡേവിഡിന്‍റെയും വിവാഹ ദിനം. കുടിച്ചു പൂസായ ഡേവിഡിനെയും പിന്നിലിരുത്തി കാതറീന്‍ തന്റെ ബൈക്കിലാണ് പള്ളിയിലേക്ക് എത്തിയത്. അന്ന് തന്നെ ഡേവിഡിന്‍റെ അമ്മയും, അമ്മായിയമ്മയും (ബാര്‍ബറ) അയാള്‍ക്കുള്ള ഉപദേശം കൊടുത്തു:
“You better watch this one or she”ll f**king kill you. Stir her up the wrong way or do the wrong thing and you”re f**ked, don”t ever think of playing up on her, she”ll f**kin” kill you.”
[“നി ഇതൊന്ന് ശ്രദ്ധിച്ചാൽ നല്ലത്; അല്ലെങ്കിൽ അവൾ നിന്നെ കൊല്ലും. അവളെ തെറ്റായ രീതിയിൽ ഇളക്കിവിടുകയോ; മോശമായി പെരുമാറുകയോ ചെയ്യരുത്. അതുപോലെ തന്നെ അവളോട് കളിക്കാമെന്നും ചിന്തിക്കരുത്, അവൾ നിന്നെ കൊല്ലും”.]
മരുമോള്‍ക്ക് എവിടെയോ, എന്തോ ഇളകിക്കിടപ്പുണ്ടെന്ന കാര്യം കൂടി ഡേവിഡിനോട് പറയാന്‍ ബാര്‍ബറ അയാളുടെ അമ്മയോട് പ്രത്യേകം പറഞ്ഞിരുന്നു. അന്ന് രാത്രി തന്നെ ഡേവിഡിന് സംഭവം മനസിലായി. വിവാഹ രാത്രിയാണെന്നൊന്നും കാതറീന്‍ നോക്കിയില്ല, ബെല്‍റ്റ് കഴുത്തില്‍ കുരുക്കി കാതറീന്‍ അയാളെ കൊല്ലാന്‍ നോക്കി. അതിന്റെ കാരണമാണ് രസം, വെറും മൂന്ന് തവണ മാത്രമേ ഡേവിഡ് അവളുമായി അന്ന് ബന്ധപ്പെട്ടുള്ളൂ അത്രേ. കൂടുതല്‍ ചെയ്യാന്‍ നില്‍ക്കാതെ ഉറങ്ങിപ്പോയതായിരുന്നു ഡേവിഡ് ചെയ്ത കുറ്റം. പിറ്റേന്ന് അതൊക്കെ എങ്ങിനെയോ അവര്‍ പറഞ്ഞ് സോള്‍വാക്കി.
ഒരിക്കല്‍ ഡേവിഡ് വീട്ടില്‍ വരാന്‍ വൈകിയെന്നും പറഞ്ഞ് കാതറീന്‍ അയാളെ നേരിട്ടത് ഫ്രൈയിംഗ് പാന്‍ കൊണ്ട് തലക്കടിച്ചായിരുന്നു. അവിടന്ന് ഓടി രക്ഷപ്പെട്ട ഡേവിഡ് അയല്‍ക്കാരുടെ സഹായത്തോടെയാണ് പോലീസുമായി ബന്ധപ്പെട്ടതും, വൈദ്യസഹായം നേടിയതും. ആ അടിയില്‍ തലയോടിന് കാര്യമായ കേടുപാടുകള്‍ പറ്റിയിരുന്നു. പക്ഷെ ആ അടി കൊണ്ടൊന്നും കാതറീന്‍റെ ദേഷ്യം തീര്‍ന്നില്ല, ഡേവിഡിന്‍റെ വസ്ത്രങ്ങളും ഷൂസും എല്ലാം തന്നെ അവള്‍ കൂട്ടിയിട്ട് കത്തിച്ചു.
സംഭവം പോലീസ് കേസായെങ്കിലും കാതറീന്‍ തന്നെ സംസാരിച്ച് ഡേവിഡിനെ കൊണ്ട് കേസ് പിന്‍വലിപ്പിച്ചിരുന്നു. ആ സമയം കാതറീന്‍ ഗര്‍ഭിണിയുമായിരുന്നു, പക്ഷെ അധികം വൈകാതെ സ്വഭാവം വീണ്ടും പഴയപോലെത്തന്നെ ആയി.
ആദ്യത്തെ പ്രസവം കഴിഞ്ഞു വൈകാതെ തന്നെ ഡേവിഡ് അവരെ വിട്ട് പോയി. അയാള്‍ക്ക് സഹിക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ. അവരുടെ മകളായ മെലിസ്സ അമ്മയെപ്പോലെ ആയാലോ എന്ന ഭയത്താലും, പിഞ്ചു കുഞ്ഞായതിനാലും മകളെ എടുക്കാതെയാണ് അയാള്‍ നാട് വിട്ടത്. മറ്റൊരു സ്ത്രീയോടൊപ്പം ക്വീന്‍സ്-ലാന്‍ഡില്‍ അയാള്‍ സുഖമായി ജീവിക്കുന്നുണ്ട് എന്ന വിവരമാണ് അവള്‍ അവസാനമായി കേട്ടത്.
കാതറീന് ഈ വേര്‍പാട് താങ്ങാനായില്ല. എത്രയൊക്കെ ദ്രോഹിച്ചിരുന്നെങ്കിലും അവള്‍ക്ക് ഡേവിഡിനോട് സ്നേഹമുണ്ടായിരുന്നു, ഒരു തരം ഭ്രാന്തമായ സ്നേഹം.
തൊട്ടടുത്ത ദിവസം റോഡിലൂടെ മകളെ കിടത്തിയ ബേബി ക്യാരേജും കൊണ്ട് ലക്കും ലഗാനും ഇല്ലാതെ നടക്കുന്ന കാതറീനെയാണ് നാട്ടുകാര്‍ കണ്ടത്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് പലരും അതിനെ എടുക്കാന്‍ ചെന്നെങ്കിലും കാതറീന്‍ ചീറിക്കൊണ്ട് അവരെയൊക്കെ ഭയപ്പെടുത്തി ഓടിച്ചു. ഒടുക്കം എങ്ങിനെയൊക്കെയോ ആളുകള്‍ അവളെ കീഴ്പ്പെടുത്തി ആശുപത്രിയിലാക്കി.
ഏതാനും ആഴ്ച്ചകള്‍ മാത്രമാണ് കാതറീന്‍ അവിടെ കിടന്നത്. ഡേവിഡ് പോയതിന്‍റെ ഡിപ്രഷന്‍ മൂലമാണ് എല്ലാം നടന്നത്, താനിപ്പോള്‍ മാനസികമായി നല്ല നിലയിലാണ് എന്നൊക്കെ വളരെ പെട്ടെന്ന് തന്നെ ഡോക്ടര്‍മാരെ കണ്‍വിന്‍സ് ചെയ്യാന്‍ കാതറീന് സാധിച്ചു. പെട്ടെന്ന് ആക്രമണ സ്വഭാവം വെടിഞ്ഞ് നോര്‍മ്മലായി, അതും മാതൃകാ സ്വഭാവമുള്ള വ്യക്തിയായി മാറാനുള്ള കഴിവ് കാതറീന്‍റെ പ്രത്യേകതയായിരുന്നു.
ആശുപത്രിയില്‍ നിന്നിറങ്ങിയ കാതറീന്‍, പക്ഷെ ഇത്തവണ ചെയ്തത് ഒരമ്മയ്ക്കും ചിന്തിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു; സ്വന്തം മകള്‍ മെലിസ്സയെ അവള്‍ റെയില്‍വേ ട്രാക്കില്‍ കിടത്തിയിട്ട് തന്നെ ആശുപത്രിയിലാക്കിയ നാട്ടുകാരോട് പ്രതികാരം ചെയ്യാന്‍ ഒരു മഴുവും തൂക്കി പോയി. ട്രെയിന്‍ വൈകിയത് കൊണ്ട് മാത്രമാണ് അന്ന് മെലിസ്സ രക്ഷപെട്ടത്, കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട ടെഡ് എന്നയാളാണ് ട്രെയിന്‍ കടന്നു പോകാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഓടിച്ചെന്ന് മെലിസ്സയെ ട്രാക്കില്‍ നിന്നെടുത്ത് മാറ്റിയത്.
കാതറീന്‍ വീണ്ടും അറസ്റ്റിലായി, അതേപോലത്തന്നെ പിറ്റേന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. പക്ഷെ കുഞ്ഞിന്റെ കസ്റ്റഡി അവര്‍ക്ക് നഷ്ടമായി.
ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കാതറീന്‍ തനി സ്വഭാവം പുറത്തെടുത്തു, തന്റെ അറവുകത്തി കൊണ്ട് ഒരു സ്ത്രീയുടെ മുഖത്ത് മാരകമായി മുറിവേല്‍പ്പിച്ച്, അവരെക്കൊണ്ട് കാതറീന്‍ ക്വീന്‍സ്-ലാന്‍ഡിലേക്ക് കാര്‍ ഓടിപ്പിച്ചു. അവിടെ ചെന്ന് ഡേവിഡിനെയും അയാളുടെ അമ്മയെയും ശരിപ്പെടുത്തുകയായിരുന്നു അവളുടെ ലക്ഷ്യം. പെട്രോള്‍ അടിക്കാന്‍ ഒരു സര്‍വീസ് സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ആ സ്ത്രീ ഒരുവിധം രക്ഷപെട്ട് ഓടി പോലീസിനെ വിവരമറിയിച്ചു.
പോലീസ് അവിടെ എത്തിയപ്പോള്‍ കാണുന്നത്; ഒരു കൊച്ചു പയ്യന്‍റെ കഴുത്തില്‍ കത്തി വച്ച് അവനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കാതറീനെയാണ്. ഒരുവിധത്തിലാണ് പോലീസ് അവളെ കീഴ്പ്പെടുത്തിയത്. പോലീസ് വിവരമറിയിച്ചപ്പോള്‍ ഡേവിഡും, അമ്മയും അവളെ അഡ്മിറ്റ് ചെയ്ത മാനസികാരോഗ്യ കേന്ദ്രത്തിലെത്തി, അവളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
തന്നോടുള്ള ഭ്രാന്തമായ സ്നേഹമാണ് അവളെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് എന്ന് ഡേവിഡിന് അറിയാം, പുറത്തിറങ്ങിയാല്‍ അവള്‍ ഇനിയും തന്നെ തേടിവരാന്‍ സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ട് ഇനി രക്ഷപ്പെടണമെങ്കില്‍ അവളെ സ്വീകരിച്ച് പ്രകോപിതയാകാതെ നോക്കുക മാത്രമേ വഴിയുള്ളൂ. ഡേവിഡിന്‍റെ മനംമാറ്റം കാതറീനെയും ഞെട്ടിച്ചു.

അങ്ങിനെ കാതറീന്‍, ഡേവിഡിന്‍റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചു, ആബര്‍ഡീനിലേക്ക് ഇനി പോകാന്‍ സാധിക്കാത്തതിനാല്‍ അവര്‍ ബ്രിസ്ബേനിലേക്ക് താമസം മാറി.
പിന്നീട് വര്‍ഷങ്ങളോളം കാതറീന്‍ നല്ലകുട്ടിയായിരുന്നു, ചുരുക്കം ചില പൊട്ടലും ചീറ്റലും ഒഴികെ സീരിയസ് പ്രശ്നങ്ങള്‍ ഒന്നും അവള്‍ ഉണ്ടാക്കിയിട്ടില്ല. ഇതിനിടെ അവര്‍ക്ക് ഒരു കുഞ്ഞു കൂടി ജനിച്ചു, നടാഷ. കുഞ്ഞിന് നാല് വയസ്സായപ്പോള്‍, കാതറീന്‍, ഡേവിഡിനെ വിട്ട് തിരിച്ച് ആബര്‍ഡീനിലേക്ക് പോയി, അവിടെ പഴയ ജോലിയില്‍ തന്നെ തുടര്‍ന്നു.
നാലു വര്‍ഷത്തിന് ശേഷം കാതറീന്‍ അവിടെവച്ച് പരിചയപ്പെട്ട സോണ്ടേര്‍സ് ( David Saunders ) എന്നൊരാളുമായി ബന്ധത്തിലായി, അയാളുടെ കൂടെ ജീവിക്കാന്‍ തുടങ്ങി.
തന്റെ പെണ്‍മക്കളെയും കൂട്ടിയാണ് കാതറീന്‍, സോണ്ടേര്‍സിന്‍റെ വീട്ടിലേക്ക് ചെന്ന് കയറുന്നത്. ഡേവിഡിന്‍റെ ഗതി തന്നെയായിരുന്നു സോണ്ടേര്‍സിനും.
കാതറീന്‍റെ സംശയവും, പൊസസ്സീവ്നെസ്സും സോണ്ടേര്‍സിനെ കുറച്ചൊന്നുമല്ല വലച്ചത്. ഒടുവില്‍ സോണ്ടേര്‍സ് അവളെ വിട്ട് പോയെങ്കിലും, കാതറീന്‍ പിന്നാലെ പോയി കാല് പിടിച്ച്, അയാളെ തിരിച്ചു കൊണ്ടുവന്നു.
തൊട്ടടുത്ത വര്‍ഷം സോണ്ടേര്‍സ് തന്നോട് കള്ളം പറയുന്നു എന്ന തോന്നലുണ്ടായപ്പോള്‍ കാതറീന്‍ പ്രതികരിച്ചത്; അയാളുടെ നായക്കുട്ടിയുടെ കഴുത്ത് അറത്തുകൊണ്ടായിരുന്നു. തന്നെ വഞ്ചിച്ചാല്‍ ഇതായിരിക്കും അയാളുടെ ഗതിയെന്ന് മുന്നറിയിപ്പ് കൊടുത്തതാണ് കാതറീന്‍.
തൊട്ടടുത്ത വര്‍ഷം തന്നെ കാതറീന് മൂന്നാമത്തെ കുഞ്ഞും ജനിച്ചു, സാറ. അധികം വൈകാതെ സോണ്ടേര്‍സും അവരെ വിട്ട് പോയി.
കാതറീന്‍ പലതവണ അയാളെ അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സോണ്ടേര്‍സ് അവളെ ഭയന്ന് ഒളിവിലായിരുന്നു.
മാസങ്ങള്‍ക്ക് ശേഷം തന്റെ മകളായ സാറയെ കാണാന്‍ സോണ്ടേര്‍സ് തിരികെ വന്നെങ്കിലും തനിക്കെതിരെ കാതറീന്‍ പോലീസില്‍ പരാതി കൊടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് അയാളെ സ്വീകരിച്ചത്.
സോണ്ടേര്‍സ് തന്നെയും മക്കളെയും ഉപദ്രവിക്കുന്നു എന്ന പരാതിയില്‍ കോടതി പോലും അയാള്‍ക്കെതിരെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അങ്ങിനെ ആ ബന്ധവും അവിടെ തീര്‍ന്നു.
തൊട്ടടുത്ത വര്‍ഷം കാതറീന്‍ അടുത്തയാളെ കണ്ടെത്തി, ജോണ്‍ ചില്ലിംഗ്വര്‍ത്ത്. ( John Chillingworth ) അയാളില്‍ അവള്‍ക്കൊരു മകനുമുണ്ട്, എറിക്ക്.

ആ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല, കാതറീന്‍ അടുത്തയാളെ കണ്ടെത്തി ജോണ്‍ പ്രൈസ്. ( John Charles Thomas Price ) മൂന്ന് മക്കളുടെ അച്ഛനായ ജോണ്‍ നാട്ടുകാര്‍ക്ക് മുഴുവനും പ്രിയപ്പെട്ടവനായിരുന്നു.

കാതറീന്റെ പ്രശ്നങ്ങള്‍ എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ജോണ്‍ അവളെ സ്വീകരിക്കാന്‍ തയ്യാറായി, അങ്ങിനെ 1995ല്‍ കാതറീന്‍ ജോണിന്‍റെ വീട്ടിലെത്തി. ജോണിന്റെ മക്കള്‍ക്കും കാതറീനെ ഇഷ്ടമായിരുന്നു, അവര്‍ തമ്മില്‍ പെട്ടെന്ന് തന്നെ അടുത്തു. ചുരുക്കം ചില പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ അടുത്ത മൂന്ന് വര്‍ഷത്തോളം അവരുടെ ജീവിതം സന്തുഷ്ടമായിരുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷം ഒരു ദിവസം വിവാഹം കഴിക്കുന്നതിനെ ചൊല്ലി അവര്‍ തമ്മില്‍ വലിയ വഴക്കുണ്ടായി. ചെറുതായി തുടങ്ങിയ പ്രശ്നം പെട്ടെന്ന് തന്നെ വാക്ക് തര്‍ക്കമായി, കാതറീന്‍ അന്ന് ശരിക്കും വയലന്‍റ്റായി. പക്ഷെ അവള്‍ ആര്‍ക്കും ദേഹോപദ്രവം ഒന്നും ഏല്‍പ്പിച്ചില്ല. അവളെ വിവാഹം ചെയ്യാന്‍ പറ്റില്ലെന്ന് തുറന്നു പറഞ്ഞ ജോണിനെതിരെ അവള്‍ പ്രതികരിച്ചത് വിചിത്രമായ രീതിയിലായിരുന്നു. ജോണ്‍ പലപ്പോഴായി ജോലിസ്ഥലത്ത് നിന്നും മോഷ്ടിച്ച് കൊണ്ടുവന്നിരുന്ന സാധനങ്ങള്‍ ഒക്കെ കൂട്ടിവച്ച്, അതിന്‍റെ വീഡിയോ എടുത്ത് അവള്‍ ജോണിന്‍റെ ബോസ്സിന് അയച്ചുകൊടുത്തു. ആ സാധനങ്ങള്‍ ഒക്കെ വില കുറഞ്ഞവയും, പഴയതും ഒക്കെയായിരുന്നെങ്കിലും അതിന്‍റെ പേരില്‍ ജോണിന്‍റെ ജോലി തെറിച്ചു. ജോണ്‍ അവളെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

വൈകാതെ തന്നെ കാതറീന്‍, മാപ്പ് പറഞ്ഞ്, തന്നെ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് തിരികെ വന്നു. പതുക്കെ അവളെ വീണ്ടും ജോണ്‍ സ്വീകരിച്ചെങ്കിലും വീട്ടിലേക്ക് കയറ്റിയില്ല. പിന്നെ അതിന്റെ പേരിലായിരുന്നു ബാക്കിയുള്ള വഴക്കുകള്‍. പലപ്പോഴും അവര്‍ ബാറില്‍ വച്ചും, റോഡില്‍ വച്ചും ഒക്കെ വഴക്കിടുന്നത് പതിവായിരുന്നു. അതിന്റെ പേരില്‍ ജോണിന്റെ സുഹൃത്തുക്കള്‍ വരെ അയാളോട് സംസാരിക്കാതെയായി.
രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും വഴക്കിന്‍റെ രൂക്ഷത കൂടിവന്നു, ഒടുക്കം കാതറീന്‍ ജോണിനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചതോടെ ജോണ്‍ എല്ലാം അവസാനിപ്പിച്ച് അവള്‍ക്കെതിരെ കേസ് കൊടുത്തു.
കേസ് ചില നൂലാമാലകള്‍ക്കിടയിലൂടെ കടന്ന്, ശിക്ഷ കിട്ടാതെ കാതറീന്‍ രക്ഷപെട്ടെങ്കിലും അവള്‍ക്കെതിരെ ഒരു restraining order തരപ്പെടുത്തിയെടുക്കാന്‍ ജോണിന് കഴിഞ്ഞു. അതായത് കാതറീന് ജോണിന്‍റെയോ, അയാളുടെ വീടിനടുത്തോ വരാനാകില്ല.
ഓര്‍ഡര്‍ കിട്ടിയ ദിവസം ജോലിക്ക് ചെന്ന ജോണ്‍, സഹപ്രവര്‍ത്തകരോട് പറഞ്ഞത് ഇപ്രകാരമാണ്; “എന്നെങ്കിലും ഞാന്‍ ജോലിക്ക് വരാതിരിക്കുകയോ, അവധി പറയാന്‍ ഫോണ്‍ വിളിക്കാതിരിക്കുകയോ ചെയ്‌താല്‍ എന്നെ അവള്‍ കൊന്നിരിക്കും എന്ന് ഉറപ്പിച്ചേക്ക്”. അന്ന് വീട്ടിലെത്തുമ്പോള്‍ പ്രതികാരദാഹിയായ കാതറീന്‍ അവിടെ തനിക്കായി കാത്തിരിപ്പുണ്ടാകും എന്ന് ജോണിന് ഉറപ്പായിരുന്നു. സഹപ്രവര്‍ത്തകര്‍ ജോണിന്‍റെ കാലു പിടിച്ച് പറഞ്ഞു, വീട്ടിലേക്ക് പോകരുതെന്ന്. പക്ഷെ തന്റെ കുട്ടികള്‍ അവിടെയല്ലേ, ജോണിന് പോകാതിരിക്കാന്‍ പറ്റില്ലല്ലോ.

ജോണ്‍ വീട്ടിലെത്തിയപ്പോള്‍ കാതറീന്‍ അവിടുണ്ടായിരുന്നില്ല, വീട് കാലിയായിരുന്നു. ജോണിന്റെ മക്കളെ അവള്‍ സുഹൃത്തുക്കളുടെ വീട്ടില്‍ രാത്രി തങ്ങാനായി കൊണ്ടാക്കാന്‍ പോയതായിരുന്നു, അതെല്ലാം തന്നെ വീഡിയോ എടുത്ത് തെളിവാക്കി വെക്കാനും കാതറീന്‍ മറന്നില്ല. ജോണ്‍ ആദ്യം വീട്ടിലേക്ക് കയറിയില്ല, രാത്രി വൈകും വരെ അപ്പുറത്തുള്ള ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ചിലവഴിച്ച്, 11 മണിയോടെ കിടക്കാനായി വീട്ടിലേക്ക് ചെന്നു. ജോണ്‍ ഉറക്കം തുടങ്ങിയപ്പോഴേക്കും കാതറീന്‍ തിരിച്ചെത്തി, അവള്‍ കുറച്ചു നേരം ടീവി കണ്ടശേഷം കുളിച്ചു റെഡിയായി, ജോണിന് ഇഷ്ടപ്പെട്ട കറുത്ത അടിവസ്ത്രങ്ങള്‍ ധരിച്ച് അയാളുടെ അടുക്കലേക്ക് ചെന്ന് വിളിച്ചുണര്‍ത്തി. അന്ന് രാത്രി അവര്‍ തമ്മില്‍ വളരെ നേരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഏറെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്.
പിറ്റേന്ന് കാലത്ത് മണി ആറായി, ജോണ്‍ സ്ഥിരമായി ജോലിക്ക് പോകേണ്ട സമയം. ആ സമയമായിട്ടും ജോണിന്റെ കാര്‍ വീട്ടില്‍ത്തന്നെ കിടക്കുന്നത് കണ്ട അയല്‍ക്കാര്‍ക്ക് സംശയമായി. സമയം കഴിഞ്ഞിട്ടും ജോലിക്ക് വരാതായപ്പോള്‍ അവിടുള്ളവര്‍ക്കും ഭയമായി, അങ്ങിനെ ഒരാളെ നോക്കാനായി അവര്‍ ജോണിന്റെ വീട്ടിലേക്ക് വിട്ടു. വന്നയാളും, അയല്‍ക്കാരനും കൂടെ പലതവണ ജോണിന്റെ മുറിയുടെ ജനലില്‍ മുട്ടിയെങ്കിലും മറുപടി ഒന്നും വന്നില്ല. പെട്ടെന്നാണ് മുന്‍വാതിലിനടുത്ത് രക്തം വീണു കിടക്കുന്നത് അവര്‍ കണ്ടത്, ഉടനെ തന്നെ അവര്‍ പോലീസിനെ വിവരമറിയിച്ചു.

എട്ടു മണിയോടെ പോലീസ് എത്തിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍ അവരില്‍ പലര്‍ക്കും താങ്ങാനായില്ല, ഓസ്ട്രേലിയന്‍ പോലീസ് അന്നുവരെ കണ്ട ക്രൈം സീനുകളില്‍ വച്ച് ഏറ്റവും ഭീകരമായിരുന്നു അവിടം.
പിന്‍വാതിലിലൂടെയാണ് അവര്‍ അകത്ത് കടന്നത്, ആദ്യം കണ്ടത് കോമയില്‍ കിടന്നിരുന്ന കാതറീനെയായിരുന്നു. കൂടിയ അളവില്‍ ഉറക്കഗുളികകളോ മറ്റോ കഴിച്ചാണ് അവര്‍ ഈ നിലയില്‍ എത്തിയത്. കുറച്ചു മാറി ജോണിന്റെ തലയില്ലാത്ത ശരീരവും കിടന്നിരുന്നു.
ശരീരത്തില്‍ തല മാത്രമല്ല, തൊലിയും ഉണ്ടായിരുന്നില്ല. ജോണിന്‍റെ തൊലി വളരെ വൃത്തിയായി ഉരിഞ്ഞെടുത്ത കാതറീന്‍, അതൊരു സിനിമയിലെ രംഗം പോലെ (Texas Chainsaw Massacre) വാതിലിന് കര്‍ട്ടനായി തൂക്കിയിട്ടിരുന്നു.
തല എവിടെയെന്ന് കണ്ടെത്താന്‍ പോലീസിന് ആദ്യം കഴിഞ്ഞില്ല, ഒരുപാട് നേരത്തെ തിരച്ചിലിന് ശേഷമാണ് അത് കണ്ടെത്തിയത്. അടുക്കളയില്‍, സ്റ്റൌവില്‍ വച്ചിരുന്ന പാത്രത്തില്‍, പച്ചക്കറികള്‍ ഒക്കെയിട്ട് വേവിച്ച് വച്ചിരിക്കുകയായിരുന്നു ജോണിന്റെ തല.

ഡൈനിംഗ് ടേബിളില്‍ കുറച്ചു പാത്രങ്ങളില്‍ എന്തോ ചൂടുള്ള ഭക്ഷണ സാധനം പ്ലേറ്റില്‍ വച്ച്, അലൂമിനിയം ഫോയില്‍ ചെയ്ത് ഭദ്രമായി മൂടിവച്ചിരുന്നു. തുറന്നു നോക്കിയപ്പോള്‍ ഇറച്ചിയാണെന്ന് മനസ്സിലായി. വളരെ കൃത്യമായി ജോണിന്റെ ചന്തിയിലെ കൊഴുത്ത ഭാഗങ്ങള്‍ മുറിച്ചെടുത്ത്, എണ്ണയില്‍ മുക്കി, പാനില്‍ വറുത്ത കഷണങ്ങളായിരുന്നു പ്ലേറ്റില്‍ പച്ചക്കറികളും, സോസും ചേര്‍ത്ത് ബീഫ് സ്റ്റേക്ക് പോലെ വിളമ്പിയിരുന്നത്.

പ്ലേറ്റിനരികിലായി ഓരോ ചെറിയ കാര്‍ഡുകളും ഉണ്ടായിരുന്നു, ജോണിന്റെ മക്കളുടെ പേരെഴുതിയ മൂന്ന് കൊച്ചു കാര്‍ഡുകള്‍. ഇത് അവര്‍ക്കുള്ള ഭക്ഷണമാണെന്ന് ചുരുക്കം. സ്വന്തം അച്ഛനെ കൊന്ന് വേവിച്ചിട്ട് മക്കള്‍ക്ക് കഴിക്കാന്‍ വിളമ്പിയിരിക്കുന്നു.
പാകം ചെയ്ത മാംസത്തിന്റെ കുറച്ച് ഭാഗം വീടിന്‍റെ പിന്‍ഭാഗത്ത് നിന്ന് പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുക്കുകയുണ്ടായി, അത് മിക്കവാറും കാതറീന്‍ കഴിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ വന്നപ്പോള്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു.
വീടിനകത്ത് നിന്ന് രക്തവും മാംസവും ഒക്കെ പറ്റിപ്പിടിച്ച ഒരു കുറിപ്പും കിട്ടി, അതില്‍ കാതറീന്‍ പറയുന്നത് “ജോണ്‍ തന്റെ മകളെയും, ജോണിന്റെ മക്കളെയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ പ്രതികാരം” ആണെന്നാണ്. ജോണിന്റെ മക്കളും, അയല്‍ക്കാരും എല്ലാം ഈ വാദം നിഷേധിക്കുകയാണ് ചെയ്തത്.

കിട്ടിയ തെളിവുകള്‍ വച്ച് ജോണ്‍ ഉറങ്ങുന്ന സമയം, കാതറീന്‍ അയാളെ കത്തി കൊണ്ട് കുത്തുകയായിരുന്നു.
രക്തപ്പാടുകള്‍ നോക്കുകയാണെങ്കില്‍ കിടക്കിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോണ്‍ മുന്‍വാതില്‍ വരെ എത്തിയെങ്കിലും പിന്തുടര്‍ന്നെത്തിയ കാതറീന്‍ അയാളെ പെട്ടെന്ന് തന്നെ കീഴ്പ്പെടുത്തി. വീടിന്റെ ഹാളില്‍ കിടന്ന് ചോര വാര്‍ന്നാണ് ജോണ്‍ മരിച്ചത്. കുത്തുകളുടെ ആഴം വച്ച് നോക്കുമ്പോള്‍ വീടിന്റെ മുന്‍വാതില്‍ തുറന്നപ്പോഴേക്കും ജോണ്‍ തളര്‍ന്ന് വീണതായിരിക്കാനും സാധ്യതയുണ്ട്. ശരീരത്തില്‍ മുന്നിലും പിന്നിലുമായി 37 കുത്തുകളാണ് ഉണ്ടായിരുന്നത്, അവയില്‍ പലതും ഹൃദയവും, കരളും, വൃക്കയും ഒക്കെ തുളച്ചു കയറിയിരുന്നു. അന്ന് രാത്രി തന്നെ കാതറീന്‍ പുറത്തുപോയി ജോണിന്റെ അക്കൌണ്ടില്‍ നിന്നും ആയിരം ഡോളര്‍ പിന്‍വലിച്ചിരുന്നു. അത് വച്ചായിരിക്കാം കാതറീന്‍ ഉറക്ക ഗുളികകളും, പാചകം ചെയ്യാനുള്ള സാധനങ്ങളും ഒക്കെ വാങ്ങിയിരിക്കുക.
കേസ് കോടതിയില്‍ എത്തിയപ്പോള്‍ അവള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം കാതറീന്‍ ശക്തമായി എതിര്‍ത്തു.
പിന്നീട് ജഡ്ജിയും കാതറീന്റെ വക്കീലും ചേര്‍ന്ന് അവരുടെ മനസ്സ് മാറ്റി, കാതറീന്‍ അടുത്ത ഹിയറിങ്ങില്‍ കുറ്റസമ്മതം നടത്തി എന്നാണ് പറയപ്പെടുന്നത്.
എന്തായാലും ഒരു മനശാസ്ത്രവിദഗ്ദ്ധനെ കൊണ്ട് കാതറീന്റെ മനോനില പരിശോദിച്ച്, അവളെ കുറ്റംസമ്മതം നടത്തിയാല്‍ കിട്ടാവുന്ന ശിക്ഷയെ കുറിച്ച് നല്ലവണ്ണം പറഞ്ഞു മനസിലാക്കിയാണ് ജഡ്ജി കേസുമായി മുന്നോട്ടു പോയത്. പക്ഷെ കാതറീന്‍റെ വക്കീലിന്റെ ഉദ്ദേശം വേറെയായിരുന്നു. കാതറീന് വേണ്ടി ധാരാളം ഡോക്ടര്‍മാരും വിദഗ്ദരും വന്ന് അവളുടെ അവസ്ഥയെപ്പറ്റി കോടതിയില്‍ വിവരിച്ചു. സ്‌മൃതിഭംഗവും, സ്ഥലകാലബോധമില്ലായ്മയും അടിക്കടി പിടിപ്പെടുന്ന കാതറീന്, അവളുടെ അളവില്‍ക്കവിഞ്ഞ ദേഷ്യം കൂടിയാകുമ്പോള്‍ പലപ്പോഴും താന്‍ എന്ത് ചെയ്യുന്നു എന്ന കാര്യം പോലും ഓര്‍മ്മയുണ്ടാകില്ലെന്ന് വക്കീല്‍ കോടതിയില്‍ വാദിച്ചു. അതിന്റെ കൂടെ നല്ല സ്വഭാവത്തില്‍ ഇരിക്കുമ്പോള്‍ അവള്‍ ഒരു ideal person ആണെന്നും, അതിന്‍റെ പേരിലാണ് വഴക്കിട്ടു പോയ ജോണ്‍ അവളെ പലതവണ എല്ലാം മറന്ന് തിരികെ സ്വീകരിച്ചിരുന്നതെന്നും വക്കീല്‍, പരമാവധി അവളുടെ ശിക്ഷ കുറയ്ക്കാനായി ഊന്നിയൂന്നി പറഞ്ഞിരുന്നു. കുറ്റം ഏറ്റു പറഞ്ഞെങ്കിലും താന്‍ സ്വബോധത്തിലാണ് ഈ കൃത്യമെല്ലാം നടത്തിയത് എന്ന് മൊഴി കൊടുക്കാന്‍ കാതറീന്‍ തയ്യാറായില്ല, അത് തന്നെയായിരുന്നു വക്കീലും തെളിയിക്കാന്‍ ശ്രമിച്ചത്.
ഒക്ടോബര്‍ 15, 2001.
കൊലപാതകത്തിന്റെ ഫോട്ടോ തെളിവുകള്‍ കോടതിയില്‍, ജൂറിക്ക് മുന്‍പാകെ ഹാജരാക്കേണ്ട സമയം ജസ്റ്റിസ് Barry O”Keefe ജൂറി അംഗങ്ങളോട് ചോദിച്ചു.
“ആര്‍ക്കെങ്കിലും ഈ ചിത്രങ്ങള്‍ നോക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അല്പ നേരത്തേക്ക് മാറി നില്‍ക്കാം”
അത് കേട്ട് അഞ്ചു പേരോളം മാറി നിന്നു. അല്പം കഴിഞ്ഞപ്പോഴേക്കും മറ്റു ചിലര്‍ കൂടി കേസിന്റെ ഡീറ്റയില്‍സ് താങ്ങാനാകാതെ ജൂറി ബോര്‍ഡില്‍ നിന്നും ഇറങ്ങി. അത്ര മാത്രം ഭീകരമായിരുന്നു പ്രോസിക്ക്യൂഷന്‍ ഹാജരാക്കിയ ചിത്രങ്ങളും, അവയുടെ വിശധീകരണങ്ങളും. അപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍വികാരയായി അവള്‍ നില്‍ക്കുന്നുണ്ടായിരുന്നു, കാതറീന്‍ നൈറ്റ്. പ്രോസിക്ക്യൂഷന്‍ വാദങ്ങള്‍ കേട്ട് പലരും അത്ഭുദത്തോടെ കാതറീനെ നോക്കിയെങ്കിലും അവളെ നേരിട്ടറിയുന്നവര്‍ക്ക് അതില്‍ യാതൊരു അത്ഭുതവും ഉണ്ടായിരുന്നില്ല.
നീണ്ട നാലു മാസത്തെ വിചാരണയ്ക്ക് ശേഷം ജസ്റ്റിസ് O”Keefe, കാതറീന്‍ “കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ട്” എന്ന് തന്നെ വിധിയെഴുതി. കുറ്റകൃത്യത്തിന്റെ സ്വഭാവവും, കുറ്റവാളിയുടെ മനോനിലയും വച്ച്, ഒരു തരിപോലും കുറ്റബോധം കാണിക്കാത്ത അവരെ, മരണം വരെ, പരോളോ മറ്റു തടവുകാര്‍ക്കുള്ള ആനുകൂല്യങ്ങളോ ഇല്ലാതെ, പ്രത്യേക തടവിലിടാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ കാതറീന്റെ കേസ് ഫയലുകള്‍ക്ക് മുകളില്‍ “never to be released” എന്നെഴുതാനും കോടതി പ്രത്യേകം പരാമര്‍ശിച്ചു. അത്തരത്തില്‍ ശിക്ഷ ലഭിക്കുന്ന രാജ്യത്തിലെ ആദ്യ വനിതയാണ് കാതറീന്‍. വിധി പ്രഖ്യാപിക്കുന്ന ദിവസം, ജോണിന്റെ അനുജന്‍ കാതറീനെ കൊല്ലാനായി കച്ചകെട്ടിത്തന്നെ കോടതിയിലേക്ക് വന്നെങ്കിലും ദേഹപരിശോധനയില്‍ അയാള്‍ പിടിക്കപ്പെട്ടു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് വക്കീല്‍ മുഖേനെ കാതറീന്‍ ഒരു അപ്പീല്‍ സമര്‍പ്പിച്ചിരുന്നു, അത് ഞൊടിയിടെയാണ് കോടതി തള്ളിയത്. അന്നത്തെ ചീഫ് ജസ്റ്റീസ് McClellan വിധിയെഴുതിയത് ഇപ്രകാരമാണ്.
“This was an appalling crime, almost beyond contemplation in a civilized society.”
അറുപത്കാരിയായ കാതറീന്‍ ഇപ്പോഴുള്ളത് സിഡ്നിയില്‍ നിന്നും ഏതാണ്ട് 21 കിലോമീറ്റര്‍ ദൂരത്തുള്ള Silverwater Women”s Correctional Centre”ല്‍ ആണ്.

