Serial Killer Irina Viktorovna Gaidamachuk
റഷ്യയിലെ സ്വെർഡ്ലോവ്സ്ക് ഒബ്ലാസ്റ്റിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു നഗരമാണ് ക്രാസ്നോ-യുഫിംസ്ക്. സംസ്ഥാന തലസ്ഥാനമായ യെക്കാറ്റെറിൻബർഗിൽ നിന്ന് 224 കിലോമീറ്റർ അകലെ ഉഫ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ 2021 ലെ കണക്കനുസരിച്ച് ഏകദേശം 37,500 ജനസംഖ്യയുണ്ട്. 2002 ലെ ഒരു കൊലപാതകം ഈ പ്രദേശത്തിന്റെ ശാന്തത തകർക്കുന്നതുവരെ ഇവിടെ താമസിക്കുന്നവർ സമാധാനപരവും സുസ്ഥിരവുമായ ജീവിതം നയിച്ചു വന്നിരുന്നു.
2002 ജൂണിൽ ഒരു ദിവസം, ഒരു താമസക്കാരിൽ നിന്ന് ലോക്കൽ പോലീസിന് ഒരു റിപ്പോർട്ട് ലഭിച്ചു. യുവതിയായ ഒരു സ്ത്രീ ആയിരുന്നു പരാതിക്കാരി. അവൾ പതിവുപോലെ മുത്തശ്ശിയുടെ വീട് സന്ദർശിക്കുകയായിരുന്നു; പക്ഷേ അപ്രതീക്ഷിതമായി അവളുടെ മുത്തശ്ശി ആ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ടതായി കണ്ടെത്തി. തുടർന്ന് പോലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കുതിച്ചു.
കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ആ വീട് കുഴഞ്ഞുമറിഞ്ഞു കിടക്കുന്നത് കാണപ്പെട്ടു, അലമാരയിലെ വസ്ത്രങ്ങളും ഡ്രോയറുകളിലെ സാധനങ്ങളും എല്ലാം നിലത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. നിലത്തേയ്ക്ക് മുഖം കുനിച്ച് അലമാരയുടെ വശത്ത് മരിച്ച് ഇരുന്നിരുന്ന സോസ്നിക് ( Soznik ) എന്ന വയോധികയ്ക്ക് 80 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നു. അവളുടെ ശരീരത്തിനടിയിൽ രക്തം തളം കെട്ടിക്കിടന്നിരുന്നു. അത് ഉണങ്ങി തുടങ്ങിയിരുന്നു.
കൊലപാതകി അങ്ങേയറ്റം ക്രൂരനായിരുന്നു. അയാൾ മൂർച്ചയുള്ള ഒരു ഉപകരണം ഉപയോഗിച്ച് ഇരയുടെ തലയിൽ പലതവണ മാരകമായി അടിച്ചിരിക്കണം, എന്തെന്നാൽ ഇരയുടെ തലയോട്ടി തകർന്നിരുന്നു. പരാതിക്കാരി പറയുന്നതനുസരിച്ച്, അവളുടെ മുത്തശ്ശി വർഷങ്ങൾക്ക് മുമ്പേ ജോലിയിൽ നിന്നെല്ലാം വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. അവരോട് ആർക്കും ശത്രുതയില്ല. വൃദ്ധയ്ക്ക് സമ്പാദ്യം അധികമൊന്നും ഇല്ലായിരുന്നു. പ്രായം അധികമായതിനാൽ പുറംലോകവുമായി കാര്യമായ ബന്ധവുമില്ല. ഇതിനാലൊക്കെ തന്നെ ആരാണ് ഇവരോടിത് ചെയ്തിരിക്കുക എന്ന് പേരക്കുട്ടിക്ക് ഊഹിക്കാൻ പോലും സാധിക്കുന്നില്ല.


സംഭവസ്ഥലത്ത് നിന്ന് സംശയാസ്പദമായ നിരവധി വിരലടയാളങ്ങൾ പോലീസ് ശേഖരിച്ചു. ഫിംഗർപ്രിന്റ് ഡാറ്റാബേസുമായി താരതമ്യം ചെയ്തപ്പോൾ, അവരുടെ ഡാറ്റാബേസിൽ ഉളള ഒരു വിരലടയാളവുമായും സാമ്യമുണ്ടായിരുന്നില്ല. ഈ കേസിൽ പോലീസ് ലക്ഷ്യമില്ലാതെ വലയുമ്പോൾ അതാ വരുന്നു അടുത്ത കൊലപാതകം.!
ഇതേ പ്രദേശത്ത് ഒറ്റയ്‌ക്ക് താമസിക്കുന്ന പെട്രോവ്‌ന ( Petrovna ) എന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം മുമ്പത്തെ ഇരയുടെപോലെ തന്നെ. പുറകിൽ നിന്ന് മൂർച്ചയേറിയ വസ്തു കൊണ്ട് തലയ്ക്ക് ഉളള അടി. എന്നാൽ ഒന്നും നഷ്ടപ്പെട്ടതായി തോന്നിയില്ല. അതിനാൽ ഇരയുടെ കുടുംബവുമായി ഇതേക്കുറിച്ച് ക്രോസ് ചെക്ക് ചെയ്തപ്പോൾ അവർ അറിയിച്ചത് ഒരു പക്ഷേ മരണപ്പെട്ട വൃദ്ധ തന്റെ വിലപ്പെട്ട വസ്തുക്കൾ രഹസ്യമായി സാധാരണ ഒളിപ്പിച്ചു വയ്ക്കുന്നതിനാൽ വിലപ്പെട്ടതൊന്നും നഷ്ടപ്പെടാതിരുന്നതായിരിക്കാം എന്നതായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് പോലീസ് സംശയാസ്പദമായ വിരലടയാളം കണ്ടെത്തി. ആദ്യ കൊലക്കേസിലെ പ്രതിയുടെ വിരലടയാളവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് ഒരേ ആളാണ് ചെയ്തതെന്ന് അനുമാനിക്കാൻ കഴിയുമായിരുന്നു.
എന്നാൽ ഇതെല്ലാം ഒരു സീരിയൽ കൊലപാതകിയുടെ ആരംഭം മാത്രമായിരുന്നു എന്ന് പോലീസ് മനസിലാക്കാൻ തുടങ്ങുന്നേ ഉണ്ടായിരുന്നുളളൂ.
അടുത്ത കുറച്ച് മാസങ്ങളിൽ അതേ പ്രദേശത്ത് മൂന്ന് കൊലപാതകങ്ങൾ കൂടി നടന്നു. ഇരകളെല്ലാം 70-നും 80-നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ്. കൊലയാളിയുടെ പ്രവർത്തന രീതിയും മുമ്പത്തെ രണ്ട് കേസുകളും പോലെ തന്നെ സമാനമായിരുന്നു. എല്ലാ ഇരയേയും മൂർച്ചയുളള ആയുധം ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നതായിരുന്നു പ്രവർത്തന രീതി. എല്ലാ കേസിലും കൊലയാളി വീട്ടിലുളള വിലപിടിപ്പുളള വസ്തുക്കൾ മോഷ്ടിച്ചു.
പകൽ വെളിച്ചത്തിൽ എന്തിന് കൊലയാളി ഈ കൊലപാതകങ്ങൾ എല്ലാം ചെയ്തു എന്നും, എന്തായിരിക്കാം അയാളെ പ്രേരിപ്പിക്കുന്നത് എന്നും പോലീസ് തലപുകഞ്ഞ് ആലോചിച്ചു. ഈ കൊലപാതകങ്ങളിലെ സമാനതകൾ പോലീസ് തരംതിരിക്കാൻ തുടങ്ങി. കൊലപാതകിയുടെ കുറ്റകൃത്യത്തിന്റെ സമാനതകൾ കണ്ടെത്താനും അങ്ങനെ അയാളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അതുവഴി സാധിക്കുമെന്ന് പോലീസ് മനസിലാക്കി. അവരുടെ നിഗമനങ്ങൾ ഇപ്രകാരമായിരുന്നു.
ഒന്നാമതായി, ഈ അഞ്ച് കൊലപാതകങ്ങളും നടന്നത് പഴയ പ്രാദേശിക കമ്മ്യൂണിറ്റികളിലെ ക്രാസ്നോ-യുഫിംസ്കിലാണ്. കൊലപാതകി മുൻവാതിലിലൂടെ ഇരയുടെ വീട്ടിലേക്ക് പ്രവേശിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളായിരുന്നു ഇരകളെല്ലാം. ഈ പ്രായമായ ഇരകൾക്കെല്ലാം ബന്ധുക്കളുമായും അയൽക്കാരുമായും ഇടപഴകുന്നത് അല്ലാതെ പുറത്തുള്ള വിവരങ്ങളെക്കുറിച്ച് പൊതുവെ അറിവ് കുറവുളളവരാണ്. അപ്പോൾ കൊലപാതകിയുടെ പിന്നിലെ യുക്തി എന്താണ്? എന്തുകൊണ്ടാണ് അയാൾ അത്തരമൊരു വ്യക്തിയെ തിരഞ്ഞെടുക്കുന്നത്? പണത്തിനാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാലായിരിക്കുമോ കൊലപാതകം? ഒരു പക്ഷേ പ്രായമായവരോട് മാത്രം വെറുപ്പ് പുലർത്തുന്ന ഒരു സീരിയൽ കൊലപാതകി ആയിരിക്കുമോ?
30 വയസ് പ്രായമുള്ള ആളാണ് കൊലപാതകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമികമായി ഊഹിച്ചു. കൊലയാളി ഒരുപക്ഷേ പ്രദേശവാസിയും ആ പ്രദേശവുമായി പരിചയവുമുള്ള ആളുമായിരുന്നിരിക്കാം. നിർഭാഗ്യവശാൽ, പോലീസ് ഈ രീതിയിൽ അന്വേഷിച്ചെങ്കിലും സംശയാസ്പദമായ ആരെയും അവർക്ക് കണ്ടെത്താനായില്ല.
കൊലപാതകങ്ങളുടെ തുടർച്ച പ്രദേശവാസികളെ ഭയപ്പെടുത്തി. അത് കേസിനെക്കുറിച്ച് എല്ലാത്തരം ഗോസിപ്പുകളും സൃഷ്ടിച്ചു. കൂടാതെ ആളുകൾ കേസിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ മറ്റുള്ളവർക്ക് അവർക്കാകുന്ന തരത്തിൽ പ്രചരിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവർ അവരുടെ വാതിലുകളും ജനലുകളും ബലപ്പെടുത്താൻ പണം ചിലവാക്കി തുടങ്ങി. പ്രായമായ മാതാപിതാക്കളെ മക്കൾ തങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആരംഭിച്ചു. അതിന് തയ്യാറാകാതിരുന്നവരോട് അപരിചിതർ ആര് ആവശ്യപ്പെട്ടാലും വാതിലുകൾ തുറക്കരുത് എന്ന് കട്ടായം അപേക്ഷിച്ചു. “ടെക്സ്യക്യാന മൂൺ ലൈറ്റ് മർഡേഴ്സ്” എന്ന വിഖ്യാതമായ അമേരിക്കയിലെ കൊലപാതക പരമ്പര അരങ്ങേറിയപ്പോൾ അവിടെ സംഭവിച്ചതിന് സമാനമായിരുന്നു ഇവിടേയും അവസ്ഥ.
പോലീസിനു മുകളിൽ വൻ സമ്മർദ്ദം ഉണ്ടായിരുന്നു. ഇതുപോലൊരു കേസ് ഈ പ്രദേശത്ത് ഇതിനു മുൻപ് സംഭവിച്ചിട്ടില്ലാത്തതായിരുന്നു. പക്ഷേ ഇതൊക്കെയായിട്ടും കൊലപാതകി പിടികൊടുക്കാതെ അദൃശ്യനായി തന്നെ ഇരുന്നു. പിന്നീട് കുറച്ചുകാലം സമാന കൊലപാതകങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പോലീസ് ഒന്ന് ദീർഘനിശ്വാസം എടുത്ത് ഇരിക്കുമ്പോൾ കൊലയാളി 2005 വീണ്ടും അയാളുടെ ആക്രമണം ആരംഭിച്ചു.

ഇത്തവണ കൊലപാതകി മോർഷയേവ (Morshayeva) എന്ന വൃദ്ധയായ സ്ത്രീയെയാണ് തിരഞ്ഞെടുത്തത്. എന്നാൽ ഇത്തവണ കൊലയാളിക്ക് അൽപ്പം പിഴച്ചു. വൃദ്ധയുടെ തലയിൽ രണ്ടുതവണ ചുറ്റികയ്ക്ക് അടിച്ചപ്പോൾ അവർ നിലവിളിച്ചു. ഭാഗ്യവശാൽ കട്ടിയുളള ഒരു തുകൽ തൊപ്പി തലയിൽ ധരിച്ചരുന്നതിനാലാണ് അവർക്കുലഭിച്ച പ്രഹരം മാരകമാകാതിരുന്നത്. വൃദ്ധയുടെ നിലവിളി കൊലയാളിയെ പരിഭ്രാന്തയാക്കി. അയാൾ മുൻവാതിലിലൂടെ ഓടി പുറത്തു കടന്നു. അയൽക്കാർ നിലവിളി കേട്ടിരുന്നു; അവർ അവരുടെ വാതിലിന്റെ ചെറിയ ക്യാറ്റ് ഐ ലൂടെ നോക്കിയപ്പോൾ ഒരാളുടെ പിൻവശം കണ്ടു. അതൊരു സ്ത്രീയായിരുന്നു.!!
അയൽക്കാരുടെ മൊഴി പോലീസിന് വിശ്വസിക്കാനായില്ല. സാധാരണയായി ഇതുപോലുളള കൊലപാതകങ്ങൾ നടത്തുന്നത് പുരുഷൻമാരാണ്. അതിനാൽ തന്നെ മൊഴി നൽകിയവർക്ക് തെറ്റിയതായിരിക്കാം എന്നും, അതല്ലെങ്കിൽ പോലീസിനെ ചുറ്റിക്കാനായി കൊലപാതകി തന്നെ വേഷം മാറിയതായിരിക്കാം എന്നും പോലീസ് കരുതി.
എന്നാൽ മൊർഷയേവ തന്റെ വാദത്തിൽ തന്നെ ഉറച്ചുനിന്നു. അവർക്കുറപ്പുണ്ടായിരുന്നു തന്റെ തലയ്ക്കടിച്ചത് 30 വയസുളള സുന്ദരിയായ ഒരു സ്ത്രീ ആണെന്ന്. പോരാത്തതിന് കൊലപാതകി തന്റെ വീടിന് മുന്നിൽ കമ്മ്യൂണിറ്റി സർവീസ് പ്രവർത്തകയെന്ന് രേഖപ്പെടുത്തി ഒരു നോട്ടീസ് പതിച്ചിട്ടുണ്ടായിരുന്നു എന്നും, അതിൽ പറഞ്ഞിരുന്നത് “ഗ്യാസ് പരിശോദിക്കേണ്ടതിനാൽ അന്ന് വീട്ടിൽ തന്നെ ഉണ്ടായിരിക്കേണം” എന്നും ആയിരുന്നു എന്ന് അവർ പോലീസിനോട് പറഞ്ഞു.

പോലീസ് ആ കുറിപ്പ് കണ്ടെടുത്തു, പോരാത്തതിന് വൃദ്ധയുടെ വാക്കുകൾ ശരിവയ്ക്കുന്ന തരത്തിൽ കൊലയാളിയുടെ ഏതാനും തലമുടികൾ മൽപ്പിടുത്തത്തിനിടയിൽ വൃദ്ധയുടെ കൈയ്യിൽ കിട്ടിയതും അവരുടെ മൊഴിക്ക് സത്യസന്ധത നൽകി. അതോടെ പോലീസിന്റെ എല്ലാ മുൻധാരണകളും തകർന്നു.
വാർത്ത കേട്ട ജനങ്ങൾ അത്ഭുതപ്പെട്ടു, ഇരയുടെ വിശ്വാസം നേടാനായി ഒരു കമ്മ്യൂണിറ്റി പ്രവർത്തകയായി കൊലയാളി വേഷം മാറി എന്നത് തീർത്തും അവശ്വസനീയമായി തോന്നി. അവൾ ആരായാലും അതീവ ധൈര്യശാലിയായി ആളുകൾ കണക്കാക്കി. ഇതോടെ ഈ കേസ് ഒരു ഉൻമാദാവസ്ഥയിലേയ്ക്കെത്തി. സുന്ദരിയായ യുവതി, ആൾമാറാട്ടം, കൊലപാതകം – ജനങ്ങൾ ഭയവും, അത്ഭുതവും കലർന്ന വികാരത്തോടെ ദിനവും പുതിയ അപ്ഡേഷനുകൾക്കായി കാത്തിരിക്കാൻ തുടങ്ങി.

താമസിയാതെ സാക്ഷിമൊഴികളെ അടിസ്ഥാനമാക്കി പോലീസ് കൊലയാളിയായ സ്ത്രീയുടെ രേഖാചിത്രം വരച്ചു. അത് എല്ലായിടത്തും പതിപ്പിച്ചു. സാക്ഷിമൊഴിയനുസരിച്ച് കൊലപാതകി 160 -165 സെന്റീമീറ്റർ ഉയരമുളള, ഇടത്തരം വണ്ണമുളള, ഏകദേശം 30 വയസുളള സുന്ദരിയായ സ്ത്രീയാണ്.! നാടുമുഴുവനും ആളുകൾ സുന്ദരിമാരെ നോട്ടമിട്ടു തുടങ്ങി. സുന്ദരിമാരായവർക്ക് പുറത്തിറങ്ങാനാകത്ത അവസ്ഥ. ആളുകൾ ക്വസ്റ്റൻ ചെയ്താലോ എന്ന ഭയം.
പോലീസ് ഒരു പ്രത്യേക ടാക്സ് ഫോഴ്സ് രൂപീകരിച്ചു. അവരും ആ യുവതിയെ തേടിയിറങ്ങി. നൂറുകണക്കിന് വീടുകളും പ്രദേശത്തുളള കമ്മ്യൂണിറ്റി സർവ്വീസ് സ്റ്റേഷനുകളും അരിച്ചുപെറുക്കി. ദൂരെയുളള സ്ത്രീകളെ വരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ചില മാനസീകരോഗികളായ സ്ത്രീകളേയും ബന്ധുക്കളേയും ചോദ്യം ചെയ്തു. പക്ഷേ ഒരു തുമ്പും ലഭിച്ചില്ല.
ജനങ്ങൾക്ക് ഗോസിപ്പിൽ വലിയ താൽപ്പര്യം ആണല്ലോ, അവർ പല കഥകളും പറഞ്ഞു പരത്തി. അതെല്ലാം അന്വേഷണത്തിൽ തെറ്റായ ദിശകൾ ഉണ്ടാക്കുകയും ചെയ്തു എന്നല്ലാതെ ഒരു ഗുണവും ഉണ്ടായതുമില്ല. കഥകളെല്ലാം കൊലയാളിയും അറിയുന്നുണ്ടായിരുന്നു. അതിനാൽ തന്നെ അടുത്ത ആക്രമണം അവൾ മറ്റൊരിടത്താക്കി.
ഇത്തവണ, ക്രാസ്നോ-ഉഫിംസ്കിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഉഫയിലെ ഒരു വീട്ടിൽ 80 വയസ്സുള്ള ബ്രതുഖിനയ ( Bratukhina ) എന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോലീസ് കുതിച്ചെത്തി അന്വേഷണം ആരംഭിച്ചു. പ്രവർത്തനരീതി മുമ്പത്തെ കേസുകളുമായി പൊരുത്തപ്പെടുന്നതായിരുന്നു. ആ ദിവസം ഹൗസിംഗ് ആൻഡ് ഹ്യൂമൻ സർവീസസിലെ ജില്ലാ ഓഫീസ് ജീവനക്കാരിയാണെന്ന് അറിയിക്കുന്ന ഒരു കുറിപ്പ് സംഭവസ്ഥലത്തു നിന്നും പോലീസിന് ലഭിച്ചു. അവിടെ നിന്ന് ആരും വീട്ടിൽ സന്ദർശ്ശനം നടത്തിയിട്ടില്ലാ എന്ന് അറിവായി. അപ്പോൾ ഈ കുറിപ്പ് കൊലയാളി വൃദ്ധയെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചതാണ്. ഇതൊന്നും കൂടാതെ പോലീസിനെ പരിഹസിക്കാനെന്നവണ്ണം കൊലപാതകം നടന്ന വീട്ടിൽ അവൾ കൊലനടന്ന ക്രമത്തിൽ നമ്പരും ഇട്ടിരുന്നു. സമാനമായ സംഖ്യകൾ മുൻകാല കൊലപാതകങ്ങളൾ നടന്ന വീട്ടിലെ ചുമരുകളിൽ പോലീസ് കണ്ടെടുത്തിരുന്നു. അവർ സംഭവസ്ഥലത്തുനിന്ന് വിരലടയാളം എടുക്കുകയും പ്രാദേശിക ഹൗസിംഗ് ആൻഡ് ഹ്യൂമൻ സർവീസ് ഓഫീസിലെ എല്ലാ ജീവനക്കാരെയും ചോദ്യം ചെയ്യുകയും; എല്ലാ ജീവനക്കാരുടെയും പശ്ചാത്തല വിവരങ്ങൾ ഓരോന്നായി പരിശോധിക്കുകയും ചെയ്തു. പതിനായിരക്കണക്കിന് പ്രദേശവാസികളുമായും അവർ ഇടപെട്ടു. എന്നാൽ ഫലമുണ്ടായില്ല – അവയൊന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ടതായി കാണാൻ കഴിഞ്ഞില്ല.
ഈ വിജയത്തിനു ശേഷം അവൾക്ക് അത്മവിശ്വാസം കൂടിയാതായി തോന്നി. എന്തെന്നാൽ ഇതേ പാറ്റേണിൽ യെക്കാറ്റെറിൻബർഗിലും നിസ്നി ടാഗിലിലും അവൾ പവർ സപ്ലൈ ബ്യൂറോയിലെയും ഗ്യാസ് കമ്പനിയിലെയും ജീവനക്കാരിയാണെന്ന് ഭാവിച്ച് നിരവധി കൊലപാതകങ്ങൾ നടത്തി. ഈ കേസുകളിൽ ചിലതിൽ പോലീസിന്റെ തെളിവുശേഖരണം തടസപ്പെടുത്താൻ അവൾ കൊലപാതകശേഷം മേശപ്പുറത്ത് ഇസ്തിരിപ്പെട്ടി ഓണാക്കി തുണിക്കു മുകളിൽ വച്ചിട്ട് പോകുകയും, മെഴുകുതിരി കത്തിച്ചു വച്ചശേഷം ഗ്യാസ് തുറന്നുവിട്ട് വേഗം പുറത്ത് കടക്കുകയും ചെയ്തു. എന്നാൽ ഈ രണ്ട് കേസിലും തീപിടുത്തം ഭാഗ്യവശാൽ ഉണ്ടായില്ല. ഓരോ കുറ്റകൃത്യവും കഴിയുമ്പോൾ അവൾ അത് നടന്ന സ്ഥലത്ത് വിശ്രമിക്കുന്ന സമയം കൂടികൂടി വരുന്നതായി തോന്നി. ഒരു കേസിൽ കൊലപാതകശേഷം അവൾ ആ വീട്ടിൽ തന്നെ താമസിച്ചു, പോരാത്തതിന് അവളുടെ കൈപ്പടയിൽ ബോബ് ഡിലന്റെ വരികൾ ഒരു പേപ്പറിൽ എഴുതിയിട്ടു. ഇതിൽ പലതും കേസ് വഴിതെറ്റിക്കാനായി അവൾ ചെയ്തതായിരിക്കാം എന്ന് പോലീസ് സംശയിച്ചു.
കേസുകളിലൊന്നിന്റെ ഇര നിസ്നി ടാഗിലെ ഒരു പോലീസ് മേധാവിയുടെ അമ്മയായിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. നഗരത്തിലെ മിക്കവാറും എല്ലാ പോലീസ് ഉദ്യോഗസ്ഥരും അതിനാൽ തന്നെ കേസ് തെളിയിക്കുന്നതിന് പങ്കാളികളായിരുന്നു.
ആ അന്വേഷണം ചെന്നുനിന്നത് മുമ്പ് കാരാ സ്നോ യുഫിംസ്കിൽ താമസിച്ചിരുന്നവളും, സാക്ഷി മൊഴി അനുസരിച്ച് സംശയാസ്പദമായ രൂപസാമ്യമുള്ളവളുമായ ലാരിസ മിഖൈലോവയ ( Larisa Mikhailova ) എന്ന യുവതിയിലായിരുന്നു. പക്ഷേ കൈ അക്ഷരവും, പോളീഗ്രാഫ് ടെസ്റ്റും ചെയ്ത ശേഷം അവൾ ഒഴിവാക്കപ്പെട്ടു. സമ്മർദ്ദം ഏറിയപ്പോൾ പോലീസ് മറ്റൊരു പ്രതിയെ കണ്ടെത്തി.
ചെറുപ്പത്തിൽ മയക്കുമരുന്നിന് അടിമയായിരുന്ന, തൊഴിലൊന്നുമില്ലാത്ത, പ്രായമായവരെ വെറുക്കുന്നു എന്ന് പറഞ്ഞ ഐറിന വലയേവ ( Irina Valayeva – 29) ആയിരുന്നു അത്. നിരവധി ദിവസത്തെ പോലീസ് ചോദ്യം ചെയ്യലിന് ശേഷം അവൾ എല്ലാ കുറ്റകൃത്യങ്ങളും സമ്മതിച്ചു. താമസിയാതെ വാർത്ത പ്രചരിച്ചു. കൊലപാതക പരമ്പരയിലെ പ്രതിയെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവന്നുവെന്ന വാർത്ത റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തിരക്കുകൂട്ടി. പക്ഷേ കേസ് അവസനിച്ചു എന്നു കരുതി എല്ലാവരും ഇരിക്കുമ്പോൾ അപ്രതീക്ഷിതമായത് സംഭവിച്ചു.!!
ഉഫയിൽ ഒറ്റയ്ക്ക് താമസിക്കുന്ന 81 വയസ്സുള്ള പൊവർണിറ്റിനയുടെ ( Povarnicina ) അയൽവാസിയാണ് ഒരു കേസ് പോലീസിൽ അറിയിച്ചത്. എല്ലാ ദിവസവും പച്ചക്കറി വാങ്ങാൻ പൊവർണിറ്റിന തന്നോടൊപ്പം പോകാറുണ്ടെന്നും എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി അവരെ കാണുന്നില്ലെന്നും, വാതിലിൽ മുട്ടിയിട്ട് പ്രതികരണമില്ലായെന്നും, പൊവർണിറ്റിനയുടെ വീട്ടിലെ പൂച്ച എപ്പോഴും അസ്വസ്ഥമായി കരയുന്നുണ്ടെന്നും അവർ പോലീസിനോട് പറഞ്ഞു.
അയൽവാസിയുടെ ഉത്ഖണ്ഡ ശരിയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ രക്തം പുരണ്ട ബാത്ത് ടബ്ബിൽ പൊവർണിറ്റിന മുഖം താഴ്ത്തി കിടക്കുന്നതായി കണ്ടെത്തി. കൊലയാളി അവളുടെ തലയുടെ പിന്നിൽ ഭാരമുള്ള ഒരു വസ്തു കൊണ്ട് അടിച്ചിരുന്നു. തുടർന്ന് മരിക്കുന്ന ഇരയെ മുക്കിക്കൊല്ലുവാൻ ബാത്ത് ടബ്ബിലേക്ക് വലിച്ചിഴച്ചു.
പൊവർണിറ്റിനയുടെ കൊലപാതകത്തോടെ പ്രതി വലയേവ അല്ലെന്ന് സ്വമേധയാ തെളിഞ്ഞു. ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർ കുറ്റസമ്മതം നടത്താൻ അവളെ പീഡിപ്പിക്കുകയായിരുന്നു. പ്ളാസ്റ്റിക് ബാഗ് കൊണ്ട് തല മറയ്ക്കുകയും ശക്തമായി മർദിക്കുകയും കുറ്റസമ്മതം നടത്തിയില്ലെങ്കിൽ ഭക്ഷണം നൽകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പുറത്തുവന്നു. തുടർന്ന് അവളെ മോചിപ്പിക്കുകയും അധികാര ദുർവിനിയോഗത്തിനും; വ്യാജ തെളിവുകൾ ചമച്ചതിനും ബന്ധപ്പെട്ട നിരവധി പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും, ജയിലിലടക്കുകയും ചെയ്തു.
8 വർഷത്തിനിടെ 17 നിരപരാധികളെ തുടർച്ചയായി കൊന്നൊടുക്കിയ കൊലയാളിക്ക് റഷ്യൻ ജനത നൽകിയ വിളിപ്പേരാണ് “ദി ഷീ-വുൾഫ് ഓഫ് ക്രാസ്നോ-യുഫിംസ്ക്” ( “The She-Wolf of Krasno-Ufimsk” ). അവൾ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ഒരു പ്രേതത്തെപ്പോലെയാണ്, അവളുടെ ഇരയെ പതിയിരുന്ന് നിരന്തരം ലക്ഷ്യം വയ്ക്കുന്നതായി തോന്നി. പൊവർണിറ്റിന കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, കേസ് റിപ്പോർട്ട് ചെയ്ത അയൽക്കാരി പോലീസിന് ഒരു പ്രധാന സൂചന നൽകി!
പൊവർണിറ്റിന ഏതാനും ദിവസങ്ങൾ മുൻപ് ചുമരുകൾ പെയ്ന്റു ചെയ്യുന്നതിനായി അടുത്തുളള റെയിൽവേ ലൊക്കമ്മോട്ടീവ് ഡിപ്പോയിൽ നിന്നും ഒരു ചിത്രകാരിയെ കണ്ടിരുന്നു എന്നതായിരുന്നു അത്. അയൽകാരി ഈ ചിത്രകാരിയെ കണ്ടിരുന്നു. പോലീസ് പുറത്തുവിട്ട രേഖാചിത്രത്തിലുളള യുവതിയുമായി സാമ്യമുണ്ടായിരുന്നു അവൾക്ക്. അന്വേഷകർക്ക് ആ പോയിന്റ് ശരിയായിരിക്കാം എന്ന് തോന്നി.
പോലീസിന്റെ അന്വേഷണം ആ വഴിക്കായി. പ്രതീക്ഷിച്ചതുപോലെ, 2010 ജൂണിന്റെ തുടക്കത്തിൽ, അടുത്തുള്ള റെയിൽവേ ലോക്കോമോട്ടീവ് ഡിപ്പോയിൽ പോലീസ് നടത്തിയ ആഴത്തിലുള്ള അന്വേഷണത്തിൽ ഒരു പേര് തെളിഞ്ഞുവന്നു. 38 കാരിയായ ഐറിന ഗൈദാമചുക്ക് ( Irina Gaidamachuk ) ആയിരുന്നു അത്.

കൂടുതൽ അന്വേഷണത്തിൽ രക്തം പുരണ്ട ഒരു ചുറ്റിക കണ്ടെത്തി. കുറിപ്പുകളും, വിരലടയാളവും കൃത്യമായിരുന്നു. DNA വിശകലനത്തിൽ രക്ഷപെട്ട വൃദ്ധ പിഴുതെടുത്ത തലമുടി അവളുടേതാണെന്ന് അസന്നിദ്ധമായി തെളിഞ്ഞു. തുടർച്ചയായി 17 കൊലപാതകങ്ങൾ നടത്തിയ യഥാർത്ഥ കൊലപാതകി അവളാണെന്നതിൽ സംശയമില്ല! 2010 ജൂൺ 7 ന് അവളെ പോലീസ് അറസ്റ്റ് ചെയ്തു.
1972 സെപ്തംബർ 26 ന്, സ്വെർഡ്ലോവ്സ്ക് മേഖലയിലെ കാർപിൻസ്കിലെ ( Karpinsk ) ഒരു തൊഴിലാളി കുടുംബത്തിലാണ് ഗൈദമാർച്ചുക്ക് ജനിച്ചത്. താമസിയാതെ തന്റെ കുടുംബത്തോടൊപ്പം ഖാന്തി-മാൻസി സ്വയംഭരണ പ്രദേശമായ നയാഗനിലേക്ക് അവർ താമസം മാറി. റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ( Maria Sharapova ) ജന്മസ്ഥലം കൂടിയാണിത്.
1990-കളുടെ തുടക്കത്തിൽ, കോളേജിൽ പഠിക്കുകയായിരുന്ന ഗൈദാമചുക്ക്, തന്നേക്കാൾ 20 വയസ്സിനു മുകളിൽ പ്രായമുള്ള പീറ്റർ ഗൈദാമർചുക്കിനെ കണ്ടുമുട്ടി. പിന്നീട് ഇരുവരും ഭാര്യാഭർത്താക്കന്മാരായി. അവൾ ഭർത്താവിന്റെ കുടുംബപ്പേരും സ്വീകരിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ മദ്യപാനത്തിന് അടിമയായ അവൾ മക്കളെ ശ്രദ്ധിക്കാതെയായി. അവൾ എപ്പോഴും മദ്യത്തിന് അടിമയായിരുന്നു. ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകിയില്ലെങ്കിലും അയാൾ അവളെ വീട്ടിൽ നിന്ന് പുറത്താക്കി. അവൾ മുമ്പുതന്നെ സ്വന്തം വീട്ടിൽ നിന്നും അച്ഛനമ്മമാരാൽ പുറത്താക്കപ്പെട്ടിരുന്നു. അതും മദ്യപാനം മൂലമായിരുന്നു. കൗമാര പ്രായം മുതൽ തന്നെ ഗൈദമാചുക്ക് വോഡ്കയ്ക്ക് അടിമയായിരുന്നു.
1990 കളുടെ അവസാനത്തിൽ, അവൾ ഒറ്റയ്ക്ക് ക്രാസ്നോ-യുഫിംസ്കിൽ എത്തി. അവിടെ കാർ ഡ്രൈവർ യൂറി കുസ്നെറ്റ്സോവിനെ കണ്ടുമുട്ടി. ഇരുവരും വിവാഹേതര ബന്ധത്തിലേർപ്പെടുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. അപ്പോഴും ഒരു മാറ്റവും ഇല്ലാതെ അവൾ മദ്യപാനത്താൽ കഷ്ടപ്പെട്ടു. സ്ഥിരതയുള്ള ജോലിയില്ലാത്ത അവളുടെ മദ്യപാനം നിയന്ത്രിക്കാൻ കുസ്നെറ്റ്സോവ് ആഗ്രഹിച്ചു. അതിനാൽ അയാൾ അവളുടെ ചെലവുകൾ കർശനമായി നിയന്ത്രിച്ചു. എന്നാൽ മദ്യപാനിയായ ഗൈദാമാചുക്കിനെ സംബന്ധിച്ചിടത്തോളം മദ്യം ഉപേക്ഷിക്കുന്നത് അവൾക്ക് ചിന്തിക്കാൻ പോലും ആകില്ലായിരുന്നു. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അതായിരുന്നു. അതിനാൽ അവൾ പണം നേടാനുള്ള മറ്റു വഴികൾ കണ്ടെത്തി.














ജോലിയിൽ നിന്നെല്ലാം വിരമിച്ച പ്രായമായവരോട് ഗൈദമാർച്ചുക്കിന് പറഞ്ഞറിയിക്കാനാകാത്ത വെറുപ്പുണ്ടായിരുന്നു. എന്തെന്നാൽ ഈ ആളുകൾ സമൂഹത്തിന് ഉപയോഗശൂന്യരാണെന്ന് അവൾ വിശ്വസിച്ചിരുന്നു. സമൂഹം അവർക്കായി അനാവശ്യമായി പെൻഷൻ നൽകേണ്ടിവരുന്നു. ഇത് സാമൂഹിക വിഭവങ്ങളുടെ പാഴാക്കലാണെന്ന് അവൾ വിശ്വസിക്കുന്നു. പ്രായമായ പലരും സ്വന്തം കാര്യങ്ങൾക്കായി ധാരാളം പണം സ്വരുക്കൂട്ടി വച്ചിട്ടുണ്ട് എന്ന് അവൾ കേട്ടിരുന്നു. അതിനാൽ ഒറ്റയ്ക്ക് താമസിക്കുന്ന ഈ പ്രായമായവരിൽ നിന്ന് ആരംഭിക്കാൻ അവൾ തീരുമാനിച്ചു.

അവളുടെ പ്രവർത്തന രീതി എല്ലായ്പ്പോഴും ഏതാണ്ട് ഒരേ തരത്തിലുളളതായിരുന്നു. ആദ്യം സ്ഥലം പഠിക്കുന്നു. കുറച്ചു സമയത്തെ നിരീക്ഷണത്തിന് ശേഷം ബന്ധുക്കളോ മക്കളോ ഇല്ലാത്തവരും, ആരും അന്വേഷിച്ച് വേഗം വരാത്തവരുമായ ഒരു വൃദ്ധയെ തിരഞ്ഞെടുക്കുന്നു. തുടർന്ന് ഏതെങ്കിലും ഒരു ഓഫീസിന്റെ പ്രതിനിധിയാണെന്ന വ്യാജേന അവരുടെ അടുത്ത് സംസാരം ആരംഭിക്കുകയും അവരുടെ വിശ്വാസം നേടുകയും ചെയ്യുന്നു. ചില സമയങ്ങളിൽ ടോയിലറ്റ് ഉപയോഗിക്കാൻ എന്ന പ്രാഥമീക ആവശ്യം അറിയിച്ചും, ശരീരത്തിൽ വെളളം വീണ് നനഞ്ഞതിനാൽ അത് പിഴിഞ്ഞുണക്കാൻ എന്ന പേരിലും വീടിനുളളിലേയ്ക്ക് പ്രവേശിക്കുന്നു. ഏത് രീതിയിൽ ഉളളിൽ പ്രവേശിച്ചാലും വീടിനുളളിൽ ആരും ഇല്ല എന്ന് ആദ്യം ഉറപ്പുവരുത്തും. തുടർന്ന് ആക്രമിക്കാനുളള സാഹചര്യമാണ് അടുത്തതായി നോക്കുന്നത്. ആയുധം ചില അവസരങ്ങളിൽ അതേ വീട്ടിൽ നിന്നും തിരഞ്ഞെടുക്കാറുണ്ടായിരുന്നു. എന്നാൽ ഭൂരിഭാഗം സമയങ്ങളിലും ഒരു ചുറ്റിക കൈയ്യിലുളള ബാഗിൽ കൊണ്ടുപോകുന്നതാണ് ഉപയോഗിച്ചിരുന്നത്. വൃദ്ധയുടെ ശ്രദ്ധമാറുന്ന സമയം പിന്നിൽ നിന്നും തുടർച്ചയായി അവൾ ആയുധംകൊണ്ട് ആക്രമിക്കും. ഇര മരിക്കുന്നതുവരെ ഇത് തുടരും. കുറ്റകൃത്യങ്ങൾ തുടരാനുള്ള ആഗ്രഹം നിയന്ത്രിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല, ഒരർത്ഥത്തിൽ, അവൾ ഈ പ്രക്രിയ ആസ്വദിക്കുന്നതായി തോന്നി.

ആളുകളെ കൊലപ്പെടുത്തിയ ശേഷം പണം കണ്ടെത്താൻ അവൾ പെട്ടികളിലും അലമാരകളിലും പരതും. ആദ്യത്തെ കുറച്ച് കുറ്റകൃത്യങ്ങൾക്ക് ശേഷം ഇരയുടെ പണമൊഴികെയുളള വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കുന്നത് അവൾ നിർത്തി. കാരണം അവ വിൽക്കുന്നത് അത്ര എളുപ്പമല്ലെന്നും, പോലീസ് തൊണ്ടിമുതൽ കണ്ടെത്തിയാൽ പിടിക്കപ്പെടുമെന്നും അവൾ മനസിലാക്കി. കുറ്റകൃത്യം നടന്നത് പുറത്തറിയുന്നത് താമസിപ്പിക്കാനായി അവൾ പോകുമ്പോൾ വാതിൽ പുറത്തു നിന്നും പൂട്ടിയിരുന്നു.

കൊലപാതകത്തിന് ശേഷം കിട്ടിയ പണത്തിന് മതിയാവോളം മദ്യപിക്കും. ഇരട്ട മുഖമുണ്ടായിരുന്ന അവൾ കാമുകന്റെയും മകളുടെയും അയൽവാസികളുടെയും മുന്നിൽ നല്ല പ്രതിച്ഛായ നിലനിർത്താൻ പരമാവധി ശ്രമിച്ചിരുന്നു. സാധാരണ അമ്മമാരേ പോലെ മകളെ സ്ക്കൂളിൽ അയക്കുകയും ഗൃഹപാഠത്തിൽ സഹായിക്കുകയും ചെയ്തു വന്ന അവളെ ആരും സംശയിച്ചില്ല. അതിനാൽ തന്നെ അവളെ അറസ്റ്റ് ചെയ്തപ്പോൾ അയൽക്കാർ വിശ്വസിക്കാൻ മടിച്ചു.
ഒരു സീരിയൽ കൊലപാതകിയുടെ എല്ലാ കൺസപ്റ്റുകളും ഗൈദമാചുക്കിന് ചേരില്ലെങ്കിലും അവൾ ധൈര്യമുളളവളും, അതീവ കുശാഗ്രബുദ്ധിക്കാരിയുമായിരുന്നു. ഒരിക്കൽ പോലീസ് പുറത്തുവിട്ട പ്രതിയുടെ ഛായാചിത്രം ഒരു അയൽവാസി കണ്ടപ്പോൾ സംശയിക്കുന്നയാളുമായി അവൾക്ക് വളരെ സാമ്യമുണ്ടെന്ന് കളിയാക്കുകയുണ്ടായി. ഭയമോ നാണമോ ഒന്നും പ്രകടിപ്പിക്കാതെ അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു. മറ്റൊരിക്കൽ അവൾ ഒരാളെ മുറിക്കുളളിൽ കൊന്നു കഴിഞ്ഞിരുന്ന അവസരത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇരയുടെ വാതിലിൽ മുട്ടി. വാതിലിലെ ക്യാറ്റ് ഐ യിലൂടെ അവൾ പോലീസിനെ കണ്ടെങ്കിലും ഒരു ശബ്ദവും പുറപ്പെടുവിച്ചില്ല. അവൾ അകത്ത് നിശ്ചലമയി നിലയുറപ്പിച്ചു. വാറന്റില്ലാതേയും, പരാതിയില്ലാതേയും ഡോർ പൊളിക്കാൻ ആകില്ലാത്തതിനാൽ ആ പോലീസുകാരൻ പോയപ്പോൾ അവൾ അവിടെ നിന്നും രക്ഷപെട്ടു.
2012 ഫെബ്രുവരി 13-ന് യെക്കാറ്റെറിൻബർഗ് സിറ്റി കോടതി കേസ് പരിഗണിച്ചു. 17 കൊലപാതകങ്ങൾ, 1 കൊലപാതകശ്രമം, 18 കവർച്ച എന്നീ കുറ്റങ്ങളാണ് ഗൈദമാർച്ചുക്കിനെതിരെ ചുമത്തിയിരുന്നത്. കേസ് ഫയലിൽ മാത്രം 443 അധ്യായങ്ങൾ ഉണ്ടായിരുന്നു.
കോടതിയോട് അവൾ എല്ലാ മാധ്യമങ്ങളും കോടതി മുറിയിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. വോഡ്ക വാങ്ങാൻ പണമില്ലാത്തതിനാലാണ് താൻ കൊലപ്പെടുത്തിയതെന്നും അവൾ പറഞ്ഞു. ഒരു പ്രൊഫഷണൽ സൈക്യാട്രിക് വിലയിരുത്തലിന് ശേഷം ഗൈദമാർച്ചുക്കിന് സ്വഭാവത്തിൽ വൈകല്യങ്ങൾ ഉണ്ടെങ്കിലും ഒരു മാനസിക രോഗവും ഇല്ലെന്ന് കണ്ടെത്തി.
2012 ജൂൺ 4-ന് സ്വെർഡ്ലോവ്സ്ക് ജില്ലാ കോടതി ഗെയ്ഡമാചുക്കിന്റെ കുറ്റകൃത്യത്തിന്റെ വസ്തുതകൾ വ്യക്തമാണെന്നും അവളെ 25 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. അവൾക്ക് ഒരു മകൾ ഉളളതിനാൽ 5 വർഷത്തേക്ക് ഇളവ് നൽകപ്പെട്ടു, അങ്ങിനെ 20 വർഷം തടവ് വിധിക്കപ്പെട്ടു.