ടെഡ് ബണ്ടിയുടെ കഥ

1974-ലെ വസന്തകാലത്തും വേനൽക്കാലത്തും പസഫിക് നോർത്ത് വെസ്റ്റിലെ പോലീസ് പരിഭ്രാന്തിയിലായിരുന്നു. വാഷിംഗ്ടണിലും ഒറിഗോണിലും ഉടനീളമുള്ള കോളേജുകളിലെ സ്ത്രീകൾ ഭയാനകമായ തോതിൽ അപ്രത്യക്ഷമാകുകയാണ്, ആരാണ് ഇതിന് പിന്നിലെന്ന് നിയമപാലകർക്ക് അധികം സൂചനകളുണ്ടായിരുന്നില്ല. വെറും ആറ് മാസത്തിനിടെ ആറ് സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയത്. ലേക്ക് സമ്മമിഷ് സ്റ്റേറ്റ് പാർക്കിലെ തിരക്കേറിയ ബീച്ചിൽ നിന്ന് പട്ടാപ്പകൽ ജാനിസ് ആൻ ഓട്ടും ഡെനിസ് മേരി നസ്‌ലണ്ടും അപ്രത്യക്ഷരായതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു.
എന്നാൽ തട്ടിക്കൊണ്ടുപോകലുകളിൽ ഏറ്റവും കൂടുതലായി നടന്ന ആദ്യത്തെ കേസിൽ യഥാർത്ഥ ബ്രേക്കും ലഭിച്ചു. ഓട്ടും നസ്‌ലണ്ടും അപ്രത്യക്ഷമായ ദിവസം, മറ്റ് നിരവധി സ്ത്രീകളെ തന്റെ കാറിലേക്ക് ആകർഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു പുരുഷൻ സമീപിച്ചതായി പലരും ഓർമ്മിച്ചു.
ഒരു സ്ലിങ്ങ് ( കൈ ഒടിയുകയും മറ്റും ചെയ്യുമ്പോൾ തൂക്കിയിടാൻ ഉപയോഗിക്കുന്ന കൈത്താങ്ങി) ധരിച്ച്, കൈ അതിൽ തൂകിയ ആകർഷകനായ ഒരു യുവാവിനെക്കുറിച്ച് അവർ അധികാരികളോട് പറഞ്ഞു. ബ്രൗൺ നിറത്തിലുള്ള ഫോക്കസ് വാഗൺ ബീറ്റിൽ ആയിരുന്നു അദ്ദേഹത്തിന്റെ വാഹനം, ടെഡ് എന്നായിരുന്നു അയാൾ സ്വയം വിശേഷിപ്പിച്ചത്.
ഈ വിവരണം പൊതുജനങ്ങൾക്ക് പുറത്തുവിട്ട ശേഷം, അതേ സിയാറ്റിൽ നിവാസിയായ ടെഡ് ബണ്ടിയെ തിരിച്ചറിഞ്ഞ നാല് പേർ പോലീസിനെ വിളിച്ചു. ഈ നാലുപേരിൽ ഒരാൾ ബണ്ടിയുടെ കാമുകി ( എലിസബത്ത് ക്ലോഫർ ), അവന്റെ അടുത്ത സുഹൃത്ത് ( ആൻ റൂൾ ), സഹപ്രവർത്തകരിലൊരാൾ, ബണ്ടിയെ പഠിപ്പിച്ച ഒരു സൈക്കോളജി പ്രൊഫസർ എന്നിവരും ഉൾപ്പെടുന്നു.
എന്നാൽ പോലീസിന് ലഭിച്ച സൂചനകൾ ടെഡ് ബണ്ടിക്ക് ചേരുന്നതായിരുന്നില്ല, പ്രായപൂർത്തിയായ ഒരു ക്രിമിനൽ റെക്കോർഡും ഇല്ലാത്ത ഒരു നിയമ വിദ്യാർത്ഥി കുറ്റവാളിയാകാൻ സാധ്യതയില്ല എന്നവർ കരുതി. അതിനാൽ അവർ ആ സാധ്യത തള്ളിക്കളഞ്ഞു.
ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ സീരിയൽ കില്ലർമാരിൽ ഒരാളായ ടെഡ് ബണ്ടിയുടെ കൊലപാതക ജീവിതത്തിലുടനീളം ഇത്തരത്തിലുള്ള ഭാഗ്യങ്ങൾ പലതവണ പ്രയോജനം ചെയ്തു, 1970 കളിൽ ഏഴ് സംസ്ഥാനങ്ങളിലായി കുറഞ്ഞത് 30 ഇരകളെങ്കിലും ഇയാൾ മൂലം കൊല്ലപ്പെട്ടു.
അവൻ എല്ലാവരേയും വിഡ്ഢികളാക്കി – തന്നെ സംശയിക്കാത്ത പോലീസുകാർ, അവൻ രക്ഷപ്പെട്ട ജയിലിലെ ഗാർഡുകൾ, അതിക്രമം കാണിച്ച സ്ത്രീകൾ, പിടിക്കപ്പെട്ട ശേഷം അവനെ വിവാഹം കഴിച്ച ഭാര്യ.
ബണ്ടി തന്നെ ഒരിക്കൽ പ്രസ്താവിച്ചതുപോലെ, ‘നിങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും തണുത്ത ഹൃദയമുള്ള ഒരു തെണ്ടിയുടെ മകനാണ് ഞാൻ.’
ടെഡ് ബണ്ടിയുടെ കുട്ടിക്കാലം
പസഫിക് വടക്കുപടിഞ്ഞാറൻ വെർമോണ്ടിലാണ് ടെഡ് ബണ്ടി ജനിച്ചത്. അവന്റെ അമ്മ എലീനർ ലൂയിസ് കോവൽ ആയിരുന്നു, അവന്റെ പിതാവ് ആരാണെന്ന് ആർക്കും അറിയില്ലായിരുന്നു. മകളുടെ അവിവാഹിത ഗർഭത്തിൽ ലജ്ജിച്ച അവനെ അവന്റെ മുത്തശ്ശിമാർ സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തി. കുട്ടിക്കാലം മുഴുവൻ, അമ്മ തന്റെ സഹോദരിയാണെന്നാണ് അയാൾ കരുതിയത്. അവന്റെ മുത്തച്ഛൻ ടെഡിനേയും അമ്മയെയും പതിവായി മർദിക്കുമായിരുന്നു, ബണ്ടിക്ക് അഞ്ച് വയസ്സുള്ളപ്പോൾ വാഷിംഗ്ടണിലെ ടകോമയിൽ കസിൻസിന്റെ കൂടെ താമസിക്കാൻ അവർ മകനോടൊപ്പം ഒളിച്ചോടി. അവിടെ, ടെഡിന്റെ അമ്മ എലീനർ ഹോസ്പിറ്റൽ പാചകക്കാരനായ ജോണി ബണ്ടിയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു, അവൾ ടെഡ് ബണ്ടിയെ ഔപചാരികമായി ദത്തെടുക്കുകയും അങ്ങിനെ ബണ്ടി എന്ന പേർകൂടി ലഭിക്കുകയും ചെയ്തു. രണ്ടാനച്ഛനെ ബണ്ടിക്ക് ഇഷ്ടമായിരുന്നില്ല എന്ന് പിന്നീട് ഒരു കാമുകിയോട് അവൻ പറഞ്ഞിട്ടുണ്ട്, അയാൾ അത്ര നല്ലവനല്ലെന്നും അധികം പണം സമ്പാദിച്ചിട്ടില്ലെന്നും ടെഡ് പറഞ്ഞിരുന്നു.
വ്യത്യസ്ത ജീവചരിത്രകാരന്മാർക്ക് ബണ്ടി തന്റെ ആദ്യവർഷങ്ങളെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ വിവരണങ്ങൾ നൽകിയതിനാൽ, ബണ്ടിയുടെ ബാല്യകാലത്തിന്റെ ശേഷിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ കൃത്യമായി അറിയില്ല. പൊതുവേ, ഇരുണ്ട ഫാന്റസികളാൽ തളക്കപ്പെട്ട ഒരു സാധാരണ ജീവിതമായിരുന്നിരിക്കാം അവനുണ്ടായിരുന്നത്, അത് അവനെ ശക്തമായി സ്വാധീനിച്ചു – എന്നിരുന്നാലും അത് അവനിൽ എത്രമാത്രം ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു എന്നത് വ്യക്തമല്ല.
മറ്റുള്ളവരുടെ റിപ്പോർട്ടുകളും സമാനമായ ആശയക്കുഴപ്പത്തിലാണ്. രാത്രികാലങ്ങളിൽ തെരുവിൽ സ്ത്രീകളെ ഒളിഞ്ഞുനോക്കുന്നതിനായി ചുറ്റിക്കറങ്ങിയിരുന്നു എന്ന് ബണ്ടി സ്വയം വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, ഹൈസ്‌കൂൾ മുതൽ ബണ്ടിയെ ഓർക്കുന്ന പലരും അദ്ദേഹത്തെ അങ്ങിനൊന്നും കരുതാൻ ആഗ്രഹിക്കുന്നതായി കാണുന്നില്ല.
കോളേജ് വർഷങ്ങളും അവന്റെ ആദ്യ ആക്രമണവും.
ടെഡ് ബണ്ടി 1965-ൽ ഹൈസ്‌കൂളിൽ പാസായി, തുടർന്ന് അടുത്തുള്ള പുഗെറ്റ് സൗണ്ട് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. ചൈനീസ് ഭാഷ പഠിക്കാൻ വാഷിംഗ്ടൺ സർവകലാശാലയിലേക്ക് മാറുന്നതിന് മുമ്പ് അവിടെ ഒരു വർഷം ചെലവഴിച്ചു. ആ കാലഘട്ടത്തിൽ അവൻ ആദ്യമായി ഒരു പ്രണയബന്ധത്തിൽ അകപ്പെട്ടു. അവളുടെ പേര് ഡയാൻ എഡ്വേർഡ്‌സ് ( Diane Edwards ) എന്നായിരുന്നു ( ശ്രദ്ധിക്കുക ഡയാന അല്ല ഡയാൻ എന്നാണ് ). പിന്നീട് അയാൾ കൊലപ്പെടുത്തിയ ചില സുന്ദരികളായ സ്ത്രീകളുമായി അവൾക്ക് അതിശയകരവും, വിചിത്രവുമായ സാമ്യമുണ്ടായിരുന്നു. ചിലപ്പോൾ, ഡയാൻ എഡ്വേർഡ്‌സിനെ സ്റ്റെഫാനി ബ്രൂക്ക്‌സ് ( Stephanie Brooks ) എന്ന ഓമനപ്പേരിൽ പരാമർശിക്കാറുണ്ട് അല്ലെങ്കിൽ മാർജോറി എന്ന് വിളിക്കപ്പെടുന്നു. അവളുടെ മുഴുവൻ പേര് ഡയാൻ മാർജോറി ജീൻ എഡ്വേർഡ്‌സ് എന്നായിരുന്നു. അവൾ കാലിഫോർണിയയിലെ ബർലിംഗേമിൽ നിന്നുള്ളവളായിരുന്നു. കോളേജിലെ ജൂനിയർ വർഷത്തിൽ സ്റ്റെഫാനി ബ്രൂക്ക്‌സ് എന്ന് വിളിക്കപ്പെടുന്ന ഡയാനിനെ ബണ്ടി ആദ്യമായി കണ്ടുമുട്ടി, താമസിയാതെ അവർ ഡേറ്റിംഗ് ആരംഭിച്ചു.
1968 ലെ വസന്തകാലത്ത് ബ്രൂക്ക്‌സ് ബിരുദം നേടി, വാഷിംഗ്ടണിൽ നിന്ന് സാൻ ഫ്രാൻസിസ്‌കോയിലേക്ക് പോയി, ബണ്ടി അവളെ പിന്തുടർന്നു. ആ വേനൽക്കാലത്ത് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ( Stanford University ) ചൈനീസ് പഠിക്കാൻ അവൻ സ്‌കോളർഷിപ്പ് നേടി. അവരുടെ സ്‌നേഹം നിലനിൽക്കണമെന്ന് അവൻ ആഗ്രഹിച്ചു.
എന്നാൽ ബ്രൂക്‌സിന് മറ്റ് ആശയങ്ങളുണ്ടായിരുന്നു. ബണ്ടി ദിശാബോധമില്ലാത്തവനും തന്നെക്കുറിച്ച് ഉറപ്പില്ലാത്തവനുമാണെന്ന് അവൾ കരുതി, ഒന്നിലധികം തവണ അവൻ തന്നോട് കള്ളം പറഞ്ഞതായി അവൾ സംശയിച്ചു. അവന്റെ മോഷണ സ്വഭാവം അവൾ മനസിലാക്കിയിരുന്നു എന്ന് കരുതപ്പെടുന്നു. അവൻ തന്റെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് അവൾക്ക് കാണാൻ കഴിഞ്ഞില്ല, University of Washington ലേക്ക് തിരികെ പോകാൻ അവനെ പ്രേരിപ്പിച്ചുകൊണ്ട് അവൾ പ്രണയം അവസാനിപ്പിച്ചു.
1968-ൽ അദ്ദേഹം കുറച്ചുകാലത്തേക്ക് പഠിപ്പ് ഉപേക്ഷിച്ചു, പക്ഷേ പെട്ടെന്ന് ഒരു സൈക്കോളജി മേജറായി വീണ്ടും എൻറോൾ ചെയ്തു. സ്‌കൂളിൽ നിന്ന് പുറത്തുപോയ സമയത്ത്, അവൻ ഈസ്റ്റ് കോസ്റ്റ് സന്ദർശിച്ചു, അവിടെ അവൻ തന്റെ സഹോദരിയാണെന്ന് വിശ്വസിക്കുന്ന സ്ത്രീ യഥാർത്ഥത്തിൽ തന്റെ അമ്മയാണെന്ന് ആദ്യം മനസ്സിലാക്കി.
തുടർന്ന്, University of Washington ൽ തിരിച്ചെത്തി, കാമ്പസിലെ സ്‌കൂൾ ഓഫ് മെഡിസിനിൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന യൂട്ടായിൽ നിന്നുള്ള വിവാഹമോചിതയായ എലിസബത്ത് ക്ലോപ്പറുമായി ബണ്ടി ഡേറ്റിംഗ് ആരംഭിച്ചു. ( പിന്നീട്, പസഫിക് നോർത്ത് വെസ്റ്റ് കൊലപാതകങ്ങളിൽ സംശയിക്കുന്നയാളായി ബണ്ടിയെ ആദ്യം പോലീസിൽ റിപ്പോർട്ട് ചെയ്തവരിൽ ക്ലോപ്പർ ഉൾപ്പെടുന്നു.)
പോലീസ് ബണ്ടിയുടെ പേര് നൽകിയ നാല് ആളുകളിൽ മുൻ സിയാറ്റിൽ പോലീസ് ഓഫീസർ ആൻ റൂളും ഉൾപ്പെടുന്നു, അവർ ഇരുവരും സിയാറ്റിലിലെ ആത്മഹത്യ ഹോട്ട്‌ലൈൻ ക്രൈസിസ് സെന്ററിൽ ജോലി ചെയ്യുന്നതിനിടയിൽ ഇതേ സമയത്താണ് ബണ്ടിയെ കണ്ടത്.
1973-ൽ, ബണ്ടി യൂണിവേഴ്‌സിറ്റി ഓഫ് പുഗെറ്റ് സൗണ്ട് ലോ സ്‌കൂളിൽ ചേർന്നു, എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം ക്ലാസുകളിൽ പങ്കെടുക്കുന്നത് നിർത്തി. തുടർന്ന്, 1974 ജനുവരിയിൽ, തിരോധാനങ്ങൾ ആരംഭിച്ചു.
ടെഡ് ബണ്ടിയുടെ ആദ്യത്തെ അറിയപ്പെടുന്ന ആക്രമണം യഥാർത്ഥ കൊലപാതകമല്ല, പകരം വാഷിംഗ്ടൺ സർവകലാശാലയിലെ വിദ്യാർത്ഥിയും നർത്തകിയുമായ 18 കാരിയായ കാരെൻ സ്പാർക്‌സിന് നേരെയുള്ള ആക്രമണമാണ്.

ബണ്ടിയുടെ ആദ്യ ഇര – കാരെന്‍ സ്പാര്‍ക്ക്‌സ്
( Karen Sparks )
1974 ജനുവരി 4 ആയിരുന്നു ബണ്ടി ആദ്യമായി ലൈംഗികാക്രമണം നടത്തിയത്. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ കാരെന്‍ സ്പാര്‍ക്‌സിന്റെ ( Karen Sparks ) അപ്പാര്‍ട്ട്‌മെന്റില്‍ അവള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അതിക്രമിച്ചുകയറി, ലൈംഗികമായി പീഡിപ്പിക്കുന്നതിന് മുമ്പ് അയാള്‍ അവളെ ഒരു ലോഹക്കഷണം ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തെത്തുടര്‍ന്ന് 10 ദിവസത്തോളം അവള്‍ കോമയിലായിരുന്നുവെങ്കിലും, അതിജീവിച്ചു. അന്നുമുതല്‍ സ്ഥിരമായ വൈകല്യങ്ങളോടെയാണ് ജീവിച്ചത്. ബണ്ടിയുടെ ആദ്യ ഇര എന്നതിന് പുറമേ, അവന്റെ ആക്രമണത്തെ അതിജീവിച്ച ഇരകളില്‍ ഒരാളാണ് സ്പാര്‍ക്ക്‌സ്.

ബണ്ടിയുടെ രണ്ടാമത്തെ ഇര – ലിൻഡ ആൻ ഹീലി
( Lynda Ann Healy )
1974 ജനുവരി 31 ന്, ടെഡ് ബണ്ടി 21 കാരിയായ ലിൻഡ ആൻ ഹീലിയെ സിയാറ്റിൽ യൂണിവേഴ്‌സിറ്റി ഡിസ്ട്രിക്റ്റിലെ അവളുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി. പതിമൂന്ന് മാസങ്ങൾക്ക് ശേഷം, ടെയ്‌ലർ പർവതത്തിലെ ഒരു മാലിന്യ നിക്ഷേപ സ്ഥലത്ത് അന്വേഷകർ അവളുടെ താഴത്തെ താടിയെല്ലിന്റെ ഭാഗം കണ്ടെത്തി.

ബണ്ടിയുടെ മൂന്നാമത്തെ ഇര – ഡോണ ഗെയ്ൽ മാൻസൺ ( Donna Gail Manosn )
1974 മാര്‍ച്ച് 12 ന് വാഷിംഗ്ടണിലെ ഒളിമ്പിയയിലെ എവര്‍ഗ്രീന്‍ സ്റ്റേറ്റ് കോളേജില്‍ നിന്ന് 19 കാരിയായ ഡോണ ഗെയ്ല്‍ മാന്‍സണെ ടെഡ് ബണ്ടി തട്ടിക്കൊണ്ടുപോയി. വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് ബണ്ടി ഡോണയുടെ കൊലപാതകം സമ്മതിച്ചെങ്കിലും, അവളുടെ മൃതദേഹം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇന്നും അവള്‍ കാണാതായ വ്യക്തികളുടെ പട്ടികയില്‍ തുടരുന്നു.

ബണ്ടിയുടെ നാലാമത്തെ ഇര – സൂസൻ എലൈൻ റാൻകോർട്ട്
( Susan Elaine Rancourt )
ഏപ്രിൽ 17 ന്, എലെൻസ്ബർഗിൽ ഒരു ജർമ്മൻ ഭാഷാ സിനിമ കാണാനുള്ള യാത്രാമധ്യേ സൂസൻ റാൻകോർട്ട് അപ്രത്യക്ഷയായി. സൂസന്റെ ചുവടുകള്‍ പിന്തുടരാനും ഒന്നിലധികം ആളുകളെ ഇന്റര്‍വ്യൂ ചെയ്യാനും എല്ലാ മീഡിയാകളിലും വാര്‍ത്തകള്‍ നല്‍കാനും പോലീസ് പെട്ടെന്ന് ശ്രമിച്ചെങ്കിലും, കാണാതായ ആളുടെ ഒരു തുമ്പും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 1989-ല്‍ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ്, സൂസന്‍ എലെയ്ന്‍ റാങ്കോര്‍ട്ടിന്റെ കൊലപാതകം ടെഡ് ബണ്ടി സമ്മതിച്ചു.

ബണ്ടിയുടെ അഞ്ചാമത്തെ ഇര – റോബർട്ട കാത്‌ലീൻ പാർക്ക്‌സ്
( Roberta Kathleen Parks )
1974 മെയ് 6 തിങ്കളാഴ്ച, സീരിയൽ കില്ലർ ടെഡ് ബണ്ടി കോർവാലിസിലെ ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോളേജ് വിദ്യാർത്ഥിയായ റോബർട്ട കാത്‌ലീൻ പാർക്കിനെ തട്ടിക്കൊണ്ടുപോയി. ഒൻപത് മാസത്തിനു ശേഷം, ടെയ്‌ലർ പർവതത്തിലെ ബണ്ടിയുടെ ശ്മശാനസ്ഥലത്ത് ഒരു തിരച്ചിൽ സംഘം അവളുടെ തലയോട്ടിയും താടിയെല്ലും കണ്ടെത്തി.

ബണ്ടിയുടെ ആറാമത്തെ ഇര – ബ്രെൻഡ കരോൾ ബോൾ
( Brenda Carol Ball )
1974 ജൂൺ 1 ന് അതിരാവിലെ, ബ്രെൻഡ കരോൾ ബോൾ ടെഡ് ബണ്ടിയുടെ അഞ്ചാമത്തെ ഔദ്യോഗിക കൊലപാതക ഇരയായി. ഫ്‌ലേം ടവേൺ എന്ന ബാറിന്റെ പരിസരത്തു വച്ച് ബണ്ടി അവളെ തട്ടിക്കൊണ്ടു പോയി. അയാൾ അവളുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ടെ്യലർ പർവ്വതത്തിൽ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.
സൂചനകൾ
ഈ കാലഘട്ടമായപ്പോഴേയ്ക്കും ഡിക്റ്റീവുകൾക്ക് കൊലയാളിയുടെ ഏകദേശം രൂപം മനസിലാക്കിയിരുന്നു.
- കറുത്ത തലമുടിയുള്ള വെളുത്ത പെൺകുട്ടികളാണ് ഇരകൾ.
- 17 നും 22 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് കാണാതായിട്ടുള്ളത്.
- പെൺകുട്ടികളിൽ പലരും കോളേജിൽ പഠിക്കുന്നവരായിരുന്നു.
- തട്ടിക്കൊണ്ട് പോകലുകൾ നടക്കുന്നത് എല്ലാം രാത്രി കാലങ്ങളിലായിരുന്നു.
- അവൻ കാഴ്ച്ചയ്ക്ക് സുമുഖനും, ഒരു ഫോക്‌സ് വാഗൺ ഓടിക്കുന്നവനും ആയിരുന്നു.
- കറുത്ത തലമുടി ഉണ്ടായിരുന്ന അവൻ, ചില അവസരങ്ങളിൽ ഒരു സ്ലിങ് ധരിച്ച് കാണപ്പെടുന്നു.
- അവൻ പരിക്കു പറ്റിയവനെ പോലെ അവരോട് സഹായം ചോദിച്ച് സമീപിക്കുന്നു.
- മിക്ക പെൺകുട്ടികളും നീല ജീൻസ് ധരിച്ചിരുന്നു. ( സാധാരണ ജീൻസ് 90% നീല ആയതിനാൽ ആ ഒരു പോയിന്റ് ഈ കേസിൽ ഒരു ലീഡും നൽകില്ലായിരുന്നു.)
- കാണാതായ പെൺകുട്ടികളിൽ പലർക്കും മാനസീകമായ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.

( മുകളിൽ പറഞ്ഞ ഈ വസ്തുതകൾ എല്ലാം തന്നെ ടെഡ് ബണ്ടി പിന്നീട് ലംഘിച്ചു എന്നതാണ് പിന്നീടുള്ള കുറ്റകൃത്യങ്ങൾ കാണിക്കുന്നത്. അവൻ 12 വയസുള്ള കുട്ടിയെ വരെ കൊന്നു. രാത്രി എന്നുള്ളത് മാറ്റിവച്ച് പട്ടാപ്പകൽ ആയിരക്കണക്കിന് ആളുകൾ ഉള്ളിടത്തു നിന്നും മറ്റ് രണ്ടുപേരെ തട്ടിക്കൊണ്ട് പോയി. അയാൾ പോലീസായും, ഫയർഫോഴ്‌സുകാരനായും വേഷം മാറി തന്റെ കുറ്റകൃത്യങ്ങൾ പിന്നീട് നടത്തി. )

ബണ്ടിയുടെ ഏഴാമത്തെ ഇര – ജോർജാൻ ഹോക്കിൻസ് ( Georgann Hawkins )
ജൂൺ 11, 1974 വാഷിംഗ്ടൺ ഫ്രറ്റേണിറ്റി ഹൗസിന് സമീപമുള്ള ഒരു ഇടവഴിയിൽ നിന്ന് ജോർജാൻ ഹോക്കിൻസിനെ തട്ടിക്കൊണ്ടുപോയി. പത്ത് ദിവസത്തിന് ശേഷം, ജോർഗൻ ഹോക്കിൻസ് കാണാതായ സ്ത്രീകളുടെ പട്ടികയിൽ ചേർത്തു, അവളുടെ കാമുകന്റെ അപ്പാർട്ട്‌മെന്റിനും സിയാറ്റിലിലെ സ്വന്തം സോറോറിറ്റി വീടിനുമിടയിൽ എവിടെയോ ആണ് അവൾ അപ്രത്യക്ഷയായത്.

ബണ്ടിയുടെ എട്ടാമത്തെ ഇര – ജാനിസ് ഒട്ട്
( Janice Ann Ott )
ലേക്ക് സമ്മമിഷ് സ്റ്റേറ്റ് പാർക്ക്, വാഷിംഗ്ടൺ ൽ ആയിരക്കണക്കിന് ആളുകൾ ഉളളപ്പോൾ ഒരു ബോട്ട് തന്റെ വാഹനത്തിൽ കയറ്റാൻ സഹായം അഭ്യർത്ഥിച്ച് ബണ്ടി ജാനീസ് ഒട്ടിനെ സമീപിക്കുകയും തന്റെ ഫോക്സ് വാഗണിൽ കയറ്റി കൊണ്ടു പോകുകയും ചെയ്തു. പിന്നീടാരും അവളെ കണ്ടിട്ടില്ല.

ബണ്ടിയുടെ ഒമ്പതാമത്തെ ഇര – ഡെനിസ് നസ്ലൻഡ് ( Denise Marie Naslund )
അതേ ദിവസം തന്നെ അതേ സ്ഥലത്തു നിന്നും ജാനീസ് ഒട്ടിനെ തട്ടിക്കൊണ്ടു പോയതു പോലെ തന്നെ ഉച്ചയ്ക്ക് ശേഷം ഡെനീസ് നസ്ലൻഡിനേയും ബണ്ടി തട്ടിക്കൊണ്ടു പോയി.
അന്വേഷണം.
അധികാരികൾ ഞെട്ടിപ്പോയി, പകൽ വെളിച്ചത്തിൽ നാലു മണിക്കൂറിന്റെ ഇടവേളകളിൽ രണ്ട് ഇരകളെ തട്ടിക്കൊണ്ടു പോയി എന്നതവർക്ക് ഉൾക്കൊള്ളാനായില്ല. സംഭവസ്ഥലത്ത് നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നിയമപാലകരും സന്നദ്ധ പ്രവർത്തകരും തടാകത്തിലും സമ്മമിഷ് സ്റ്റേറ്റ് പാർക്കിന്റെ പരിസരത്തും തിരച്ചിൽ നടത്തി, സ്‌കൂബാ ഡൈവർമാർ തടാകത്തിന്റെ അടിത്തട്ടിൽ തിരഞ്ഞു, സാധ്യതയുള്ള സാക്ഷികളെ വീണ്ടും വീണ്ടും അഭിമുഖം നടത്തി, പ്രാദേശിക ലൈംഗിക കുറ്റവാളികളെയും, സമീപകാലത്ത് പരോളിലിറങ്ങിയവരേയും പിടിച്ച് ചോദ്യം ചെയ്തു, പക്ഷേ ഒരു സൂചനയും ലഭിച്ചില്ല. .
ആയിരക്കണക്കിന് സാക്ഷികൾക്ക് മുന്നിൽ രണ്ട് സ്ത്രീകൾ എങ്ങനെ അപ്രത്യക്ഷമാകും?, അതും പകൽ വെളിച്ചത്തിൽ? റെയ്‌നിയർ ബിയറും ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനും സ്‌പോൺസർ ചെയ്ത ഒരു പരിപാടിക്ക് മറുപടിയായി 40,000 ആളുകൾ സാം തടാകം അന്ന് സന്ദർശിച്ചതായി കണക്കാക്കപ്പെട്ടു. പകൽ വെളിച്ചത്തിൽ ആയിരക്കണക്കിന് സാക്ഷികൾക്ക് മുന്നിൽ ഇരകളെ ‘വേട്ടയാടാൻ’ ഏതുതരം കൊലയാളി ധൈര്യം കാണിക്കും?
ആ സമയത്ത് എല്ലാവരും പ്രദേശത്ത് നടക്കുന്ന തട്ടിക്കൊണ്ടുപോകലുകൾ കാരണം ജാഗ്രത പുലർത്തിയിരുന്നവരും, കാണാതയവർ ആരും ആത്മഹത്യ ചെയ്തതാകാൻ സാധ്യതയില്ലാത്തതുമായിരുന്നു. ഇതെല്ലാം ആയപ്പോൾ പ്രദേശവാസികൾ ഭയന്നുവിറച്ചു.
ജൂലൈ 14-ന് ലേക്ക് സമ്മമിഷ് സ്റ്റേറ്റ് പാർക്കിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ, 23 കാരിയായ മിസിസ് ഓട്ട്, ശോഭയുള്ള മഞ്ഞ സൈക്കിളിൽ പാർക്കിലേക്ക് വന്നത്. അവളുടെ പക്കലുണ്ടായിരുന്ന സൈക്കിളിന്റെ ഈ രേഖാചിത്രം കൗണ്ടി പോലീസ് തയ്യാറാക്കി. മിസിസ് ഓട്ടിയുടെ തിരോധാനത്തെക്കുറിച്ചുള്ള സൂചനകൾ ആ സൈക്കിൾ കണ്ടെത്തിയാൽ ലഭിക്കുമെന്ന് പോലീസ് കരുതി. സൈക്കിൾ തിരികെ നൽകുന്നവർക്ക് $150 റിവാർഡ് പ്രഖ്യാപിച്ചു. കൂടാതെ ആ സമയത്ത് മിസ്സിസ് ഓട്ടിനെ കണ്ടെത്താനുതകുന്ന വിവരങ്ങൾ നൽകുന്നവർക്ക് $1,000 റിവാർഡ് മിസിസ് ഓട്ടിന്റെ മാതാപിതാക്കൾ ഓഫർ ചെയ്തു.
രണ്ട് യുവതികളെ കാണാതായി വെറും 48 മണിക്കൂറിന് ശേഷം, ഒരു സംസ്ഥാന ഹൈവേ ജീവനക്കാരൻ ഉച്ചഭക്ഷണം കഴിക്കാൻ തന്റെ ട്രക്ക് പഴയ മരം മുറിക്കുന്ന റോഡിലേക്ക് ഓരം ചേർത്ത് നിർത്തി. ജനൽ താഴ്ത്തിയപ്പോൾ ചീഞ്ഞളിഞ്ഞ ഗന്ധം അയാൾക്ക് അനുഭവപ്പെട്ടു. ജിജ്ഞാസയോടെ, അവൻ തന്റെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കുറ്റിച്ചെടികൾക്കിടയിലൂടെ കുറച്ച് അടി നടന്നു, അവിടെ അയാൾ എന്തോ ചീഞ്ഞളിഞ്ഞതായി കണ്ടെത്തി. ഒരു മാനിന്റെ വീർത്ത, അഴുകിയ ശവശരീരമാണ് അതെന്ന് അയാൾ കരുതി. അവൻ തന്റെ ട്രക്കിലേക്ക് മടങ്ങി, ഉച്ചഭക്ഷണം കഴിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തി.
ജൂലൈ 22 തിങ്കളാഴ്ച, സിയാറ്റിൽ ടൈംസ് ‘ടെഡ്’ എന്ന് പേരുള്ള ഒരു പുരുഷന്റെ ഒരു രേഖാചിത്രം പ്രസിദ്ധീകരിച്ചു, കഴിഞ്ഞ ആഴ്ച സമ്മാമിഷ് തടാകത്തിൽ നിന്ന് അപ്രത്യക്ഷമായ യുവതിയുമായി സംസാരിച്ച ആളുടെ രേഖാചിത്രമായിരുന്നു അത്. സാക്ഷികളുടെ മൊഴി അനുസരിച്ചാണ് അത് വരച്ചത്. 2 സംഭവങ്ങളിലുമായി ഏകദേശം എട്ടോളം പേർ അവനെ കണ്ടിരുന്നു. മാത്രവുമല്ല ടെഡ് എന്ന പേർ അവൻ പറയുകയും ചെയ്തു. അവൻ പറഞ്ഞ പേർ യഥാർത്ഥമാണോ എന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ഒരു കൊലയാളിയും അവന്റെ ശരിയായ പേർ വിളിച്ചു കൂവില്ലല്ലോ?

കിംഗ് കൗണ്ടി ഡിറ്റക്ടീവുകൾ, ഒടുവിൽ സംശയിക്കുന്നയാളേയും അവന്റെ കാറിനെയും കുറിച്ചുള്ള വിശദമായ വിവരണവുമായി അന്വേഷണത്തിനിറങ്ങി, സിയാറ്റിൽ പ്രദേശത്തുടനീളം ലുക്ക് ഔട്ട് നോട്ടീസുകൾ പതിപ്പിച്ചു. ഒരു സംയോജിത സ്‌കെച്ച് പ്രാദേശിക പത്രങ്ങളിൽ അച്ചടിക്കുകയും പ്രാദേശിക ടെലിവിഷൻ സ്റ്റേഷനുകളിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.
സമ്മമിഷ് തടാകത്തിൽ നിന്ന് ഏകദേശം നാല് മൈൽ അകലെയുള്ള പഴയ സൺസെറ്റ് ഹൈവേക്ക് വടക്കുള്ള ഒരു പഴയ ലോഗ്ഗിംഗ് റോഡിന് സമീപം എൽസി ഹാമ്മൺസ്, (36 വയസ് ), എൽസ റാങ്കിൻ (71 വയസ് ) എന്നിവർ വേട്ടയാടുകയായിരുന്നു. അവർ ഹാമൺസ് കാട്ടിലേക്ക് പോയി, അവിടെ അവൻ ഒരു മനുഷ്യന്റെ അസ്ഥികൂടവും രോമമില്ലാത്ത തലയോട്ടിയും കണ്ടു. അവർ തിടുക്കത്തിൽ ജീപ്പിലേക്ക് മടങ്ങി, പോരുന്ന വഴി അവിടെ റാങ്കിംഗിൽ രണ്ട് കൗമാരക്കാരുമായി സംസാരിച്ചു. ആദ്യം, ആരും അവരെ വിശ്വസിച്ചില്ല, പിന്നെ നാലുപേരും അവരോടൊപ്പം സൈറ്റിലേക്ക് പോയി, ആ ദൃശ്യം കണ്ട അവർ ഞടുങ്ങി, പെട്ടെന്ന് ആരും ചിരിച്ചില്ല. ശരീരങ്ങളിൽ കുറച്ച് മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ‘ഞങ്ങൾ കറുത്ത മുടിയുടെ കൂട്ടം കണ്ടെത്തി,’ അദ്ദേഹം പിന്നീട് പറഞ്ഞു. ‘ അത് പുതുമയുള്ളതും തിളക്കമുള്ളതുമായി കാണപ്പെട്ടു … ഏകദേശം രണ്ടടി നീളമുണ്ട്.’ ( ഡെനിസ് നസ്ലണ്ടിന്റെ മുടിയായിരുന്നു അത് . ) ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും അവർ 400 ഓളം തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
‘ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഒരു ശ്മശാനം, ഒരു കൊലയാളിയുടെ ഗുഹ കണ്ടെത്തി’ കെപ്പൽ പറഞ്ഞു.
സൈറ്റിൽ കുറച്ച് സുന്ദരമായ മുടി കണ്ടെത്തി, പക്ഷേ ജാനിസ് ഓട്ടിന്റെ തലയോട്ടി കാണാനുണ്ടായിരുന്നില്ല. ഒരു താടിയെല്ല് ലഭിച്ചു. കൂടാതെ, മൂന്നാമത്തെ ഒരു സ്ത്രീ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു, പക്ഷേ, അതിന്റെ തലയോട്ടി ഇല്ലായിരുന്നു. ( അന്ന് നിയമപാലകർക്ക് അത് ആരുടേതാണെന്ന് മനസ്സിലായില്ലെങ്കിലും, 1974 ജൂൺ 12-ന് രാത്രി വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് കാണാതായ ജോർഗൻ ഹോക്കിൻസിന്റെ അസ്ഥികളുടെ ഭാഗമായിരുന്നു മൂന്നാമത്തെ അസ്തികൾ എന്ന് പിന്നീട് വെളിപ്പെട്ടു.)
1974-ന്റെ ആദ്യ പകുതിയിൽ, വാഷിംഗ്ടൺ സ്റ്റേറ്റിൽ യുവതികൾ ഭയാനകമായ തോതിൽ അപ്രത്യക്ഷരായിക്കൊണ്ടിരുന്നെങ്കിലും അടുത്തുള്ള സ്‌റ്റേറ്റുകളിൽ അതൊരു വലിയ വാർത്തയായിരുന്നില്ല. ആ സമയത്ത്, കൊലയാളി സിയാറ്റിൽ പ്രദേശത്തെ കോളേജ് പെൺകുട്ടികളെ പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നതായി പോലീസും മാധ്യമങ്ങളും വിശ്വസിച്ചിരുന്നു. യൂട്ടാ 800 മൈലിലധികം അകലെയുള്ള ഒരു നഗരമായിരുന്നു. കൊലയാളി തന്റെ ശ്രമങ്ങൾ സിയാറ്റിലിൽ കേന്ദ്രീകരിക്കുകയാണെന്നാണ് ഡിറ്റക്ടീവുകൾ ധരിച്ചത്, ഒറിഗോണിലെ റോബർട്ട കാത്ലീൻ പാർക്കിന്റെ തിരോധാനവുമായി അവനെ ബന്ധിപ്പിക്കാൻ അവർ ആ കാലത്ത് മടിച്ചു. തൽഫലമായി, യൂട്ടായിലെ പൗരന്മാർക്ക് ആശങ്കയൊന്നും തോന്നിയില്ല. അവരുടെ മനസ്സിൽ ഇതൊരു വാഷിംഗ്ടൺ പ്രശ്‌നമായിരുന്നു.
പക്ഷേ അത് ഉടൻ മാറാൻ പോകുകയായിരുന്നു.
1974 സെപ്തംബർ 2-ന്, ടെഡ് ബണ്ടി സിയാറ്റിൽ വിട്ട് യൂട്ടാ സ്‌കൂൾ ഓഫ് ലോ യൂണിവേഴ്‌സിറ്റിയിൽ ചേരുന്നതിനായി സാൾട്ട് ലേക്ക് സിറ്റിയിലേക്ക് മാറി.

ബണ്ടിയുടെ പത്താമത്തെ ഇര – നാൻസി വിൽകോക്‌സ് ( Nancy Wilcox )
1974 ഒക്ടോബർ 2-ന് നാൻസി വിൽകോക്സ് തന്റെ സ്‌കൂൾ വിട്ട് ഒരു പായ്ക്കറ്റ് ചൂയിംഗം വാങ്ങാൻ പോയി. സ്‌കൂൾ വിട്ടതിന് തൊട്ടുപിന്നാലെ മഞ്ഞ നിറത്തിലുള്ള ഫോക്‌സ്‌വാഗൺ ബഗിന്റെ പാസഞ്ചർ സീറ്റിൽ നാൻസിയെ കണ്ടതായി സ്‌കൂളിന് സമീപത്തെ ചില വ്യക്തികൾ അറിയിക്കുന്നു. നാൻസിയുടെ ഏതെങ്കിലും അടയാളം ആരെങ്കിലും അവസാനമായി കണ്ടത് അതാണ്.

ബണ്ടിയുടെ പതിനൊന്നാമത്തെ ഇര – മെലിസ സ്മിത്ത് ( Melissa Anne Smith )
1974 ഒക്ടോബർ 18 ന്, സീരിയൽ കില്ലർ ടെഡ് ബണ്ടി 17 വയസ്സുള്ള മെലീസ സ്മിത്തിനെ യൂട്ടായിലെ മിഡ്‌വെയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. മിഡ്‌വെയ്ൽ പോലീസ് മേധാവി ലൂയിസ് സ്മിത്തിന്റെ മകളായിരുന്നു മെലീസ. വളരെ ജാഗ്രതയുള്ള പെൺകുട്ടിയായിരുന്നു അവൾ.
മിഡ്‌വെയ്ൽ തന്നെ ഒരു ചെറിയ മോർമോൺ പട്ടണമായിരുന്നു, വളരെ ശാന്തമായിരുന്നു അവിടം, അവളുടെ പിതാവ് തന്റെ കുട്ടികളെ കുറിച്ച് വേവലാതിപ്പെടുകയും സുരക്ഷിതത്വത്തെക്കുറിച്ച് ബോധവതികളായിരിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും, അവർക്ക് പരിചിതവും, തിരക്കില്ലാത്തതുമായ സ്ഥലത്ത് മെലീസയ്ക്ക് ഭയമൊന്നും ഉണ്ടായിരുന്നില്ല.
നാൻസി വിൽകോക്‌സ് അടുത്തുള്ള നഗരമായ ഹോളഡേയിൽ നിന്ന് അപ്രത്യക്ഷ്യയായി പതിനാറ് ദിവസങ്ങൾക്ക് ശേഷമാണ് മെലീസായുടെ കൊലപാതകം നടന്നത്.

ബണ്ടിയുടെ പന്ത്രണ്ടാമത്തെ ഇര – ലോറ ആൻ എയ്മി ( Laura Ann Aime )
ലോറ എവിടെയാണെന്നോ എവിടേക്കാണ് പോകുന്നതെന്നോ കൃത്യമായി അറിയില്ലെങ്കിലും, ടെഡ് ബണ്ടി തന്റെ ഫോക്‌സ്‌വാഗൺ ബീറ്റിൽ അവളെ തട്ടിക്കൊണ്ടുപോയതായി കരുതുന്നു. ലേഹിയിൽ നിന്ന് ഏകദേശം 30 മിനിറ്റ് അകലെയുള്ള സാൾട്ട് ലേക്ക് സിറ്റിയിലാണ് ബണ്ടി അന്ന് താമസിച്ചിരുന്നത്. ലോറയുടെ അക്രമി അവളെ മർദിക്കുകയും ബലാത്സംഗം ചെയ്യുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 1989 ൽ സീരിയൽ കില്ലർ ടെഡ് ബണ്ടി കുറ്റം നിഷേധിക്കാതെ പരോക്ഷമായി കുറ്റസമ്മതം നടത്തി.
ബണ്ടിയുടെ പതിമൂന്നാമത്തെ ഇര – കരോൾ ഡിറോഞ്ച്
( Carol DaRonch )
കരോൾ ഡിറോഞ്ചിന്റെ തട്ടിക്കൊണ്ടുപോകലും രക്ഷപെടലും
1974 നവംബർ 8
വൈകുന്നേരം 6 മണിക്ക് ശേഷം, പതിനെട്ടുകാരിയായ കരോൾ ഡാറോഞ്ച് അവളുടെ കസിൻസിനെ കാണാൻ ഫാഷൻ പ്ലേസ് മാളിന്റെ തെക്കുപടിഞ്ഞാറൻ സ്ഥലത്ത് കാർ പാർക്ക് ചെയ്തു. അവൾ വളരെ ശ്രദ്ധേയയായ ഒരു പെൺകുട്ടിയായിരുന്നു, വലിയ കരിനീല കണ്ണുകളും, നീണ്ട ഇരുണ്ട മുടിയും, മനോഹരമായ ചുണ്ടുകളും ആയിരുന്നു അവൾക്കുണ്ടായിരുന്നത്. അവൾ വീട്ടിൽ താമസിച്ച് മൗണ്ടൻ ബെൽ ടെലിഫോൺ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

2 വർഷം മുമ്പാണ് മാൾ തുറന്നത്, മുറേ പട്ടണത്തിലെ ചെറുപ്പക്കാർക്കുള്ള ഒരു ജനപ്രിയ ഹാംഗ്ഔട്ടായിരുന്നു ഇത്. മാളിൽ ആയിരിക്കുമ്പോൾ, അവൾ ചില കസിൻസിന്റെ അടുത്ത് സംസാരിക്കാനായി സ്വൽപ്പ സമയം ചിലവഴിച്ചു, അതുകഴിഞ്ഞ് അവൾ ഒരു പുസ്തകം വാങ്ങാനായി വാൾഡൻസ് ബുക്‌സിലേക്ക് പോയി.
അവൾ ചില പുസ്തകങ്ങൾ നോക്കിക്കൊണ്ടിരിക്കെ പോലീസ് ഓഫീസറാണെന്ന് അവകാശപ്പെട്ട് ഒരു ചെറുപ്പക്കാരൻ അവളെ സമീപിച്ചു. ഓഫീസർ ”റോസ്‌ലാൻഡ്” ആണെന്ന് സ്വയം പരിചയപ്പെടുത്തി അയാൾ പോലീസ് ഓഫീസറുടെ വേഷമാണ് ധരിച്ചിരുന്നത്. കൂടാതെ ഒരു ഓവർകോട്ടും ഉണ്ടായിരുന്നു.
സിയേഴ്‌സിന് സമീപം അവൾ കാർ പാർക്ക് ചെയ്തിരുന്നോ എന്ന് അവൻ ചോദിച്ചു, അവൾ ചെയ്തിരുന്നു എന്ന് പറഞ്ഞു.
അവൻ അവളുടെ ലൈസൻസ് നമ്പർ ചോദിച്ചു, അവൾ അവനത് കാണിച്ചുകൊടുത്തു.
അവളുടെ കാറിൽ ആരോ മോഷണത്തിന് ശ്രമിച്ചെന്നും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വന്ന് നോക്കണം എന്നും ആവശ്യപ്പെട്ടു
ചെറുപ്പക്കാരനായ അയാൾ കരോൾ ഡാറോഞ്ചിനെ എങ്ങനെ കണ്ടെത്തിയെന്ന് പോലും അവൾ അപ്പോൾ ചിന്തിച്ചില്ല.
അയാൾ ഒരു സെക്യൂരിറ്റി ഗാർഡോ, പോലീസ് ഓഫീസറോ ആണെന്ന് അവളെ തോന്നാൻ പ്രേരിപ്പിക്കുന്ന ഒരു സാഹചര്യമായിരുന്നു അപ്പോൾ അവിടെ ഉണ്ടായിരുന്നത്. അതിനാൽ അവൾ കെട്ടിടത്തിന് പുറത്തേക്ക് നിശബ്ദമായി അവനെ പിന്തുടർന്നു.
അവർ അവളുടെ കാറിൽ എത്തിയപ്പോൾ, എല്ലാം സാധാരണ പോലെ കാണപ്പെട്ടു. ആ സമയം അവൾ കാറിനുള്ളിലേയ്ക്ക് കുനിഞ്ഞ് നോക്കണം എന്നും, അടുത്തു പോയി നോക്കണം എന്നും അയാൾ ആഗ്രഹിച്ചതായി അവൾക്ക് തോന്നി. എന്നാൽ അവൾ അതിന് മുതിർന്നില്ല.

ഒന്നും മോഷണം പോയിട്ടില്ല എന്നവൾ പറഞ്ഞപ്പോൾ, ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് റിപ്പോർട്ട് നൽകുവാൻ മാളിനെതിർവശത്തുള്ള പോലീസ് സബ്‌സ്റ്റേഷനിലേക്ക് പോകണമെന്ന് അയാൾ നിർബന്ധിച്ചു.
മനസില്ലാമനസോടെ അവൾ അവനോടൊപ്പം അയാൾ പറഞ്ഞ കെട്ടിടത്തിനടുത്തെത്തി. ( അത് യഥാർത്ഥത്തിൽ ഒരു അലക്കുശാലയായിരുന്നു ) പക്ഷേ അയാൾ ഒരു പോലീസ് സബ്‌സ്റ്റേഷനാണെന്ന് തറപ്പിച്ചു പറഞ്ഞു. അവൻ അലക്കുശാലയുടെ വാതിലിൽ മുട്ടി, പക്ഷേ പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് അവർ നിരവധി മൈലുകൾ അകലെയുള്ള പ്രധാന പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ടിവരുമെന്ന് അയാൾ കരോളിനോട് പറഞ്ഞു.
ഒരു പോലീസ് കാറിന് പകരം തന്റെ ഫോക്‌സ് വാഗൺ ബീറ്റിൽ കയറാൻ അയാൾ അവളോട് ആവശ്യപ്പെട്ടപ്പോൾ കരോളിന് സംശയം തോന്നി. മാത്രവുമല്ല ആ വാഹനത്തിന് നമ്പർ പ്ലേറ്റും ഇല്ലായിരുന്നു. പക്ഷേ നമ്പർ പ്ലേറ്റില്ലാത്ത വാഹനം ഒരു പോലീസുകാരൻ ഓടിക്കുമോ എന്ന ചിന്ത അവൾക്ക് അപ്പോൾ മനസിലുദിച്ചില്ല.
നിങ്ങൾ പോലീസ് ആണ് എന്നതിന്റെ തെളിവ് എന്തെങ്കിലും കാണിക്കാമോ എന്ന് ചോദിച്ചപ്പോൾ, അയാൾ ഒരു ബാഡ്ജ് പോക്കറ്റിൽ നിന്നും എടുത്ത് വേഗത്തിൽ അവളെ കാണിച്ചു. ( അവൾക്ക് അത് എന്താണെന്ന് മനസിലാക്കാൻ സാധിക്കുന്നതിലും പെട്ടെന്ന് അവനത് തിരികെ പോക്കറ്റിലും ഇട്ടു.)
ബാഡ്ജ് കണ്ടപ്പോൾ അവൾക്ക് സമാധാനമായി. അവൾ കാറിൽ കയറി. മഫ്തിയിലുള്ള പോലീസുകാരനാണെന്ന് അവളെ ധരിപ്പിക്കാൻ അയാൾക്ക് സാധിച്ചു.







കാറിന്റെ ഉള്ളിൽ നിലത്ത് അതുമിതുമെല്ലാം ചിതറിക്കിടന്നിരുന്നു. അവളുടെ സൈഡിൽ ഡോറിന് ഹാൻഡിൽ ഇല്ലായിരുന്നു. ആ കാറിന്റെ പിൻ സീറ്റുകളിലെ ചാരുന്ന ഭാഗത്ത് കുഷ്യന്റെ റെക്‌സിൻ കീറിയിരുന്നു. കൂടാതെ വാഹനത്തിന്റെ സമീപത്ത് വന്നപ്പോൾ അതിന്റെ മുൻവശത്തും, ഡോറിന്റെ സൈഡിലും തുരുമ്പുണ്ടായിരുന്നതും അവൾ ശ്രദ്ധിച്ചിരുന്നു.
വാഹനത്തിൽ കയറി ഇരുന്നപ്പോൾ അവൾക്ക് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടു. അപ്പോൾ അവൾക്ക് കൂടുതൽ സംശയമായി. സീറ്റുബെൽറ്റ് ഇടാൻ അയാൾ പറഞ്ഞപ്പോൾ അവൾ അത് ഇടാൻ വിസമ്മതിച്ചു, കൂടാതെ കാറിൽ നിന്നും പുറത്ത് ചാടാൻ ശ്രമിച്ചു; പക്ഷേ അപ്പോഴേക്കും അയാൾ കാർ ഓടിച്ചു പോയി. പോലീസ് സ്‌റ്റേഷന്റെ ഭാഗത്തേയ്ക്ക് പോകണ്ടതിനു പകരം അയാൾ എതിർ ദിശയിലേയ്ക്കാണ് വാഹനം ഓടിച്ചത്. അയാൾ പോയിരുന്നത് ഒരു സൈഡ് റോഡിലൂടെയായിരുന്നു. അര മൈൽ പോയപ്പോൾ ഒരു എലിമെന്റ്‌റി സ്‌ക്കൂളിനടുത്തായി അയാൾ വാഹനം നിർത്തി; അതിനുശേഷം ഒരു കൈവിലങ്ങ് അവളെ ഇടുവാൻ ശ്രമിച്ചു.

അവൾ ശക്തമായി എതിർത്തു. ഒരു കൈയ്യിൽ മാത്രമേ കൈവിലങ്ങിടുവാൻ അയാൾക്ക് സാധിച്ചുള്ളൂ. ( മറ്റൊരിടത്ത് പറയുന്നത് ഒരേ കൈയ്യിലാണ് രണ്ട് വിലങ്ങും ഇട്ടത് എന്നാണ്. ) അവൾ അവന്റെ നാഭിക്ക് ചവിട്ടുകയും മാന്തുകയും ചെയ്തു. ( അവൾക്ക് മൂർച്ചയുള്ള നീണ്ട നഖങ്ങൾ ഉണ്ടായിരുന്നു. ) അവന്റെ ദേഹത്ത് പലയിടത്തും മുറിവുപറ്റി.
കൈവിലങ്ങിടുവാൻ കഴിയാതെ വന്നപ്പോൾ അയാൾ ഒരു തോക്ക് പുറത്തെടുത്തു. ‘നിന്റെ തല ഞാൻ പൊട്ടിത്തെറിപ്പിക്കും’ എന്ന് ആക്രോശിച്ചു. പക്ഷേ അതൊന്നും അവളെ തടയാൻ പര്യാപ്തമായില്ല. അവൾ ഭീകരമായി ഭയപ്പെട്ട് ഹിസ്റ്റീരിയ പിടിച്ചതുപോലെ അവനെ നേരിട്ടുകൊണ്ടിരുന്നു. തന്റെ മാതാപിതാക്കൾ തനിക്കെന്താണ് സംഭവിച്ചത് എന്ന് ഒരിക്കലും അറിയില്ല എന്ന് അവൾ ചിന്തിച്ചു.
ആ സംഘട്ടത്തിനിടയിൽ വാതിൽ തുറന്ന് അവൾ പുറത്തെ നനഞ്ഞ മണ്ണിൽ വീണു. അവൾ ചാടി എഴുന്നേറ്റ് ഓടാൻ തുടങ്ങി, അപ്പോൾ അതേ വാതിലിലൂടെ തന്നെ അയാളും ഒരു ഇരിമ്പുലിവറുമായി ( ക്രോബാർ ) അവളെ ആക്രമിക്കാൻ പുറത്തുവന്നു. അവർ പിന്നെയും യുദ്ധത്തിലേർപ്പെട്ടു. അവളുടെ നഖങ്ങൾ എല്ലാം ഒടിഞ്ഞു. എന്നാൽ ഭാഗ്യവശാൽ അവളെ പരിക്കേൽപ്പിക്കാൻ അയാൾക്ക് സാധിച്ചില്ല. അയാളുടെ നിർജ്ജീവമായ കണ്ണുകൾ അവൾ ശ്രദ്ധിച്ചു. ആ സമയത്ത് ഒരു വാഹനം എതിരെ വന്നു. അയാളിൽ നിന്നും രക്ഷപെട്ടോടുന്ന അവൾക്ക് ആ വാഹനം നിർത്താൻ സാധിച്ചു. ആ സമയത്തും അവളുടെ ഒരു കൈയ്യിൽ ആ വിലങ്ങ് തൂങ്ങിക്കിടന്നിരുന്നു. ഒരു പ്രായമായ ദമ്പതികളാണ് അതിൽ ഉണ്ടായിരുന്നത്. അവർ അവളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

അവിടെ അവൾ ഒരു മൊഴി നൽകി, അവന്റെ വാഹനത്തിന്റേയും വിവരണങ്ങൾ ഭാഗീകമായി നൽകാൻ കഴിഞ്ഞു. എന്നാൽ ”റോസ്‌ലാൻഡ്” എന്ന പേരിൽ ആരും അവിടെ ജോലി ചെയ്തിരുന്നില്ല. ഒരു മണിക്കൂർ മുമ്പ് ഡാറോഞ്ച് അവളുടെ ജീവനുവേണ്ടി മല്ലിട്ട സ്ഥലത്തേക്ക് ഉടൻ തന്നെ പോലീസിനെ അയച്ചു, പക്ഷേ ആ ഭ്രാന്തൻ വളരെ മുമ്പേ തന്നെ അപ്രത്യക്ഷനായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ കോട്ടിൽ നിന്ന് ഒരു രക്തഗ്രൂപ്പ് ലഭിച്ചു. ആക്രമണത്തിനിടയിൽ നഖങ്ങൾകൊണ്ടുള്ള പരിക്കേറ്റ് അയാളുടെ രക്തം ഡറോഞ്ചിന്റെ കോട്ടിൽ പറ്റിയതാണെന്ന് പോലീസ് അനുമാനിച്ചു. പോലീസിനെ സംബന്ധിച്ചിടത്തോളം സീരിയൽ കൊലപാതകിയെ വിവരിക്കാൻ കഴിയുന്ന യഥാർത്ഥ സാക്ഷിയായിരുന്നു അവൾ. ആദ്യമായി ആക്രമിക്കപ്പെട്ട കരേൻ സ്പാർക്‌സിന് തലക്കേറ്റ ക്ഷതം കാരണം അവളെ ആക്രമിച്ചത് ആരാണെന്ന് അറിയാമായിരുന്നില്ല.
( 40 വർഷങ്ങൾക്ക് ശേഷം മറ്റൊരു യുവതിയും ആ കാലത്ത് ആക്രമണത്തിൽ നിന്നും രക്ഷപെട്ട കഥ വെളിപ്പെടുത്തി. അപ്പോഴേക്കും ബണ്ടി മണ്ണോട് മണ്ണടിഞ്ഞിരുന്നു. അന്നവർ അത് വെളിപ്പെടുത്തിയിരുന്നെങ്കിൽ നിരവധിയുവതികളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.)

ബണ്ടിയുടെ പതിനാലാമത്തെ ഇര – ഡെബി കെന്റ് ( Debra Jean Kent )
കാറോൾ ഡിറോഞ്ചിനെ ആക്രമിക്കാൻ ശ്രമിച്ച ബണ്ടി അവിടെ നിന്നും രക്ഷപെട്ട ശേഷം രാത്രിയിൽ നാടകം നടക്കുന്ന സ്‌ക്കൂളിന്റെ പാർക്കിങ്ങ് ലോട്ടിൽ വരികയും ഡെബി കെന്റിനെ എങ്ങിനെയോ ആകർഷിച്ച് അവന്റെ വാഹനത്തിന്റെ അടുത്തുവരെ എത്തിക്കുകയും, ശേഷം ക്രോബാർ ഉപയോഗിച്ച് തലക്കടിച്ചു വീഴ്ത്തി കാറിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു എന്ന് കരുതപ്പെടുന്നു. അവസാനകാലത്തെ വെളിപ്പെടുത്തലിൽ ബണ്ടി അവളുടെ കൊലപാതകം സമ്മതിച്ചു. അയാൾ കൂടുതൽ വിവരങ്ങൾ ഒന്നും നൽകിയില്ല.

ബണ്ടിയുടെ പതിനഞ്ചാമത്തെ ഇര – കരീൻ കാംബെൽ ( Caryn Eileen Campbell )
കൊളറാഡോയിലെ വൈൽഡ് വുഡ് ഇന്ന് എന്ന ഹോട്ടലിൽ ഭാവി ഭർത്താവിനോടും, അദ്ദേഹത്തിന്റെ കുട്ടികളോടും ഒപ്പം സമയം ചിലവഴിച്ചിരുന്ന കരീൻ കാംബെൽ ഒരു മാഗസിനെടുക്കാൻ തന്റെ റൂമിലേയ്ക്ക് പോകുന്ന വഴി കോറിഡോറിൽ വച്ച് ബണ്ടി തട്ടിക്കൊണ്ടു പോയി എന്നു കരുതപ്പെടുന്നു. 1975 ജനുവരി 12 ആയിരുന്നു ഈ സംഭവം നടന്നത്. ഏതാണ്ട് ഒരു മാസത്തിനുശേഷം, അവൾ അപ്രത്യക്ഷയായ സ്ഥലത്ത് നിന്ന് കുറച്ച് മൈലുകൾ അകലെ, ഒരു വിനോദ സഞ്ചാരി, റോഡിൽ നിന്ന് കുറച്ച് ദൂരെ കിടക്കുന്ന കാരന്റെ നഗ്‌നശരീരം കണ്ടെത്തി.
തിയഡോർ റോബർട്ട് ബണ്ടി പോലീസിന്റെ ലിസ്റ്റിൽ വരുന്നു.
പലപ്പോഴും ഇത്രയുമൊക്കെ ആയിട്ടും ബണ്ടി എന്തുകൊണ്ട് പോലീസിന്റെ പിടിയിൽ മുന്നേ ആയില്ല എന്ന് വായിക്കുന്നവർക്ക് സ്വാഭാവീകമായും തോന്നാം. അതിനുള്ള കാരണങ്ങൾ ഇനി പറയുന്നു.
1) അയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നത് വിവിധ സ്‌റ്റേറ്റുകളിലായിരുന്നു.
2) സാധാരണ ഒരു കൊലപാതകം പോലെ മൃതദേഹം ഉപേക്ഷിച്ചിട്ട് പോകുന്നില്ലാത്തതിനാൽ, ശവശരീരങ്ങളിൽ നിന്നും തെളിവു കിട്ടാൻ സാധ്യതയില്ലാതെ വന്നു.
3) കാണാതായ പെൺകുട്ടികൾ എല്ലാം അന്നത്തെ സാമൂഹീക സാഹചര്യം അനുസരിച്ച് വീടുവിട്ട് പോകുകയോ, കാമുകനോടൊപ്പം പോകുകയോ ചെയ്തു എന്ന് കരുതപ്പെട്ടു.
4) കാണാതായ സമയവും മൃതദേഹങ്ങൾ ലഭിച്ച സമയവും തമ്മിൽ ക്രമമായ ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നില്ല, അതായത് അഞ്ചാമത് കാണാതായ ആളുടെ മൃതദേഹം ആദ്യവും, ആദ്യം കാണാതായ ആളുടെ മൃതദേഹം മൂന്നാമതും എന്ന രീതിയിൽ ക്രമരഹിതമായി കണ്ടുകിട്ടിയതിനൊപ്പം തന്നെ പലരുടേയും ശരീരങ്ങൾ തിരിച്ചറിയാനാകാഞ്ഞതും ഒരു സീരിയൽ കില്ലറിന്റെ കൈകൾ പിന്നിലുണ്ട് എന്നത് മനസിലാക്കിവരുവാൻ പോലീസിന് താമസം നേരിട്ടു.
5) ആ കാലഘട്ടത്തിൽ സമാനമായ മറ്റ് സീരിയൽ കൊലപാതകികളും ഉണ്ടായിരുന്നു. അതിനാൽ കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സൂചനകൾ അന്വേഷകരെ വഴിതെറ്റിക്കുന്നവയായിരുന്നു.
6) ബണ്ടിയെ നേരിട്ട് കേസിലേക്ക് ബന്ധിപ്പിക്കുന്ന തെളിവുകൾ ഇല്ലായിരുന്നു. അതായത് , അയാൾ എപ്പോഴും കൈയ്യുറ ധരിച്ചിരുന്നു. അവന്റെ കൈയ്യിൽ നിന്നും ഒരു വസ്തുവും ഉപേക്ഷിക്കപ്പെട്ടതായി സംഭവ സ്ഥലത്തു നിന്നും ലഭിച്ചില്ല. ഒരു ആയുധവും കണ്ടെടുക്കപ്പെട്ടില്ല. മദ്യപിച്ചിരുന്നിട്ടു പോലും ഇതു പോലുള്ള സൂഷ്മമായ കാര്യങ്ങളിൽ ബണ്ടി ശ്രദ്ധവച്ചതിനാൽ അന്വേഷകർ എല്ലാ കേസിലും തമ്മിലൊരു ബന്ധം കാണാൻ ബുദ്ധിമുട്ടി. മാത്രവുമല്ല അവൻ എപ്പോൾ എങ്ങിനെ എവിടെ വച്ച് തട്ടിക്കൊണ്ട് പോകൽ നടത്തി എന്ന കൃത്യമായ സ്‌പോട്ട് അന്വേഷകർക്ക് കിട്ടിയിരുന്നില്ല. സമയം, സ്ഥലം ഇവ രണ്ടും ദുരൂഹമായതിനാൽ “ആ സമയത്ത് ആ സ്ഥലത്തുണ്ടായിരുന്ന ഇന്ന ആൾ” എന്ന് നിർവ്വചിക്കാൻ സാധിച്ചില്ല.
7) നല്ല റോഡുകളും, അത്യാധുനീക വാഹനങ്ങളും ഉള്ള ഇന്നത്തെ കാലത്തു പോലും ആളുകൾ ഡ്രൈവ് ചെയ്യാൻ മടിക്കുന്ന ധീർഘങ്ങളായ ദൂരമാണ് ബണ്ടി കവർ ചെയ്തുകൊണ്ടിരുന്നത്. അതും പലപ്പോഴും മൃതദേഹവും വഹിച്ചുകൊണ്ട്, ഇത് സാമാന്യബുദ്ധിക്ക് നിരക്കുന്ന കാര്യമായിരുന്നില്ല. എന്നാൽ ബണ്ടിയെ സംബദ്ധിച്ചിടത്തോളം അവന്റെ ഇര എന്നത് അവന്റെ ഒരു കൈവശാവകാശ വസ്തു പോലെയായതിനാൽ അവന് ഈ ദൂരങ്ങൾ തളർച്ച ഉണ്ടാക്കിയില്ല.
8) സാധാരണ ലൈംഗീക കുറ്റവാളികൾ ഇരകളെ ബലാത്സംഗം ചെയ്ത ശേഷം തെളിവു നശിപ്പിക്കാനാണ് കൊന്നിരുന്നത്, മറിച്ച് ബണ്ടിക്കാവശ്യം മൃതദേഹങ്ങൾ ആയിരുന്നു. അതിനാൽ തന്നെ യാതൊരു ശബ്ദവും കൂടാതെ ഇരകളെ കൊന്ന് വാഹനത്തിൽ കയറ്റാൻ അവന് നിഷ്പ്രയാസം സാധിച്ചു. തലയ്ക്കുള്ള ഒറ്റ അടിമാത്രമേ അതിന് വേണ്ടിവന്നുള്ളൂ, ഈ കാരണത്താൽ രക്തത്തിന്റെ സാന്നിദ്ധ്യം ഇല്ലാതെ വരികയും സംഭവസ്ഥലം മനസിലാക്കാൻ കഴിയാതേയും വന്നു. എന്തിന് കൊല്ലുന്നു എന്നത് പോലും സംശയസ്പദമായിരുന്നു.
1974 നവംബറിൽ, എലിസബത്ത് ക്ലോഫർ കിംഗ് കൗണ്ടി ഡിറ്റക്ടീവുകളെ രണ്ടാമതും ബന്ധപ്പെട്ടു, തന്റെ കാമുകൻ ടെഡിന് എങ്ങനെയെങ്കിലും യുവതികളുടെ തിരോധാനത്തിൽ പങ്കുണ്ടായിരിക്കുമോ എന്ന ഭയത്തെക്കുറിച്ച് അവരുമായി സംസാരിക്കാൻ ആയിരുന്നു അത്. ഡിസംബറിൽ ബണ്ടി ക്രിസ്മസ് കാലയളവിൽ കൊളറാഡോയിലെ ആസ്പനിലേക്ക് ഒരു സ്‌കീയിംഗ് യാത്രയ്ക്ക് പോയി, എലിസബത്ത് തന്റെ സംശയങ്ങൾ സാൾട്ട് ലേക്ക് സിറ്റി കൗണ്ടി ഷെരീഫിന്റെ ഓഫീസുമായി പങ്കിടാൻ തീരുമാനിച്ചു. തൽഫലമായി, ടെഡ് ബണ്ടിയുടെ പേര് അവരുടെ സംശയാസ്പദമായ പ്രതികളുടെ പട്ടികയിൽ ചേർത്തു. ഈ സമയത്ത് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ളവരുടേയും, പൊതുജനം സൂചന നൽകിയ ആളുകളുടേയും ഒരു നീണ്ട ലിസ്റ്റ് വാഷിംഗ്ടണിൽ അന്വേഷകർ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. കിംഗ് കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഡിറ്റക്ടീവുകളിൽ നിന്ന് കാര്യമായ സംശയം തോന്നിയ ടെഡ് ബണ്ടി എന്നായിരുന്നു അത്തരത്തിലുള്ള ഒരു പേര്.

ബണ്ടിയുടെ പതിനാറാമത്തെ ഇര – ജൂലി കണ്ണിങ്ങ്ഹാം
( Julie Cunningham )
1975 മാർച്ച് 15 ന് കൊളറാഡോയിലെ വെയ്‌ലിൽ (Vail) വെച്ചാണ് 26 കാരിയായ ജൂലി കന്നിംഗ്ഹാമിനെ അവസാനമായി കണ്ടത്. ജൂലി ഭക്ഷണശാലയിലേക്ക് പോകുന്നവഴി ക്രച്ചസ് ഊന്നി പരിക്കേറ്റ സ്‌ക്കീയറായി ബണ്ടി അഭിനയിച്ചു. അവന്റെ ബൂട്ടുകൾ കാറിലേയ്ക്ക് കൊണ്ടുപോകാനായി അവൻ അവളുടെ സഹായം ചോദിച്ചു. അവർ തമ്മിൽ സൗഹൃദസംഭാഷണങ്ങളും നടത്തി. കാറിനടുത്തെത്തിയപ്പോൾ ബണ്ടി എല്ലായ്‌പ്പോഴും ചെയ്യുന്നതു പോലെ അവളുടെ തലക്കടിച്ച് വീഴിച്ച് കാറിനകത്ത് കയറ്റി ഓടിച്ചു പോയി. അവളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.

ബണ്ടിയുടെ പതിനേഴാമത്തെ ഇര – ഡെന്നീസ് ഒളിവേർസൺ ( Denise Lynn Oliverson )
ജൂലി കണ്ണിങ്ങ്ഹാമിനെ കാണാതായി ഒരു മാസത്തിനു ശേഷം ( ബണ്ടിയുടെ ഇതിനു മുന്നിലെ ഇര) 1975 ഏപ്രിൽ 6-ന് ഉച്ചകഴിഞ്ഞ്, അവൾ ഭർത്താവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു, ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ദേഷ്യപ്പെട്ട അവൾ തന്റെ 10 സ്പീഡുള്ള മഞ്ഞ സൈക്കിളുമായി അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി എന്ന് കരുതപ്പെടുന്നു. ഏപ്രിൽ 7 ന് ഡെനിസിനെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു, താമസിയാതെ അവളുടെ സൈക്കിൾ അവളുടെ വീട്ടിൽ നിന്ന് അധികം അകലെയല്ലാതെ ഒരു വയഡക്റ്റിന് ( റെയിൽവേ മേൽപ്പാലം ) താഴെ കണ്ടെത്തി. സീരിയൽ കില്ലർ ടെഡ് ബണ്ടി 1989 ലെ വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് ഒലിവർസന്റെ കൊലപാതകം സമ്മതിച്ചു. താൻ അവളെ തട്ടിക്കൊണ്ടുപോയി, തന്റെ കാറിൽ കയറ്റി യൂട്ടാ സ്റ്റേറ്റ് ലൈനിന് സമീപം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഗ്രാൻഡ് ജംഗ്ഷനിൽ നിന്ന് ഏകദേശം അഞ്ച് മൈൽ പടിഞ്ഞാറോട്ട് അയാൾ കാർ ഓടിച്ചു. അവളുടെ മൃതദേഹം കൊളറാഡോ നദിയിൽ ഉപേക്ഷിച്ചുവെന്ന് അവൻ പറയുന്നു.

ബണ്ടിയുടെ പതിനെട്ടാമത്തെ ഇര – മെലനീ കൂളി ( Melanie Cooley )
1975 ഏപ്രിൽ 15 ന് നെഡർലാൻഡ് ഹൈസ്‌കൂളിന് സമീപം ഒരു യാത്ര നടത്തിയപ്പോഴാണ് മെലാനി സൂസൻ കൂളിയെ അവസാനമായി കണ്ടത്. മെയ് 2 ന് അവളുടെ മൃതദേഹം കോൾ ക്രീക്ക് കാന്യോണിനടുത്തുള്ള ട്വിൻ സ്പ്രൂസ് റോഡിൽ റോഡ് അറ്റകുറ്റപ്പണി തൊഴിലാളികൾ കണ്ടെത്തി. ശീതീകരിച്ച് പൂർണ്ണമായും വസ്ത്രം ധരിച്ച നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ”അവളുടെ കൈകൾ ഒരു മഞ്ഞ നൈലോൺ ചരട് കൊണ്ട് മുന്നിൽ കെട്ടിയിരുന്നു. അവൾ ഒരു കല്ലുകൊണ്ട് പരിക്കേറ്റിരുന്നു; അവളുടെ കഴുത്തിൽ ഒരു വൃത്തികെട്ട തലയിണ കവർ ചുറ്റിയിരുന്നു. തലയ്‌ക്കേറ്റ അടിയും ശ്വാസംമുട്ടലും മൂലം അവൾ മരിച്ചു. അവളുടെ മുഖവും കല്ലുകൊണ്ട് പലതവണ ആക്രമിക്കപ്പെട്ടിരുന്നു. ഒരു കോൺടാക്റ്റ് ലെൻസ് നഷ്ടപ്പെട്ടു. ശരീരം വളരെ മോശം അവസ്ഥയിലായിരുന്നു. രണ്ടാഴ്ചയെങ്കിലും ആയിട്ടുണ്ടായിരുന്നു മൃതദേഹം കണ്ടെടുക്കുമ്പോൾ.

ബണ്ടിയുടെ പത്തൊമ്പതാമത്തെ ഇര – ലിനറ്റ് ഡോൺ കൾവർ ( Lynette Dawn Culver )
1975 മെയ് 5-ന്, ലിനറ്റ് അവളുടെ ഉച്ചഭക്ഷണ ഇടവേളയിൽ അലമേഡ ജൂനിയർ ഹൈ വിട്ടു. ആരോടും സ്‌കൂൾ വിടാനുള്ള കാര്യമൊന്നും അവൾ പറഞ്ഞിരുന്നില്ല, എന്നിരുന്നാലും ലിനറ്റിന് ക്ലാസ് കട്ട് ചെയ്യുന്ന ശീലം ഉണ്ടായിരുന്നതിനാൽ ഇത് സാധാരണമായിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് അവൾ എവിടെ പോയി എന്ന് അറിയില്ല, എന്നാൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവൾ ഹത്തോൺ ജൂനിയർ ഹൈയിൽ ഒരു ബസിൽ കയറുന്നത് ആരോ കണ്ടു. രണ്ട് മിഡിൽ സ്‌കൂളുകളും പരസ്പരം ഒരു മൈൽ അകലെയാണ്. പോക്കാറ്റെല്ലോയിൽ നിന്ന് ഏകദേശം പത്ത് മൈൽ വടക്കുള്ള ഫോർട്ട് ഹാളിലേക്കാണ് ബസ് പോയത്. എന്തുകൊണ്ടാണ് ലിനറ്റ് ഫോർട്ട് ഹാളിലേക്ക് പോയതെന്ന് അറിയില്ല. ഇതാണ് ലിനറ്റിന്റെ അവസാനമായ എന്തെങ്കിലും തെളിവ് കിട്ടിയിട്ടുളളത്. ലിനറ്റിന്റെ ഒരു അടയാളവും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോലീസ് ഇന്നും കോൾഡ് കേസായി ഇത് കണക്കാക്കുന്നു.

ബണ്ടിയുടെ ഇരുപതാമത്തെ ഇര – സൂസൻ കെർട്ടിസ് ( Susan Curtis )
ബ്രിഗാം യംഗ് യൂണിവേഴ്‌സിറ്റിയിലെ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ സൂസൻ കർട്ടിസ് തന്റെ സൈക്കിളിൽ ബൗണ്ടിഫുളിൽ നിന്ന് യൂട്ടയിലെ പ്രോവോയിലേക്ക് പോയിരുന്നു. 50 മൈൽ ദൂരം സൈക്കിൾ ചവിട്ടിയാണ് അവൾ പോയത്. 1975 ജൂൺ 27 ആയിരുന്നു സമ്മേളനത്തിന്റെ ആദ്യ ദിനം. കോൺഫറൻസ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഔപചാരിക ചടങ്ങിൽ അവൾ അന്ന് രാത്രി പങ്കെടുത്തു. നിലംമുട്ടുന്ന നീളമുള്ള മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് അവൾ ഈ അവസരത്തിൽ ധരിച്ചിരുന്നത്. പല്ലിൽ കമ്പിയിട്ടതിനാൽ, ചില സുഹൃത്തുക്കളോട് പല്ല് തേയ്ക്കാൻ മുറിയിലേക്ക് പോകുന്നു എന്ന് പറഞ്ഞതിന് ശേഷം അവൾ റൂമിലേയ്ക്ക് പോകുന്നതാണ് അവസാനമായി കണ്ടത്. പാർട്ടി നടന്ന ഹാളിൽ നിന്ന് കാൽ മൈൽ അകലെയായിരുന്നു അവളുടെ മുറി. പിന്നീട് അവളെക്കുറിച്ച് ഒരു വിവരവും ഉണ്ടായിട്ടില്ല.

ബണ്ടിയുടെ ഇരുപത്തിഒന്നാമത്തെ ഇര – ഷെല്ലി റോബർട്ട്സൺ
( Shelley Kay Robertson )
1975 ജൂണ്‍ 29 തിങ്കളാഴ്ച ഷെല്ലി റോബര്‍ട്ട്‌സണ്‍ അപ്രത്യക്ഷയായി. മാസങ്ങളോളം അവള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വേനല്‍ക്കാലം ഒന്നും പറയാതെ കടന്നുപോയി, ആ സുന്ദരി തനിയെ എവിടെയും പോയിട്ടില്ലെന്ന് അവര്‍ ഭയത്തോടെ മനസ്സിലാക്കിത്തുടങ്ങി. ജൂണ്‍ 30 നാണ് അവളെ അവസാനമായി സുഹൃത്തുക്കള്‍ കണ്ടതെന്ന് അവര്‍ തിരിച്ചറിഞ്ഞു, ജൂലൈ 1 ന്, ഒരു പോലീസുകാരന്‍ അവളെ ഒരു പെട്രോള്‍ സ്റ്റേഷനില്‍ വെച്ച് ഒരു പഴയ ട്രക്കില്‍ ഒരാളോടൊപ്പം കണ്ടതായി ശ്രദ്ധിച്ചിരുന്നു. ആഗസ്റ്റ് അവസാനത്തില്‍, ഗോള്‍ഡന് പുറത്തുള്ള മലനിരകളിലെ ബെര്‍തൗഡ് ചുരത്തിന് സമീപം രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ കാല്‍നടയാത്ര നടത്തി. അവര്‍ ഷെല്ലിയുടെ നഗ്‌നമായ, ജീര്‍ണിച്ച ശരീരം ഒരു മൈന്‍ഷാഫ്റ്റില്‍ കണ്ടെത്തി, അപ്പോള്‍ ഡക്റ്റ് ടേപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. അവളുടെ മരണത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. ശരീരം അഴുകിയതിനാല്‍ മരണകാരണം കണ്ടെത്താനായില്ല. മരിക്കുമ്പോള്‍ ഷെല്ലിക്ക് 24 വയസ്സായിരുന്നു.
അറസ്റ്റും തടവും
1975 ഓഗസ്റ്റ് 16-ന്, പുലര്‍ച്ചെ 2:30 ന് സര്‍ജന്റ് ബോബ് ഹേവാര്‍ഡ് സാള്‍ട്ട് ലേക്ക് കൗണ്ടിക്ക് പുറത്തുള്ള ഒരു പ്രദേശത്ത് പട്രോളിംഗ് നടത്തുമ്പോള്‍, സംശയാസ്പദമായ ഒരു ടാന്‍ ഫോക്‌സ്‌വാഗണ്‍ ബഗ് അവനെ കടന്നുപോകുന്നത് കണ്ടു. അയല്‍പക്കത്തെയും അവിടെ താമസിക്കുന്ന മിക്കവാറും എല്ലാ താമസക്കാരെയും അയാള്‍ക്ക് നന്നായി അറിയാമായിരുന്നു, മുമ്പ് അവിടെ ടാന്‍ ഫോക്‌സ്‌വാഗണ്‍ കണ്ടതായി അദ്ദേഹത്തിന് ഓര്‍മ്മയില്ലായിരുന്നു. ഫോക്‌സ്‌വാഗണ്‍ ന്റെ ലൈസന്‍സ് പ്ലേറ്റ് നന്നായി കാണുന്നതിന് അദ്ദേഹം ലൈറ്റുകള്‍ ഇട്ടപ്പോള്‍, ബഗിന്റെ ഡ്രൈവര്‍ തന്റെ ലൈറ്റുകള്‍ ഓഫ് ചെയ്ത് വേഗത്തില്‍ ഓടിക്കാന്‍ തുടങ്ങി.
ഉടന്‍ തന്നെ സര്‍ജന്റ് ഹേവാര്‍ഡ് വാഹനത്തെ പിന്തുടരാന്‍ തുടങ്ങി. കാര്‍ രണ്ട് സ്റ്റോപ്പ് അടയാളങ്ങളിലൂടെ കുതിച്ചു, ഒടുവില്‍ അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് നീങ്ങി. ഹേവാര്‍ഡ് അശ്രദ്ധമായി വാഹനമോടിക്കുന്ന ആ ഡ്രൈവറുടെ പുറകില്‍ വാഹനം നിര്‍ത്തി. കാറില്‍ നിന്ന് ഇറങ്ങി ആള്‍ പോലീസ് കാറിനടുത്തേക്ക് വരുന്നത് നോക്കിനിന്നു. ഹേവാര്‍ഡ് യുവാവിനോട് രജിസ്‌ട്രേഷനും ലൈസന്‍സും ആവശ്യപ്പെട്ടു. അയാള്‍ അവ പോലീസിന് നല്‍കി.
എന്തുകൊണ്ടാണ് ഇത്രയും വൈകി വാഹനമോടിച്ചതെന്ന് എന്ന് ചോദിച്ചപ്പോള്‍, താന്‍ റെഡ്വുഡ് ഡ്രൈവ്-ഇന്നില്‍ ടവറിംഗ് ഇന്‍ഫെര്‍നോ കാണാനായിരുന്നുവെന്നും വഴി തെറ്റിയപ്പോള്‍ വീട്ടിലേക്കുള്ള യാത്രയിലായിരുന്നുവെന്നും ബണ്ടി മറുപടി പറഞ്ഞു. അപ്പോള്‍ തന്നെ മറ്റ് രണ്ട് പോലീസുകാര്‍ ടാന്‍ ഫോക്‌സ്‌വാഗണ്‍ന് പിന്നില്‍ വന്നുകഴിഞ്ഞിരുന്നു. ബണ്ടിയുടെ കാറിലെ യാത്രക്കാരുടെ സീറ്റ് നഷ്ടപ്പെട്ടതായി ഹേവാര്‍ഡ് ശ്രദ്ധിച്ചു.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനാല്‍ ബണ്ടിയുടെ അനുമതിയോടെ മൂന്ന് ഉദ്യോഗസ്ഥര്‍ വാഹനം പരിശോദിച്ചു. അവര്‍ കണ്ടെത്തിയ സാദനങ്ങള്‍ വിചിത്രമായവയായിരുന്നു. ഒരു കറുത്ത ഡഫിള്‍ ബാഗ്, ഒരു ക്രോബാര്‍, ഒരു ഫ്‌ളാഷ്‌ലൈറ്റ്, ഒരു സ്‌കീ-മാസ്‌ക്, ഒരു ജോടി കയ്യുറകള്‍, കയര്‍, ഒരു ജോടി കൈവിലങ്ങുകള്‍, വയര്‍, ഒരു സ്‌ക്രൂഡ്രൈവര്‍, ഒരു ഐസ് പിക്ക്, തുണിയുടെ സ്ട്രിപ്പുകള്‍, വലിയ പച്ച പ്ലാസ്റ്റിക് ബാഗുകള്‍, ഒരു പാന്റിഹോസ് മാസ്‌ക് എന്നിവയാണ് കാറില്‍ ഉണ്ടായിരുന്നത്. കൈവിലങ്ങും മറ്റും എന്തിനാണ് എന്ന് ചോദിച്ചതിന് ബണ്ടി പറഞ്ഞ മറുപടി അവ ലോ കോളേജില്‍ പഠിക്കുമ്പോള്‍ കുറ്റവാളികളെ അറസ്റ്റു ചെയ്യുന്നത് എങ്ങിനെയാണ് എന്ന് പഠിക്കുന്നതിനാണ് എന്നായിരുന്നു. സ്‌കീ മാസ്‌ക്ക് തണുപ്പടിക്കാതിരിക്കാനാണെന്നും പറഞ്ഞു. പക്ഷേ നിരവധി കുറ്റവാളികളെ കണ്ട് പരിചയമുള്ള പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് മേല്‍പ്പറഞ്ഞ വസ്തുവകകള്‍ എന്തിനായിരിക്കാം ഉപയോഗിക്കുക എന്ന ധാരണ ഉണ്ടായിരുന്നു. ആ സമയത്ത് തങ്ങള്‍ അന്വേഷിക്കുന്ന പരമ്പരകൊലയാളിയാണ് എന്ന് പൂര്‍ണ്ണ ബോധ്യം ഇല്ലായിരുന്നെങ്കിലും സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ക്ക് എന്തൊക്കെയോ സംശയങ്ങള്‍ തോന്നി. മോഷണക്കുറ്റം ആരോപിച്ച് അവര്‍ ബണ്ടിയെ ഉടന്‍ അറസ്റ്റ് ചെയ്തു. വാഹനത്തിനുള്ളിലെ കൈയ്യുറ വയ്ക്കുന്ന കമ്പാര്‍ട്ടുമെന്റില്‍ നിന്നും വിവിധ സ്ഥലങ്ങളുടെ മാപ്പുകള്‍, പല സ്‌കീ റിസോര്‍ട്ടുകളുടെ ബ്രോഷറുകള്‍, നിരവധി സ്ഥലങ്ങളില്‍ അവന്‍ ഇന്ധനം നിറച്ചതിന്റെ ബില്ലുകള്‍ മുതലായവ ലഭിച്ചു. ഇതെല്ലാം ആ സ്ഥലങ്ങളിലൂടെ അയാള്‍ യാത്ര ചെയ്തു എന്നതിന് തെളിവുകളായി മാറി.
ബണ്ടിയുടെ അറസ്റ്റിന് തൊട്ടുപിന്നാലെ, കരോള്‍ ഡാറോഞ്ചിനെ ആക്രമിച്ച ആളും അവനും തമ്മിലുള്ള ബന്ധം പോലീസ് കണ്ടെത്താന്‍ തുടങ്ങി. ബണ്ടിയുടെ കാറില്‍ കണ്ടെത്തിയ കൈവിലങ്ങുകള്‍ അവളുടെ ആക്രമണകാരി ഉപയോഗിച്ച അതേ രൂപവും, ബ്രാന്‍ഡും ആയിരുന്നു, അവന്‍ ഓടിച്ച കാറും അവള്‍ വിവരിച്ചതിന് സമാനമാണ്. കൂടാതെ, ബണ്ടിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ ക്രോബാര്‍ നവംബറില്‍ കരോളിനെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ആയുധത്തിന് സമാനമാണ്. മെലിസ സ്മിത്ത്, ലോറ എയിം, ഡെബി കെന്റ് എന്നിവരെ തട്ടിക്കൊണ്ടുപോയതിന് ഉത്തരവാദി ബണ്ടിയാണെന്ന് അവര്‍ സംശയിച്ചു തുടങ്ങി. കേസുകള്‍ക്കിടയില്‍ പോലീസിന് അവഗണിക്കാന്‍ കഴിയാത്തത്ര സമാനതകളുണ്ടായിരുന്നു. എന്നിരുന്നാലും, ബണ്ടിക്കെതിരായ കേസിനെ പിന്തുണയ്ക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 21 ന്, ഉദ്യോഗസ്ഥര്‍ ബണ്ടിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ തിരച്ചില്‍ നടത്തുകയും ചില സ്ത്രീകളെ കാണാതായ പ്രദേശങ്ങളില്‍ നിന്ന് വിവിധ ബ്രോഷറുകള്‍ കണ്ടെത്തുകയും ചെയ്തു, എന്നാല്‍ ആ സമയത്ത് കെട്ടിടത്തിന്റെ യൂട്ടിലിറ്റി റൂം പരിശോധിക്കുന്നതില്‍ അവര്‍ വീഴ്ച്ചവരുത്തി. ( വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ കുറ്റകൃത്യങ്ങളുടെ ഏറ്റവും മോശമായ ചില തെളിവുകള്‍ ഒരു ഷൂബോക്‌സിനുള്ളില്‍ അടങ്ങിയിട്ടുണ്ടായിരുന്നു എന്ന് അയാള്‍ വെളിപ്പെടുത്തി – ഇരകളുടെ പോളറോയിഡ് ഫോട്ടോഗ്രാഫുകള്‍ ആയിരുന്നു അവ. പിന്‍കാലത്ത് അവന്‍ അത് നശിപ്പിച്ചു കളഞ്ഞു). മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അവനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ആകുമായിരുന്നില്ല. അതിനാൽ ബണ്ടിയെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു, പക്ഷേ ബണ്ടി 24 മണിക്കൂര്‍ നിരന്തര നിരീക്ഷണത്തിലായിരുന്നു.
1975 ഒക്ടോബര്‍ 2-ന്, കരോള്‍ ഡാറോഞ്ചിനോട് യൂട്ടാ പോലീസ് സ്റ്റേഷനില്‍ ഐഡന്റിഫിക്കേഷന്‍ പരേഡില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. ഏഴുപേരില്‍ നിന്നും തന്നെ ആക്രമിച്ച ആളായി കരോള്‍ അയാളെ തിരഞ്ഞെടുത്തപ്പോള്‍ അന്വേഷകര്‍ അത്ഭുതപ്പെട്ടില്ല. അടുത്തതായി ഡെബി കെന്റിനെ കാണാതായ രാത്രി ഓഡിറ്റോറിയത്തില്‍ അലഞ്ഞുതിരിയുന്നതായി കണ്ട ആളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്ന് ബണ്ടിയെ കണ്ട നാടക സംവിധയകനും, ഡെബി കെന്റിന്റെ സുഹൃത്തും അവനെ അടുത്ത പരേഡില്‍ നിന്നും തിരഞ്ഞെടുത്തു. കുടുംബവും സുഹൃത്തുക്കളും ചേർന്ന് പണം സ്വരൂപിച്ച് 15,000 ഡോളർ ജാമ്യത്തിൽ സാൾട്ട് ലേക്ക് കൗണ്ടി ജയിലിൽ നിന്ന് നവംബർ 20 ന് ബണ്ടി പുറത്തിറങ്ങി.
തന്റെ നിരപരാധിത്വം ടെഡ് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും, തങ്ങളുടെ ആളെ പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഉടന്‍, അന്വേഷകര്‍ തിയോഡോര്‍ റോബര്‍ട്ട് ബണ്ടി എന്ന പേരില്‍ അവര്‍ക്കറിയാവുന്ന വ്യക്തിയെക്കുറിച്ച് പൂര്‍ണ്ണമായ അന്വേഷണം ആരംഭിച്ചു. അന്വേഷകരായ ജെറി തോംസണ്‍, ഇറ ബീല്‍, ഡെന്നിസ് കൗച്ച് എന്നിവര്‍ ലിസ് ക്ലോപ്പറുമായി അഭിമുഖം നടത്താന്‍ സിയാറ്റിലിലേക്ക് പറന്നു. അവരുടെ അന്വേഷണത്തെ സഹായിക്കാന്‍ എന്ത് വിവരം വേണമെങ്കിലും നല്‍കാന്‍ താന്‍ തയ്യാറാണെന്ന് അവര്‍ അന്വേഷകരോട് പറഞ്ഞു.
ബണ്ടിയുടെ കാറിന്റെ ഗ്ലൗസ് കമ്പാര്‍ട്ട്‌മെന്റില്‍ പാന്റിഹോസ് കണ്ടതായി ഓര്‍മ്മിച്ച ഒരു പഴയ സുഹൃത്ത് ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ബണ്ടിയെക്കുറിച്ചുള്ള വിവരങ്ങളുമായി മുന്നോട്ട് വന്നു, കൂടുതല്‍ ദൃക്‌സാക്ഷികള്‍ അവനെ സമ്മമിഷ് തടാകത്തില്‍ നിന്ന് തിരിച്ചറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ പണമിടപാട് പരിശോധിച്ചപ്പോള്‍, യുവതികളെ കാണാതായ പല സ്ഥലങ്ങളിലും ഇയാള്‍ ഗ്യാസ് വാങ്ങിയതായി കണ്ടെത്തി. കൈ ഒടിഞ്ഞിട്ടില്ലാത്ത സമയത്ത് ബണ്ടി കൈക്ക് പ്ലാസ്റ്റര്‍ ഇട്ടതായി കണ്ടു എന്ന് മറ്റൊരു സുഹൃത്ത് വെളിപ്പെടുത്തി. അതേസമയം, ബണ്ടി തന്റെ നിരപരാധിത്വം തുടര്‍ന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ബണ്ടിയില്‍ ഒരു പിടിമുറുക്കാന്‍ കാത്തിരിക്കുകയായിരുന്നു.
വിചാരണ 1976
അവൻ തന്റെ സ്വാതന്ത്ര്യം എലിസബത്ത് ക്ലോഫറിനൊപ്പം അവളുടെ സ്ഥലത്ത് ചെലവഴിച്ചു, അടുത്ത വർഷം ഫെബ്രുവരിയിൽ അവന്റെ വരാനിരിക്കുന്ന വിചാരണയ്ക്കുള്ള തയ്യാറെടുപ്പും നടത്തി. എലിസബത്ത് തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതി, “ഞങ്ങൾ പറയാത്ത കരാറിലൂടെ ഞങ്ങൾ പരസ്പരം ചോദിക്കാത്ത ചോദ്യങ്ങളുണ്ടായിരുന്നു. ഞാൻ പോലീസിനോട് എന്താണ് പറഞ്ഞതെന്നോ; അത് എന്തുകൊണ്ടെന്നോ അവൻ എന്നോട് ചോദിച്ചില്ല, അവന്റെ കുറ്റകൃത്യങ്ങളിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ അവനോടും ചോദിച്ചില്ല.”
ആ നവംബറിൽ യൂട്ടായിൽ നിന്നും വാഷിംഗ്ടണിൽ നിന്നുമുള്ള 30 ഓളം ഡിറ്റക്ടീവുകൾ, മറ്റ് ഉദ്ദ്യോഗസ്ഥർ എന്നിവർ കൊളറാഡോയിലെ അന്വേഷകരുമായി കൂടിക്കാഴ്ച നടത്തി, കാണാതായ ആളുകളുടെ കേസുകളുടെ വിവരങ്ങൾ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കൈമാറ്റം ചെയ്തു. കൊല്ലപ്പെട്ടവരും കാണാതായവരുമായ സ്ത്രീകളുമായി ബന്ധപ്പെട്ട് അവർ അന്വേഷിച്ച പുരുഷൻ ടെഡ് ബണ്ടിയാണെന്ന് അവിടെയുണ്ടായിരുന്ന എല്ലാവർക്കും ബോധ്യപ്പെട്ടു, ആ കുറ്റകൃത്യങ്ങളിൽ അവന്റെ കുറ്റം തെളിയിക്കാൻ എല്ലാ ശ്രമങ്ങളും അവർ തുടങ്ങി.
ബണ്ടിയുടെ വിചാരണ 1976 ഫെബ്രുവരി 23-ന് ആരംഭിച്ചു, കുറ്റാരോപണങ്ങളിൽ താൻ നിരപരാധിയാണെന്ന് ബോധ്യപ്പെടുമെന്ന് വിചാരിച്ചുകൊണ്ട് അവൻ കോടതിമുറിയിൽ ലാഘവത്തോടെ ഇരുന്നു.
കരോൾ ഡാറോഞ്ച് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ( അവന്റെ ജീവിതത്തിൽ കാരോൾ ഡിറോഞ്ചിനെ കണ്ടുമുട്ടിയ ദിനം മുതൽ അധോഗതി ആരംഭിച്ചിരുന്നു. അവൾ പിന്നീടുള്ള പല വിചാരണകളിലും നിരവധി കോടതികളിൽ അവനെതിരെ മൊഴി കൊടുക്കാൻ സംസ്ഥാനങ്ങളിലൂടെ പിൻകാലത്ത് സഞ്ചരിച്ചു.) തന്നെ തട്ടിക്കൊണ്ടുപോയ ആളെ കോടതിമുറിയിൽ അവൾ വീണ്ടും തിരിച്ചറിഞ്ഞു. പതിനാറ് മാസം മുമ്പത്തെ തന്റെ ദുരനുഭവം വീണ്ടും പറയുകയും ചെയ്തു. തന്നെ ആക്രമിച്ച ആളെ തിരിച്ചറിയാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ, “ഓഫീസർ റോസ്‌ലാൻഡ്” എന്ന് സ്വയം വിശേഷിപ്പിച്ച ടെഡ് ബണ്ടിയുടെ നേരെ അവൾ വിരൽ ചൂണ്ടി.

അവളെ ആക്രമിച്ച സമയത്ത് അവൻ എവിടെയായിരുന്നു എന്നതിന് അൽബി ഒന്നുമില്ലെന്ന് അവന് സമ്മതിക്കേണ്ടിവന്നു. എന്നാൽ ഡാറോഞ്ചിനെ കണ്ടിട്ടില്ലെന്ന് നിഷേധിച്ചു. ജഡ്ജി ഒരു വാരാന്ത്യത്തിൽ കേസ് ഫയലുകൾ പരിശോധിച്ചു.
മാർച്ച് 1-ന്, ജഡ്ജ്, സ്റ്റുവർട്ട് ഹാൻസൺ, തട്ടിക്കൊണ്ടുപോകൽ കേസിൽ സംശയത്തിനപ്പുറം അവൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി, അവന്റെ ശിക്ഷ വിധിക്കപ്പെട്ടു. ജൂൺ 30-ന് ടെഡ് ബണ്ടിയെ പരോളിനുള്ള സാധ്യതയുള്ള ഒരു വർഷം മുതൽ പതിനഞ്ച് വർഷം വരെ തടവിന് ശിക്ഷിച്ചു.
ജയിലിൽ വെച്ച് അയാളെ ഒരു മനഃശാസ്ത്രപരമായ വിലയിരുത്തലിന് വിധേയനാക്കി, അതിൽ അയാൾ മാനസിക വിഭ്രാന്തിയോ ഏതെങ്കിലും സ്വഭാവ വൈകല്യമോ ഉള്ള ആളല്ലെന്നും ലൈംഗിക വ്യതിയാനമൊന്നും കണക്കാക്കപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. അയാൾക്ക് സ്ത്രീകളോട് ശക്തമായ ആശ്രിതത്വമുണ്ടായിരുന്നുവെന്നും ബന്ധങ്ങളിൽ അപമാനിക്കപ്പെടുമോ എന്ന ഭയം അയാൾക്കുണ്ടായിരുന്നുവെന്നും മനശാസ്ത്രജ്ഞർ നിഗമനം ചെയ്തു.
യൂട്ടാ സ്‌റ്റേറ്റ് ജയിലിൽ തടവിലായിരുന്നപ്പോൾ, മെലിസ സ്മിത്തിന്റെയും കാരിൻ കാംപ്‌ബെല്ലിന്റെയും കൊലപാതകങ്ങളുമായി അവനെ ബന്ധപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കാൻ തുടങ്ങി.
ഇതിനിടയിൽ ബണ്ടി ജാമ്യത്തിലായിരുന്ന അവസരത്തിൽ അവൻ ഫോക്‌സ് വാഗൺ ഒരു കൗമാരക്കാരന് വിറ്റിരുന്നു. പോലീസ് അതും നിരീക്ഷിച്ചിരുന്നു. അവർ ആ വണ്ടി കസ്റ്റഡിയിൽ എടുത്തു. മറ്റ് കൂടുതൽ തെളിവുകൾ ആ വണ്ടിയിൽ ഉണ്ടാകാം എന്ന് അവർ കണക്കുകൂട്ടി. വാഹനം വിൽക്കുന്നതിനു മുമ്പ് ബണ്ടി അത് വേഗത്തിൽ ഒന്ന് വൃത്തിയാക്കിയിരുന്നു. എന്നാൽ എഫ്.ബി.ഐ സ്‌പെഷ്യലിസ്റ്റ് റോബർട്ട് നീൽ സൂഷമമായ പരിശോധന നടത്തി. അതിൽ നിന്നും ചില നിർണ്ണായക തെളിവുകൾ ലഭിച്ചു. ബണ്ടിയുടെ വാഹനത്തിൽ മൂന്ന് വ്യത്യസ്ത ഇരകളിൽ നിന്നുള്ള ബയോളജിക്കൽ തെളിവുകൾ കിട്ടി.
കാരിൻ കാംപ്‌ബെല്ലിന്റെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്ന രോമങ്ങൾ കണ്ടെത്തി, മൂന്നുപേരും തമ്മിൽ കാണാൻ ജ്യോതിശാസ്ത്രപരമയി സാധ്യതയില്ലാത്തതിനാൽ തമ്മിൽ ബന്ധിപ്പിക്കുന്ന ഏക കണ്ണി ബണ്ടി മാത്രമായിരുന്നു.
കാരിൻ കാംപ്‌ബെൽസിന്റെ തലയോട്ടിയിലെ ഇംപ്രഷനുകൾ ബണ്ടിയെ അറസ്റ്റ് ചെയ്ത രാത്രിയിൽ വാഹനത്തിൽ നിന്ന് കണ്ടെടുത്ത ക്രോബാർ ഉണ്ടാക്കുന്ന അതേ ഇംപ്രഷനുകൾക്ക് സമാനമായിരുന്നു.
1976 ഒക്ടോബർ 19-ന്, ഒരു ഗാർഡ് ജയിൽ പ്രിന്റ് ഷോപ്പിൽ ബണ്ടിയെ പരിശോദിച്ചപ്പോൾ, ഒരു വ്യാജ സോഷ്യൽ സെക്യൂരിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസിന്റെ രേഖാചിത്രം, ഒരു റോഡ് മാപ്പ്, എയർലൈൻ ഷെഡ്യൂൾ എന്നിവ കണ്ടെത്തി. ജയിൽ ചാടിയാൽ ഉപകാരപ്പെടുന്ന വസ്തുക്കളായിരുന്നു മേൽപ്പറഞ്ഞവ, ഇതു കണ്ടതോടെ ബണ്ടിയെ ഉടൻ പരമാവധി സുരക്ഷാ ജയിലിലേക്ക് മാറ്റി.
ഒക്‌ടോബർ 22-ന് കൊളറാഡോ പോലീസ് കാംബെല്ലിന്റെ കൊലപാതകത്തിന് ബണ്ടിക്കെതിരെ കുറ്റം ചുമത്തി. ഒടുവിൽ കാരിൻ കാംപ്‌ബെല്ലിന്റെ കൊലപാതകത്തിന് വിചാരണയ്ക്കായി അവനെ കൊളറാഡോയിലെ ഗാർഫീൽഡ് കൗണ്ടി ജയിലിലേക്ക് 1977 ഏപ്രിൽ 13-ന് മാറ്റി.
തന്റെ തയ്യാറെടുപ്പിനിടെ, ബണ്ടി തന്റെ അഭിഭാഷകനോട് അഭിപ്രായ ഐക്യമില്ലാതെ വന്നു. തന്റെ വക്കീൽ കഴിവുകെട്ടവനും, ഫലപ്രദമല്ലാത്തവനും ആണെന്ന് ബണ്ടി തീരുമാനിച്ചു. തുടർന്ന് സ്വന്തം വക്കീലിനെ ഓഴിവാക്കുകയും, സ്വയം കേസ് വാദിക്കാൻ തീരുമാനിക്കുകയും ചെയ്തു. ( അൽപ്പജ്ഞാനം, അമിത ആത്മവിശ്വാസം, അഹങ്കാരം ഈ മൂന്നിന്റേയും ആകെത്തുകയായി ഈ സംഭവത്തെ കാണാം, എന്നിരുന്നാലും അവന്റെ മരണസമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും എന്നല്ലാതെ മാറ്റമൊന്നും ഉണ്ടാക്കാൻ സാധ്യമാകുമായിരുന്നില്ല.)
കേസ് സ്വയം വാദിക്കുന്നതിനാൽ ജയിലിൽ നിന്നും പുറത്തുവന്ന് പിറ്റ്കിൻ കോർട്ട്ഹൗസ് ലൈബ്രറി ഉപയോഗിക്കാൻ അവൻ അനുമതി നേടി. കൈകൾക്കും കാലുകൾക്കും ചങ്ങലയാൽ ബന്ധനമുള്ളത് അവനെ അസ്വസ്ഥനാക്കിയിരുന്നു. അവൻ തുടർച്ചയായി ഇതിന് പരാതി ഉന്നയിച്ചുകൊണ്ടിരുന്നു. അവസാനം അവ നീക്കം ചെയ്യാൻ അനുമതി ലഭിച്ചു. ചുരുക്കത്തിൽ അവൻ ലൈബ്രറിയിൽ സർവ്വ സ്വതന്ത്രനായിരുന്നു. രണ്ടാം നിലയിലായിരുന്നു ലൈബ്രറി ഉണ്ടായിരുന്നത്.
രക്ഷപ്പെടൽ 1977 ജൂൺ 6
ജൂൺ 6 ന്, കോടതിയിലെ ലൈബ്രറിയുടെ രണ്ടാം നിലയിലെ ജനലിലൂടെ ബണ്ടി താഴേക്ക് ചാടി രക്ഷപെട്ടു. കാവൽക്കാർ കാണുന്നതിനു മുമ്പ് അയാൾ മരങ്ങൾക്കിടയിൽ ഒളിച്ചു. അവൻ ജയിൽ വസ്ത്രങ്ങൾ പുറമെനിന്നും മാറ്റി ഉള്ളിൽ ധരിച്ചിരുന്ന കാഷ്വൽ വസ്ത്രത്തിൽ നഗരത്തിൽ നിന്നും പുറത്തു കടന്നു. ചാട്ടത്തിൽ അവന്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. കുറച്ചു നാളായി അവൻ പ്ലാൻ ചെയ്ത ഒരു രക്ഷപ്പെടൽ ആയിരുന്നു അത്.
ആസ്‌പെൻ പോലീസ് നഗരത്തിന് ചുറ്റും റോഡ് ബ്ലോക്കുകൾ വേഗത്തിൽ സ്ഥാപിച്ചു, എന്നിട്ടും തൽക്കാലം നഗരപരിധിക്കുള്ളിൽ തങ്ങാനും, പതുങ്ങിയിരിക്കാനും അവനറിയാമായിരുന്നു. അവനെ പിടിക്കാൻ സെന്റ് ട്രാക്കിംഗ് ബ്ലഡ്ഹൗണ്ടുകളും, 150 തിരച്ചിൽക്കാരും ഇറങ്ങി. പോലീസ് വൻ കര മുഴുവൻ തിരച്ചിൽ ആരംഭിച്ചു. എന്നിരുന്നാലും, ദിവസങ്ങളോളം അവരെ ഒഴിവാക്കാൻ അയാൾക്ക് കഴിഞ്ഞു.
ആദ്യ ദിവസം മഴയത്ത് നനഞ്ഞ് കിടന്നുറങ്ങേണ്ടിവന്നു. അടുത്ത ദിവസം അയാൾ റോഡുകൾ ഉപേക്ഷിച്ച് മലമുകളിലേയ്ക്കും, കാട്ടിലേയ്ക്കും കടന്നു. അവിടെ നായാട്ടുകാരുടെ ഒരു ക്യാമ്പിൽ നിന്ന് ഭക്ഷണം മോഷ്ടിച്ച് കഴിച്ചു. അവരുടെ ഒരു റൈഫിളും തട്ടിയെടുത്തു. ഉപേക്ഷിക്കപ്പെട്ട ആ ക്യാമ്പിൽ കിടന്ന് അവൻ ഉറങ്ങി. അടുത്ത ദിവസങ്ങൾ കാട്ടിൽ അവന് വഴിതെറ്റി രണ്ടു ദിവസം അലഞ്ഞു നടന്നു. ഭക്ഷണമില്ലാതേയും, തണുപ്പും, പോരാത്തതിന് കാലിലെ വേദനയും മൂലം എങ്ങിനേയും ആസ്പൻ വിടണമെന്ന് അവൻ തീരുമാനിച്ചു.
1977 ജൂൺ 12
അവസാനം വഴിയിലിറങ്ങി താക്കോൽ ഉള്ള ഒരു വണ്ടി മോഷ്ടിച്ചു എന്നാൽ രണ്ട് പോലീസ് ഉദ്ദ്യോഗസ്ഥരുടെ മുന്നിലാണ് അവൻ ചെന്നുപെട്ടത്. അവർ കൈയ്യോടെ അവശനിലയിലായ അവനെ പൊക്കി. ആ സമയത്ത് അവൻ കണ്ണട ധരിച്ചിരുന്നു. തിരിച്ചറിയാതിരിക്കാൻ മൂക്കിന് ബാൻഡേടും ഒട്ടിച്ചിരുന്നു. എന്നാൽ അമേരിക്കയെ വിറപ്പിച്ച ആ കൊടും ക്രിമിനലിനെ മറയ്ക്കാൻ അതിനൊന്നും ആകുമായിരുന്നില്ല.
അന്നുമുതൽ, ആസ്പനിലെ ലൈബ്രറിയിൽ ഗവേഷണം നടത്തുമ്പോൾ കൈവിലങ്ങുകളും ലെഗ് അയണുകളും ധരിക്കാൻ ഉത്തരവിട്ടു. എന്നിരുന്നാലും, കെട്ടാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ആളായിരുന്നില്ല ബണ്ടി.
ഗ്ലെൻവുഡ് സ്പ്രിംഗ്‌സിലെ ജയിലിൽ തിരിച്ചെത്തിയ ബണ്ടി ഒരു പുതിയ രക്ഷപ്പെടൽ പദ്ധതി ആവിഷ്‌കരിക്കാൻ തുടങ്ങി. ജയിലിന്റെ വിശദമായ ഫ്‌ളോർ പ്ലാൻ അയാൾക്ക് ലഭിച്ചു, മറ്റ് തടവുകാർ അവന് ഒരു ഹാക്‌സോ ബ്ലേഡ് നൽകി. അടുത്ത ആറ് മാസത്തിനുള്ളിൽ അയാൾ സന്ദർശകരിൽ നിന്ന് $500 പണം സ്വരൂപിച്ചു, മയക്കുമരുന്ന് കള്ളക്കടത്തും, കരോൾ ആൻ ബൂൺ എന്ന കാമുകി നൽകിയ പണവും ആയിരുന്നു ഇത്. മുൻപ്രാവശ്യത്തെപ്പോലെ പുറത്തുചാടിയാൽ പണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന കാരണത്താൽ ആണ് അവൻ ഇതു ചെയ്തത്. മറ്റു തടവുകാർ കുളിക്കുന്ന സമയത്ത് തന്റെ സെല്ലിലെ സീലിംഗിൽ അവൻ ഒരു ദ്വാരം ഉണ്ടാക്കി, എന്നാൽ അതിലൂടെ കഷ്ടിച്ചേ അവന് കടക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ അയാൾ തന്റെ ഭക്ഷണം കുറച്ചു, അങ്ങിനെ ഏകദേശം 16 കിലോഗ്രാം ഭാരം ഒഴിവാക്കി. അടുത്തതായി അവൻ ട്രെയൽ റൺ ചെയ്യാൻ ആരംഭിച്ചു. പലതവണ ആ ദ്വാരത്തിലൂടെ മുകളിലേയ്ക്ക് കടന്ന് പുറത്തു ചാടനുള്ള മാർഗ്ഗം പരിശോദിച്ചു. ഈ സമയത്ത് ഉണ്ടായ ശബ്ദങ്ങളൊന്നും ആരും ശ്രദ്ധിച്ചില്ല. അതൊരു വൻ പിഴവായിരുന്നു. ആ ദ്വാരത്തിലൂടെ കടന്നാൽ അവന് ജെയിലറുടെ റൂമിൽ എത്താൻ സാധിക്കുമായിരുന്നു.
1977 ഡിസംബർ 31 എല്ലാവരും പുതുവർഷ ആഘോഷത്തിലായിരുന്ന സന്ദർഭ്ഭത്തിൽ ബണ്ടി പണി ആരംഭിച്ചു. അവൻ ആദ്യം തന്നെ തന്റെ റൂമിൽ പഠിക്കാനായി കൊണ്ടുവന്ന നിയമ പുസ്തകങ്ങൾ കട്ടിലിൽ അടുക്കി വച്ച് ഒരു പുതപ്പുകൊണ്ട് മൂടി. ഒറ്റ നോട്ടത്തിൽ ആരെങ്കിലും മൂടിപ്പുതച്ചു കിടന്ന് ഉറങ്ങുകയാണെന്നേ കണ്ടാൽ തോന്നുകയുള്ളായിരുന്നു. തുടർന്ന് ദ്വാരത്തിലൂടെ സീലിങ്ങിലെത്തി ഇഴഞ്ഞു നീങ്ങി ജയിലറുടെ മുറിയിൽ കയറി. പുതുവത്സരാഘോഷം ആയതിനാൽ ജയിലർ ഇല്ലായിരുന്നു. അവൻ ജയിലറുടെ അലമാരയിൽ നിന്നും അദ്ദേഹത്തിന്റെ വസ്ത്രം ധരിച്ച് കൂളായി മുൻവാതിലിലൂടെ ജയിലിനു പുറത്തു കടന്നു. ആരും ഈ വിവരം അറിഞ്ഞില്ല. പതിനഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബണ്ടി രക്ഷപെട്ടവിവരം അധികാരികൾ അറിഞ്ഞത്. അപ്പോഴേക്കും അവൻ വിമാന മാർഗ്ഗം ചിക്കാഗോയിൽ എത്തിയിരുന്നു.
ഫ്‌ളോറിഡ കൊലപാതകങ്ങൾ (1978)
1978 ജനുവരി 7-ന് ബണ്ടി ഫ്‌ളോറിഡയിലെ ടാലഹാസിയിൽ എത്തി. ക്രിസ് ഹേഗൻ എന്ന കള്ളപ്പേരിൽ സത്രത്തിൽ ഒരു മുറി വാടകയ്‌ക്കെടുത്തു. താൻ ഒരു വിദ്യാർത്ഥിയാണെന്ന് വീട്ടുടമസ്ഥനോട് അവൻ പറഞ്ഞു. വാഷിംഗ്ടണിലെ തന്റെ പഴയ വേട്ടയാടൽ കേന്ദ്രമായിരുന്ന കാമ്പസുകളിൽ കറങ്ങാനുള്ള സ്വാതന്ത്ര്യം അവന് ഇതുമൂലം ലഭിച്ചു.
തന്റെ ഐഡന്റിറ്റിയോ തന്റെ ഭൂതകാലത്തെക്കുറിച്ചോ ഒന്നും അറിയാത്ത ഒരു സ്ഥലത്ത് ടെഡ് ബണ്ടി ഇപ്പോൾ സ്വതന്ത്രനായിരുന്നു, അടുത്തുള്ള ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തന്റെ പുതിയ പരിതസ്ഥിതിയിൽ അയാൾക്ക് സുഖം തോന്നി, കാമ്പസിൽ ചുറ്റിനടന്ന് ഇടയ്ക്കിടെ ക്ലാസുകൾ എടുക്കുന്നത് അവൻ ആരുംകാണാതെ ശ്രദ്ധിച്ചു. ആ കാലത്ത് അവൻ കുറ്റകൃത്യങ്ങളിലേക്ക് ചാടാതിരിക്കാനും, ജോലി കണ്ടുപിടിക്കാനും ശ്രമിച്ചു. എന്നാൽ എന്തെങ്കിലും ഐഡന്റിറ്റി കാണിക്കാൻ സാധിക്കാതിരുന്നതിനാൽ അവന് ജോലി ഒന്നും ലഭിച്ചില്ല. വീണ്ടും പഴയതു പോലെ ക്രെഡിറ്റ് കാർഡുകൾ മോഷ്ടിക്കുകയും. അവയുപയോഗിച്ച് ഭക്ഷണം വാങ്ങുകയും ചെയ്തു.
തന്റെ അപ്പാർട്ട്‌മെന്റിൽ ബാക്കിയുള്ള സമയം അവൻ മോഷ്ടിച്ച ടിവി കണ്ട് സമയം നീക്കി. ജനുവരി 12-ന്, ഡൺവുഡി സ്ട്രീറ്റിന് സമീപമുള്ള 1972-ലെ ഫോക്‌സ്‌വാഗൺ ക്യാമ്പറിൽ നിന്ന് ബണ്ടി ലൈസൻസ് പ്ലേറ്റുകൾ മോഷ്ടിച്ചു. തുടർന്ന് 529 ഈസ്റ്റ് ജോർജിയ സ്ട്രീറ്റിൽ നിന്ന് റിക്കി ഗാർസാനിറ്റി എന്ന യുവാവിന്റെ ഓറഞ്ച് നിറത്തിലുള്ള ഫോക്‌സ്‌വാഗൺ ബഗ് മോഷ്ടിച്ചു.
ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ചി ഒമേഗ സോറോറിറ്റി ഹൗസ് ജനുവരി 15 ഞായറാഴ്ച വൈകുന്നേരം ശാന്തമായിരുന്നു, താമസക്കാരിൽ ഭൂരിഭാഗവും ഒന്നുകിൽ പുറത്തിറങ്ങുകയോ ഉറങ്ങാൻ നേരത്തെ കിടക്കുകയോ ചെയ്തു.
പുലർച്ചെ 2:45 ഓടെ ബണ്ടി സോറോറിറ്റിയിലെ വീട്ടിൽ പ്രവേശിച്ച് 21 കാരിയായ മാർഗരറ്റ് ബോമാനെ ഒരു ഓക്ക് വിറകുകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും തുടർന്ന് സ്റ്റോക്കിംഗ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു.
തുടർന്ന് 20 കാരിയായ ലിസ ലെവിയുടെ മുറിയിൽ ചെന്ന് അവളെ ബോധരഹിതയാക്കുകയും കോളർബോൺ തകർക്കുകയും ചെയ്തു. അവളുടെ മുലക്കണ്ണുകളിലൊന്ന് കീറി, അവളുടെ നിതംബത്തിൽ കടിച്ചു, തുടർന്ന് ക്ലെയർ ഹെയർസ്‌പ്രേ കുപ്പി ഉപയോഗിച്ച് ലൈംഗികമായി ആക്രമിക്കുകയും സ്റ്റോക്കിംഗ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു.
ഇതിനു ശേഷം അടുത്തുള്ള കിടപ്പുമുറിയിലേക്ക് നീങ്ങി, അയാൾ 20 കാരിയായ കാത്തി ക്ലീനറെ ആക്രമിക്കുകയും അവളുടെ താടിയെല്ല് തകർക്കുകയും തോളിൽ മുറിവേൽക്കുകയും ചെയ്തു, തുടർന്ന് 21 കാരിയായ കാരെൻ ചാൻഡലറെ അടിച്ചു, അവളുടെ താടിയെല്ല് മൂന്നായി ഒടിഞ്ഞതിനാൽ നിരവധി പല്ലുകൾ നഷ്ടപ്പെട്ടു.
ഈ സമയത്ത് വീട്ടുജോലിക്കാരിയായ നിത നിയറിയെ ഇറക്കിവിടുകയായിരുന്ന ഒരു കാറിന്റെ ഹെഡ്‌ലൈറ്റ് കണ്ട് ബണ്ടി വീടിന് പുറത്തേക്ക് ഓടി. ഈ ആക്രമണങ്ങൾ വീട്ടിലെ മറ്റ് നിരവധി പെൺകുട്ടികൾ കേട്ടു, അവർ താമസസ്ഥലത്തെ മേട്രണെ അറിയിക്കുകയും താമസസ്ഥലത്ത് ആരോ ആക്രമിച്ച് കയറി എന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു.
അപ്പോൾ കാരെൻ ചാൻഡലർ അവളുടെ മുറിയിൽ നിന്നും ഇടനാഴിയിലേക്ക് കുതിച്ചുചാടി, തലയിലെ മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയിരുന്നു, തുടർന്ന് ലിസ ലെവിയെയും മാർഗരറ്റ് ബോമാനെയും മാരകമായ പരിക്കുകളോടെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരെൻ ചാൻഡലറിനും കാത്തി ക്ലീനറിനും ജീവിതത്തെ മാറ്റിമറിക്കുന്ന പരിക്കുകൾ ഉണ്ടായിരുന്നു എങ്കിലും അവർ രക്ഷപെട്ടു.
ടെഡ് ബണ്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു, എട്ട് ബ്ലോക്കുകൾ അകലെയുള്ള ഒരു ബേസ്‌മെന്റ് അപ്പാർട്ട്‌മെന്റിലേക്ക് പോയി, അവിടെ അവസാന ആക്രമണം ആരംഭിച്ചു, ഇത്തവണ 21 കാരനായ വിദ്യാർത്ഥി ചെറിൽ തോമസിന് നേരെ ആയിരുന്നു.
അവളെ കണ്ടെത്തിയത് അവളുടെ കട്ടിലിന് കുറുകെ ഡയഗണലായി കിടക്കുന്നതായി ആയിരുന്നു. അവളുടെ മുഖം ചതവുകളാൽ പർപ്പിൾ നിറമായി മാറി, കാണുമ്പോൾ ഏതാണ്ട് ബോധരഹിതയായി വേദനയിൽ പുളയുകയായിരുന്നു. അവൾക്ക് തലയ്ക്ക് കുറുകെ അടിയേറ്റിരുന്നു, താടിയെല്ല് തകരുകയും തോൾ എല്ലിന് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തു, അവളുടെ തലയോട്ടി അഞ്ചിടങ്ങളിലായി പൊട്ടി. അവളുടെ ബെഡിൽ നിന്നും ബീജത്തിന്റെ കറയും രണ്ട് രോമങ്ങൾ ഉള്ള ഒരു പാന്റിഹോസ് മാസ്‌കും പോലീസ് കണ്ടെത്തി.
ആ രാത്രിയിൽ ചെറിൽ തോമസിന് ഏറ്റവും മാരകമായ പരിക്കുകൾ സംഭവിച്ചിരുന്നു, സ്ഥിരമായ ബധിരതയും, നടക്കാനുള്ള സന്തുലിനാവസ്ഥ നഷ്ടപ്പെടുത്തുകയും ചെയ്തു. അതിനാൽ അവൾക്ക് നൃത്തം ചെയ്യാനുള്ള കഴിവിനെ ആ പരിക്കുകൾ ബാധിച്ചു. ഒരു മാസത്തേക്ക് ആശുപത്രിയിൽ കഴിയുകയും ചെയ്തു. ചി ഒമേഗ സോറോറിറ്റി ഹൗസിൽ നടന്ന ഈ കൊലപാതകങ്ങൾക്ക് ശേഷം ടെഡ് ബണ്ടി പൂർണ്ണമായും ഒളിവിൽ പോയി.





ഫെബ്രുവരി 5 ന് ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി മീഡിയ സെന്ററിൽ നിന്ന് ഒരു വെളുത്ത ഡോഡ്ജ് വാൻ മോഷ്ടിച്ച് ടാലഹാസിയിൽ നിന്ന് ജാക്‌സൺവില്ലിലേക്ക് പോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 8 ന്, ലെസ്ലി പാർമെന്റർ എന്ന 14 വയസുകാരി സഹോദരൻ കൂട്ടിക്കൊണ്ട് പോകാൻ വേണ്ടി കാത്തു നിൽക്കുമ്പോൾ ബണ്ടി അവളെ സമീപിച്ചു.
താൻ ഫയർ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ‘റിച്ചാർഡ് ബർട്ടൺ’ ആണെന്ന് ബണ്ടി പെൺകുട്ടിയോട് പറഞ്ഞു, അവൾ അടുത്തുള്ള സ്‌കൂളിൽ പോയോ എന്ന് അവളോട് ചോദിച്ചു. ജാക്‌സൺവില്ലെ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഡിറ്റക്ടീവുകളുടെ തലവനായിരുന്നു ലെസ്ലിയുടെ പിതാവ്, അപരിചിതരോട് സംസാരിക്കരുതെന്ന് അദ്ദേഹം അവളോട് പലതവണ പറഞ്ഞിരുന്നു. അതിനാൽ തന്നെ താമസിയാതെ അവൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി, ഒരു ഓഫ്-ഡ്യൂട്ടി ഫയർമാൻ പ്ലെയ്ഡ് പാന്റും നേവി ജാക്കറ്റും ധരിക്കുന്നത് വിചിത്രമായി അപ്പോൾ അവൾക്ക് തോന്നി.
ഭാഗ്യവശാൽ അവളുടെ സഹോദരൻ ആ സമയത്ത് എത്തുകയും അവളോട് കാറിൽ കയറാൻ പറയുകയും ചെയ്തു. തുടർന്ന് അയാൾ ആ മനുഷ്യനെ പിന്തുടരുകയും അവന്റെ ലൈസൻസ് പ്ലേറ്റുകൾ തങ്ങളുടെ പിതാവിന് നൽകുകയും ചെയ്തു.
അടുത്ത ദിവസം, ഫെബ്രുവരി 9, ഫ്‌ളോറിഡയിലെ ലേക്ക് സിറ്റിയിൽ 12 വയസ്സുള്ള കിംബർലി ലീച്ച് അപ്രത്യക്ഷയായി. അവളുടെ ടീച്ചർ തന്റെ പേഴ്‌സ് എടുക്കാൻ മറന്നു പോയിരുന്നു, അവർ അതെടുക്കാൻ ലീച്ചിനെ സ്‌ക്കൂളിന് തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് പറഞ്ഞു വിട്ടു. ആ പേഴ്‌സുമായി തിരിച്ചുവരുന്നവഴി ബണ്ടി അവളെ തടഞ്ഞു, ഒരു സാക്ഷി അത് കണ്ടിരുന്നു. എന്നാൽ അയാൾ കരുതി സ്‌ക്കൂളിൽ നിന്നും ദേഷ്യപ്പെട്ട ഏതോ പിതാവ് തന്റെ മകളെ വാനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയാണ് എന്ന്.

പിറ്റേന്ന്, ബണ്ടിയുടെ പേര് എഫ്.ബി.ഐ യുടെ ടോപ്പ് 10 മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലേക്ക് അടിയന്തിരമായി ചേർത്തു, അവനെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾക്ക് $100,000 പാരിതോഷികം പ്രഖ്യാപിച്ചു. അന്ന് വൈകുന്നേരം 10:45 ന് ചെറിൽ തോമസിന് നേരെ ആക്രമണം നടന്ന ഡൺവുഡി സ്ട്രീറ്റിലെ കുറ്റകൃത്യം നടന്ന സ്ഥലം അവൻ വീണ്ടും സന്ദർശിച്ചു.
ഫെബ്രുവരി 11 ന്, ചി ഒമേഗ സോറോറിറ്റി ഹൗസിൽ നിന്ന് വളരെ അകലെയല്ലാതെ ഒരു ടൊയോട്ട വാഹനം തകർക്കാൻ ശ്രമിച്ചെങ്കിലും ഒരു പോലീസുകാരൻ അവനെ കണ്ടു. എങ്കിലും അയാൾ രക്ഷപ്പെട്ടു.
അന്നു വൈകുന്നേരം, ആഡംസ് സ്ട്രീറ്റ് മാളിലെ ചെസ് പിയറിൽ അവൻ അവസാനമായി ഭക്ഷണം കഴിച്ചു, അവിടെ അയാൾ ഫ്രഞ്ച് ഭക്ഷണവും വൈനും ആസ്വദിച്ചു, മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകളിലൊന്ന് ആണ് പണം നൽകാൻ ഉപയോഗിച്ചത്.
സ്വാതന്ത്ര്യത്തിന്റെ അവസാനത്തെ ഏതാനും ആഴ്ചകളിൽ, ബണ്ടി കടകളിലെ മോഷണവും വാലറ്റുകളുടെ മോഷണവും വർദ്ധിപ്പിക്കുകയും അമിതമായി മദ്യപിക്കാൻ തുടങ്ങുകയും ചെയ്തു. അവൻ നിരാശയിൽ മുങ്ങി, പഴയതു പോലെ സ്വന്തം പ്രവർത്തനങ്ങളുടെ നിയന്ത്രണത്തിലായിരുന്നില്ല അവനപ്പോൾ.
വസ്ത്രങ്ങൾ, പ്രത്യേകിച്ച് സോക്‌സുകൾ വാങ്ങുന്നതിനായി അവൻ മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ അമിതമായി ചെലവഴിച്ചു.
ചി ഒമേഗയിൽ നടത്തിയ കൊലപാതകങ്ങളുടെ പേരിൽ ഇപ്പോൾ അമേരിക്കയിലെമ്പാടും അവനെ അന്വേഷിക്കുകയായിരുന്നു, കിംബർലി ലീച്ച് തട്ടിക്കൊണ്ടുപോകലിൽ ഒരു സാക്ഷി അവന്റെ വെളുത്ത വാൻ കണ്ടിരുന്നു. അതിനാൽ ആ വാൻ ബണ്ടി ഉപേക്ഷിച്ചു. ഉടനെ തന്നെ ഓറഞ്ച് നിറത്തിലുള്ള ഒരു ഫോക്‌സ് വാഗൺ അവൻ മോഷ്ടിച്ചു. കൂടുതൽ സുഖകരമായ ഡ്രൈവിംഗ് ആയിരുന്നു ഫോക്‌സ് വാഗണ് ഉണ്ടായിരുന്നത്.
1978 ഫെബ്രുവരി 15 ന്, ഓഫീസർ ഡേവിഡ് ലീ വെസ്റ്റ് പെൻസക്കോളയിൽ പട്രോളിംഗ് നടത്തുമ്പോൾ, രാത്രി 10:00 മണിക്ക് ബണ്ടി ഓടിക്കുന്ന ഓറഞ്ച് നിറത്തിലുള്ള ഫോക്‌സ് വാഗൺ ബഗ് കണ്ടു. പ്രദേശം നന്നായി അറിയാവുന്നതിനാലും താമസക്കാരിൽ ഭൂരിഭാഗവും താൻ അറിയുന്നവർ ആയതിനാലും, താൻ മുമ്പ് ആ കാർ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, കൂടാതെ ലൈസൻസ് പ്ലേറ്റുകൾ കണ്ടതേ അവ മോഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹം മനസിലാക്കി. അയാൾ ഉടൻ തന്നെ ഹെഡ്‌ലൈറ്റ് ഓണാക്കി സംശയാസ്പദമായ വാഹനത്തെ പിന്തുടരാൻ തുടങ്ങി. അവൻ യൂട്ടായിൽ ചെയ്തതുപോലെ വേഗത്തിൽ ഓടാൻ തുടങ്ങി, ഓഫീസർ പിന്തുടർന്നു ആ വേട്ടയാടൽ മുന്നോട്ട് പോയി, എന്നിരുന്നാലും ഇത്തവണ അവൻ പെട്ടെന്ന് നിർത്തി.
ഓഫീസർ ഡേവിഡ് ലീ ബണ്ടിയോട് കാറിൽ നിന്ന് ഇറങ്ങാൻ ഉത്തരവിടുകയും കൈകൾ മുന്നിൽ വെച്ച് കിടക്കാൻ പറയുകയും ചെയ്തു, പക്ഷേ അയാൾ കൈകൾ താഴേക്കു കൊണ്ടുവന്ന് കിടക്കുന്നതിനു പകരം ഓഫീസറെ തള്ളി മാറ്റി ഓടി രക്ഷപെടാൻ ശ്രമിച്ചു. അതോടെ ഉദ്ദ്യോഗസ്ഥൻ അവനെ വെടിവച്ചു. വെടികൊണ്ടതു പോലെ ഭാവിച്ച് അവൻ നിലത്ത് വീണുകിടന്നു.
ഉദ്യോഗസ്ഥൻ അവനെ സമീപിച്ചപ്പോൾ, അയാൾ വീണ്ടും ആക്രമിക്കപ്പെട്ടു, രണ്ടുപേരും ലീയുടെ പിസ്റ്റളിനുമേൽ പിടുത്തമിട്ടു, എന്നാൽ താമസിയാതെ ബണ്ടിയെ കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു, തുടർന്ന് അവനെ കൈവിലങ്ങുവച്ചു. താൻ ഇപ്പോൾ പിടികൂടിയ ആളുടെ ഐഡന്റിറ്റിയെക്കുറിച്ച് ഓഫീസർ ലീക്ക് അറിയില്ലായിരുന്നു, കൂടാതെ തടവുകാരൻ ‘നിങ്ങൾ എന്നെ കൊന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്ന് പറയുന്നത് അപ്പോൾ അദ്ദേഹം കേട്ടു. പോലീസ് ഓഫീസർ അറിഞ്ഞിരുന്നില്ല അദ്ദേഹം ടെഡ് ബണ്ടിയെ തിരിച്ചുപിടിച്ചു എന്ന്.
മോഷ്ടിച്ച ആ വാഹനത്തിൽ നിന്ന് മോഷ്ടിച്ച 21 ക്രെഡിറ്റ് കാർഡുകളും; എഫ്എസ്‌യു വിദ്യാർത്ഥികളുടെ മൂന്ന് ഐഡികളും; മോഷ്ടിച്ച ടെലിവിഷൻ സെറ്റും പോലീസ് കണ്ടെത്തി. ജാക്‌സൺവില്ലെ ഫയർ ഡിപ്പാർട്ട്‌മെന്റിലെ റിച്ചാർഡ് ബർട്ടന്റെ പേരിൽ അവൻ ധരിച്ചിരുന്ന വസ്ത്രവും അവർ കണ്ടെത്തി. ബണ്ടിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി, താമസിയാതെ അധികൃതർ അയാളുടെ ഐഡന്റിറ്റി കണ്ടെത്തി.
ചോദ്യം ചെയ്യലിൽ അദ്ദേഹം ചോദ്യം ചെയ്യുന്നവരോട് ഇങ്ങനെ അഭിപ്രായപ്പെട്ടു, ‘നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തണുത്ത രക്തമുള്ള ഒരു ബിച്ചിന്റെ മകനാണ് ഞാൻ’.
ഏകദേശം എട്ട് ആഴ്ച നീണ്ട തിരച്ചിലിന് ശേഷം കിംബർലി ലീച്ചിന്റെ മൃതദേഹം കണ്ടെത്തി. 1978 ഏപ്രിൽ 7 ന് സുവാനി റിവർ സ്റ്റേറ്റ് പാർക്കിലെ ഒരു പന്നിക്കൂട്ടിലാണ് അവളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് അവൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, എന്നാൽ ജീർണിച്ചതിന്റെ തോത് കാരണം മരണകാരണം മനസിലാക്കാൻ കഴിഞ്ഞില്ല.
ഫ്‌ളോറിഡ ട്രയൽസ് (1979 – 1980)
1979 ജൂണിൽ ചി ഒമേഗ കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും ബണ്ടി വിചാരണ നേരിട്ടു. ഇത് മിയാമിയിൽ നടക്കേണ്ടതായിരുന്നു, ഇത് ലോകമെമ്പാടുമുള്ള റിപ്പോർട്ടർമാർ ഉൾക്കൊള്ളുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ദേശീയ ടെലിവിഷൻ ട്രയൽ ആയിരുന്നു. തന്റെ പ്രതിവാദം കൈകാര്യം ചെയ്യാൻ അഞ്ച് കോടതി നിയമിത അറ്റോർണിമാർ ഉണ്ടായിരുന്നിട്ടും, അവൻ വീണ്ടും സ്വയം പ്രതിനിധീകരിക്കാൻ തീരുമാനിച്ചു. സ്വന്തം കഴിവുകളെക്കുറിച്ചുള്ള അയാളുടെ തെറ്റായ ധാരണയും, വെറുപ്പ്, അവിശ്വാസം തുടങ്ങിയവയും മൂലം അവന്റെ പ്രതിരോധ തന്ത്രം പൂർണ്ണമായും തെറ്റായി കൈകാര്യം ചെയ്യാൻ കാരണമായി.
കൊലപാതകം നടന്ന ദിവസം രാത്രി ചി ഒമേഗ വീട്ടിൽ കണ്ട ആൾ ടെഡ് ബണ്ടിയാണെന്ന് വിചാരണയ്ക്കിടെ നിരവധി സാക്ഷികൾ കോടതിയിൽ സ്ഥിരീകരിച്ചു. അതിരാവിലെ വീട്ടിലെത്തിയ നിത നിയാരി താൻ കണ്ട പുരുഷൻ ബണ്ടിയാണെന്ന് തിരിച്ചറിഞ്ഞു.
കുറ്റാരോപിതനായ സ്ഥലത്ത് കുറ്റകരമായ ഫോറൻസിക് തെളിവുകളും അവശേഷിച്ചിരുന്നു, അതായത് ലിസ ലെവിയുടെ നിതംബത്തിലെ കടിയേറ്റ മുറിവുകൾ ആയിരുന്നു ഒന്ന്. ഫോറൻസിക് ഓഡോന്റോളജിസ്റ്റുമാരായ റിച്ചാർഡ് സോവിറോണും ലോവൽ ലെവിനും ചേർന്ന് ബണ്ടിയുടെ പല്ലുകളുടെ ഇംപ്രഷൻ എടുത്തത് അവന്റെ കടിയേറ്റ പാടുമായി പൊരുത്തപ്പെട്ടു.
1979 ജൂലായ് 23-ന് കോടതി ചർച്ചകൾക്കായി മാറ്റിവച്ചു, ബോമന്റെയും ലെവിയുടെയും കൊലപാതകങ്ങൾക്ക് കുറ്റക്കാരനാണെന്ന് തീരുമാനിക്കുന്നതിന് ഏകദേശം ഏഴ് മണിക്കൂർ ചെലവഴിച്ചു. തോമസ്, ക്ലീനർ, ചാൻഡലർ എന്നിവരെ ആക്രമിച്ചതിനും രണ്ട് മോഷണക്കേസുകൾക്കും മൂന്ന് ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമങ്ങളിലും അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. വിധി കേട്ടപ്പോൾ അയാൾ ഒരു വികാരവും കാണിച്ചില്ല.
ജഡ്ജ്, എഡ്വേർഡ് കോവാർട്ട് അവനെ ക്രൂരമായ കൊലപാതകങ്ങൾക്ക് 196 വർഷവും തടവും കൂടാതെ വധശിക്ഷയും വിധിച്ചു. ചുരുക്കത്തിൽ, കോവാർട്ട് പറഞ്ഞു, ‘ഈ കൊലപാതകങ്ങൾ തീർച്ചയായും ഹീനവും ക്രൂരവും പൈശാചീകവും ആയിരുന്നു. അവൻ അങ്ങേയറ്റം ദുഷ്ടനും ഞെട്ടിക്കുന്ന തിന്മയും നികൃഷ്ടനും ആകുന്നു” . കോടതി അവനെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും, സ്വന്തം പ്രതിരോധമായി പ്രവർത്തിക്കാനുള്ള ടെഡ് ബണ്ടിയുടെ ശ്രമത്തിൽ കോവാർട്ടിൽ മതിപ്പുളവാക്കി, അദ്ദേഹത്തിന്റെ അവസാന വാക്കുകളിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു, ”നിങ്ങൾ ഒരു മിടുക്കനായ ചെറുപ്പക്കാരനായിരുന്നു. നിങ്ങൾ ഒരു നല്ല വക്കീലിനെ സൃഷ്ടിക്കുമായിരുന്നു, നിങ്ങൾ എന്റെ മുന്നിൽ പ്രാക്ടീസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നു, പക്ഷേ നിങ്ങൾ മറ്റൊരു വഴിക്ക് പോയി”.
ടെഡ് ബണ്ടിയുടെ വസ്ത്രത്തിൽ നിന്നുള്ള സൂക്ഷ്മ നാരുകളും ലീച്ചിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയവയുമായി പൊരുത്തപ്പെടുന്നതായി തിരിച്ചറിഞ്ഞു. 1980 ഫെബ്രുവരി 10-ന്, എട്ട് മണിക്കൂർ നീണ്ട ആലോചനയ്ക്ക് ശേഷം, കിംബർലി ലീച്ചിന്റെ കൊലപാതകത്തിൽ ബണ്ടി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി, മൂന്നാമത്തെ തവണയും അവനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്താനുള്ള വധശിക്ഷയ്ക്ക് വിധിച്ചു.
നിർവ്വഹണം (1989)
1989 ജനുവരി 24-ന്, നൂറുകണക്കിന് ആളുകൾ ഫ്ലോറിഡയിലെ സ്റ്റാർക്ക് ജയിലിന് പുറത്ത് തടിച്ചുകൂടി, ടെഡ് ബണ്ടിയുടെ അവസാന നിമിഷങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരുന്നു. പലരും “ഇറ്റ്സ് ഫ്രൈഡേ ടെഡ്” എന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു, മറ്റുള്ളവർ “ഫ്രൈ-ഡേ” തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള ടീ-ഷർട്ടുകൾ ധരിച്ചിരുന്നു.
ടെഡ് ബണ്ടിയെ രാവിലെ 7:00 ന് ശേഷം എക്സിക്യൂഷൻ ചേമ്പറിലേക്ക് കൊണ്ടുപോയി, “ഓൾഡ് സ്പാർക്കി” എന്നറിയപ്പെടുന്ന ഇലക്ട്രിക് കസേരയിൽ കയറ്റി. ബ്ലാക്ക് ഹുഡ് തലയിൽ വയ്ക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകൾ, അദ്ദേഹത്തിന്റെ ഡിഫൻസ് അറ്റോർണി ജിം കോൾമാനോടും അദ്ദേഹത്തിന്റെ മന്ത്രി ഫ്രെഡ് ലോറൻസിനോടും പറഞ്ഞു, “ജിമ്മും ഫ്രെഡും, നിങ്ങൾ എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ സ്നേഹം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”.
ആരാച്ചാർ സ്വിച്ച് ഓൺ ചെയ്തു, അവന്റെ ശരീരം വലിഞ്ഞുമുറുകുകയും കസേരയിൽ നിന്ന് ഒരു നിമിഷം എഴുന്നേൽക്കുകയും ചെയ്തു. ഒരു മിനിറ്റിനുശേഷം, വൈദ്യുതി സ്വിച്ച് ഓഫ് ചെയ്തപ്പോൾ, അവന്റെ ശരീരം വീണ്ടും കസേരയിൽ ഇരുന്നു. തുടർന്ന് ഒരു ഡോക്ടർക്ക് അവന്റെ നാഡിമിടിപ്പ് നോക്കി, രാവിലെ 7:16 ന് അവൻ മരിച്ചു. ഒരു വെളുത്ത ആമ്പുലെൻസിൽ അയാളുടെ മൃതദേഹം പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, ജനക്കൂട്ടത്തിൽ നിന്ന് ഉച്ചത്തിലുള്ള ആർപ്പുവിളികൾ ഉയർന്നു. അവന്റെ മൃതദേഹം ഗെയിൻസ്‌വില്ലെയിലേക്ക് കൊണ്ടുപോയി, അവിടെ അത് ദഹിപ്പിക്കുകയും ചിതാഭസ്മം വാഷിംഗ്ടൺ സ്‌റ്റേറ്റിലെ കാസ്‌കേഡ് റേഞ്ചിൽ, അവന്റെ ഇഷ്ടപ്രകാരം, അജ്ഞാതമായ ഒരു സ്ഥലത്ത് വിതറുകയും ചെയ്തു.
അടിക്കുറിപ്പ് : ടെഡ് ബണ്ടിയുടെ ജീവിതത്തിലെ നിരവധി സംഭവങ്ങളിൽ ഏറ്റവും അത്യാവശ്യമുളളവ മാത്രം ചുരുക്കത്തിൽ എഴുതിയതാണ് ഇവിടെ വിവരിച്ചത്. എലിസബത്ത് ക്ലോഫർ, ഡെയാൻ എഡ്വാർഡ്, ആൻ റൂൾ, കരോൾ ആൻ ബൂൺ എന്നീ കാമുകിമാരുടേയും, അവൻ കൊന്നതായി സംശയിക്കുന്ന നിരവധി പേരുടേയും, അവന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടവരുടേയും വിവരങ്ങൾ ഇതിൽ വിവരിച്ചിട്ടില്ല. ഗാരി റിഡ്ജ്വേ എന്ന ഗ്രീൻ റിവർ സീരിയൽ കില്ലറിനെ പിടിക്കാനായി ബണ്ടിയുമായി ഡിക്റ്ററ്റീവുകൾ അഭിമുഖം നടത്തിയതും, ബണ്ടിയുടെ കൊലപാതകങ്ങളുടെ വെളിപ്പെടുത്തലുകളും, ഏറ്റവും അവസാനത്തെ ഭാര്യയായ കരോൾ ആൻ ബൂണുമായുളള ബന്ധവും, ബണ്ടിക്ക് ഒരു കുട്ടി ജനിച്ചതും എല്ലാം ഈ ലേഖനത്തിൽ ഒഴിവാക്കിയവയിൽ ചിലതാണ്.