സീരിയൽ കില്ലർ ആയ ജെയ്ൻ ടോപ്പൻ എന്ന നേഴ്സിന്റെ കഥ.
1857-ൽ ബോസ്റ്റണിൽ ഒരു പാവപ്പെട്ട ഐറിഷ് കുടിയേറ്റ കുടുംബത്തിലെ മൂന്ന് പെൺകുട്ടികളിൽ ഇളയവളായി ഹോണോറ കെല്ലി ജനിച്ചു. ഹൊണോറ എന്നായിരുന്നു പേരെങ്കിലും അവൾ അറിയപ്പെട്ടിരുന്നത് “നോറ” എന്നായിരുന്നു. അവൾക്ക് ഒരു വയസ്സുള്ളപ്പോൾ അമ്മ ക്ഷയരോഗം ബാധിച്ച് മരിച്ചു. അവളുടെ പിതാവ് പീറ്റർ കെല്ലി ഒരു തയ്യൽക്കാരനായിരുന്നു. ഭാര്യയുടെ വിയോഗം മുതൽ അമിതമായ മദ്യപാനം അയാൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ അതിരുകടന്ന മദ്യപാനവും, ഭ്രാന്തമായ രീതികളും മൂലം “കെല്ലി ദ ക്രാക്ക്” എന്ന വിളിപ്പേരും നേടിയെടുത്തു. ഏതാണ്ട് ഭ്രാന്തിനൊത്തവണ്ണം ആയിരുന്നു അയാൾ ജീവിച്ചിരുന്നത്, ഒരവസരത്തിൽ സ്വന്തം കൺപോളകൾ തുന്നിക്കെട്ടാൻ വരെ അയാൾ ശ്രമിച്ചു എന്ന് പറയപ്പെടുന്നു. ഏതായാലും അമ്മയില്ലാത്ത ആ പെൺകുട്ടികൾ അതീവ കഷ്ടതയിലാണ് ആ കാലത്ത് കഴിഞ്ഞിരുന്നത്. മദ്യപാനം മൂലം കുടുംബവും, പെൺമക്കളും വഴിയാധാരമായതിനാൽ കെല്ലി തന്നെ മക്കളെ ഒരു അനാഥാലയത്തിലാക്കി. ബോസ്റ്റൺ ഫീമെയിൽ അസൈലം ( Boston Female Asylum ) എന്നായിരുന്നു ആ അനാഥാലയത്തിന്റെ പേര്.
3 വയസുമുതൽ 10 വയസുവരെ ഉളള പെൺകുട്ടികളെ ആണ് അവിടെ നോക്കിയിരുന്നത്. കാലഘട്ടം 1850 – 60 ആണെന്ന് ഓർക്കണം. അതിനാൽ 10 വയസ് ആയ കുട്ടികളെ മറ്റ് സമ്പന്നഭവനങ്ങളിൽ ജോലിക്കാരികളായി അയക്കുന്നത് പതിവായിരുന്നു. മൂത്തവളായ ഡെലിയ ഒരു വേശ്യയും മദ്യപാനിയും ആയിത്തീർന്നു. മറ്റൊരു സഹോദരിയായ നെല്ലി ഭ്രാന്താശുപത്രിയിൽ എത്തി.
നോറ പക്ഷേ 10 വയസ് ആകുന്നതിന് മുമ്പുതന്നെ ആൻ ടോപ്പൻ എന്ന വിധവയുടെ വീട്ടിൽ ജോലിക്കാരിയായി എത്തപ്പെട്ടു. വളരെ നല്ല ഒരു സ്ത്രീ ആയിരുന്നു ആൻ ടോപ്പൻ. അവർ അവളെ സ്വന്തം മകളെ പോലെ നോറയെ കണ്ടു. അവരുടെ സ്വന്തം മകളായ എലിസബത്തിനൊപ്പം സ്ക്കൂളിൽ അയച്ചു. അവർ ഒന്നിച്ചാണ് വളർന്നത്. ആൻ ടോപ്പൻ അവളുടെ ലോറ എന്ന വിളിപ്പേരും മാറ്റി ജെയ്ൻ എന്നാക്കി, അങ്ങിനെ അവൾ ജെയ്ൻ ടോപ്പൻ എന്നറിയപ്പെട്ടു, പോരാത്തതിന് അവൾ ഇറ്റാലിയൻ വംശവേരുകളുളളവളാണെന്ന് എല്ലാവരേയും പരിചയപ്പെടുത്തി. എങ്കിലും ജെയ്നിനെ അവൾ ധത്തെടുത്തിരുന്നില്ല.
അമ്മയില്ലാതെ വളർന്നതിനാലും, അനാഥബാല്യം ഏത്പിച്ച വേദനകളാലും ചില ബിഹേവിയർ ഡിസോഡറുകൾ ജെയ്നിനുണ്ടായിരുന്നതായി കരുതപ്പെടുന്നു. അവൾ സ്ക്കൂളിൽ ഒരു നല്ല വിദ്യാർത്ഥിയായിരുന്നില്ല. പരിചയപ്പെടുന്ന എല്ലാവരേക്കുറിച്ചും അവൾ ഗോസിപ്പുകൾ പ്രചരിപ്പിച്ചു. വായെടുത്താൽ നുണ പറയുന്ന ഒരു കുട്ടിയായിരുന്നു അവൾ. അവളുടെ ഭാവനയിൽ തോന്നിയതു പോലെ കഥകൾ അനർഗ്ഗളനിർഗ്ഗളം ഒഴുകി. “സഹോദരി ഒരു ഇംഗ്ലീഷ് പ്രഭുവിനെ വിവാഹം കഴിച്ചെന്നും, അച്ഛൻ ലോകം മുഴുവൻ കപ്പലിൽ സഞ്ചരിച്ചിട്ടുണ്ടെന്നും, എബ്രഹാം ലിങ്കനെ അവളുടെ സഹോദരന് പരിചയമുണ്ടെന്നും” അവൾ അടിച്ചു വിട്ടു. അവൾക്ക് ഇഷ്ടമില്ലാത്ത എല്ലാവരേപ്പറ്റിയും അവൾ മോശം കഥകൾ പറഞ്ഞു പരത്തി. ഈ രീതിയിലുളള പെരുമാറ്റം മൂലമാകാം കുട്ടികൾ അവളെ ഭയപ്പെട്ടു. സ്ക്കൂൾ കാലഘട്ടത്തിൽ അവൾക്ക് ഒരു സുഹൃത്തുപോലും ഉണ്ടായിരുന്നില്ല.
യൗവ്വനത്തിൽ അവൾ ഒരു ആൺകുട്ടിയുമായി പ്രണയത്തിലായി. അയാൾ ഒരു ഓഫീസ് ജീവനക്കാരനായിരുന്നു. വിവാഹനിശ്ചയം വരെ നടന്നു, എന്നാൽ അത് വിവാഹത്തിലെത്താതെ അയാൾ അവളെ ഉപേക്ഷിച്ച് മറ്റൊരു നഗാരത്തിലേയ്ക്ക് പോയി. അവിടെ അയാൾ വേറൊരു യുവതിയെ വിവാഹം കഴിച്ചു. ജെയ്നിന് അത് തീരത്ത ആഘാതം ഏൽപ്പിച്ചു. അവൾ വിവാഹ മോതിരം ഒടിച്ചു നുറുക്കി കളഞ്ഞു. എല്ലാവരോടും അകലം പാലിച്ചു. രണ്ടു തവണ ആത്മഹത്യാശ്രമവും നടത്തി. പിൻകാലത്ത് താൻ കൊല്ലാനുളളതിന്റെ മൂലകാരണം ഇതാണെന്ന് ജെയ്ൻ വെളിപ്പെടുത്തി.


( ഈ സംഭവവും, ടെഡ് ബണ്ടിയുടേതുമായി വളരെയധികം സാമ്യം കാണാൻ സാധിക്കും. ബണ്ടിയും ഇതുപോലൊരു തകർന്ന പ്രണയത്തിൽ നിന്നാണ് കൊലപാതകങ്ങൾ ആരംഭിച്ചത്, എന്നാൽ ബണ്ടി അത് ഒരിക്കലും സമ്മതിച്ചില്ല. ബണ്ടിയും, ജെയ്നും പലകാര്യങ്ങളിലും സാമ്യം പുലർത്തുന്നവരാണ്. രണ്ടു പേരുടേയും ബാല്യകാലം, മാതാപിതാക്കൾ, കരിയറിലെ മിടുക്ക്, കാണാനുളള അഴക്, പെരുമാറ്റത്തിലെ ലാളിത്യം, നുണ പറയുന്ന സ്വഭാവം, മോഷണം, എന്നു വേണ്ട നിരവധി കാര്യങ്ങൾ സമാനമാണ്. ബണ്ടി ഒരു ക്രോ ബാർ – കമ്പിവടി – ഉപയോഗിച്ചപ്പോൾ ജെയ്ൻ വിഷം ആയിരുന്നു ആയുധമാക്കിയതെന്നു മാത്രം )
1870 ൽ ആൻ ടോപ്പൻ അന്തരിച്ചു. അതിനു ശേഷം എലിസബത്ത് വീടിന്റെ ഭരണം ഏറ്റെടുത്തു. അവളും ജെയ്നും പ്രശ്നങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് പോയി.

സ്ക്കൂൾ കാലഘട്ടം മുതൽ എലിസബത്തിന് നിരവധി ആരാധകർ ഉണ്ടായിരുന്നു, എന്നാൽ ജെയ്ൻ ആഗ്രഹിച്ചതൊന്നും നേടാനാകാത്ത പരാജിതയായിരുന്നു. അവളും എലിസബത്തിനെപ്പോലെ ആയിത്തീരാൻ ആഗ്രഹിച്ചു. അതൊന്നും പക്ഷേ പുറത്ത് പ്രകടിപ്പിച്ചില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷം എലിസബത്ത് ഒറാമെൽ ബ്രിഗാം എന്ന ഡീക്കനെ വിവാഹം കഴിച്ചു. അങ്ങനെ അവൾ 1885 വരെ അവിടെ ജോലി ചെയ്തു, ഒടുവിൽ തനിക്കായി ഒരു ജീവിതം ഉണ്ടാക്കണമെന്ന് അവൾ തീരുമാനിച്ചു.
അക്കാലത്ത് സ്ത്രീകൾക്കായി വിശാലമായ തൊഴിലവസരങ്ങൾ കുറവായിരുന്നു, മിക്കതും ഏറ്റവും മോശമായവയായിരുന്നു. ജെയ്ൻ അതിനെപ്പറ്റി നന്നായി ചിന്തിച്ചു, അതിനാൽ ജോലി കിട്ടാൻ സാധ്യതയുളളതും, വെല്ലുവിളി നിറഞ്ഞതും, നല്ല പ്രതിഫലം ലഭിക്കുന്നതുമായ ഒന്നിലേക്ക് പോകാൻ തീരുമാനിച്ചു.
1887-ൽ അവൾ ബോസ്റ്റണിലെ കേംബ്രിഡ്ജ് ഹോസ്പിറ്റലിലെ നഴ്സിംഗ് സ്കൂളിൽ അപേക്ഷിക്കുകയും അത് ലഭിക്കുകയും ചെയ്തു.
നേഴ്സിങ്ങ് സ്ക്കൂളിൽ അവൾ വളരെ വേഗം പേരെടുത്തു. താമസിയാതെ ” ജോളി ജെയ്ൻ” എന്ന വിളിപ്പേരും നേടിയെടുത്തു. പക്ഷേ ആരും അറിയാതെ അവളിൽ പിശാചിന്റെ കരങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. പുറമേ കാണുന്ന ജെയ്നായിരുന്നില്ല യഥാർത്ഥ ജെയ്ൻ! അവൾ പലരെക്കുറിച്ചും അപവാദം പറഞ്ഞു പരത്തി. പല പ്രശ്നങ്ങളും ഉണ്ടായി. അവൾ മോഷണവും നടത്തിയിരുന്നു, എന്നാൽ അന്നൊന്നും അത് ആരും കണ്ടുപിടിച്ചില്ല. തീരെ വയ്യാതായ രോഗികളെക്കുറിച്ച് “ഇനി ഇവരുടെ ജീവൻ നിലനിർത്തുന്നതിൽ പ്രയോജനമൊന്നുമില്ല” എന്നും മറ്റും അവൾ അന്ന് അഭിപ്രായപ്പെട്ടിരുന്നു. അന്ന് അതാരും കാര്യമാക്കിയില്ല.
പഠനം മുന്നോട്ട് പോകുന്തോറും അവൾ കൂടുതൽ അപകടകാരിയായി, ഫാമക്കോളജിയിൽ അവൾക്ക് നല്ല താൽപ്പര്യം ഉണ്ടായിരുന്നു. അത് വിഷവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അവളെ അഗ്രഗണ്യയാക്കി. അവൾ ആദ്യം തന്നെ കറുപ്പ് രോഗികൾക്ക് രഹസ്യമായി നൽകി അതിന്റെ ഫലങ്ങൾ പഠിച്ചു. പിന്നീട് അത് കൊടുത്ത് ഒരാളെ മരണത്തിലേയ്ക്ക് തളളിവിട്ടു. അതിൽ അവൾ അങ്ങേയറ്റം ആഹ്ലാദിക്കുകയും ചെയ്തു. സാഡിസ്റ്റിക്ക് മനസുളള പുറമെ ദയാവായ്പ്പ് പ്രകടിപ്പിക്കുന്ന, കുറ്റമറ്റ കഴിവുകളുളള അവളെ ആരും സംശയിച്ചില്ല.
പോസ്റ്റ്‌മോർട്ടങ്ങളോടുള്ള അവളുടെ അഭിനിവേശത്തെക്കുറിച്ച് ആശുപത്രി അധികാരികൾ ശ്രദ്ധിച്ചിരുന്നു. സാധാരണ മറ്റ് നേഴ്സുമാർ ഒരു ചടങ്ങുപോലെ പോസ്റ്റ്മാർട്ടം ടേബിളിനടുത്ത് സമയം ചിലവഴിച്ച് പെട്ടെന്ന് പിൻവാങ്ങുമ്പോൾ ജെ്യൻ ഡോക്ട്ടർമാരോട് ശരീരത്തിന്റെ അന്തരീകാവയവങ്ങളെക്കുറിച്ചും, അവ മരവിച്ചുകഴിഞ്ഞാലുളള അവസ്ഥകളെക്കുറിച്ചും വിശദമായി ചോദിച്ചറിയുകയും, അതിന്റെയെല്ലാം നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു. പോസ്റ്റുമാർട്ടം അവൾക്കൊരു ഹരമായിരുന്നു. അവൾക്ക് അതിൽ നിന്നും ലൈംഗീക ചോദനകൾ ലഭിച്ചിരുന്നു എന്ന് പിൻകാലത്ത് അവൾ തന്നെ വെളിപ്പെടുത്തി.

പല രോഗികൾക്കും നൽകേണ്ടതിലും അധികം ഡോസ് മോർഫിൻ അവൾ നൽകി പരീക്ഷണങ്ങൾ ചെയ്തു. മരണത്തിനോട് അടുക്കുമ്പോൾ ചിലരെ വീണ്ടും തിരിച്ചുകൊണ്ടുവന്നു. മനുഷ്യജീവന് പുൽനാമ്പിന്റെ വിലപോലും നൽകാതെ ഹോസ്പ്പിറ്റലിലെ സ്റ്റാഫുകളേയും, രോഗിയുടെ ബന്ധുക്കളേയും അവൾ വിണ്ഡികളാക്കി. തന്റെ പ്രായമായ രോഗികളിൽ മോർഫിൻ, അട്രോപിൻ എന്നിവ പരീക്ഷിച്ചത് ആരും അക്കാലത്ത് അറിഞ്ഞില്ല.
കൂടുതൽ ധൈര്യവതിയായ അവൾ അവളുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ തുടങ്ങി. അട്രോപിൻ (ബെല്ലഡോണയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു മരുന്ന്) മോർഫിനുമായി കലർത്തുന്നത് അവളുടെ രോഗികളിൽ കോച്ചിവലിച്ചിൽ ഉണ്ടാക്കുകയും, മരണം ദയനീയവും, ഭീകരവും ആയിരുന്നു. എന്തെന്നാൽ അട്രോപിൻ കണ്ണുകളുടെ കൃഷ്ണമണികളെ വികസിക്കുമ്പോൾ മോർഫിൻ ചുരുക്കുന്നു, അതിനാൽ തന്നെ ഒരു ലക്ഷണവും ദൃശ്യമാകുകയുമില്ലായിരുന്നു. മറ്റ് രോഗലക്ഷണങ്ങളുടെ കൂടെയുളള ഈ സൂചനകൾ രോഗികളുടെ കുഴപ്പം എന്താണെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ച ഡോക്ടർമാരെ തീർത്തും ആശയക്കുഴപ്പത്തിലാക്കി. വിഷങ്ങളുടെ ജൈവീക സ്വഭാവവും അക്കാലത്തെ വിശകലന വിദ്യകളിൽ നിന്ന് അവയെ മറയ്ക്കാൻ സഹായിച്ചു. സ്വന്തം പ്രശസ്തി വർധിപ്പിക്കാൻ പോലും അവൾ അവളുടെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തി; രോഗികളെ മരണത്തിന്റെ വക്കിലെത്തിച്ച്, “അത്ഭുതകരമായ വീണ്ടെടുക്കൽ” വഴി അവരെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതായിരുന്നു അത്.
അവൾക്ക് താൽപ്പര്യമുളള രോഗികളുടെ മെഡിക്കൽ റിപ്പോർട്ടുകളിൽ അവൾ തിരിമറികൾ നടത്തിയിരുന്നു. ഒരു പക്ഷേ മരണത്തോട് മല്ലടിക്കുന്നത് ആരിൽ നിന്നും കാണാനാണോ അവൾ ആഗ്രഹിച്ചത്, അങ്ങിനുളളവരുടെ ഡിസ്ച്ചാർജ്ജ് ഇല്ലാതാക്കുകയും, അവർക്ക് വിഷക്കൂട്ടുകൾ നൽകുകയും ചെയ്തു. ചിലപ്പോൾ ഇതു പോലുളള രോഗികൾക്ക് മറുമരുന്ന് നൽകി അവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു. യഥാർത്ഥത്തിൽ ജീവൻ വച്ച് പന്താടുകയും, അതിൽ ആനന്ദിക്കുകയും ചെയ്യുകയായിരുന്നു അവൾ ചെയ്തിരുന്നത്. പല രോഗികൾക്കും അവൾ ആരുമില്ലാത്ത അവസരങ്ങളിൽ വിഷം നൽകി, പ്രാധാനമായും അട്രോപ്പിനാണ് നൽകിയിരുന്നത്. പഠിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ ഒരു ഡസനിലധികം രോഗികളെ അവൾ കൊന്നു എന്നാണ് വിശ്വസിക്കുന്നത്.
ഈ കഥകളൊന്നും ആരും ആ കാലത്ത് മനസിലാക്കിയില്ല, അങ്ങിനെ പഠനം പൂർത്തിയാക്കിയ അവൾ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിൽ ഒരു പോസ്റ്റ് കണ്ടെത്തി.

താമസിയാതെ ജോലിയിൽ മതിയായ അറിവുണ്ടായിരുന്ന അവക്ക് പ്രമോഷൻ വേഗം ലഭിക്കുകയും ചെയ്തു. പക്ഷേ ചിലപ്പോഴെങ്കിലും അവളുടെ മെഡിക്കൽ രേഖകളിൽ കൃത്രിമം കാണിക്കുന്നത് കണ്ടുപിടിക്കപ്പെട്ടു. എങ്കിലും അത് മറ്റ് ഗുരുതരമായ പ്രശ്ന്നങ്ങളായി ആരും കണ്ടില്ല. ആ കാലഘട്ടത്തിൽ തന്നെ അവൾ പലരേയും വിഷം നൽകി വധിച്ചു. ചിലരെങ്കിലും രക്ഷപെട്ടു. രോഗികളെ കൊലപ്പെടുത്തുമ്പോൾ അവരോടൊപ്പം കിടക്കയിൽ കൂടെ കിടക്കുന്നതിൽ നിന്നും അവൾക്ക് ലൈംഗിക ആവേശം ലഭിച്ചിരുന്നു എന്ന് പിന്നീട് അവൾ സമ്മതിച്ചു.
അങ്ങിനെ ഒരാളായിരുന്നു അമേലിയ ഫിന്നി. ജെയ്ൻ അവൾക്ക് ഒരു മാരകമായ ഡോസ് നൽകിയിരുന്നു. വിറയലുകളാൽ വലഞ്ഞ അമേലിയ്യുടെ കട്ടിലിനരുകിൽ ജെയ്ൻ ഇരുന്നു. എല്ലാം പെട്ടെന്ന് ശരിയാകുമെന്ന് പറഞ്ഞ് അവളെ തലോടി, അവളുടെ കൂടെ കട്ടിലിൽ കിടന്നു, പിന്നെ അവളുടെ മുഖത്ത് ചുംബിച്ചു. അവൾ പെട്ടെന്ന് അസ്വസ്ഥയായി. എങ്ങിനെയോ അവളെ തളളിമാറ്റി. കൂടുതൽ അവസരം ലഭിക്കാത്തതിനാൽ ജെ്യനിന് ഫിന്നിയെ കൊല്ലാൻ സാധിച്ചില്ല. പിറ്റേന്ന് രാവിലെ അമേലിയ കരുതി അതെല്ലാം ഒരു പനി മൂലം തോന്നിയ സ്വപ്നമായിരുന്നെന്ന്. എന്നാൽ പിൻകാലത്ത് ജെയ്നിന്റെ കഥകൾ പുറത്തുവന്നപ്പോഴാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അമേലിയായ്ക്ക് മനസിലായത്.
മറ്റുളളവർ ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കുന്നത് അവളുടെ സഹജവാസനയായിരുന്നു. സൈക്കോപ്പാത്തുകൾക്ക് മനസാക്ഷിയോ, ദയയോ ഇല്ലല്ലോ. അതിനാൽ തന്നെ അവളുടെ മോശം വശം മനസിലാക്കിയ കൂടെയുളള നേഴ്സുമാർ അവളെ വെറുത്തു. അതേ സമയം ഡോക്ട്ടർമ്മാർക്ക് അവൾ പ്രിയപ്പെട്ടവളായിരുന്നു. സബ്ജക്റ്റ് അറിയാവുന്നതായിരുന്നു അതിന്റെ കാരണം.
എന്നിരുന്നാലും 1890-ൽ പരീക്ഷയിൽ വിജയിച്ചതിന് ശേഷം സഹപ്രവർത്തകരിൽ നിന്നും രോഗികളിൽ നിന്നും ചെറിയ പണം അപഹരിച്ചതിനും, നഴ്‌സുമാരുടെ ഡയമണ്ട് മോതിരം മോഷ്ടിച്ചതിനും സംശയം തോന്നിയതിനെത്തുടർന്ന്, ഔദ്യോഗിക ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് അവളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
ഒരു ചെറിയ കാലയളവിൽ ഒരു സ്വകാര്യ നഴ്‌സായി ജോലി അവൾ ജോലി ചെയ്തു, എന്നാൽ അവളുടെ ലൈസൻസ് തിരികെ നേടാൻ വേണ്ടി വീണ്ടും കേംബ്രിഡ്ജ് ഹോസ്പിറ്റലിലേക്ക് മടങ്ങാൻ ജെയ്ൻ തീരുമാനിച്ചു. അവിടെ വച്ച് ഡേവിസ് എന്ന രോഗിക്ക് വിഷം നൽകാൻ ശ്രമിച്ചത് കണ്ടെത്തി, ട്രെയ്നി നേഴ്സിനെ മാറ്റിയ ശേഷമാണ് അവൾ ഇത് ചെയ്തത്. ഒരു അന്വേഷണം നടന്നു, സമാന ലക്ഷണങ്ങളുള്ള ധാരാളം രോഗികളെ കണ്ടെത്തി. ഒരാൾ മരിച്ചിരുന്നു, എന്നാൽ അത് അവളുടെ കഴിവില്ലായ്മ മൂലം സംഭവിച്ചതാണെന്ന് കണ്ടെത്തുകയാണുണ്ടായത്, അല്ലാതെ ദുരുദ്ദേശപരമാണെന്ന് ആരും മനസിലാക്കിയില്ല. ആരും അതിനാൽ പോലീസിൽ റിപ്പോർട്ട് ചെയ്തില്ല, പകരം ജോലിയിൽ നിന്ന് പുറത്താക്കുകയും ആശുപത്രി ജോലിയിൽ നിന്ന് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഒരു സീരിയൽ കില്ലറിന് ആശുപത്രി ജോലി നിർബന്ധമൊന്നും ആയിരുന്നില്ല , അതിനാൽ ജെയ്ൻ സ്വകാര്യ നഴ്‌സിംഗിലേക്ക് മടങ്ങി, ആ ജോലി വളരെ മികച്ച ശമ്പളം നൽകിയെങ്കിലും സ്ഥിരമായ വേതനം ഇല്ലായിരുന്നു. എന്നാൽ പ്രൈവറ്റായി ജോലി ചെയ്യുന്നത് ജെയ്‌നെ അവൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അവസരം നൽകി, കാരണം അവളെ നിരീക്ഷിക്കാൻ ആരുമില്ലായിരുന്നു, റിപ്പോർട്ട് ചെയ്യാനും ആരുമില്ല. അടുത്ത കുറച്ച് വർഷങ്ങളിൽ ജെയ്ൻ ബോസ്റ്റണിലെ ഏറ്റവും വിജയകരമായ സ്വകാര്യ നഴ്സുമാരിൽ ഒരാളായി മാറി. അതിനൊപ്പം തന്നെ അതീവ അപകടകാരിയായ കൊലപാതകിയും ആയി അവൾ രൂപാന്തരപ്പെട്ടു.
ജോലിയില്ലാത്ത സമയത്ത് അവൾ ബിയർ കുടിക്കുകയും; വൃത്തികെട്ട തമാശകൾ പറയുകയും; ഭ്രാന്തമായി ഗോസിപ്പുകൾ ചെയ്യുകയും; സുഹൃത്തുക്കളെ തമ്മിൽ തല്ലിക്കുകയും അത് ആസ്വദിക്കുകയും ചെയ്തു. എന്നാൽ ഡോക്ടർമാർക്കും അവരുടെ രോഗികൾക്കും അവൾ വളരെ വൈദഗ്ധ്യമുള്ള ഒരു പ്രൊഫഷണലായും, അനുകമ്പയുള്ളവളും സന്തോഷവതിയായും തോന്നി.

ആ കാലത്ത് നേഴ്സുമാർ ആഴ്ചയിൽ ശരാശരി 5 ഡോളർ സമ്പാദിച്ചപ്പോൾ ജെയ്ൻ ടോപ്പൻ ആഴ്ചയിൽ 25 ഡോളർ സമ്പാദിച്ചു.
1880 മുതൽ 1901 വരെ, ടോപ്പൻ ഒരു സ്വകാര്യ നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്നു. വടക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആറ് സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണ് ന്യൂ ഇംഗ്ലണ്ട്. കണക്റ്റിക്കട്ട്, മെയ്ൻ, മസാച്യുസെറ്റ്സ്, ന്യൂ ഹാംഷയർ, റോഡ് ഐലൻഡ്, വെർമോണ്ട് എന്നിവ ചേരുന്നതാണ് ന്യൂ ഇംഗ്ലണ്ടിൽ, അവൾ ഈ പ്രദേശങ്ങളിൽ ഉടനീളമുള്ള നിരവധി കുടുംബങ്ങൾക്കായി ജോലി ചെയ്തു , അവരുടെ ബഹുമാനവും വിശ്വാസവും നേടി.
അങ്ങിനുളള പ്രായമായ ഓരാളായിരുന്നു ഇസ്രായേൽ ഡൺഹാം. അദ്ദേഹം ഒരു രോഗിയായിരുന്നു. ജെയ്ൻ അദ്ദേഹത്തെ ശിശ്രൂഷിക്കാൻ അവരുടെ വീട്ടിൽ വന്നു തുടങ്ങി. അദ്ദേഹത്തിന് അശക്ത്മായ ഹൃദയമാണുണ്ടായിരുന്നുത്, അതിനാൽ തന്നെ ഹൃദയസംബന്ധമായ രോഗത്താൽ മരണപ്പെട്ടാൽ ആരും സംശയിക്കില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. അവളുടെ മരുന്നുകളുടെ അറിവുവച്ച് ( അട്രോപിൻ ആയിരിക്കാം നൽകിയിരിക്കുക ) 1895 മെയ് 26-ന് 83-ആം വയസ്സിൽ അദ്ദേഹത്തെ അവൾ വധിച്ചു. തുടർന്ന് 2 വർഷത്തോളം ഡൺഹാമിന്റെ ഭാര്യയായ ലൗലി ഡൺഹാമിനെ അവൾ പരിചരിച്ചു. 1897 സെപ്റ്റംബർ 19-ന് 87 വയസ്സുളള ലൗലി ഡൺഹാമിനേയും അവൾ ഇല്ലാതെയാക്കി. പിന്നീട് അവൾ പ്രായമായ പല രോഗികളേയും കൊലപ്പെടുത്തി. അതിൽ ഒരു രോഗി കൊലപ്പെട്ട ശേഷം അയാളുടെ കുടുംബം പട്ടണത്തിലെ ഒരു ഡോക്ടറെ ബന്ധപ്പെട്ടു, അവരുടെ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് ജെയ്ൻ ചില വസ്ത്രങ്ങൾ മരണശേഷം മോഷ്ടിച്ചതായി അവർ സംശയിച്ചു, പക്ഷേ ഡോക്ടർ ജെയ്നെ ന്യായീകരിച്ചു, അവൾ ഏറ്റവും നല്ല നഴ്‌സാണെന്നും അദ്ദേഹത്തിനറിയാവുന്നതിൽ ‘മികച്ച സ്ത്രീകളിൽ ഒരാളാണെന്നും’ അഭിപ്രായപ്പെട്ടു.
1899 ഓഗസ്റ്റിൽ, ജെയിൻ കേപ് കോഡിലെ ഒരു വാടക കോട്ടേജിൽ അവധിക്കാലം ആഘോഷിക്കാൻ പോയി, അവൾ വർഷങ്ങളായി ഈ കോട്ടേജിൽ അവധിക്കാലം ആഘോഷിച്ചിരുന്നു. എന്നാൽ ഇത്തവണ അവൾ എലിസബത്തിനെ ( ആൻ ടോപ്പന്റെ മകൾ ) തന്നോടൊപ്പം ചേരാൻ ക്ഷണിച്ചു. എലിസബത്ത് സന്തോഷിച്ചു; അവൾ ജെയ്നിനെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു, അവളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ കാത്തിരിക്കുകയായിരുന്നു എലിസബത്ത്. എന്നാൽ ജെയ്നിന് തന്നെ വെറുപ്പായിരുന്നു എന്ന് അവൾക്കറിയില്ലായിരുന്നു. ജെയ്നിന് എപ്പോഴും അവളെ പുച്ഛമായിരുന്നു. അവർ ഇരുവരും കുട്ടികളായിരുന്ന കാലത്ത് അമ്മയായ ആൻ ടോപ്പൻ, എലിസബത്ത് ടോപ്പൻ ആണ് യഥാർത്ഥ മകളെന്നും, അവൾക്കാണ് ആ വീട്ടിൽ സ്ഥാനം എന്നും വ്യക്ത്മാകുന്ന തരത്തിൽ സംസാരിച്ചിരുന്നു. എന്നാൽ എലിസബത്ത് ആ വേർതിരിവൊന്നും മനസിൽ വച്ചിരുന്നില്ല. ജെയ്നിനെ സംബന്ധിച്ചിടത്തോളം അവൾക്ക് ലഭിക്കാതെ പോയ സൗഭാഗ്യങ്ങളുടെ ഒരു കാരണക്കാരി എലിസബത്ത് ആയിരുന്നു. അതിൽ ഒരു ശതമാനം പോലും വാസ്ഥവം ഇല്ലായിരുന്നെങ്കിലും ഈ കാരണത്താൽ എലിസബത്തിനെ ഇല്ലാതാക്കാൻ ജെയ്ൻ തീരുമാനിച്ചു. അതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. എലിസബത്തിന്റെ ഭർത്താവിൽ ജെയ്നിന് ഒരു കണ്ണുണ്ടായിരുന്നു.
എലിസബത്ത് ജെ്യനിന്റെ കോട്ടേജിൽ എത്തി കുറച്ചു ദിവസങ്ങൾക്കുശേഷം ഭർത്താവായ ഒറാമലിന് ജെയ്നിന്റെ ഒരു ടെലഗ്രാം ലഭിച്ചു. എലിസബത്തിന് സുഖമില്ല എന്നതായിരുന്നു ഉളളടക്കം. അദ്ദേഹം ഉടൻ തന്നെ ഭാര്യയുടെ അടുത്തെത്തി. അപ്പോൾ അവൾ കോമായിലായിരുന്നു. അപ്പോപ്ലെക്റ്റിക് സ്ട്രോക്കിനെക്കുറിച്ച് ( അപ്പോപ്ലെക്‌റ്റിക് സ്‌ട്രോക്ക് : രക്തസ്രാവത്തോടൊപ്പമുള്ള സെറിബ്രോവാസ്‌കുലാർ അപകടത്തിന്റെ നിർദ്ദിഷ്ടമല്ലാത്തതും, പഴയതുമായ പദം ). ഡോക്ടർമാർ അദ്ദേഹത്തോട് സംശയം അറിയിച്ചു. അതിനടുത്ത ദിവസം ഭർത്താവിനും, ജെയ്നിന്റേയും സാന്നിദ്ധ്യത്തിൽ തന്നെ അവൾ മരണം വരിച്ചു. അങ്ങിനെ പാലുകൊടുത്തു വളർത്തിയ വിഷപ്പാമ്പ് എലിസബത്തിന്റെ മരണ ദൂതയായി മാറി.
എലിസബത്തിന്റെ മരണ ശേഷം അടുത്ത നീക്കത്തിന് സമയമായി എന്ന് ജെയ്നിന് തോന്നി. കേംബ്രിഡ്ജിലെ സെന്റ് ജോൺസ് തിയോളജിക്കൽ സ്കൂളിലെ മേട്രൺ മൈറ കോണേഴ്സുമായി വർഷങ്ങളോളം ജെയ്ൻ സൗഹൃദത്തിലായിരുന്നു. അതിനൊരു ലക്ഷ്യമുണ്ടായിരുന്നത് ആരും മനസിലാക്കിയിരുന്നില്ല.

ഒരു ഫ്രീലാൻസ് നഴ്സിന്റെ ജീവിതം ദുഷ്‌കരമായിരുന്നു. എന്നാൽ മൈറയുടെ ജോലി കുറേക്കൂടി സുഖകരമായിരുന്നു. അവർക്ക് ഒരു അപ്പാർട്ട്മെന്റും, ഒരു വേലക്കാരിയും, സ്ഥിരമായ ശമ്പളവും ഉണ്ടായിരുന്നു. ഇതാണ് ജെയ്നിനെ ആകർഷിച്ചത്. ആ ജോലി എങ്ങിനെയെങ്കിലും നേടിയെടുക്കണം എന്ന് അവൾ ആഗ്രഹിച്ചു. ജെയ്ൻ സൗഹൃദ സന്ദർശനം നടത്തിയ ശേഷം പെരിടോണിറ്റിസിന്റെ ( പെരിറ്റോണിയം അടിവയിറ്റിലെ ഒരു പാളിയാണ്, പലകാരണങ്ങൾ കൊണ്ട് ഇതിന് രോഗങ്ങൾ സംഭവിക്കാം, ആവശ്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണകാരണം വരേ ആയേക്കാം ) പ്രശ്നങ്ങൾ ഉണ്ടായിരുന്ന മൈറ രോഗശയ്യ്യയിലായി, ഒരു അവധിക്കാലം ആഘോഷിക്കാൻ പ്ലാനിട്ടിരുന്ന മൈറ താമസിയാതെ മരിച്ചു. മരിക്കുന്നതിന് മുൻപ് തന്റെ ജോലി കൈമാറാൻ ഏറ്റവും നല്ല വ്യക്തി ജെയ്ൻ ആണെന്ന് മൈറ ഡീനിനെ അറിയിച്ചിരുന്നു. അതിൻ പ്രകാരം ഡീൻ ആ ജോലി ജെയ്നിന് ഓഫർ ചെയ്തു. തന്റെ സുഹൃത്തിനോടുളള “കടപ്പാടിന്റെ” പേരിൽ ജെ്യൻ ആ ജോലി സ്വകരിക്കുന്നതായി ഡീനിനെ ബോധ്യപ്പെടുത്തി. എന്നാൽ സാമ്പത്തിക കാര്യങ്ങളോടുള്ള അവളുടെ നിസാര മനോഭാവവും മാനേജ്‌മെന്റിലെ പരിചയക്കുറവും ചേർന്ന് ഒരു വർഷത്തിനുശേഷം അവളോട് രാജിവയ്ക്കാൻ ഡീൻ ആവശ്യപ്പെട്ടു. ജെയ്നിനെ സംബന്ധിച്ചിടത്തോളം സ്വന്തം ശ്രേഷ്ഠതയെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന ഒരാൾക്ക് ഇത് ഒരു വലിയ പ്രഹരമായിരുന്നു.
അവൾ എലിസബത്തിനെ കൊലപ്പെടുത്തിയ കോട്ടേജ്, ആൽഡൻ ഡേവിസിന്റെയും ഭാര്യ മാറ്റിയുടെയും ഉടമസ്ഥതയിലുള്ളതായിരുന്നു. അവൾ തിരിച്ച് അവിടേയ്ക്കു തന്നെ താമസം മാറി. 1896 മുതൽ അവർ അത് ജെയ്നിന് വാടകയ്ക്ക് നൽകുകയായിരുന്നു. അവർക്ക് ജെയ്നിനെ ഇഷ്ടമായതിനാൽ, അവർ അവൾക്ക് കുറഞ്ഞ വാടയ്കയ്ക്കാണ് അത് നൽകിയിരുന്നത്. 1899-ലെ സംഭവങ്ങൾക്ക് ശേഷം ( ആ കോട്ടേജിൽ വച്ചു നടന്ന എലിസബത്തിന്റെ മരണം), ആ വർഷത്തെ വാടക അവളോട് ചോദിക്കുന്നത് അവർക്ക് ശരിയായി തോന്നാത്തതിനാൽ അവർ വാടക വാങ്ങിയിരുന്നില്ല. അടുത്ത വർഷം, 1900-ൽ, വാടക കൊടുക്കാൻ അവളുടെ കയ്യിൽ പണമില്ലാത്തതിനാൽ, ജെയ്ൻ അവധി ചോദിച്ചു. എന്നാൽ വീണ്ടും പണമടയ്ക്കാൻ ജെയ്ൻ തയ്യാറാകാതിരുന്നതോടെ മാറ്റി ഡേവിസ് ബോസ്റ്റണിൽ പോയി അവളെ നേരിട്ട് കണ്ട് പണം ആവശ്യപ്പെടാൻ തീരുമാനിച്ചു.
മാറ്റി എത്തിയപ്പോൾ, ജെയ്ൻ അവൾക്ക് മോർഫിൻ കലർത്തിയ ഒരു ഗ്ലാസ് വെള്ളം കൊടുത്തു; അതോടെ സ്ഥിതി മോശമായ മാറ്റിയെ അവൾ ഒരു മുറിയിലേയ്ക് വിശ്രമത്തിനായി കിടത്തി. അവിടെ വച്ച് ജെയ്ൻ മാറ്റിക്ക് കുത്തിവയ്പ്പിലൂടെ അടുത്ത ഡോസ് കൂടി നൽകി, അതിന്റെ ഫലമായി മാറ്റി കോമയിലായി. ഡോക്ട്ടർ വന്നു പരിശോദിച്ചു. മാറ്റി വീട്ടിൽ വന്ന സമയത്ത് ഒരു കഷ്ണം കേക്ക് കഴിച്ചിരുന്നു എന്ന് ജെയ്ൻ ഡോക്ട്ടറോട് അറിയിച്ചു. മാറ്റിക്ക് പ്രമേഹമുണ്ടായിരുന്നു എന്നും അവൾ ഡോക്ട്ടറോട് പറഞ്ഞു. അതിനാൽ തന്നെ ഡോക്ട്ടർക്ക് സംശയം ഒന്നും തോന്നിയില്ല. ഡോക്ട്ടർ ജെയ്നിനൊപ്പം മാറ്റിയെ വിട്ടിട്ടു പോയി. ജെയ്ൻ മാറ്റിയിൽ മരുന്നു പരീക്ഷണവും, ക്രൂരവിനോദങ്ങളുമായി ഒരാഴ്ച്ച കഴിച്ചു കൂട്ടി; മടുത്തപ്പോൾ അവസാന ഡോസ് നൽകി മാറ്റിയുടെ അധ്യായം അവസാനിപ്പിച്ചു.
ഒന്നും പിടികിട്ടാതിരുന്ന ഡേവിസും അദ്ദേഹത്തിന്റെ 2 പെൺമക്കളും കുറച്ചു കാലം ജെ്യനിനോട് തങ്ങളുടെ അഥിതിയായി താമസിക്കണം എന്ന് ആവശ്യപ്പെട്ടു.

കുറച്ച് നാളുകൾ അവരോടൊപ്പം കഴിഞ്ഞ ജെയ്ൻ ആർസെനിക് ഉപയോഗിച്ച് ഒരു മകളായ ജെനിവീവിനെ കൊലപ്പെടുത്തി. ജെനീവീന്റെ മരണത്തിന്റെ ഔദ്യോഗിക കാരണം “ഹൃദ്രോഗം” എന്ന് രേഖപ്പെടുത്തപ്പെട്ടു. രണ്ടാഴ്ചയ്ക്ക് ശേഷം, ജെയ്നിന്റെ മോറിഫിൻ പ്രയോഗത്താൽ പ്രായമായ ഡേവിസ് ആൽഡൻ “മകൾ മരിച്ച ദുഖത്താൽ അന്തരിച്ചു”. അവിടംകൊണ്ടും കളി നിർത്താൻ തയ്യാറാകാതിരുന്ന ജെയ്ൻ നാലു ദിവസത്തിന് ശേഷം അടുത്ത മകളായ മിന്നിക്ക് മോർഫിൻ നൽകി. ആദ്യ ഡോസിൽ മരണം വരിക്കാതിരുന്ന മിന്നിക്ക് രണ്ടാമത്തെ ഡോസ് എനിമ വഴിയാണ് നൽകിയത്. ഡോക്ട്ടർമാർ ശരിക്കും അമ്പരന്നു. ഒരു മാസത്തിനുള്ളിൽ ഒരു കുടുംബത്തിന്റെ മുഴുവൻ മരണവും ശ്രദ്ധേയമായിരുന്നു, “നിർഭാഗ്യകരമായ ഡേവിസ് കുടുംബത്തെ” കുറിച്ച് നിരവധി പത്രങ്ങൾ ലേഖനങ്ങൾ എഴുതി.
എന്നാൽ അവരാരും ആ സമയത്ത് ഇതിനെല്ലാം പിന്നിൽ ഒരു കറുത്ത കൈകൾ ഉണ്ടെന്ന് സംശയിച്ചില്ല. പക്ഷേ മിന്നിയുടെ അമ്മായിയപ്പൻ ക്യാപ്റ്റൻ പോൾ ഗിബ്‌സിന് എന്തൊക്കെയോ സംശയങ്ങൾ തോന്നിത്തുടങ്ങി.

അദ്ദേഹത്തിനും ജെയ്നിനെ ഇഷ്ടമായിരുന്നു. എങ്കിലും അദ്ദേഹം കഴിഞ്ഞ ഒരു മാസത്തെ സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കി, സംശയാസ്പദമായ ചില കാര്യങ്ങൾ ജെയ്ൻ ചെയ്തിരിക്കാനുളള സാധ്യത അദ്ദേഹത്തിന് മനസിലായി. ‘ഇറ കുഷിംഗ്’ എന്ന ഡോക്ടർക്കും എന്തോ സംഭവിക്കുന്നുണ്ടെന്ന് ഉറപ്പായിരുന്നു. അവർ ഒത്തുചേർന്ന് എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. അവർ അതിനായി ഒരാളെ സമീപിച്ചു. യുഎസ് മിലിട്ടറി ഗവർണറായിരുന്ന ലിയോനാർഡ് വുഡ് ആയിരുന്നു അത്.
അക്കാലത്ത് ക്യൂബയിലെ യുഎസ് മിലിട്ടറി ഗവർണറായിരുന്ന ലിയോനാർഡ് വുഡ് മെഡിസിൻ പഠിക്കുകയും സർജനായി സൈന്യത്തിൽ ജോലി ആരംഭിക്കുകയും ചെയ്തെങ്കിലും, സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിൽ പോരാടുകയും തുടർന്ന് ജനറൽ ആകുകയും പിന്നീട് ക്യൂബയുടെ ഗവർണർ പദവിയിലെത്തുകയും ചെയ്തിരുന്നു. മിന്നിയുടെ അമ്മായി അച്ഛനായ ക്യാപ്റ്റൻ പോൾ ഗിബ്‌സ് പഴയ കുടുംബ സുഹൃത്തായ ലിയോനാർഡ് വുഡ്സിനെ സന്ദർശിച്ചു. ലിയോനാർഡിന് മെഡിക്കൽ കണക്ഷനുകളും പൂർണ്ണമായ അന്വേഷണം നടത്താനുള്ള സന്നാഹങ്ങളും ഉണ്ടായിരുന്നു.

ഈ അന്വേഷണം നടക്കുന്നതൊന്നും അറിയാതെ ജെയ്ൻ എലിസബത്തിന്റെ ഭർത്താവ് ഒറാമൽ ബ്രിഗാമിനെ സന്ദർശിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ അവൾ ബ്രിഗാമിന്റെ സഹോദരിയും വീട്ടുകാര്യസ്ഥയുമായിരുന്ന 77 കാരിയായ എഡ്ന ബാനിസ്റ്ററിനെ കൊന്നു. അവൾ എഡ്നയിൽ നിന്ന് ചുമതലയേറ്റു, ഒറാമെൽ ബ്രിഗാമിനെ അവളുടെ ഹൗസ് കീപ്പിംഗ് കഴിവുകൾ കൊണ്ട് ആകർഷിക്കാൻ ശ്രമിച്ചു. ഒരു വീട്ടുജോലിക്കാരിയായോ ഭാര്യയായോ തനിക്ക് അവളെ ആവശ്യമില്ലെന്ന് ബ്രിഗാം വ്യക്തമാക്കി. അയാളുടെ മനസിൽ കയറിക്കൂടുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. അദ്ദേഹം പക്ഷേ അവളെ മൈൻഡ് ചെയ്തില്ല. അതിനാൽ അവൾ ആദ്യം അയാൾക്ക് രോഗശയ്യ നൽകുന്ന ഒരു ചെറിയ ഡോസ് മോർഫിൻ നൽകി. അതിനുശേഷം രക്ഷകയെപ്പോലെ അയാളെ അടുത്തിരുന്ന് ശിശ്രൂഷിച്ചു. പക്ഷേ ആ ചെപ്പടി വിദ്യകളൊന്നും അദ്ദേഹത്തിന്റെ അടുത്ത് ചിലവാകാതെ വന്നപ്പോൾ അവൾ അടുത്ത ലെവലിലേയ്ക്ക് കടന്നു. ഒരു ആത്മഹത്യാ നാടകം നടത്താൻ അവൾ സ്വയം നിയന്ത്രിത അളവിൽ മോർഫിൻ കുത്തിവച്ചു. അങ്ങിനെ അവൾ ആശുപത്രിയിലായി.
അന്വേഷണത്തിന്റെ ഭാഗമായി അവളെ പിന്തുടരുന്ന ഡിറ്റക്ടീവിന് ആശുപത്രിയിലെ വിവരങ്ങൾ ലഭിക്കാനായി വ്യാജ അസുഖം നടിച്ച് അവളോടൊപ്പം അഡ്മിറ്റായി.
മടങ്ങിവന്ന ജെയ്ൻ ഒറാമൽ ബ്രിഗാമിനെ ഭീഷണിപ്പെടുത്തി. തന്നെ ലൈംഗീകമായി ദുരുപയോഗം ചെയ്തു എന്നതായിരുന്നു അടുത്ത അരോപണം. ഇന്നത്തെ കാലമല്ലാത്തതിനാൽ അദ്ദേഹം അവളെ വീട്ടിൽ നിന്നും ആട്ടി പുറത്താക്കി. ( ഇന്നായിരുന്നെങ്കിൽ സരിതാ നായരുടേയും, സ്വപ്നാ സുരേഷിനേയും, അമ്പർ ഹേഡിനേയും പോലെ ജെയ്ൻ വിശുദ്ധയും ഒറാമൽ അഴിയെണ്ണുകയും ചെയ്തേനെ)
അവിടുന്ന് ജെയ്ൻ പോയത് ന്യൂ ഹാംഷെയറിൽ സാറാ നിക്കോൾസ് എന്ന പഴയ സുഹൃത്തിനെ കാണാൻ ആയിരുന്നു. ഈ സമയത്ത് സാറയുടെ ഭാഗ്യവശാൽ, മിന്നി ഗിബ്‌സിന്റെ ( മിന്നി ഡേവിസ്) മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. പോലീസ് ജെയ്നിനെ അറസ്റ്റു ചെയ്തു. ജെയ്ൻ സുഹൃത്തുക്കളെ പലരേയും കൊന്നിരുന്നതിനാൽ സാറാ നിക്കോൾസിന്റെ രക്ഷപെടൽ നൂൽപാലത്തിലൂടെയുളളതായിരുന്നു. മിന്നി ഗിബ്‌സിന്റെ കൊലപാതകത്തിന് മാത്രമാണ് ജെയ്ൻ അറസ്റ്റിലായതെങ്കിലും, അത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് പത്രങ്ങൾ പെട്ടെന്ന് മനസ്സിലാക്കി. ഡേവിസ് കുടുംബത്തിലെ ബാക്കിയുള്ളവർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് തീർച്ചയായും ഉത്തരം ആവശ്യമായിരുന്നു.
വർത്തമാനപത്രങ്ങൾ സർവ്വതും ചികഞ്ഞ് പുറത്തിട്ടു. അതിശയത്തിന്റേയും, അഭ്യൂഹങ്ങളുടേയും ഒരു കുത്തൊഴുക്കാണ് പിന്നീടുണ്ടായത്. എലിസബത്തിന്റെ മരണം പത്രങ്ങൾ അവർക്കാകുന്ന രീതിയിൽ നിറം പിടിപ്പിച്ച കഥകളായി ദിനംപ്രതി പ്രസിദ്ധീകരിച്ചു. ജെയ്ൻ മോർഫിന് അടിമയാണെന്നും, അവൾ പ്രഭാതഭക്ഷണമായി കാപ്പി മാത്രം കുടിക്കുന്നത് അതിനാലാണെന്നും എഴുതി. പത്രങ്ങളിൽ പേരുവരരുതെന്ന് ജെയ്നിന് ഉണ്ടായിരുന്നു, പക്ഷേ ഇത്രയും വലിയ കൊലപാതകപരമ്പര ആയതിനാൽ മാധ്യമങ്ങളെ തടയാൻ ആർക്കും ആകുമായിരുന്നില്ല.
എങ്കിലും കോടതിയിൽ കേസ് അത്ര എളുപ്പത്തിൽ സ്ഥാപിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഒന്നാമതായി ഡേവിസിന്റെ മരണം കുടുംബ ഡോക്ട്ടർ സർട്ടിഫൈ ചെയ്തത് ഹൃദ്രോഹം എന്നായിരുന്നു. രണ്ടാമതായി മിന്നിയുടേയും, ജന്നീവയുടേയും പോസ്റ്റ്മാർട്ടത്തിൽ ആഴ്സനിക്ക് കണ്ടെത്തി എന്നതായിരുന്നു. പക്ഷേ ജെയ്ൻ ജന്നീവായ്ക്ക് ആഴ്സനിക്ക് നൽകിയെങ്കിലും മിന്നിക്ക് നൽകിയിരുന്നില്ല. അപ്പോൾ എങ്ങിനെ ആഴ്സനിക്ക് മിന്നിയുടെ ശരീരത്തിൽ വന്നു? ആ അന്വേഷണം ചെന്നുനിന്നത് പോസ്റ്റ്മാർട്ടം ടേബിളിൽ തന്നെയാണ്. എന്തെന്നാൽ അക്കാലത്ത് എംബാം ചെയ്യാൻ ഉപയോഗിക്കുന്ന ദ്രാവകത്തിൽ നിന്നുമായിരുന്നു ആഴ്സനിക്ക് വന്നിരുന്നത്. സ്വാഭാവീകമായും ജന്നീവായുടേയും അങ്ങിനെ തന്നെ വന്നതാണെന്ന് പ്രതിഭാഗത്തിന് വാദിക്കാൻ ഇടവരുത്തി.
പ്രോസിക്ക്യൂഷൻ അമ്പേ പരാജയമായി മുന്നോട്ട് പോകുന്ന അവസരത്തിൽ മിന്നിയുടെ ഭർത്താവിന്റെ പിതാവായ ക്യാപ്റ്റൻ പോൾ ഗിബ്‌സ് ഒരു പത്രവുമായി അഭിമുഖം നടത്തി. ബോസ്റ്റൺ ജേണലിൽ നിന്നുള്ള ഒരു റിപ്പോർട്ടർ മൃതദേഹങ്ങളിൽ കണ്ടെത്തിയ ആർസെനിക്കിനെക്കുറിച്ച് അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചു.
ക്യാപ്റ്റൻ ഗിബ്സ് അത്ഭുതപ്പെട്ടു. “ആർസെനിക് പോലെ എളുപ്പത്തിൽ കണ്ടുപിടിക്കുന്ന ഒന്നും ജെയ്ൻ ടോപ്പൻ ഉപയോഗിക്കുമെന്ന് ഞാൻ കരുതുന്നില്ല” എന്ന് അദ്ദേഹം പറഞ്ഞു.
( ആഴ്സനിക്ക് സാധാരണയായി എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്നതാണ്. “വിഡോ മേക്കർ സിൻഡിക്കേറ്റ്” എന്ന ലേഖനത്തിൽ അത് വിവരിക്കുന്നുണ്ട്. ഇതിനിടയിൽ ആഴ്സനിക്ക് കഥയിൽ കടന്നു വരുന്നുണ്ട് – അത് ജന്നീവയ്ക്ക് ആത്മഹത്യ ചെയ്യുവാനായി ജെയ്ൻ നൽകുകയാണ് ഉണ്ടായത്. ഒരു പ്രഫഷണൽ കൊലപാതകം നടത്തുമ്പോൾ അവരുടെ പ്രവർത്തനമണ്ഡലവുമായി ബന്ധപ്പെട്ട എന്തെങ്കിലുമായിരിക്കും മനസിൽ ആദ്യം കടന്നുവരിക. ഷെർലക് ഹോംസ് കഥകളിൽ ഇതേ പറ്റേൺ പലതവണ കോനൽ ഡോയൽ പറയുന്നുണ്ട്. തപാലിൽ വന്ന രണ്ടു ചെവികൾ എന്ന കഥയിൽ ചെവികൾ പോസ്റ്റിൽ അയക്കുന്നത് ചീത്തയാകാതിരിക്കുവാനായി ഉപ്പ് ചേർത്താണ്, ഒരു മെഡിക്കൽ വിദ്യാർത്ഥി ആയിരുന്നു അത് ചെയ്തിരുന്നതെങ്കിൽ അവരുടെ മനസിൽ ആദ്യം വരിക കാർബോളിക്ക് ആസിഡോ, ശുദ്ധിചെയ്ത സ്പിരിറ്റോ ആയിരിക്കും എന്ന് വിവരിക്കുന്നു. മറ്റൊരു കഥയായ കറുമ്പൻ പീറ്ററിൽ വിസ്ക്കിയും ബ്രാൻഡിയും ഉളളപ്പോൾ നാവീകരല്ലാതെ ആരെങ്കിലും റം കഴിക്കുമോ എന്ന് ഹോംസ് ചോദിക്കുന്നു. ഇതിൽ നിന്നെല്ലാം അവരവർ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ടായിരിക്കാം കുറ്റവാളികൾ മറ്റ് പ്രവർത്തനങ്ങളും, സാധ്യതകളും തിരഞ്ഞെടുക്കുന്നത് എന്ന് മനസിലാക്കാം.)
പ്രോസിക്യൂട്ടർമാർ അറിവുളളതിനും കൂടുതലായി, ജെയ്ൻ വളരെ മിടുക്കിയും കഴിവുള്ള ഫാർമക്കോളജിസ്റ്റും ആണെന്ന് ക്യാപ്റ്റന് തീർച്ചയായും അറിയാമായിരുന്നു. അവൾ എന്താണ് ഉപയോഗിച്ചിരിക്കുക എന്ന് അദ്ദേഹം ഏകദേശം മനസിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മോർഫിൻ, അട്രോപിൻ എന്നിവയുടെ മിശ്രിതം ആണ് അവൾ ഉപയോഗിച്ചിരിക്കുക. ഈ രണ്ടു വിഷങ്ങളും കൂട്ടി കലർത്തി ഉപയോഗിച്ചാൽ ഇവരണ്ടും ഉണ്ടാകുന്ന ശാരീരീകലക്ഷണങ്ങൾ പരസ്പരം ഇല്ലാതാക്കും എന്ന കാര്യം അദ്ദേഹം മനസിലാക്കിയിരുന്നു. കൂടാതെ ജെയ്ൻ വാടകയിനത്തിൽ ഡേവിസിന് പണം നൽകാനുണ്ടായിരുന്നു എന്നും, ഡേവിസിന്റെ മരണ സമയത്ത് അദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന 500 ഡോളർ കാണാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ പ്രോസിക്ക്യൂട്ടർമാർക്ക് ശക്ത്മായ പ്രേരണാ കുറ്റവും ചുമത്താൻ സാധ്യത കൈവന്നു.

പത്രങ്ങൾ അവിടംകൊണ്ടും പിൻമാറിയില്ല. അവർ വീണ്ടും ജെയ്നിന്റെ കഥകൾക്ക് പിന്നാലെ പോയി. മൈറാ കോണേഴ്സിന്റെ മരണം ജെ്യനിന് സാമ്പത്തീക ലാഭം ഉണ്ടാകാൻ വേണ്ടി അവൾ തന്നെ നടത്തിയ കൊലപാതക നാടകമാണെന്ന് അവർ വിളിച്ചു പറഞ്ഞു. ആ കേസും അവളുടെ പട്ടികയിൽ ചേർക്കപ്പെട്ടു.
ബോസ്റ്റൺ ഹെറാൾഡിണ് അടുത്ത വിഷയം ഉയർത്തിക്കൊണ്ടുവന്നത്. അവർ ജെന്നറ്റ് സ്നോ എന്ന സ്ത്രീയെ അവതരിപ്പിച്ചു. ജെന്നറ്റ് ജെയ്നിന്റെ കസിനായിരുന്നു. ജെന്നറ്റ് “കെല്ലി ദി ക്രാക്കിന്റെ” ചരിത്രവും, ജെയ്നിന്റെ കുട്ടിക്കാലത്തെ മോശമായ പെരുമാറ്റവും, ജെയ്നിന്റെ സഹോദരി നെല്ലിയുടെ മനോരോഗാവും എല്ലാം വിവരിച്ചു. ഈ ലേഖനങ്ങൾ എല്ലാം സമർത്ഥിക്കുന്ന കാര്യങ്ങൾ കൂട്ടിവായിക്കുമ്പോൾ ഭൗതീകനേട്ടങ്ങൾക്കായി കൊലപാതകം നടത്തുന്ന നേഴ്സ് എന്നതിൽ കവിഞ്ഞ് ഇവൾക്ക് ഭ്രാന്താണ് എന്ന് സമൂഹം ജെയ്നിനെ മുദ്രകുത്തി.
ഈ അപ്രതീക്ഷിത വഴിത്തിരിവുകൾ കേസിന്റെ ഘടനയെ മാറ്റിമറിച്ചു. ജെയ്നിനെ കുറ്റാരോപിത ആക്കുന്നതിനു മുൻപ് അവളുടെ മാനസീകനില പരിശോദിക്കണം എന്ന് സമൂഹത്തിന്റെ നിരവധി ഭാഗങ്ങളിൽ നിന്നും ആവശ്യമുയർന്നു. ജെ്യനിന്റെ കൈകൾകൊണ്ട് മരണ ശിക്ഷ ലഭിക്കാത്ത ധനികരായ പലരും അവൾക്കുവേണ്ടി സംസാരിച്ചു. അവർ അവൾക്കുവേണ്ടി കത്തിടപാടുകൾ നടത്തി. അവൾ കുറ്റക്കാരിയാണെന്ന് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം തന്നെ മിന്നി ഗിപ്സിന്റെ മരണം തെളിയിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അങ്ങിനെ ഇരിക്കെ കേസിൽ മറ്റൊരു വഴിത്തിരിവുണ്ടായി. ജെയിൻ ആഴ്സനിക്ക് വാങ്ങിയതായി ഒരു തെളിവും പ്രോസിക്കൂഷന് കാണിക്കാൻ കഴിഞ്ഞില്ലെങ്കിലും അവൾ മോർഫിൻ വാങ്ങിയതിന് തെളിവുകൾ ഉണ്ടായിരുന്നു. പോരാത്തതിന് മോർഫിനും അട്രോപ്പിനും അടങ്ങിയ മിശ്രിതം ഉപയോഗിച്ചാണ് കൊലപാതകങ്ങൾ നടന്നിരുന്നത് എന്നത് പരിചയസമ്പന്നയായ ഒരു പ്രഫഷണലിന് മാത്രം സാധിക്കുന്ന കാര്യമാണെന്ന് തെളിയിക്കാനായത് ജെയ്നിനെ പ്രതിക്കൂട്ടിൽ സ്ഥാനമുറപ്പിക്കാൻ പര്യാപ്തമായിരുന്നു.
എന്നാൽ 1902 ൽ ഡോ. ഹെൻറി സ്റ്റെഡ്മാൻ, ഡോ. ജോർജ്ജ് ജെല്ലി, ഡോ. ഹോസിയ ക്വിൻബി എന്നിവർ ജെയ്നിന്റെ മനസ്സീകനില പരിശോധിക്കാൻ നിയമിക്കപ്പെട്ടു.
ആദ്യം ജെയ്ൻ സംശയാലു ആയിരുന്നു, എന്നാൽ താമസിയാതെ അവൾ സ്വാഭാവീക രീതിയിൽ അവളുടെ സംസാരരീതി ആരംഭിച്ചു. ഡോക്ട്ടർമാർ വേഗം തന്നെ നുണപറയുന്നതിനുളള അവളുടെ പാത്തോളജിക്കൽ ആസക്തി തിരിച്ചറിഞ്ഞു. ആ സംഭാഷണത്തിലും തുടർന്നുളള പരീക്ഷണ നിരീക്ഷണങ്ങളിലും ആയി അവൾ എല്ലാ കൊലപാതകങ്ങളും സമ്മതിച്ചു. 31 കൊലപാതകങ്ങൾ അവൾ വെളിപ്പെടുത്തി. എല്ലാ കൊലപാതകങ്ങൾക്കും അവൾക്ക് അവളുടേതായ ന്യായീകരണങ്ങൾ ഉണ്ടായിരുന്നു, ഒന്നിനും അവൾ പശ്ചാത്തപിച്ചില്ല. അനുഭവപരിഞ്ജാനമുണ്ടായിട്ടും ഡോക്ട്ടർമ്മാരുടെ പോലും അസ്തിയെ തണുപ്പിക്കുന്നതായിരുന്നു അവളുടെ വെളിപ്പെടുത്തലുകൾ.
ഇരകളോടൊപ്പം കിടക്കയിൽ കിടക്കുന്ന ശീലവും; അവർ മരിക്കുന്നത് കാണുന്നതിൽ നിന്ന് ലഭിച്ച ലൈംഗിക ത്രില്ലും അവൾ വെളിപ്പെടുത്തിയപ്പോൾ, അത് ഡോക്ട്ടർമ്മാർ ഇതുവരെ കണ്ടിട്ടും, കേട്ടിട്ടും, പഠിച്ചിട്ടും ഉണ്ടായിരുന്ന അവരുടെ മുൻകാല അനുഭവത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. പുരുഷ സൈക്കോപ്പാത്തുകൾ മാത്രമാണ് അതിനു മുൻപ് ലൈംഗീകതയ്ക്കായി സീരിയൽ കൊലപാതകങ്ങൾ നടത്തിയിരുന്നതായി അറിവുണ്ടായിരുന്നുളളൂ.
അവൾ ചെയ്യുന്നത് തെറ്റാണെന്ന് ജെയ്നിന് അറിയാമായിരുന്നു, അതിനാൽ തന്നെ മനോരോഗം മൂലം എന്ന ന്യായീകരണത്താൽ വിചാരണയിൽ നിന്നും ഒഴിവാകാൻ സാധിക്കുമായിരുന്നില്ല, പക്ഷേ ഇങ്ങിനൊക്കെ ആണെങ്കിലും മൂന്നു ഡോക്ട്ടർമ്മാരും അന്ന് മനോരോഗാത്തിന് ഉപയോഗിച്ചിരുന്ന പദമായ “ധാർമ്മീകമായി ഭ്രാന്തി” എന്ന് അവളെ വിശേഷിപ്പിച്ചു. അതിനാൽ തന്നെ ഈ രോഗത്തിൽ നിന്നും അവൾ ഒരിക്കലും കരകയറില്ലാ എന്നും അവൾ വിചാരണ നേരിടാൻ യോഗ്യയല്ലാ എന്നും റിപ്പോർട്ട് നൽകി.
അതിനാൽ ഒരു വിചാരണയുടെ ആവശ്യമേ ഇല്ലായിരുന്നു, എങ്കിലും അമ്മേരിക്കയിൽ ഇതുപോലൊരു കേസ് മുമ്പ് ഉണ്ടായിട്ടില്ലാത്തതിനാലും, ഒരു സീരിയൽ കൊലപാതകം അതിനു മുൻപ് ജൂറിക്ക് മുൻപിൽ വരാത്തതിനാലും, മനോരോഗം മൂലമുളള എല്ലാ കേസുകളും തുടർന്നും ഒഴിവാക്കപ്പെടുന്നത് തടയുവാനുമായി ഒരു വിചാരണ സ്റ്റേറ്റ് അറ്റോർണി ജനറൽ നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഫലമായി അവളെ ജീവിതകാലം മുഴുവൻ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ജൂറി അയച്ചു.
വിചാരണവേളയിൽ അവൾ ഡോ. സ്റ്റെഡ്മാന്റെ റിപ്പോർട്ടിനെതിരെ അലറി “ഇയാൾ കള്ളം പറയുന്നു! എനിക്ക് ഭ്രാന്തില്ല! … ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം! ശരിയും തെറ്റും ഞാൻ മനസ്സിലാക്കുന്നു! അത് എനിക്ക് സുബോധമാണെന്ന് തെളിയിക്കുന്നു!”

പോലീസ് അന്വേഷിക്കുന്ന പതിനൊന്ന് കൊലപാതകങ്ങൾ കൂടാതെ നേഴ്സിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്ത് അവൾ നടത്തിയ കൊലപാതകങ്ങളും അവൾ അഭിഭാഷകനോട് മുമ്പേ തന്നെ വെളിപ്പെടുത്തിയിരുന്നു. അവളുടെ ശിക്ഷാവിധിക്കു ശേഷമാണ് ഈ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. തുടർന്ന് പത്രങ്ങൾ അവൾക്ക് ഒരു രക്തരക്ഷസിന്റെ പരിവേഷം നൽകി. അവൾ ചരിത്രത്തിലെ ഏറ്റവും വലിയ വിഷപ്രയോഗിയായി ചിത്രീകരിക്കപ്പെട്ടു. വിചാരണ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ന്യൂയോർക്ക് ജേർണൽ അവളുടെ “ഭയങ്കരമായ കുറ്റസമ്മതം” പ്രസിദ്ധീകരിച്ചു. വിചാരണയിൽ തെളിവ് നൽകുമ്പോൾ, മനോരോഗ വിദഗ്ധർ കൂടുതൽ വ്യക്തതയുള്ള വിശദാംശങ്ങൾ മറച്ചുവച്ചിരുന്നു എന്നാൽ ന്യൂയോർക്ക് ജേർണൽ വിശദമായി അവയിലേക്ക് പോയി. അതിനാൽ തന്നെ ആ ലേഖനങ്ങൾ വസ്തുതകളോട് കൂടുതൽ ചേർന്നുനിൽക്കുന്നവയായിരുന്നു. ആ വസ്തുതകൾ ജെയ്നിനെ ആരും സംശയിച്ചതിലും വലിയ ഒരു രാക്ഷസിയായി ചിത്രീകരിച്ചു.
അവളെ ടൗണ്ടൺ സ്റ്റേറ്റ് ഹോസ്പിറ്റലിൽ ആണ് പാർപ്പിച്ചിരുന്നത്, അവൾ അവിടെ ഒരു മാതൃകാ രോഗിയായിരുന്നു. അഭയകേന്ദ്രത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, ജെയ്ൻ അത് ആസ്വദിച്ചു. ആ കാലഘട്ടത്തിൽ “ഭ്രാന്താശുപത്രി” എന്നത് വളരെ മോശമായ ഒരു സ്ഥലമായിരുന്നു. “ആരെങ്കിലും ഒരു ഭ്രാന്താശുപത്രിയിൽ കഴിയുന്നത് ഭ്രാന്തുണ്ടാക്കാൻ മറ്റൊന്നും വേണ്ട” എന്നതായിരുന്നു അവസ്ഥ.
തുടർന്ന് അവൾക്ക് മാനിക് ഡിപ്രഷനുണ്ടായി. അതിനാൽ വിചിത്രമായ ചിന്തകളിലേയ്ക്ക് അത് അവളെ നയിച്ചു. 1904 ആയപ്പോഴേക്കും അവൾ പൂർണ്ണമായും ഒരു ഭ്രാന്തിയായി തീർന്നിരുന്നു. അതിനാൽ തന്നെ തന്റെ ഭക്ഷണത്തിൽ ആരെങ്കിലും വിഷം കലർത്തുമെന്ന് ഭയന്ന് അവൾ ഒന്നും കഴിക്കാതിരിക്കാൻ ആരംഭിച്ചു. ഈ സമയത്ത് അവൾ മരണപ്പെട്ടു എന്ന് കിംവദന്തികൾ പ്രചരിച്ചു. എങ്കിലും അവൾ മരിച്ചിരുന്നില്ല.

പിൻകാലത്ത് ചില സ്റ്റാഫിനോടും, കൂടെയുളളവരോടും അവൾ ഇങ്ങിനെ പറഞ്ഞു “കുറച്ച് മോർഫിൻ എടുക്കൂ, പ്രിയേ, നമുക്ക് വാർഡിലേക്ക് പോകാം. അവർ മരിക്കുന്നത് കാണുമ്പോൾ നിങ്ങൾക്കും എനിക്കും ഒരുപാട് സന്തോഷം ലഭിക്കും.”
അവൾ എല്ലാക്കാലവും കൊലപാതകം ഒരു ആസക്തിയായി കൊണ്ടുനടന്നിരുന്നു. അവസാനം 1938 ൽ എൺപത്തിയൊന്ന് വയസ്സുള്ള ജെയ്ൻ ടോപ്പൻ അന്തരിച്ചു.
നിരവധി സിനിമകൾക്ക് ജെയ്ൻ ടോപ്പന്റെ കഥ പ്രേരണ ആയിട്ടുണ്ട്. ജീവചരിത്രങ്ങളും എഴുതപ്പെട്ടു. ആൻ ബെർട്രാമിന്റെ ‘മർഡറെസ്’ എന്ന നാടകത്തിൽ കൊലയാളികളിൽ ഒരാളായി ഒരു വേഷവും ജെയ്നിനെക്കുറിച്ചുളളതാണ്.