Skip to content
  • മലയാളംമലയാളം
  • Index
  • About Us
  • Home
Crime Files

Crime Files

Crime stories

  • മലയാളംമലയാളം
    • EnglishEnglish
  • Toggle search form
Operation Nimrod

ഓപറേഷൻ നിമ്രാദ്

Posted on ഓഗസ്റ്റ്‌ 17, 2022ഓഗസ്റ്റ്‌ 17, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on ഓപറേഷൻ നിമ്രാദ്

OPERATION NIMROD: THE STORY OF THE IRANIAN EMBASSY SIEGE

2009 ആഗസ്റ്റ് .
അഫ്ഗാനിസ്ഥാനിലെ ഹെൽമാൻഡ് പ്രവിശ്യ. ബ്രിട്ടീഷ് സൈന്യത്തിന്റെ “ദ റൈഫിൾസ് സെക്കൻഡ് ബറ്റാലിയനിൽ പെട്ട ഏതാനും സൈനികർ റോന്തു ചുറ്റുന്നു. 29 കാരനായ സെർജന്റ് പോൾ മക് അലീസ് ( Paul McAleese ) ആണു ടീം ലീഡർ, കൂടെ സഹപ്രവർത്തകൻ പ്രൈവറ്റ് ജോണത്തൺ യംഗും ( Private Johnathon Young ) ഉണ്ടായിരുന്നു. ചുറ്റുപാടും നിരീക്ഷിച്ച് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന അവരുടെ എതിരെ ഒരു പഴകിയ പിക്കപ്പ് ഓടിച്ചു വന്നു.
വണ്ടി നിർത്താൻ അവർ ആംഗ്യം കാണിച്ചു.
ചെറുപ്പക്കാരനായ ഒരു പഠാൻ.
സൈനികർ വാഹനത്തിനടുത്ത് ചെന്ന് അയാളോട് എന്തോ ചോദിയ്ക്കാനൊരുങ്ങി.
പെട്ടെന്ന് ഒരു സ്ഫോടനം. ആ പിക്കപ്പ് ഒന്നായി പൊട്ടിത്തെറിച്ചു, ഒപ്പം രണ്ടു സൈനികരും. അതിലൊരാൾ സെർജന്റ് മക് അലീസ് ആയിരുന്നു.

Private Johnathon Young - ഓപറേഷൻ നിമ്രാദ്
Private Johnathon Young
Serjeant Paul McAleese - ഓപറേഷൻ നിമ്രാദ്
Serjeant Paul McAleese

പോളിന്റെ ബോഡിയും വഹിച്ചുള്ള വാഹനം ഇംഗ്ലണ്ടിലെ സ്റ്റെർലിങിലുള്ള വസതിയിലെത്തിയപ്പോൾ, അതു കാണാൻ കഴിയാതെ, ആകെ തകർന്നൊരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. പോളിന്റെ അച്ഛൻ, മുൻസൈനികനായ ജോൺ മക് അലീസ് ( John McAleese ). ഇത് അദ്ദേഹത്തിന്റെ കഥയാണ്.

John McAleese 1 1 - ഓപറേഷൻ നിമ്രാദ്
John McAleese

ബ്രിട്ടീഷ് സൈന്യത്തെ അഫ്ഗാനിലേയ്ക്കയക്കുമ്പോൾ തന്നെ ജോൺ മക് അലീസ്, പ്രധാന മന്ത്രി ഗോർഡൻ ബ്രൌണിനെ കുറ്റപ്പെടുത്തിയിരുന്നു, സൈനികർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ നൽകിയിരുന്നില്ലാ എന്ന്.

മകന്റെ മരണത്തോടെ കരുത്തനായ ആ മനുഷ്യൻ ആകെ തകർന്നു.
അച്ഛന്റെ ധീരസാഹസിക കഥകൾ കേട്ടു വളർന്ന പോൾ, ആ ആവേശത്താൽ തന്നെയാണു സൈനിക ജീവിതം തെരെഞ്ഞെടുത്തത്. “SAS”ൽ ( The Special Air Service ) ചേരണമെന്നതായിരുന്നു പോളിന്റെ വലിയ മോഹം, എന്നാൽ അതു സാധ്യമാകും മുൻപ് അഫ്ഗാനിൽ ആ ജീവിതമൊടുങ്ങി.

BRITAINS ELITE SPECIAL FORCES 1 - ഓപറേഷൻ നിമ്രാദ്

മകന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന സ്റ്റെർലിങ്ങിൽ ജീവിയ്ക്കാൻ കഴിയാതെ വന്നപ്പോൾ, ഭാര്യയെയും മകളെയും ഒറ്റയ്ക്കായി ജോൺ ഗ്രീസിലേയ്ക്കു പോയി. അവിടെ ചെറിയൊരു സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലിയ്ക്കു ചേർന്നു. തല നരച്ച, തൊലി ചുക്കിച്ചുളിഞ്ഞ, വലിയ “റ” മീശ വച്ച ആ 61 വയസ്സുകാരൻ അങ്ങനെ തന്റെ ഓർമ്മകളെ അകറ്റി നിർത്തി, വെറും ഒരു സാധാരണക്കാരനായി അവിടെ കഴിഞ്ഞു കൂടി.

അധികം വൈകാതൊരു ദിവസം കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ജോൺ ആശുപത്രിയിലായി. ഉറ്റവരും ഉടയവരുമില്ലാതെ അന്യനാട്ടിൽ സ്വയം ഉപേക്ഷിയ്ക്കപ്പെട്ടവനായി അയാൾ കിടന്നു.

വർഷങ്ങൾക്കു മുൻപ്, ആരാലും അറിയപ്പെടാതിരുന്ന ഒരു സൈനികനായിരുന്ന താൻ, പ്രശംസയുടെയും പ്രസിദ്ധിയുടെയും കൊടുമുടിയായ ആ ദിനം മെല്ലെ ജോണിന്റെ ഓർമ്മയിലേയ്ക്കു തെളിഞ്ഞു വന്നു. ഒരു പക്ഷേ തന്റെ മകൻ, പോൾ ഒരു സൈനികനാകാൻ കൊതിച്ചതു പോലും ആ ദിനത്തിന്റെ ആവേശത്താലാവാം..
ജോൺ ക്ഷീണിച്ച കണ്ണുകൾ അടച്ചു കിടന്നു..

1980 മാർച്ച് 31

ഇറാക്കി പാസ്പോർട്ടുള്ള നാലു യുവാക്കൾ അന്ന് ലണ്ടനിലെ ഹീത്രോ ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങി. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഏൾകോർട്ട് എന്ന സ്ഥലത്ത് അവർ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു.
ടൂറിസ്റ്റുകളായി വന്നെത്തിയ അവർ ലണ്ടൻ ജീവിതം ശരിയ്ക്കും ആസ്വദിച്ചു തുടങ്ങി. മദ്യപാനവും കാൾഗേൾസുമൊക്കെയായി അടിച്ചു പൊളി.
ഒരാഴ്ച ആയതോടെ ഫ്ലാറ്റുടമ അവരോട് ഉടൻ സ്ഥലം കാലിയാക്കുവാൻ ആവശ്യപ്പെട്ടു.
അധികം ബുദ്ധിമുട്ടാതെ തന്നെ മറ്റൊരു ഫ്ലാറ്റ് ലഭിച്ചു. അതു കുറച്ചുകൂടി വലുതായിരുന്നു. തങ്ങളുടെ കുറച്ചു സുഹൃത്തുക്കൾ കൂടി എത്താനുണ്ടെന്ന കാര്യം ഫ്ലാറ്റുടമയോട് മുൻകൂട്ടി സൂചിപ്പിയ്ക്കാൻ മറന്നില്ല അവർ. ഒരാഴ്ചയ്ക്കുള്ളിൽ ഫ്ലാറ്റിൽ താമസക്കാർ പന്ത്രണ്ടായി. ഒആൻ അലി മുഹമ്മദ് ( Oan Ali Mohammed ) എന്ന 27 കാരനായിരുന്നു അവരുടെ നേതാവ്. കാരണം, അക്കൂട്ടത്തിൽ ഇംഗ്ലീഷ് അല്പമെങ്കിലും മനസ്സിലാകുകയും സംസാരിയ്ക്കാൻ സാധിയ്ക്കുകയും ചെയ്യുന്നത് അയാൾക്കു മാത്രമായിരുന്നു.

Awn Ali Mohammad - ഓപറേഷൻ നിമ്രാദ്
Awn Ali Mohammad

രണ്ടാഴ്ചയോളം കഴിഞ്ഞപ്പോൾ അവർ ഫ്ലാറ്റൊഴിയുകയാണെന്ന് ഉടമയെ അറിയിച്ചു. ബ്രിസ്റ്റോളിൽ പുതിയൊരു ഫ്ലാറ്റ് എടുത്തിട്ടുണ്ട്, ഇനി അവിടെയാകാം താമസം. ഒരാഴ്ച അവിടെ താമസിച്ചിട്ട് ഇറാക്കിലേയ്ക്ക് തിരികെ പോകാനാണു പ്ലാൻ.

ഏപ്രിൽ 30 രാവിലെ 9.30 നു അവർ ഫ്ലാറ്റൊഴിഞ്ഞ് സാധനങ്ങളെല്ലാം വാരിക്കെട്ടി ഫ്ലാറ്റുടമയോട് യാത്ര പറഞ്ഞു.

ലണ്ടനിലെ സൌത്ത് കെൻസിങ്ടൺ ഏരിയയിലെ പ്രിൻസസ് ഗേറ്റിൽ നിരനിരയായി വിക്ടോറിയൻ പ്രൌഡിയോടെ കുറേ ബഹുനില കെട്ടിടങ്ങളുണ്ട്. അതിൽ 16 ആം നമ്പർ കെട്ടിടം ഇറാന്റെ എംബസി മന്ദിരമാണ്.

Iran embassy 682x1024 - ഓപറേഷൻ നിമ്രാദ്
Iranian Embassy


തൊട്ടടുത്തുള്ള മന്ദിരങ്ങളിൽ എംബസികളുണ്ട്, മറ്റു ഓഫീസുകളുമുണ്ട്.
ലണ്ടനിലെ ഡിപ്ലോമാറ്റിക് ഏരിയയാണു പ്രിൻസസ് ഗേറ്റ്.

ഒന്നാം ദിനം. 1980 ഏപ്രിൽ 30.

സമയം ഏകദേശം പതിനൊന്നര.
ഇറാൻ എംബസിയുടെ മുൻപിൽ സുരക്ഷാചുമതലയുള്ള പോലീസുകാരൻ ട്രെവർ ലോക്ക് ( Trevor Lock ) അലസമായി ഉലാത്തുകയാണ്.

Trevor Lock who was awarded for his bravery during the Iranian siege said he was saddened SAS hero Bob Curry was homeless - ഓപറേഷൻ നിമ്രാദ്
Trevor Lock, who was awarded for his bravery during the Iranian siege.

വിദേശ നയതന്ത്രകാര്യാലയങ്ങളുടെ സുരക്ഷാചുമതലയുള്ള ഡിപ്ലൊമാറ്റിക് പ്രൊട്ടക്ഷൻ സ്ക്വാഡിലെ (DPS) അംഗമാണു ട്രെവർ ലോക്ക്.

പെട്ടെന്ന് ഗേറ്റിൽ കൂടി ഒരു സംഘം യുവാക്കൾ ഉള്ളിലേയ്ക്ക് ഓടിക്കയറുന്നത് അയാൾ കണ്ടു.
അവരെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അതിനു മുൻപേ അവർ അയാളെ കീഴ്പ്പെടുത്തിയിരുന്നു. അതേ നിമിഷം തന്നെ എല്ലാവരുടെ കൈയിലും ആയുധങ്ങൾ പ്രത്യക്ഷപ്പെട്ടു.
സബ്മെഷീൻ ഗണ്ണുകകൾ, ഓട്ടോമാറ്റിക് റൈഫിളുകൾ, പിസ്റ്റൾ, ഹാൻഡ് ഗ്രനേഡുകൾ ഇവയെല്ലാം അവരുടെ കൈയിലുണ്ടായിരുന്നു.
നിസഹായനായ ലോക്കിനെ അവർ അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
ഇതിനിടയിൽ പക്ഷേ ലോക്ക് മറ്റൊരു കാര്യം ചെയ്തിരുന്നു. തന്റെ അരയിൽ സൂക്ഷിച്ചിരുന്ന രഹസ്യ റേഡിയോയിലെ പാനിക് ബട്ടൻ അമർത്തി. DPS ഓഫീസിലെ അലാറം മുഴങ്ങി.

എംബസിയിലേയ്ക്ക് ഓടിക്കയറിയ സംഘം മിനിട്ടുകൾക്കുള്ളിൽ അതിനുള്ളിലുണ്ടായിരുന്നവരെ തടവിലാക്കി.

ഇതിനിടയിൽ മൂന്നുപേർ രക്ഷപെടാൻ ശ്രമിച്ചു. രണ്ടു പേർ ജനാലവഴി വെളിയിൽ ചാടി. മൂന്നാമൻ ഒന്നാം നിലയിലെ പാരാപെറ്റ് വഴി അടുത്ത കെട്ടിടത്തിലേയ്ക്ക് ചാടാൻ ശ്രമിച്ചെങ്കിലും നടന്നില്ല, പിടിയ്ക്കപ്പെട്ടു.

കെട്ടിടത്തിന്റെ വാതിലുകളെല്ലാം അടയ്ക്കപ്പെട്ടു.
ബന്ദികളെ എല്ലാവരെയും രണ്ടാം നിലയിലേയ്ക്കു കൊണ്ടുപോയി.
മൊത്തം 26 പേരുണ്ടായിരുന്നു ബന്ദികൾ.
21 പുരുഷന്മാരും 5 സ്ത്രീകളും.

ഇറാൻകാരായ എംബസ്സി ജോലിക്കാരും വിസ ആവശ്യങ്ങൾക്കായി എത്തിയ ടൂറിസ്റ്റുകളും BBC യുടെ രണ്ടു ജേർണലിസ്റ്റുകളുമായിരുന്നു അവർ.
ട്രെവർ ലോക്കിന്റെ പോലീസ് യൂണിഫോം അഴിപ്പിയ്ക്കാൻ ഭീകരർ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല, പോലീസ് ഉദ്യോഗസ്ഥനെന്ന ഐഡന്റിറ്റി മാറ്റാൻ താൻ തയ്യാറല്ല എന്ന അയാളുടെ നിർബന്ധത്തിനു ഒടുക്കം അവർ വഴങ്ങി. യഥാർത്ഥത്തിൽ, ലോക്കിന്റെ കോട്ടിനടിയിൽ ഒരു റിവോൾവർ ഉണ്ടായിരുന്നു. അതു കണ്ടുപിടിയ്ക്കപ്പെടാതിരിയ്ക്കാനാണു അയാൾ അങ്ങനെ ഒരു അടവെടുത്തത്.

എംബസിയിൽ നിന്നും പുറത്തേയ്ക്കുള്ള ടെലഫോൺ ലൈനുകൾ എല്ലാം കട്ടു ചെയ്തു.

7 പേരുടെ ഒരു DPS യൂണിറ്റ് എംബസിയ്ക്കു വെളിയിൽ എത്തി.

അവർ ഉള്ളിലേയ്ക്കു കടക്കാൻ ശ്രമിയ്ക്കവേ ജനാല തുറക്കപ്പെട്ടു.

ഒരു ഭീകരൻ ആകാശത്തേയ്ക്കു വെടിവെച്ചു കൊണ്ട് അവരോട് തിരികെ പോകാൻ വിളിച്ചു പറഞ്ഞു. മുന്നോട്ടു നീങ്ങാൻ ശ്രമിച്ച അവരുടെ നേർക്കു തന്നെ വെടിപൊട്ടി.
അതോടെ DPS പിൻവാങ്ങി.
ലണ്ടൻ പോലീസിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ജോൺ ഡെല്ലോ ഉടനെ സ്ഥലത്തെത്തി. കാര്യഗൌരവം ബോധ്യപ്പെട്ട അദ്ദേഹം വിവരം മുകളിലേയ്ക്കറിയിച്ചു.
സ്കോട്ട് ലണ്ട് യാർഡിലെ C13 ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഉടനെ എംബസി മന്ദിരം വളഞ്ഞു.

A police officer on a ladder points his gun over a wall toward the Iranian Embassy in London April 30 1980 1024x768 - ഓപറേഷൻ നിമ്രാദ്
A police officer on a ladder points his gun over a wall toward the Iranian Embassy in London, April 30, 1980


തൊട്ടു പിന്നാലെ C7 ടെക്നിക്കൽ സപ്പോർട്ട് ബ്രാഞ്ച്, പോലീസ് സ്നൈപ്പേർസ് (ഷാർപ്പ് ഷൂട്ടർമാർ) എന്നിവരും രംഗത്തെത്തി.
അടുത്തുള്ള കെട്ടിടങ്ങൾ, റോഡിലെ മറവുകൾ എന്നിവിടങ്ങളിലൊക്കെ സ്നൈപ്പർമാർ പൊസിഷനിലായി. ആരാണു എംബസി പിടിച്ചെടുത്തതെന്നോ എന്താണു അവരുടെ ഉദ്ദേശമെന്നോ പോലീസിനു യാതൊരൂഹവും ഉണ്ടായിരുന്നില്ല.

സംഘർഷം പെരുകി വരവെ, ഒരു ജനാല തുറക്കപ്പെട്ടു. അതിൽ കൂടി തോക്കേന്തിയ ഒആൻ അലി മുഹമ്മദ് വിളിച്ചു പറഞ്ഞു. തങ്ങൾക്കു സംസാരിയ്ക്കാനുണ്ട്..

ഒരു ടെലഫോൺ ലൈൻ പുന:സ്ഥാപിയ്ക്കപ്പെട്ടു.
അതിൽ കൂടി, ബന്ദിയാക്കപ്പെട്ട ട്രെവർ ലോക്കു മുഖാന്തിരം ഭീകരർ ആരാണെന്നും അവരുടെ ഡിമാന്റുകൾ എന്തെന്നും പുറം ലോകം അറിഞ്ഞു.

ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിനുശേഷമുള്ള കാലം.
ഭരണാധികാരിയായിരുന്ന ഷാ രാജ്യം വിട്ടു. അയത്തൊള്ളാ ഖമേനിയുടെ ആത്മീയ നേതൃത്വത്തിലുള്ള ഷിയാ ഭരണകൂടം അധികാരത്തിൽ.
ഇറാന്റെ തെക്കൻ പ്രദേശമായ “ഖുസസ്റ്റാൻ” അറബി ഭാഷ സംസാരിയ്ക്കുന്ന സുന്നികൾക്കു ഭൂരിപക്ഷമുള്ളതാണ്.
ഷിയാ ഭരണകൂടം തങ്ങളെ പീഡിപ്പിയ്ക്കുന്നു എന്നും “അറബിസ്താൻ” എന്ന പേരിൽ തങ്ങൾക്കു സ്വയംഭരണം വേണമെന്നും ആവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന സംഘടനയാണു Democratic Revolutionary Front for the Liberation of Arabistan (DRFLA). അവർക്ക് സദ്ദാം ഹുസൈന്റെ ഇറാക്കി സർക്കാരിന്റെ പിന്തുണയുമുണ്ട്. DRFLA യിൽ പെട്ടവരായിരുന്നു ലണ്ടനിലെ ഇറാനിയൻ എംബസിയിൽ കടന്നു കയറിയവർ.
ഇറാനിലെ ജയിലിൽ കഴിയുന്ന 91 DRFLA തടവുകാരെ മോചിപ്പിയ്ക്കുക, തങ്ങൾക്ക് ബ്രിട്ടനിൽ നിന്നും സുരക്ഷിതമായി വെളിയിൽ പോകാനുള്ള സംവിധാനം ഒരുക്കുക. ഇതായിരുന്നു അവരുടെ ഡിമാൻഡുകൾ. മെയ് 1 , അതായത് അടുത്ത ദിവസത്തിനുള്ളിൽ ഇക്കാര്യങ്ങൾ നടപ്പായില്ലെങ്കിൽ എംബസി മന്ദിരവും ബന്ദികളും പൊട്ടിത്തെറിയ്ക്കുമെന്ന് ഓആൻ മുന്നറിയിപ്പും നൽകി. കൂടാതെ തങ്ങളുമായി കൂടിയാലോചന നടത്തുന്നതിനു ഇറാക്ക്, ജോർഡാൻ, അൽജീറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥരെ കൊണ്ടുവരണമെന്നും ഓആൻ ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് സർക്കാരിന്റെ ഒരു ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കപ്പെട്ടു. പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ അഭാവത്തിൽ, ആഭ്യന്തര സെക്രട്ടറി വില്യം വൈറ്റ് ഹാൾ ആണു ആധ്യക്ഷം വഹിച്ചത്.

Margaret Thatcher was keen not to appear soft on terror - ഓപറേഷൻ നിമ്രാദ്
Margaret Thatcher

പ്രതിരോധ സെക്രട്ടറി, MI 5, MI 6 എന്നിവയുടെ പ്രതിനിധികൾ എന്നിവരാണു അതിൽ പങ്കെടുത്തത്. “കോബ്ര” (COBRA) എന്നാണു ഈ കമ്മിറ്റിയ്ക്കു പേരുകൊടുത്തത്.

ഭീകരരുടെ ആവശ്യങ്ങൾ പരിഗണിച്ചതിൽ, അവയിൽ പ്രധാനപ്പെട്ട ഒന്നും തന്നെ നടപ്പിലാക്കുവാൻ സാധ്യമല്ല എന്ന് അവർക്കു മനസ്സിലായി.
ഇറാൻ ജയിലിലെ 91 പേരും വധിയ്ക്കപ്പെട്ടിരുന്നു.
ഒരു കുറ്റകൃത്യം നടത്തിയ ഒരാളെയും ബ്രിട്ടന്റെ മണ്ണിൽ നിന്നും സുരക്ഷിതമായി പുറത്തുവിടുമെന്ന ഗ്യാരണ്ടി നൽകാനാവില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്.
ഇതിനിടെ ഇറാൻ ഗവണ്മെന്റ് ബ്രിട്ടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
അമേരിയ്ക്കയും ബ്രിട്ടനും ചേർന്നുള്ള ഒരു നാടകമാണിതെന്നായിരുന്നു അവരുടെ പക്ഷം.
ഏതാനും വർഷം മുൻപ് ഇറാനിലെ അമേരിയ്ക്കൻ എംബസി പ്രക്ഷോഭക്കാർ കൈയേറിയ സംഭവത്തിനുള്ള പ്രതികാരമാണിതെന്ന് ആയത്തുള്ള ഖൊമേനി ആരോപിച്ചു. പ്രശ്നത്തിൽ ഇടപെടണമെന്ന മാർഗരറ്റ് താച്ചറുടെ അഭ്യർത്ഥന ഖൊമേനി തള്ളി.
ഇനി കളി താൻ തന്നെ കളിയ്ക്കേണ്ടിവരുമെന്ന് ശ്രീമതി താച്ചർക്കു ബോധ്യമായി.
ഇതിനിടെ, ബന്ദികളിലൊരാളായ ഫ്രീഡാ മൊസഫറിയാൻ എന്ന യുവതിയുടെ നില വഷളായി. അവൾ ഗർഭിണിയായിരുന്നു. എംബസിയ്ക്കുള്ളിലേയ്ക്ക് ഒരു ഡോക്ടറെ അയയ്ക്കണമെന്ന് ഓആന്റെ ആവശ്യം പോലീസ് തള്ളിക്കളഞ്ഞു. ഫ്രീഡയുടെ നില കൂടുതൽ മോശമായതോടെ, വൈകുന്നേരം 4.30 നു അവളെ മോചിപ്പിച്ചു.

ഇതേ സമയം, ബ്രിട്ടീഷ് സൈന്യത്തിന്റെ എലീറ്റ് യൂണിറ്റായ SPECIAL AIR SERVICES (SAS) ന്റെ ഹെഡ് ക്വാർട്ടേർസിൽ സന്ദേശമെത്തി.
ലണ്ടനിൽ ചിലതൊക്കെ സംഭവിച്ചിരിയ്ക്കുന്നു.
ഉടൻ റെഡിയാകുക.
1941 ൽ കേണൽ ഡേവിഡ് സ്റ്റെർലിംഗ് സ്ഥാപിച്ച സ്പെഷ്യൽ യൂണിറ്റാണു SAS. രണ്ടാം ലോകയുദ്ധകാലത്ത്, ലോകത്തിന്റെ പല യുദ്ധമുഖങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
1971 ൽ ലുഫ്താൻസാ വിമാനം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ, മൊഗാദിഷുവിൽ നടന്ന റെസ്ക്യൂ മിഷൻ – ഒപറെഷൻ ഫയർ മാജിക്- ജർമ്മൻ കമാൻഡോകളോടൊപ്പം SAS ഉം പങ്കെടുത്തിരുന്നു. അക്കാലത്ത് ലോകത്തെ ഏറ്റവും മികച്ച എലീറ്റ് ഫോഴ്സായിരുന്നു അവർ.

അറിയിപ്പു ലഭിച്ചയുടൻ 35 കമാൻഡോകളുടെ ഒരു ടീം തയ്യാറായി.
ജോൺ മക് അലീസ് ആയിരുന്നു ടീം ലീഡർ.
ശരീരമാകെ മൂടുന്ന കറുത്ത യൂണിഫോം. മുഖം മറയ്ക്കുന്ന ഗ്യാസ് മാസ്ക്. സബ്മെഷീൻ ഗൺ ഉൽപ്പെടെ മൂന്നോ നാലോ ആയുധങ്ങൾ. ഫ്ലാഷ് ലൈറ്റുകൾ, സ്റ്റെൺ ഗ്രനേഡ് എല്ലാം ഒരു SAS കമാൻഡോയുടെ ഭാഗമാണ്. കമാൻഡോകളുടെ കറുത്ത വേഷത്തിനു മന:ശാസ്ത്രപരമായ ഒരു ലക്ഷ്യമുണ്ട്. ഇത്തരം വേഷത്തിൽ കാണുന്ന ഒരാളുടെ രൂപം, ഭീകരരിൽ ഏതാനും സെക്കൻഡുകൾ നേരത്തേയ്ക്ക് ഒരു ആശയക്കുഴപ്പമുണ്ടാക്കും. ഒരു കമാൻഡോയ്ക്ക് ആ സമയം ധാരാളമാണ്.

രാത്രി 11.30 ഓടെ SAS ടീം റീജന്റ് പാർക്സ് ബാരക്കിൽ എത്തി.

രണ്ടാം ദിനം. മെയ് 1

“കോബ്രാ” യോഗം രാത്രിയിലും തുടരുകയായിരുന്നു. ഭീകരർ നൽകിയ ഡെഡ് ലൈൻ ഇന്നാണ്. അവരുടെ ആവശ്യങ്ങളുടെ കാര്യത്തിൽ പുരോഗതിയൊന്നുമില്ലാത്തതിനാൽ അവരെ എങ്ങനെയും അനുനയിപ്പിച്ചു സമയം നീട്ടിയെടുക്കുക എന്നതായിരുന്നു അത്യാവശ്യം.
രാവിലെ തന്നെ ഭീകരുടെ ഒരു ഫോൺകോൾ BBC ഓഫീസിലെത്തി. ബന്ദികളിൽ ഒരാളെക്കൊണ്ടാണു വിളിപ്പിച്ചത്.
കണക്ടായതോടെ ഓആൻ വാങ്ങി തന്റെ ഡിമാന്റുകൾ ഒന്നുകൂടി അറിയിച്ചു. ഇറാനികൾ അല്ലാത്തവരെ താൻ ഉപദ്രവിയ്ക്കില്ല എന്നും അയാൾ പറഞ്ഞു. ഇക്കാര്യങ്ങൾ BBC വാർത്തയിൽ പ്രക്ഷേപണം ചെയ്യണമെന്ന് അയാൾ ആവശ്യപ്പെട്ടു.

ബന്ദികൾക്കിടയിലെ BBC ജേർണലിസ്റ്റ് ക്രിസ് ക്രേമറിനു അസുഖം മൂർച്ചിച്ചു. അയാളെ ചികിത്സിയ്ക്കാനായി ഒരു ഡോക്റ്ററെ അയയ്ക്കണമെന്ന ആവശ്യം പോലീസ് നിരസിച്ചു.

ബന്ദിയിൽ പെട്ട മറ്റൊരു BBC ജേർണലിസ്റ്റ് സിം ഹാരിസിന്റെ നിരന്തര അപേക്ഷയെ തുടർന്ന് ക്രേമറിനെ, ഒആൻ മോചിപ്പിച്ചു.

പുറത്തെത്തിയ രണ്ടു ബന്ദികളിൽ നിന്നും പൊലീസ് ഭീകരരെ പറ്റിയുള്ള വിവരം ശേഖരിച്ചു.

ആറു പേരാണു എംബസി കീഴടക്കിയിരിയ്ക്കുന്നത്. ഏതാനും തോക്കുകളും കുറച്ച് ഗ്രനേഡുകളുമല്ലാതെ എംബസി കെട്ടിടം തകർക്കാനുള്ള ആയുധശേഷി അവർക്കില്ലായെന്ന് പോലീസിനു മനസ്സിലായി.

Awn Ali Mohammad 1 - ഓപറേഷൻ നിമ്രാദ്
Awn Ali Mohammad
Shakir Abdullah Radhil Faisal - ഓപറേഷൻ നിമ്രാദ്
Shakir Abdullah Radhil (Faisal)
Shakir Sultan Said - ഓപറേഷൻ നിമ്രാദ്
Shakir Sultan Said
Makki Hanoun Ali - ഓപറേഷൻ നിമ്രാദ്
Makki Hanoun Ali
Themir Mohahmed Husein - ഓപറേഷൻ നിമ്രാദ്
Themir Mohahmed Husein
Fowzi Nejad was jailed for 30 years and released in 2008 1 - ഓപറേഷൻ നിമ്രാദ്
Fowzi Nejad was jailed for 30 years and released in 2008


ഉച്ചയ്ക്ക് 2.00 മണിയായിരുന്നു ഓആൻ നേരത്തെ നിശ്ചയിച്ചിരുന്ന ഡെഡ് ലൈൻ. എന്നാൽ പോലീസ് ഒന്നും ചെയ്യാൻ തയ്യാറായില്ല.
2.00 മണി അടുത്തതോടെ ഓആൻ , അന്തിമ സമയം 4.00 മണിയിലേയ്ക്കു നീട്ടി. കൂടാതെ ഡിമാന്റുകളിൽ മാറ്റവും വരുത്തി. തങ്ങളെയും ഇറാനിയൻ ബന്ദികളെയും സുരക്ഷിതമായി ബ്രിട്ടനിൽ നിന്നും കടക്കാൻ ഒരു വിമാനം തയ്യാറാക്കി നിർത്തണമെന്നായിരുന്നു അത്. മൂന്നു അറബ് രാജ്യങ്ങളുടെ പ്രതിനിധികൾ ഇക്കാര്യം കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ 4.00 മണിയായിട്ടും പോലീസോ ഓആനോ ഒരു നീക്കവും നടത്തിയില്ല.
അന്നു രാത്രി 8.00 മണിയോടെ എന്തോ ചില ചെറിയ ശബ്ദങ്ങൾ ഓആന്റെ ശ്രദ്ധയിൽ വന്നു. അതെന്താണെന്ന് അയാൾ ട്രെവർ ലോക്കിനോട് ചോദിച്ചു.
എലി കരളുന്ന ശബ്ദമായിരിയ്ക്കാം എന്നു ലോക്ക് മറുപടി നൽകി.
സ്കോട്ട്ലൻഡ് യാർഡിന്റെ ടെക്നിയ്ക്കൽ ടീം ഭിത്തിയിൽ ദ്വാരങ്ങൾ ഡ്രിൽ ചെയ്യുന്ന ശബ്ദമാണതെന്ന് ലോക്കിനു മനസ്സിലായിരുന്നു. ഡ്രില്ലിംഗ് ശബ്ദം ഭീകരരുടെ ശ്രദ്ധ ആകർഷിച്ചേക്കുമെന്ന് തോന്നിയ “കോബ്ര” ഉടൻ തന്നെ ബ്രിട്ടീഷ് ഗ്യാസ് കമ്പനിയുടെ കൂറ്റൻ ഡ്രില്ലിംഗ് വാഹനങ്ങൾ കൊണ്ടുവന്ന് റോഡ് അരികുകളിൽ ഡ്രിൽ ചെയ്യാൻ തുടങ്ങി.
എന്നാൽ ആ ശബ്ദത്തിൽ പ്രകോപിതരായ ഭീകരർ പുറത്തേയ്ക്കു വെടിവെച്ചതോടെ അതു നിർത്തി. പകരം, ഹീത്രോ എയർപോർട്ടിൽ വിളിച്ച് എല്ലാ വിമാനങ്ങളുടെയും പോക്കുവരവുകൾ എംബസി കെട്ടിടത്തിനു തൊട്ടു മുകളിൽ കൂടിയാക്കുവാൻ നിർദ്ദേശിച്ചു.

മൂന്നാം ദിനം. മെയ് 2

രാവിലെ ഒമ്പതരയോടെ ഓആൻ ഒരു ജനാലയ്ക്കൽ പ്രത്യക്ഷപ്പെട്ടിട്ട് തനിയ്ക്ക് ഒരു ടെലെക്സ് ലൈൻ വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ പോലീസ് അക്കാര്യം നിരസിച്ചതോടെ കലികയറിയ ഓആൻ, എംബസിയിലെ കൾച്ചറൽ അറ്റാഷെ അബ്ദുൾ ഫാസി എസാറ്റിയെ പിടിച്ചു വലിച്ചുകൊണ്ട് ജനലയ്ക്കൽ കൊണ്ടുവന്നിട്ട് പിസ്റ്റൾ അയാളുടെ തലയ്ക്കു നേരെ ചൂണ്ടി.
ഉടനെ ടെലെക്സ് ലൈൻ ശരിയാക്കിയില്ലെങ്കിൽ എസാറ്റിയെ കൊല്ലുമെന്നയ്യാൾ വിളിച്ചു പറഞ്ഞു. അതോടെ പോലീസ് ടെലക്സ് ലൈൻ കണക്ട് ചെയ്തു കൊടുത്തു.
അതു വഴി തന്റെ ഡിമാന്റുകൾ അയാൾ പുറത്തേയ്ക്ക് എത്തിച്ചു.
ഇക്കാര്യങ്ങൾ ഇന്നു തന്നെ BBC-യിൽ വന്നിരിയ്ക്കണം, അതിനുള്ള ഉറപ്പ്, BBC യുടെ ന്യൂസ് ഡയറക്ടർ നേരിട്ടു വന്നു തരണം. ഓആൻ ആവശ്യപ്പെട്ടു.
കൂടുതൽ പ്രകോപനം ഉണ്ടാകാതിരിയ്ക്കാൻ അക്കാര്യം പോലീസ് അംഗീകരിച്ചു.
BBC യുടെ ന്യൂസ് ഡയറക്റ്റർ ടോണി ക്രാബിനെ അവർ സ്ഥലത്തെത്തിച്ച് ഉറപ്പു കൊടുത്തു.
മധ്യസ്ഥർ ഓആനും സംഘവുമായുള്ള സന്ധി സംഭാഷണങ്ങൾ തുടർന്നു കൊണ്ടിരുന്നു.
അന്നു വൈകിട്ടത്തെ റേഡിയോ വാർത്തയിൽ, ഓആന്റെ ഡിമാന്റുകൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അത് അയാൾ ആഗ്രഹിച്ച രീതിയിലായിരുന്നില്ല, ആകെ വളച്ചൊടിച്ചതായിരുന്നു.
വാർത്ത കേട്ട ഓആനു, BBC തന്നെ വഞ്ചിയ്ക്കുകയായിരുന്നു എന്നു തോന്നി.

A hooded man at the door of the Iranian Embassy in London with what appears to be a gun in his left hand May 2 1980 1024x675 - ഓപറേഷൻ നിമ്രാദ്
A hooded man at the door of the Iranian Embassy in London with what appears to be a gun in his left hand, May 2, 1980

ഈ സമയം, SAS , എംബസി മന്ദിരത്തിന്റെ കെയർടേക്കറെ (സൂക്ഷിപ്പുകാരനെ) കണ്ടെത്തി തങ്ങളുടെ ബാരക്കിലെത്തിച്ചു.
അവിടെ അവർ കെട്ടിടത്തിന്റെ പ്രത്യേകതകളെ പറ്റി ചോദിച്ചറിഞ്ഞു.
എംബസിയുടെ മുൻവാതിൽ സ്റ്റീൽ കൊണ്ടു നിർമ്മിച്ച സെക്യൂരിറ്റി ഡോറാണ്.
താഴത്തെയും ഒന്നാം നിലയിലെയും ജനലുകളെല്ലാം സ്റ്റീൽ കൊണ്ടു ബലപ്പെടുത്തി, ആർമേർഡ് ഗ്ലാസ്സിട്ടതാണ്.
മുൻവാതിലുകളും ജനലുകളും തകർത്ത് ഉള്ളിൽ കയറാമെന്നുള്ള ആദ്യ പ്ലാൻ ഉപേക്ഷിയ്ക്കപ്പെട്ടു.
ഇനി വേറെ വഴികൾ കണ്ടെത്തണം.

നാലാം ദിനം. മേയ് 3

തലേദിവസത്തെ BBC വാർത്തയിൽ കലി പൂണ്ടിരുന്ന ഓആൻ രാവിലെ തന്നെ പോലീസ് മധ്യസ്ഥനെ വിളിച്ചു പരാതിപ്പെട്ടു. ഉടനെ തന്നെ ഏതെങ്കിലും അറബ് രാജ്യത്തിന്റെ അംബാസഡറെ തന്റെ മുന്നിലെത്തിയ്ക്കണമെന്നാവശ്യപ്പെട്ടു.
തങ്ങൾ പല രാജ്യങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിയ്ക്കുകയാണെന്നും മറുപടികൾ വരേണ്ടതായിട്ടാണുള്ളതെന്നും മധ്യസ്ഥൻ അറിയിച്ചു.
പോലീസ് മനപൂർവം സമയം വൈകിയ്ക്കുകയാണെന്നും തന്നെ കുടുക്കാനാണ് അവരുടെ പ്ലാനെന്നും ഓആനു ബോധ്യമായി.
ബ്രിട്ടീഷ് ബന്ദികളെ ഉപദ്രവിയ്ക്കില്ല എന്ന തന്റെ നിലപാടിൽ നിന്നും താൻ പിന്നോട്ടു പോകുകയാണെന്ന് അയാൾ അറിയിച്ചു.
BBC ന്യൂസ് ഡയക്ടർ ടോണി ക്രാബ് ഉടൻ തന്റെ മുന്നിലെത്തണമെന്നും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഒരു ബന്ദി കൊല്ലപ്പെടും.
വൈകുന്നേരം 3.30 ആയിട്ടും ക്രാബ് അതിനു തയ്യാറായില്ല.
ഓആൻ ആകെ ആശയക്കുഴപ്പത്തിലായി.
അയാൾ മറ്റൊരു പ്രസ്ഥാവന തയ്യാറാക്കി പോലീസ് മധ്യസ്ഥനെ ഏൽപ്പിച്ചു, അതു ടോണി ക്രാബിനെ ഏല്പിച്ച് അടുത്ത റേഡിയോ വാർത്തയിൽ പ്രക്ഷേപണം ചെയ്യണമെന്നാവശ്യപ്പെട്ടു.
പോലീസിനു അതു സമ്മതമായിരുന്നു, അതിനു പകരമായി രണ്ടു ബന്ദികളെ മോചിപ്പിയ്ക്കാമെന്ന് ഓആൻ വാഗ്ദാനം ചെയ്തു.
ഹിയെക്ക് കാൻജി, അലി ഗുയിൽ എന്നിവർക്കാണു നറുക്കു വീണത്.
അതിൽ ഗുയിൽ മോചിപ്പിയ്ക്കപ്പെടാൻ കാരണം അയാളുടെ അസഹ്യമായ കൂർക്കം വലികാരണമായിരുന്നു.. രാത്രിയിൽ ആർക്കും ഒരു പോള കണ്ണടയ്ക്കാൻ സാധിച്ചിരുന്നില്ലത്രേ..!

രാത്രി 11 മണിയ്ക്കു ശേഷം SAS ന്റെ ഒരു നിരീക്ഷണ സംഘം എംബസി മന്ദിരത്തിന്റെ റൂഫിൽ (മേൽക്കൂര) കയറിപ്പറ്റി.
അവിടെ, കെട്ടിടത്തിന്റെ ഉള്ളിൽ സൂര്യപ്രകാശം എത്താനുള്ള ഒരു “സ്കൈ ലൈറ്റ്” അവർ കണ്ടെത്തി. അതുവഴി ഉള്ളിലേയ്ക്ക് ഇറങ്ങാനാവും. കൂടാതെ, മേൽക്കൂരയിൽ നിന്നും താഴേയ്ക്ക് ജനലുകളിലേയ്ക്ക് തൂങ്ങിയിറങ്ങാനുള്ള സ്റ്റീൽ റോപ്പുകളും പലയിടത്തായി ഫിറ്റു ചെയ്തു.

അഞ്ചാം ദിനം. മെയ് 4

മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയൊന്നുമില്ലാതെ വഴിമുട്ടി നിൽക്കുകയാണ്.
ബ്രിട്ടീഷ് വിദേശകാര്യവകുപ്പ് പല അറബ് രാജ്യങ്ങളുടെ പ്രതിനിധികളുമായും ബന്ധപ്പെട്ടു.
ഭീകരർക്കു സുരക്ഷാ പാതയൊരുക്കുക മാത്രമാണു സമാധാനപരമായി ഈ പ്രതിസന്ധി തീർക്കാനുള്ള ഏകവഴി എന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാൽ അങ്ങനെയൊരു ഉറപ്പിന്റെ വിഷയമേ ഇല്ല എന്നതായിരുന്നു പ്രധാനമന്ത്രി താച്ചറുടെ നിലപാട്.
ഇതിനിടെ ഓആന്റെ പരാതി എത്തി. തലേദിവസം എംബസിയിലേയ്ക്ക് അയച്ച ഭക്ഷണത്തിൽ പോലീസ് എന്തോ കൃത്രിമം കാണിച്ചിരുന്നു എന്നും, തനിയ്ക്ക് രാത്രിയിൽ അസുഖം പിടിപെട്ടുവെന്നും അയാൾ അറിയിച്ചു.
പോലീസ് മേധാവി ജോൺ ഡെല്ലോവിനു പെട്ടെന്നൊരു ഐഡിയ തോന്നി, ഈ തന്ത്രം പ്രയോഗിച്ചാലോ? അദ്ദേഹം ഒരു ഡോക്ടറെ വിളിച്ചു വരുത്തി ഇതിനേ പറ്റി അഭിപ്രായം തേടി.
“അപ്രായോഗികം” എന്നായിരുന്നു ഡോക്ടറുടെ മറുപടി.
ആ രാത്രിയിൽ SAS ന്റെ ഉന്നത സംഘം, ഓപ്പറേഷന്റെ അന്തിമ രൂപ രേഖ തയ്യാറാക്കി.

ആറാം ദിനം. മേയ് 5

വെളുപ്പാൻ കാലത്ത്, ഉറങ്ങുകയായിരുന്ന ട്രെവർ ലോക്കിനെ ഓആൻ തട്ടിയെഴുനേൽപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആരോ കടന്നിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. ലോക്കിനോട് അവിടെയെല്ലാം നോക്കിവരാൻ ആവശ്യപ്പെട്ടു.
ലോക്ക് എല്ലായിടവും പോയി നോക്കിയിട്ട്, താനാരെയും കണ്ടില്ല എന്നറിയിച്ചു.
എന്തോ സംഭവിയ്ക്കുന്നുണ്ടെന്നു ബോധ്യമായ ഓആൻ, പുരുഷ ബന്ദികളെ ആ റൂമിൽ നിന്നും മറ്റൊരു റൂമിലേയ്ക്കു മാറ്റി.
ആശങ്കയും സംഘർഷവും പെരുകിത്തുടങ്ങി.
ഓആന്റെയും മറ്റു ഭീകരരുടെയും രീതികളിൽ മാറ്റം വന്നു. ബന്ദികളുടെ നേർക്ക് പരുഷമായ പെരുമാറ്റം ആരംഭിച്ചു.
ബന്ദികളിൽ പെട്ട ഇറാനിയൻ ഉദ്യോഗസ്ഥനായ അബ്ബാസ് ലവസാനി, പലപ്പോഴും ഓആനോട് കയർക്കുമായിരുന്നു. അന്നും അയാൾ അതാവർത്തിച്ചപ്പോൾ കോപാകുലനായ ഓആൻ, ലവസാനിയെ കഴുത്തിനു കുത്തീപിടിച്ച് ജനാലയ്ക്കടുത്തേയ്ക്കു കൊണ്ടുവന്നു.
പിസ്റ്റൾ അയാളുടെ തലയ്ക്കു ചൂണ്ടിയിട്ട് വിളിച്ചു പറഞ്ഞു: 45 മിനുട്ടിനകം ഒരു അറബ് അംബാസഡർ എന്നോടു സംസാരിച്ചില്ലെങ്കിൽ ഇയാളെ കൊന്നുകളയും..”
അപ്പോൾ സമയം ഉച്ചയ്ക്ക് 1.00 മണി.
കൃത്യം 1.40 ആയപ്പോൾ ട്രെവർ ലോക്ക് പുറത്തേയ്ക്ക് വിളിച്ചു പറഞ്ഞു, ലവാസാനിയെയും കൊണ്ട് ഓആനും കൂട്ടരും താഴേയ്ക്കു പോയിട്ടുണ്ട്..!”

സമയം 1.45. എംബസിയ്ക്കുള്ളിൽ നിന്നും മൂന്നു വെടികൾ പൊട്ടി.
പുറത്ത് ഒരു ഫങ്ഷനു പോയിരുന്ന ഹോം സെക്രട്ടറി വില്ലി വൈറ്റ്ലോ, ഉടൻ തന്നെ കോബ്രാ മീറ്റിംഗിലേയ്ക്ക് പാഞ്ഞെത്തി.
SAS നോട് അടുത്ത നടപടിയെ പറ്റി ബ്രീഫ് ചെയ്യുവാൻ ആവശ്യപ്പെട്ടു.
എംബസിയ്ക്കു മുന്നിൽ ഓരോ നിമിഷവും സംഘർഷഭരിതമായി നീങ്ങി.
SAS കമാൻഡോകൾ ഓപ്പറേഷനു തയ്യാറെടുത്തു.
നിരനിരയായി കണ്ണുതുറന്നിരിയ്ക്കുന്ന ക്യാമറകളുടെയോ പൊതുജനത്തിന്റെയോ ശ്രദ്ധയിൽ പെടാതെ അവർ എംബസിയുടെ തൊട്ടടുത്തുള്ള റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേർസ് ബിൽഡിങ്ങിലെത്തി.
സമയം 5.00 മണി.
SAS കമാൻഡോകൾ നിശ്ശബ്ദം പൊസിഷനിലായി.
ഇതിനിടെ പോലീസ്, അടുത്തുള്ള ഒരു മോസ്കിലെ ഇമാമിനെ ഭീകരരുമായി സംസാരിയ്ക്കുവാൻ കൂട്ടിക്കൊണ്ടുവന്നു.
അതിനിടയിൽ വീണ്ടും മൂന്നു വെടി ശബ്ദം കൂടി കേട്ടു.
അല്പസമയത്തിനകം ലവസാനിയുടെ ബോഡി പുറത്തേയ്ക്ക് എറിയപ്പെട്ടു.
ബോഡി പരിശോധിച്ച ഡോക്ടർ പറഞ്ഞത് ലവസാനി ഒരുമണിക്കൂർ മുൻപേ മരിച്ചു എന്നാണ്.
വീണ്ടും ആരോ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് സംശയം പരന്നു..
അപ്പോൾ സമയം വൈകിട്ട് 6.20.
സർ ഡേവിഡ് മക് നീ, മെട്രോ പോലീറ്റൻ പോലീസ് കമ്മീഷണർ, ഹോം സെക്രട്ടറിയ്ക്ക് അടിയന്തിര സന്ദേശമയച്ചു. എംബസി കെട്ടിടവും പരിസരവും പോലീസിന്റെ ചുമതലയിൽ നിന്നും ബ്രിട്ടീഷ് ആർമിയുടെ ചുമതലയിലേയ്ക്കു മാറ്റുന്നതായിരുന്നു ആ സന്ദേശം.
അതു പ്രധാനമന്ത്രി മാർഗററ്റ് താച്ചറുടെ അംഗീകാരത്തിനെത്തി. ഒരു നിമിഷം പോലും വൈകാതെ അവർ അത് അംഗീകരിച്ചു.
സമയം 7.07. SAS ലെഫ്റ്റനന്റ് കേണൽ മൈക്ക് റോസിന്റെ പൂർണ അധികാരത്തിലേയ്ക്ക് എംബസിയും പരിസരവും മാറ്റപ്പെട്ടു.
അപ്പോഴും പോലീസ് മധ്യസ്ഥർ ഓആനുമായി സംഭാഷണത്തിലായിരുന്നു. ക്രുദ്ധനായ അയാൾ കൂടുതൽ ബന്ദികളെ കൊല്ലുന്നതു തടയുകയായിരുന്നു ഉദ്ദേശം.
SAS രണ്ടു ഗ്രൂപ്പായി വേർതിരിഞ്ഞു.

Operation Nimrod 4 - ഓപറേഷൻ നിമ്രാദ്

റെഡ് ടീമും ബ്ലൂ ടീമും.
ഇരു ടീമിന്റെയും കമാൻഡർ ലാൻസ് കോർപറൽ മക് അലീസ്.
ഒരു ടീം കെട്ടിടത്തിന്റെ മേൽക്കൂരയിൽ സ്റ്റീൽ റോപ്പുകൾക്കു മുന്നിൽ റെഡിയായി നിന്നു. നാലുപേരുടെ ഒരു ഗ്രൂപ്പ് സ്കൈ ലൈറ്റിനു ചുറ്റുമായി പതിഞ്ഞു കിടന്നു. റോപ്പ് വഴി അവർ സ്റ്റെൺ ഗ്രനേഡുകൾ താഴേയ്ക്കു ഇറക്കി. എംബസിയുടെ ഗ്രൌണ്ട് ഫ്ലോറിലും അടുത്ത കെട്ടിടത്തിന്റെ ബാൽക്കണിയിലുമായി മറ്റു ഗ്രൂപ്പുകളും തയ്യാറായി.

Operation Nimrod 5 - ഓപറേഷൻ നിമ്രാദ്
Operation Nimrod

“ഭീകരന്മാരുടെ കൈയിൽ മെഷീൻ ഗണ്ണുകളുണ്ട്, പോക്കറ്റിൽ ഗ്രനേഡുകളുമുണ്ട്. യാതൊരു മയവും വേണ്ട കാണുന്ന മാത്രയിൽ ഫിനിഷ് ചെയ്യുക, അല്ലെങ്കിൽ അവർ നിങ്ങളെ ഫിനിഷ് ചെയ്യും” ഇതായിരുന്നു കമാൻഡോകൾക്കുള്ള നിർദേശം.

സമയം 7.23.

“ഗോ..ഗോ..ഗോ..” കമാൻഡറുടെ ശബ്ദം.
സ്റ്റീൽ റോപ്പുകളിൽ തൂങ്ങി ബ്ലൂടീം ഒന്നാം നിലയിലെ ജനാലകളിലേയ്ക്ക് ഊർന്നിറങ്ങി.
ഇതേസമയം തന്നെ സ്കൈലൈറ്റിലൂടെ സ്റ്റെൻ ഗ്രനേഡുകളും താഴേയ്ക്കു പോയി..
വലിയൊരു സ്ഫോടനം..!

Operation Nimrod 0 - ഓപറേഷൻ നിമ്രാദ്

പോലീസ് മധ്യസ്ഥരുമായി സംഭാഷണത്തിലായിരുന്ന ഓആൻ ചാടി എഴുനേറ്റു..
അപ്പോൾ ജനാലകൾ തകർത്തു കൊണ്ട് മൂന്നു കമാൻഡോകൾ ഉള്ളിലെത്തി..
വീണ്ടും സ്റ്റെൺ ഗ്രനേഡ് സ്ഫോടനം..

John McAleese MM 1949 2011 700x430 1 - ഓപറേഷൻ നിമ്രാദ്

ഭീകരർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി..
ബന്ദികൾ ഉച്ചത്തിൽ നിലവിളിച്ചു.
ഇതേസമയം അടുത്ത കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നുമുള്ള കമാൻഡോകൾ എംബസികെട്ടിടത്തിലെത്തി.
ഗ്രൌണ്ട് ഫ്ലോറിന്റെ പിൻവാതിൽ തകർത്ത് മറ്റൊരു സംഘവും ഉള്ളിലെത്തി..
ഒന്നാം നിലയിൽ വെടിക്കെട്ടിന്റെ പൂരം.
തലങ്ങും വിലങ്ങും ബുള്ളറ്റുകൾ. അവിടെയുള്ള വിലപിടിച്ച ഫർണിച്ചറുകൾ ചിതറിത്തെറിച്ചു. കർട്ടണുകളിൽ തീപടർന്നു..
ഇതേസമയം എംബസിയ്ക്കു പുറത്ത് ടെലിവിഷൻ ക്യാമറകൾ കണ്ണുതുറന്നിരിയ്ക്കുകയായിരുന്നു.
വെളുത്ത ആ കെട്ടിടത്തിന്റെ ബാൽക്കണിയിൽകൂടി അടിമുടി കറുത്തവേഷം ധരിച്ച ഒരു രൂപം ജനാല തകർത്ത് ഉള്ളിൽ കയറുന്ന ദൃശ്യം ലൈവായി ബ്രിട്ടീഷുകാർ കണ്ടു.
SAS പുറം ലോകത്തിനു ദൃശ്യമാകുന്ന ആദ്യ അവസരമായിരുന്നു അത്.
ആ രൂപം മറ്റാരുമായിരുന്നില്ല ജോൺ മക് അലീസ് ആയിരുന്നു..

Operation Nimrod 2 - ഓപറേഷൻ നിമ്രാദ്

SAS ന്റെ ആക്ഷനുമുൻപിൽ ഭീകരർക്കു പിടിച്ചു നിൽക്കാനായില്ല. അഞ്ചു പേർ കൊല്ലപ്പെട്ടു. ഒരാൾ ജീവനോടെ പിടിയിലായി.

ഒന്നാമൻ:
ഒന്നാം നില ക്ലീയർ ചെയ്യുന്ന കമാൻഡോകളെ വെട്ടിച്ച് ഇയാൾ താഴേയ്ക്കോടി. ഒരു കമാൻഡോ വെടിവെച്ചെങ്കിലും ലക്ഷ്യം തെറ്റി. ആൾ എവിടെയോ ഒളിച്ചു രക്ഷപെട്ടു. കമാൻഡോ സംഘം തിരച്ചിലാരംഭിച്ചു. താഴെ നിലയിൽ മൊത്തം ഇരുട്ടായിരുന്നു. ഫ്ലാഷ് ലൈറ്റുകളുടെ സഹായത്തോടെ അവർ ഓരോ ഇഞ്ചും അരിച്ചു പെറുക്കി. ഒടുക്കം ഒരു സോഫയുടെ അടിയിൽ പിസ്റ്റളുമായി ഒളിച്ചിരിയ്ക്കുകയായിരുന്ന അയാളെ കണ്ടെത്തി. ഏതാനും ബുള്ളറ്റുകൾ..
അയാളെ അവിടെ ഉപേക്ഷിച്ച് അവർ മുകളിലേയ്ക്കു നീങ്ങി.

A huge explosion signalled the start of the operation - ഓപറേഷൻ നിമ്രാദ്
A huge explosion signalled the start of the operation

രണ്ടാമൻ:
അത് മറ്റാരുമായിരുന്നില്ല ഓആനായിരുന്നു. തലങ്ങും വിലങ്ങും സബ്മെഷീൻ ഗണ്ണിൽ നിന്നും വെടിയുതിർത്ത ശേഷം അയാൾ അടുത്ത നീക്കത്തിനു പതുങ്ങിയിരുക്കുകയായിരുന്നു. അപ്പോഴാണു ജനൽ സൈഡിൽ നിന്നും ഒരു കമാൻഡോ അങ്ങോട്ടു നീങ്ങിയത്. ഓആൻ അയാളെ ലക്ഷ്യം വെക്കുന്നതു കണ്ട ട്രെവർ ലോക്ക്, ഓആനെ കാലിൽ തട്ടി വീഴ്ത്തി. അപ്പോൾ രംഗത്തെത്തിയ മക് അലീസിന്റെ ബുള്ളറ്റ് ഓആന്റെ തല തകർത്തു..

Oan Ali Mohammed - ഓപറേഷൻ നിമ്രാദ്
Oan Ali Mohammed

മൂന്നാമനും നാലാമനും:
സ്ഫോടനവും വെടിയൊച്ചകളും കേട്ട് പരിഭ്രാന്തരായ ഇവർ രണ്ടാം നിലയിൽ പുരുഷ ബന്ദികൾക്കിടയിലേയ്ക്കു ചാടിക്കയറി ലക്ഷ്യമില്ലാതെ വെടി വെച്ചു. ഒരു ബന്ദി തൽക്ഷണം മരിച്ചു. മറ്റു രണ്ടുപേർക്കു പരിക്കേറ്റു.. അതോടെ മനസാന്നിധ്യം നഷ്ടപ്പെട്ട അവർ തോക്കുകൾ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ട് കൈയുയർത്തി നിന്നു. അപ്പോൾ അങ്ങോട്ടേയ്ക്കെത്തിയ കമാൻഡോകൾക്ക് ആദ്യം ഇവരെ തിരിച്ചറിയാനായില്ല. എന്നാൽ ബന്ദികൾ അവരെ ചൂണ്ടിക്കാണിച്ചതോടെ രണ്ടു പേരുടെയും തലയിൽ കൂടി ബുള്ളറ്റുകൾ പാഞ്ഞു..

Operation Nimrod 6 - ഓപറേഷൻ നിമ്രാദ്

അഞ്ചാമൻ :
കമാൻഡോകൾ ബന്ദികളെ ഒഴിപ്പിയ്ക്കുന്നതിനിടെ ഒരാൾ തലതാഴ്ത്തിക്കൊണ്ട് അവർക്കിടയിലൂടെ നൂഴ്ന്നു കയറി. അയാളുടെ കൈയിൽ ഒരു ഗ്രനേഡുണ്ടായിരുന്നു. ഭീകരനെ തിരിച്ചറിഞ്ഞെങ്കിലും ആളുകൾക്കിടയിലായതിനാൽ ഷൂട്ട് ചെയ്യാനായില്ല. ഉടൻ ഒരു കമാൻഡോ ചാടിവീണ് അയാളെ തൊഴിച്ചു തെറിപ്പിച്ചു. നിലം പതിയ്ക്കും മുൻപ് തന്നെ മറ്റൊരു കമാൻഡോ അയാളെ വെടിവെച്ചു കൊന്നു.

Operation Nimrod 5 1 - ഓപറേഷൻ നിമ്രാദ്
Operation Nimrod – 5

ആറാമൻ :
ഇയാൾ ബന്ദികളെപ്പോലെ അഭിനയിച്ചു കൊണ്ട് അവരോടൊപ്പം പുറത്തെത്തി. പുറത്തെത്തിയ ബന്ദികളെ ഐഡന്റിഫൈ ചെയ്യുമ്പോൾ ഇയാളെ തിരിച്ചറിഞ്ഞു. ഉടൻ ഒരു കമാൻഡോ അയാളെ പൊക്കിയെടുത്ത് മറവിലേയ്ക്കു കൊണ്ടു പോകാൻ ശ്രമിച്ചു. ഈ രംഗം ലൈവായി ടിവിയിൽ കാണുന്നുണ്ടെന്നറിയാമായിരുന്ന മറ്റു കമാൻഡോകൾ അയാളെ വിലക്കി. അങ്ങനെ ആറാമന്റെ (ഫൌജി നെജാദ്) ജീവൻ രക്ഷപ്പെട്ടു.

Many reporters and photographers were on hand and millions of people watched on television as bank holiday entertainment on all three channels was interrupted to show the real life drama unfold. - ഓപറേഷൻ നിമ്രാദ്
Many reporters and photographers were on hand and millions of people watched on television as bank holiday entertainment on all three channels was interrupted to show the real-life drama unfold.

എംബസിയിൽ നിന്നും പുറത്തെത്തിച്ച ബന്ദികളെ തിരിച്ചറിഞ്ഞ്, ഭീകരർ ആരും ഇല്ല എന്നുറപ്പാക്കിയ ശേഷം ആംബുലൻസുകളിൽ ആശുപത്രിയിലേയ്ക്കു നീക്കി.

A hostage waves to the camera as his ordeal comes to an end - ഓപറേഷൻ നിമ്രാദ്
A hostage waves to the camera as his ordeal comes to an end

ആറു ദിവസം നീണ്ട ബന്ദി നാടകത്തിനു അതോടെ പരിസമാപ്തിയായി. ബന്ദികളിൽ മൊത്തം രണ്ടു പേർ കൊല്ലപ്പെട്ടു, രണ്ടു പേർക്കു പരിക്കേറ്റു.

Mr Whitelaw said he regretted force had to be used but that there was no alternative - ഓപറേഷൻ നിമ്രാദ്
Operation Nimrod 1 - ഓപറേഷൻ നിമ്രാദ്
Police watch British SAS members rappel down the rear of the Iranian Embassy in London 1024x768 - ഓപറേഷൻ നിമ്രാദ്
SAS members hooded to avoid identification fire tear gas at the Iranian Embassy in London after a slain hostage was rolled out of the embassy May 5 1980 1024x679 - ഓപറേഷൻ നിമ്രാദ്
The SAS team leader who was stuck in the second entry point at the embassys back windows.British Ministry of Defense - ഓപറേഷൻ നിമ്രാദ്
The SAS went in barely 20 minutes after the command was issued their assault relayed by TV cameras trained on the embassy. In 15 minutes it was all over. 683x1024 - ഓപറേഷൻ നിമ്രാദ്
The soldiers climb in through the windows of the building - ഓപറേഷൻ നിമ്രാദ്

അന്നുവരെ ആരുടെ ശ്രദ്ധയിലും പെടാതെയിരുന്ന SAS ഈ ഓപറേഷനോടെ ലോക പ്രശസ്തമായി. ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ എലീറ്റ് ഫോഴ്സുകളെ പരിശീലിപ്പിയ്ക്കാൻ അവരെ വിളിച്ചു..
ഓപറേഷൻ ടീമിനു നേതൃത്വം നൽകിയ ജോൺ മക് അലീസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പോലീസ് കോൺസ്റ്റബിൾ ട്രെവർ ലോക്കിനു ധീരതയ്ക്കുള്ള ബഹുമതിയും ലഭിച്ചു.

Trevor Lock - ഓപറേഷൻ നിമ്രാദ്
Trevor Lock

ആറാമത്തെ ഭീകരനെ ഫൌജി നെജാദിനു 27 വർഷത്തെ തടവു ശിക്ഷ ലഭിച്ചു

Fowzi Nejad was jailed for 30 years and released in 2008 - ഓപറേഷൻ നിമ്രാദ്
Fowzi Nejad was jailed for 30 years and released in 2008

ഗ്രീസിലെ ആ ആശുപത്രിക്കിടയ്ക്കയിൽ ജോണിന്റെ ശ്വാസം മെല്ലെ താഴ്ന്നു വന്നു.

John McAleese 1 2 - ഓപറേഷൻ നിമ്രാദ്
John McAleese
John McAleese 2 - ഓപറേഷൻ നിമ്രാദ്
John McAleese at the repatriation of his son Paul - ഓപറേഷൻ നിമ്രാദ്
John McAleese at the repatriation of his son Paul

ഒരുകാലത്ത് ബ്രിട്ടൺ മുഴുവൻ അറിയപ്പെട്ടിരുന്ന ആ ധീര പോരാളി, ഇവിടെ ആരാലും തിരിച്ചറിയപ്പെടാതെ തന്റെ 61 ആം വയസ്സിൽ ലോകത്തോടു വിട പറഞ്ഞു.

facebook - ഓപറേഷൻ നിമ്രാദ്Share on Facebook
Twitter - ഓപറേഷൻ നിമ്രാദ്Tweet
Follow - ഓപറേഷൻ നിമ്രാദ്Follow us
Pinterest - ഓപറേഷൻ നിമ്രാദ്Save
സ്പെഷ്യൽ കേസുകൾ Tags:Afghanistan, Awn Ali Mohammad, British Ministry of Defense, Crime Stories, Democratic Revolutionary Front for the Liberation of Arabistan, Diplomatic Protection Squad, DPS, DRFLA, Iran, Iranian embassy, Iranian Embassy siege, John McAleese, Makki Hanoun Ali, Margaret Thatcher, Oan Ali Mohammed, Operation Nimrod, Paul McAleese, Private Johnathon Young, SAS, Shakir Abdullah Radhil (Faisal), Shakir Sultan Said, The Special Air Service, Themir Mohahmed Husein, Trevor Lock

പോസ്റ്റുകളിലൂടെ

Previous Post: ഓപറേഷൻ ബ്ലാക് തണ്ടർ

Related Posts

  • BARBARA JANE MACKLE
    ഒരു കോടീശ്വരി മണ്ണിനടിയിൽ മൂന്ന് നാൾ പൊതുവായി ഉളളവ
  • Jasbir Singh Rode 157x210 - ഓപറേഷൻ ബ്ലാക് തണ്ടർ
    ഓപറേഷൻ ബ്ലാക് തണ്ടർ സ്പെഷ്യൽ കേസുകൾ
  • Pablo Escobar 300x300 - അധോലോക രാജാവായിരുന്ന പാബ്ലോ എസ്കബര്‍
    അധോലോക രാജാവായിരുന്ന പാബ്ലോ എസ്കബര്‍ സ്പെഷ്യൽ കേസുകൾ
  • Anu Singh1 300x300 - കൊലപാതകത്തിനായി ഗുഡ്ബൈ പാർട്ടി
    കൊലപാതകത്തിനായി ഗുഡ്ബൈ പാർട്ടി കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Mata-Hari
    മാത ഹരി കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Lockheed Martin F-16 Fighting Falcon
    ബോസ്നിയയിൽ നിന്നുളള രക്ഷപെടൽ. സ്പെഷ്യൽ കേസുകൾ

മറുപടി രേഖപ്പെടുത്തുക മറുപടി റദ്ദാക്കുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

  • കുപ്രസിദ്ധ കൊലപാതകങ്ങൾ (21)
  • കേരളത്തിലെ കുറ്റകൃത്യങ്ങൾ (5)
  • പരമ്പര കൊലയാളികൾ (16)
  • പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ (12)
  • പൊതുവായി ഉളളവ (4)
  • വൻ കവർച്ചകൾ (3)
  • സ്പെഷ്യൽ കേസുകൾ (12)
  • ഓപറേഷൻ നിമ്രാദ്
  • ഓപറേഷൻ ബ്ലാക് തണ്ടർ
  • ഓപറേഷൻ ബ്ലൂസ്റ്റാർ
  • ബോംബെ ഇരട്ടക്കൊലപാതകങ്ങൾ
  • രണ്ട് പേർഷ്യൻ പൂച്ചകളും ലൈലാ ഖാനിന്റെ കൊലപാതകവും
  • ഓപറേഷൻ നിമ്രാദ്
  • ഓപറേഷൻ ബ്ലാക് തണ്ടർ
  • ഓപറേഷൻ ബ്ലൂസ്റ്റാർ
  • ബോംബെ ഇരട്ടക്കൊലപാതകങ്ങൾ
  • രണ്ട് പേർഷ്യൻ പൂച്ചകളും ലൈലാ ഖാനിന്റെ കൊലപാതകവും

നിലവിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും അവയുടെ വിഭാഗങ്ങളും.

  • Posts

    90

  • Categories

    7

വിഭാഗങ്ങൾ

  • കുപ്രസിദ്ധ കൊലപാതകങ്ങൾ (21)
  • കേരളത്തിലെ കുറ്റകൃത്യങ്ങൾ (5)
  • പരമ്പര കൊലയാളികൾ (16)
  • പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ (12)
  • പൊതുവായി ഉളളവ (4)
  • വൻ കവർച്ചകൾ (3)
  • സ്പെഷ്യൽ കേസുകൾ (12)

ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചവ

  • Operation Nimrod
    ഓപറേഷൻ നിമ്രാദ്
  • Jasbir Singh Rode 150x150 - ഓപറേഷൻ ബ്ലാക് തണ്ടർ
    ഓപറേഷൻ ബ്ലാക് തണ്ടർ
  • operation blue star
    ഓപറേഷൻ ബ്ലൂസ്റ്റാർ
  • Bombay Double Murders
    ബോംബെ ഇരട്ടക്കൊലപാതകങ്ങൾ
  • Laila Khan
    രണ്ട് പേർഷ്യൻ പൂച്ചകളും ലൈലാ ഖാനിന്റെ കൊലപാതകവും
  • Sheena Bora
    ഷീന ബോറയുടെ കൊലപാതകം.
  • Aarushi
    ആരുഷി തൽവാർ മർഡർ കേസ്
  • Maria Monica Susairaj 000 150x150 - നീരജ് ഗ്രോവർ മർഡർ കേസ്.
    നീരജ് ഗ്രോവർ മർഡർ കേസ്.
  • Entebbe 150x150 - ഓപറേഷൻ തണ്ടർബോൾട്ട്.
    ഓപറേഷൻ തണ്ടർബോൾട്ട്.
  • Brian Patrick Regan0 150x150 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
    അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
  • Julia-Wallace
    ജൂലിയ വാലസ് കൊലക്കേസ്
  • Jolly_Koodathayi
    കൂടത്തായി സീരിയൽ കൊലപാതകങ്ങൾ
  • Serial Killer Irina Viktorovna Gaidamachuk
    “പാവട ധരിച്ച ചെകുത്താൻ”
  • Amarendra-Chandra-Pandey-AI
    ഇന്ത്യയിൽ നടന്ന ബയോളജിക്കൽ വേപ്പൺ മർഡർ
  • Isabella-Ruxton
    ഇസബെല്ല റക്‌സ്റ്റൺ മർഡർ കേസും സൂപ്പർ ഇമ്പോസിഷനും
  • Neethu Solanki
    ദി ഗേള്‍ വിത്ത് പീകോക്ക് ടാറ്റു
  • George Joseph Smith 150x150 - നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ
    നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ
  • Mata-Hari
    മാത ഹരി
  • Ted Bundy
    ഹൃദയമില്ലാത്ത തിന്മയുടെ നിർവ്വചനം
  • Jane Toppan
    വിഷകന്യക
  • About Us
  • Contact Us
  • Index

1882 (1) Adinosine triphosphate (1) Alden Davis (1) Ann Swenson (1) Anuradha (1) atropine (1) Behind Enemy Lines (1) Blackpool (2) Bratukhina (1) Budapest (1) Captain Ronald C. Walkerwicz (1) Carquinez Scenic Highway (1) Colin Pitchfork (1) Crime Files (2) Crime Stories (51) Deputy-Superintendent of Police (1) District Crime Branch DYSP Haridas (1) DNA (3) Elizabeth Short (1) FBI (2) Florence Wilson (1) Gennady Safonov (1) Germany (1) Gust House (1) Haffkine Institute for Training Research and Testing in Bombay (1) hostage (1) Ignoto 1 (1) Indrani Mukerjea (1) Iranian embassy (1) Kenya (1) KPS Gill (1) Kushpreet Kaur Toor (1) Lab (1) M. G. Soman (1) Madatharuvi Murder Case (1) Major General Shabeg Singh (1) Margaret Bowman (1) Margaretha Geertruida Zelle (1876–1917) (1) Margaret Lloyd (1) Mary Jane Rogerson (1) Michel Bacos (1) Nadir Shah Patel (1) Nagyrév (1) Nancy Wilcox (1) National Reconnaissance Office (1) Nikolai Ilyinsky (1) Nikolai Koryagin (1) Pavaratty (1) Perunnadu (1) Plague (1) PM Haridas (1) Ponnamattam (1) Rakesh Sawant (1) Rameshwar Nath Kao (1) Saju Jose (1) SAS (1) Scotland (1) Scottish Cannibal (1) Sergei Chudin (1) Serial-Killers (3) Serial Killer (13) Shakhty (1) Shelly Robertson (1) Shokeen (1) Siby Mathews (2) Superimposition (2) Thamarassery (1) The Chessboard Killer (1) The Rhthmaires (1) The Texarkana Moonlight Murders (1) USS Ticonderoga (1) Wanda Walkowicz (1) Whitechapel (1) Yelena Bakulina (1) Yevgeny Pronin (1)

  • Elizabeth Bathory Cover copy 300x300 - എലിസബത്ത് ബത്തോറി - സത്യമോ മിധ്യയോ?
    എലിസബത്ത് ബത്തോറി – സത്യമോ മിധ്യയോ? പരമ്പര കൊലയാളികൾ
  • Anu Singh1 300x300 - കൊലപാതകത്തിനായി ഗുഡ്ബൈ പാർട്ടി
    കൊലപാതകത്തിനായി ഗുഡ്ബൈ പാർട്ടി കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Ted Bundy
    ഹൃദയമില്ലാത്ത തിന്മയുടെ നിർവ്വചനം പരമ്പര കൊലയാളികൾ
  • Entebbe 300x300 - ഓപറേഷൻ തണ്ടർബോൾട്ട്.
    ഓപറേഷൻ തണ്ടർബോൾട്ട്. സ്പെഷ്യൽ കേസുകൾ
  • Maria Monica Susairaj 000 300x300 - നീരജ് ഗ്രോവർ മർഡർ കേസ്.
    നീരജ് ഗ്രോവർ മർഡർ കേസ്. കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Brian Patrick Regan0 300x300 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
    അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ. വൻ കവർച്ചകൾ
  • Colin Pitchfork
    DNA വീഴ്‍ത്തിയ ആദ്യ കൊലയാളി. കുപ്രസിദ്ധ കൊലപാതകങ്ങൾ
  • BARBARA JANE MACKLE
    ഒരു കോടീശ്വരി മണ്ണിനടിയിൽ മൂന്ന് നാൾ പൊതുവായി ഉളളവ

Copyright © 2023 Crime Files.

Powered by PressBook News Dark theme