Operation Entebbe or Operation Thunderbolt was a successful counter-terrorist hostage-rescue mission carried out by commandos of the Israel Defense Forces
1976 ജൂൺ 27. സമയം 12.30
ഗ്രീസിലെ ഏതൻസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും എയർ ഫ്രാൻസിന്റെ ഫ്ലൈറ്റ്-139 എയർബസ് വിമാനം പാരീസ് ലക്ഷ്യമാക്കി പറന്നുയർന്നു. ഇസ്രായേലിലെ ടെൽ അവീവിൽ നിന്നും 246 യാത്രക്കാരും 12 വിമാനജോലിക്കാരുമായി എത്തിയതാണു ആ വിമാനം. ഏതൻസിൽ 58 യാത്രക്കാർ കൂടി കയറിയിട്ടുണ്ട്. ജൂതന്മാരാണു യാത്രക്കാരിൽ അധികം പേരും. ഇസ്രായേലികളും അല്ലാത്തവരുമുണ്ട് അക്കൂട്ടത്തിൽ.

വിമാനം നിശ്ചിത ഉയരത്തിലെത്തി പാരീസിനു നേരെ പറന്നു തുടങ്ങി. യാത്രക്കാർ സീറ്റുബെൽട്ടുകൾ അഴിച്ച് സ്വതന്ത്രരായി. എയർ ഹോസ്റ്റസുകൾ യാത്രക്കാർക്ക് കുടിയ്ക്കാനും മറ്റും നൽകാനുള്ള തയ്യാറെടുപ്പിലായി.
രണ്ടു യാത്രക്കാർ ഇരിപ്പിടങ്ങളിൽ നിന്നും എഴുനേറ്റ് നേരെ കോക്പിറ്റിലേയ്ക്കു നടന്നു. അവരുടെ അസാധാരണ നീക്കം കണ്ട് വിമാന ജോലിക്കാരിൽ ചിലർ തടയാൻ നോക്കി. ഉടൻ അവരുടെ കൈയിൽ പിസ്റ്റലുകൾ പ്രത്യക്ഷപ്പെട്ടു. വിമാനജോലിക്കാർ ഭയന്നു പിന്മാറി. ഇതേ സമയം തന്നെ യാത്രക്കാരിൽ മറ്റു രണ്ടു പേർ കൂടി എഴുനേറ്റു. അവരുടെ കൈയിലും ആയുധങ്ങൾ പ്രത്യക്ഷപ്പെട്ടു..
“ആരും സീറ്റിൽ നിന്നും എഴുനേൽക്കരുത്…” അവർ മുന്നറിയിപ്പു നൽകി.
കോക്പിറ്റിനുള്ളിൽ കടന്ന രണ്ടു പേരും തോക്കുകകൾ പൈലറ്റുകളുടെ തലയ്ക്കു നേരെ ചൂണ്ടി.
“ഈ വിമാനം ഇനി ഞങ്ങളുടെ നിയന്ത്രണത്തിലാണ്..” അവരിലെ നേതാവ് പറഞ്ഞു..
“വിമാനം ലിബിയയിലേയ്ക്കു പോകുക” എതിർത്തതുകൊണ്ട് ഫലമില്ലെന്നറിയാമായിരുന്ന പൈലറ്റുകൾ അത് സമ്മതിച്ചു. പാരീസിനു നേർക്കു പറന്നുകൊണ്ടിരുന്ന വിമാനം മെല്ലെ ഗതിമാറി ലിബിയയിലെ ബെൻഗാസി ലക്ഷ്യമാക്കി പറന്നു തുടങ്ങി..
എന്താണു സംഭവിയ്ക്കുന്നതെന്നു യാത്രക്കാർക്കു മനസ്സിലായില്ല. എന്നാൽ തങ്ങളുടെ ജീവൻ ഭീകരരുടെ തോക്കിന്മുനയിലാണെന്ന കാര്യം മാത്രം ബോധ്യമായി.
മെഡിറ്ററേനിയൻ കടൽ കുറുകെ കടന്ന് വിമാനം ലിബിയയിലെ ബൻഗാസി എയർപോർട്ടിൽ ലാൻഡ് ചെയ്തു. ലിബിയൻ ഫോഴ്സുകൾ വിമാനത്തെ വളഞ്ഞു. എന്നാൽ വിമാനത്തിലെ റേഡിയോ ബന്ധം വഴി റാഞ്ചികൾ എയർപോർട്ടുമായി ബന്ധപ്പെട്ടു.

സൈന്യം വിമാനത്തിനടുത്തേയ്ക്കു നീങ്ങിയാൽ ബോംബ് സ്ഫോടനം വഴി തകർത്തുകളയുമെന്ന് അവർ ഭീഷണിപ്പെടുത്തി. അതോടെ സൈന്യം പിന്മാറി.
വിമാനത്തിനു ഇന്ധനം നിറച്ചു തരാൻ അവർ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും ഭീഷണിയെ തുടർന്ന് അതും സമ്മതിച്ചു. ഏതാണ്ട് ഏഴുമണിക്കൂർ വിമാനം ബെൻഗാസിയിൽ കിടന്നു.
ഇതേസമയം എയർഫ്രാൻസിന്റെ വിമാനം തട്ടിയെടുത്ത വിവരം ഫ്രാൻസിലും ഇസ്രായേലിലും അറിഞ്ഞിരുന്നു.
ഇസ്രായേൽ ലിബിയയുമായി നല്ല ബന്ധമല്ലാത്തതിനാൽ ഫ്രാൻസിന്റെ സഹായം തേടി. ഫ്രഞ്ച് അധികൃതർ ലിബിയൻ ഗവണ്മെന്റുമായി ബന്ധപ്പെട്ടു. റാഞ്ചികളുടെ ഡിമാൻഡുകളെപ്പറ്റി അന്വേഷിച്ചു. പക്ഷേ കാര്യമായൊന്നും ലഭ്യമായില്ല.
ഇതിനിടെ റാഞ്ചികളെപറ്റി ചില വിവരങ്ങൾ അറിയാൻ സാധിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ദ ലിബറേഷൻ ഓഫ് പലസ്തീൻ (PELP ) എന്ന സംഘടനയിൽ പെട്ട രണ്ടു പലസ്തീനികളും, ജർമ്മൻ റെവലൂഷനറി സെൽസ് എന്ന സംഘടനയിൽ പെട്ട രണ്ടു ജർമ്മൻകാരുമായിരുന്നു റാഞ്ചികൾ. ഏതൻസിൽ നിന്നുമാണവർ വിമാനത്തിൽ കയറിയത്.
യാത്രക്കാർക്കിടയിൽ ഒരു ഗർഭിണിയുണ്ടായിരുന്നു. ബ്രിട്ടീഷ് ജൂതയായ പട്രീഷ്യ മാർട്ടെൽ. വിമാന ഹൈജാക്കിംഗിനും റാഞ്ചികളുടെ ഭീഷണിയുമൊക്കെ ആയപ്പോൾ ആ സ്ത്രീയ്ക്ക് കലശലായ അസ്വാസ്ഥ്യമുണ്ടായി. കുറെയൊക്കെ അവരുടെ അഭിനയമായിരുന്നു. എന്തായാലും ആ അവസ്ഥ കണ്ട് ഭീകരർ പട്രീഷ്യയെ മോചിപ്പിച്ചു.
ഇന്ധനം നിറച്ച ഉടൻ വിമാനം ബൻഗാസിയിൽ നിന്നും ഉയർന്നു. ആഫ്രിയ്ക്കയുടെ തെക്കു ദിശ ലക്ഷ്യമാക്കി അതു പറന്നു തുടങ്ങി. 28 ആം തീയതി ഉച്ചയ്ക്ക് 3.15 ഓടെ അത് ഉഗാണ്ടയിലെ എന്റബേ ഇന്റർനാഷണൽ എയർപോർട്ടിൽ ചെന്നിറങ്ങി.
ഇദി അമീനാണ് അപ്പോൾ ഉഗാണ്ടയുടെ പ്രസിഡണ്ട്.

പലസ്തീൻ തീവ്രവാദികൾക്കു ഇദി അമീന്റെ മാനസിക പിന്തുണയുണ്ടായിരുന്നു. അതിന്റെ പിൻബലത്തിലാണു റാഞ്ചപ്പെട്ട വിമാനം ഉഗാണ്ടയിലെത്തിയത്.
യാത്രക്കാരോട് പുറത്തിറങ്ങാൻ റാഞ്ചികൾ ആവശ്യപ്പെട്ടു. 24 മണിക്കൂർ നീണ്ട യാത്രയിൽ ക്ഷീണിതരായിരുന്നു എല്ലാവരും.
തോക്കിൻ മുനയിൽ യാത്രക്കാർ വെളിയിലിറങ്ങി. അവരെക്കാത്ത് മറ്റു നാലു ഭീകരർ കൂടി പുറത്തു നിൽക്കുന്നുണ്ടായിരുന്നു.
എന്റെബേ എയർപോർട്ടിലെ പഴയ ടെർമിനൽ കെട്ടിടം അപ്പോൾ ഉപയോഗമില്ലാതെ കിടക്കുകയാണ്. റാഞ്ചികൾ യാത്രക്കാരെ അങ്ങോട്ടേയ്ക്ക് നടത്തി. ടെർമിനലിലെ വലിയ ട്രാൻസിസ്റ്റ് ഹാളിലേയ്ക്കാണവർ യാത്രക്കാരെ എത്തിച്ചത്. ഹാളിൽ തോക്കുധാരികളുടെയും സ്ഫോടകവസ്തുക്കളുടെയും നടുവിൽ 248 യാത്രക്കാരും 12 വിമാന ജോലിക്കാരും തടവിലാക്കപ്പെട്ടു.

അവിടെ വച്ച് റാഞ്ചികൾ വിശദമായ ഒരു പ്രഖ്യാപനം പുറത്തിറക്കി.
ഇസ്രായേൽ ജയിലിൽ കഴിയുന്ന 40 പലസ്തീനികളുടെയും ജർമ്മൻ ജയിലിലുള്ള 13 ജർമ്മൻകാരുടെയും മോചനം, കൂടാതെ 50 ലക്ഷം അമേരിയ്ക്കൻ ഡോളർ മോചന ദ്രവ്യം. ഇത്രയും സാധ്യമായാൽ മാത്രം വിമാനവും യാത്രക്കാരെയും വിട്ടുകൊടുക്കും..
ജൂലൈ 1 -നകം ആവശ്യങ്ങൾ അംഗീകരിയ്ക്കപ്പെടാത്ത പക്ഷം യാത്രക്കാരെ കൊന്നു തുടങ്ങുന്നതാണ്. ഇതായിരുന്നു പ്രഖ്യാപനത്തിന്റെ ചുരുക്കം.
അന്നു വൈകിട്ട് സാക്ഷാൽ ഈദി അമീൻ തടവുകാരെ പാർപ്പിച്ച ടെർമിനൽ കെട്ടിടത്തിലെത്തി. യാത്രക്കാർ ശാന്തരായിരിയ്ക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. തന്നാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി അവരെ ഉടനെ മോചിപ്പിയ്ക്കുന്നതാണെന്നും അദ്ദേഹം അവർക്ക് ഉറപ്പു നൽകി.




- ‘വളരെ നല്ല ഒരു ഭരണാധികാരിയയിരുന്നു ഈദി അമീൻ, തടവിലാക്കപ്പെട്ടവർക്ക് ഏറ്റവും യോജിച്ച ആധിഥേയനായിരുന്നു അയാൾ.’
ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്നു ഇദി അമീൻ. ഇദി അമീനെ ചരിത്രം കാണുന്നത് ക്രൂരനായ ഒരു ഭരണാധികാരിയായാണ്. അനേകമാളുകൾ അമീന്റെ ദുർഭരണത്തിൽ കൊല്ലപ്പെട്ടു. ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1979 ൽ ടാൻസാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ അമീൻ പുറത്താക്കപ്പെട്ടു. അമീൻ മനുഷ്യമാംസം ഭക്ഷിച്ചിരുന്നു എന്ന് പറയപ്പെടുന്നു.
ജൂൺ 29.
ഒരു സംഘം ഉഗാണ്ടൻ പട്ടാളക്കാർ ടെർമിനൽ കെട്ടിടത്തിലെത്തി. ഹാളിനോട് ചേർന്നുള്ള ഒരു മുറിയെ വേർതിരിച്ചിരുന്ന ഭിത്തി അവർ സ്ഫോടനത്തിലൂടെ തകർത്തു. രക്ഷാദൌത്യമാണെന്നാണു യാത്രക്കാർ കരുതിയത്. എന്നാൽ ഭിത്തി തകർത്ത പട്ടാളക്കാർ തിരികെ പോയി. ഹാളിലെ തിരക്കു കുറയ്ക്കാനുള്ള ഒരു സൂത്രവിദ്യ ആയിരുന്നു അത്.
റാഞ്ചികൾ യാത്രക്കാരെ വേർതിരിയ്ക്കാൻ തുടങ്ങി. അവരുടെ പാസ്പോർട്ടുകൾ പരിശോധിച്ച്, ഇസ്രായേലികളെ മാറ്റി നിർത്തി.
മറ്റു രാജ്യക്കാരെ ഹാളിൽ തന്നെ നിർത്തിയിട്ട് ഇസ്രായേലികളെ അടുത്ത മുറിയിലേയ്ക്കു മാറ്റി. പ്രതിഷേധിയ്ക്കാൻ ശ്രമിച്ചവർക്കു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനിയിൽ യഹൂദരെ ഗ്യാസ് ചേംബറിലേയ്ക്കു തള്ളിവിട്ടതിന്റെ ചെറിയൊരു പതിപ്പായിരുന്നു ഇതും. യാദൃശ്ചികമെന്നോണം, നാസി കാലത്ത് ഗ്യാസ് ചേംബറിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ഒരാൾ ഈ കൂട്ടത്തിലുണ്ടായിരുന്നു. അയാളുടെ ചുമലിൽ കോൺസെൻട്രേഷൻ ക്യാമ്പിലെ രജിസ്റ്റ്രേഷൻ നമ്പർ പച്ച കുത്തിയിട്ടുണ്ടായിരുന്നു. അയാൾ അതു കാണിച്ചുകൊണ്ട്, റാഞ്ചികളിലെ ജർമ്മൻകാരനു നേരെ ആക്രോശിച്ചു.
”നാസി..!“
എന്നാൽ ജർമ്മൻ റാഞ്ചി നിഷേധിച്ചു..” ഞാൻ നാസിയല്ല..പോരാളിയാണ്..!“
യാത്രക്കാർക്കിടയിൽ ഒരു മുൻ ഇസ്രായെലി മിലിട്ടറി ഓഫീസർ ഉണ്ടായിരുന്നു. എന്നാൽ ഇയാൾക്കു ഫ്രഞ്ച് പൌരത്വവും ഉണ്ടായിരുന്നതിനാൽ ഫ്രഞ്ച് പാസ്പോർട്ടായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ ഇസ്രായേലി ആണെന്നു റാഞ്ചികൾക്കു മനസ്സിലാകാതിരുന്നതിനാൽ മറ്റു യാത്രക്കാരോടൊപ്പം അയാളെയും ഹാളിൽ നിർത്തിയിരുന്നു.
ജൂൺ 30.
ഇസ്രായേലികൾ അല്ലാത്തവരിൽ നിന്നും 48 പേരെ റാഞ്ചികൾ മോചിപ്പിച്ചു. വൃദ്ധരും രോഗികളുമായിരുന്നു അക്കൂട്ടത്തിൽ ഉണ്ടായിരുന്നത്. അവരെ സൂക്ഷിയ്ക്കുന്നത് തങ്ങൾക്കു വലിയ ബാധ്യതയാകുമെന്ന് റാഞ്ചികൾ കണക്കു കൂട്ടി.
ഇവരിൽ 47 പേരും പാരീസിലേക്കു പറന്നു. ഒരാൾ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ടു.
പിറ്റേദിവസം, ജൂലൈ 1 നു ഇസ്രായേലി ഗവണമെന്റിന്റെ സന്ദേശം എത്തി.
റാഞ്ചികളുടെ ആവശ്യങ്ങൾ അംഗീകരിയ്ക്കുന്നതു സംബന്ധിച്ച കൂടിയാലോചനകൾക്കു തങ്ങൾ ഒരുക്കമാണെന്നായിരുന്നു ആ സന്ദേശം. പൊതുവേ ഭീകരരുമായി ചർച്ചകൾക്കു തയ്യാറല്ലാത്ത ഇസ്രായേലിന്റെ ഈ തീരുമാനം റാഞ്ചികൾക്കു ആവേശം പകർന്നു.
ചർച്ചകൾക്കു വഴിയൊരുക്കാനായി അവർ നേരത്തെ പ്രഖ്യാപിച്ചിരുന്ന അന്തിമ തീയതി ജൂലൈ 4 – ലേയ്ക്കു നീട്ടി.
കൂടാതെ ഇസ്രായേലികളല്ലാത്ത 100 പേരെ കൂടി മോചിപ്പിയ്ക്കുകയും ചെയ്തു. മോചിതരായവർ ഉടൻ തന്നെ പാരീസിലേയ്ക്കു പറന്നു.
ബാക്കി 106 പേരാണു തടവുകാരായി അവശേഷിച്ചത്. അതിൽ 12 പേർ എയർ ഫ്രാൻസ് ജീവനക്കാരും 10 ഫ്രഞ്ച് യുവാക്കളും ബാക്കി 84 ഇസ്രായേലികളും ഉൾപ്പെട്ടിരുന്നു.

ഇതേ സമയം, റാഞ്ചൽ നടന്ന സമയം മുതൽ ഇസ്രായേൽ സർക്കാർ പ്രശ്നപരിഹാരത്തിനു വിവിധ മാർഗങ്ങൾ തേടുകയായിരുന്നു. അവർ അമേരിയ്ക്കയുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു. അപ്പോഴത്തെ ഈജിപ്ത് പ്രസിഡണ്ട് അൻവർ സാദത്ത് ഉടൻ തന്നെ പി. എൽ. ഓ മേധാവി യാസർ അറാഫത്തും ഉഗാണ്ടൻ പ്രസിഡണ്ട് ഇദി അമീനുമായും ബന്ധപ്പെട്ടു.
യാസർ അറാഫത്ത് തന്റെ പൊളിറ്റിക്കൽ അഡ്വൈസറായ ഹനി അൽ ഹസ്സനെ ഉഗാണ്ടയിലേയ്ക്കയച്ചു. എന്നാൽ അദ്ദേഹത്തെ കാണാൻ റാഞ്ചികൾ കൂട്ടാക്കിയില്ല.
ഈജിപ്തിന്റെ ശ്രമങ്ങളും വിജയം കണ്ടില്ല. റാഞ്ചികൾ തങ്ങളുടെ ആവശ്യങ്ങളിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു.
ഇസ്രായേൽ സൈന്യത്തിലെ ഒരു റിട്ടയേഡ് ഓഫീസറായ ബറൂഷ് ലേവ്, ഇദി അമീനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന ആളായിരുന്നു. ഇസ്രായേൽ മന്ത്രിസഭ അദ്ദേഹത്തിന്റെ സഹായം തേടി. ബറൂഷ് ലേവ് ടെലഫോൺ വഴി നിരവധി തവണ ഇദി അമീനെ ബന്ധപ്പെട്ടു.
പക്ഷെ യാതൊരു പ്രയോജനവും ഉണ്ടായില്ല.
ഇസ്രായേലിന്റെ മുൻപിൽ ഒരു വഴി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. സൈനിക നടപടി.
പക്ഷേ അതിനു ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
ഇസ്രായേലിൽ നിന്നും 6000 ൽ അധികം കിലോമീറ്റർ അകലെയാണു എന്റബെ എയർ പോർട്ട്. ചുരുങ്ങിയ 7 മണിക്കൂർ യാത്രകൊണ്ടു മാത്രമേ അവിടെത്താനാവൂ. വീണ്ടും ഇന്ധനം നിറയ്ക്കാതെ ഒറ്റയടിയ്ക്ക് ഇത്രയും ദൂരം പറക്കാനാവില്ല. ആഫ്രിയ്ക്കയുടെ മധ്യഭാഗത്തായി, വിശാലമായ വിക്റ്റോറിയ തടാകത്തിന്റെ സമീപത്തായിട്ടാണു എയർപോർട്ട് സ്ഥിതി ചെയ്യുന്നത്.


മറ്റു രാജ്യങ്ങളുടെ മുകളിൽ കൂടി പറന്നു മാത്രമേ അവിടെ എത്താനാവൂ.
ഈ രാജ്യങ്ങളൊന്നും തന്നെ ഇദി അമീന്റെയോ പലസ്തീൻ തീവ്രവാദികളുടെയോ കോപം ഏറ്റുവാങ്ങാൻ തയ്യാറായിരുന്നില്ല.
ഉഗാണ്ടയുടെ അയൽ രാജ്യമാണു കെനിയ. അവരും ഇസ്രായേലികളുടെ വിമാനങ്ങൾക്കു ഇന്ധനം നൽകാൻ സന്നദ്ധമായിരുന്നില്ല. എന്നാൽ കെനിയയിലെ ഹോട്ടൽ ശൃംഖലകളുടെ ഉടമസ്ഥൻ ഒരു യഹൂദനായിരുന്നു. ഇസ്രായേലി സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം അദ്ദേഹവും കെനിയയിലെ പ്രമുഖരായ മറ്റു ചില യഹൂദരും കൂടി കെനിയൻ പ്രസിഡണ്ട് ജോമോ കെന്യാട്ടയെ സന്ദർശിച്ചു. അവരുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ഒടുക്കം കെനിയ സമ്മതം മൂളി.
ഇത്രയുമായതോടെ ഇസ്രായേൽ, എന്റബേ എയർപോർട്ട് ആക്രമിച്ച് തടവുകാരെ മോചിപ്പിയ്ക്കാനുള്ള അതിസാഹസികമായ ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്തു.
ഓപറേഷൻ തണ്ടർ ബോൾട്ട്.
ജൂലൈ 1.
ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ( IDF) ബ്രിഗേഡിയർ ജനറൽ ഡാൻ ഷൊമ്രോൻ ഓപ്പറേഷൻ തണ്ടർബോൾട്ടിന്റെ കമാൻഡറായി നിയമിയ്ക്കപ്പെട്ടു.

ഓപറേഷൻ എങ്ങനെ നടപ്പാക്കണം എന്നു തീരുമാനിയ്ക്കുന്നതിനായി എന്റബേയിലെ സ്ഥിതികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയേണ്ടതുണ്ട്. അതിനുള്ള ചുമതല ഇസ്രായേൽ സീക്രട്ട് ഏജൻസിയായ മൊസാദിനെ ഏൽപ്പിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി വിവരങ്ങൾ ശേഖരിയ്ക്കണം. മൊസാദ് ഏജന്റുകൾ പല ദിശകളിലേയ്ക്കു തിരിഞ്ഞു.
ഒരു ടീം പാരീസിലേയ്ക്കു പറന്നു.
എന്റബേയിൽ നിന്നും മോചിതരായ യാത്രക്കാരെ കണ്ടെത്തി അവരിൽ നിന്നും വിവരം ശേഖരിച്ചു.
അക്കൂട്ടത്തിൽ മുൻ ഇസ്രായേലി മിറ്റിട്ടറി ഓഫീസറും ഉണ്ടായിരുന്നു. അയാളിൽ നിന്നുമാണു ഏറ്റവും സഹായകരമായ വിവരങ്ങൾ ലഭിച്ചത്. ആകെ റാഞ്ചികളുടെ എണ്ണം, അവർ ഉപയോഗിയ്ക്കുന്ന ആയുധങ്ങൾ, യാത്രക്കാരെ പാർപ്പിച്ചിരിയ്ക്കുന്ന ടെർമിനൽ ഹാളിനെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഇതെല്ലാം അയാൾ മൊസാദിനെ അറിയിച്ചു.
1960-70 കളിൽ ആഫ്രിക്കയിലെ പലരാജ്യങ്ങളിലെയും കെട്ടിട നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തു നടത്തിയിരുന്നത് അധികവും ഇസ്രായേലി കമ്പനികളായിരുന്നു.
യാദൃശ്ചികമെന്നോണം, എന്റബേയിലെ പഴയ ടെർമിനൽ നിർമിച്ചത് “സോലെൽ ബോനെ“ എന്നൊരു ഇസ്രായേലി കമ്പനിയായിരുന്നു. അവരുടെ ശേഖരത്തിൽ, എന്റബേ എയർ പോർട്ടിന്റെയും ടെർമിനൽ കെട്ടിടത്തിന്റെയും ബ്ലൂ പ്രിന്റുകൾ ഉണ്ടായിരുന്നു. മൊസാദ് അതു ശേഖരിച്ചു. അതിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത എഞ്ചിനീയർമാരെയും ഫോർമാൻ മാരെയും ഒക്കെ പറ്റാവുന്നിടത്തോളം കണ്ടെത്തി. അവരുടെ സഹായത്തോടെ ടെർമിനലിന്റെ ഭാഗികമായ ഒരു മോഡൽ, യഥാർത്ഥ വലുപ്പത്തിൽ തന്നെ ഉണ്ടാക്കി.
ഇസ്രായേൽ സൈന്യത്തിന്റെ എലീറ്റ് വിഭാഗമായ “സയരെത് മറ്റ്കൽ”-ൽ നിന്നും ഏറ്റവും മികച്ച 100 കമാൻഡോകളെ തിരഞ്ഞെടുത്തു. കൂടാതെ പിന്തുണയ്ക്കായി മറ്റൊരു 100 സൈനികരെയും.
എന്റബേ എയർപോർട്ട്, വിക്ടോറിയ തടാകത്തിനു സമീപമായതിനാൽ ആ സൌകര്യം ഉപയോഗപ്പെടുത്താനാണ് ആദ്യം പ്ലാൻ ചെയ്തത്.
വിമാനമാർഗം എത്തിയ്ക്കുന്ന കമാൻഡോകളെ തടാകത്തിൽ എയർ ഡ്രോപ് ചെയ്യുക. അവിടെ നിന്നും റബ്ബർ ബോട്ടുകളിൽ അവർ എയർപോർട്ടിലെത്തി ആക്രമണം നടത്തുക. ഇതായിരുന്നു പ്ലാൻ. പക്ഷെ അതു ഉപേക്ഷിയ്ക്കപ്പെട്ടു. ഉഗാണ്ടൻ സൈനികരുടെ ശ്രദ്ധ ആകർഷിയ്ക്കാതെ ഒരു മിന്നലാക്രമണത്തിനു ഈ മാർഗം ഫലപ്രദമാകുമോ എന്ന സംശയമുണ്ടായി. അതു മാത്രമല്ല തടാകത്തിൽ ധാരാളം മുതലകളുള്ളതായും വിവരം ലഭിച്ചു.
നേരിട്ട് എയർപോർട്ടിൽ ഇറങ്ങിയുള്ള ആക്രമണം തന്നെയാണു ഫലപ്രദമെന്ന് ഓപറേഷൻ കമാൻഡർ തീരുമാനമെടുത്തു. 4 കൂറ്റൻ ഹെർകുലീസ് കാർഗോ വിമാനങ്ങളിൽ കമാൻഡോകൾ എന്റബേയിലേയ്ക്കു പോകും.


അർധരാത്രിയിൽ എന്റബേയിൽ ഇറങ്ങും. മിന്നലാക്രമണത്തിലൂടെ വിമാന റാഞ്ചികളെ വധിച്ച് യാത്രക്കാരെ മോചിപ്പിച്ച്, റാഞ്ചപ്പെട്ട യാത്രാവിമാനവുമായി തിരികെ ഇസ്രായേലിലേയ്ക്കു പറക്കും. ഇതാണു പദ്ധതി.
വളരെ ദുഷ്കരവും അപകടകരവുമായ ഒരു ഓപറേഷനാണിത്. തുടർച്ചയായി 7 മണിക്കൂർ പറന്നു വേണം എന്റബേയിലെത്താൻ.
അതിനിടയിൽ കെനിയയിൽ ഇറങ്ങി ഇന്ധനം നിറയ്ക്കണം.
എന്റബേയിൽ ഉള്ള ഉഗാണ്ടൻ സൈനികരുടെ ശ്രദ്ധയിൽ പെടാതെ വേണം റാഞ്ചികളെ കീഴടക്കാൻ. തങ്ങൾ ആക്രമിയ്ക്കപ്പെടുകയാണെന്ന് അറിഞ്ഞാൽ റാഞ്ചികൾ യാത്രക്കാരെ കൊന്നൊടുക്കാൻ സാധ്യതയുണ്ട്.
ഇതെല്ലാം വിജയകരമായി നടപ്പാക്കിയാൽ പോലും, അപ്പോഴേയ്ക്കും വിവരം സൈനികരുടെ ശ്രദ്ധയിൽ പെട്ടിരിയ്ക്കും. എന്റബേ എയർപോർട്ടിൽ ഉഗാണ്ടൻ എയർ ഫോഴ്സിന്റെ യുദ്ധവിമാനങ്ങൾ ഉണ്ട്. അവ ആക്രമിച്ചാൽ ഇസ്രായേലിന്റെ കമാൻഡോകളും യാത്രക്കാരുമെല്ലാം കൊല്ലപ്പെടും. ഇക്കാര്യവും കമാൻഡർ ഡാൻ ഷൊമ്രോൺ കണക്കിലെടുക്കാതിരുന്നില്ല.
അതിനുള്ള പ്രതിവിധി, ഉഗാണ്ടൻ യുദ്ധവിമാനങ്ങൾ പറക്കാൻ അനുവദിയ്ക്കാതിരിയ്ക്കുക എന്നതാണ്..!
ഓപറേഷൻ തണ്ടർ ബോൾട്ടിന്റെ വിശദമായ ബ്ലൂ പ്രിന്റ് തയ്യാറാക്കി കമാൻഡർ ഷൊമ്രോൻ, IDF ചീഫ് മൊദെക്കായി, ഇസ്രായേൽ പ്രതിരോധ മന്ത്രി ഷിമോൺ പെരെസ്, പ്രധാന മന്ത്രി യിറ്റ്സാക്ക് റബീൻ എന്നിവരടങ്ങിയ സുപ്രീം കമ്മിറ്റിയ്ക്കു സമർപ്പിച്ചു.
ഓപ്പറേഷനായി തിരഞ്ഞെടുക്കപ്പെട്ട കമാൻഡോകളെ മൂന്നായി തിരിച്ചു.
ഗ്രൌണ്ട് കമാൻഡ് ആൻഡ് കണ്ട്രോൾ ടീം. – ഓപറേഷനിൽ നേരിട്ടു പങ്കെടുക്കുന്നവരെ ഈ ടീമാണു നിയന്ത്രിയ്ക്കുക. കമാൻഡർ ഡാൻ ഷൊമ്രോൺ, എയർ ഫോഴ്സ് കേണൽ ആമി അയ്ലോൺ ഇവരെ കൂടാതെ ചില കമ്യൂണിക്കേഷൻ വിദഗ്ദരും ഇതിൽ ഉൾപ്പെട്ടു.
അസ്സോൾട്ട് ടീം – എലീറ്റ് ഗ്രൂപ്പായ സെയെരത് മട്ക്കൽ കമാൻഡർ, ലെഫ്.കേണൽ യൊനാതൻ നെതന്യാഹൂ ആണു ഈ ടീം ലീഡർ. റാഞ്ചികളെ വധിച്ച് യാത്രക്കാരെ രക്ഷപെടുത്തുകയാണു ഈ ടീമിന്റെ ചുമതല. 29 പേരാണു ഈ ടീമിലുണ്ടായിരുന്നത്.
സെക്യുറിംഗ് ടീം. – ഇതിനു മൂന്നു പ്രത്യേക വിഭാഗമുണ്ട്.
a. കേണൽ മറ്റാൻ വിൽനായിയുടെ നേതൃത്വത്തിലുള്ള പാരാട്രൂപ്പേഴ്സ്. രക്ഷപെടുത്തിയ യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിലെത്തിയ്ക്കുകയാണു ഇവരുടെ മുഖ്യ ചുമതല. കൂടാതെ റൺവേയിൽ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അതു നീക്കുക, ഇസ്രായേൽ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുക ഇക്കാര്യങ്ങളും ഈ ടീമിന്റെ ഉത്തരവാദിത്തമാണ്.
b. കേണൽ യൂറി സാഗി യുടെ നേതൃത്വത്തിലുള്ള ഗൊലാനി ടീം – ഓപറേഷനിൽ പങ്കെടുക്കുന്ന ഹെർകുലീസ് വിമാനങ്ങളുടെ സംരക്ഷണമാണു ഇവരുടെ മുഖ്യ ചുമതല. കൂടാതെ മറ്റു ടീമുകൾക്ക് അവശ്യ ഘട്ടങ്ങളിൽ പിന്തുണ നൽകുകയും ഇവരുടെ ഉത്തരവാദിത്തമാണ്.
c. മേജർ ശൌൽ മൊഫാസിന്റെ നേതൃത്വത്തിലുള്ള സയെരത് മട്ക്കൽ എലീറ്റ് ടീം – എന്റബേയിലുള്ള ഉഗാണ്ടൻ എയർ ഫോഴ്സിന്റെ യുദ്ധവിമാനങ്ങൾ നശിപ്പിയ്ക്കുക, മറ്റ് ആക്രമണങ്ങൾ ഉണ്ടായാൽ അവയെ നേരിടുക എന്നിവയാണു ഇവരുടെ ചുമതല.
ജൂലൈ – 3 ഉച്ചനേരം
സിനായ് മരുഭൂമിയിലെ ഷാമെൽ ഷെയ്ക്ക് എയർ ബേസിൽ നിന്നും നാലു കൂറ്റൻ ഹെർകുലീസ് വിമാനങ്ങൾ പറന്നുയർന്നു.

ഒന്നാമത്തെ വിമാനത്തിൽ യൊനാതൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഉള്ള അസോൾട്ട് ടീമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ ഒരു കറുത്ത മെഴ്സിഡസ് കാറും രണ്ട് ലാൻഡ് റോവർ ജീപ്പുകളും. കമാൻഡോകളെല്ലാം ധരിച്ചിരുന്നത് ഉഗാണ്ടൻ ആർമിയുടെ യൂണിഫോമാണ്.
എയർ പോർട്ടിലെ ചെക്ക് പോയിന്റിനെ കബളിപ്പിയ്ക്കാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ഒരുക്കങ്ങൾ.
ഉഗാണ്ടൻ പ്രസിഡണ്ട് ഇദി അമീൻ ഉപയോഗിച്ചിരുന്നത് ഒരു കറുത്ത മെഴ്സിഡസ് ആണ്. അമീന്റെ എസ്കോർട്ടായി പോകുന്നത് രണ്ടു ലാൻഡ് റോവർ ജീപ്പുകളാണ്. ബന്ദികളായ യാത്രക്കാരെ സന്ദർശിയ്ക്കാൻ ഇടയ്ക്കിടെ അമീൻ പഴയ ടെർമിനലിലേയ്ക്കു പോകാറുണ്ട്. അത്തരമൊരു സന്ദർശനമാണു ഇതെന്നു തെറ്റിദ്ധരിപ്പിയ്ക്കൽ ആയിരുന്നു പദ്ദതി. അസ്സോൾട്ട് ടീമിനെ കൂടാതെ ഏതാനും പാരാട്രൂപ്പേഴ്സും അതിലുണ്ടായിരുന്നു.
രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങളിൽ ബാക്കി കമാൻഡോകൾ.

നാലാമത്തെ വിമാനത്തിൽ ഇന്ധനം മാത്രമാണുണ്ടായിരുന്നത്. രക്ഷപെടുത്തുന്ന യാത്രക്കാരെ ഇതിലായിരിയ്ക്കും തിരികെ എത്തിയ്ക്കുക. ഇതുകൂടാതെ രണ്ടു ബോയിംഗ് ജെറ്റുകൾ കൂടി ഒപ്പം പുറപ്പെട്ടു. ഒരെണ്ണത്തിൽ അടിയന്തിര വൈദ്യ സഹായത്തിനുള്ള സംവിധാനങ്ങൾ ആണുള്ളത്. രണ്ടാമത്തേത് നിരീക്ഷണത്തിനുള്ളതാണ്. ഓപ്പറേഷന്റെ സമയത്ത് ഇതു ആകാശത്ത് വട്ടമിട്ടു പറക്കും.
വിമാനങ്ങൾ പറന്നുയരുമ്പോഴും ഓപ്പറേഷൻ തണ്ടർ ബോൾട്ടിനു ഇസ്രായേൽ മന്ത്രിസഭ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഏഴുമണിക്കൂറിലധികം യാത്രയുണ്ട് എന്റബേയിലേയ്ക്ക്. അർധരാത്രിയിൽ അവിടെ ലാൻഡ് ചെയ്യണമെങ്കിൽ ഉച്ചയോടെ പുറപ്പെടണം.
യാത്രയിക്കിടയിൽ മന്ത്രിസഭ അനുമതി നൽകിയില്ലെങ്കിൽ അവ തിരികെ ഇസ്രായേലിയ്ക്കു മടങ്ങും. ചെങ്കടലിനു മുകളിൽ കൂടി 100 അടി ഉയരത്തിൽ അവ താഴ്ന്നു പറന്നു.
ഈജിപ്തിന്റെയും സൌദി അറേബ്യയുടെയും റഡാറുകളിൽ പെടാതിരിയ്ക്കാനാണു അത്രയും താഴ്ന്നു പറക്കുന്നത്. ചെങ്കടലിന്റെ തെക്കൻ കവാടമെത്തിയപ്പോൾ അവ തിരിഞ്ഞ് ജിബൂട്ടിയ്ക്കും പിന്നീട് സോമാലിയ, എത്യോപ്യ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ വഴി എന്റബെ ലക്ഷ്യമാക്കി പറന്നു.
വൈകിട്ട് 6.30 നു ഇസ്രായേൽ മന്ത്രിസഭ ഓപറേഷനു അനുമതി നൽകി.
സമയം രാത്രി 11.00 മണി.
ആദ്യത്തെ C 130 ഹെർകുലീസ് വിമാനം എന്റബേ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. അല്പദൂരം ഓടി അതു നിന്നു. അതിന്റെ പിന്നിലെ കാർഗോ റാമ്പ് തുറന്നു. മെഴ്സിഡസ് കാറും അതിനു പിന്നാലെ രണ്ട് ലാൻഡ് റോവർ ജീപ്പുകളും റാമ്പ് വഴി റൺ വേയിലേയ്ക്കിറങ്ങി. കമാൻഡർ യൊനാതൻ നെതന്യാഹു (യോണി) അതിവേഗം ചാടിയിറങ്ങി പരിസരവീക്ഷണം നടത്തി.

വിമാനം ലാൻഡ് ചെയ്തയിടത്തു നിന്നും ഏകദേശം ഒന്നരകിലോമീറ്റർ അകലെ കൺട്രോൾ ടവർ, അവിടെ നിന്നും 200 മീറ്റർ അപ്പുറം വലതു വശത്തായി യാത്രക്കാരെ പാർപ്പിച്ചിരിയ്ക്കുന്ന പഴയ ടെർമിനൽ കെട്ടിടം.
കണ്ട്രോൾ ടവറിൽ ഉണ്ടായിരുന്ന ഉഗാണ്ടൻ പട്ടാളക്കാർക്ക് ഏതോ ഒരു വിമാനം ലാൻഡ് ചെയ്തു എന്നു മാത്രമേ മനസ്സിലായുള്ളു.
അപ്പോൾ മെഴ്സിഡസിലും ജീപ്പുകളിലുമായി കമാൻഡോകൾ വേഗം മുന്നോട്ടു നീങ്ങി. ഉഗാണ്ടൻ പതാക വെച്ച മെഴ്സിഡസിൽ കമാൻഡർ യോണി, ബോഡി ഗാർഡുകളെ പോലെ കമാൻഡോകൾ.
കണ്ട്രോൾ ടവറിനു സമീപമെത്തിയപ്പോൾ രണ്ടു ഉഗാണ്ടൻ ഗാർഡുകൾ എതിരെ നിൽക്കുന്നതാണു കണ്ടത്. വാഹനം നിർത്തുവാൻ അവർ തോക്കുകൾ നീട്ടിക്കൊണ്ട് അലറുന്നുണ്ടായിരുന്നു. ഇസ്രായേൽ ഇന്റലിജൻസിനു പറ്റിയ ഒരു അബന്ധമായിരുന്നു അതിനു കാരണം. ഏതാനും ദിവസങ്ങൾ മുൻപ് പ്രസിഡണ്ട് ഇദി അമീൻ ഒരു പുതിയ വെള്ള മെഴ്സിഡസ് കാർ വാങ്ങിയിരുന്നു. പിന്നീട് അദ്ദേഹം ഉപയോഗിച്ചിരുന്നത് അതായിരുന്നു. ഇക്കാര്യം അറിയുന്നതു കൊണ്ടാണ് ഗാർഡുകൾ വാഹനങ്ങളെ തടഞ്ഞത്.

എന്തു പ്രകോപനമുണ്ടായാലും വെടിവെയ്ക്കരുതെന്ന് കർശന നിർദ്ദേശം ഇസ്രായേൽ കമാണ്ടോകൾക്കുണ്ടായിരുന്നു. അത്തരമൊരു ഏറ്റുമുട്ടൽ ആദ്യമേ ഉണ്ടായാൽ വിമാന റാഞ്ചികൾ വിവരമറിയുകയും യാത്രക്കാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യാൻ സാധ്യത ഉണ്ട് എന്നതിനാലായിരുന്നു അത്.
ഗാർഡുകൾ വാഹനത്തിനു അടുത്തേയ്ക്കു വന്നു. കമാൻഡോകൾ കൈകൾ തങ്ങളുടെ സൈലൻസർ ഘടിപ്പിച്ച ഗണ്ണുകളിൽ അമർന്നു. ഒരു ഗാർഡ് വലതു വശത്തും മറ്റേയാൾ ഇടതു വശത്തും.
പെട്ടെന്ന് വലതു വശത്തെ ഗാർഡ് വെടിയേറ്റു വീണു. അടുത്ത വെടിയ്ക്ക് രണ്ടാമത്തെ ഗാർഡും വീണു.. അതോടൊപ്പം എവിടെ നിന്നോ വലിയൊരു വെടിയൊച്ചയും കേട്ടു.
“വേഗം മുന്നോട്ട്..” യോണി അലറി. മൂന്നു വാഹനങ്ങളും പഴയ ടെർമിനലിനടുത്തേയ്ക്കു അതിവേഗം പാഞ്ഞു. കെട്ടിടത്തോടു കൂടുതൽ അടുപ്പിയ്ക്കാൻ സാധ്യമായിരുന്നില്ല. അതോടെ കമാൻഡോകൾ ചാടിയിറങ്ങി അതിവേഗം ടെർമിനലിലേയ്ക്ക് ഓടിക്കയറി.
ഇതേ സമയം കണ്ട്രോൾ ടവറിൽ നിന്നും അവർക്കു നേരെ വെടിയുണ്ടകൾ വരാൻ തുടങ്ങി. പാരാട്രൂപ്പേഴ്സ് തിരികെ വെടിവെച്ചു.
കമാൻഡോകൾ വിവിധ സ്ക്വാഡുകളായി തിരിഞ്ഞു. കെട്ടിടത്തിന്റെ വിവിധ എൻട്രൻസുകളെ ലക്ഷ്യമാക്കി അവർ പൊസിഷൻ ചെയ്തു.
യോണിയും അദ്ദേഹത്തിന്റെ സ്ക്വാഡും അവർക്കു പിന്നിൽ പുറമേനിന്നുമുള്ള അറ്റാക്കിനെ പ്രതിരോധിയ്ക്കാൻ പൊസിഷൻ ചെയ്തു.
മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന ലീഡ് കമാൻഡോ പെട്ടെന്നു നിശ്ചലനായി. അതു കണ്ട യോണി ആവർത്തിച്ചു ഓർഡർ കൊടുത്തിട്ടും അയാൾ നീങ്ങിയില്ല. ഉടനെ കമാൻഡർ ആ സ്ഥാനം ഏറ്റെടുത്ത് ആക്ഷൻ നയിച്ചു.
ആകെ ആറുമിനിട്ടാണു റാഞ്ചികളെ കീഴടക്കാൻ അസ്സോൾട്ട് ടീമിനു അനുവദിച്ചിരിയ്ക്കുന്നത്. കൃത്യം ആറു മിനിട്ടാകുമ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും ഹെർകുലീസുകൾ ലാൻഡു ചെയ്യും.
രക്ഷപെടുത്തിയ യാത്രക്കാരെ പുറത്തെത്തിയ്ക്കുമ്പോഴേയ്ക്കും അവയിലെ റെസ്ക്യൂ ടീം കാത്തു നിൽപ്പുണ്ടാകും. യാത്രക്കാരുമായി അവർ നീങ്ങുമ്പോൾ നാലാമത്തെ ഹെർക്കുലീസ് ലാൻഡു ചെയ്യും. യാത്രക്കാരെ അതിൽ കയറ്റും.
“മൂവ്..” യോണിയുടെ അലർച്ച കേട്ടതോടെ കമാൻഡോകൾ മുന്നോട്ട് കുതിച്ചു. ഈ ശബ്ദമെല്ലാം കേട്ട് ഒരു റാഞ്ചി ഹാളിനു വെളിയിലേയ്ക്കു വന്നിരുന്നു.
എന്താണു സംഭവിയ്ക്കുന്നതെന്ന് അയാൾക്കു മനസ്സിലായില്ല. മുന്നിലേയ്ക്കു വരുന്ന കമാൻഡോയുടെ നേർക്ക് അയാൾ വെടിവെക്കാനൊരുങ്ങി.. എന്നാൽ അതിനു മുൻപു തന്നെ അയാൾ നെറ്റിയിൽ വെടിയേറ്റു വീണു.
ഹാളിന്റെ ഗ്ലാസ് ഭിത്തികൾ വെടിയേറ്റു തവിടുപൊടിയായി. അതിൽ കൂടി കമാൻഡോകൾ ഇരച്ചു കയറി.
ഒരു കമാൻഡോ മെഗഫോൺ വഴി ഇംഗ്ലീഷിലും ഹീബ്രുവിലുമായി വിളിച്ചു പറഞ്ഞു :
“ നിലത്തു കിടക്കൂ.. നിലത്തു കിടക്കൂ.. ഞങ്ങൾ ഇസ്രായേലി സൈനികരാണ്..”
ഒരു ചെറുപ്പക്കാരനൊഴികെ ഹാളിലുണ്ടായിരുന്നവർ നിലം പറ്റിക്കിടന്നു.
ആ ചെറുപ്പക്കാരൻ വെടിയേറ്റു വീണു.
ഫ്രഞ്ചുകാരനായിരുന്ന ഒരു യാത്രക്കാരനായിരുന്നു അത്.
റാഞ്ചികളുടെ ഇടയിൽ നിന്നും തിരികെ വെടിവെയ്പ്പുണ്ടായി.
എന്നാൽ ഇസ്രായേലി കമാൻഡോകളുടെ മികവിനു മുൻപിൽ അവർക്കു പിടിച്ചു നിൽക്കാനായില്ല. നാലു റാഞ്ചികൾ വീണു കഴിഞ്ഞു..
“എവിടെ ബാക്കിയുള്ളവർ?” കമാൻഡോകൾ യാത്രക്കാരോട് അന്വേഷിച്ചു. അവർ ഒരു മുറിയിലേയ്ക്കു ചൂണ്ടി.. പെട്ടെന്ന് ഒരു വെടിയേറ്റ് കമാൻഡർ യോണി നിലം പതിച്ചു. നെഞ്ചിലായിരുന്നു വെടി.

കമാൻഡോകൾ ആ മുറിയിലേയ്ക്ക് ഗ്രനേഡുകൾ എറിഞ്ഞു. ഏതാനും സെക്കൻഡുകൾക്കു ശേഷം അവർ അങ്ങോട്ടു കുതിച്ചു കയറി. ബാക്കിയുണ്ടായിരുന്ന മൂന്നു റാഞ്ചികൾ കൂടി കൊല്ലപ്പെട്ടു..
ആറുമിനിട്ടിനു മുൻപേ തന്നെ ഓപ്പറേഷൻ അവസാനിച്ചു.
യാത്രക്കാരിൽ മൂന്നു പേർ കൊല്ലപ്പെട്ടു. വെടിയേറ്റ യോണി മരിച്ചിരുന്നില്ല. പക്ഷേ അതിവേഗം രക്തം നഷ്ടമായിക്കൊണ്ടിരുന്നു. അദ്ദേഹത്തെ താങ്ങിയെടുത്ത് അവർ വെളിയിലെത്തിച്ചു, ഒപ്പം യാത്രക്കാരെയും.

ഇതേ സമയം മറ്റു വിമാനങ്ങൾ ലാൻഡ് ചെയ്തിരുന്നു.
അവയിൽ നിന്നും കവചിത വാഹനങ്ങൾ പുറത്തിറങ്ങി.
ഉഗാണ്ടൻ സൈനികരും പാരാട്രൂപ്പേഴ്സുമായി ശക്തമായ വെടിവെയ്പ്പു നടന്നു. ഇസ്രായേലിന്റെ ആധുനിക ആയുധങ്ങൾക്കു മുന്നിൽ ഉഗാണ്ടൻ സൈനികർക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
റൺവേയിൽ കിടന്ന 11 മിഗ് യുദ്ധവിമാനങ്ങളെ കവചിത വാഹനങ്ങൾ തകർത്തു.
റോക്കറ്റ് പ്രൊപ്പല്ലറുകൾ ഉപയോഗിച്ച് കണ്ട്രോൾ ടവർ തകർത്തു കളഞ്ഞു.
30 മിനിട്ടു നേരത്തെ ആ സംഹാര താണ്ഡവത്തിനൊടുവിൽ 45 ഉഗാണ്ടൻ സൈനികർ കൊല്ലപ്പെട്ടു.
106 ബന്ദികളിൽ മൂന്നു പേരൊഴികെ ബാക്കിയുള്ളവരെ സുരക്ഷിതമായി വിമാനത്തിലെത്തിച്ചു. അപ്പൊഴേയ്ക്കും ചോര വാർന്ന് കമാൻഡർ യൊനാതൻ നെതന്യാഹു മരണത്തിനു കീഴടങ്ങിയിരുന്നു.




53 മിനുട്ട് കഴിഞ്ഞപ്പോൾ നാലു ഹെർക്കുലീസ് വിമാനങ്ങളും, റാഞ്ചിക്കൊണ്ടു വന്ന എയർ ഫ്രാൻസ് വിമാനവും യാത്രക്കാരും ഇസ്രായേൽ കമാൻഡോകളും എന്റബേ വിട്ട് നെയ്റോബി ലക്ഷ്യമാക്കി പറന്നു.
അവിടെ നിന്നും ഇന്ധനം നിറച്ച് അവ ഇസ്രായേലിലേയ്ക്കു മടങ്ങി.
ജൂലൈ 4 പ്രഭാതത്തിൽ ടെൽ അവീവിലെ ബെൻ ഗൂറിയൻ എയർ പോർട്ടിൽ റെസ്ക്യൂ ടീമുകളും വിമാനങ്ങളും സുരക്ഷിതമായി ലാൻഡ് ചെയ്തു.
ലോകം അന്നേവരെ ദർശിച്ചിട്ടില്ലാത്ത ഒരു അസാധാരണ സാഹസിക ദൌത്യമായിരുന്നു അത്. തിരികെ എത്തിയ തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിയ്ക്കാനായി ഇസ്രായേൽ ജനത അവിടെ തടിച്ചു കൂടിയിരുന്നു.
ഇദി അമീന്റെ കോപം ആളിക്കത്തി.
ബന്ദികളിൽ നിന്നും മോചിപ്പിയ്ക്കപ്പെട്ട ഡോറാ ബ്ലോച്ച് എന്നൊരു വൃദ്ധ ഉഗാണ്ടയിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു. ആ സ്ത്രീയെ അവർ മൃഗീയമായി കൊലപ്പെടുത്തി. ഇസ്രായേലിനെ സഹായിച്ച കെനിയയ്ക്കെതിരെയും അമീന്റെ രോഷം അണപൊട്ടി.
അവിടുത്തെ യഹൂദ നെതാക്കളെ കൊന്നുകളയാൻ തന്റെ സീക്രട്ട് ഏജന്റുകൾക്ക് അയാൾ ഉത്തരവു നൽകി.
ഏറെ പ്പേർ കൊല്ലപ്പെട്ടു. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ അതിക്രമിച്ചു കയറിയ ഇസ്രായേലിന്റെ നടപടിയിൽ ഐക്യരാഷ്ട്ര സഭ പ്രതിഷേധം രേഖപ്പെടുത്തി.
എന്നാൽ അമേരിയ്ക്കയും യൂറോപ്യൻ രാജ്യങ്ങളും ഈ ധീരമായ ഓപ്പറേഷനെ പ്രശംസിച്ചു.
ഇസ്രായേലിന്റെ എല്ലാ ബഹുമതികളോടും കൂടി യൊനാതൻ നെതന്യാഹുവിന്റെ ശവസംസ്കാരം നടന്നു.
അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഈ ഓപ്പറേഷനു “ഓപറേഷൻ യൊനാതൻ” എന്നു നാമകരണം ചെയ്തു.








The rescuers flew from Israel to Entebbe via Sharm el Sheik, and returned via Nairobi, Kenya. (Kevin Johnson)