Sheena Bora Murder Case
2015 ജൂൺ ആദ്യവാരം.
മുംബൈ പൊലീസ് കമ്മീഷണർ രാകേഷ് മരിയയ്ക്ക് (Rakesh Maria) ഒരു അജ്ഞാത ഫോൺ സന്ദേശം എത്തി. INX മീഡിയ നെറ്റ്വർക്കിന്റെ ഉടമസ്ഥ ശ്രീമതി ഇന്ദ്രാണി മുഖർജിയുടെ സഹോദരി, ഷീന ബോറയെ ഏറെ നാളായി കാണാനില്ല എന്നായിരുന്നു ആ സന്ദേശം.

സാധാരണഗതിയിൽ ഇത്തരം ഫോൺകോളുകൾ അവഗണിയ്ക്കാറാണ് പതിവ്. വ്യക്തി വൈരാഗ്യങ്ങൾ കൊണ്ടും അസൂയകൊണ്ടുമൊക്കെ ഇങ്ങനെ കോളുകൾ വരാം. മുംബായിലെ ഹൈക്ലാസ് സൊസൈറ്റിയിൽ പെട്ട ഒരു വ്യക്തിയുടെ കാര്യമായതുകൊണ്ടാണോ എന്തോ പൊലീസ് കമ്മീഷണർക്ക് ആ സന്ദേശത്തെ പറ്റി അന്വേഷിയ്ക്കണമെന്നു തോന്നലുണ്ടായി. അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്ഥനായ ഓഫീസർ, ഖർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ് കദമിനെ കമ്മീഷണറുടെ ഓഫീസിലേയ്ക്കു വിളിച്ചു വരുത്തി. ഈ കോളിന്റെ സത്യാവസ്ഥയെ പറ്റി അതീവ രഹസ്യമായി അന്വേഷിയ്ക്കുവാൻ ചുമതലപ്പെടുത്തി.
ഇൻസ്പെക്ടർ കദം, കോളിന്റെ ഉറവിടം പരിശോധിച്ചു. അതൊരു പബ്ലിക് കാൾ ഫോണിൽ നിന്നായിരുന്നു. വിളിച്ച ആളെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല. കദം തന്റെ ചില ഏജന്റുകളെ ഉപയോഗിച്ച് രഹസ്യമായി ഇന്ദ്രാണി മുഖർജിയെ ( Indrani Mukerjea ) ക്കുറിച്ച് അന്വേഷിച്ചു. 43 കാരിയായ അവർ അപ്പോൾ അമേരിയ്ക്കയിലായിരുന്നു. അവരോടൊപ്പം ഭർത്താവ് പീറ്റർ മുഖർജിയുമുണ്ട്. ( Peter Mukerjea )
കൂടുതൽ അന്വേഷണത്തിൽ അറിഞ്ഞത്, ഇന്ദ്രാണിയുടെ സഹോദരി ഷീന ബോറ ( Sheena Bora – 24) അമേരിയ്ക്കയിലെ ലോസ് ഏഞ്ചലസിൽ ഉപരിപഠനം നടത്തുകയാണ് എന്നാണ്. ഇന്ദ്രാണിയും ഭർത്താവും ഷീനയെ കാണാൻ വേണ്ടിയാണ് അമേരിയ്ക്കയിൽ പോയിരിയ്ക്കുന്നത്.
പിന്നെ എന്തിനാണു ഇങ്ങനെയൊരു അജ്ഞാത ഫോൺ കോൾ?
ഇൻസ്പെക്ടർ കദം വിഷയം അല്പം കൂടി വിശദമായി അന്വേഷിയ്ക്കാൻ തീരുമാനിച്ചു.

ഷീന ബോറ, റിലയൻസിന്റെ മുംബായ് മെട്രോയിൽ ആണു ജോലി ചെയ്തിരുന്നത്. അദ്ദേഹം അവിടെ എത്തി കാര്യങ്ങൾ അന്വേഷിച്ചു.
2012 ഏപ്രിൽ 24 ചൊവാഴ്ചയാണു അവൾ അവസാനമായി ഓഫീസിൽ വന്നത്. അന്നത്തെയ്ക്ക് അവധിയ്ക്കൂള്ള അപേക്ഷ നൽകാനായിരുന്നു അത്.
പിറ്റേന്ന് ഉച്ചയ്ക്കു ശേഷം അവളുടെ ഒരു രാജിക്കത്ത് ഓഫീസിൽ അയച്ചു കിട്ടി.
അമേരിയ്ക്കയിലേയ്ക്കു പോകുന്നതിനാൽ താൻ ജോലി രാജിവെക്കുന്നു എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. അതിനു ശേഷം അവളുടെ ഒരു വിവരവും അറിയില്ല.

ഇത്രയും അറിഞ്ഞിട്ടും ഇൻസ്പെക്ടർ കദമിലെ പൊലീസുകാരനു തൃപ്തിയായില്ല. അയാൾ ഷീനയുടെ മറ്റു ബന്ധങ്ങളെ പറ്റി അന്വേഷിച്ചു. അവൾക്കൊരു കാമുകൻ ഉണ്ടായിരുന്നു എന്ന് കദമിനു മനസ്സിലായി. രാഹുൽ മുഖർജി. ( Rahul Mukerjea )
രാഹുലിനെ കണ്ടെത്തി. അയാളുമായി സംസാരിച്ചു.
വളരെ അമ്പരപ്പിയ്ക്കുന്ന ചില അറിവുകളാണു രാഹുലിൽ നിന്നു ലഭിച്ചത്.
അയാൾ ഇന്ദ്രാണി മുഖർജിയുടെ ഭർത്താവിന്റെ മകനാണ്..!

പീറ്റർ മുഖർജി, ഇന്ദ്രാണിയുടെ രണ്ടാം ഭർത്താവാണത്രേ. പീറ്ററിന്റെ ആദ്യ ബന്ധത്തിലെ മകനാണു രാഹുൽ.
ഷീനയെ പറ്റി രാഹുലിൽനും ഈ അടുത്തകാലത്തായി വിവരമൊന്നുമില്ല.
2012 ഏപ്രിൽ 24 നാണു അവർ അവസാനമായി കണ്ടത്.
പിന്നീട് അവളെ പറ്റി അച്ഛനോടും, രണ്ടാനമ്മ ഇന്ദ്രാണിയോടും അന്വേഷിച്ചപ്പോഴൊക്കെ അവൾക്ക് രാഹുലുമായുള്ള ബന്ധം തുടരാൻ താല്പര്യമില്ലാത്തതിനാൽ അമേരിയ്ക്കയിലേയ്കു പോയി എന്ന മറുപടിയാണു ലഭിച്ചത്.
രാഹുലുമായുള്ള ഷീനയുടെ ബന്ധത്തെ ഇന്ദ്രാണിയും പീറ്ററും എതിർത്തിരുന്നു. എങ്കിലും അവർ അതൊന്നും വകവച്ചില്ല, ഇടയ്ക്കിടെ ഡേറ്റിംഗിനു പോകുമായിരുന്നു.
“ഇത്രയും നാൾ ഷീനയെ കാണാതായിട്ടും, അവളെ പറ്റി മറ്റു വിവരങ്ങൾ ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട് നിങ്ങൾ പൊലീസിനെ സമീപിച്ചില്ല?”
ഇൻസ്പെക്ടർ ദിനേശ് കദമിന്റെ ആ ചോദ്യത്തിനു വ്യക്തമായൊരു മറുപടി നൽകാൻ രാഹുൽ മുഖർജിയ്ക്കു കഴിഞ്ഞില്ല.
രാഹുലിനെ പ്രത്യേക നിരീക്ഷണത്തിൽ വെയ്ക്കാൻ കദം തീരുമാനിച്ചു.
ഇന്ദ്രാണിയുടെ വീട്ടിൽ എത്തിയ കദമിന്, അവർ അമേരിയ്ക്കയിൽ നിന്നും തിരികെ എത്തിയിട്ടില്ല എന്ന മറുപടിയാണു ജോലിക്കാരിൽ നിന്നും ലഭിച്ചത്. അവിടെ കൂടുതൽ അന്വേഷണത്തിനു അദ്ദേഹം തുനിഞ്ഞുമില്ല. എന്നാൽ ആ വീടിനെ നിരീക്ഷിയ്ക്കാൻ രഹസ്യമായി ചില ഏർപ്പാടുകൾ ചെയ്തു.
ഇന്ദ്രാണിയുടെ ഡ്രൈവർ, ശ്യാം വാർ പിന്റുറാം റായി ( Shyamvar Pinturam Rai ) അവിടുത്തെ ഔട്ട് ഹൌസിലാണു താമസം. അയാളുടെ ദീർഘമായ ചില യാത്രകൾ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു.
മുംബായിൽ നിന്നും 110 കിലോമീറ്റർ അകലെ റായ് ഗഡ് ജില്ലയിലേയ്ക്കാണയാൾ യാത്ര ചെയ്തിരുന്നത്. അയാളുടെ ബന്ധുക്കൾ ആരെങ്കിലും അവിടെയുണ്ടോ എന്ന പരിശോധനയിൽ ആരെയും കണ്ടെത്താനായില്ല.
റായ് ഗഡിലെ വനമേഖലയിലേയ്ക്കാണു പിന്റു പോയിരുന്നത്. ആ മേഖലയിൽ ഇതിനു മുൻപും അയാളെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. പിന്റുവിനെ പൊക്കണമെന്ന് ഇൻസ്പെക്ടർ കദം തീരുമാനിച്ചു. നിലവിൽ കേസൊന്നുമില്ലാത്ത സ്ഥിതിയ്ക്ക് ഒരു കേസ് ഉണ്ടാക്കുക തന്നെ.
2015 ആഗസ്റ്റ് 21.
എവിടെയോ യാത്രകഴിഞ്ഞ് കാറുമായി മടങ്ങുകയായിരുന്ന പിന്റുവിനെ പൊലീസ് തടഞ്ഞു. കാറിനകം മുഴുവൻ പരിശോധിച്ചു. പിൻസീറ്റിന്റെ അടിയിൽ നിന്നും ഒരു 7.63 ബോർ പിസ്റ്റൽ കണ്ടെടുത്തു. അതു തന്റേതല്ല എന്ന അയാളുടെ വാദമൊന്നും വിലപ്പോയില്ല. ആയുധനിയമ പ്രകാരം, ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ച കുറ്റത്തിനു പിന്റു അറസ്റ്റു ചെയ്യപ്പെട്ടു.
മുംബായ് ഖർ പൊലീസ് സ്റ്റേഷനിൽ, ഇൻസ്പെക്ടർ കദം അയാളെ ചോദ്യം ചെയ്തു. തോക്കിനെ പറ്റി ഒരക്ഷരം പോലും അദ്ദേഹം ചോദിച്ചില്ല. ആകെ ചോദിച്ചത് ഇത്ര മാത്രം ഷീന ബോറയെ പറ്റി എന്തറിയാം?

ഷീന, ഇന്ദ്രാണിയുടെ സഹോദരിയാണ്. നേരത്തെ ഇന്ദ്രാണിയോടൊപ്പമായിരുന്നു താമസം. പിന്നീട് വേറെമാറി ത്താമസിച്ചു. 2012 ൽ അമേരിയ്ക്കയിലേയ്ക്കു പോയി. ഇത്രയുമായിരുന്നു പിന്റുവിനും പറയാനുണ്ടായിരുന്നത്.
റായ് ഗഡിൽ പോകുന്നതിനെ സംബന്ധിച്ച് പ്രത്യേകമായൊരു മറുപടി അയാൾക്കു പറയാനുണ്ടായിരുന്നില്ല. ഇക്കാര്യത്തെ പറ്റി കൂടുതൽ അന്വേഷിയ്ക്കാൻ ഇൻസ്പെക്ടർ കദം തീരുമാനിച്ചു.
റായ് ഗഡ് ജില്ലാ പൊലീസ് ഓഫീസിൽ പിറ്റേന്ന് അദ്ദേഹം എത്തി.
2012 ഏപ്രിൽ മാസവും അതിനു ശേഷവും അജ്ഞാത ജഡങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന വിവരം അന്വേഷിച്ചു. പെൻ സബ് ഡിവിഷനിലെ ഗാഗോഡെ ഗ്രാമവാസികളുടെ ഒരു പരാതി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.

2012 മെയ് 23 നു ആയിരുന്നു ആ പരാതി ഉണ്ടായത്. വനമേഖലയോട് ചേർന്ന ആ ഗ്രാമത്തിൽ അനുഭവപ്പെട്ട അസഹനീയ ദുർഗന്ധത്തെ പറ്റി ആയിരുന്നു അത്. പരാതി ലഭിച്ച ലോക്കൽ പൊലീസ് വനത്തിൽ പരിശോധന നടത്തുകയും ജീർണാവസ്ഥയിലായ കരിഞ്ഞ ഒരു ജഡം കണ്ടെത്തുകയും ചെയ്തിരുന്നു. ആരുടേതെന്ന് തിരിച്ചറിയപ്പെടാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ അവർ മെനക്കെട്ടില്ല. കൂടുതൽ അന്വേഷണമൊന്നും നടത്തിയുമില്ല.
പിന്റുവിന്റെ ചിത്രവുമായി ഇൻസ്പെക്ടർ കദം ഗാഗോഡ ഗ്രാമത്തിലെത്തി. ആ ചിത്രത്തിലെ ആളെ ചിലർ തിരിച്ചറിഞ്ഞു. അയാളെ എപ്പോഴൊക്കെയോ കണ്ടിട്ടുണ്ട്..!
കാര്യങ്ങളുടെ കിടപ്പ് ഏകദേശം ഇൻസ്പെക്ടർക്കു മനസ്സിലായി. അദ്ദേഹം കമീഷണറെ താൻ കണ്ടെത്തിയ വിവരങ്ങൾ അറിയിച്ചു. വലിയൊരു കുറ്റകൃത്യം നടന്നതായി അവർക്കു ബോധ്യമായി.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഡ്രൈവർ പിന്റു കുറ്റസമ്മതം നടത്തി. അയാൾ വെളിപ്പെടുത്തിയ കാര്യങ്ങൾ അവിശ്വസനീയമായിരുന്നു..!
അമേരിയ്ക്കയിലുള്ള ഇന്ദ്രാണി നാട്ടിലെത്തിയാൽ മാത്രമേ കാര്യങ്ങൾക്കു വ്യക്തത ഉണ്ടാകൂ.
എന്നാൽ ഷീന ബോറയെ പറ്റി പൊലീസ് അന്വേഷിയ്ക്കുന്നു എന്നറിഞ്ഞാൽ ഒരു പക്ഷേ അവർ തിരികെ എത്തിയേക്കില്ല. ആയതിനാൽ കാര്യങ്ങൾ രഹസ്യമായിരിയ്ക്കട്ടെ എന്നു പൊലീസ് തീരുമാനിച്ചു. ആയുധ നിയമപ്രകാരം പിന്റു ജയിലിൽ അടയ്ക്കപ്പെട്ടു.

2015 ഓഗസ്റ്റ് 24 നു ഇന്ദ്രാണി അമേരിയ്ക്കയിൽ നിന്നും മുംബായിൽ തിരിച്ചെത്തി. അധികം വൈകാതെ, ഖർ പൊലീസ് സ്റ്റേഷനിൽ നിന്നും അവരെ അന്വേഷിച്ച് പൊലീസെത്തി. പിന്റുവിനെ സംബന്ധിച്ച ചില കാര്യങ്ങൾ ചോദിച്ചറിയുന്നതിനു വേണ്ടിയാണത്രെ വിളിപ്പിയ്ക്കുന്നത്.
സ്റ്റേഷനിലെത്തിയ ഇന്ദ്രാണിയോട് വളരെ വിനയപൂർവമാണു ഇൻസ്പെക്ടർ കദം ചോദ്യങ്ങൾ ചോദിച്ചത്. സഹോദരി ഷീന ബോറയെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ.
അവൾ അമേരിയ്ക്കയിലുണ്ടെന്നും തങ്ങൾ ഇത്രയും ദിവസം അവളോടൊപ്പമായിരുന്നു എന്നും ഇന്ദ്രാണി ചിരിയോടെ തന്നെ പറഞ്ഞു.
“ 2012 ഏപ്രിൽ 24-25 തീയതികളിൽ നിങ്ങൾ എവിടെയായിരുന്നു എന്നു വിശദീകരിയ്ക്കൂ..” അത്ര സൌഹാർദ്ദപരമായിരുന്നില്ല ഇൻസ്പെക്ടറുടെ സ്വരം.
ആ ചോദ്യത്തിനു മുൻപിൽ ഇന്ദ്രാണി ഒന്നു പതറി. എങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത്, മുംബായിലെ തിരക്കു പിടിച്ച ചില പരിപാടികളെ പറ്റിയൊക്കെ അവർ വിശദീകരിച്ചു.
“ആരാണു സഞ്ജീവ് ഖന്ന?” ( Sanjeev Khanna )
ശരിയ്ക്കും ഇന്ദ്രാണിയെ ഞെട്ടിച്ചു കളഞ്ഞു ആ ചോദ്യം. കാരണം അതവരുടെ മുൻ ഭർത്താവിന്റെ പേരായിരുന്നു. കൽക്കത്തയിലുള്ള ഒരു ബിസിനസ്സുകാരനാണാൾ.

“2012 ഏപ്രിൽ 23 മുതൽ 25 വരെ സജ്ഞീവ് ഖന്ന മുംബായിലുണ്ടായിരുന്നു. നിങ്ങളോടൊപ്പം. എന്തിന്?”
ഇന്ദ്രാണിയുടെ പ്രതിരോധമെല്ലാം തകർന്നു. അവരിൽ നിന്നും സത്യങ്ങൾ പുറത്തേയ്ക്കു വരാൻ തുടങ്ങി. അതിൽ ഏറ്റവും അമ്പരപ്പിയ്ക്കുന്നത്, ഷീന ബോറ, ഇന്ദ്രാണിയുടെ സഹോദരിയല്ല മകളായിരുന്നു എന്നതാണ്..!
സിനിമക്കഥകളെ വെല്ലുന്ന സംഭവങ്ങളാണു വെളിയിൽ വന്നത്.
ആസാമിലെ ഗോഹാട്ടിയിലാണു ഇന്ദ്രാണി ജനിച്ചത്.
മാതാപിതാക്കളുടെ താല്പര്യത്തിനു വിരുദ്ധമായി സിദ്ധാർത്ഥ് ദാസ് ( Siddhartha Das ) എന്നൊരാളോടൊപ്പം ഇന്ദ്രാണി ഇറങ്ങിപ്പോയി. അവരുടെ ബന്ധത്തിൽ ഷീന, മിഖായിൽ എന്നീ കുട്ടികൾ ജനിച്ചു. ( ഇതിനും മുമ്പ് ഒരു കാർ ഡ്രൈവറുടെ കൂടെ ഒളിച്ചോടി എന്നും പറയപ്പെടുന്നു)
പിന്നീട് ഇന്ദ്രാണി സിദ്ധാർത്ഥിൽ നിന്നു വിവാഹ മോചനം നേടി, മാതാപിതാക്കളോടൊപ്പം താമസമാക്കി. അതിനു ശേഷം കൽകത്തയിൽ ജോലിയ്ക്കു പോയി. മക്കൾ, ഗോഹാട്ടിയിൽ മാതാപിതാക്കളോടൊപ്പം.
കൽകത്തയിൽ ഇന്ദ്രാണി, സജ്ഞീവ് ഖന്നയുമായി അടുപ്പത്തിലാകുകയും അയാളെ വിവാഹം കഴിയ്ക്കുകയും ചെയ്തു. കൽക്കത്തയിൽ തന്നെ താമസമാക്കുകയും ചെയ്തു. അതിൽ “വിദി” എന്നൊരു പെൺകുട്ടി ഉണ്ടായി. പിന്നീട് സജ്ഞീവ്ഖന്നയെ വിവാഹമോചനം ചെയ്ത ശേഷം ഇന്ദ്രാണി മുംബായിലേയ്ക്കു വന്നു.

യുവതിയായിരുന്ന അവർ, സ്റ്റാർ ടിവി മേധാവി പീറ്റർ മുഖർജിയെ വിവാഹം ചെയ്തു. അവർ ചേർന്ന് INX മീഡിയ നെറ്റ്വർക്ക് സ്ഥാപിച്ചു. തന്റെ ആദ്യ ബന്ധത്തെ പറ്റിയോ കുട്ടികളെ പറ്റിയോ ഇന്ദ്രാണി പീറ്ററിനെ അറിച്ചിരുന്നില്ല.
ഗോഹാട്ടിയിൽ വളർന്ന ഷീനയ്ക്കും സഹോദരനും അമ്മയോടൊപ്പം ജീവിയ്ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇടയ്ക്കിടെ ഇന്ദ്രാണി രഹസ്യമായി മക്കളെ ബന്ധപ്പെടുകയും സാമ്പത്തികമായി സഹായിയ്ക്കുകയും ചെയ്തിരുന്നു. മക്കളുടെ ആഗ്രഹത്തിനു വഴങ്ങി 2008 ൽ ഇന്ദ്രാണി അവരെ മുംബായിലേയ്ക്കു കൊണ്ടുവന്നു, ഒറ്റ നിബന്ധനയിൽ. താനാണവരുടെ അമ്മ എന്ന് ഒരാളോടു പോലും പറയരുത്. മക്കൾ അതു സമ്മതിച്ചു.
മുംബായിലെത്തിയ ഷീനയെയും മിഖായിലിനെയും തന്റെ സഹോദരങ്ങൾ എന്നാണു ഇന്ദ്രാണി മറ്റുള്ളവർക്കു പരിചയപ്പെടുത്തിയത്. കുട്ടികളും അങ്ങനെ തന്നെ പറഞ്ഞു. മുംബായിലെ പ്രശസ്തമായ സെന്റ് സേവിയേഴ്സ് കോളേജിൽ ഷീനയെ ബിരുദപഠനത്തിനു ചേർത്തു.
പീറ്റർ മുഖർജിയുടെ മുൻ ബന്ധത്തിലെ മകൻ രാഹുൽ ഇടയ്ക്ക് അച്ചനെയും രണ്ടാനമ്മയെയും കാണാൻ വർളിയിലുള്ള അവരുടെ വീട്ടിൽ വരുമായിരുന്നു. അങ്ങനെയാണവൻ ഷീനയെ കണ്ടുമുട്ടിയത്. സുന്ദരിയായ അവളെ രാഹുലിനു ഇഷ്ടമായി. ഷീനയ്ക്ക് അവനെയും. രണ്ടുപേരും പുറത്ത് കറങ്ങാൻ പോകുമായിരുന്നു.
ഈ ബന്ധം ഇന്ദ്രാണിയ്ക്ക് ഒട്ടും ഇഷ്ടമായില്ല. തന്റെ മകൻ, ഭാര്യയുടെ സഹോദരിയെ പ്രേമിയ്ക്കുന്നത് പീറ്ററിനും ഇഷ്ടമായില്ല.
ഇന്ദ്രാണി ഷീനയെ പലവട്ടം താക്കീതു ചെയ്തു. എന്നാൽ രാഹുലുമായുള്ള ബന്ധം തടഞ്ഞാൽ, താൻ ഇന്ദ്രാണിയുടെ സഹോദരിയല്ല മകളാണെന്നുള്ള വിവരം എല്ലാവരെയും അറിയിയ്ക്കുമെന്ന് ഷീന ഭീഷണിപ്പെടുത്തി.

ബിരുദപഠനം കഴിഞ്ഞിറങ്ങിയ ഷീന ബോറയ്ക്ക്, മുംബായ് മെട്രോയിൽ ജോലി ലഭിച്ചു. അതോടെ അവൾ ഇന്ദ്രാണിയുടെ വീട്ടിൽ നിന്നും മാറിത്താമസിച്ചു. അമ്മയും സഹോദരിയുമായുള്ള വഴക്കിൽ മടുത്ത് മിഖായീൽ ഗോഹട്ടിയിലേയ്ക്കു തിരിച്ചു പോയി.
നേരത്തെ, അതായത് ഷീനയും അമ്മയുമായി തെറ്റുന്നതിനു മുൻപ്, ഇന്ദ്രാണിയുടെ സ്ഥാപനത്തിൽ ഒരു ഓഡിറ്റിനുള്ള സർക്കാർ ഉത്തരവ് വന്നിരുന്നു. ചില കണക്കുകൾ ഒപ്പിയ്ക്കാൻ കുറേ ആസ്തികൾ എങ്ങോട്ടെങ്കിലും വകമാറ്റി കാണിയ്ക്കേണ്ടിയിരുന്നു. ആ സാഹചര്യത്തിൽ വലിയൊരു തുക ഷീനയുടെ പേരിലുള്ള ഒരു വിദേശ അക്കൌണ്ടിലേയ്ക്കു മാറ്റിയിരുന്നു. പിന്നീട് അത് തിരികെ എടുക്കാം എന്ന ഉറപ്പിൻമേലായിരുന്നു അത്. എന്നാൽ അമ്മയും മകളും തെറ്റിയതോടെ ആ പണം തിരികെ കിട്ടുന്ന കാര്യം സംശയത്തിലായി.

ഷീന, രണ്ടാനച്ഛൻ പീറ്റർ മുഖർജിയ്ക്ക് ഒരു ഇ –മെയിൽ അയച്ചു.
“നിങ്ങളുടെ ഭാര്യ ഇന്ദ്രാണിയോടു പറയുക, എന്നെ എന്റെ വഴിയ്ക്കു വിടാൻ..അവരുടെ വൃത്തികെട്ട വായ കൊണ്ട് ഇനി മേൽ എന്നെ പറ്റി അപവാദം പരത്താതിരിയ്ക്കാനും പറയുക.”
മറ്റൊരു മെയിൽ ഇന്ദ്രാണിയ്ക്കായിരുന്നു. “നിങ്ങൾക്ക് മക്കൾ ഒരു പ്രധാന സംഗതി ആയിരിയ്ക്കില്ല. നിങ്ങളുടെ സുഖത്തിനായി നിങ്ങൾ എന്തും ചെയ്യുന്നു. അതേ കാര്യം ചെയ്യാൻ എനിയ്ക്കും അവകാശമുണ്ട്. നിങ്ങളുടെ മകളെന്ന നിലയിൽ നിങ്ങളുടെ ഒരംശം എന്നിലുമുണ്ട് എന്നു മറക്കാതിരിയ്ക്കുക”
ഷീന തനിയ്ക്കൊരു ഭീഷണിയാണെന്ന് അമ്മ ഇന്ദ്രാണി തിരിച്ചറിഞ്ഞു. അവളെ ഇല്ലാതാക്കുക എന്നതേ മാർഗമുള്ളു എന്നവർ തീരുമാനിച്ചു.
വിവാഹമോചിത ആയി എങ്കിലും തന്റെ രണ്ടാമത്തെ മകളായ “വിദി”യുടെ കാര്യത്തിൽ ഇന്ദ്രാണി ശ്രദ്ധാലുവായിരുന്നു. എന്തിനു മുൻ ഭർത്താവുമായും നല്ല ബന്ധമായിരുന്നു.
ഷീന ഇല്ലാതായാൽ അവളുടെ അക്കൌണ്ടിലുള്ള ആസ്തി മുഴുവൻ വിദിയ്ക്കു ലഭിയ്ക്കുമെന്ന് ഇന്ദ്രാണി മുൻ ഭർത്താവ് സജ്ഞീവ് ഖന്നയെ അറിയിച്ചു. ഇന്ദ്രാണിയുടെ ആസ്തി കോടികളുടേതാണെന്ന് അയാൾക്ക് അറിയാം. അതിലൊരു വിഹിതം അത്ര മോശമായിരിക്കില്ലല്ലോ.
ഇന്ദ്രാണിയും ഖന്നയും സ്കൈപ്പ് വഴി നിരന്തരം ബന്ധപ്പെട്ടു.

പദ്ധതികൾ ഒരുങ്ങി.
കാര്യങ്ങൾ നടത്താൻ ഇന്ദ്രാണിയുടെ ഡ്രൈവർ പിന്റുവിനെയാണു തിരഞ്ഞെടുത്തത്. യജമാനത്തിയ്ക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നു അയാൾ. ഒരു ലക്ഷം രൂപ അവനു വാഗ്ദാനം ചെയ്യപ്പെട്ടു.
അവൻ റായ് ഗഡ് ജില്ലയിലെ ചില വനപ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്ന് ഇന്ദ്രാണിയെയും കൂട്ടി അവിടെ വന്നു. എവിടമാണു ഉചിതമെന്ന തീരുമാനം അവരുടേതായിരുന്നു. തുടർന്ന് പിന്റു 20 ലിറ്ററിന്റെ ഒരു വലിയ ക്യാനും രണ്ടു വലിയ പ്ലാസ്റ്റിക്ക് ബാഗുകളും വാങ്ങി. ഷീനയോടൊപ്പം സഹോദരൻ മിഖായിലിനെയും കൊല്ലാനായിരുന്നു പരിപാടി.

2012 ഏപ്രിൽ 24 രാവിലെ.
ഇന്ദ്രാണി ഷീന ബോറയെ ഫോണിൽ വിളിച്ചു. പതിവിൽ നിന്നു വ്യത്യസ്ഥമായി വളരെ സ്നേഹത്തോടെ ആണല്ലോ അമ്മയുടെ വിളി എന്നവൾ അതിശയിച്ചു.
തന്നോടൊപ്പം വൈകിട്ട് ഡിന്നറിനു വരണമെന്ന് ഇന്ദ്രാണി മകളോട് അപേക്ഷിച്ചു. അവൾ സമ്മതിച്ചു.
അന്നത്തേയ്ക്ക് ലീവ് ലെറ്റർ നൽകി അവൾ ജോലിസ്ഥലത്തു നിന്നും ഇറങ്ങി. രാഹുലിനെ വിളിച്ചു. ഇതേ സമയം ഇന്ദ്രാണി, കുറച്ച് വൈൻ വാങ്ങുകയായിരുന്നു. പിന്നെ മെഡിക്കൽ ഷോപ്പിൽ നിന്നും എന്തോ മരുന്നുകളും. ഡ്രൈവർ പിന്റു, ഒരു വാട്ടർ ബോട്ടിലിൽ ആ മരുന്ന് അല്പം കലർത്തി.
വൈകുന്നേരമായി. അതുവരെ രാഹുലിനൊപ്പമായിരുന്നു ഷീന. തനിയ്ക്ക് അമ്മയോടൊപ്പം ഒരു ഡിന്നർ ഉണ്ട് എന്നു പറഞ്ഞ പ്രകാരം അയാൾ അവളെ വഴിയിൽ ഡ്രോപ്പ് ചെയ്തിട്ട് പോയി.
ഏകദേശം ആറേ മുക്കാൽ മണിയായപ്പോൾ ഇന്ദ്രാണിയുടെ കാർ അവളുടെ അടുത്തു വന്നു. പിന്റു ആയിരുന്നു അതു ഡ്രൈവ് ചെയ്തിരുന്നത്.
മുൻ സീറ്റിൽ ഒരു മധ്യവയസ്ക്കൻ ഇരിയ്ക്കുന്നു. പുറകിൽ ഇന്ദ്രാണി. അവൾ അമ്മയോടൊപ്പം കയറി. കുശലപ്രശ്നങ്ങൾക്കു ശേഷം ഇന്ദ്രാണി മകൾക്ക് കുടിയ്ക്കാൻ ബോട്ടിൽഡ് വാട്ടർ നൽകി. അവൾ അതു കുടിച്ചു.
അല്പനേരം കഴിഞ്ഞപ്പോൾ തലകറങ്ങി അവൾ സീറ്റിൽ ചാരിക്കിടന്നു. മങ്ങിയ വെളിച്ചമുള്ള ഒരിടത്തു കാർ നിന്നു.
മുന്നിലിരുന്ന മധ്യവയസ്കൻ പിൻസീറ്റിലേക്കു വന്നു. അയാൾ ഒരു പ്ലാസ്റ്റിക് കൊണ്ട് ഷീനയുടെ മുഖം മൂടി. പിന്റു അവളുടെ കഴുത്തു ഞെരിച്ചു. ഷീന ബോറ കൊല്ലപ്പെട്ടു.

മിഖായിലിനെ കൊല്ലാനുള്ള പരിപാടി ഇപ്പോൾ വേണ്ട എന്നവർ തീരുമാനിച്ചു. അതു ബുദ്ധിമുട്ടുണ്ടാക്കും.
ഷീനയുടെ ജഡം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് കാറിന്റെ ഡിക്കിയിലാക്കി. എന്നിട്ട് അവർ വർളിയിലേയ്ക്കു പോയി. അവിടെ വീടിന്റെ പോർച്ചിൽ കാർ ഇട്ടു.
രാത്രി ഏറെ വൈകിയ ശേഷം അവർ മൂവരും കാറിൽ റായ്ഗഡിലേയ്ക്കു പുറപ്പെട്ടു. വഴിയിൽ പോലീസിന്റെ ചെക്കിങ്ങ് ഉണ്ടായാൽ പിടിക്കപ്പീടാതിരിക്കാൻ പിൻസീറ്റിൽ സഞ്ജീവ് ഖന്നയുടേയും ഇന്ദ്രാണി മുഖർജിയുടേയും മധ്യത്തിൽ ഷീനാ ബോറ ഉറങ്ങുന്നതു പോലെ തോന്നുമാറ് ഇരുത്തിക്കൊണ്ടാണ് അവർ പോയത്. അവിടെ നേരത്തെ കണ്ടു വെച്ച സ്ഥലത്ത് ഷീനയുടെ ജഡം എത്തിച്ചു. വീണ്ടും ബാഗിലേയ്ക്ക് മാറ്റിയ ശേഷം, ക്യാനിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിച്ചു. പൂർണമായും കത്തിത്തീരും മുൻപ് സ്ഥലം വിടുകയും ചെയ്തു.
ഓഗസ്റ്റ് 25 നു ഇന്ദ്രാണി മുഖർജി അറസ്റ്റു ചെയ്യപ്പെട്ടു.
ഇന്ദ്രാണിയുടെ കുറ്റസമ്മതം, ഇന്ത്യ ഒട്ടാകെ ഞെട്ടലോടെ ആണു കേട്ടത്..!
ഓഗസ്റ്റ് 27 നു സഞ്ജീവ് ഖന്നയെ കൽകത്തയിൽ അറസ്റ്റു ചെയ്തു. ഷീന ബോറയുടെ കൊലയെപ്പറ്റി പീറ്റർ മുഖർജിയ്ക്കും അറിവുണ്ടായിരുന്നു എന്ന നിഗമനത്തിലാണു പൊലീസ് എത്തിയത്. അയാളും അറസ്റ്റ് ചെയ്യപ്പെട്ടു.
മിഖായിൽ ബോറയുടെ മൊഴികൾ കേസിൽ നിർണായമായ വിവരങ്ങൾ നൽകി. സഹോദരിയെ കാണാതായതു മുതൽ അവളെ തങ്ങളുടെ അമ്മ കൊല ചെയ്തതായി തന്നെയാണു താൻ കരുതിയിരുന്നതെന്ന് അയാൾ പറഞ്ഞു.
മഹേഷ് മുഖർജിയ്ക്ക് ഇക്കാര്യങ്ങളിൽ മനസ്സറിവുണ്ടായിരുന്നില്ല എന്ന് പൊലീസിനു ബോധ്യപ്പെട്ടു.
അടുത്ത ദിവസങ്ങളിൽ ഇന്ദ്രാണിയെയും പിന്റുവിനെയും ഖന്നയെയും റായ് ഗഡിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അവിടെ നിന്നും ചില അവശിഷ്ടങ്ങൾ ശേഖരിയ്ക്കാൻ പൊലീസിനു കഴിഞ്ഞു. DNA പരിശോധനയിൽ അതു ഷീന ബോറയുടേതു തന്നെയാണു എന്നു തെളിഞ്ഞു.
വനത്തിൽ നിന്നും ലഭിച്ച അജ്ഞാത ജഡം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താത്തതിനു റായ്ഗ്ഗഡ് പൊലീസിനെതിരെ അന്വേഷണം നടത്താൻ മഹരാഷ്ട്ര സർക്കാർ ഉത്തരവിട്ടു.
കേസ് ഇപ്പോൾ കോടതിയിൽ.
കേസിനു നിർണായക തെളിവുകൾ കണ്ടെത്തിയ ഇൻസ്പെക്ടർ ദിനേശ് കദം, മുംബൈ സ്ഫോടന പരമ്പര അന്വേഷണത്തിലും, അബു സലീം കേസിലും മികച്ച സാമർത്ഥ്യം പ്രകടിപ്പിച്ച ഉദ്യോഗസ്തനാണ്.
കേസിലെ ട്വിസ്റ്റുകളുടെയും ടേണുകളുടെയും ഒരു ടൈംലൈൻ:
- ഏപ്രിൽ 24, 2012: ഷീന ബോറ ജോലിയിൽ നിന്ന് അവധിയെടുത്തു. പിന്നീട് അവർ രാജിവെച്ചതായി മാധ്യമ വൃത്തങ്ങൾ അവകാശപ്പെട്ടു, എന്നാൽ തുടർ പഠനത്തിനായി വിദേശത്തേക്ക് പോയെന്നും അതിനാൽ കാണാതായ പരാതിയൊന്നും നൽകിയിട്ടില്ലെന്നും അവളുടെ കുടുംബം അവകാശപ്പെട്ടു.
- മെയ് 23, 2012: ഒരു മാസത്തിന് ശേഷം, മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്ന് ഷീന ബോറയുടെ മൃതദേഹം പോലീസ് കണ്ടെത്തി.
- ഓഗസ്റ്റ് 2015: മൂന്ന് വർഷത്തിന് ശേഷം, ഇന്ദ്രാണി മുഖർജിയെ മകളെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇന്ദ്രാണി മുഖർജിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന ഒരു ദിവസത്തിന് ശേഷം കൊൽക്കത്തയിൽ അറസ്റ്റിലായി.
- ഓഗസ്റ്റ് 2015: ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ ശ്യാം റായിയും അറസ്റ്റിൽ; അവളുടെ അറസ്റ്റിന് തൊട്ടുമുമ്പായിരുന്നു അവന്റെ അറസ്റ്റ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, മൂന്നുപേരെയും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. അന്വേഷണത്തിൽ, ഷീന ബോറയെ കൊലപ്പെടുത്തിയെന്ന് ഡ്രൈവർ സമ്മതിക്കുകയും അവളുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് പറയുകയും ചെയ്തു. ഇന്ദ്രാണി മുഖർജിയും സഞ്ജീവ് ഖന്നയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു.
- സെപ്റ്റംബർ 2015: കൊൽക്കത്ത നിവാസിയായ സിദ്ധാർത്ഥ ദാസ് – ഇന്ദ്രാണി മുഖർജിയുടെ മുൻ പങ്കാളി – ഷീന ബോറയുടെ ജീവശാസ്ത്രപരമായ പിതാവ് താനാണെന്ന് അവകാശപ്പെടുന്നു. തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയും ഇന്ദ്രാണി മുഖർജി, സഞ്ജീവ് ഖന്ന, ശ്യാം റായ് എന്നിവർക്കെതിരെ കേന്ദ്ര ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
- നവംബർ 2015: പീറ്റർ മുഖർജിയേയും സിബിഐ അറസ്റ്റ് ചെയ്തു.
- 2016: ഇന്ദ്രാണി മുഖർജിക്കും ഡ്രൈവർക്കും എതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പിന്നീട് പീറ്റർ മുഖർജിയേയും പ്രതി ചേർത്തു. രാഹുലുമായുള്ള ബന്ധത്തിന് എതിരായ ഷീന ബോറയെ ഇല്ലാതാക്കാൻ നടത്തിയ ഗൂഢാലോചനയിൽ പീറ്ററും ഇന്ദ്രാണി മുഖർജിയും തുല്യ പങ്കാളികളായിരുന്നുവെന്ന് സിബിഐ പറയുന്നു.
- 2017 ജനുവരി-ഫെബ്രുവരി: വിചാരണ ആരംഭിച്ചു. ഷീന ബോറയുടെ കൊലപാതകത്തിന് പുറമേ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ എന്നീ കുറ്റങ്ങളാണ് ഇന്ദ്രാണിക്കും പീറ്റർ മുഖർജിക്കും എതിരെ പ്രത്യേക സി.ബി.ഐ കോടതി ചുമത്തിയിരിക്കുന്നത്.
- ഒക്ടോബർ 2019: ഇന്ദ്രാണിയും പീറ്റർ മുഖർജിയും തങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും മുംബൈ കുടുംബ കോടതി വഴി വിവാഹമോചനം നേടുകയും ചെയ്തു.
- 2020 മാർച്ച്: പീറ്റർ മുഖർജിക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു.
- ജൂലൈ 2021: ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അപ്പോഴേക്കും അവൾ കുറഞ്ഞത് നാല് ജാമ്യാപേക്ഷകൾ സമർപ്പിച്ചിരുന്നുവെങ്കിലും എല്ലാം നിരസിക്കപ്പെട്ടു.
- ഓഗസ്റ്റ് 2021: കൊലക്കേസിന്റെ കൂടുതൽ അന്വേഷണം സിബിഐ അവസാനിപ്പിച്ചു.
- 2022 ഫെബ്രുവരി 10: ഇന്ദ്രാണി മുഖർജി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.
- ഫെബ്രുവരി 18, 2022: ഇന്ദ്രാണി മുഖർജിയുടെ മറ്റൊരു ജാമ്യാപേക്ഷയിൽ സുപ്രീം കോടതി സിബിഐയോടും മഹാരാഷ്ട്ര സർക്കാരിനോടും പ്രതികരണം തേടുന്നു.
- മാർച്ച് 25, 2022: ഇന്ദ്രാണി മുഖർജിയുടെ ‘നിന്ദ്യമായ പ്രവൃത്തി’ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ ജാമ്യാപേക്ഷയെ സിബിഐ എതിർത്തു.
- മെയ് 18, 2022: ഇന്ദ്രാണി മുഖർജി ഇതിനകം ആറര വർഷം കസ്റ്റഡിയിൽ കഴിഞ്ഞുവെന്നും അവർക്ക് ജാമ്യം അനുവദിച്ചുവെന്നും സുപ്രീം കോടതി.
- ഷീന ബോറ കൊല്ലപ്പെട്ടിട്ടില്ല എന്നാണ് ഇപ്പോഴും ഇന്ദ്രാണി മുഖർജി പറയുന്നത്. കേസിലെ പകുതി സാക്ഷികളെ പോലും ഇതുവരെ വിസ്തരിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇനിയും ശിക്ഷാവിധി നീണ്ടു പോകാനാണ് സാധ്യത.








