The Brides in the Bath Case

1913 ക്രിസ്തുമസിന് രണ്ടാഴ്ച്ച മുൻമ്പ് ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂൾ ( Blackpool) എന്ന സ്ഥലത്തുളള ഒരു പേയിംഗ് ഗെസ്റ്റ് സ്ഥാപനത്തിൽ നവദമ്പതികളായ ജോർജ്ജ് സ്മിത്തും ( George Joseph Smith ), ഭാര്യ ആലീസും വാടകയ്ക്ക് താമസിക്കാനെത്തി. ആ കെട്ടിടത്തിന്റെ ഉടമ ജോസഫ് ക്രോസ്ലി ( Joseph Crossley ) ആയിരുന്നു, അദ്ദേഹത്തിന്റെ ഭാര്യ മാർഗരറ്റിന് തങ്ങളുടെ പുതിയ താമസക്കാരനെ ഒട്ടും ബോധിച്ചിരുന്നില്ല. ജോർജ്ജ് സ്മിത്ത് പരുക്കനും, അഹങ്കാരിയും, നികൃഷ്ടനുമാണെന്ന് ആദ്യം തന്നെ മാർഗരറ്റിന് തോന്നി. പോരാത്തതിന് അയാൾക്ക് ഭാര്യയോട് പുശ്ചമായിരുന്നതും അവർ ശ്രദ്ധിച്ചു.

ഡിസംബർ 12 വെള്ളിയാഴ്ച രാത്രി 8 മണിക്ക്, തനിക്ക് കുളിക്കണമെന്ന് ആലീസ് സ്മിത്ത് പറഞ്ഞു, അതിനാൽ ഗ്യാസ് കത്തിക്കുകയും അടുക്കളയ്ക്ക് നേരെ മുകളിലുള്ള ഒന്നാം നിലയിലെ കുളിമുറിയിൽ കർട്ടനുകൾ വലിച്ചിടുകയും ചെയ്തു. ആലീസ് കുളിക്കുമ്പോൾ, ജോസഫും, മാർഗരറ്റും രാത്രിഭക്ഷണം തയ്യാറാക്കാൻ ആരംഭിച്ചു.
അടുക്കളയിൽ അവർ ഭക്ഷണം പാചകം ചെയ്യുമ്പോൾ നേരെ മുകളിലെ അടുക്കളയുടെ സീലിങ്ങിൽ ഒരു പാച്ച് പടരുന്നത് അവർ ശ്രദ്ധിച്ചു. ആ സമയത്ത് കൈയ്യിൽ ഒരു കടലാസു സഞ്ചിയുമായി മി. സ്മിത്ത് കടന്നു വന്നു. അദ്ദേഹം ആകെ അലങ്കോലമായി കാണപ്പെട്ടിരുന്നു. സീലിങ്ങിലെ നനവ് കണ്ട് ബാത്ത് ടബ്ബിൽ വെളളം അധികം നിറയ്ക്കുന്നതിന് സ്മിത്ത് തന്റെ വീട്ടുടമയോട് പരാതിപ്പെടുകയും, നാളെ രാവിലത്തെ ഭക്ഷണത്തിനായി മുട്ടവാങ്ങാൻ പുറത്തു പോയതാണ് താൻ എന്ന് അറിയിക്കുകയും ചെയ്തു.

പിന്നീട് സ്മിത്ത് മുകളിലേയ്ക്ക് പോയി, അൽപ്പ സമയത്തിനു ശേഷം സ്റ്റെയർ കേസിന്റെ ലാൻഡിങ്ങിൽ പ്രത്യക്ഷപ്പെട്ടു.
“ഡോക്ട്ടറെ വിളിക്കൂ” അദ്ദേഹം മാർഗരറ്റിനോട് അലറി.
ഡോക്ട്ടർ എത്തിയപ്പോൾ ആലീസ് സ്മിത്തിനെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ ഒരു സംഭവത്തിനു ശേഷം മാർഗരറ്റ് ആകെ അസ്വസ്ഥയായിരുന്നു, സ്മിത്തിനെ ആ ദിവസം അയൽവാസിയുടെ വീട്ടിൽ താമസിക്കാൻ അവർ ഏർപ്പാടാക്കി. പിറ്റേന്ന് മദ്യപിച്ച് വന്ന് പിയാനോ വായിച്ച് ശല്യമുണ്ടാക്കിയ സ്മിത്തിനോട് അവൾക്ക് വെറുപ്പു തോന്നി.
ഏതായാലും പോലീസ് വളരെ വേഗം ഇൻക്വസ്റ്റ് നടത്തുകയും, ആലീസ് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു എന്ന് റിപ്പോർട്ട് എഴുതുകയും ചെയ്തു.
സ്മിത്തിന് ആലീസിന്റെ ഒസ്യത്ത് വഴി 600 പൗണ്ട് ( ഇന്നത്തെ നിരക്കിൽ 72 ലക്ഷം ഇന്ത്യൻ രൂപ -[ https://www.officialdata.org/uk/inflation/1913?amount=600] ) ലഭിക്കും എന്നിരിക്കിലും, അയാൾ ലളിതമായൊരു ശവസംസ്ക്കാരം നടത്തി.
അയാളെ ഇനിയും വച്ചുകൊണ്ടിരിക്കാൻ ആകില്ലാത്തതിനാൽ ആ ദമ്പതികൾ സ്മിത്തിനെ അവരുടെ കോട്ടേജിൽ നിന്നും പുറത്താക്കി. അവൻ പോകുമ്പോൾ മാർഗരറ്റ് അവനെ “ക്രിപ്പൻ” എന്ന് വിശേഷിപ്പിച്ചു. [ ക്രിപ്പെൻ : Dr. Hawley Harvey Crippen, തന്റെ ഭാര്യയെ കൊന്ന കുപ്രസിദ്ധനായ അമേരിക്കയിൽ ജനിച്ച് ഇംഗ്ലണ്ടിൽ കുടിയേറിയ ഡോക്ട്ടർ ആയിരുന്നു, അവസാനം തൂക്കിക്കൊന്നു. ]
നാളുകൾ കടന്നു പോയി. ഒരു വർഷത്തിനുശേഷം ജോസഫ് ക്ലോസി അന്നത്തെ പത്രം വായിക്കുമ്പോൾ ഒരു വാർത്ത കണ്ടു. അതിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. “ഹണിമൂൺ നാളിൽ വധുവിന്റെ ദാരുണമായ വിധി”
നോർത്ത് ലണ്ടനിലെ ഹൈഗേറ്റ് ( Highgate ) എന്ന സ്ഥലത്ത് ഹണിമൂൺ ആഘോഷിച്ചുകൊണ്ടിരുന്ന ജോൺ ലോയ്ഡ് ( John Lloyd ) എന്നയാളുടെ നവവധു മാർഗരറ്റ് എങ്ങിനെയാണ് കുളിമുറിയിൽ മരിച്ചു കിടക്കുന്നത് കണ്ടെത്തി എന്നതായിരുന്നു വാർത്തയുടെ ചുരുക്കം.
ഈ കേസിൽ വധുവിന്റെ ഭർത്താവ് പുറത്ത് തക്കാളി വാങ്ങാൻ പോയപ്പോഴാണ് ഭാര്യ കുളിമുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചത്. തക്കാളി വാങ്ങാൻ പോയ കാര്യം മി. ലോയ്ഡ് വീട്ടുടമസ്ഥനോട് പറയുകയും ചെയ്തു.

തന്റെ ഭവനത്തിൽ 1913 , ഡിസംബറിൽ നടന്ന മരണവുമായുളള സാമ്യം ജോസഫ് ക്ലോസിക്ക് പെട്ടെന്നു തന്നെ സംശയം ഉളവാക്കി. അദ്ദേഹം ഈ വിവരങ്ങൾ എല്ലാം കാണിച്ച് മെട്രോപൊളിറ്റൻ പോലീസിന് കത്തെഴുതി.
പോലീസിന് കഥയിൽ കാമ്പുണ്ടെന്ന് തോന്നി. അവർ അന്വേഷണം ആരംഭിച്ചു. ഡിറ്റക്ടീവായ ആർതർ നീലിനായിരുന്നു ( Arthur Neil ) കേസ് അന്വേഷണത്തിന്റെ ചുമതല.
ജോസഫ് ക്ലോസ്ലിയെ പോലെ തന്നെ നീലിനും രണ്ടു കേസുകളും തമ്മിൽ ബന്ധമുണ്ടെന്നും, രണ്ടു കേസിലേയും ഭർത്താവ് ഒരാൾ ആണെന്നും ഉറപ്പുണ്ടായിരുന്നു. താമസിയാതെ മുൻ വർഷങ്ങളിലെ രാജ്യത്തുടനീളമുള്ള സ്മിത്ത് അഥവാ ലോയിഡ് എന്നയാളുടെ വിവരങ്ങൾ മുഴുവൻ ശേഖരിക്കുകയും അവ കൂട്ടിയിണക്കുകയും ചെയ്തു.
മാർഗരറ്റ് ലോയിഡ് മരിച്ചുകിടന്ന 14 ബിസ്മാർക്ക് റോഡിലെ കെട്ടിടത്തിൽ ഇൻസ്പെക്ടർ നീൽ പോയിരുന്നു. ഇത്ര ചെറിയ ഒരു ബാത്ത് ടബ്ബിൽ മാർഗരറ്റിനെ പോലെ ഒരാൾ എങ്ങനെ മുങ്ങി മരിക്കും എന്ന സംശയവും തോന്നിയിരുന്നു.


ഡെത്ത് സർട്ടിഫിക്കറ്റ് നൽകിയ കൊറോണർ ഡോക്ടർ ബേയ്റ്റ്സിനെ കാണുകയായിരുന്നു അടുത്തപടി. ഇടത് കൈ മുട്ടിനു മുകൾ ഭാഗത്തായി ഒരു ചെറിയ ചതവ് ഒഴിച്ച് മറ്റു പരിക്കുകളൊന്നും മാർഗരറ്റിനുണ്ടായിരുന്നില്ല എന്ന് ഡോക്ടർ ഉറപ്പുപറഞ്ഞു. ( മരിച്ച മാർഗരറ്റും, വീട്ടുടമ മാർഗരറ്റും രണ്ട് ആളുകൾ ആണ് എന്ന് വായനക്കാർ ശ്രദ്ധിക്കുക )
മറ്റൊരുകാര്യം കൂടി നീൽ കണ്ടുപിടിച്ചു. മാർഗരറ്റ് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവ് ജോൺ ലോയിഡിനെ അവകാശിയാക്കി വില്പത്രം തയ്യാറാക്കിയിരുന്നു. മാത്രമല്ല അന്നേദിവസം തന്നെ തന്റെ എല്ലാ സമ്പാദ്യവും മാർഗരറ്റ് പിൻവലിച്ചിരുന്നു.
ജനുവരി 12നാണ് ഡോക്ടർ ബേയ്റ്റ്സിന്റെ ഫോൺ നീലിന് ലഭിക്കുന്നത്. യോർക്ക്ഷയർ ഇൻഷുറൻസ് കമ്പനിയിൽ നിന്നും മാർഗരറ്റിന്റെ മരണകാരണം ഡോക്ടറോട് അന്വേഷിച്ചു എന്നു പറയാനാണ് ഡോക്ടർ വിളിച്ചത്. 700 പൗണ്ടിന്റെ ഇൻഷുറൻസ് ആയിരുന്നു മാർഗരറ്റ് എടുത്തിരുന്നത്, അവകാശി ജോണും. തുക ഇന്ന് ഏതാണ്ട് 85 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യം. മറുപടി നൽകുന്നത് വൈകിപ്പിക്കാൻ ആയിരുന്നു ഇൻസ്പെക്ടർ നീലിന്റെ മറുപടി.
ഇൻസ്പെക്ടർ നീൽ ബ്ലാക്ക്പൂൾ പോലീസുമായി ബന്ധപ്പെട്ടു. മരിക്കുന്നതിനുമുമ്പ് ആലീസ് സ്മിത്ത് 600 പൗണ്ടിന്റെ ഇൻഷുറൻസ് എടുത്തിരുന്നു എന്നും മരണശേഷം സ്മിത്ത് അത് കൈക്കലാക്കി എന്നും അറിഞ്ഞു. രണ്ടുകേസിലു ഇൻഷ്വറൻസ് തുകയാണ് പ്രേരണ എന്ന് നീലിന് പിടികിട്ടി. ഇനി പ്രതിയെ പിടിച്ചിട്ട് ബാക്കി അന്വേഷിക്കാം എന്ന് അദ്ദേഹം തീരുമാനിച്ചു.
മുങ്ങിമരണം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് കൊടുക്കാൻ ഡോക്ടർക്ക് ഇൻസ്പെക്ടർ നീൽ നിർദേശം നൽകി. യോർക്ക്ഷെയർ ഇൻഷുറൻസ് കമ്പനിയുടെ വക്കീലിന്റെ ഓഫീസ് നിരന്തരം നിരീക്ഷണവിധേയമാക്കി. വക്കീലിന്റെ ഓരോ നീക്കങ്ങളും 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരുന്നു. അവസാനം 1915 ഫെബ്രുവരി ഒന്നാം തീയതി ആ മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. ലോയിഡിന്റെ വിശേഷണങ്ങളുടെ യോജിച്ച ആകാരമുള്ളയാൾ. നീലിന്റെ കൈകൾ അയാളെ പിടികൂടി.
“മി. ലോയിഡ്, ഞാൻ അന്വേഷിക്കുന്ന മി. സ്മിത്ത് നിങ്ങൾ തന്നെയാണോ ?”
അല്ല എന്നായിരുന്നു ഉത്തരം. ബഹുഭാര്യത്വത്തിന് ലോയിഡിന്റെ പേരിൽ കേസെടുക്കുന്നു എന്നറിയിച്ചപ്പോൾ സ്മിത്ത് താൻ തന്നെയാണെന്ന് ലോയിഡ് സമ്മതിച്ചു.
പക്ഷേ മരിച്ച രണ്ടു സ്ത്രീകളും എങ്ങിനെ ഇത്രയും ചെറിയ ബാത്ത് ടബ്ബിൽ മുങ്ങിമരിക്കും? അതായിരുന്നു നീലിനു മുമ്പിൽ ആദ്യമുണ്ടായിരുന്ന പ്രശ്നം.
അക്കാലത്തു തന്നെ ലോകപ്രശ്തനായ പാത്തോളജിസ്റ്റായിരുന്നു ബർണാർഡ് സ്പിൽസ്ബെറി ( Bernard Spilsbury ). ഈ കഥയുടെ ആരംഭത്തിൽ ജോസഫ് ക്രോസ്ലിയുടെ ഭാര്യയായ മാർഗരറ്റ് ക്രോസ്ലി; സ്മിത്തിനെ “ക്രിപ്പൻ” എന്ന് വിളിച്ചതായി സൂചിപ്പിച്ചിരുന്നല്ലോ, അതേ ക്രിപ്പന്റെ കേസായിരുന്നു ബർണാഡ് സ്പിൽസ്ബെറിയെ പ്രസിദ്ധനാക്കിയത്. തികച്ചും യാദൃശ്ചീകമായി അതേ “ക്രിപ്പൻ” എന്ന നാമം മാർഗരറ്റ് ക്രോസ്ലിയുടെ നാവിലും വന്നത് ഒരു നിമിത്തമായിരിക്കാം. എന്നിരുന്നാലും ഈ കേസിന്റെ അന്വേഷണത്തിനായി അദ്ദേഹത്തെ നിയമിച്ചു. അക്കാലത്ത് അദ്ദേഹം സ്വന്തമായി പ്രാക്റ്റീസും, പരീക്ഷണങ്ങളും നടത്തി കഴിയുകയായിരുന്നെങ്കിലും പോലീസ് സേനയ്ക്ക് ആവശ്യമുളളപ്പോൾ വേണ്ട സഹായങ്ങൾ ചെയ്തിരുന്നു.

സ്പിൽസ്ബറിയുടെ ആദ്യ ദൗത്യം മുങ്ങിമരണം ആണെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു. മുങ്ങിമരണമാണെങ്കിൽ ആത് ആകസ്മീകമായി സംഭവിച്ചതോ അതോ ബലപ്രയോഗത്തിലൂടേയോ? കൈമുട്ടിൽ ചെറിയ ചതവും സൂഷ്മമായ രണ്ട് പോറലുകളും അദ്ദേഹം നോട്ട് ചെയ്തു. മുങ്ങിമരിച്ചതിന്റെ തെളിവുകൾ പോലും സ്പഷ്ടമായിരുന്നില്ല. ഹൃദയസംബന്ധമായോ, രക്തചംക്രമണത്തിന്റേതായോ എന്തെങ്കിലും പ്രശ്നം ഉണ്ടായതായും കണ്ടില്ല. എന്നാൽ തെളിവുകൾ സൂചിപ്പിക്കുന്നത് മരണം തൽക്ഷണം നടന്നു എന്നതാണ്. ഇര പെട്ടെന്നുളള ഷോക്ക് മൂലമാണ് മരിച്ചത്. വിഷമാകാനും മേലായ്കയില്ല എന്ന് നിർണ്ണയിക്കപ്പെട്ടു. ആ സംശയം ദൂരീകരിക്കാൻ നീലിനോട് സ്പിൽസ്ബെറി ആവശ്യപ്പെട്ടു. കൂടാതെ ആ ബാത്ത് ടബ്ബിൽ തന്നെ ചില പരീക്ഷണങ്ങൾ നടത്താൻ നീലിനോട് സ്പിൽസ്ബറി പറഞ്ഞു.
ആ സമയത്ത് “കുളിമുറികളിലെ വധുക്കളുടെ മരണങ്ങൾ” എന്നതരത്തിലുളള പത്ര റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
ഫെബ്രുവരി 8 ന്, കെന്റിലെ ചെറിയ കടൽത്തീര റിസോർട്ടായ ഹെർനെ ബേയിലെ ചീഫ് പോലീസ് ഓഫീസർ പ്രസ്തുത കഥകൾ വായിക്കുകയും ഈ രണ്ട് മരണങ്ങളുമായി സാമ്യമുള്ള മറ്റൊരു മരണത്തിന്റെ റിപ്പോർട്ട് നീലിന് അയച്ചുകൊടുക്കുകയും ചെയ്തു.
നീൽ ആ കേസ് പഠിച്ചു. അത് ഇപ്രകാരമായിരുന്നു.
ബ്ലാക്ക് പൂളിലെ ആലീസിന്റെ മരണത്തിനും ഒരു വർഷം മുൻപ് ഹെന്റി വില്യംസ് ( Henry Williams ) എന്നൊരാൾ ഹൈസ്ട്രീറ്റിൽ കുളിമുറിയിൽ ബാത്ത് ടബ്ബ് ഇല്ലാത്ത ഒരു വീട് വാടകയ്ക്ക് എടുത്തു. അയാൾക്കും അയാളുടെ ഭാര്യ ബെസ്സി ( Bessie Williams ) എന്ന് വിളിക്കുന്ന ബിയാട്രീസ് മുണ്ടിക്കും വേണ്ടിയായിരുന്നു അത്. 1910 ആയിരുന്നു അവരുടെ വിവാഹം. താമസം തുടങ്ങി 7 ആഴ്ച്ചകൾക്ക് ശേഷം ഭർത്താവായ ഹെന്റി ഒരു ബാത്ത് ടബ്ബ് വാടകക്കെടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം തന്റെ ഭാര്യക്ക് അപസ്മാരം പിടിപെട്ടു എന്ന് പറഞ്ഞ് ഹെന്റി അടുത്തുളള ഡോക്ട്ടറായ ഫ്രാങ്ക് ഫ്രഞ്ചിന്റെ അടുത്ത് ഭാര്യയുമായി എത്തി. എങ്കിലും തലവേദനയേപ്പറ്റി മാത്രമേ ഭാര്യക്ക് രോഗവിവരമായി പറയാനുണ്ടായിരുന്നുളളൂ. അതിനാൽ ഡോക്ട്ടർ അതിനുളള ചില മരുന്നുകൾ കുറിച്ചു.

1912 ജൂലൈ 12 ന് ഹെന്റി ഡോക്ട്ടർ ഫ്രഞ്ചിനെ വിളിച്ചുണർത്തി, തന്റെ ഭാര്യയ്ക്ക് വീണ്ടും അപസ്മാരം ഉണ്ടായതായി അയാൾ ഡോക്ട്ടറെ അറിയിച്ചു. അപ്പോൾ സമയം അതിക്രമിച്ചതിനാൽ അടുത്ത ദിവസം വരാം എന്ന് ഡോക്ട്ടർ അറിയിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ തന്റെ ഭാര്യ മരിച്ചു എന്ന വിവരമാണ് വില്യംസ് ഡോക്ട്ടറെ അറിയിച്ചത്, ഡോക്ട്ടർ അതു കേട്ട് ആശ്ചര്യപ്പെട്ടു.
അവൾ ബാത്ത് ടബ്ബിൽ ആയാണ് കാണപ്പെട്ടത്. അവളുടെ തല വെളളത്തിനടിയിലായിരുന്നു. പാദങ്ങൾ വെളളത്തിനു പുറത്തായി തളളി നിൽപ്പുണ്ടായിരുന്നു. അക്രമത്തിന്റെ സൂചനകൾ ഒന്നും ഇല്ലായിരുന്നു. അതിനാൽ തന്നെ ഡോ. ഫ്രഞ്ച് ഇതൊരു മുങ്ങിമരണമാണെന്ന് വിധിയെഴുതി. ഡോക്ട്ടർ അതു തന്നെ പോലീസിനോടും അറിയിച്ചു. ബെസ്സി മുങ്ങിമരിക്കുന്നതിന് 5 ദിവസം മുൻപ് ഒരു വിൽപ്പത്രം തയ്യാറാക്കിയിരുന്നു, അതിൻ പ്രകാരം 2500 പൗണ്ടോളം ഭർത്താവായ ഹെന്റി വില്യംസിന് ലഭിച്ചു. ( 110 വർഷങ്ങൾക്ക് മുമ്പ് 2500 പൗണ്ട് എന്നത് ഇന്നത്തെ 3 കോടി രൂപായ്ക്ക് തുല്യമാണ്; 1912 ൽ 3 കോടി രൂപ ലഭിച്ചവൻ 1913 ഡിസംബ്ബറിൽ ആണ് അടുത്ത കൃത്യം ചെയ്യുന്നത് എന്നും ശ്രദ്ധിക്കുക. )
നീൽ ആളെ തിരിച്ചറിയുന്നതിനായി സ്മിത്തിന്റെ ഫോട്ടോകൾ ഹെർനേ ബേയിലേയ്ക്ക് അയച്ചു കൊടുത്തു, അവർ ആളെ തിരിച്ചറിഞ്ഞു. ഹെന്റിയും, സ്മിത്തും ഒരാൾ തന്നെ.
തുടർന്ന് അടുത്ത പടിയായി ബ്ലാക്ക് പൂളിൽ സ്പിൽസ്ബറി ആലീസിന്റെ പോസ്റ്റ്മോർട്ടം നടത്തി. സംശയിച്ചതു പോലെ തന്നെ മാർഗരറ്റ് ലോയ്ഡിന്റെ പോലെ തന്നെ ചെറിയ ചതവും, ഉരഞ്ഞ പാടുകളും അല്ലാതെ ശാരീരീകമായി മറ്റ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരണം നടത്തിട്ട് കാലം കുറെ ആയതിനാൽ തെളിവുകൾ ബുദ്ധിമുട്ടും ആയിരുന്നു. വിഷത്തിന്റെ അംശങ്ങളൊന്നും ഉണ്ടായിരുന്നുമില്ല.

സ്പിൽസ്ബെറി ആശയക്കുഴപ്പത്തിലായി. എങ്ങിനെയായിരിക്കും ഈ മരണങ്ങൾ നടന്നിരിക്കുക.? മൃതദേഹത്തിന്റെ അളവുകൾ എടുക്കുകയും ബാത്ത് ടബ്ബ് കൂടുതൽ പരിശോദനകൾക്കായി ലണ്ടനിലേയ്ക്ക് അയക്കുകയും ചെയ്തു.
( ഇനി പറയുന്ന കാര്യങ്ങൾ ഏത് രീതിയിൽ ശരിയാകും എന്നത് വായനക്കാർ തന്നെ തീരുമാനിക്കുക – എന്തെന്നാൽ രേഖകളിൽ കാണുന്നത് ) ബെസ്സി വില്യംസിനെ അടുത്തതായി സ്പിൽസ്ബെറി പരിശോദിച്ചു എന്നും ആ പരിശോദനയിൽ ബെസ്സിയുടെ തുടയിൽ Goose Pimples കാണപ്പെട്ടു എന്നുമാണ്. ഗൂസ് പിംപിൾസ് എന്നത് കഠിനമായ തണുപ്പോ, ഇക്കിളിയോ, കഠിനമായ വികാരക്ഷോഭമോ ഉണ്ടാകുമ്പോൾ ശരീരത്തിലെ രോമങ്ങളുളള ചിലഭാഗങ്ങളിൽ അനുഭവപ്പെടുന്ന തടിപ്പാണ്. പക്ഷേ ഈ പോസ്റ്റ്മോർട്ടം നടക്കുന്ന സമയം 1915 ഫെബ്രുവരി 1 ന് ശേഷമാണ്, കാരണം അന്നാണ് സ്മിത്ത് അറസ്റ്റിലാകുന്നത്, 1912 ജൂലൈ 12 നാണ് ബെസ്സി മരിക്കുന്നത്, അതായത് രണ്ടര വർഷം കഴിഞ്ഞാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. ശവശരീരം ഡീകംമ്പോസ് ആകാതെ സൂക്ഷിച്ചാൽ മാത്രമേ ഇത്രയും കാലം തൊലിപ്പുറത്തുളള ഒരു ലക്ഷണം അവശേഷിക്കൂ. അതും ഇത്രയും സൂഷ്മമായത് അസംഭവ്യം എന്നു തന്നെ പറയാം. അതിനാൽ ഈ കാര്യത്തിൽ പേരുകൾ തമ്മിലുളള സാമ്യം മൂലം ഏറ്റവും അവസാനം മരിച്ച ആലീസിന്റെ കാര്യമായിരിക്കാം ലേഖകർ എഴുതിയിരിക്കുക. ആളുകൾ പേരുകൾ ശ്രദ്ധിക്കുന്നില്ല എന്ന് സാരം. )
തുടർന്ന് ആ ബാത്ത് ടബ്ബും ലണ്ടനിലേയ്ക്ക് അയച്ചു.
ആഴ്ച്ചകളോളം സ്പിൽസ്ബറി ബാത്ത് ടബ്ബുകളുടെ അളവും, ഇരകളായ യുവതികളുടെ അളവുകളും പരിശോദിച്ചു. ബെസ്സി വില്യംസിന്റെ ഉയരം 5 അടി 7 ഇഞ്ചും അവൾ മരിച്ച ബാത്ത് ടബ്ബിന്റെ നീളം 5 അടി മാത്രവുമായിരുന്നു. തന്നെയുമല്ല അപസ്മാരം മൂലം ആദ്യഘട്ടത്തിൽ ശരീരം ജലത്തിന് മുകളിലേയ്ക്ക് ഉയരുകയാണ് ചെയ്യുക, അടുത്ത ഘട്ടത്തിൽ കോച്ചിവലിക്കുമ്പോൾ ഒരു പക്ഷേ അവൾ ടബ്ബിന് പുറത്തേയ്ക്ക് വീഴും എന്നല്ലാതെ ഈ ഉയരം വച്ച് അവൾ ആ ടബ്ബിൽ മുങ്ങിമരിക്കില്ല.
ബെസ്സി മരിച്ചു കിടക്കുന്നത് കണ്ട ഡോക്ട്ടർ ഫ്രഞ്ചുമായി സ്പിൽസ്ബറി കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹം പറഞ്ഞതനുസരിച്ച് ബെസ്സിയുടെ കാലുകൾ ബാത്ത് ടബ്ബിന് പുറത്തായിരുന്നു. സ്പിൽസ്ബറി ഒരു പുതിയ സിദ്ധാന്തം കണ്ടെത്തി, അതിപ്രകാരമായിരുന്നു. ബെസ്സി കുളിക്കുന്ന സമയത്ത് ഹെന്റി അവളുടെ കാലിൽ പിടിച്ച് ഉയർത്തിയിരിക്കാം, അങ്ങിനെ വരുമ്പോൾ തല വെളളത്തിനടിയിലാകും. ഇപ്രകാരം ചെയ്യുമ്പോൾ മൂക്കിലൂടേയും വായിലൂടേയും ശക്തിയായി ജലം ഉളളിൽ എത്തുകയും പെട്ടെന്നുളള ബോധക്ഷയത്തിനും കാരണമായേക്കാം എന്നും പരിക്കുകൾ ഇല്ലാതെ മുങ്ങി മരിക്കുന്നതിന്റെ കാരണം ഇതായിരിക്കാം എന്നും അദ്ദേഹം നിർവ്വചിച്ചു.
കൊലചെയ്യപ്പെട്ട കാലക്രമം | കൊലചെയ്യപ്പെട്ട വധു | വർഷം | ഭർത്താവിന്റെ പേര് |
---|---|---|---|
1 | ബെസ്സി വില്യംസ് ( Bessie Williams ) | 1912 ജൂലൈ 12 | ഹെന്റി വില്യംസ് ( Henry Williams ) |
2 | മാർഗരറ്റ് ലോയ്ഡ് ( Margaret Lloyd ) | 1913 ഡിസംബ്ബർ | ജോൺ ലോയ്ഡ് ( John Lloyd ) |
3 | ആലീസ് സ്മിത്ത് ( Alice Smith ) | 1914 ഡിസംബ്ബർ | ജോസഫ് സ്മിത്ത് ( Joseph Smith ) |



ഈ അവസരത്തിൽ ഇൻസ്പെക്ട്ടർ നീൽ നിരവധി മുങ്ങൽ വിദഗ്ധരായ സ്ത്രീകളെ അതേ വലിപ്പമുളള ഒരു കെട്ടിടത്തിൽ എത്തിച്ചു. അവിടെ സമാനമായ ബാത്ത് ടബ്ബ് ഉണ്ടായിരുന്നു. അതിൽ ജലം നിറച്ച ശേഷം പരീക്ഷണാർത്ഥം അവരെ ബലപ്രയോഗത്തിലൂടെ ബാത്ത് ടബ്ബിൽ തളളിയിട്ടു നോക്കി. സാധാരണ രീതിയിലുളള ഏത് ആക്രമണവും അവർക്ക് എന്തെങ്കിലും തരത്തിലുളള പരിക്കുകൾ ഉണ്ടാക്കുമായിരുന്നു.

നീൽ നിയമിച്ചവരെല്ലാവരും പ്രഫഷണലുകളും, കേസിനെക്കുറിച്ച് വ്യക്തത വരുത്തി ബോധ്യപ്പെട്ടവരും ആയിരുന്നു. അതിനാൽ അപകടങ്ങൾ ഉണ്ടായില്ല. പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ബാത്ത് ടബ്ബിൽ വിശ്രമിച്ചിരുന്ന ഒരുവളുടെ കാലിൽ പിടിച്ച് നീൽ വലിച്ചു. എന്താണ് സംഭവിച്ചതെന്ന് ആ മഹിള അറിയുന്നതിന് മുമ്പ് അവളുടെ തല വെള്ളത്തിനടിയിലേക്ക് നീങ്ങി. പെട്ടെന്ന് ആ സ്ത്രീ അനങ്ങുന്നില്ല എന്ന് നീൽ കണ്ടു. അവൻ അവളെ ഉടൻ തന്നെ ടബ്ബിൽ നിന്ന് പുറത്തെടുത്തു, അവളുടെ ബോധം വീണ്ടെടുക്കാൻ അവനും ഒരു ഡോക്ടറും അരമണിക്കൂറിലധികം സമയമെടുത്തു. ബോധം വന്നപ്പോൾ അവൾ പറഞ്ഞു – ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് വെള്ളത്തിന്റെ കുത്തൊഴുക്ക് മാത്രമാണ് ഓർമ്മയുണ്ടായിരുന്നുളളൂ – എന്ന്. അങ്ങനെ സ്പിൽസ്ബറിയുടെ സിദ്ധാന്തം സ്ഥിരീകരിച്ചു. 3 സ്ത്രീകളേയും സ്മിത്ത് ഇതേരീതിയിലാണ് കൊലചെയ്തത് എന്ന് അന്വേഷകർക്ക് മനസിലായി.
1915 മാർച്ച് 23 ന് ബെസ്സി വില്യംസ്, ആലീസ് സ്മിത്ത്, മാർഗരറ്റ് ലോയ്ഡ് എന്നിവരുടെ കൊലപാതകങ്ങൾക്ക് ഔപചാരികമായി ജോർജ്ജ് ജോസഫ് സ്മിത്തിന്റെ മേൽ ചുമത്തുകയും ചെയ്തു.

ജൂൺ 22-ന് ഓൾഡ് ബെയ്‌ലിയിൽ വിചാരണ ആരംഭിച്ചു. ഇംഗ്ലീഷ് നിയമമനുസരിച്ച് ബെസ്സി മുണ്ടിയുടെ കൊലപാതകത്തിന് മാത്രമേ അയാളെ വിചാരണ ചെയ്യാൻ കഴിയൂവെങ്കിലും, സ്മിത്തിന്റെ കുറ്റകൃത്യങ്ങളുടെ മാതൃക സ്ഥാപിക്കാൻ പ്രോസിക്യൂഷൻ മറ്റ് രണ്ട് പേരുടെ മരണത്തെ ഉപയോഗിച്ചു.
തുടർന്ന് സ്പിൽസ്ബറിയുടെ സിദ്ധാന്തം ശരിയായി കോടതിക്ക് ബോധ്യമാകുവാനായി ബെസ്സിയുടെ കൊലപാതകത്തിന് ഉപയോഗിച്ച ബാത്ത് ടബ്ബ് സജ്ജീകരിക്കപ്പെട്ടു, സ്മിത്ത് തന്റെ ‘വധുക്കളെ’ എങ്ങനെ മുക്കി കൊന്നുവെന്ന് തെളിയിക്കാൻ പാത്തോളജിസ്റ്റ് തയ്യാറെടുത്തു. പക്ഷേ ഡെമോൺസ്ട്രേഷൻ കാണിക്കുന്നതിനായി കുളിക്കുന്ന വേഷത്തിൽ ഒരു യുവമോഡൽ ഇംഗ്ലീഷ് കോടതിയിൽ എല്ലാവരുടേയും മുന്നിൽ എങ്ങിനെ പ്രത്യക്ഷപ്പെടും! അതിനാൽ ജൂറിയെ ഒരു സ്വകാര്യ മുറിയിലേക്ക് കൊണ്ടുപോയി, അവിടെ ബാത്ത് ടബ്ബിൽ വെള്ളം നിറച്ചു. നീന്തൽക്കാരിയായ യുവതി ബാത്ത് ടബ്ബിൽ ഒരാൾ കുളിക്കുമ്പോൾ ചെയ്യുന്നതുപോലെ ചാരിക്കിടന്നു. ഡോ. സ്പിൽസ്ബറി പെട്ടെന്ന് അവളുടെ കാലുകൾ ഉയർത്തി, തൽക്ഷണം വെള്ളം അവളുടെ മൂക്കിലേക്കും വായിലേക്കും ഇരച്ചു കയറി. അത് വളരെ കൃത്യമായിരുന്നു. അവളുടെ ബോധം നഷ്ടപ്പെട്ടു. കൃത്രിമ ശാസോശ്ചാസം നൽകി അവളെ പുനരുജ്ജീവിപ്പിക്കേണ്ടി വന്നു. അവളോട് അത് മുൻപുതന്നെ പറഞ്ഞിരുന്നതായിരുന്നതിനാൽ അവൾ അത് പ്രതീക്ഷിച്ചിരുന്നു.
ഇത്രയുമൊക്കെയായിട്ടും സ്മിത്ത് പറഞ്ഞുകൊണ്ടിരുന്നു താൻ ഒരു കൊലപാതകി അല്ലാ എന്ന്. സ്മിത്തിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് ജൂറിക്ക് ഇരുപത് മിനിറ്റിൽ കൂടുതൽ സമയമെടുത്തു. അയാളുടെ മുഖത്ത് നിന്ന് ആത്മവിശ്വാസം ചോർന്നൊലിച്ചു പോയിരുന്നു. അവന് വധശിക്ഷയാണ് ലഭിച്ചത്. തെളിവുകളുടെ അഭാവത്തിൽ അപ്പീൽ കോടതി വിധിയെ അസാധുവാക്കുമെന്ന് അയാൾ കരുതിയിരുന്നതായി തോന്നുന്നു; എന്നാൽ അതുണ്ടായില്ല.
വധശിക്ഷ നടപ്പാക്കിയ ദിവസം രാവിലെ മരണം അവന്റെ മുഖത്തേക്ക് തുറിച്ചുനോക്കിയപ്പോൾ ജോർജ്ജ് ജോസഫ് സ്മിത്ത് ആകെ തകർന്നു പോയിരുന്നു. അവനെ വേഗത്തിൽ സ്കാർഫോൾഡിലേക്ക് നയിക്കുകയും ട്രാപ്ഡോറിലേക്ക് കയറ്റുകയും ചെയ്തു. അവിടെ ഹുഡ് അവന്റെ തലവഴി ധരിപ്പിച്ചു. തൂക്കിലേറ്റുന്ന കുരുക്ക് കഴുത്തിൽ ഇട്ടപ്പോൾ, സ്മിത്ത് ഉറക്കെ വിളിച്ചുപറഞ്ഞു, “ഞാൻ നിരപരാധിയാണ്!” അടുത്ത നിമിഷം : സ്വന്തം ലാഭത്തിനുവേണ്ടി മറ്റുളളവരെ കബളിപ്പിക്കുകയും വെറും കൈകൊണ്ട് മൂന്ന് നിരപരാധികളെ കൊലപ്പെടുത്തുകയും ചെയ്ത ക്രൂരനും കുശാഗ്രബുദ്ധിക്കാരനുമായ ആ മനുഷ്യന്റെ ശരീരം തൂക്കുകയറിൽ കിടന്ന് വിറകൊണ്ടു, മിനിറ്റുകൾക്കകം അയാളുടെ ഈ ലോകജീവിതം അവസാനിച്ചു.
അടിക്കുറിപ്പ് :
1) ജോർജ്ജ് ജോസഫ് സ്മിത്തിന്റെ മുൻകാല കഥകൾ ഇനിയും വളരെ അധികം എഴുതുവാനുണ്ട്. കൊല്ലപ്പെട്ട മൂന്ന് ഭാര്യമാരുടെ കഥകൾ മാത്രമാണ് മുകളിൽ വിവരിച്ചത്. ഏട്ടോളം വിവാഹങ്ങൾ സ്മിത്ത് നടത്തിയിട്ടുണ്ട്. മറ്റ് നിരവധി കുറ്റകൃത്യങ്ങളും അയാൾ ചെയ്തിട്ടുണ്ട്. സ്മിത്തിന്റെ മറ്റ് ഭാര്യമാരുടെ പേരുകൾ താഴെ കൊടുക്കുന്നു.
- Caroline Thornhill (1898–1915)
- Florence Wilson (1908–15)
- Edith Peglar (1908–15)
- Sarah Freeman (1909–15)
- Bessie Mundy (1910–12)
- Alice Burnham (1913)
- Alice Reid (1914–15)
- Margaret Lofty (1914)
2) ദുഖകരമെന്ന് പറയട്ടെ തന്റെ രണ്ട് ആൺമക്കളുടെ അകാല നിര്യാണവും, തകർന്ന സാമ്പത്തീക സ്ഥിതിയും മൂലം 1947 ഡിസംബർ 17 ന് ലണ്ടൻ യൂണിവേഴ്സിന്റി കോളേജിലെ തന്റെ ലാബോർട്ടറിയിൽ വച്ച് വിഷവാതകം ശ്വസിച്ച് ഡോ. ബർണ്ണാഡ് സ്പിൽസ്ബറി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
3) അഗത ക്രിസ്റ്റിയുടെ എ കരീബിയൻ മിസ്റ്ററിയിലും ( A Caribbean Mystery ) ദ മർഡർ ഓൺ ദ ലിങ്കുകളിലും ( The murder on the links ) സ്മിത്ത് കേസ് പരാമർശിക്കുന്നുണ്ട്. ഇതു കൂടാതെ നൂറുകണക്കിന് കഥകളിലും, നാടകങ്ങളിലും, ലേഖനങ്ങളിലും, റേഡിയോയിലും, ടി.വിയിലും സ്മിത്തിന്റെ കേസ് അവതരിപ്പിക്കപ്പെടുകയോ, ഇതിനോട് സാദൃശ്യമുളള കുറ്റകൃത്യങ്ങൾ – സംഭവങ്ങൾ മുതലായവ വർണ്ണം ചാർത്തുകയോ ചെയ്തിട്ടുണ്ട്.