Angel Makers of Nagyrév – തങ്ങളുടെ ഭർത്താക്കന്മാരെ കൂട്ടക്കൊല ചെയ്യുകയും 300 പേർക്ക് വിഷം നൽകുകയും ചെയ്ത നാഗ്രേവിന്റെ മാരകമായ അരൂപീ നിർമ്മാതാക്കൾ

ഹംഗറിയിലെ ബുഡാപെസ്റ്റിന് തെക്കുകിഴക്കായി 60 മൈൽ അകലെയുള്ള ഒരു കാർഷിക ഗ്രാമമായിരുന്നു നാഗ്രേവ്. ടിസാൽറ്റിവർ നദിയുടെ തീരത്തുള്ള ടിസാകുർട്ട് ആയിരുന്നു ഏറ്റവും അടുത്തുള്ള പട്ടണം. ഡാനൂബിയൻ സമതലത്തിൽ ചുറ്റിത്തിരിയുന്ന മറ്റു പല ഗ്രാമങ്ങളെയും പോലെ, നാഗ്രേവ് ചെറുതും ആരാലും ശ്രദ്ദിക്കപ്പെടാത്തതുമായ ഒരു ഗ്രാമമായിരുന്നു. ഒരു പബ്ബും, വലിയതും ആളൊഴിഞ്ഞതുമായ ഒരു പള്ളിയും, ഒറ്റനില കോട്ടേജുകളുളള ചെളി നിറഞ്ഞ കുറച്ച് തെരുവുകളും അവിടെ ഉണ്ടായിരുന്നു.

മാഡം ജൂലിയസ് ഫസെക്കാസ് അടുപ്പിൽ ആർസെനിക് ഫ്ലൈ-പേപ്പർ വെളളത്തിൽ തിളപ്പിക്കുകയായിരുന്നു. പാത്രത്തിൽ വെള്ളം തിളയ്ക്കുമ്പോൾ അവൾ അടുപ്പിൽ അത് ഇളക്കികൊടുക്കുന്നുണ്ടായിരുന്നു. ഫസെക്കാസ് അവളുടെ തോളിൽ ചുറ്റിയ നൂൽ ഷാൾ വലിച്ചിട്ടു. നല്ല തണുപ്പ്, രാത്രി ഏറെ വൈകി. എന്നാൽ ഗ്രാമത്തിലെ ഏക സൂതികർമ്മിണിയും രോഗശാന്തി നൽകുന്നവളും അവൾ മാത്രമായിരുന്നു. അതിനാൽ സഹായത്തിനായി രാത്രിയിൽ ആളുകൾ അവളെ വിളിച്ചുണർത്തുന്നത് പതിവായിരുന്നു.
അവളുടെ പിന്നിൽ, മിസ്സിസ് തക്കാക്കസ് ഒരു സ്റ്റൂളിൽ കുനിഞ്ഞ് ഇരുന്നു, ആ സ്ത്രീ കൈകൾ ചുറ്റിപ്പിടിച്ചുകൊണ്ട് നിശബ്ദമായി എന്തോ ഉറപ്പിച്ചെന്നമാതിരി പതിയെ ആടുന്നുണ്ടായിരുന്നു. അവളുടെ ഭർത്താവ് വീണ്ടും മദ്യപിക്കുകയും മദ്യലഹരിയിൽ അവരുടെ വീട്ടിൽ വെച്ച് അവളെ അസഭ്യം പറയുകയും ചെയ്തു. അവൻ അവളെ ആക്രമിക്കാൻ തയ്യാറെടുത്തപ്പോൾ തന്നെ അവൾ ഫസെക്കാസിന്റെ വീട്ടിലേക്ക് ഓടിയെത്തി.
പാത്രത്തിലെ വെള്ളം വെട്ടിത്തിളച്ചു. ഫസേക്കാസ് അടുപ്പിൽ നിന്ന് പാത്രം മാറ്റി. വെള്ളത്തിന്റെ മുകൾഭാഗം ഊറ്റിക്കളഞ്ഞു. പിന്നെ അവൾ തിരിഞ്ഞ് ഒരു ചെറിയ കുപ്പി ദ്രാവകം അടുക്കള മേശയിൽ വെച്ചു. മെഴുകുതിരിവെളിച്ചം മിസിസ് തക്കാക്കസിന്റെ ഇരുണ്ടമുഖത്ത് മിന്നിമറഞ്ഞു. മുന്നിലുള്ള കോർക്ക് ഇട്ട കുപ്പിയിലേക്ക് അവൾ കണ്ണിമവെട്ടാതെ നോക്കി.
ഫസേക്കാസ് വീണ്ടും അടുപ്പിൽ ശ്രദ്ധിക്കാൻ തിരിഞ്ഞു. ഒരു നിമിഷം കഴിഞ്ഞപ്പോൾ തുണിയുടെ ഒരു മർമ്മരവും ഇളം കാറ്റും അന്തരീക്ഷത്തിൽ അലയടിച്ചു. ഫസേക്കാസ് തിരിഞ്ഞു നോക്കിയപ്പോൾ വീട്ടിൽ നിന്ന് മിസിസ് തക്കാക്കസും കുപ്പിയും മറഞ്ഞുകഴിഞ്ഞിരുന്നു.
ഫ്ലൈ – പേപ്പർ : ഈച്ചയേയും മറ്റ് പ്രാണികളേയും പിടിക്കുവാനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന വിഷം പുരട്ടിയ പേപ്പർ. വിഷത്തിനായി ആഴ്സനിക്കാണ് ഉപയോഗിക്കാറുണ്ടായിരുന്നത്. പലരാജ്യങ്ങളിലും നിയന്ത്രണവിധേയമായി മാത്രമാണ് ഇതിന്റെ വിപണനം നടന്നിരുന്നത്. ഇന്ന് ഇതിന് പകരമായി പശ തേച്ച പേപ്പറുകളാണ് ഉപയോഗിക്കുന്നത്. അതിൽ വിഷം ഉപയോഗിക്കുന്നില്ല. ഫ്ലൈ – പേപ്പർ ജലത്തിൽ തിളപ്പിച്ചാൽ അതിലെ ആഴ്സനിക്ക് ജലത്തിൽ കലരുകയും ആ ദ്രാവകം മനുഷ്യശരീരത്തിൽ എത്തിപ്പെട്ടാൽ അധികഠിനമായ വേദനയോടൊപ്പം മരണവും സംഭവിക്കും.
രണ്ട് ദിവസത്തിന് ശേഷം, മിസിസ് തക്കാക്കസിന്റെ വീട്ടിൽ ഒരു ശവസംസ്കാരം നടന്നു. മിസ്റ്റർ തക്കാക്കസ് ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നായിരുന്നു പ്രചരിച്ചിരുന്നത്.
ഫസേക്കാസ് അവളുടെ വീടിന്റെ വരാന്തയിൽ നിന്ന് ശവസംസ്കാര ഘോഷയാത്ര വീക്ഷിച്ചു. ശവസംസ്കാര ഘോഷയാത്ര ഗ്രാമത്തിൽ നിന്ന് കടന്നുപോകുമ്പോൾ, തെരുവിലെ ജീർണിച്ചതായി കാണപ്പെടുന്ന ഒരു ഭവനത്തിൽ നിന്ന് ശാപവചനങ്ങളുടെ താഴ്ന്നസ്ഥായിയിലുളള ഒരു പ്രവാഹം ഉയർന്നു. അധികം താമസിയാതെ അത് അടക്കിപ്പിടിച്ച നിലവിളികളും, കരച്ചിലുമായി മാറി. ആ ഗ്രാമത്തിൽ ഇത് വളരെ സാധാരണമായിരുന്നു, എല്ലാവരും അത് അവഗണിച്ചു.
ഫസേക്കാസ് അവളുടെ വീട്ടിലേക്ക് തിരികെ പോയി അടുപ്പിൽ തിളപ്പിക്കാൻ ഒരു പാത്രം വെള്ളം വെച്ചു. കിംവദന്തികൾ പരക്കും, അവൾക്കറിയാമായിരുന്നു. താമസിയാതെ, അസ്വസ്ഥയായ മറ്റൊരു സ്ത്രീ അവളുടെ വാതിലിൽ മുട്ടും. അടുത്ത 15 വർഷത്തേക്ക് ആ ഗ്രാമത്തെ ശിഥിലമാക്കുന്ന നൂറുകണക്കിന് കൊലപാതകങ്ങളുടെ ശാന്തമായ തുടക്കമായിരുന്നു അത്.

മാഡം സൂസെന്ന ഫസെക്കാസ് ആയിരുന്നു നാഗ്രേവ്വിന്റെ ആദ്യത്തെ അരൂപി രൂപകർത്താവ്. പിൻകാലത്ത് ഈ ഗ്രൂപ്പിലെ ആളുകളെ ഏഞ്ചൽ മേക്കർ സിൻഡിക്കേറ്റ് അല്ലെങ്കിൽ വിഡോ മേക്കർ സിൻഡിക്കേറ്റ് എന്ന് വിളിക്കപ്പെട്ടു.
സൂസെന്ന ഫസെക്കാസ് 1911-ൽ നാഗ്രേവ് ഗ്രാമത്തിൽ എത്തി. അവ്യക്തമായ പശ്ചാത്തലമുള്ള മധ്യവയസ്കയായ മിഡ്‌വൈഫായിരുന്നു അവൾ. അവൾ എവിടെ നിന്നാണ് വന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. അവൾ വിവാഹിതയായിരുന്നു, എന്നാൽ അവളുടെ ഭർത്താവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. അവളുടെ നഴ്‌സിംഗ് കഴിവുകളെ പ്രശംസിച്ചുകൊണ്ട് ഡോക്ടർമാരിൽ നിന്ന് ലഭിച്ച നിരവധി അവകാശരേഖകളോടെയാണ് ആ നാട്ടിൽ അവൾ എത്തിയത്. നാഗ്രേവിൽ റസിഡന്റ് ഡോക്ടറോ ആശുപത്രിയോ ഉണ്ടായിരുന്നില്ല.

അത്യാവശ്യം മെഡിക്കൽ/മിഡ്-വൈഫറി/കെമിസ്റ്റ് വൈവിദ്ധ്യം ഉള്ള ഫസെക്കാസ് ഗ്രാമത്തിലെ വൈദ്യസഹായത്തിന്റെ ഏക ഉറവിടമായി മാറി. ഈ വിദൂര പ്രദേശത്തെ രോഗികളെയും, അവശതയനുഭവിക്കുന്നവരെയും പരിചരിക്കുന്ന ദൗത്യം ഫസെക്കാസ് ഏറ്റെടുത്തു. ആദ്യം ആരോഗ്യപ്രശ്നങ്ങളും, പിന്നീട് ഗാർഹിക പ്രശ്‌നങ്ങളുമായാണ് സ്ത്രീകൾ ഫസെക്കാസിന്റെ അടുത്തെത്തിയത്. കാലം കഴിയുന്തോറും അവളുടെ ഉപദേശത്തെ ആശ്രയിക്കാൻ അവർ മാറ്റപ്പെട്ടു.
മൂന്ന് വർഷമേ ഫാസെക്കാസ് ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ കാലയളവിൽ അവൾ ഗർഭച്ഛിദ്രം നടത്തുന്നതിൽ പ്രശസ്തി നേടിയിരുന്നു.
1900-കളുടെ തുടക്കത്തിൽ ഹംഗേറിയൻ സമൂഹത്തിൽ വിവാഹ നിയമങ്ങൾ ശക്ത്മായിരുന്നു. കൗമാരക്കാരായ പെൺമക്കൾക്ക് വേണ്ടി മാതാപിതാക്കൾ ഭർത്താക്കന്മാരെ തിരഞ്ഞെടുത്തു പോന്നു. ചിലപ്പോൾ, പുരുഷന്മാർ സ്ത്രീകളേക്കാൾ വളരെ പ്രായമുള്ളവരായിരുന്നു. പുരുഷൻ മദ്യപാനിയോ തന്നോട് മോശമായി പെരുമാറുകയോ ചെയ്താൽ പോലും എതിർക്കാൻ സ്ത്രീകൾക്ക് ആകുമായിരുന്നില്ല. വിവാഹമോചനം നിഷിദ്ധമായിരുന്നു. ഈ വിവാഹങ്ങളിൽ പലതിലും ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ച കുറവായിരുന്നു.
ഒന്നാം ലോകമഹായുദ്ധസമയത്ത് കടുത്ത ദാരിദ്ര്യവും ബുദ്ധിമുട്ടുകളും ഈ ബന്ധങ്ങളിൽ ദമ്പതികൾക്ക് പരസ്പരം ഉണ്ടായേക്കാവുന്ന വൈകാരികമായ അടുപ്പത്തെ കൂടുതൽ ഇല്ലാതാക്കി.
പാവപ്പെട്ടവരുടെ ഗ്രാമമായ നാഗ്രേവിൽ ജീവിതം ദുഷ്‌കരമായിരുന്നു. നവജാതശിശുക്കളെ ഭാരമായി കാണുന്ന തരത്തിൽ ദാരിദ്ര്യം അതിരൂക്ഷമായിരുന്നു. മറ്റൊരാൾക്കു കൂടി ഭക്ഷണം കൊടുക്കാൻ കുടുംബങ്ങൾക്ക് കഴിയുമായിരുന്നില്ല.
ഒന്നാം ലോകമഹായുദ്ധം രൂക്ഷമായപ്പോൾ ജീവിതം കൂടുതൽ ദുഷ്‌കരമായി. ഓസ്ട്രിയ-ഹംഗറിക്ക് വേണ്ടി മുൻനിരയിൽ പോരാടാൻ കഴിവുള്ള പുരുഷന്മാരെ അയച്ചു. വയലിൽ പണിയെടുക്കാൻ സ്ത്രീകൾ മാത്രം അവശേഷിച്ചു.
വിദൂര സ്ഥലമായതിനാൽ സഖ്യകക്ഷികളുടെ യുദ്ധത്തടവുകാരെ താമസിപ്പിക്കുന്ന ക്യാമ്പായി നാഗ്രേവ് മാറി. റഷ്യൻ യുദ്ധത്തടവുകാരെ ഫാമുകളിൽ ജോലി ചെയ്യാൻ അയച്ചു തുടങ്ങി. പ്രാദേശിക പുരുഷന്മാരുടെ അഭാവത്തിൽ, ഗ്രാമത്തിലെ സ്ത്രീകൾ ഈ ചെറുപ്പക്കാരുമായി പ്രണയബന്ധം പുലർത്താൻ ആരംഭിച്ചു. സ്ത്രീകൾ ഒരേ സമയം മൂന്ന് മുതൽ നാല് വരെ കാമുകന്മാരെ സ്വീകരിച്ചു.
ഈ വഴിവിട്ട ബന്ധങ്ങളിൽ ചിലത് അനാവശ്യ ഗർഭധാരണത്തിന് കാരണമായി. സഹായത്തിനായി സ്ത്രീകൾ ഫസീക്കസിനെ സമീപിച്ചു. താമസിയാതെ, രഹസ്യ ഗർഭഛിദ്രങ്ങൾക്കായി ഫസെക്കാസിന്റെ വാതിൽക്കൽ ഒരു നിരതന്നെ വളർന്നു വന്നു തുടങ്ങി. ഫസെക്കാസ് ചെയ്തിരുന്ന നിയമവിരുദ്ധമായ ഗർഭഛിദ്രത്തിന് 1911 മുതൽ 1921 വരെ 10 തവണയെങ്കിലും അവൾ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ഓരോ തവണയും അനുഭാവികളായ ജഡ്ജിമാർ അവളെ കുറ്റവിമുക്തയാക്കി വിട്ടയച്ചു. ഗ്രാമത്തിലെ ഒരേയൊരു വൈദ്യസഹായി അവളായിരുന്നതിനാൽ അധികാരികൾ കണ്ണടച്ചു.
യുദ്ധത്തിൽ ക്ഷീണിതരായ പുരുഷന്മാർ നാഗ്രേവിലേക്ക് മടങ്ങിയെത്തിയപ്പോൾ അത് ഭാര്യാഭർത്താക്കന്മാർക്ക് സന്തോഷകരമല്ലാത്ത ഒന്നായിരുന്നു. മുറിവേറ്റും, വികലാംഗരുമായി ആളുകൾ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. സ്ത്രീകളാകട്ടെ, ഭർത്താക്കന്മാരില്ലാതെ എങ്ങനെ ജീവിക്കണമെന്ന് പഠിച്ചു കഴിഞ്ഞിരുന്നു. യുദ്ധത്തടവുകാരുമായുള്ള അവരുടെ പ്രണയബന്ധങ്ങൾ അവർ സ്വന്തം ജീവിതമുള്ള സ്ത്രീകളാണെന്ന് അവരെ ഓർമ്മിപ്പിച്ചു. മദ്യപാനികളും, അക്രമാസക്തരും, വികലാംഗരുമായ ഭർത്താക്കന്മാരോടൊപ്പം അവരുടെ ശിഷ്ടകാലം അവർക്കു ചെലവഴിക്കേണ്ട ആവശ്യമില്ല. സ്വാതന്ത്ര്യവും, ലൈംഗിക സ്വാതന്ത്ര്യവും നഷ്ടപ്പെട്ടതിൽ അവർ നീരസപ്പെട്ടു. ഭർത്താക്കന്മാരോടുള്ള അതൃപ്തി ചൊരിയാൻ അവർ ഓരോരുത്തരായി ഫസെക്കാസിക്കിന്റെ അരികിലേയ്ക്ക് പോയി.
“എന്തിനാണ് അവരെ സഹിക്കുന്നത്?” സ്ത്രീകൾ പറയുന്നത് കേട്ട് ഫസേക്കാസ് പറഞ്ഞു.
“എനിക്ക് ഒരു പരിഹാരമുണ്ട്.”
വെള്ളത്തിൽ കുതിർത്ത ഫ്‌ളൈപേപ്പറിൽ നിന്ന് തിളപ്പിച്ച ആഴ്‌സനിക് ആയിരുന്നു പരിഹാരം.
ഫാസെക്കാസ് തന്റെ ആദ്യത്തെ ആർസെനിക് കുപ്പി മിസിസ് തക്കാക്കസ് എന്ന ഗ്രാമീണ സ്ത്രീക്ക് നൽകി. മിസ്സിസ് തക്കാക്കസിന് അവളുടെ ക്രൂരനും, മദ്യപാനിയുമായ ഭർത്താവിനെ ഒഴിവാക്കണമായിരുന്നു. അവൾ തന്റെ ഭർത്താവിന്റെ ഭക്ഷണത്തിൽ ആഴ്സനിക് ഒഴിച്ചു കാത്തിരുന്നു. അത് ആസൂത്രണം ചെയ്തതുപോലെ പ്രവർത്തിച്ചു. അവളുടെ ഭർത്താവ് അന്തരിച്ചു. ഹൃദയാഘാതമാണെന്നാണ് എല്ലാവരും കരുതിയത്.
രഹസ്യ കൊലപാതകത്തിന്റെ വാർത്ത മറ്റ് ഭാര്യമാർക്കിടയിൽ പരന്നു. അസന്തുഷ്ടമായ ദാമ്പത്യത്തിൽ നിന്ന് അവരെ മോചിപ്പിക്കുന്ന ആർസെനിക്കിനായി സ്ത്രീകൾ ഫാസെക്കാസിലേക്ക് വരാൻ തുടങ്ങി. ഫസേക്കാസ് വിഷത്തിന്റെ കുപ്പികൾ പണത്തിനായി വിൽക്കാൻ തുടങ്ങി.
ഓരോ വ്യക്തിക്കും വില വ്യത്യസ്തമായിരുന്നു. വാങ്ങുന്നവർക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് ആർസെനിക് വിറ്റു. വീട്ടിൽ ഉണ്ടാക്കിയ വിഷം എവിടെ നിന്നാണ് വന്നതെന്ന് അവൾ ആരോടും പറഞ്ഞിട്ടില്ല. ശരീരത്തിൽ ആർസെനിക് കണ്ടെത്താൻ കഴിയില്ലെന്ന് അവൾ വാങ്ങുന്നവർക്ക് ഉറപ്പ് നൽകിയിരുന്നു.
താമസിയാതെ, ഗ്രാമത്തിന് ചുറ്റുമുള്ള ആരോഗ്യമുള്ള മനുഷ്യർ ഈച്ചകളെപ്പോലെ ചത്തു വീഴാൻ തുടങ്ങി. മരണനിരക്ക് വളരെ ഉയർന്നതായിരുന്നു, അന്ധവിശ്വാസികൾ മന്ത്രവാദത്തെയും, ദുരാത്മാക്കളെയും കുറിച്ച് അസ്വസ്ഥതയോടെ മന്ത്രിക്കാൻ തുടങ്ങി. ഒരു ഘട്ടത്തിൽ, അമ്പതോളം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്ക് വിഷം കൊടുക്കുന്നുണ്ടായിരുന്നു.
നാഗ്രേവിന്റെ ഏഞ്ചൽ മേക്കേഴ്സ്
“നാഗ്രേവ്വിന്റെ ഏഞ്ചൽ മേക്കേഴ്സ്” അവരുടെ ആദ്യകാലങ്ങളിൽ പറയാത്ത ചില നിയമങ്ങളുണ്ടായിരുന്നു. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ അവരുടെ ഒപ്പം ചേരാൻ കഴിയൂ. അവിവാഹിതരായ സ്ത്രീകൾക്ക് തങ്ങളുടെ കാമുകന്മാരെ ഒഴിവാക്കാനായി വിഷപ്രയോഗം നടത്താൻ ഗ്രൂപ്പിന് സഹായിക്കാനാവില്ല. ആവശ്യമില്ലാത്ത ഭാര്യയെ ഒഴിവാക്കാൻ അവർക്ക് ഭർത്താവിനെ സഹായിക്കാനും കഴിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും വിഷം കൊടുക്കുന്നത് നിരോധിച്ചിരുന്നു. ഭർത്താവിനെ കൊല്ലുന്ന സേവനങ്ങളുടെ ആവശ്യമില്ലാതെ, സന്തോഷകരമായ ദാമ്പത്യജീവിതത്തിൽ കഴിയുന്ന സ്ത്രീകളോട് സിൻഡിക്കേറ്റിന്റെ ഭീകരമായ പ്രവർത്തനങ്ങളെക്കുറിച്ച് പറയാൻ പാടില്ല.
കൂടുതൽ ഭാര്യമാർ ഫസെക്കാസിന്റെ സേവനം തേടിയതോടെ മരണസംഖ്യ വർധിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സമീപത്തെ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞു. പുരുഷന്മാർ വിവാഹത്തെ ഭയപ്പെടുന്നവരായി. വിവാഹം ഒരു വധശിക്ഷയ്ക്ക് തുല്യമായി അവർക്കു തോന്നി.
അധികാരികളിൽ നിന്ന് സംശയം തോന്നാതിരിക്കാൻ, സുസി ഓല എന്ന സ്ത്രീയെ ഫസെക്കാസ് കൂട്ടുപിടിച്ചു. 18 വയസ്സുള്ളപ്പോൾ ഓല തന്നെക്കാൾ പ്രായമുള്ള ഭർത്താവിനെ വിഷം കൊടുത്തു കൊന്നിരുന്നു. (അവൾ രണ്ടാം ഭർത്താവിനെയും പിൻകാലത്ത് കൊന്നു.)
ഓലയുടെ മരുമകൻ ഗ്രാമത്തിലെ ഏക കോറോണർ ( ദുർമരണ വിചാരണക്കാരൻ ) ആയിരുന്നു. എല്ലാ മരണസർട്ടിഫിക്കറ്റുകളിലും അദ്ദേഹം ആണ് ഒപ്പിട്ടിരുന്നത്. ഹൃദയാഘാതം, മുങ്ങിമരണം (വിഷമേറ്റശേഷം ശരീരം നദിയിലേക്ക് വലിച്ചെറിഞ്ഞവ), രോഗം, മദ്യപാനം എന്നിങ്ങനെ എല്ലാ ദുരൂഹമായ മരണങ്ങളും എഴുതിത്തള്ളപ്പെട്ടു.
ചുറ്റും യഥാർത്ഥ മെഡിക്കൽ ഡോക്ടർമാരില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ നിഗമനങ്ങളെ വെല്ലുവിളിക്കാൻ ആരുമുണ്ടായിരുന്നില്ല. ഈ പ്രദേശത്ത് താമസിക്കുന്ന ചുരുക്കം ചില ഡോക്ടർമാർക്ക് കുറഞ്ഞ ശമ്പളവും അമിത ജോലിയും ആയിരുന്നു ഉണ്ടായിരുന്നത്. നാഗ്രേവ്വിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ ശ്രദ്ധിച്ചില്ല.
സമാന രീതിയിലുളള മുൻകാല ചരിത്രങ്ങൾ.
- വൻതോതിലുള്ള ഭർത്താക്കന്മാരെ കൊല്ലുന്നത് ചരിത്രത്തിലുടനീളം നടന്നിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിൽ, ഗിയുലിയ ടോഫാന, ആർസെനിക്കും ലെഡും ചേർന്ന് നിർമ്മിച്ച അക്വാ ടോഫാന എന്ന വിഷം വികസിപ്പിച്ചെടുത്തു, അവർ ഭർത്താക്കന്മാരിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന അസന്തുഷ്ടരായ ഭാര്യമാർക്ക് ഒരു സൗന്ദര്യവർദ്ധകവസ്തുവായി പരസ്യമായി വിറ്റു. നിർഭാഗ്യവാനായ മനുഷ്യന്റെ വീഞ്ഞിൽ തുള്ളികളായി ചേർക്കേണ്ട നിറവും രുചിയുമില്ലാത്ത മന്ദഗതിയിലുള്ള വിഷമായിരുന്നു അത്. റോമിൽ 600 പേരുടെ മരണത്തിന് ഉത്തരവാദി ടോഫാന ആയിരുന്നു എന്ന് കരുതപ്പെടുന്നു. 1651-ൽ മാർപാപ്പയുടെ അധികാരികൾ അവളെ അറസ്റ്റുചെയ്ത് വധിച്ചു.
- 1868-ൽ ഫ്രാൻസിൽ, ജോയി എന്നു പേരുള്ള ഒരു ഹെർബലിസ്റ്റ് കുറഞ്ഞത് മൂന്ന് സ്ത്രീകൾക്കെങ്കിലും അവരുടെ ഭർത്താക്കന്മാരെ വിഷബാധ ഏൽപ്പിക്കാൻ ആർസെനിക് നൽകി. ജോയിയെയും ഇടപാടുകാരെയും തുറന്നുകാട്ടാൻ ഒരു ഭർത്താവ് രഹസ്യമായി പിന്തുടർന്നതിനെ തുടർന്നാണ് ഇയാൾ പിടിക്കപ്പെട്ടത്. ജോയി കുറ്റക്കാരനാണെന്ന് കണ്ടെത്തി, ആജീവനാന്ത കഠിനാധ്വാനത്തിന് ശിക്ഷിക്കപ്പെട്ടു.
- 1882-ൽ ഹംഗറിയിലെ രണ്ട് സ്ത്രീകളെ കൂട്ടക്കൊലകൾ നടത്തിയതിന് വ്യത്യസ്ത കേസുകളിലായി വിചാരണ ചെയ്തു. ആദ്യ സംഭവത്തിൽ, വലിയ അളവിൽ ആർസെനിക് അടങ്ങിയ ചെറിയ കേക്കുകൾ ലൂക്കാസ് കാത്തി ബേക്കുചെയ്തെടുത്തു. ഭർത്താവിനെയോ കാമുകന്മാരെയോ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അവൾ അവ വിറ്റു. “ഏകദേശം 50 വയസ്സ് പ്രായമുള്ള ഒരു സൗമ്യയായ ചെറിയ സ്ത്രീ, അവളുടെ ചെറിയ മുഖത്ത് ദയയും മാതൃഭാവവും” എന്ന് വാർത്താ റിപ്പോർട്ടുകൾ കാത്തിയെ വിശേഷിപ്പിച്ചു.!! കാത്തി തന്റെ രണ്ട് ഭർത്താക്കന്മാരെ കൊലപ്പെടുത്തിയിരുന്നു. അവളെ അറസ്റ്റ് ചെയ്യുകയും മറ്റ് 26 കൊലപാതകങ്ങളിൽ പ്രതിയാക്കുകയും ചെയ്തു. ആയിരക്കണക്കിന് ജനക്കൂട്ടത്തെ സാക്ഷിയാക്കി അവളെ തൂക്കുമരത്തിൽ തൂക്കിലേറ്റി.
- രണ്ടാമത്തെ കേസിൽ, 70 വയസ്സുള്ള റൊമാനിയക്കാരിയായ തെക്ല പോപോവ്, രണ്ട് വർഷത്തിനിടെ നൂറ് സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരെ വിഷം കൊടുക്കാൻ സഹായിച്ചതിന് കുറ്റം ചുമത്തപ്പെട്ടു. അവളുടെ ആവശ്യക്കാർക്ക് ഒരു കുപ്പി “ചുവന്ന വിഷത്തിന്” 50 മുതൽ 100 വരെ ഫ്ലോറിനുകൾ നൽകിയിരുന്നു. അവസാനം അവളുമായി വഴക്കിട്ട സ്വന്തം മകളാണ് അവളുടെ ചെയ്തികൾ തുറന്നുകാട്ടിയത്.
- 1909-ൽ, 300-ലധികം പുരുഷന്മാരെ കൊന്നതിന് ഒരു മാഡം പോപോവ റഷ്യയിൽ അറസ്റ്റിലായി. ഭർത്താക്കന്മാരിൽ നിന്ന് സ്വയം മോചിതരാകാൻ ആഗ്രഹിക്കുന്ന ഭാര്യമാർക്കായി പ്രത്യേകമായി ഒരു കൊലപാതക സേവനം നടത്തിയിരുന്ന അവൾ ഒരു സമൃദ്ധമായ വിഷകാരിയായിരുന്നു. അവളുടെ സേവനങ്ങൾക്ക് അവൾ ഉപഭോക്താക്കളിൽ നിന്ന് നാമമാത്രമായ ഫീസേ ഈടാക്കിയിരുന്നുളളൂ. വിഷം, സ്വന്തം കൈകൾ, ആയുധം അല്ലെങ്കിൽ ഒരു വാടക കൊലയാളി വഴി അവൾ പുരുഷന്മാരെ അവസാനിപ്പിച്ചു. പശ്ചാത്തപിച്ച ഒരു ഉപഭോക്താവ് അധികാരികൾക്ക് കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് അവൾ പിടിക്കപ്പെട്ടത്. തന്റെ ജോലിക്കിടെ 300 ഭാര്യമാരെ മോചിപ്പിച്ചുവെന്നും “അസന്തുഷ്ടരായ ഭാര്യമാരെ അവരുടെ സ്വേച്ഛാധിപതികളിൽ നിന്ന് മോചിപ്പിക്കുന്നതിൽ താൻ മികച്ച പ്രവർത്തനം നടത്തി” എന്നും മാഡം പോപോവ സ്വതന്ത്രമായി സമ്മതിച്ചു. പ്രകോപിതരായ ജനക്കൂട്ടം അവളെ ചുട്ടുകളയാൻ ആഗ്രഹിച്ചു, പക്ഷേ സാറിസ്റ്റ് സൈനികർ അവളെ രക്ഷിക്കുകയും, ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവസാനം വരെ പശ്ചാത്തപിക്കാതെ അവൾ വെടിയേറ്റുമരിച്ചു.
കാലം പോകവേ വിധവകൾ അത്യാഗ്രഹം, സൗകര്യം, വിരസത എന്നിവ കാരണം വിവേചനരഹിതമായി കൊല്ലാൻ തുടങ്ങി, എയ്ഞ്ചൽ മേക്കർമാരുടെ യഥാർത്ഥ ലക്ഷ്യത്തിലും അപ്പുറമായിരുന്നു പിന്നീടു നടന്ന സംഭവങ്ങൾ. ആവശ്യമില്ലാത്ത കാമുകന്മാർ, പാരമ്പര്യ വഴിയിൽ പ്രായമായ മാതാപിതാക്കൾ, ശല്യപ്പെടുത്തുന്ന ബന്ധുക്കൾ, പോറ്റാൻ ഭാരമായിരുന്ന കുട്ടികൾ, വികലാംഗർ മുതലായവരെല്ലാം അവർക്കിരയായി.
- ആദ്യം ഭർത്താവിന് വിഷം കൊടുക്കാൻ മാത്രമേ പലിങ്ക ആഗ്രഹിച്ചിരുന്നുള്ളൂ. അത് വളരെ നന്നായി ഫലവത്തായതായി അവൾ മനസിലാക്കി, തുടർന്ന് അവളുടെ മാതാപിതാക്കളെയും, അവളുടെ രണ്ട് സഹോദരന്മാരെയും, അവളുടെ അനിയത്തിയെയും, അമ്മായിയെയും അവൾ ശവക്കുഴികളിലേക്ക് പറഞ്ഞുവിട്ടു. ഒരു വീടും രണ്ടര ഏക്കർ സ്ഥലവും ലഭിക്കാൻ വേണ്ടിയാണ് അവൾ ഭർത്താവിനേകൂടാതെ ഈ 6 പേരേക്കൂടി കാലപുരിക്കയച്ചത്. പലിങ്ക കൊലപാതകങ്ങൾ നടത്തിയത് ധിക്കാരത്തോടെയാണ്. അവൾ ഇരയ്ക്ക് ആവശ്യത്തിലധികം അളവിൽ വിഷം നൽകിയിരുന്നു. അസുഖം ഭേദമാക്കാൻ എന്ന വ്യാജേന പലിങ്ക പട്ടണത്തിലേക്ക് പോകുകയും വിലകൂടിയ ഒരു കുപ്പി മരുന്നുമായി മടങ്ങുകയും ചെയ്യും. ഇര മരണപ്പെടുന്നതുവരെ അവൾ ഉദാരമായി ഓരോ സ്പൂൺ മരുന്ന് നൽകും. തീർച്ചയായും, മരുന്ന് കുപ്പിയിൽ വളരെ നേരത്തെ തന്നെ ഫ്ലൈ-പേപ്പർ വെള്ളം നിറച്ചിരിക്കും.
- മേരി കാർഡോസ് തന്റെ ഭർത്താവിനെയും, കാമുകനെയും, രോഗിയായ 23 വയസ്സുള്ള മകനെയും കൊന്നു. മകനോടുള്ള അമ്മയുടെ അവസാന ഇടപെടലെന്ന നിലയിൽ, ഒരു ചൂടുള്ള ശരത്കാല ദിനത്തിൽ അവൾ അവന്റെ കിടക്ക വീടിന് പുറത്തേക്ക് മാറ്റുകയും വിഷം കലർത്തിയ സൂപ്പ് അവന് നൽകുകയും ചെയ്തു. “ഞാൻ അവന് കുറച്ച് വിഷം കൂടി കൊടുത്തു” അവൾ കോടതിയിൽ അനുസ്മരിച്ചു. “എന്റെ കുട്ടി പള്ളിയിൽ എത്ര മനോഹരമായി പാടുമായിരുന്നുവെന്ന് പെട്ടെന്ന് ഞാൻ ഓർത്തു, അതിനാൽ ഞാൻ അവനോട് പറഞ്ഞു, ‘എന്റെ കുട്ടി പാടൂ! എന്റെ പ്രിയപ്പെട്ട ഗാനം ഒന്നുകൂടി പാടൂ!’ അവൻ തന്റെ മനോഹരമായ വ്യക്തമായ ശബ്ദത്തിൽ അത് പാടി, പെട്ടെന്ന് അവൻ നിലവിളിച്ചു, വയറിൽ മുറുകെ പിടിച്ചു, ശ്വാസം മുട്ടി മരിച്ചു.
- 41 കാരിയായ മരിയ വർഗ, തന്റെ യുവകാമുകനുമായി വീട്ടിൽ വച്ച് പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിൽ പിടിവീണപ്പോൾ അന്ധനും, യുദ്ധവീരനുമായ ഭർത്താവിനെ കൊലപ്പെടുത്തി, വിഷം ഉളളിൽ ചെന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹം വേദനയോടെ മരിച്ചു. അവൾ അവിടേയും നിർത്തിയില്ല; അഞ്ച് വർഷത്തിന് ശേഷം, തന്റെ ആ യുവകാമുകനെ മടുത്തപ്പോൾ അവൾ അവനും വിഷം നൽകി കൊന്നു.
- ലിഡിയ സെറി തന്റെ പ്രായമായ മാതാപിതാക്കളെ വിഷം കൊടുത്തു പരലോകം പൂകിച്ചു. മരണാസന്നയായ ഭാര്യയോട് അവളുടെ പിതാവ് നിലവിളിക്കുന്നത് കേട്ടതായി അയൽക്കാർ പിന്നീട് സാക്ഷ്യപ്പെടുത്തി, അയാൾ ഇങ്ങിനെ പറഞ്ഞിരുന്നു “പിശാച് ലിഡിയയെ എടുക്കട്ടെ! അവൾ ഞങ്ങൾക്ക് ചായ ഉണ്ടാക്കിതന്നു, അതാണ് ഞങ്ങളെ കൊന്നത്!”
- ജൂലിയൻ ലിപ്ക അവളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഏഴ് പേരെ വധിച്ചു – അവളുടെ രണ്ടാനമ്മ, അവളുടെ അമ്മായി, അവളുടെ സഹോദരൻ, അവളുടെ സഹോദരി എന്നിവരെ കൂടാതെ ക്രിസ്മസ് രാവിൽ അവൾ ഭർത്താവിന്റെ റമ്മിലും, ചായയിലും വിഷം കലർത്തി. ഒരു അയൽവാസിയുടെ അഭിപ്രായത്തിൽ, അവൾ അവളുടെ അടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീയെയും വിഷപ്രയോഗാത്തിന് സഹായിച്ചു. “ആ സ്ത്രീയോട് ഞാൻ വളരെ ഖേദിക്കുന്നു,” അവൾ പറഞ്ഞു. “ഞാൻ അവൾക്ക് ഒരു കുപ്പി വിഷം നൽകി, മറ്റൊന്നും അവളുടെ വിവാഹബന്ധത്തിന് സഹായകരമാകുന്നില്ലെങ്കിൽ അത് പരീക്ഷിക്കാൻ ഞാൻ അവളോട് പറഞ്ഞു.”
- ഏഞ്ചൽ മേക്കേഴ്‌സിന്റെ രണ്ടാമത്തെ കമാൻഡായ ബാലിന്റ് സിസോർഡാസ്, തന്റെ ഏതാനും മക്കൾക്ക് ഭക്ഷണം നൽകാൻ കഴിയാത്തത്ര ദാരിദ്രം അനുഭവിച്ചപ്പോൾ അവർക്ക് മാരകമായ ഒരു ഡോസ് വിഷം നൽകി.
- റോസാലി സെബെസ്റ്റിയനും റോസ് ഹോയ്ബയും അവരുടെ ഭർത്താക്കന്മാരെ കൊന്നത് പുരുഷന്മാർ അവരെ “ബോറടിപ്പിച്ച”തിനാലാണ്.!!
- മരിയ സെൻഡി തന്റെ ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, കാരണം “അവന് എപ്പോഴും അവന്റേതായ വഴി മാത്രമേ ഉണ്ടായിരുന്നുളളൂ.” “പുരുഷന്മാർക്ക് എല്ലാ ശക്തിയും ഉള്ള രീതി ഭയങ്കരമാണ്,” അവൾ പിന്നീട് അതിനെപ്പറ്റി പറഞ്ഞു.
വിവരണാതീതമായ മരണങ്ങൾ ഭയാനകമായ തോതിൽ വളർന്നു, അയൽപട്ടണമായ ടിസാകുർട്ടിലേക്കും വ്യാപിച്ചു തുടങ്ങി. ആകെ മരണസംഖ്യ ഈ പ്രദേശത്ത് 300 വരെ ഉയർന്നതായി കണക്കാക്കപ്പെട്ടു. 1929 ആയപ്പോഴേക്കും നാഗ്രേവ് “കൊലപാതക ജില്ല” എന്നറിയപ്പെട്ടു.
ഫൗൾ പ്ലേ എന്ന സംശയം.
പോലീസിന് ഇടയ്ക്കിടെ സംശയം തോന്നിയിട്ടും ഒരു ദശാബ്ദത്തിലേറെയായി നാഗ്രേവ്വിലും സമീപത്തുള്ള ടിസാകുർട്ടിലും കൊലപാതകങ്ങൾ തുടർച്ചയായി തുടർന്നു പോന്നു. ‘സ്ത്രീകൾ തങ്ങളുടെ കുടുംബാംഗങ്ങളെ വിഷം കൊടുത്ത് കൊന്നെന്ന്’ ആരോപിച്ച് ഭയന്ന ഗ്രാമവാസികളിൽ ചിലർ അധികാരികൾക്ക് അജ്ഞാത കത്തുകൾ അയച്ചിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്കപ്പുറം ഫൗൾ പ്ലേ ഉൾപ്പെട്ടിരുന്നു എന്നതിന് തെളിവില്ലായിരുന്നു. എല്ലാ മരണസർട്ടിഫിക്കറ്റുകളിലും മരണത്തിന്റെ സ്വാഭാവികമായ കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെന്തു ചെയ്യും?
എല്ലാത്തിനും കാരണം ഫസെക്കാസിന്റെ ദുഷ്ടശക്തികളാണെന്ന് പ്രാദേശിക ജനങ്ങൾ കരുതുന്നുണ്ടെന്നും, അവർ ഭയചകിതരാണെന്നും രഹസ്യമായി സന്ദർശനം നടത്തിയിരുന്ന ഡിറ്റക്ടീവുകൾ കണ്ടെത്തി. പോലീസിന്റെ കണ്ണുകൾ അങ്ങിനെ ഫസെക്കാസിന്റെ മേൽ വീണു.
1937- ലെ ഓക്‌ലാൻഡ് ട്രിബ്യൂൺ പത്രത്തിലെ ഒരു ലേഖനം അവിടുത്തെ പ്രാദേശിക പുരോഹിതൻ ഡിറ്റക്ടീവുകളോട് പറഞ്ഞ കാര്യങ്ങൾ ഇപ്രകാരം റിപ്പോർട്ട് ചെയ്തു:
“അന്ധവിശ്വാസികളായ കർഷകർ അവളെ ഭയപ്പെടുന്നു. അവൾക്ക് അമാനുഷിക ശക്തിയുണ്ടെന്ന് അവർ വിശ്വസിക്കുന്നു, നഴ്‌സും മിഡ്‌വൈഫും എന്ന നിലയിലുള്ള അവളുടെ ഔദ്യോഗിക ശേഷി എല്ലാ കുടുംബങ്ങളിലേക്കും അവൾക്ക് പ്രവേശനം നൽകുന്നു, അവൾ മുഴുവൻ ജില്ലയിലും ആധിപത്യം പുലർത്തുന്നു. മാന്യരേ, ഈ ഗ്രാമങ്ങളിൽ പൂർണ്ണമായും സ്ത്രീകളുടെ ആധിപത്യമാണ്. പുരുഷന്മാരെല്ലാം അവരുടെ ജീവനെ ഭയപ്പെടുന്നു! ” ഇങ്ങിനെ പോകുന്നു ആ വിവരണം.
അന്വേഷണം
1929-ൽ ഹംഗറി പത്തുവർഷത്തെ സെൻസസ് പൂർത്തിയാക്കിയതാണ് എല്ലാത്തിനും വഴിത്തിരിവായത്. ഉദ്യോഗസ്ഥർ സ്ഥിതിവിവരക്കണക്കുകൾ പഠിക്കുമ്പോൾ, നാഗ്രെവ് ഗ്രാമത്തിലെ മരണനിരക്ക് അസാധാരണമായി ഉയർന്നതായി ശ്രദ്ധിച്ചു. അതിനാൽ ഇതിനെപ്പറ്റി പ്രധാന അന്വേഷണം തന്നെ നടന്നു. അന്വേഷണത്തിൽ
മിസ്സിസ് സാബോ എന്ന സ്ത്രീ തന്റെ ഭർത്താവിനെയും, സഹോദരനെയും വിഷം കൊടുത്തു കൊന്നതായി സമ്മതിച്ചു. അവൾ ഫസെക്കാസിന്റേയും ഓലയുടേയും നേരെ വിരൽചൂണ്ടി.
ഫസേക്കസിനെയും, ഓലയെയും ചോദ്യം ചെയ്യാൻ കൊണ്ടുവന്നെങ്കിലും നിരപരാധിത്വത്തിന്റെ പ്രഖ്യാപനങ്ങളിൽ ഇരുവരും ഉറച്ചുനിന്നു. കൂടാതെ ഈ അവസരത്തിൽ മൊഴിയെടുക്കാൻ തന്നെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് അവകാശപ്പെട്ട് മിസ്സിസ് സാബോ തന്റെ കുറ്റസമ്മതം പിൻവലിച്ചു. അതിനാൽ ഫസീക്കസിനെയും ഓലയെയും പോലീസ് വിട്ടയച്ചു.
ഫസെക്കാസിനും ഓലയ്ക്കും ഇതൊരു വിജയമായിരുന്നു. പേടിച്ചരണ്ട ഗ്രാമീണരുടെ കണ്ണിൽ അവർ ഇപ്പോൾ ആരാലും സ്പർശിക്കാൻ ആകാത്തവരായി കാണപ്പെട്ടു. എന്നാൽ അവർ അറിയാതെ പോലീസ് ഇരുവരെയും പിന്തുടരുന്നുണ്ടായിരുന്നു.
അവളുടെ അറസ്റ്റിൽ ഫസേക്കാസ് രഹസ്യമായി ഭയപ്പെട്ടിരുന്നു. കളികൾ തീരാറായി എന്നും അവർ ആരും ഒന്നും സംസാരിക്കരുതെന്നും മുന്നറിയിപ്പ് നൽകാൻ അവൾ തന്റെ മുൻ ഉപഭോക്താക്കളുടെ വീടുകൾ ഓരോന്നായി സന്ദർശിക്കാൻ തുടങ്ങി. ഡിറ്റക്ടീവുകൾ അവളുടെ പിന്നാലേ നിഴൽ പോലെ ഉണ്ടായിരുന്നു. അവൾ സന്ദർശിച്ച വീടുകൾ അവർ മനസിലാക്കി. അവിടെല്ലാം ദുർമരണങ്ങൾ നടന്നിരുന്നു. ആ വീടുകളിൽ താമസിക്കുന്നവരെ പിന്നീട് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പോലീസ് നടത്തി.
അതിനിടെ, സിൻഡിക്കേറ്റിന്റെ നേതാക്കളിലൊരാളായ ബാലിന്റ് കോർഡാസ് ഒരു രസതന്ത്രജ്ഞനെ സന്ദർശിക്കാൻ തലസ്ഥാനത്തേക്ക് ഒരു യാത്ര നടത്തി. ആർസനിക് കഴിച്ച് മരിച്ച ഒരാളുടെ ശരീരത്തിൽ ആഴ്സനിക്കിന്റെ അംശം കണ്ടെത്താനാകുമോ എന്നറിയാനാണ് അവൾ പോയത്. കാലം ഇത്ര കഴിഞ്ഞാലും ഒരു മൃതദേഹത്തിൽ ഇപ്പോഴും രാസവസ്തു കണ്ടെത്താമെന്ന് രസതന്ത്രജ്ഞൻ അവൾക്ക് മറുപടി നൽകി. വർഷങ്ങളായതിനാൽ മാംസം ജീർണിച്ചിട്ടുണ്ടെങ്കിലും, ആർസെനിക്കിന്റെ അംശം നഖങ്ങളിലും മുടിയിലും അവശേഷിക്കും.
ഞെട്ടിപ്പിക്കുന്ന ഈ വാർത്തയിൽ തളർന്ന് പോയ ബാലിന്റ് സോർഡാസ്, അവൾക്ക് ലഭിച്ച സ്തോഭജനകമായ വിവരം അറിയിക്കാൻ ഗ്രാമത്തിലേക്ക് വേഗം തിരികെയെത്തി. ഒരു വെളളിടിവെട്ടിയതുപോലാണ് ഫസെക്കാസിനും ഓലയ്ക്കും ഈ വാർത്ത അനുഭവപ്പെട്ടത്. ഗ്രാമത്തിലെ ശ്മശാനത്തിൽ കിടക്കുന്ന ആഴ്സനിക് വാഹികളായ മൃതദേഹങ്ങൾ അവരുടെ ഭീകര പ്രവൃത്തികളുടെ തെളിവായിമാറും. അവരുടെ ഇരകളുടെ അവശിഷ്ടങ്ങൾക്ക് എല്ലാം പുറത്തുകൊണ്ടുവരാൻ സാധിക്കും എന്നവർ ഭയപ്പെട്ടു. തെളിവുകൾ മറയ്ക്കാനായി ഒരു കർമപദ്ധതി അവർ തിടുക്കത്തിൽ തീരുമാനിച്ചു.
അന്നു രാത്രി, കൊലപാതക സംഘത്തിലെ പതിമൂന്ന് വിധവകൾ നാഗ്രേവ് സെമിത്തേരിയിൽ ഒത്തുകൂടി. അധികാരികളെ കബളിപ്പിക്കാനുള്ള ലക്ഷ്യത്തോടെ ശവകുടീരങ്ങളിലെ സ്തൂപങ്ങൾ മാറ്റിമറിക്കാൻ അവർ പദ്ധതിയിട്ടു. അവർ വിഷം കലർന്ന മരിച്ചവരുടെ ശവക്കുഴികളിൽ നിന്ന് ശിലാഫലകങ്ങൾ നീക്കം ചെയ്യുകയും വിഷം കഴിക്കാത്തവരുടെ ശിലാശാസനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തില് വിഷം കലർന്നതായി സംശയിക്കുന്നവരുടെ മൃതദേഹം പുറത്തെടുക്കുമ്പോൾ മൃതദേഹത്തിൽ ആർസനിക്കിന്റെ അംശം കണ്ടെത്താൻ പോലീസിന് കഴിയാതെ വരും. പദ്ധതി ഇതായിരുന്നെങ്കിലും അവരുടെ ജോലി ആരംഭിച്ചപ്പോൾ തന്നെ പോലീസ് അവരെ വളഞ്ഞു. പലരും ചിതറി ഓടി, ചിലർ പിടിയിലായി.

മൃതദേഹങ്ങൾ ഉടൻ ശ്മശാനത്തിൽ നിന്ന് പുറത്തെടുക്കാൻ പൊലീസ് തീരുമാനിച്ചു. രാത്രിയിൽ, ആർസെനിക്കിന്റെ അംശത്തിനായി ഡോക്ടർമാർ ശരീരത്തിന്റെ ഭാഗങ്ങൾ പരിശോധിച്ചപ്പോൾ സെമിത്തേരി ഒരു മോർച്ചറിയായി മാറി. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഉത്സുകരായ ഏതാനും വിധവകൾ മണ്ണുമാന്തൽ നടക്കുന്നതിനെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ചു. ഇപ്പോഴത്തെ ഭർത്താക്കന്മാർ തങ്ങളെ ഉപേക്ഷിക്കുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു. തങ്ങൾ കൊലപാതക സംഘത്തിന്റെ ഭാഗമല്ലെന്ന് നടിക്കാൻ ഈ അവസരം അവർ ശ്രമിച്ചു. ഖനനത്തിന്റെ ഫലങ്ങൾ ശോചനീയമായിരുന്നു.
50 മൃതദേഹങ്ങളിൽ 46 എണ്ണത്തിലും ആർസെനിക് അടങ്ങിയിട്ടുണ്ട്. ആർസെനിക് പോസിറ്റീവ് ആണോ എന്ന് പരിശോധിച്ച മൃതദേഹങ്ങളിൽ പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും കുട്ടികളും ഒരു കുഞ്ഞും വരെ ഉൾപ്പെട്ടിരുന്നു. ഉണങ്ങിയ ആഴ്സനിക്കിന്റെ അവശിഷ്ടം അടങ്ങിയ കുപ്പികളും, വിഷം കലർന്ന അപ്പവും, കേക്കുകളും ശവപ്പെട്ടികളിൽ നിന്ന് കണ്ടെത്തി. എന്തെന്നാൽ അവളുടെ വീട്ടിലെ തെളിവുകൾ ഇല്ലാതാക്കുന്നത് ഫസേക്കസിന്റെ രീതിയായിരുന്നു.

തെളിവുകളുടെ വെളിച്ചത്തിൽ, ഓല ഉൾപ്പെടെ നൂറോളം വിധവകളെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമവാസികളിൽ പലരെയും പോലെ, തെരുവിനടുത്തുള്ള ഒരു ലളിതമായ ഒറ്റനില വീട്ടിലാണ് അവൾ താമസിച്ചിരുന്നത്. അവളുടെ വീട്ടിൽ നിന്നും റോഡിന്റെ അങ്ങേ അറ്റം വരെ കാണാമായിരുന്നു. തെരുവിലിറങ്ങി വരുന്ന അന്വേഷകരേ കണ്ടപ്പോൾ അവൾ സ്വന്തം വിഷം കഴിച്ചു. അങ്ങിനെ പോലീസ് വീട്ടിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഫസേക്കാസ് ജീവനൊടുക്കി. വെളളവും, ഫ്ലൈ-പേപ്പറുകളും നിറച്ച പാത്രങ്ങളാൽ ചുറ്റപ്പെട്ട നിലയിലാണ് പോലീസ് അവളുടെ മൃതദേഹം കണ്ടെത്തിയത്.

ഇരുപതോളം സ്ത്രീകളുടെ ഭർത്താക്കന്മാരെയും, സ്വന്തം മക്കളെയും വിഷം കൊടുക്കാൻ സഹായിച്ചതായി ബാലിന്റ് സോർദാസ് സമ്മതിച്ചു. അന്ന് രാത്രി അവൾ ജയിലിൽ ആത്മഹത്യ ചെയ്തു. കിടക്കയിൽ നിന്ന് ഉണ്ടാക്കിയ ഒരു കയർ ഉപയോഗിച്ചാണ് അവൾ തൂങ്ങിമരിച്ചത്. ആ സമയത്ത് സെല്ലിൽ അവളോടൊപ്പം മറ്റ് മൂന്ന് വിധവകൾ ഉണ്ടായിരുന്നു, അവർ ഇത് കണ്ടെങ്കിലും ഇടപെടാതെ തൂങ്ങിമരിക്കുന്നത് കണ്ടു നിന്നു.








വിചാരണ
26 സ്ത്രീകളെ വിചാരണ ചെയ്തു. പ്രതികൾ കോടതിയിൽ തുറന്ന എതിർപ്പ് പ്രകടിപ്പിച്ചു. വിധവകളിലൊരാളായ റോസ് ഗ്ലൈബയോട് പത്ത് കൽപ്പനകളെക്കുറിച്ച് അറിയാമോ എന്ന് ജഡ്ജി ചോദിച്ചു.
“ഇല്ല!” അവൾ അലറി.
ജഡ്ജി ഉറച്ചുനിന്നു. “കൊല്ലരുത്’ എന്ന കൽപ്പന നിങ്ങൾക്കറിയാമോ? ”
“ഞാൻ അതിനെക്കുറിച്ച് കേട്ടിട്ടില്ല!” ഗ്ലൈബ ആക്രോശിച്ചുകൊണ്ട് ഇരുന്നു.

ഓലയ്‌ക്കെതിരെ സാക്ഷ്യപ്പെടുത്താൻ വിളിക്കപ്പെട്ട സ്ത്രീകൾ കോടതിയിൽ അവളോടുളള ഭയം തുറന്നു പറഞ്ഞു. അവളുടെ കണ്ണുകൾ “രാത്രിയിൽ മാണിക്യം പോലെ ചുവപ്പായി തിളങ്ങും” എന്നും, തന്നെ ഒറ്റിക്കൊടുക്കാൻ സാധ്യതയുള്ളവരുടെ കിടക്കയിൽ കയറാൻ പരിശീലിപ്പിച്ച വിഷപ്പാമ്പുകളേയും പല്ലികളേയും അവൾ സൂക്ഷിച്ചിരുന്നതായും അവർ ജൂറിയോട് പറഞ്ഞു.
കുടുംബ സ്വത്തിന്റെ അനന്തരാവകാശത്തിനായി തന്റെ മുഴുവൻ കുടുംബത്തെയും വിഷം കൊടുത്ത കൊന്ന ജൂലിയൻ ലിപ്ക, വിചാരണയെക്കുറിച്ച് ആശങ്കാകുലയായി.
“എനിക്ക് എപ്പോൾ വീട്ടിലേക്ക് പോകാം?” അവൾ അഭിഭാഷകനോട് ചോദിച്ചു. “ഞാൻ ഇവിടെയായിരിക്കുമ്പോൾ അവർ എന്റെ എല്ലാ സ്വത്തുക്കളും ലേലം ചെയ്യും.” താൻ സ്വതന്ത്രയാകുമെന്നും ഒരു യുവകാമുകനൊപ്പം അവളുടെ ശേഷിക്കുന്ന ദിവസങ്ങൾ ജീവിക്കാൻ കഴിയുമെന്നും അവൾ വിശ്വസിച്ചിരുന്നു.
വിധവയെ കൊലപ്പെടുത്തിയ സംഘത്തിന് ഒരു വിതരണക്കാരനിൽ നിന്നാണ് ആഴ്സനിക് ഫ്ലൈ-പേപ്പറുകൾ ലഭിച്ചിരുന്നത്. ഹംഗറിയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ഫ്ലൈ-പേപ്പറുകൾ നാഗ്രേവ്വിൽ വിറ്റഴിക്കപ്പെട്ടതായി സമീപ നഗരത്തിൽ നിന്നുള്ള ഒരു പലചരക്ക് വ്യാപാരി സാക്ഷ്യപ്പെടുത്തി.
അരൂപി നിർമ്മാതാക്കളിൽ എട്ട് പേർക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ടുപേരിൽ സൂസി ഓലയും അവളുടെ സഹോദരി ലിഡിയ ഓലയും ഉൾപ്പെടുന്നു.
ലിഡിയ ഓല തന്റെ വിചാരണയിൽ അനുതപിച്ചില്ല. ഒരു റഷ്യൻ ദിനപത്രം പറയുന്നതനുസരിച്ച്, അവൾ നിലവിളിച്ചു,
“ഞങ്ങൾ കൊലയാളികളല്ല! ഞങ്ങൾ ഞങ്ങളുടെ ഭർത്താക്കന്മാരെ കുത്തിയിട്ടില്ല. ഞങ്ങൾ അവരെ തൂക്കിലേറ്റുകയോ, മുക്കി കൊല്ലുകയോ ചെയ്തില്ല! അവർ വിഷം കഴിച്ച് മരിച്ചു, ഇത് അവർക്ക് സന്തോഷകരമായ മരണമായിരുന്നു നൽകിയത്”!
പന്ത്രണ്ട് സ്ത്രീകളെ തടവിന് ശിക്ഷിച്ചു. പന്ത്രണ്ടു പേരിൽ ഏഴു സ്ത്രീകൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു.
അനന്തരഫലം.
വിധവകളുടെ അറസ്റ്റും സിൻഡിക്കേറ്റ് സംഘത്തലവന്മാരുടെ മരണവും കൂടിയായതോടെ, നാഗ്രേവ് ഗ്രാമത്തിൽ ഇത്രയും കാലം നിലനിന്നിരുന്ന ഭീതിയുടെ കാർമേഘം നീങ്ങി. എന്നിരുന്നാലും, നിരവധി നിഗൂഢതകൾ ഇപ്പോഴും നാഗ്രേവിലെ ഏഞ്ചൽ മേക്കേഴ്‌സിന്റെ വിചിത്രമായ കേസിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. അടുത്തുള്ള പട്ടണമായ ടിസാകുർട്ടിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളിൽ ആർസെനിക്കിന്റെ അംശം കണ്ടെത്തിയെങ്കിലും പട്ടണത്തിൽ ആരെയും ശിക്ഷിച്ചില്ല. സിൻഡിക്കേറ്റിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും എത്ര വിധവകൾ ഇപ്പോഴും ഒളിവിലാണെന്നും ആർക്കും അറിയില്ല. ഫസെക്കാസിനെ സംബന്ധിച്ചിടത്തോളം, അവൾ എവിടെ നിന്നാണ് വന്നതെന്നോ അവളുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ എന്താണെന്നോ ആർക്കും മനസിലാക്കാൻ സാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് നാഗ്രേവിലെ സ്ത്രീകൾ കൂട്ടക്കൊലപാതകങ്ങളായി മാറിയത് എന്നതിനെക്കുറിച്ച് ചരിത്രകാരന്മാർ അമ്പരന്നു. ദാരിദ്ര്യം, ബുദ്ധിമുട്ട്, വിരസത, അത്യാഗ്രഹം എന്നിവ ഊഹിക്കപ്പെടുന്ന ചില കാരണങ്ങളായിരുന്നു. എന്നാൽ എന്തുകൊണ്ടെന്ന് നമുക്ക് ഒരിക്കലും വ്യക്ത്മായി അറിയാൻ കഴിയില്ല.
ഇപ്പോൾ ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം, നാഗ്രേവ്വിലെ എയ്ഞ്ചൽ മേക്കേഴ്സ് ഗ്രാമവാസികളിൽ ഉണർത്തുന്ന ഭയം മങ്ങിയിരിക്കുന്നു. ജിജ്ഞാസുക്കളായ സന്ദർശകർക്കായി അവരുടെ കഥകൾ ഗ്രാമത്തിന്റെ ചരിത്ര കഥകളുടെ ഭാഗമായി മാറിയിരിക്കുന്നു.
വിധവകളെ വിചാരണ ചെയ്യുമ്ബോൾ നാഗ്രേവ് ഗ്രാമത്തിലെ 83 വയസ്സുള്ള മരിയ ഗുന്യ ഒരു കൊച്ചു പെൺകുട്ടി മാത്രമായിരുന്നു. 2004-ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, വിഷബാധയ്ക്ക് ശേഷം പുരുഷന്മാരുടെ ഭാര്യമാരോടുള്ള പെരുമാറ്റം “പ്രകടമായ രീതിയിൽ മെച്ചപ്പെട്ടു” എന്ന് അവൾ പരിഭ്രമത്തോടെ ഓർത്തു. നാഗ്രേവ് വില്ലേജ് ആർക്കൈവുകളുടെ ചുമതലയുള്ള ഡോ. ഗേസ സെഹ് പറയുന്ന പ്രകാരം “ഇവിടെയോ മറ്റെവിടെയെങ്കിലുമോ ഇനിയും രഹസ്യങ്ങൾ കണ്ടെത്താനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.”