Neeraj Grover murder case.
2008 മെയ് 9.
മുംബായ് മലാഡ് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഒരു യുവതിയും കുറച്ചു സുഹൃത്തുക്കളും കൂടി കയറിച്ചെന്നു. സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് അവൾ ഒരു പരാതി സമർപ്പിച്ചു.
അവളുടെ സുഹൃത്ത് നീരജ് ഗ്രോവർ ( Neeraj Grover ) എന്നയാളെ രണ്ടു ദിവസമായി കാണാനില്ല എന്നായിരുന്നു പരാതി. മെയ് (6- 7) നു രാത്രി ഏകദേശം 1.30 യോടെ അവളുടെ ഫ്ലാറ്റിൽ നിന്നും പോയതാണ്. അന്നായിരുന്നു മലാഡിലുള്ള പുതിയ അപാർട്ട്മെന്റ്, ധിരാജ് സൊളിറ്ററിലേയ്ക്ക് അവൾ താമസം മാറിയത്. അവളുടെ സാധനങ്ങൾ ഷിഫ്റ്റ് ചെയ്യാനും മറ്റും സഹായിയ്ക്കാനാണു നീരജ് ഗ്രോവർ അവിടെ എത്തിയത്. ഇത്രയുമായിരുന്നു പരാതിയിലെ പ്രസക്ത ഭാഗങ്ങൾ.

കർണാടക സ്വദേശിനിയും കന്നട സിനിമയിലെ ഒരു നായിക നടിയുമായ മരിയ മോണിക്ക സുസൈരാജ് ( Maria Monica Susairaj ) ആയിരുന്നു പരാതിക്കാരി. കാണാതായ നീരജ് ഗ്രോവർ, സിനെർജി അഡ്ലാബിനു (Synergy Adlabs ) വേണ്ടി പ്രോഗ്രാമുകൾ നിർമ്മിയ്ക്കുന്ന സീനിയർ ടെലിവിഷൻ എക്സിക്യൂട്ടീവും.

പൊലീസ് പരാതി സ്വീകരിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ മരിയയുടെ അപാർട്ട് മെന്റിലെത്തി. പുതിയ ഫ്ലാറ്റ്. പുത്തൻ പെയിന്റ്, പുതിയ കർട്ടണുകൾ, ഉപകരണങ്ങൾ.
ഫ്ലാറ്റിൽ ഒരു യുവാവുണ്ടായിരുന്നു. അത് കൊച്ചിയിൽ നേവി ഓഫീസറും മരിയയുടെ പ്രതിശ്രുത വരനുമായ എമിൽ ജെറോം മാത്യു ആയിരുന്നു. ഒരു ട്രെയിനിങ്ങിനായി കഴിഞ്ഞ ദിവസം അയാൾ മുംബായിൽ വന്നതാണ്.

മെയ് 6 മുതലുള്ള സംഭവങ്ങളെ പറ്റി വിശദമായി പറയുവാൻ ഇൻസ്പെക്ടർ മരിയയോടാവശ്യപ്പെട്ടു.
മേയ് (6-7) രാത്രി ഏകദേശം 10 മണിയോടെയാണ്, ജോലിത്തിരക്കുകൾക്കു ശേഷം നീരജ്, മരിയയെ സഹായിയ്ക്കാനായി ഇങ്ങോട്ട് എത്തിയത്. രാത്രി 1.30 ഓടെ തിരികെ പോകുകയും ചെയ്തു. രാത്രി അന്ധേരിയിൽ ഒരു പാർടി ഉണ്ടെന്നാണു പറഞ്ഞിരുന്നത്. പോകുമ്പോൾ മൊബൈൽ എടുക്കാൻ മറന്നിരുന്നു. പിന്നീട് വരും എന്നു കരുതി ഇവിടെ തന്നെ സൂക്ഷിച്ചു. വിളിച്ചു പറയാൻ മറ്റൊരു നമ്പർ അറിയുകയുമില്ല.
മെയ് 8 നു വൈകിട്ട് നീരജിന്റെ ഒരു സുഹൃത്ത് വന്നു മൊബൈൽ വാങ്ങിക്കൊണ്ടു പോയി. അപ്പോഴാണറിയുന്നത്, അയാൾക്കും നീരജിനെ പറ്റി വിവരമില്ല എന്ന്. നീരജിന്റെ മാതാപിതാക്കൾ അയാളെ കാണാതെ വലിയ വിഷമത്തിലാണു. അവർ ആവശ്യപ്പെട്ടിട്ടാണു സുഹൃത്ത് നീരജിനെ അന്വേഷിച്ചത്. ഇതോടെയാണു പൊലീസിൽ പരാതി നൽകാൻ മരിയ തീരുമാനിച്ചത്.
ഇതേ സമയം, നീരജ് ഗ്രോവറിന്റെ പിതാവ് അമർനാഥ് ഗ്രോവറും മകനെ കാണാനില്ലെന്നു കാണിച്ച് ഒരു പരാതി പൊലീസിനു സമർപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച് അന്വേഷണം മുംബായ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചു.
ഇൻസ്പെക്ടർ സതീഷ് റൌറെയ്ൻ ( Satish Rajaram Raorane ) അന്വേഷണ ചുമതല ഏറ്റെടുത്തു. അദ്ദേഹം വീണ്ടും മരിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
മരിയയും നീരജ് ഗ്രോവറുമായുള്ള ബന്ധത്തെ പറ്റി വിശദമാക്കാൻ ഇൻസ്പെക്ടർ ആവശ്യപ്പെട്ടു.
കന്നടയിൽ ഏതാനും ചിത്രങ്ങളിൽ നായികയായ ശേഷം അവസരങ്ങൾ കുറഞ്ഞതോടെയാണു മരിയ സുസൈരാജ്, കഴിഞ്ഞ മാർച്ച് മാസം മുംബായിലേയ്ക്കു താമസം മാറ്റിയത്.








ബോളിവുഡ്ഡിൽ അവസരങ്ങൾ ലഭിയ്ക്കുമോ എന്ന് ശ്രമിച്ചു നോക്കാനായിരുന്നു അത്. അതിനുള്ള സാധ്യത വിരളമാണെന്നു മനസ്സിലായപ്പോൾ ടെലിവിഷൻ രംഗത്ത് കയറിപറ്റാനായി ശ്രമം. ഒരു സ്റ്റുഡിയോയിൽ വെച്ചാണു, ടി വി പ്രോഗ്രാം എക്സിക്യൂട്ടീവായ നീരജ് ഗ്രോവറെ പരിചയപ്പെട്ടത്. അതു സൌഹൃദമായി. പുതിയ ഒരു സീരിയലിൽ മരിയ്ക്കു ചാൻസ് ശരിയാക്കാമെന്ന് നീരജ് പറഞ്ഞിട്ടുണ്ട്. അതിന്റെ ഓഡിഷൻ കഴിഞ്ഞിരിയ്ക്കുന്നു. തനിയെ താമസിയ്ക്കുന്ന മരിയയ്ക്ക് നീരജ് ഒരു സഹായവുമായി. അങ്ങനെയാണു പഴയ ഫ്ലാറ്റിൽ നിന്നും പുതിയതിലേയ്ക്കു മാറുമ്പോൾ നീരജ് സഹായിയ്ക്കാനായി എത്തിയത്.
മെയ് 7 നു പകൽ മരിയ എന്തു ചെയ്യുകയായിരുന്നു എന്നു ഇൻസ്പെക്ടർ അന്വേഷിച്ചു.
അന്നു രാവിലെയാണു എമിൽ മാത്യൂ, ട്രെയിനിങ്ങിനായി മുംബായിൽ എത്തിയത്.
ഉച്ചയ്ക്കു ശേഷം അവർ ദാദറിൽ ഷോപ്പിങ്ങിനു പൊയി. എമിൽ മാത്യുവിന്റെ സുഹൃത്തായ ജിതേഷിന്റെ കാറിലാണു പോയത്. തിരിച്ചെത്തുമ്പോൾ ഏറെ വൈകിയിരുന്നു. ഈ സമയത്ത് നീരജിന്റെ മൊബൈൽ മരിയയുടെ കൈവശമാണുണ്ടായിരുന്നത്.
നീരജിനു ആരെങ്കിലും ശത്രുക്കൾ ഉള്ളതായി അറിയാമോ? ഇൻസ്പെക്ടർ ചോദിച്ചു.
അറിയില്ല. ടെലിവിഷൻ രംഗമല്ലേ ചിലപ്പോൾ ഉണ്ടാകാം. അവൾ പറഞ്ഞു.
അടുത്തതായി അന്വേഷണം നീരജ് ഗ്രോവറിനെ പറ്റിയായി. ക്രൈം ബ്രാഞ്ച് അയാളുടെ മൊബൈൽ കാൾ ലിസ്റ്റ് ശേഖരിച്ചു. മരിയയുടെ കൈവശമുണ്ടായിരുന്നത് നീരജിന്റെ പ്രൈവറ്റ് നമ്പർ ആയിരുന്നു. പരിചയക്കാരുടെ വിളികൾ മാത്രമേ അതിൽ ഉണ്ടാകാൻ സാധ്യതയുള്ളു. മെയ് – 7 നു ശേഷം ചില കോളുകൾ വന്നിട്ടുണ്ട്. അവയൊന്നും തന്നെ അറ്റൻഡ് ചെയ്യപ്പെട്ടിട്ടില്ല.
തുടർന്ന് നീരജിന്റെ ബിസിനസ് നമ്പർ കണ്ടെത്തി. അന്നു രാത്രി നീരജ് ആ മൊബൈൽ താമസ സ്ഥലത്തു തന്നെ വച്ചിരിയ്ക്കുകയായിരുന്നു, മരിയയുടെ ഫ്ലാറ്റിലേയ്ക്കു പോകുമ്പോൾ അതെടുത്തിരുന്നില്ല.
അതിന്റെ കോൾ ലിസ്റ്റെടുത്തു.
അതു പക്ഷെ വലിയ ഒരു ജോലിയായിരുന്നു, അനേകം കോളുകൾ. അതിൽ നിന്നും കാര്യങ്ങൾ വേർതിരിച്ചെടുക്കുക എളുപ്പമല്ല. അയാളുടെ മറ്റു സുഹൃത്തുക്കളെയും ഓഫീസിലുള്ളവരെയുമെല്ലാം കണ്ടെത്തി മൊഴിയെടുക്കാൻ ആരംഭിച്ചു. നീരജിനു ശത്രുക്കൾ ആരെങ്കിലും ഉള്ളതായി പൊലീസിനു കണ്ടെത്താനായില്ല.
ഒരാഴ്ച ആയിട്ടും ക്രൈംബ്രാഞ്ചിനു അല്പം പോലും മുന്നോട്ടു നീങ്ങാൻ സാധിച്ചില്ല. മുംബായിലെയും മഹാരാഷ്ട്രയിലെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചു. കണ്ടെത്തിയ അജ്ഞാത ജഡങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. ഒന്നും നീരജ് ഗ്രോവറിന്റേതായിരുന്നില്ല. മുംബായ് പോലൊരു മഹാ നഗരത്തിൽ അപ്രത്യക്ഷനായ ഒരാളെ കണ്ടെത്തുക അത്ര എളുപ്പമല്ലല്ലോ..
പൊലീസ് വീണ്ടും നീരജിന്റെ സ്വകാര്യ മൊബൈലിലെ കോളുകൾ പരിശോധന ആരംഭിച്ചു. മരിയ പറഞ്ഞതിനോട് യോജിയ്ക്കുന്നതായിരുന്നു അതിന്റെ ഉള്ളടക്കം.
അതിൽ ഒരു SMS സ്വീകരിയ്ക്കപ്പെട്ടത് ഇൻസ്പെക്ടർ ശ്രദ്ധിച്ചു.
മെയ് -7 വൈകുന്നേരം 5.14 നായിരുന്നു അത്.
അപ്പോൾ അതിന്റെ ടവർ ലൊക്കേഷൻ “ദഹിസാർ“ എന്ന സ്ഥലത്തായിരുന്നു..
മുംബായ് – താനെ റൂട്ടിലുള്ള സ്ഥലമാണു ദഹിസാർ. ഇൻസ്പെക്ടർ മരിയയുടെ മൊഴി ഓർത്തു. അവർ ദാദറിൽ ഷോപ്പിംഗിനു പോയിരിയ്ക്കുകയായിരുന്നു ആ സമയത്ത്. അതായത്, ദഹിസാറിനു വിപരീത ദിശയിൽ. നീരജിന്റെ മൊബൈൽ മരിയയുടെ കൈവശമായിരുന്നു ആ സമയമെന്നാണു മൊഴിയിൽ. ഈ പൊരുത്തക്കേട് ഇൻസ്പെക്ടർ സതീഷ് നോട്ട് ചെയ്തു.
അദ്ദേഹം, എമിൽ മാത്യുവിന്റെ മുംബയിലെ സുഹൃത്ത് ജിതേഷിന്റെ താമസ സ്ഥലം ട്രെയിസ് ചെയ്തു.
പൊലീസ് അവിടെയെത്തി. ജിതേഷ് നേവിയിലെ ഒരു ഓഫീസറായിരുന്നു. ഏതാനും ആഴ്ചകളായി അയാൾ കടലിലാണ്.
പൊലീസിന്റെ അന്വേഷണത്തിൽ ജിതേഷിന്റെ കാർ അയാൾ പോയ ശേഷം ഷെഡ്ഡിൽ നിന്നും ഇറക്കിയിട്ടില്ല എന്നു ബോധ്യമായി..
ഇത്രയുമായതോടെ മരിയയുടെ അന്നുവരെയുള്ള മൊബൈൽ ഡിറ്റയിത്സ് വിശദമായി പരിശോധിയ്ക്കാൻ ഇൻസ്പെക്ടർ തീരുമാനിച്ചു.
ഇക്കഴിഞ്ഞ 13 ദിവസങ്ങളിൽ എമിൽ ജെറോം മാത്യു ഏകദേശം 1000 തവണ മരിയയെ വിളിച്ചതായി അവർക്കു ബോധ്യപ്പെട്ടു. എല്ലാം ചെറിയ ചെറിയ കോളുകൾ. പ്രതിശ്രുത വധൂവരന്മാരെങ്കിലും ഇത്രയേറെ കോളുകൾ അസാധാരണം തന്നെ.
അടുത്ത പടി എമിൽ മാത്യുവിന്റെ കോൾ വിവരം ശേഖരിയ്ക്കലായിരുന്നു.
മെയ് (6-7) രാത്രി പതിനൊന്നുമണിയോടെ എമിൽ മരിയയെ വിളിച്ചിട്ടുണ്ട്. അപ്പോൾ അയാളുടെ ടവർ ലൊക്കേഷൻ കൊച്ചിയിലാണ്. മരിയയുടെ മൊഴി പ്രകാരം പിറ്റേന്ന്, അതായത് മെയ് 7 നു രാവിലെ അയാൾ മുംബായിലുണ്ട്..! തലേന്ന് രാത്രി എമിൽ വിളിയ്ക്കുമ്പോൾ, മരിയ പറയുന്നതനുസരിച്ച് നീരജ് ഗ്രോവർ അവരുടെ ഫ്ലാറ്റിലുണ്ടാവണം..
ഇൻസ്പെക്ടർ സതീഷ് ഉടനെ തന്നെ കേരള പൊലീസിന്റെ സഹായത്തോടെ കൊച്ചി എയർപോർട്ടുമായി ബന്ധപ്പെട്ടു. മെയ് (6-7) രാത്രിയിലെ കൊച്ചി-മുംബായ് യാത്രക്കാരുടെ വിവരം ശേഖരിച്ചു. അതിൽ വെളുപ്പിനെയുള്ള ഒരു ഫ്ലൈറ്റിലെ യാത്രക്കാരുടെ കൂട്ടത്തിൽ എമിൽ മാത്യുവിന്റെ പേരും ഉണ്ടായിരുന്നു.
പൊലീസ് മരിയയുടെ ഫ്ലാറ്റിന്റെ സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്തു.
മെയ് -7 നു ചാർജുണ്ടായിരുന്ന സെക്യൂരിറ്റിയോട്, മരിയയുടെ കാറിനെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചു.
മെയ് 7 നു 4.30 നു മരിയയും കൂടെ ഒരു പുരുഷനും എന്തോ കുറേ സാധനങ്ങളുമായി കാറിൽ പോകുന്നതു കണ്ടതായി അയാൾ മൊഴി നൽകി. ഫ്ലാറ്റ് കോമ്പൌണ്ടിൽ കയറുന്ന വാഹനങ്ങളുടെ നമ്പർ സെക്യൂരിറ്റികൾ കുറിച്ചു വെയ്ക്കാറുണ്ട്. മരിയയുടെ കാറിന്റെ നമ്പരും അവിടുത്തെ രജിസ്റ്ററിലുണ്ടായുന്നു.
പൊലീസ് ആ നമ്പർ പ്രകാരമുള്ള കാറിന്റെ ഉടമസ്ഥനെ കണ്ടെത്തി. കിരൺ ശ്രേയസ് എന്ന ആളായിരുന്നു അത്. അയാൾ മരിയയുടെ ഒരു സുഹൃത്തായിരുന്നു. മരിയയ്ക്കും മാത്യുവിനും ദാദറിൽ ഷോപ്പിംഗിനു പോകണമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടപ്പോൾ അയാൾ കാർ നൽകുകയായിരുന്നു.
മെയ് 21.
മരിയ സൂസൈരാജിനെ മലാഡ് പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചു.
ഇൻസ്പെക്ടർ സതീഷ് റാവ്രെയ്ൻ അവളെ വീണ്ടും ചോദ്യം ചെയ്തു. മെയ് 7 നു അവളുപയോഗിച്ച കാറിന്റെ ഉടമസ്ഥനെ പറ്റിയായിരുന്നു ആദ്യം ചോദ്യം.
“എമിൽ മാത്യുവിന്റെ സുഹൃത്ത് ജിതേഷിന്റെ കാറായിരുന്നു അത്.” അവൾ പറഞ്ഞു.
ഇൻസ്പെക്ടർ കാറിന്റെ നമ്പർ പറഞ്ഞു. “കിരൺ ശ്രേയസ് എന്നയാളിന്റെ കാറല്ലേയിത്?”
മരിയ പതറി. ചില സ്വകാര്യപ്രശ്നങ്ങൾ കൊണ്ടാണു ഉടമസ്ഥന്റെ പേരു മാറ്റി പറഞ്ഞതെന്നവൾ ബോധിപ്പിച്ചു.
“മെയ് 7 വൈകുന്നേരം 4.30 നു നിങ്ങൾ എവിടെ ഉണ്ടായിരുന്നു?” ഇൻസ്പെക്ടറുടെ അടുത്ത ചോദ്യം.
“ഞങ്ങൾ ദാദറിൽ ഷോപ്പിങ്ങിനു പോയിരുന്നു.”
“ദഹിസാർ വഴിയാണോ ദാദറിൽ പോയത്?”
“അല്ല..”
“അന്ന്, നീരജ് ഗ്രോവറിന്റെ മൊബൈൽ നിങ്ങളുടെ കൈവശം ആയിരുന്നില്ലേ?”
“അതേ”.
എങ്കിൽ അന്നു വൈകുന്നേരം 4.30 നു നീരജിന്റെ മൊബൈൽ എങ്ങനെ “ദഹിസാർ“ മൊബൈൽ ടവർ ലിമിറ്റിൽ വന്നു?”
അതു വിശദീകരിയ്ക്കാൻ മരിയയ്ക്കു എളുപ്പമായിരുന്നില്ല. അധികം വൈകാതെ അവളുടെ പ്രതിരോധമെല്ലാം തകർന്നു. തുടർന്നു അവൾ പറഞ്ഞത് അസ്ഥി മരവിപ്പിയ്ക്കുന്ന ഒരു കഥയായിരുന്നു.
മെയ് 6 വൈകിട്ട് 10 മണിയോടെ നീരജ് ഗ്രോവർ, മരിയ സുസൈരാജിന്റെ പുതിയ ഫ്ലാറ്റിലെത്തി. അന്നായിരുന്നു അവൾ അങ്ങോട്ട് ഷിഫ്റ്റ് ചെയ്തത്. സാധനങ്ങൾ എടുത്തുവെയ്ക്കാനും അടുക്കാനുമൊക്കെ അയാൾ അവളെ സഹായിച്ചു.
മാർച്ചിൽ മുംബായിലെത്തിയ മരിയ നീരജിനെ പരിചയപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടേയുള്ളു. ടെലിവിഷൻ സീരിയലുകളിൽ അവസരം തേടുന്ന അവളെ ചില സ്റ്റുഡിയോകളിലൊക്കെ അയാൾ പരിചയപ്പെടുത്തി. ഈ സഹായങ്ങൾക്കൊക്കെ അയാൾക്കു ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അതി സുന്ദരിയായിരുന്നു മരിയ. ഇൻഡസ്ട്രിയിൽ കയറിപ്പറ്റാൻ ചില വിട്ടുവീഴ്ചകളൊക്കെ വേണ്ടി വരുമെന്ന് അവൾക്കറിയാം. ഇടയ്ക്ക് രണ്ടു മൂന്നു ദിവസങ്ങൾ അവൾ നീരജിന്റെ ഫ്ലാറ്റിലായിരുന്നു താമസം.
മരിയയുടെ പ്രതിശ്രുതവരൻ എമിൽ ജെറോം മാത്യുവിനു, അവൾ മുംബായിൽ പോകുന്നതിനോടു വലിയ താല്പര്യമുണ്ടായിരുന്നില്ല. അവളെന്നു വെച്ചാൽ ഭ്രാന്തായിരുന്നു എമിലിന്. അവളോടൊപ്പമുള്ള ജീവിതമായിരുന്നു അവന്റെ സ്വപ്നം തന്നെ. ദിവസവും മൂന്നും നാലും തവണ വിളിയ്ക്കും. ഇടയ്ക്കിടെ ലീവെടുത്ത് അവളെ കാണാനെത്തും.. അധികം വൈകാതെ വിവാഹം നടത്താനാണു എമിലിന്റെ പ്ലാൻ.
നീരജ് ഗ്രോവർ എന്നൊരാൾ തനിയ്ക്ക് ചാൻസ് വാങ്ങിത്തരാമെന്നു പറഞ്ഞത് അവൾ എമിലിനെ അറിയിച്ചിരുന്നു. ഒരിയ്ക്കൽ മുംബായിൽ വന്നപ്പോൾ അയാളെ എമിലിനു പരിചയപ്പെടുത്തുകയും ചെയ്തു. നീരജും മരിയയുമായുള്ള പെരുമാറ്റവും അടുപ്പവും എമിലിനു അത്ര ഇഷ്ടമായില്ല. അയാളിൽ നിന്നും അകന്നു നിൽക്കുന്നതാണു നല്ലതെന്ന് എമിൽ മരിയയെ ഉപദേശിച്ചു. അവൾ അതു സമ്മതിയ്ക്കുകയും ചെയ്തു. എന്നാൽ ടെലിവിഷൻ ഇൻഡസ്ട്രിയിൽ കയറിപ്പറ്റും വരെ നീരജിനെ ഒഴിവാക്കാൻ പറ്റില്ലായെന്ന് അവൾക്കു നല്ല ഉറപ്പുണ്ടായിരുന്നു.
പതിവുപോലെ അന്നു രാത്രിയും എമിൽ മരിയയെ ഫോണിൽ വിളിച്ചു. അവളിന്നു പുതിയ ഫ്ലാറ്റിലേയ്ക്കു മാറുകയാണെന്ന് അയാൾക്കറിയാം. അവർ സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണു, എന്തോ ചോദിച്ചു കൊണ്ട് നീരജ് ഗ്രോവർ അങ്ങോട്ടു വന്നത്. ഫോണിൽ പെട്ടെന്നു കേട്ട പുരുഷ ശബ്ദം നീരജിന്റേതാണെന്നു എമിലിനു മനസ്സിലായി. കോപവും നിരാശയും കൊണ്ട് അവൻ വിറച്ചു.
“എന്താണവനു അവിടെ കാര്യം?” അയാൾ ദേഷ്യം കടിച്ചു പിടിച്ച് ചോദിച്ചു.
“ഫ്ലാറ്റ് ഷിഫ്റ്റ് ചെയ്തപ്പോൾ സഹായിയ്ക്കാൻ വേണ്ടി വന്നതാണ്..” അവൾ പറഞ്ഞു.
“അവനെ അവിടെ തങ്ങാൻ അനുവദിയ്ക്കരുത്. ഉടനെ പറഞ്ഞു വിടൂ”. എമിൽ ആവശ്യപ്പെട്ടു.
അവൾ സമ്മതിച്ചു.
മെയ് 7. രാവിലെ 7.30.
ഡോറിൽ തട്ടുന്ന ശബ്ദം കേട്ട് മരിയ കതകു തുറന്നു.
വാതിൽക്കൽ എമിൽ മാത്യു നിൽപ്പുണ്ടായിരുന്നു..!
അമ്പരന്നു നിന്ന അവളെ ഗൌനിയ്ക്കാതെ അയാൾ ഉള്ളിൽ കടന്നു.
തടയാൻ ശ്രമിച്ച അവളെ തട്ടിമാറ്റിക്കൊണ്ട് നേരെ ബെഡ് റൂമിലേയ്ക്കു ചെന്നു. അവിടെ കണ്ടത്, നഗ്നനായ നീരജ് ഗ്രോവറെയാണ്..
കോപം കൊണ്ടു വിറച്ച എമിൽ അടുക്കളയിലേയ്ക്കോടി.
അവിടെ നിന്നും തിരികെ വന്നത് മൂർച്ചയുള്ള ഒരു കത്തിയുമായിട്ടാണ്. ആകെ അന്ധാളിപ്പിലായ നീരജ് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.
കത്തിയുമായെത്തിയ എമിൽ ചീത്തവിളികളോടെ നീരജിനെ കുത്തി.
അവർ രണ്ടുപേരും തമ്മിലുള്ള മല്ലയുദ്ധം കണ്ട് നിൽക്കാനേ മരിയയ്ക്കു കഴിഞ്ഞുള്ളു. അധികം വൈകാതെ നീരജ് ഗ്രോവർ മരിച്ചു വീണു.ആ മുറിയൊരു ചോരക്കളമായി..
പക്ഷേ എമിലിനു മരിയയോട് ദേഷ്യം ഉണ്ടായില്ല. അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവളോടുള്ള സ്നേഹം ഉന്മാദമായി അയാളുടെ സിരകളിൽ കൂടി പാഞ്ഞൊഴുകി. ആ മൃതദേഹം അവിടെ കിടക്കുമ്പോൾ അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു..!
ഭ്രാന്താവസ്ഥയിൽ നിന്നും യാഥാർത്ഥ്യത്തിലേയ്ക്കെത്തിയപ്പോഴാണു എമിലിനു തന്റെ പ്രവർത്തിയെക്കുറിച്ച് ബോധം വന്നത്. എങ്ങനെയും കൊലപാതകം മറച്ചു വെക്കുക. ആപത്തിൽ നിന്നു രക്ഷപെടുക. അതുമാത്രമായി അവരുടെ ചിന്ത.
രാവിലെ 11.30 മണിയോടെ മരിയ ഫ്ലാറ്റിനു വെളിയിൽ പോയി.
അടുത്തുള്ള ഹൈപർ സിറ്റി മാളിൽ നിന്നും വലിയ കുറച്ചു പ്ലാസ്റ്റിക് ബാഗുകൾ, വിൻഡോ കർട്ടണുകൾ, എയർ ഫ്രെഷ്നറുകൾ, വലിയൊരു കത്തി എന്നിവ വാങ്ങി വന്നു.
മനുഷ്യമനസ്സിനെ മരവിപ്പിയ്ക്കുന്ന പ്രവർത്തികളാണു പിന്നീട് ആ ഫ്ലാറ്റിൽ നടന്നത്.
തെളിവുകൾ നശിപ്പിയ്ക്കുക എന്ന ഉദ്ദേശത്തോടെ നീരജ് ഗ്രോവറിന്റെ ബോഡി പലതാക്കി അവർ പ്ലാസ്റ്റിക് ബാഗുകളിൽ പാക്ക് ചെയ്തു. തുടർന്ന് ഫ്ലാറ്റ് കഴുകി വൃത്തിയാക്കി. എല്ലായിടത്തും എയർ ഫ്രഷ്നറുകൾ അടിച്ചു. ജനലുകളിൽ പുതിയ കർട്ടണുകൾ തൂക്കി..
ഇതിനിടയിൽ മരിയ, കിരൺ ശ്രേയസിനെ ബന്ധപ്പെട്ട് ദാദറിൽ ഷോപ്പിങ്ങിനു പോകാനായി കാർ ആവശ്യപ്പെട്ടിരുന്നു.
അയാൾ സമ്മതിച്ചു.
4.30 യോടെ ഒരു സാൻട്രോ കാറുമായി അവൾ ഫ്ലാറ്റ് കോമ്പ്ലക്സിലെത്തി.
അപ്പോൾ എമിൽ പ്ലാസ്റ്റിക് കെട്ടുകളുമായി താഴെയെത്തിയിരുന്നു.
കാറിന്റെ ഡിക്കിയിൽ അവ കയറ്റി അവർ താനെ ലക്ഷ്യമാക്കി ഓടിച്ചു പോയി.
നീരജിന്റെ മൊബൈൽ മരിയ കൈവശമെടുത്തിരുന്നു.
വഴിയിൽ ഒരു പെട്രോൾ പമ്പിൽ നിന്നും ക്യാനിൽ രണ്ടു ലിറ്റർ പെട്രോൾ വാങ്ങി.
കാർ ദഹിസാറിലെത്തിയപ്പോൾ നീരജിന്റെ മൊബൈൽ പെട്ടെന്ന് വൈബ്രേറ്റ് ആയി.
അവൾ ഫോണെടുത്തു നോക്കിയപ്പോൾ ടെലികോം കമ്പനിയുടെ ഒരു SMS ആയിരുന്നു അത്.
മാനോർ എന്ന വിജനമായ ഒരു സ്ഥലത്ത് അവർ എത്തി. റോഡിൽ നിന്നും കുറേ ഉള്ളിലേയ്ക്കു കാർ ഓടിച്ചു പോയി.
അവിടെ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കിയിട്ട് പെട്രോൾ ഒഴിച്ച് തീ കൊടുത്തു..








ക്രൈം ബ്രാഞ്ച് മരിയ സുസൈരാജിനെ അറസ്റ്റു ചെയ്തു.
എമിൽ ജെറോം മാത്യുവിനെ കൊച്ചിയിൽ നിന്നും അറസ്റ്റു ചെയ്ത് മുംബായിൽ എത്തിച്ചു.
ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു.
മെയ് 6 നു രാത്രി, മരിയയുമായി ഫോണിൽ സംസാരിയ്ക്കുമ്പോൾ ഇടയിൽ നീരജിന്റെ ശബ്ദം കേട്ടതോടെ എമിലിനു സമനില കൈവിട്ടു.
നീരജ്, അവനൊരു കുറുക്കനാണ്. മുംബായിൽ പരിചയമൊന്നുമില്ലാത്ത മരിയയെ അവൻ മുതലെടുക്കുകയാണ്. തന്റെ പ്രിയപ്പെട്ടവൾ കൈവിട്ടു പോകുമോയെന്ന ഭയംകൊണ്ട് എമിലിനു ഉറങ്ങാൻ കഴിഞ്ഞില്ല.
അയാളുടെ റൂം മേറ്റായ നേവൽ ഓഫീസർ സുഹൃത്ത് അന്വേഷിച്ചിട്ടും ഒന്നും പറഞ്ഞില്ല.
അസ്വസ്ഥനായ എമിൽ അപ്പോൾ തന്നെ ആരെയോ വിളിച്ച് വെളുപ്പിനെ പുറപ്പെടുന്ന വിമാനത്തിൽ മുംബായിലേയ്ക്കു ഒരു ടിക്കറ്റ് ബുക്കു ചെയ്തു. ആരോടും ഒന്നും പറയാതെ ആ രാത്രി തന്നെ അയാൾ എയർപോർട്ടിലേയ്ക്കു പുറപ്പെട്ടു.
മരിയയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാനാണു യാതൊരു മുന്നറിയിപ്പുമില്ലാതെ രാവിലെ വാതിലിനു പിന്നിൽ കാത്തു നിന്നത്..
നീരജ് ക്രൂരമായി കൊല്ലപ്പെട്ടതും, അതുമായി ബന്ധപ്പെട്ട് സിനിമാതാരം മരിയ മോണിക്ക സുസൈരാജ്, നേവി ഓഫീസർ എമിൽ ജെറോം മാത്യു എന്നിവരെ അറസ്റ്റു ചെയ്തതും രാജ്യമൊട്ടാകെ വലിയ വാർത്തയായി.
തെളിവുകൾ നശിപ്പിയ്ക്കാനായി വിദ്യാസമ്പന്നരും ഉയർന്ന നിലവാരത്തിലുള്ളവരുമായ ഒരു യുവാവും യുവതിയും സ്വീകരിച്ച വഴി ജനങ്ങളെ അമ്പരപ്പിച്ചു.
താൻ നിരപരാധിയാണെന്നും, എമിൽ കത്തി ചൂണ്ടി തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതാണെന്നും മരിയ വാദിച്ചു. കത്തിമുനയിൽ അയാൾ തന്നെ റേപ്പു ചെയ്യുകയായിരുന്നത്രേ..
മരിയയെയും എമിലിനെയുമായി പൊലീസ് മാനോറിലേയ്ക്കു പോയി. അവിടെ നീരജിന്റെ ബോഡി കത്തിച്ച സ്ഥലം കാണിച്ചു കൊടുത്തു. ഫോറെൻസിക് വിദഗ്ധർ അവിടെ നിന്നും സാമ്പിളുകൾ ശേഖരിച്ച് DNA പരിശോധനയ്ക്കയച്ചു. പരിശോധനയിൽ അതു നീരജ് ഗ്രോവറിന്റേതു തന്നെയെന്നു തെളിഞ്ഞു.
മരിയയുടെ കഥ അപ്പാടെ വിശ്വസിയ്ക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. അവർ മറ്റൊരു തീയറിയാണു കുറ്റപത്രത്തിൽ അവതരിപ്പിച്ചത്.
തനിയ്ക്ക് സീരിയലുകളിൽ അവസരം തരാമെന്നു പറഞ്ഞ് തന്നെ മുതലെടുക്കുകമാത്രമാണു നീരജിന്റെ ലക്ഷ്യമെന്ന് മരിയ മനസ്സിലാക്കി. ഇതിനു അയാളോടു പ്രതികാരം ചെയ്യണമെന്ന് അവൾ ഉറച്ചു. അതിനായി മെയ് 6 നു വൈകിട്ട് നീരജിനെ ഫ്ലാറ്റിലേയ്ക്കു വിളിച്ചു വരുത്തി. എന്നിട്ട് കൊച്ചിയിലുള്ള എമിലിനെ വിവരമറിയിച്ചു. ഉടൻ തന്നെ എമിൽ, നേവൽ അധികാരികളുടെ അറിവോ സമ്മതമോ എല്ലാതെ രാത്രി തന്നെ മുംബായ്ക്കു പുറപ്പെട്ടു.
രാവിലെ ഫ്ലാറ്റിലെത്തിയ എമിലും മരിയയും കൂടെ നീരജിനെ കൊലപ്പെടുത്തി.
തുടർന്ന് അവർ അയാളുടെ ബോഡി പലതാക്കി മറവു ചെയ്തു.
എമിൽ ഭീഷണിപ്പെടുത്തിയാണു മരിയയെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന വാദം കള്ളമാണ്, കാരണം അവൾക്കു രക്ഷപെടാൻ ഒട്ടേറെ അവസരങ്ങളുണ്ടായിരുന്നു. മാളിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ വേണമെങ്കിൽ അവൾക്കു രക്ഷപെടാമായിരുന്നു.
എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മരിയയും എമിലും ഗൂഡാലോചന നടത്തി നീരജിനെ കൊല ചെയ്തതെന്നാണ്.
കേസ് സെഷൻസ് കോടതിയിൽ വിചാരണയ്ക്കെത്തി. പബ്ലിക് പ്രോസിക്യുട്ടർ ആർ. വി. കിനി ശക്തമായ തെളിവുകൾ മുന്നോട്ടു വെച്ചു.
നീണ്ട വിചാരണയ്ക്കൊടുവിൽ സെഷൻസ് ജഡ്ജി എം.എൽ ചന്ദ്വാനി വിധി പറഞ്ഞു.
അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ ഇത് പെട്ടെന്നുള്ള വൈകാരിക പ്രകോപനത്തിൽ നിന്നും ഉണ്ടായ കൊലയാണ്.
പ്രതികൾ ഗൂഡാലോചന നടത്തിയതായി തെളിയിയ്ക്കപ്പെട്ടിട്ടില്ല.
മരിയ സൂസൈരാജിനു നീരജ് ഗ്രോവറിനെ കൊലചെയ്യേണ്ടതായ യാതൊരു സാഹചര്യവുമില്ല.
എമിൽ ഫ്ലാറ്റിലെത്തിയ ശേഷമാണു കൊലപാതകം നടന്നതെന്നാണു തെളിവുകൾ.
കൊലപാതകത്തിനു എമിൽ മാത്രമാണു ഉത്തരവാദി.
തെളിവു നശിപ്പിയ്ക്കാൻ കൂട്ടു നിന്നു എന്നതുമാത്രമാണു മരിയയ്ക്കെതിരെ കണ്ടെത്തിയ കുറ്റം.
അതിൻ പ്രകാരം മരിയ സൂസൈരാജിനു 3 വർഷം തടവും എമിൽ ജെറോം മാത്യുവിനു 10 വർഷം തടവും ശിക്ഷ വിധിയ്ക്കുന്നു.
ഈ കേസിൽ പോലീസിന് ചില വീഴ്ച്ചകൾ പറ്റിയിരുന്നു. കൊപലാതകത്തിനുപയോഗിച്ച കത്തി എമിൽ ചപ്പുചവറുകൾക്കിടയിൽ വലിച്ചെറിഞ്ഞിരുന്നു. ആ കത്തിക്ക് പകരം വീട്ടിൽ നിന്നും പിടിച്ചെടുത്ത മറ്റു രണ്ട് കത്തികളാണ് DNA പരിശോദനയ്ക്ക് അയച്ചത്. ഫലം നെഗറ്റീവായി. പിന്നീടാണ് യഥാർത്ഥ കത്തി കണ്ടെടുത്തത്.
എമിൽ കൊച്ചിയിൽ നിന്നും ബോംബേയ്ക്ക് വന്നത് നാവീക പരിശീലനത്തിനാണ് എന്നാണ് പറഞ്ഞിരുന്നത്. ഇത് ശരിയായിരുന്നോ എന്ന് പോലീസ് പരിശോദിച്ചില്ല.
രക്തക്കറ മായ്ക്കുവാനായി കൊലപാതകം നടന്ന മുറിക്ക് ഉളളിൽ എമിലും, മരിയായും ചേർന്ന് പേയ്ന്റടിച്ചിരുന്നു. മറ്റ് മുറികളിൽ നിന്നും വ്യത്യസ്ഥമായ പെയ്ന്റ് എന്തുകൊണ്ട് ആ മുറിക്ക് മാത്രം എന്ന് പോലീസ് ചിന്തിച്ചില്ല.
നീരജിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊതുസമൂഹത്തെയും തീരെ നിരാശരാക്കി ഈ വിധി. വിധി പ്രസ്താവം ഉണ്ടായപ്പോഴേയ്ക്കും മരിയ മൂന്നു വർഷം ജയിലിൽ കഴിച്ചു കൂട്ടിയിരുന്നു. അതുകൊണ്ടു തന്നെ വിധി വന്ന് ഉടൻ തന്നെ അവൾ മോചിതയായി..





നീരജിന്റെ മാതാപിതാക്കൾ ഈ വിധിയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.


ഈ കഥയേ ആസ്പദമാക്കി ഇറങ്ങിയ ചലച്ചിത്രമാണ് “Not a Love Story”

