Scottish Cannibal – Alexander Sawney Bean.
കെട്ടുകഥകളും ചരിത്രസംഭവങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു സീരിയൽ കില്ലിങ്ങ്/ ക്യാനിബാളിസം വിവരണമാണ് അലക്സാണ്ടർ സാവ്നി ബീൻ എന്ന നരഭോജിയെപ്പറ്റി വിവരിക്കുന്ന ഈ കഥയിൽ എഴുതുവാനുളളത്. ജാക്ക് ദ റിപ്പറിനും മുൻപ് ഇംഗ്ലണ്ടന്റേയും, സ്കോട്ട്ലണ്ടിന്റേയും പഴമൊഴികളിൽ യക്ഷിക്കഥപോലെ പാടിപ്പഴകിയ ഒരു നാടോടിക്കഥ. വായനക്കാർ ഈ കഥയെ ആ രീതിയിൽ തന്നെ സമീപിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അദ്ധ്യായം 1. കടൽകൊള്ളക്കാർ.
മധ്യകാലയുഗത്തിൽ സ്കോട്ട്ലണ്ടിലെ അയർഷെയറിനരികിലൂടെയുള്ള ( Ayrshire ) നീണ്ടതും വിജനമായതുമായ വഴിത്താരയിലൂടെ യാത്രികർ സഞ്ചരിക്കാൻ ഭയപ്പെട്ടിരുന്നു. കാരണം ആ വഴിയിലൂടെ കടന്നുപോയ യാത്രികരിൽ നല്ലൊരു ശതമാനം ആളുകളും പിന്നീട് മടങ്ങി വന്നിട്ടില്ല. നിഗൂഢതയിലേക്കു പോയ് മറഞ്ഞ മനുഷ്യരുടെ തിരോധാനം ജനങ്ങളിൽ ആശങ്കയുളവാക്കി. എന്തായിരിക്കും ഇതിന് പുറകിൽ ഉള്ളത്.? അവർക്കു യാതൊരു എത്തും പിടിയും കിട്ടിയില്ല. നിരത്തുകളിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന കറുത്ത രക്തക്കറകൾ മാത്രം അവശേഷിപ്പിച്ച് എങ്ങോ പോയ് മറഞ്ഞ ആളുകളെക്കുറിച്ച് ധാരാളം കഥകൾ ഉടലെടുത്തു തുടങ്ങി. ശക്തമായ മന്ത്രവിദ്യകളാൽ ബന്ധിക്കപ്പെട്ടു കിടക്കുന്ന ഒരു സ്ഥലമാണ് അവിടം എന്ന കിംവദന്തികൾ ഉരുത്തിരിഞ്ഞതും അക്കാലത്താണ്.

This small bay is at the foot of steep cliffs near Bennane Head. Ayrshire
പണ്ട് കുരിശ്ശ് യുദ്ധങ്ങളുടെ അവസാനകാലത്ത് ഒരു ഡച്ച്കാരൻ ഡോക്ടർ കൊള്ളയടിയിലൂടെ താൻ സമ്പാദിച്ച സ്വത്തുക്കളെല്ലാം സ്വര്‍ണമായും രത്നമായും മാറ്റി സഹപ്രവർത്തകർ പോലും അറിയാതെ ഒരു ദ്വീപിൽ ഒളിപ്പിച്ച് വെച്ചു.
നിധി ഒളിപ്പിക്കുവാൻ ദ്വീപിലേക്ക് ഇരുപത് നീഗ്രോ അടിമകളുമായി പോയ ഡച്ചുകാരൻ തിരികെ വന്നത് തനിച്ചായിരുന്നു. അളവറ്റ സമ്പത്തുകൾ ഒളിപ്പിച്ച് വെച്ചശേഷം ഗുഹാമുഖത്ത് വെച്ച് അടിമകളെയെല്ലാം മന്ത്രവാദി കൂടിയായ അയാൾ ബലി നൽകി.
മനുഷ്യ രക്തത്തിൽ പ്രസാദിച്ച പിശാച് ഉടൻ തന്നെ ഡോക്ടറുമായി വരുന്ന 400 വർഷത്തേക്ക് ഒരു ഉടമ്പടി ഉണ്ടാക്കി. അതിന്‍പ്രകാരം മന്ത്രവാദിക്കല്ലാതെ വേറെയാർക്കും വരുന്ന 400 വർഷത്തിനുള്ളിൽ നിധിയുടെ മേൽ യാതൊരു അവകാശവും ഉണ്ടാകില്ലെന്നും, അത് വരെ താനിതിന്റെ കാവൽക്കാരൻ ആയി തുടരാമെന്നും, നാനൂറ് വർഷങ്ങൾക്ക് ശേഷം നിധി തനിക്ക് സ്വന്തം ആകുമെന്നും, അങ്ങനെ വന്നാൽ ഡോക്ടറുടെ ആത്മാവിന് പോലും അതിൽ അവകാശം ഉണ്ടാകില്ലെന്നും മാത്രമല്ല ഡോക്ടറുടെ ആത്മാവും തനിക്കു സ്വന്തമാകുമെന്നും, തനിക്കു സ്വന്തമായ നിധി താൻ തനിക്ക് സൗകര്യമുള്ളവർക്കു കൊടുക്കുമെന്നും തുടങ്ങി ഇരുപത് നിബന്ധനകൾ അടങ്ങുന്നതായിരുന്നു ഉടമ്പടി. അതിനെത്തുടർന്ന് പിശാച് ഗുഹാമുഖം വലിയൊരു പാറക്കല്ല് വെച്ച് അടയാളം അവശേഷിപ്പിക്കാതെ മൂടിയെന്നും സംസാരമുണ്ടായി.
യുദ്ധങ്ങൾക്ക് ഒടുവിൽ ലോകത്ത് സമാധാനത്തിന്റെ വസന്തം വിരിയുമ്പോൾ തിരികെ വന്ന് നിധി വീണ്ടെടുക്കാമെന്നും അത് വഴി സുസ്ഥിരമായ, സമാധാനവും, സമ്പത്തുമുള്ള ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാമെന്നും ആണയാൾ കണക്കു കൂട്ടിയത്. ദ്വീപിലേക്കുള്ള വഴി മറക്കാതെയിരിക്കുവാൻ ദീർഘകാലം ഈട് നിൽക്കുന്ന പാമ്പിൻ തുകലിൽ ഒരു മാപ്പും ഡോക്ടർ തയ്യാറാക്കിയിരുന്നു.
മടക്കയാത്രയിൽ മദ്യപിച്ച് അബോധാവസ്ഥയിലായ ഡോക്ടർ നിധിയുടെയും മാപ്പിന്റെയും കാര്യം ഉറക്കത്തിനിടെ വിളിച്ച് കൂകിയത് അയാളുടെ ജോലിക്കാരൻ കേട്ടു. ഉടൻ തന്നെ അവൻ താൻ കേട്ടത് കപ്പിത്താനെ അറിയിച്ചു. അങ്ങനെ ഡോക്ടറുടെ ആയുസ്സിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.
നിധി ഒളിപ്പിച്ച് വെച്ച ഭൂപടത്തിനു വേണ്ടി അവർ അയാളെ അപ്പോൾ തന്നെ നടുക്കടലിൽ വെച്ച് കൊന്നുകളഞ്ഞുവെങ്കിലും ഇതിനോടകം ആ മാപ്പ് അപ്രത്യക്ഷമായിരുന്നു. തന്റെ തന്ത്രം ഫലിച്ചതിൽ ആഹ്ളാദിച്ച പിശാച് തന്നെയാണ് മാപ്പ് അപഹരിച്ചതെന്നും പറയപ്പെടുന്നു. താൻ വഞ്ചിക്കപ്പെട്ടുവെന്നു ഡോക്ടർ മനസിലാക്കി വന്നപ്പഴേയ്ക്കും അയാൾക്ക് ശരീരം നഷ്ടപ്പെട്ടുവെന്നതായിരുന്നു ദുഃഖകരമായ വസ്തുത. അങ്ങിനെ വെറും ആത്മാവ് മാത്രമായ അയാൾ വന്നടിഞ്ഞത് അയർ ഷെയറിൽ ആയിരുന്നു.

തന്റെ നഷ്ട്മായ സൗഭാഗ്യത്തിന്റെ ഓർമയിൽ മന്ത്രവാദിയുടെ ആത്മാവ് ചില നേരങ്ങളിൽ കഠിന ദുഖത്തിലായിരിക്കുന്ന അവസരത്തിൽ മുമ്പിൽ വന്ന് പെടുന്ന മനുഷ്യരെ അത് തന്റെ ലോകത്തിലേക്ക് കൊണ്ടുപോകാറുണ്ട്. കാരണം ഒറ്റയ്ക്ക് പിശാചിനോട് സംവദിക്കുവാൻ അയാൾക്ക് ധൈര്യം പോരായിരുന്നു. വ്യവസ്ഥപ്രകാരമുള്ള വർഷങ്ങൾ ആകട്ടെ അവസാനിക്കാറുമായി; നിധി പോയാൽ പോകട്ടെ തന്റെ ആത്മാവിനെയെങ്കിലും രക്ഷിച്ചെടുക്കാമല്ലോ എന്നായിരുന്നു ഡോക്ടറുടെ ചിന്ത പോയത്.
അങ്ങനെ അപഹരിച്ച ആത്മാക്കളെ ശേഖരിച്ച് ഒരു വലിയ സൈന്യത്തെ അയാൾ തയ്യാറാക്കുന്നുണ്ടെന്നും ഒടുവിൽ ആത്മാക്കളുടെ എണ്ണം തികയുമ്പോൾ ഡച്ച്കാരൻ നയിക്കുന്ന കപ്പലിൽ തന്റെ ആത്മാവിനെ വീണ്ടെടുക്കുവാൻ അമരത്വം പ്രാപിച്ച അവർ യാത്ര പോകുമെന്നും തുടങ്ങി കഥകൾ നിരവധിയുണ്ടായി.
സ്കോട്ടിഷ് നാടോടിക്കഥകളിലെ വിചിത്രജീവിയായ ഗ്ലോബിനുകൾ ( Goblin ) ആണ് ആളുകളുടെ തിരോധാനത്തിന് പിന്നിൽ എന്ന് ചിലർ പറഞ്ഞു.

എന്നാൽ അതങ്ങനെ സമ്മതിച്ച് കൊടുക്കാൻ ഗ്രാമത്തിലെ തല നരച്ച കാരണവന്മാർക്ക് ആകുമായിരുന്നില്ല. അവരുടെ അഭിപ്രായത്തിൽ ഗ്ലോബിനുകൾ വെറും മുത്തശ്ശിക്കഥകൾ ആണ്, മുഷ്കന്മാർ ആയ കുട്ടികളെ പേടിപ്പിക്കാൻ അമ്മമാർ തലമുറകൾ വഴി കൈമാറ്റം ചെയ്ത കഥയല്ലാതെ മറ്റെന്താണത്?.
സാന്ത്രമായ സന്ധ്യകളിൽ നെരിപ്പോടിനരുകിൽ ഇരുന്ന് അസ്ഥികൾക്ക് അൽപ്പം ചൂട് പകരുന്നതിനിടെ അവർ യോചിച്ച് ഒരു തീരുമാനത്തിലെത്തി. കെൽപ്പിയാണ് ആളുകളെ അപഹരിക്കുന്നത്.
സ്‌കോട്ടിഷ് നാടോടിക്കഥകളിലെ മറ്റൊരു ദുർദേവത ആയിരുന്നു കെൽപ്പി ( Kelpie ).

ചില അമാവാസികളിൽ വൈകുന്നേരത്തെ പള്ളിമണിയടിക്കുന്ന കൂട്ടത്തിൽ അവർ പുറത്തിറങ്ങാറുണ്ട് പ്രധാനമായും തടാകതീരത്ത് ആയിരിക്കും ഇവ കാണപ്പെടാറ്. കരുത്തനായ ഒരു കുതിരയുടെയോ കുതിരക്കുട്ടിയുടെയോ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഇവയെ കാണുന്നയാൾക്കു അതിന്റെ പുറത്തിരുന്നു ഒരൽപ്പദൂരം സഞ്ചരിക്കണമെന്ന ആഗ്രഹം ഉണ്ടാവുക സാധാരണമാണ്. വഴിപോക്കന്റെ ഇങ്കിതം അറിഞ്ഞെന്ന പോലെ ആ കുതിര ഉടൻ തന്നെ അയാളുടെ അരികിലേക്ക് വരുകയും മുതുകത്ത് കയറാനായി തലതാഴ്ത്തുകയും ചെയ്യും. ദുർദേവതയുടെ പ്രലോഭനത്തിൽ വശംവദനായി ഒരിക്കൽ നിങ്ങൾ ആ കുതിരയുടെ മേൽ കയറുകയാണെങ്കിൽ ഒരു തിരിച്ചിറക്കം അസാധ്യമാണ്. യാത്രികനെയും വഹിച്ച്കൊണ്ടു കെൽപ്പി കൊടുങ്കാറ്റിന്റെ ഹുങ്കാരത്തോടെ താൻ കയറി വന്ന നദിയുടെ ആഴങ്ങളിലേക്ക് തന്നെ മടക്കയാത്ര ആരംഭിക്കും.
തന്റെ കണ്ടെത്തലിന് കൂടുതൽ ആധികാരികത കിട്ടുവാൻ അതിലൊരു വൃദ്ധൻ ഒരിക്കൽ ഒരു കെൽപ്പിയെ താൻ നേരിട്ട് കണ്ടുവെന്നും പ്രലോഭനങ്ങൾക്ക് വശംവദൻ ആകാതെയിരിക്കുവാൻ കുതിര നിൽക്കുന്ന സ്ഥലം കഴിയുന്നത് വരെ കണ്ണുകൾ രണ്ടും അടച്ചാണ് താൻ കടന്നു പോയതെന്നും വരെ പറഞ്ഞു കളഞ്ഞു.

പക്ഷെ ഒരു ദിവസം ഇത്തരം എല്ലാ കഥകൾക്കും വിരാമമിട്ടു കൊണ്ട് ഒരു സംഭവം ഉണ്ടായി.
യുവാവായ ഒരു പോരാളി തന്റെ ഭാര്യയേയും കൂട്ടി ആളുകൾ ദുരൂഹമായി അപ്രത്യക്ഷമാകുന്ന ആ വഴിയിലൂടെ വരുകയായിരുന്നു. വാണിജ്യാവശ്യത്തിനും യാത്രയ്ക്കുമായി ഗ്രാമത്തെ ബന്ധിപ്പിക്കാൻ മറ്റു പാതകൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. വഴിയുടെ അരികിലായി കടൽതീരത്തോട് ചേർന്ന് ഒരു ഗുഹാമുഖമുണ്ട്.
ദമ്പതികൾ അതിനു മുൻപിൽ എത്തിയപ്പോൾ ആണ് ആ സംഭവം ഉണ്ടായത്. ഗുഹയിൽ നിന്നും അടുത്തുള്ള പാറക്കെട്ടുകളിൽ നിന്നുമായി ഒരു പറ്റം പ്രാകൃതരൂപികൾ അലറിവിളിച്ച് കൊണ്ട് അവർക്കു നേരെ പാഞ്ഞടുത്തു. അതിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടും. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ ഒരുമാതിരിപ്പെട്ട ഏത് മനുഷ്യനും അടി പതറേണ്ടതാണ്. എന്നാൽ യാത്രികൻ ഒരു പോരാളി കൂടി ആയിരുന്നത് കൊണ്ട് അടുത്തനിമിഷം തന്നെ സമചിത്തത വീണ്ടെടുത്ത് വാളുമായി അവർക്കു നേരെ കുതിച്ചു. തന്റെയും ഭാര്യയുടെയും ജീവൻ രക്ഷിക്കുവാൻ അക്രമികളോട് അയാൾ കഠിനമായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല ഒരു സംഘം ആളുകൾ പാഞ്ഞുവന്ന് അയാളുടെ ഭാര്യയെ കുതിരപ്പുറത്ത് നിന്നും വലിച്ച് താഴെയിട്ട് തൽക്ഷണം അവളെ വധിച്ചു. അതിലും ഭീകരമായ കാര്യം എന്താണെന്നാൽ അവർ ആ സ്ത്രീയെ പല കഷ്ണങ്ങളായി വലിച്ച് കീറി ഭക്ഷിക്കുവാൻ ആരംഭിച്ചു.

നിസ്സഹായനായ അവളുടെ ഭർത്താവിന് അവളെ രക്ഷിക്കുവാൻ ആയില്ല. എണ്ണത്തിൽ ധാരാളം വരുന്ന പ്രാകൃതരോട് പോരാടുന്നത് ഇനിയും അധികനേരം തുടരാൻ ആകില്ലെന്ന് ബോധ്യമായ അവസരത്തിൽ ആണ് ഒരു സംഘം ആളുകൾ പൊടുന്നനെ അവിടെ പ്രത്യക്ഷപ്പെട്ടത്. അവർ ഒരു കൂട്ടം വഴിയാത്രക്കാരായിരുന്നു. യാത്രാസംഘത്തെ കണ്ടതോടെ അക്രമികൾ എതിരാളിയെ ഉപേക്ഷിച്ച് പല ദിക്കുകളിലേക്കായി ഓടിമറഞു.
നരഭോജികൾ ഭാഗികമായി ആഹരിച്ച ഭാര്യയുടെ ചിതറിക്കിടന്ന ശരീരാവശിഷ്ടങ്ങൾ ശേഖരിച്ച ശേഷം യുവാവും യാത്രക്കാരും പ്രാദേശിക ഭരണാധികാരികളെ വിവരമറിയിച്ചു.
അക്കാലത്ത് സ്കോട്ലാൻഡ് ഭരിച്ചിരുന്ന ജെയിംസ് ഒന്നാമൻ രാജാവിന്റെ കാതിലും താമസിയാതെ വാർത്തയെത്തി. ( James I, born 1394—died February 20/21, 1437, Perth, Scotland, king of Scots from 1406 to 1437. During the 13 years (1424–37) ഉടൻ തന്നെ രാജാവ് 400 ആയുധധാരികളായ പടയാളികളെയും, ഏതാനും വേട്ടനായ്ക്കളെയും കൂട്ടി നരഭോജികളുടെ താവളം ലക്ഷ്യമാക്കി പുറപ്പെട്ടു.

ഇനി നമുക്ക് അൽപ്പം പുരാവൃത്തങ്ങളിലേക്കു കടക്കാം. അപ്പോൾ ആരായിരുന്നു ഈ നരഭോജികൾ എന്നും എങ്ങനെയാണ് അവരുടെ ഉത്ഭവം എന്നതിനെപ്പറ്റിയും കൃത്യമായ ചില ചിത്രങ്ങൾ നിങ്ങള്‍ക്ക് ലഭിക്കും.
അദ്ധ്യായം 2. അലക്‌സാണ്ടർ സാവ്നി ബീൻ.
പതിനാലാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിൽ സ്കോട്ലൻഡിലെ ഈസ്റ്റ് ലോധിയനിൽ താരതമ്യേനെ നിർധനമായ ഒരു കുടുംബത്തിൽ അലക്‌സാണ്ടർ സാവ്നി ബീൻ ജനിച്ചതെന്ന് പൊതുവെ കരുതപ്പെടുന്നു. കാർഷിക സംസ്കാരം ഉള്ള ആ ഗ്രാമത്തിൽ അയാൾ ഒരു അധികപ്പറ്റ് ആയിരുന്നു. നിയമങ്ങളോടും നിയമവ്യവസ്ഥകളോടും എല്ലായ്പ്പോഴും ഒരു പുച്ഛമനോഭാവം അയാൾ കാത്തുസൂക്ഷിച്ചു പോന്നു. ഗ്രാമത്തിലെ തന്നെ തരക്കേടില്ലാത്ത ഒരു താന്തോന്നിയായി വളർന്നു വന്ന അലക്‌സാണ്ടർക്ക് ജോലിയെടുക്കുക എന്നുള്ളത് ജീവൻ പോകുന്നതിന് തുല്യമായ സംഗതി ആയിരുന്നു. തല്ലിപ്പൊളിയും മടിയനും ഒന്നിനും കൊള്ളാത്തവനുമായി വളർന്ന് വന്ന അലക്‌സാണ്ടർ സ്വാഭാവികമായും സ്വന്തം ഭവനത്തിൽ നിന്നും പുറം തള്ളപ്പെട്ടു. അല്ലെങ്കിലും എത്ര കാലമാണ് പിതാവിന്റെ ആട്ടും തുപ്പും കൊണ്ട് പുച്ഛക്കഞ്ഞി കുടിച്ചു ജീവിക്കുന്നത്. അങ്ങനെ ജീവിതത്തെ സങ്കോചത്തോടെ നേരിടുന്നതിനിടെയിലാണ് അയാൾക്ക് ഒരു കാമുകിയെ തികച്ചും അപ്രതീക്ഷിതമായി ലഭിക്കുന്നത്. സാവ്‌നി ബീനിനെപ്പോലെ തന്നെ സമൂഹത്തിൽ നിന്നും നിഷ്കാസനം ചെയ്യപ്പെട്ട വനിത ആയിരുന്നു ആഗ്നസ് ഡൗഗ്ലസ്. ഒരു മന്ത്രവാദിനി എന്ന നിലയിൽ സമൂഹത്തിന്റെ നോട്ടപുള്ളി ആയിരുന്നു അവൾ. നരബലി, പൈശാചീക ആരാധന തുടങ്ങിയ കർമങ്ങൾ അവൾ അനുഷ്ഠിക്കുന്നതായി ഗ്രാമീണർ സംശയിച്ചിരുന്നു. അങ്ങനെയാണ് സമൂഹത്തിനു അധികപ്പറ്റായ രണ്ടു മനുഷ്യജന്മങ്ങൾ പരസ്പരം അടുക്കുന്നതിനും പ്രണയിക്കുന്നതിനും ഇടയായത്.
തങ്ങളെ വേണ്ടാത്ത സമൂഹത്തെ തങ്ങൾക്കും വേണ്ട എന്ന തീരുമാനത്തിലെത്താൻ അവർക്കധികം സമയം എടുക്കേണ്ടി വന്നില്ല. മന്ത്രവാദിനി എന്ന നിലയിൽ ജീവന് ഭീഷണി നേരിടുന്ന ആഗ്നസിനാകട്ടെ എത്രയും പെട്ടന്ന് തന്നെ ആ ജനങ്ങളിൽ നിന്നും രക്ഷപെടേണ്ടത് അത്യാവശ്യവും ആയിരുന്നു. അങ്ങനെ ഒരു ദിവസം അലക്‌സാണ്ടറും ആഗ്നസും ഗ്രാമത്തെ ഉപേക്ഷിച്ച് നടന്നു മറഞ്ഞു. സ്വദേശത്തിൽ നിന്നും അകലത്തിൽ എത്തിയ അവർ സ്കോട്ലൻഡിൽ ഉടനീളം സഞ്ചരിച്ച് ഒളിച്ചിരുന്ന ശേഷം രാത്രികാലങ്ങളിൽ ഗ്രാമത്തിൽ ഇറങ്ങിയും യാത്രക്കാരുടെ അടുക്കൽ നിന്ന് അവരുടെ ഭക്ഷണസാധനങ്ങളും മറ്റും മോഷ്ടിച്ചും ജീവിതം ആരംഭിച്ചു. കാരണം നിയമവിരുദ്ധർ ആയതിനാൽ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുവാനോ സമൂഹവുമായി ഇടപഴകുവാനോ അവർക്കാകുമായിരുന്നില്ല.
അല്ലറ ചില്ലറ മോഷണവും, പിടിച്ച്പറിയും മൂലം കരഗതമാകുന്ന അൽപ്പം ആഹാരം അവരുടെ ആവശ്യത്തിന് മതിയാകുമായിരുന്നില്ല. കൊടിയ ദാരിദ്ര്യത്തെ നേരിടുന്ന അവസരത്തിൽ ആഗ്നസ് ആണ് അതിജീവിക്കുവാൻ നരഭോജനം ആകാം എന്ന ആശയം ആദ്യമായി സാവ്‌നിക്ക് മുന്‍പിൽ അവതരിപ്പിച്ചത്.
ചില ചരിത്രകാരന്മാർ പറയുന്നത് അലക്‌സാണ്ടറുമായി ബന്ധം സ്ഥാപിക്കുന്നതിനും വളരെ മുൻപ് തന്നെ ആഗ്നസ് ഡൗഗ്ലസ് മനുഷ്യമാംസത്തിന്റെ രുചി അറിഞ്ഞിട്ടുണ്ട് എന്നാണ്. അവളുടെ മേൽഉള്ള ആഭിചാര ആരോപണങ്ങളിൽ നരഭോജനവും ഉൾപ്പെട്ടിരുന്നിരിക്കാം. അങ്ങനെ സാവ്‌നി ബീൻ ഭാര്യയുടെ പ്രലോഭനത്തിൽ വശംവദനായി ആദ്യമായി മനുഷ്യ മാംസത്തിന്‍റെ രുചിയറിഞ്ഞു.
ആദ്യകാലങ്ങളിൽ അവർ തങ്ങൾക്ക് ആവശ്യമുള്ളത്ര മാംസം മാത്രം ആയിരുന്നു എടുത്തിരുന്നത്. ബാക്കിയാവുന്ന ശരീരാവശിഷ്ടങ്ങൾ ഏതോ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയത് ആകാമെന്ന് തോന്നുന്ന വിധത്തിൽ ചിതറിച്ചിട്ട ശേഷം അവിടെ നിന്നും മാറുകയായിരുന്നു പതിവ്. ആർക്കും ഒരു സംശയവും കൊടുക്കാതെ നരവേട്ട നിർബാധം തുടർന്നുവന്ന ദമ്പതികളെ താമസിയാതെ മറ്റൊരു പ്രശ്നവും അഭിമുഖീകരിച്ചു. നരവേട്ടയ്ക്കായി പൊതുവെ അവർ തിരഞ്ഞെടുത്തിരുന്നത് വിജനവും ആൾസഞ്ചാരം കുറവും ഉള്ളതുമായ വഴിയിടങ്ങൾ ആയിരുന്നു.

വിജനമായ അത്തരം വഴികളിലൂടെ അധികമൊന്നും ആളുകൾ സഞ്ചരിക്കാറും ഇല്ല. അത് കൊണ്ട് തന്നെ ഭക്ഷ്യലഭ്യത സ്വാഭാവികമായും വളരെ കുറഞ്ഞു. സുസ്ഥിരമായതും, എന്നാൽ ആരുടേയും കണ്ണിൽ പെടാത്തതും, ധാരാളം യാത്രികർ സഞ്ചരിക്കുന്നതുമായ ഒരു ഒളിവിടം ഉണ്ടെങ്കിൽ മാത്രമായിരിക്കും തങ്ങളുടെ ആവശ്യങ്ങൾ നിറവേറുകയുള്ളൂ എന്നവർക്ക് താമസിയാതെ ബോധ്യമായി. മാത്രമല്ല അപ്പോഴേയ്ക്കും ആഗ്നസ് ഗർഭിണിയും ആയിരുന്നു.
എല്ലാ സൗകര്യങ്ങളും ഉള്ള ഒരു പാർപ്പിടം തേടിയുള്ള അവരുടെ യാത്ര ഒടുവിൽ അവസാനിച്ചത് ബെല്ലെന്റ്രെക്കടുത്തുള്ള അയർഷെയറിൽ ആണ്. അവിടെ അവരുടെ ഏകാന്തവാസത്തിന് തികച്ചും അനുയോജ്യമായ, നിഗൂഢത ആവരണം ചാർത്തിയ ഒരു ഗുഹ ഉണ്ടായിരുന്നു.

ഗ്രാമത്തിൽ നിന്നും അധികം അകലത്തിൽ അല്ലാതെ വിജനമായ ഒരിടത്ത് കടലിനോട് അഭിമുഖം ആയിട്ടാണ് അതിന്റെ കവാടം സ്ഥിതി ചെയ്തിരുന്നത്. വേലിയേറ്റ സമയങ്ങളിൽ ഗുഹാമുഖം വെള്ളത്താൽ മൂടുമായിരുന്നുവെങ്കിലും മറ്റൊരു വഴിയിലൂടെ ആ വെള്ളം വെളിയിൽ പോകും. മാത്രവുമല്ല അര മൈൽ അകലത്തോളം നേർത്ത ചെരിവുള്ള വിസ്തൃതമായ ഒരു പ്രതലവും അതിനുള്ളിൽ ഉണ്ടായിരുന്നു.





ബീൻ ദമ്പതികൾക്ക് തങ്ങളുടെ പാർപ്പിടം വളരെ ഇഷ്ടപ്പെട്ടു. ആ ഗുഹയിൽ വെച്ചാണ് വരുന്ന നീണ്ട 25 വര്‍ഷം കൊണ്ട് ബീൻ ദമ്പതികൾ ആയിരത്തിലധികം ആളുകളെ കശാപ്പ് ചെയ്ത് ആഹരിച്ചത്.
ഒറ്റയ്ക്ക് വരുന്ന മനുഷ്യരെ ബീൻ ദമ്പതികൾ പതിയിരുന്നു ആക്രമിച്ച് വധിച്ച ശേഷം ഒരു തെളിവും അവശേഷിപ്പിക്കാതെ അവരുടെ കൈയ്യിലുള്ള സകല സാധനങ്ങളോടും കൂടെ ഗുഹയിലേക്ക് കടത്തിക്കൊണ്ട് പോവുകയായിരുന്നു പതിവ്. ഭക്ഷിച്ച ശേഷം ബാക്കിയാകുന്ന മനുഷ്യശരീരം അച്ചാറിട്ട് സൂക്ഷിച്ച് ക്ഷാമകാലത്തെ നേരിടുവാൻ അവർ കരുതി വെച്ചു.
മൃഗതുല്യമായ ജീവിതം നയിച്ച് വന്ന ആ ദമ്പതികൾക്കിടെയിലേക്കു ക്രമേണെ എട്ട് ആൺകുട്ടികളും ആറ് പെൺകുട്ടികളും കടന്നു വന്നു.
കുട്ടികൾ വളരുന്നതിന് അനുസരിച്ച് അവരെയും വേട്ടയിൽ പങ്കാളികൾ ആക്കി; ചിലപ്പോൾ ഒരു സംഘമായും മറ്റു ചിലപ്പോൾ ചെറിയ സംഘങ്ങളുമായും പിരിഞ്ഞ ശേഷം അവർ തങ്ങളുടെ നരവേട്ട വ്യാപിപ്പിച്ചു.
കാലക്രമേണ അലക്‌സാണ്ടർക്ക് തന്റെ കുടുംബത്തിലെ അംഗസംഖ്യ വർധിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടായി. അതിൻപ്രകാരം യാതൊരു സാമൂഹിക ജീവിതക്രമവും കണ്ടിട്ടില്ലാത്ത അയാളുടെ മക്കൾ തമ്മിൽ പരസ്പരം ബന്ധപ്പെട്ട് 32 ഓളം പേരക്കുട്ടികളെ ഉണ്ടാക്കി.
അവരും നരഭോജികളായി വളർന്നു വന്നു. അംഗസംഖ്യ കൂടുന്നതനുസരിച്ച് നിരപരാധികളുടെ ജീവനും കൂടുതലായി നഷ്ടപ്പെടുവാൻ തുടങ്ങി. അഭ്യൂഹങ്ങൾ നാടെങ്ങും പരന്നു.
എന്തിനധികം സത്രം സൂക്ഷിപ്പ്കാർ പോലും സംശയത്തിന്റെ നിഴലിൽ ആയി. പണത്തിനു വേണ്ടി രാത്രിയിൽ മയങ്ങുന്ന യാത്രികരെ വധിക്കുന്നത് അവർ ആണെന്ന കിംവദന്തി അധികരിച്ചത് മൂലം പലരും ആ മേഖല വിട്ട് പുതിയ തൊഴിൽ തേടിപ്പോയി. പക്ഷെ അപ്പോഴൊന്നും അവർ അറിയുന്നുണ്ടായിരുന്നില്ല മനുഷ്യജീവനുകളെ ആഹാരത്തിനു വേണ്ടി ഇല്ലായ്മ ചെയ്യുന്ന 48 പേരോളം വരുന്ന ഒരു വലിയ നരഭോജിക്കുടുംബം തങ്ങളിൽ നിന്നും ഒട്ടും അകലെയല്ലാതെ തങ്ങളുടെ ജീവനെ ഉറ്റുനോക്കി പതിയിരിക്കുന്നുണ്ടെന്ന്.
കാര്യങ്ങൾ അങ്ങനെയിരിക്കെ ആണ് ഒരു ദിവസം സാവ്‌നി ബീൻ കുടുംബം ചെറു സംഘങ്ങളായി പിരിഞ്ഞ് പതിവുള്ള തങ്ങളുടെ നരവേട്ടയ്ക്ക് ഇറങ്ങിയത്. പാറക്കൂട്ടങ്ങൾക്കിടെയിൽ പതുങ്ങിയിരിക്കുന്നതിനിടെ അവർ കണ്ടു ഒരു യുവാവ് അതാ തന്റെ ഭാര്യയെയും കൂട്ടി കുതിരപ്പുറത്ത് വരുന്നു. കീഴടക്കുവാൻ വളരെ എളുപ്പമുള്ള ഇര ആണിത് എന്നവർക്ക് ബോധ്യമായി. ദമ്പതികൾ അരുകിൽ എത്തിയപ്പോൾ അവർ പാറക്കെട്ടുകളുടെ മറ വിട്ട് അവർക്ക് നേരെ പാഞ്ഞടുത്തു.
തുടർന്ന് എന്താണ് സംഭവിച്ചതെന്ന് ഒന്നാം അധ്യായത്തിൽ തന്നെ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ.
അധ്യായം 3. വിചാരണയും, ശിക്ഷയും.
മഹാരാജാവ് തന്നെയാണ് വേട്ടയ്ക്ക് നേരിട്ടിറങ്ങിയത്, നരഭോജികളെ കണ്ടു എന്ന് പറയുന്ന സ്ഥലത്ത് ജെയിംസ് ഒന്നാമൻ രാജാവും പടയാളികളും അരിച്ച് പെറുക്കിയെങ്കിലും മനുഷ്യവാസത്തിന്റേതായ ഒരു ലക്ഷണവും മനുഷ്യനേത്രങ്ങൾക്ക് അവിടെയെങ്ങും കാണുവാൻ ആയില്ല. പക്ഷെ സൈന്യത്തിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്ന വേട്ടപ്പട്ടികളുടെ കാര്യം അതല്ലല്ലോ. അഴുകിയ മനുഷ്യമാംസത്തിന്റെ ഗന്ധം അവയ്ക്കു അറിയുവാനായി. ഭീഷണമായി കുരച്ച് കൊണ്ട് മുൻപോട്ട് കുതിച്ച നായ്ക്കളെ പിന്തുടർന്ന രാജാവും സൈനികരും എത്തിയത് അത്ര പെട്ടന്ന് ആർക്കും കണ്ടെത്താൻ ആകാത്ത ഒരു ഗുഹാമുഖത്തായിരുന്നു.
നരഭോജികളുടെ സാമീപ്യം മനസിലാക്കിയ അവർ വളരെ കരുതലോടെ തന്നെ മുൻപോട്ട് നീങ്ങി. ഗുഹയുടെ ഉള്ളിൽ പ്രവേശിച്ച രാജാവും പടയാളികളും നടുങ്ങിപ്പോയി. അതെ ഗുഹയുടെ ചുവരുകളോട് ചേർന്ന് നിരവധി മനുഷ്യ അവയവങ്ങൾ ഉണങ്ങുവാൻ ആയി കെട്ടിതൂക്കിയിട്ടിരിക്കുന്നു. തറയിലാകട്ടെ കഴിഞ്ഞ 25 വർഷംകൊണ്ട് കൊന്നു കൂട്ടിയവരുടെ മുടിയിഴകളും അസംഖ്യം ആഭരണങ്ങളും മറ്റും ചിതറിക്കിടക്കുന്നു. എവിടെ നോക്കിയാലും കശാപ്പ് ചെയ്യപ്പെട്ടവരുടെ അവശേഷിപ്പുകൾ ആണ് കാണുവാനുള്ളത്. അസഹനീയമായ ദുർഗന്ധം വമിക്കുന്ന ഗുഹയുടെയുള്ളിൽ പ്രകമ്പനം കൊള്ളിക്കുന്ന നിശബ്ദതയിൽ ഹതഭാഗ്യരായ ആയിരത്തിലധികം വരുന്ന മനുഷ്യരുടെ ആത്മാക്കൾ വീർപ്പ് മുട്ടിക്കിടന്നു. മുന്നോട്ട് പോകവേ അവർ കണ്ടു അങ്ങ് ദൂരെ മനുഷ്യക്കൊഴുപ്പുകൾ വെളിച്ചം വിതറുന്ന തുറസ്സായ ഒരിടത്ത് ഒരുമിച്ച് കൂടിയിരിക്കുന്ന നരഭോജിപറ്റങ്ങളെ.
ശക്തമായ ഒരു പോരാട്ടം പ്രതീക്ഷിച്ച് വന്ന രാജാവിനെയും സൈനികരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അലക്‌സാണ്ടർ സാവ്‌നി ബീനും അയാളുടെ നരഭോജിക്കുടുംബവും ഒരു ചെറുത്തുനില്പിന് പോലും മുതിരാതെ കീഴടങ്ങി.
46 ആളുകൾ ആണ് കീഴടങ്ങിയത്. കുറ്റവാളികളെ ചങ്ങലകളാൽ ബന്ധിച്ച് എഡിൻബർഗ് നഗരവീഥികളിലൂടെ ആഘോഷമായി നടത്തിക്കൊണ്ട് പോയി. അന്ന് തന്നെ അവരുടെ വിധി പ്രസ്താവിക്കുകയും ചെയ്തു. ബീൻ കുടുംബത്തിലെ സ്ത്രീകളെ ബന്ധിച്ച് നിർത്തിയ ശേഷം അവരുടെ മുൻപിൽ വെച്ച് തന്നെ ആണുങ്ങളുടെയെല്ലാം കൈയും കാലും ഛേദിച്ച്, ജനനേന്ദ്രിയങ്ങൾ മുറിച്ച് മാറ്റി തീയിലെറിഞ്ഞു. കാലങ്ങളായി തങ്ങൾ ചെയ്തു വന്ന ക്രൂരതയ്ക്ക് പ്രായശ്ചിത്തമെന്നോണം അവർ തങ്ങളുടെ സ്ത്രീകൾക്ക് മുമ്പിൽ വെച്ച് ജനസാഗരം സാക്ഷിയാക്കി രക്തം വാർന്ന് മരിച്ചു.
തൊട്ട് മുന്‍പിൽ മരണം നിൽക്കുമ്പോഴും ബീൻ കുടുംബത്തിലെ ഒരാളുടെയും മുഖത്ത് ഭയമോ സംഭ്രമമോ കാണപ്പെട്ടില്ല. പെണ്ണുങ്ങളും കുട്ടികളും ആകട്ടെ തങ്ങളെ പിടികൂടിയ പടയാളികളെ പുലഭ്യം പറയുകയും മുഖത്ത് കാർക്കിച്ച് തുപ്പുകയും ആണ് ചെയ്തത്.
ആണുങ്ങളെയെല്ലാം വധിച്ച ശേഷം സ്ത്രീകളെയും കുട്ടികളെയുമടക്കം ബാക്കി വന്ന സകലരെയും അവരെ ബന്ധിച്ച് നിര്‍ത്തിയിരുന്ന മരക്കുറ്റികളോട് കൂടി തീയിട്ടു.
രക്തം വാർന്ന് അവസാന ശ്വാസം എടുക്കുന്നത് വരെയും അലക്‌സാണ്ടർ സാവ്നി ബീൻ ഉച്ചത്തിൽ ഇങ്ങനെ അലറി വിളിച്ചു എന്ന് പറയപ്പെടുന്നു.
“ഇല്ല അത് തീർന്നിട്ടില്ല ഒരിക്കലും തീരുകയുമില്ല.”
അലക്‌സാണ്ടർ സാവ്‌നി ബീനിന്റെയും കുടുംബത്തിന്റെയും വിചാരണയ്ക്ക് ശേഷം കുറച്ച് നാൾ കഴിഞ് അവരുടെ ഗുഹയിൽ കാണപ്പെട്ട സ്വർണവും മറ്റു വിലപിടിച്ച വസ്തുക്കളും അവകാശികളെ തിരിച്ചറിയാൻ സാധിക്കാത്തത് മൂലം രാജഭണ്ടാരത്തിലേക്കു കണ്ടു കെട്ടി.
എന്ത് കാരണം കൊണ്ടാകാം സാവ്‌നി ബീൻ “ഇല്ലാ…അത് അവസാനിച്ചിട്ടില്ല. ഒരിക്കലും അവസാനിക്കുകയുമില്ലാ” എന്ന് പറഞ്ഞതിന്റെ പൊരുൾ തേടിയിറങ്ങിയ ജനങ്ങൾ ഒരു കാര്യം കണ്ടെത്തി 48 പേർ ഉള്ള ബീൻ കുടുംബത്തിലെ 46 പേര് മാത്രമാണ് പിടിക്കപ്പെട്ടിട്ടുള്ളൂ, രണ്ടാളുകള്‍ അപ്രത്യക്ഷമായിരിക്കുന്നു.
അവശേഷിച്ച ആ രണ്ടു പേരെ തിരഞ്ഞിറങ്ങാൻ ഗ്രാമീണർ ആരും മിനക്കെട്ടില്ല.
അവർക്ക് ആ ഗുഹയുടെ അരികിലൂടെ പോകുവാൻ തന്നെ ഭയമായിരുന്നു. ഭരണകൂടവും വീണ്ടുമൊരു തിരച്ചിലിന് ഇറങ്ങിയില്ല. അപ്രത്യക്ഷരായ ആ രണ്ടു പേരും വളരെക്കാലം മുൻപ് തന്നെ മരിച്ചിരിക്കാം എന്ന നിഗമനത്തിൽ എത്തി. അന്വേഷണം അവസാനിപ്പിക്കുയാണ് അവർ ചെയ്തത്. എങ്കിൽപ്പോലും ചിലർ ഇപ്പോഴും വിശ്വസിക്കുന്നത് അലക്‌സാണ്ടർ സാവ്‌നി ബീനിന്റെ അവശേഷിപ്പുകൾ ആയ ആ നരഭോജികൾ ഇന്നും ജീവിച്ചിരുപ്പുണ്ടെന്നും വളരെ ചെറിയ തോതിൽ ആണെങ്കിലും ആ പാരമ്പര്യം ഇന്നും ശേഷിക്കുന്നുണ്ടെന്നും ആണ്.
അവിചാരിതമായി അവരുടെ പിടിയിൽ ഒറ്റപ്പെട്ട് കിട്ടുന്ന ടൂറിസ്റ്റുകളെ ഇന്നും അവർ ആഹരിക്കുന്നുണ്ടെന്നും കഥകൾ ഉണ്ട്. അതെന്തായാലും ബെന്നാൻ കേവ് ( Bennane cave ) അധവാ സാവ്‌നി ബീൻ കേവ് എന്നപേരിൽ അറിയപ്പെടുന്ന ഗുഹ ഇന്നൊരു വിനോദസഞ്ചാരകേന്ദ്രം ആണ്. മനോഹരമായ പ്രകൃതി സൗന്ദര്യം ഉള്ള ഗാളോവേ കോസ്റ്റിനരുകിൽ ചരിത്രമുറങ്ങുന്ന ഈ ഗുഹ സ്ഥിതി ചെയ്യുന്നു.



എന്നിരുന്നാലും അലക്‌സാണ്ടർ സാവ്നി ബീൻ എന്ന ഒരു വ്യക്തി യഥാർത്ഥത്തിൽ ജീവിച്ചിരുന്നോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്ക് വിത്യസ്‌ഥ അഭിപ്രായം ആണുള്ളത്.
ബ്രിട്ടീഷുകാരും സ്കോട്ലൻഡ്കാരും തമ്മിൽ നൂറ്റാണ്ടുകളായി നടന്നു വരുന്ന പരസ്പരസ്പർദ്ധയുടെ ബാക്കിപത്രമാകാം ഈ നരഭോജിക്കഥയെന്ന് കരുതുന്നവരാണ് ഏറെയും. ഇത് വഴി സ്‌കോട്ടിഷ് ജനതയെ മോശക്കാരാക്കുവാൻ ഉള്ള അവസരമായിരുന്നു ഇംഗ്ളീഷുകാർക്ക് ലഭിച്ചത്.
1843 ൽ ഡൊറോത്തി എൽ സെയേഴ്സ് എന്ന ബ്രിട്ടീഷ് ചെറുകഥാകാരിയുടെ മിസ്റ്ററി ആൻഡ് ഹൊറർ പരമ്പരയിൽ ഒന്നിൽ ആണ് സാവ്‌നി ബീനിന്റെ കഥ ആദ്യമായി കാണപ്പെടുന്നത്. ലണ്ടനിൽ വൻവിജയം ആയ പുസ്തകത്തിന്റെ ഏഴ് പതിപ്പുകൾ കൂടി താമസിയാതെ പ്രസിദ്ധീകരിച്ചു.
2005 ൽ സീൻ തോമസിന്റെ ഒരു ലേഖനം ഈ കഥയുടെ ആധികാരികതയെ കണിശമായി ചോദ്യം ചെയ്യുന്നു. അലക്‌സാണ്ടറുടെ കഥ നടന്നുവെന്ന് പറയപ്പെടുന്ന കാലയളവിലെ സകല ചരിത്രരേഖകളും പരിശോധിച്ച ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു
“സാവ്‌നി ബീനിന്റെ കഥ നടന്നു എന്ന് പറയപ്പെടുന്ന കാലഘട്ടത്തിൽ നൂറ് കണക്കിന് മനുഷ്യർ കാരണമെന്ത് എന്നറിയാതെ അപ്രത്യക്ഷമായതിന്റെ ഒരു രേഖ പോലും എടുക്കുവാൻ ഇല്ല. എന്നാൽ ഇങ്ങനെ ഒരു നരഭോജിക്കുടുംബം ഒരു കാലത്ത് ജീവിച്ചിരുന്നു എന്ന് വാദിക്കുന്നവർ പറയുന്നത് സാവ്‌നി ബീനിന്റെ കഥകൾ വന്ന പരമ്പരകളിൽ സ്‌കോട്ടിഷ് ജനതയെ മാത്രമല്ല ഇംഗ്ലീഷ്കാരെയും മോശമാക്കുന്ന വിധത്തിൽ ഉള്ള ചിത്രീകരണങ്ങൾ ഉണ്ടെന്നാണ്. ഒരു ജനതയെ മാത്രം ഉന്നം വെച്ച് കൊണ്ടുള്ള പക്ഷപാതിത്വപരമായ രചനകൾ ആയിരുന്നുവെന്ന് അത് കൊണ്ട് പറയുവാൻ സാധിക്കില്ല. സാവ്‌നി ബീനിന്റെ കഥ നടന്നത് ചിലപ്പോൾ ജെയിംസ് ഒന്നാമൻ രാജാവിനും വളരെക്കാലംമുൻപ് ആയിരുന്നിരിക്കാം; എന്നാലും ആ കഥയുടെ സാധുതയെ അങ്ങനെ തള്ളിക്കളയാൻ ആകില്ല.”
NB: വെസ് ക്രേവൻ എന്ന സംവിധായകന്റെ ഹിൽസ് ഹാവ് ഐസ് എന്ന ചലച്ചിത്രം സാവ്‌നി ബീനിന്റെ കഥയെ അവലംബമാക്കി ഉള്ളതാണ്.

Sawney Bean as he appears in an 18th century broadsheet