ഇത് ഒരു കള്ളന്റെ ചരിത്രമാണ്.
സാധാരണ കള്ളനല്ല. അസാധാരണ ബുദ്ധിയുള്ള ഒരു കള്ളൻ. സർ ആർതർ കോനൻ ഡോയൽ (Sir Arthur Conan Doyle ) തന്റെ വിഖ്യാത കഥാപാത്രമായ ഷെർലോക്ക് ഹോംസിനു ശക്തനായ ഒരു എതിരാളിയെ സൃഷ്ടിക്കാൻ അല്ലെങ്കിൽ പ്രൊഫസർ മോറിയാർട്ടി എന്ന അതിബുദ്ധിമാനായ വില്ലനെ രൂപപ്പെടുത്താൻ കടം കൊണ്ടതും ഈ കള്ളനെ തന്നെ എന്ന് പറയപ്പെടുന്നു!.
സർ റോബർട്ട് ആണ്ടെഴ്സൻ എന്ന ലോക പ്രശസ്തനായ സ്കോട്ട്ലന്റ് യാർഡ് അധികാരി “The Napoleon of the criminal world” എന്ന് വിശേഷിപ്പിച്ച കള്ളൻ!.
ഒരേ സമയം സംഭവബഹുലവും ദുഖപര്യവസായിയുമായ ചരിത്രത്തിലെ ഒരു മനുഷ്യൻ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പിങ്കർട്ടൻ ഡിറ്റക്റ്റീവ് ഏജൻസിയിലെ വില്ല്യം പിങ്കർട്ടൻ മാനിച്ച ഒരു കള്ളൻ!. “The Napoleon of Crime” എന്നറിയപ്പെട്ട ആ കള്ളന്റെ പേര് ആദം വർത്ത് ( Adam Worth ) എന്നായിരുന്നു.
1844 ൽ ആദം വർത്ത് ജർമ്മനിയിൽ ജനിച്ചു. വളരെ ദരിദ്രമായ ഒരു യഹൂദ കുടുംബം ആയിരുന്നു ആദത്തിന്റെത്. ആ കുട്ടിക്ക് 5 വയസ്സ് പ്രായമായപ്പോൾ ആ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. മസ്സാച്ചുസെട്ട്സിലെ കേംബ്രിഡ്ജിൽ അവർ താമസം തുടങ്ങി. ആദത്തിന്റെ പിതാവ് അവിടെ തയ്യൽക്കാരനായി ജോലി തുടങ്ങി.
1854 ൽ കുഞ്ഞ് ആദം വീട്ടിൽ നിന്നും ഓടിപ്പോയി. ആദ്യം അവൻ എത്തിയത് ബോസ്റ്റൻ നഗരത്തിലാണ്. 1860 ൽ ന്യൂയോർക്ക് സിറ്റിയിൽ എത്തി ഒരു ഡിപ്പാർറ്റ്മെന്റ് സ്റ്റോറിൽ ക്ലെർക്കായി ജോലിക്ക് കൂടി. ഒരുമാസം ആ ജോലി തുടർന്നു.
നവംബർ 6, 1860 ൽ അമേരിക്കയുടെ 16- മത്തെ പ്രസിഡന്റായി എബ്രാഹം ലിങ്കൻ അധികാരമേറ്റു. അടിമത്തവുമായി ബന്ധപെട്ടാനെന്നു തോന്നുന്നു ഒരു സിവിൽ വാറിനു കളമൊരുങ്ങി. ഏപ്രിൽ 12, 1861 നു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അപ്പോൾ ആദം വർത്തിനു പ്രായം മധുരപ്പതിനേഴ്.
കള്ളം പറഞ്ഞ് ആദം യൂണിയൻ ആർമിയിൽ ചേർന്നു. 2nd New York Heavy Artillery യിൽ ആയിരുന്നു ആദത്തിന്റെ പണി. രണ്ടുമാസത്തിനുള്ളിൽ പ്രമോഷൻ കിട്ടി 34th New York Light Artillery Regiment ൽ സർജന്റായി.
1862 ഓഗസ്റ്റ് 30 നു Second Battle of Bull Run ൽ ആദം വർത്തിനു മാരകമായി മുറിവേറ്റു. വാഷിങ്ങ്ടൻ DC യിലെ ജോർജ്ജ് ടൗൺ ഹോസ്പിറ്റലിലേക്ക് ആദത്തിനെ കപ്പൽ മാർഗ്ഗം നീക്കം ചെയ്തു. ആദം വർത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ് ആ ഹോസ്പിറ്റലിൽ നിന്നറിഞ്ഞ ഒരു കാര്യമായിരുന്നു. രസകരമായ ആ കാര്യം ഇതായിരുന്നു “യുദ്ധത്തിൽ ആദം വർത്ത് കൊല്ലപ്പെട്ടിരിക്കുന്നു”.
അത് ആദം വർത്തിന്റെ ഭാഗ്യരേഖ തെളിയിച്ചു. ഔധ്യോകികമായി കൊല്ലപ്പെട്ട ആദം വർത്ത് മറ്റ് സൈനികമേഖലകളിൽ പല പേരുകളിൽ പ്രവർത്തിച്ച് ഗവന്മെന്റ് ആനുകൂല്യങ്ങൾ പറ്റാൻ തുടങ്ങി, പിന്നെ അവിടുന്ന് മുങ്ങുകയും പതിവാക്കി. ഇങ്ങനെയുള്ളവർ അറിയപ്പെട്ടിരുന്നത് ബൗണ്ടി ജമ്പർ എന്നാണു. വധശിക്ഷയർഹിക്കുന്ന കുറ്റമായിരുന്നു അത്. ആദം വർത്തിനെ പോലെ മറ്റു പലരും ഈ പണിയിൽ ഏർപ്പെട്ടിരുന്നു. പിങ്കർട്ടൻ ഡിറ്റക്റ്റീവുകൾ അവരെ വേട്ടയാടാൻ തുടങ്ങി. ഡിറ്റക്ടീവുകളുടെ ശ്രദ്ധ തന്റെ നേരെ തിരിയുന്നതറിഞ്ഞ് ന്യൂയോർക്ക് സിറ്റിയിലേക്ക് ആദം മുങ്ങി. പിന്നീട് പോർട്സ് മൌത്തിലെക്കും.
ആഭ്യന്തര യുദ്ധം കഴിഞ്ഞപ്പോൾ ആദം ന്യൂയോർക്കിലെ നല്ലൊരു പോക്കറ്റടിക്കാരനായി മാറിയിരുന്നു. ആ സമയം സ്വന്തമായി ഒരു ഗാങ്ങ് ആദം സൃഷ്ടിച്ചെടുത്തു. സംഘടിതമായ കുറ്റകൃത്യങ്ങളിലെക്കും മോഷണങ്ങളിലേക്കും ആദം വർത്ത് തിരിഞ്ഞു.
ആദംസ് എക്സ്പ്രസ്സ് കമ്പനി വാഗണിൽ നിന്ന് പണപ്പെട്ടി തട്ടാനുള്ള ശ്രമത്തിൽ ആദം വർത്ത് പിടിയിലായി.
3 വർഷത്തെ തടവിനു ആദം വർത്ത് സിംഗ് സിംഗ് പ്രിസണിൽ തടവിലായി. എന്നാൽ ആഴ്ചകൾക്കുള്ളിൽ ആദം തടവറയിൽ നിന്ന് രക്ഷപെട്ടു. ഫ്രെഡറിക മാണ്ടൽബോം എന്ന അധോലോക ചക്രവർത്തിനിയുമായി ആദം വർത്ത് ചങ്ങാത്തത്തിലായി. മാണ്ടൽ ബൊമിന്റെ സഹായത്തോടെ ആദം ബാങ്കുകൾ , കടകൾ എന്നിവ കൊള്ളയടിക്കാൻ തുടങ്ങി.
1866 കാലയളവുകളിൽ ആദം സ്വന്തമായി പല കുറ്റകൃത്യങ്ങളും നടത്തി. 1869 ൽ മാണ്ടൽ ബൊമിനൊദു ചേർന്ന് ചാർളി ബുല്ലാറഡ് എന്ന സേഫ് ക്രാക്കറെ ഒരു തുരംഗം നിർമ്മിച്ച് വൈറ്റ് പ്ലെയിൻസ് ജെയിലിൽ നിന്ന് രക്ഷപെടുത്തി.
ആദം വർത്തും ചാർലിയും ഒരു പങ്കാളിത്ത കൂട്ടുകെട്ട് ആരംഭിച്ചു. ആ കൂട്ടുകെട്ടിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ച ഒരു സംഭവമായിരുന്നു ബോസ്റ്റൻ ബാങ്ക് റോബറി.

ഷെർലോക്ക് ഹോംസ് കഥയായ “The Red Headed League” ൽ ആർതർ കോനൻ ഡോയൽ സ്വീകരിച്ചത് ഈ സംഭവമാണ്.
1869 നവംബർ 20 നു ബോയില്സ്ടൻ നാഷണൽ ബാങ്ക് ആദവും ചാർലിയും കൊള്ളയടിച്ചു. തൊട്ടടുത്തുള്ള ഒരു കടയില നിന്ന് ബാങ്കിലേക്ക് തുരംഗം നിർമ്മിച്ചാണ് അവരത് നടപ്പിലാക്കിയത്! ബാങ്കുകാർ പിങ്കർറ്റൻ ഡിറ്റക്ടീവ് എജൻസിയെ വിവരം അറിയിച്ചു. പിങ്കർറ്റൻ ഡിറ്റക്റ്റീവുകൾ പുറകെയുണ്ടെന്നു അറിഞ്ഞ് ആദവും ചാർലിയും യൂറോപ്പിലേക്ക് മുങ്ങി. അവർ ആദ്യം ലിവർപൂളിലെത്തി. “Charles H. Wells” എന്ന എണ്ണക്കച്ചവടക്കരനായി ചാർലിയും “Henry Judson Raymond” എന്ന ഫിനാൻസിയരായി ആദവും മാറി! അവർ അവിടെ കിറ്റി ഫ്ലിൻ എന്ന ബാർ മെയിഡിനെ കണ്ടുമുട്ടി. അവർ രണ്ടുപേരും അവൾക്കു വേണ്ടി ദാഹിച്ചു! കിറ്റി അവരുടെ രണ്ടുപേരുടെയും യഥാർത്ഥ മുഖം അറിഞ്ഞു! അവൾ ചാർളിയുടെ ഭാര്യയായി. എന്നാൽ അവൾ ആദത്തിനെയും നിരാശപെടുത്തിയില്ല! 1870 കിറ്റി ഒരു പെണ് കുഞ്ഞിനു ജന്മം കൊടുത്തു. ലൂസി അടെലൈൻ എന്നായിരുന്നു ആ കുട്ടിയുടെ പേര്. 7 വർഷം കഴിഞ്ഞപ്പോൾ കാതറിൻ ലൂയിസ് എന്നൊരു കുട്ടികൂടി കിറ്റിക്ക് ഉണ്ടായി. ആ കുട്ടികളുടെ പിതൃത്വം ഇന്നും ഒരു ചർച്ചാവിഷയമാണ് . ആദവും ബുല്ലാര്ടും അവരുടെ പിതൃത്വം അവകാശപ്പെട്ടു! കിറ്റിക്ക് പോലും അതാരുടെ കുട്ടികളാണെന്ന് അറിയില്ലായിരുന്നു!

വില്ല്യം പിങ്കർറ്റൻ അവർ ആദത്തിന്റെ കുട്ടികളാണെന്ന് വിശ്വസിച്ചു. ബുല്ലാർഡ്സും കിറ്റിയും ഹണിമൂണിന് പോയപ്പോൾ ആദം സ്വർണ്ണപ്പണയ കടകൾ കൊള്ള ചെയ്ത് അവർ തിരിച്ചുവന്നപ്പോൾ വീതം വച്ചു!
1871 ൽ അവർ മൂവരും പാരീസിനു പോയി. അവർ അവിടെ അമേരിക്കാൻ ബാർ എന്ന പേരിൽ ഒരു ബാറും റെസ്റൊരന്റും തുടങ്ങി. താഴത്തെ നിലയിൽ ബാറും റെസ്റൊരന്റും മുകളിലത്തെ നിലയിൽ ഒരു ചൂതാട്ട കേന്ദ്രവുമായി അത് പ്രവർത്തനം തുടങ്ങിയത്. അക്കാലത് ചൂതാട്ടം നിയമ വിരുദ്ധമായിരുന്നു. പോലീസ് റൈഡ് വന്നാൽ അറിയിക്കാനായി ഒരു ബസ്സർ സംവിധാനം ഏർപ്പെടുത്തി.
ആദം ന്യൂയോർക്കിലെ പഴയ സഹപ്രവർത്തകരുമായി ചേർന്ന് ഒരു പുതിയ ഗാങ്ങ് രൂപീകരിച്ചു. പിങ്കർട്ടൻ ഡിറ്റക്ടീവ് എജെൻസിയുടെ സ്ഥാപകനായ അല്ലൻ പിങ്കർട്ടൻ 1873 ൽ അമേരിക്കാൻ ബാർ സന്ദർശിച്ചു. ആദം അല്ലനെ തിരിച്ചറിഞ്ഞു.




പിന്നീട് പലപ്പോഴായി പോലീസ് റെയിഡ് അവിടെയുണ്ടായപ്പോൾ ആദവും ബുല്ലാർഡ്സും അമേരിക്കാൻ ബാർ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവസാനം ഒരു ഡയമണ്ട് കച്ചവടക്കാരനെ പറ്റിച്ച് ആദവും ബുല്ലാർഡ്സും കിറ്റിയും ലണ്ടന് നീങ്ങി!
ആദം വർത്തും കൂട്ടരും ക്ലഫാം കോമ്മണിൽ വെസ്റ്റെൻ ലോഡ്ജ് എന്ന സുന്ദരമായ ഒരു വില്ല വാങ്ങി. അതോടൊപ്പം മേഫയറിൽ ഒരു അപ്പാർറ്റ്മെന്റ് വാടകക്ക് എടുത്ത് സമൂഹത്തിലെ ഉന്നതന്മാരുമായി ബന്ധം സ്ഥാപിച്ചു. പിന്നീട് ഒരു ഗാങ്ങിനെ രൂപീകരിച്ച് വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ തുടങ്ങി. ആദത്തിന്റെ കൂടെ വർക്ക് ചെയ്യുന്നവർക്ക് അയാളുടെ യഥാർത്ഥ പേര് അറിയാൻ പാടില്ലായിരുന്നു! തന്റെ കീഴിൽ വർക്ക് ചെയ്യുന്നവരോട് ആക്രമണത്തിന്റെ പാത സ്വീകരിക്കരുത് എന്ന് ആദം നിഷ്കർഷിച്ചിരുന്നു! സ്കോട്ട് ലാൻഡ് യാർഡ് ആദത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും അവര്ക്ക് ആധാതിനെതിരെ ഒന്നും തെളിയിക്കാൻ കഴിഞ്ഞില്ല! ഇൻസ്പെക്ട്ടർ ജോൺ ഷോർ ആദത്തിനെ പിടികൂടുക തന്റെ വ്യക്തിപരമായ ഒരു കാര്യമായി കരുതി.
എന്നാൽ കാര്യങ്ങൾ മാറിമറിയാൻ അധിക കാലം വന്നില്ല. ആദത്തിന്റെ സഹോദരൻ ഒരു കൃത്രിമ ചെക്ക് മാറാനായി പാരീസിലേക്ക് പോയി പിടിയിലായി. ജോണിനെ ഇംഗ്ലണ്ടിലെക്ക് നാടുകടത്തി. അയാൾ ഇൻസ്പെക്ടർ ജോൺ ഷോറിന്റെ കസ്ടടിയിലായി. എന്നാൽ നല്ല വക്കീലന്മാരുടെ സഹായത്തോടെ ആദം ജോണിനെ കുറ്റവിമുക്തനാക്കി അമേരിക്കയിലേക്ക് അയച്ചു.
മറ്റൊരവസരത്തിൽ ആദത്തിന്റെ വിശ്വസ്തരായ നാല് കൂട്ടാളികൾ കൃത്രിമ ക്രെഡിറ്റ് നോട്ട് ടർക്കിയിൽ വച്ച് ചിലവാക്കുമ്പോൾ പിടിയിലായി. 7 വർഷം കഠിന ജോലിക്കുള്ള ശിക്ഷ അവര്ക്ക് ലഭിച്ചു. എന്നാൽ ആദം ഉധ്യൊഗസ്തർക്ക് കൈക്കൂലി കൊടുത്ത് പിങ്കർട്ടൻ എജെന്സി അവരെ പിടികൂടി അമേരിക്കയിലേക്ക് നാടുകടത്തുന്നതിന് മുമ്പ് അവരെ സ്വതന്ത്രരാക്കി രക്ഷപെടുത്തി.
1785 കാലഘട്ടത്തിൽ തോമസ് ഗെയിന്സ്ബോരോ എന്ന ചിത്രകാരൻ ഡവൻ ഷെയറിലെ ഡച്ചസ് ആയ ജോർജിയാനോ കാവണ്ടിഷിന്റെ ഒരു പോർട്രെയിറ്റ് വരച്ചു.

എന്നാൽ ചാറ്റ്സ് വർത്ത് ഹൌസിൽ നിന്നും അത് നഷ്ടപ്പെട്ടു. 1830 ൽ ഒരു പ്രായം ചെന്ന സ്കൂൾ മിസ്ട്രെസ്സിന്റെ വീട്ടില് നിന്നും അത് കണ്ടെത്തി. 1841 ൽ അവർ അതൊരു ആർട്ട് ഡീലറിനു 56 പൌണ്ടിന് വിറ്റു. അയാളത് ആർട്ട് കലക്ട്ടരായ വിൻ എല്ലിസിനു കൈമാറി. എല്ലിസിന്റെ മരണശേഷം ആ ചിത്രം ലോകപ്രശസ്ത ലേല കച്ചവടക്കാരായ ലണ്ടനിലെ ക്രിസ്റ്റീസിൽ വില്പ്പനക്ക് 1876 ൽ എത്തി.
ബോണ്ട് സ്ട്രീറ്റിലെ ആർട്ട് ഡീലർ ആയ വില്ല്യം ആഗ്നു ആ ചിത്രം 10000 ഗിനിയക്ക് ലേലത്തിൽ പിടിച്ചു. ഒരു പെയിന്റിങ്ങിന് ലേലത്തിൽ കിട്ടുന്ന ഏറ്റവും വലിയ വില ആയിരുന്നു അത്. 3 ആഴ്ചക്ക് ശേഷം Thomas Agnew & Sons എന്ന ലണ്ടൻ ഗാലറിയിൽ നിന്നും അത് മോക്ഷണം പോയി. വൈകാരികമായി ആ ചിത്രത്തിനോട് എന്തോ ആകർക്ഷണം തോന്നിയ ആദം അത് മോഷ്ടിക്കാൻ തീരുമാനിച്ചു.
ജാക്ക് ജങ്ക ഫിലിപ്പ്, ലിറ്റിൽ ജോ എലിയറ്റ് എന്നിവരുടെ സഹായത്തോടെ ആ വിഖ്യാത പെയിന്റിംഗ് ആദം സ്വന്തമാക്കി! അവരോട് കുറച്ച് മാസങ്ങൾക്കുള്ളിൽ ആ ചിത്രം വിൽക്കും എന്നാണു ആദം പറഞ്ഞിരുന്നത്. എന്നാൽ ആ ചിത്രം വില്ക്കുന്നതിനോട് ആദത്തിനു താല്പ്പര്യം ഉണ്ടായിരുന്നില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജങ്ക ഫിലിപ്പിനും എലിയട്ടിനും ക്ഷമയില്ലാതെയായി.
ഒരിക്കൽ ഒരു ബാറിൽ വച്ച് ഒരു പോലീസുകാരനോട് ആ മോക്ഷണത്തിന്റെ കഥ ജങ്ക പറയുമെന്ന ഘട്ടം വരെ അതെത്തി. ജങ്കയുടെ തലയിലേക്ക് ഒരു മേശ ആദം മറിച്ചിട്ടു. പിന്നീട് ജങ്കയുമായി ആദം ബന്ധപ്പെട്ടില്ല. ലിറ്റിൽ ജോ എലിയട്ടിനു പണം നല്കി ആദം അമേരിക്കക്ക് പറഞ്ഞു വിട്ടു. അമേരിക്കയിൽ യൂനിയൻ ട്രസ്റ്റ് കമ്പനിയിൽ മോക്ഷണ ശ്രമത്തിൽ ലിറ്റിൽ ജോ എലിയട്ട് പിടിയിലായി. പിങ്കർട്ടൻ എജെന്സിയോടു ലിറ്റിൽ ജോ കാര്യങ്ങൾ തുറന്നു പറഞ്ഞു. പിങ്കർട്ടൻ ആദത്തിനെ പറ്റി സ്കോട്ട് ലാൻഡ് യാർഡിനെ വിവരം അറിയിച്ചു. പക്ഷെ, സ്കോട്ട് ലാൻഡ് യാർഡിന് ആദത്തെ കുടുക്കാൻ വേണ്ട തെളിവുകൾ ലഭിച്ചില്ല!
ആദം പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്ര തുടർന്നു. അയാളോടൊപ്പം ആ പെയിന്റിങ്ങുമുണ്ടായിരുന്നു. പിന്നീട് ആദം ആഫ്രിക്കക്ക് യാത്ര തിരിച്ചു. അവിടുന്ന് 5 ലക്ഷം ഡോളറിന്റെ ഡയമണ്ട് മോഷ്ടിച്ച് ആദം ലണ്ടനിൽ തിരികെ വന്ന് Wynert & Company സ്ഥാപിച്ച് കുറഞ്ഞവിലയിൽ ഡയമണ്ട് വില്ക്കുന്ന കട തുടങ്ങി! 1880 ൽ ഹെൻറി റെയ്മണ്ട് എന്ന പേരിൽ ലൂയിസ് മാർഗരറ്റ് ബൊൽജാനെ വിവാഹം ചെയ്തു. അവർക്ക് ഹെൻറി എന്നൊരാങ്കുട്ടിയും ബിയാട്രീസ് എന്നൊരു പെങ്കുട്ടിയും ഉണ്ടായി. ആദത്തിന്റെ ഭാര്യക്ക് അപ്പോഴും ആദത്തിന്റെ യഥാർത്ഥ മുഖം അറിയില്ലായിരുന്നു.
അമേരിക്കയിലെക്ക് പെയിന്റിംഗ് വിദഗ്ദ്ധമായി ആദം കടത്തി! 1892 ൽ ആദം ബൽജിയത്തിനു നീങ്ങി. അവിടെ ബുല്ലാര്ദ് തടവിലായിരുന്നു. അവിടെ മാക്സ് ഷിൻ ബോൺ എന്നയാളുമോത്ത് ആദം തന്റെ പതിവ് പണി തുടങ്ങി! അവർ പോലീസിന്റെ പിടിയിലായി. അടുത്ത കാലത്ത് ബുല്ലാര്ദ് മരണമടഞ്ഞു എന്ന് ആദം മനസ്സിലാക്കി.
1892 ഒക്ടോബർ 5 നു ഒരു അമേരിക്കൻ ബാങ്ക് റോബരായ ജോണി കർറ്റിൻ, ഡച്ചുകാരനായ അലോൺസോ ഹെന്നെ എന്നിവരുടെ സഹായത്തോടെ ആദം ഒരു പണം കൊണ്ടുപോകുന്ന ഒരു വാഹനം കൊള്ളയടിക്കാൻ പ്ലാൻ ചെയ്തു. പക്ഷെ ആദം പിടിക്കപ്പെട്ടു. മറ്റ് രണ്ടുപേരും രക്ഷപെട്ടു. തന്റെ കുറ്റകൃത്യങ്ങൾ അങ്ങീകരിക്കുകയൊ പേര് വെളിപ്പെടുത്തുകയോ ആദം ചെയ്തില്ല!
ബൽജിയം പോലീസ് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആദത്തിന്റെ കാര്യങ്ങൾ അന്വേഷിച്ചു. NYPD യും സ്കോട്ട് ലാൻഡ് യാർഡും അയാൾ ആദം വര്ത്താനെന്നു തിരിച്ചറിഞ്ഞു. എന്നാൽ പിങ്കർട്ടൻ എജെന്സി മൌനം പാലിച്ചു! എന്നാൽ ജെയിലിലായിരുന്ന മാക്സ് ഷിൻബൊൻ ആദത്തിനെ കുറിച്ച് തനിക്ക് അറിയാമായിരുന്ന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തി! ആദത്തിനു ജെയിലിൽ വച്ച് ലണ്ടനിലെ തന്റെ കുടുംബത്തിന്റെ കാര്യങ്ങളൊന്നും അറിവുണ്ടായിരുന്നില്ല.
കിറ്റി ഫ്ലിന്നിൽ നിന്നും നിയമസഹായത്തിനു സാമ്പത്തികം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു ലറ്റർ ആദത്തിനു കിട്ടി.
1893 മാർച്ച് 20 നു ആദത്തിന്റെ വിചാരണ തുടങ്ങി. ആദത്തിനു എതിരെ അറിയാവുന്ന മുഴുവൻ കാര്യങ്ങൾ പ്രോസിക്യൂറ്റർ വെളിപ്പെടുത്തി. അമേരിക്കാൻ, ബ്രിട്ടീഷ് പോലീസിന്റെ കുറ്റാരോപണങ്ങൾ വെറും കേട്ട് കഥ കളാണെന്നും തന്റെ ധനത്തിന്റെ സ്രോതസ് ചൂതാട്ടത്തിൽ നിന്നും ലഭിച്ചതാണെന്നും ആദം അവകാശപ്പെട്ടു! വിചാരണയുടെ ഒടുവിൽ 7 വർഷത്തെ തടവിനു വിധിക്കപ്പെട്ടു ആദം ല്യൂവെൻ തടവരയിലായി.
ജെയിലിലെ ആദ്യവർഷ നാളുകളിൽ ഷിൻബൊൻ ആദത്തിനെ ജെയിളിനുള്ളിൽ ആക്രമിക്കാൻ മറ്റ് തടവുകാരെ വാടകക്ക് ഏർപ്പെടുത്തി! പിന്നീട് ജെയിലിൽ തന്റെ ഭാര്യയുടെ സംരക്ഷണം ജോണി കർട്ടിൻ ഏറ്റെടുത്തതായും പാവം ആദം അറിഞ്ഞു. ജോണി കർട്ടിൻ അവളെ പ്രലോഭിപ്പിച്ച്, ലൈംഗികമായി ഉപയോഗിച്ച് പിന്നീട് ഒരു മാനസിക രോഗാശുപത്രിയിൽ മനോനില തെറ്റിയ നിലയിൽ തള്ളിയതായും ആദം അറിഞ്ഞു.
ആദത്തിന്റെ സഹോദരന്റെ സംരക്ഷണയിൽ ആദത്തിന്റെ കുട്ടികൾ അമേരിക്കയിൽ വളർന്നു. 1897 ൽ നല്ല സ്വഭാവം കാരണം ആദം ജെയിൽ മോചിതനായി. തന്റെ കുട്ടികൾ വളരുന്ന അമേരിക്കയിലേക്ക് പോകാൻ ആദം തീരുമാനിച്ചു. അതിനുവേണ്ട സാമ്പത്തികത്തിനായി ലണ്ടനിലെ ഒരു ഡയമണ്ട് ഡീലറിൽ നിന്ന് 4000 പൌണ്ടിന്റെ ഡയമണ്ട് ആദം കൊള്ളചെയ്തു! ആദം തന്റെ ഭാര്യയെ സന്ദർശിച്ചു. അവർ ആദത്തെ തിരിച്ചരിഞ്ഞതായി തലകുലുക്കുകയോ മറ്റോ ചെയ്തു. അമേരിക്കയിൽ മുമ്പ് ചെയ്ത കുറ്റങ്ങളുടെ പേരില് പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്ന് ആദത്തിനു ഭയം ഉണ്ടായിരുന്നു. പക്ഷെ അപ്പോഴും അയാളുടെ കൈയ്യിൽ ഒരു ട്രംപ് കാർഡ് ഉണ്ടായിരുന്നു. അത് 20 വർഷത്തോളം രഹസ്യമായി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന Duchess of Devonshire എന്ന ചിത്രമായിരുന്നു അത്!
ആദം അമേരിക്കയിലെത്തി തന്റെ കുട്ടികളെ സന്ദർശിച്ചു. പിന്നീട് വില്ല്യം പിങ്കർട്ടനെ കണ്ടുമുട്ടുന്നതിനായി തീരുമാനിച്ചു. പിങ്കർട്ടനോട് തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആദം വെളിപ്പെടുത്തി! ( അതിനെക്കുറിച്ച് പിങ്കർട്ടൻ എഴുതിയ മനുസ്ക്രിപ്റ്റ് ഇന്നും കാലിഫോർണിയയിലെ വാൻ നയിസ് പിങ്കർട്ടൻ ഡിട്ടക്ട്ടീവ് എജെന്സിയുടെ ആർക്കൈവ്സിൽ ഇന്നും കാത്തു സൂക്ഷിച്ചിട്ടുണ്ട്!)
പിങ്കർട്ടനിലൂടെ തോമസ് ആഗ്നു ആൻഡ് സൻസിൽ നിന്നും മോഷ്ടിക്കപ്പെട്ട Duchess of Devonshire എന്ന ചിത്രം 25000 ഡോളറിനു തിരിച്ചുനൽകാം എന്ന് ആദം വാഗ്ദാനം ചെയ്തു. പ്രൊസിക്യൂട്ട് ചെയ്യപ്പെടുകയില്ല എന്ന ഉറപ്പ് ആദം നേടി. രണ്ടുകൂട്ടർക്കും ആ നിബന്ധനകൾ സമ്മതമായിരുന്നു. പിന്നീട് ആജീവനാന്ത കാലം ആദം തന്റെ കുട്ടികളോടൊപ്പം ലണ്ടനിൽ ജീവിച്ചു. 1902 ജനുവരി 8 നു ആദം അന്തരിച്ചു.
ലണ്ടനിലെ ഹൈ ഗേറ്റ് സിമിത്തേരിയിൽ കാൾ മാർക്സിന്റെ ശവകുടീരത്തിനു സമീപം ഹെൻറി ജെ റയ്മണ്ട് എന്ന പേരിൽ ആദത്തെ അടക്കം ചെയ്തു. പിന്നീട് പിങ്കർട്ടൻ ഡിട്ടക്ട്ടീവ് എജെൻസിയിൽ ഒരു ഡിട്ടക്റ്റീവ് ആയി ആദം വർത്തിന്റെ മകൻ ഹെൻറി ചാർജെടുത്തു!. ആദം വർത്ത് ഒരു ലജണ്ടായി യൂറോപ്പിലും അമേരിക്കയിലും ജനങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.
