The first Indian biological weapon murder
ഇന്നത്തെ ജാർഖണ്ഡ് സംസ്ഥാനത്തിലെ സന്താൽ പാരാഗൻസിലെ ചെറുതും എന്നാൽ സമ്പന്നവുമായ ഒരു ജമീന്ദാരി എസ്റ്റേറ്റായിരുന്നു പാകൂർ ( Pakur ). വാസ്തവത്തിൽ, അക്കാലത്ത് ബംഗാളിലെ ഏറ്റവും സമ്പന്നമായ എസ്റ്റേറ്റുകളിൽ ഒന്നായിരുന്നു ഇത് (വാർഷിക വരുമാനം ഏകദേശം 30,000 രൂപ, ഇപ്പോൾ ഏകദേശം 25,00,000 രൂപയ്ക്ക് തുല്യമാണ്).
കുടുംബനാഥനായ പ്രതാപേന്ദ്ര ചന്ദ്ര പാണ്ഡെയ്ക്ക് ( Pratapendra Chandra Pandey ) രണ്ട് വിവാഹങ്ങളിൽ നിന്ന് നാല് കുട്ടികളുണ്ടായിരുന്നു: ബിനോയേന്ദ്രയും ( Binoyendra ) കനൻബാലയും ( Kananbala ) ആദ്യ ഭാര്യയുടേയും, അമരേന്ദ്രയും ( Amarendra ) ബോണോബാലയും ( Bonobala ) രണ്ടാമത്തേ ഭാര്യയുടേയും കുട്ടികളായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, രണ്ടാമത്തെ കുട്ടിയായ അമരേന്ദ്ര ജനിച്ചയുടനെ പ്രതാപേന്ദ്രയുടെ രണ്ടാമത്തെ ഭാര്യ മരിച്ചു. അവന്റെ അമ്മായി, സൂര്യവതി ദേവി ( Suryavati Devi ) കുട്ടികളില്ലാത്ത ഒരു വിധവയായിരുന്നു, പക്ഷേ അനാഥനായ അമരേന്ദ്രയെ അവൾ സ്വന്തം പോലെ വളർത്തി. ഏതൊരു അമ്മയ്ക്കും മകനും കഴിയുന്നത്ര അടുപ്പത്തിലായിരുന്നു ഇരുവരും.
1929-ൽ പ്രതാപേന്ദ്ര മരിച്ചു, തന്റെ ഗണ്യമായ എസ്റ്റേറ്റ് മക്കളായ ബിനോയേന്ദ്രയ്ക്കും അമരേന്ദ്രയ്ക്കും തുല്യമായി വിഭജിച്ചു നൽകിയിരുന്നു. 15 വയസ്സുള്ള അമരേന്ദ്ര അപ്പോഴും പ്രായപൂർത്തിയാകാത്തതിനാൽ, ആൺകുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെ അമരേന്ദ്രയുടെ വിഹിതം 22 വയസ്സുള്ള അവന്റെ അർദ്ധസഹോദരനെ നോക്കി നടത്തുവാനായി ഏൽപ്പിച്ചു.
രണ്ട് അർദ്ധസഹോദരന്മാരും വളരെ വ്യത്യസ്തരായിരുന്നു, അവർക്ക് ഒരേ പിതാവാണെന്ന് സങ്കൽപ്പിക്കാൻ പോലും ആളുകൾക്ക് ബുദ്ധിമുട്ടായിരുന്നു. മദ്യപാനം, സ്ത്രീ, ആർഭാഡ ജീവിതം എന്നിവകൂടിയ ഒരു പ്ലേബോയ് ആയിരുന്നു മൂത്തവനായ ബിനോയേന്ദ്ര. തന്റെ സുഖങ്ങളല്ലാതെ മറ്റൊന്നിനും അവൻ ശ്രദ്ധിച്ചിരുന്നില്ല. അമരേന്ദ്രയാകട്ടെ, നല്ലവനും, മാന്യനും, പഠനശീലനും, ധാർമികതയുള്ളവനുമായിരുന്നു. പാകൂർ നിവാസികൾക്കിടയിൽ ഏത്ആൾക്കാണ് പേരും പ്രശസ്തിയും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?
1932-ൽ, കോളേജിലെ അവസാന വർഷത്തിലായിരുന്ന അമരേന്ദ്രയ്ക്ക് 18 വയസ്സ് തികഞ്ഞു. തന്റെ അർദ്ധസഹോദരന്റെ സ്വഭാവത്തെക്കുറിച്ച് നന്നായി അറിയാവുന്നതിനാൽ, എസ്റ്റേറ്റിന്റെ തന്റെ വിഹിതം എത്രയും വേഗം കൈപ്പിടിയിലൊതുക്കുന്നതാണ് വിവേകമെന്ന് അദ്ദേഹത്തിന് തോന്നി. പ്രായപൂർത്തിയായതിന് ശേഷം അദ്ദേഹം ആദ്യം ചെയ്തത് നിയമപരമായി തന്റേതായ വസ്തുവകകൾ ആവശ്യപ്പെട്ട് ഒരു കത്ത് ജേഷ്ഠന് അയക്കുക എന്നതായിരുന്നു.
ആദ്യം ബിനോയേന്ദ്ര വസ്തുവകകൾ നൽകാൻ തയ്യാറായിരുന്നില്ല, എന്നാൽ നിയമപരമായി ഒരു വഴിയും ഇല്ലാ എന്ന് മനസിലാക്കിയപ്പോൾ അയാൾ അനിയന് വസ്തുക്കൾ നൽകി. അങ്ങിനെ എസ്റ്റേറ്റിന്റെ പകുതി അമരേന്ദ്രയ്ക്ക് ലഭിച്ചു.
ഈ ഭാഗം വയ്ക്കലിന് ശേഷം ഒന്നും സംഭവിക്കാത്ത പോലെ ബിനോയേന്ദ്ര അനിയനെ കാണുവാനായി അദ്ദേഹം താമസിക്കുന്നിടത്തെത്തി. ആ സന്ദർശ്ശനം അമരേന്ദ്രയ്ക്കും, അമ്മായിയായ സൂര്യദേവിയ്ക്കും മറ്റ് ബന്ധുക്കൾക്കും ആശ്ചര്യം ഉളവാക്കി. എങ്കിലും അവരത് പുറമേ കാണിച്ചില്ല. ഒരു വൈകുന്നേരം ബിനോയേന്ദ്ര അനിയൻ അമരേന്ദ്രയെ ഒരു സായാഹ്ന സവാരിക്കായി ക്ഷണിച്ചു. കഴിഞ്ഞു പോയ സംഭവങ്ങളുടെ ഓർമ്മകൾ ഉളളതിനാൽ അമരേന്ദ്രയ്ക്ക് ആ യാത്ര താൽപ്പര്യമുളളതായിരുന്നില്ല. എന്നിരുന്നാലും ജേഷ്ഠൻ വിളിച്ചതല്ലേ എന്നു കരുതി അദ്ദേഹം കൂടെ പോയി.
അവരുടെ ആ നടപ്പിനിടെ പെട്ടെന്ന് ബിനോയേന്ദ്ര തന്റെ പോക്കറ്റിൽ നിന്നും ഒരു പിൻസ് – നെസ് ഗ്ലാസ് എടുത്തു. ( കാലുകളില്ലാത്ത പഴയകാലത്തെ കണ്ണാടി ) ഇത് തന്റെ സമ്മാനമാണെന്നും , ഇത് ധരിക്കണം എന്നും അയാൾ അമരേന്ദ്രയോട് ആവശ്യപ്പെട്ടു.

സഹോദരനെ അത് ധരിപ്പിക്കണം എന്ന് ബിനോയേന്ദ്ര ദൃഡനിശ്ചയം ചെയ്തിരുന്നിരിക്കണം. ഏതായാലും അത് മുഖത്തുറപ്പിക്കാൻ ശ്രമിക്കുമ്പോൾ അമരേന്ദ്രയുടെ മൂക്ക് ചെറുതായി മുറിഞ്ഞു. ബിനോയേന്ദ്ര ദൗത്യം പൂർത്തീകരിച്ച് തിരിച്ച് കൽക്കട്ടയിലെ വീട്ടിലേയ്ക്ക് മടങ്ങി.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ മുറിവ് പഴുക്കുകയും, മുഖം മുഴുവൻ നീരുവയ്ക്കുകയും ചെയ്തു. ഡോക്ട്ടർ പരിശോദിച്ചപ്പോൾ ടെറ്റനസ് കണ്ടെത്തി. ഉടൻ തന്നെ മറുമരുന്ന് കുത്തിവച്ചു. ബിനോയേന്ദ്രൻ തന്റെ സഹോദരന്റെ രോഗവിവരം കേട്ടപ്പോൾ രോഗിയെ പരിശോധിക്കാൻ ഒരു യുവ ഡോക്ടറായ താരാനാഥ് ഭട്ടാചാര്യയെ ( Taranath Bhattacharya ) അയച്ചു. അമരേന്ദ്രയുടെ ഡോക്ട്ടർമാർ വിഡ്ഢികളല്ലായിരുന്നു, അവർ 24 മണിക്കൂറും കാവൽ ഏർപ്പെടുത്തുകയും ഭട്ടാചാര്യയെ രോഗിയുടെ കിടക്കയുടെ അടുത്തെങ്ങും എത്താൻ അനുവദിക്കാതിരിക്കുകയും ചെയ്തു.
ഭട്ടാചാര്യയെ കുടുംബം നിരാകരിച്ചതിനാൽ ബിനോയേന്ദ്ര മറ്റൊരു ഡോക്ട്ടർ ആയ ദുർഗാരതൻ ധറിനെ ( Durgaratan Dhar ) കൂട്ടിക്കൊണ്ടുവന്നു. ഈ ഡോക്ട്ടർ വളരെ നല്ലയാളും പരിചയ സമ്പന്നൻ ആണെന്നും മറ്റ് ഡോക്ട്ടർമാരെ വിശ്വസിപ്പിക്കാൻ ബിനോയേന്ദ്രയ്ക്ക് സാധിച്ചു. അദ്ദേഹത്തിന്റെ കൈയ്യിലുളള പുതിയ മരുന്ന് കുത്തിവയ്ക്കുവാൻ ഡോക്ട്ടർമാർ തയ്യാറായി. അതിനു ശേഷം അടിയന്തര ആവശ്യമുളള മറ്റൊരു രോഗിയെ നോക്കാനുണ്ട് എന്ന് പറഞ്ഞ് ധർ ആ രംഗത്തുനിന്നും പിൻമാറി, അതിനൊപ്പം തന്നെ ബിനോയേന്ദ്രയും അവിടം വിട്ടു പോയി.
ധറിന്റെ മരുന്നോടെ അമരേന്ദ്രയുടെ നില കൂടുതൽ വഷളായി, അദ്ദേഹം മരണമുഖത്തെത്തി. ഡോക്ട്ടർമാർ രാവും പകലും കണ്ണിലെണ്ണയൊഴിച്ച് അമരേന്ദ്രയെ ശിശ്രൂഷിച്ചു. അങ്ങിനെ അദ്ദേഹം ജീവിതത്തിലേയ്ക്ക് പയ്യെ തിരിച്ചു വന്നു. ഈ അവസരത്തിൽ മൂന്നാമത് മറ്റൊരു ഡോക്ട്ടറായ ഷിബപാദ ഭട്ടാചാര്യയുമായി ( Shibapada Bhattacharya ) ബിനോയേന്ദ്ര മടങ്ങിവന്നു. കോപാകുലരായ ബന്ധുക്കളും സുഹൃത്തുക്കളും അവരെ രോഗിയെ കാണാൻ പോലും അനുവദിച്ചില്ല.
ദുരൂഹമായ ഈ അക്രമണങ്ങളിൽ നിന്ന് അമരേന്ദ്ര രക്ഷപെട്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം അമ്പേ തകർന്നു പോയിരുന്നു. ശാരീരീക ബലഹീനതകളും, തലകറക്കവും, വിശപ്പില്ലായ്മയും അദ്ദേഹത്തെ വലച്ചു. വായിക്കാൻ പോലും സാധിക്കാത്ത അദ്ദേഹം കൂടുതൽ സമയവും കിടക്കയിൽ തന്നെ കഴിച്ചു കൂട്ടി. നാളുകൾക്ക് ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തില്ലെങ്കിലും പാക്കൂരിലെ തന്റെ എസ്റ്റേറ്റിലെ ജോലികളിലേയ്ക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. പഴയ അമരേന്ദ്രരിന്റെ നിഴൽ മാത്രമായി അദ്ദേഹം മാറിയിരുന്നു.

1933 നവംബർ 18-ന് അമരേന്ദ്രയ്ക്ക് സൂര്യവതിദേവി അയച്ച ഒരു ടെലിഗ്രാം ലഭിച്ചു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു “വസ്തു ലെവിയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ. വേഗം കൽക്കട്ടയിലേക്ക് വരിക.” അമരേന്ദ്ര കൽക്കട്ടയിൽ എത്തിയപ്പോൾ തന്നെ ആരോ പറ്റിച്ചതാണെന്ന് അദ്ദേഹത്തിന് മനസിലായി. തന്റെ വളർത്തമ്മയും, അമ്മായിയുമായ സൂര്യവതിദേവി ആ സമയത്ത് കൽക്കത്തയിൽ പോലുമില്ലായിരുന്നു, അവർ അങ്ങനെയൊരു സന്ദേശം അയച്ചിരുന്നില്ല. സംഭവിച്ചകാര്യങ്ങൾ സൂര്യവതിയെ അറിയിച്ചപ്പോൾ തന്റെ പ്രിയപ്പെട്ട മരുമകനെ ഓർത്ത് അവൾ ഭയപ്പെട്ടു. വ്യാജ ടെലിഗ്രാം അയച്ചത് ആരാണെന്ന് വിദ്യാസമ്പന്നരായ ഇരുവർക്കും ഊഹിക്കാൻ കഴിഞ്ഞു. ബിനോയേന്ദ്രനെ അടുത്തെങ്ങും അടുപ്പിക്കരുതെന്ന് സൂര്യവതി അവനോട് അപേക്ഷിച്ചു. കൂടുതൽ വലിയ അടി വരും എന്ന് അവർക്കറിയാമായിരുന്നു, പക്ഷേ പ്രഹരം ഏത് രൂപത്തിലാകുമെന്നത് ഒരു രഹസ്യമായിരുന്നു.
ഈ കാലഘട്ടം മുഴുവനും ജോയിന്റ് അകൗണ്ടിൽ ഉണ്ടായിരുന്ന അമരേന്ദ്രയുടെ പണം കളള ഒപ്പിട്ട് മോഷ്ടിക്കാൻ ബിനോയേന്ദ്ര പലതവണ ശ്രമിച്ചു, എങ്കിലും അത് പരാജയപ്പെടുകായാണുണ്ടായത്. വിവരങ്ങൾ എല്ലാം അറിഞ്ഞിരുന്നെങ്കിലും കുടുംബത്തിന്റെ ഐക്ക്യം തകരാതിരിക്കാനായി അമരേന്ദ്ര അതെല്ലാം കണ്ടില്ലാ എന്ന് നടിച്ചു.
1933 നവംബർ 25-ന് അമരേന്ദ്ര കൊൽക്കത്ത വിട്ട് പിറ്റേ ദിവസം രാവിലെ പാകൂരിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അന്നു വൈകുന്നേരം ബിനോയേന്ദ്ര അമരേന്ദ്ര താമസിക്കുന്നിടത്തെത്തി. വളരെ സ്നേഹവും കരുതലും ഉള്ള ജ്യേഷ്ഠന്റെ പോലെ അയാൾ അഭിനയിച്ചു. സഹാനുഭൂതിയും അനുകമ്പയും, തന്റെ സഹോദരന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ബിനോയേന്ദ്ര മടികൂടാതെ പ്രകടിപ്പിച്ചു. ഇതിലൊന്നും വീഴാൻ തക്ക വിഡ്ഡിയായിരുന്നില്ല അമരേന്ദ്ര. അടുത്ത ദിവസം അമരേന്ദ്ര പോകുന്ന ട്രെയിനിന്റെ സമയം ചോദിച്ചപ്പോൾ അതിൽ തെറ്റൊന്നും തോന്നാഞ്ഞതിനാൽ അമരേന്ദ്ര സമയം പറഞ്ഞുകൊടുത്തു. തനിക്കാവശ്യമായ വിവരം കിട്ടിയ സന്തോഷത്തിൽ ബിനോയേന്ദ്ര അവിടം വിട്ട് പോകുകയും ചെയ്തു.
26ന് രാവിലെ അമരേന്ദ്രയുടെ കുടുംബവും സുഹൃത്തുക്കളും അടങ്ങുന്ന ഒരു സംഘം ഹൗറ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ തങ്ങളെ കാത്തിരിക്കുന്ന ബിനോയേന്ദ്രനെ കണ്ട് അവർ പരിഭ്രാന്തരായി.

“ഈ ആൾ ഇവിടെ എന്താണ് ചെയ്യുന്നത്?” ആരോ അമരേന്ദ്രയോട് മന്ത്രിച്ചു.
അമരേന്ദ്ര അദ്ദേഹത്തെ തടഞ്ഞു.
“ചുറ്റും ആളുകൾ ഉണ്ട്; അയാൾക്ക് എന്ത് ചെയ്യാൻ കഴിയും?”
തന്നെയുമല്ല അവർ ഒരു പൊതുസ്ഥലത്തായിരുന്നു.
അന്ന് സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. അവർ ഫ്ളാറ്റ് ഫോമിലൂടെ നടക്കുമ്പോൾ ഒരു അപരിചിതൻ ഒരു വൃത്തികെട്ട ഷാളിനാൽ ശരീരം ആസകലം മൂടിപൊതിഞ്ഞ് തിക്കിത്തിരക്കി അമരേന്ദ്രയെ ഉരസിക്കൊണ്ട് കടന്നു പോയി. ആ നിമിഷത്തിൽ അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ എന്തോ കൊണ്ട് കുത്തിയതുപോലെ ഒരു വേദന തോന്നി. ഒരു സൂചികൊണ്ട് കുത്തിയ അനുഭവമാണ് അമരേന്ദ്രക്ക് തോന്നിയത്. അമരേന്ദ്ര എന്തോ ഒരു സ്വരം പുറപ്പെടുവിക്കുകയും, കൂടെയുളളവർ ശ്രദ്ധിക്കുകയും ചെയ്തപ്പോഴേക്കും അയാൾ ആൾക്കൂട്ടത്തിൽ മറഞ്ഞു കഴിഞ്ഞിരുന്നു. ആർക്കും പ്രതികരിക്കാൻ ആകുംമുമ്പേ നിമിഷാർദ്ധംകൊണ്ട് ഇതെല്ലാം സംഭവിച്ചിരുന്നു. അമരേന്ദ്ര തന്റെ മുറിവ് പരിശോധിച്ചപ്പോൾ, നിറമില്ലാത്ത ഒരു ദ്രാവകം പുറത്തേക്ക് ഒഴുകുന്നത് കണ്ടു, പക്ഷേ മുറിവ് നിസ്സാരമാണെന്ന് തോന്നി. അവന്റെ കൂടെയുളളവർ ഭയത്താൽ ഭ്രാന്തുപിടിച്ചു പോയിരുന്നു, ഉടൻ ഒരു ഡോക്ടറെ കാണണമെന്ന് അവനോട് അവർ അപേക്ഷിച്ചു.
ഈ സമയം പിന്നാലെ അനുഗമിച്ചിരുന്ന ബിനോയേന്ദ്രൻ കാര്യം നിസാരമാക്കി തളളിക്കളഞ്ഞു. ട്രെയിൻ വരാറായെന്നും, നിങ്ങൾക്ക് വേണമെങ്കിൽ പാക്കൂരിലെത്തുമ്പോൾ അവിടെ ഒരു ഡോക്ട്ടറെ കാണാമെന്നും, നമ്മളൊക്കെ പാക്കൂരിലെ ജമീന്ദാരിയുടെ മക്കളാണെന്നും, സാധാരണ ആളുകളെ പോലെ ഇത്ര നിസാരമായ കാര്യങ്ങൾക്ക് പരിഭ്രാന്തരാകില്ല എന്നും അനിയനെ ചേർത്തു നിർത്തി അവനോടും എല്ലാവരോടും ആയി പ്രഖ്യാപിച്ചു.
അമരേന്ദ്രയ്ക്ക് കാര്യത്തിന്റെ ഗൗരവം അറിയാമായിരുന്നെങ്കിലും, പാക്കൂരിൽ ചെയ്തു തീർക്കാനുളള പണികൾ ഉളളതിനാൽ പോകാതിരിക്കാനാകുമായിരുന്നില്ല. കാലതാമസം വന്നാൽ പ്രശ്നം ഗുരുതരമായേക്കാം എന്ന് അറിയാമായിട്ടും അമരേന്ദ്ര പാക്കൂരിലേയ്ക്ക് പോകാൻ തന്നെ തീരുമാനിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ സംഭവിച്ചതോർത്ത് അദ്ദേഹത്തിന്റെ സഹോദരി ബോണോബാല വിഷമിച്ചു. മുഷിഞ്ഞ ഷാൾ ചുറ്റിയ ആ മനുഷ്യനെ മുമ്പ് കണ്ടിട്ടുണ്ടെന്ന് അവൾ ഓർത്തു. അവളും അമരേന്ദ്രയും കഴിഞ്ഞയാഴ്ച സിനിമ കാണുവാനായി തീയേറ്ററിൽ പോയപ്പോൾ ഈ അപരിചിതൻ ടിക്കറ്റ് കൗണ്ടറിന് ചുറ്റും ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയായിരുന്നു എന്ന് അവൾ അവരോട് പറഞ്ഞു.
ട്രെയിൻ പാകൂരിൽ എത്തിയപ്പോഴേക്കും അമരേന്ദ്രയുടെ ആരോഗ്യനില മോശമായി. പരിക്കേറ്റ കൈ വീർത്തിരുന്നു, അദ്ദേഹത്തിന്റെ ഊഷ്മാവ് 105 ഡിഗ്രിയിൽ എത്തിയിരുന്നു, രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ഉയരുകയും താഴുകയും ചെയ്തു. സാധ്യമായ ഏറ്റവും മികച്ച ചികിത്സയ്ക്കായി അദ്ദേഹത്തെ കൽക്കത്തയിലേക്ക് വേഗം മാറ്റി. ഈ നാടകീയമായ രോഗത്തിന്റെ കാരണം കണ്ടെത്താമെന്ന പ്രതീക്ഷയിൽ പെട്ടെന്നു തന്നെ ബ്ലെഡ് ടെസ്റ്റിന് രക്തമെടുത്തു.
സങ്കടകരമെന്നു പറയട്ടെ, അമരേന്ദ്രയെ രക്ഷിക്കാൻ സാധിച്ചില്ല. ഡിസംബർ 3 ന് അദ്ദേഹം കോമയിൽ വീണു, അടുത്ത ദിവസം മരിച്ചു.
ആവശ്യമായ പേപ്പറുകൾ എല്ലാം ബിനോയേന്ദ്ര വേഗത്തിൽ സംഘടിപ്പിച്ചിരുന്നു. അതിനാൽ പോസ്റ്റ്മോർട്ടം കൂടാതെ മൃതദേഹം സംസ്‌കരിച്ചു. ശവസംസ്കാര ശുശ്രൂഷകളിലുടനീളം, ബിനോയേന്ദ്ര ദുഃഖിതനായി നിരാശയോടെ കരയുകയും ആ ചിത്രം പുറത്ത് വരികയും ചെയ്തു.
മരണത്തിന്റെ പിറ്റേന്ന്, ബ്ലെഡ് ടെസ്റ്റിന്റെ ഫലങ്ങൾ വന്നു. ബ്യൂബോണിക് പ്ലേഗ് ( Bubonic Plague ) ബാധിച്ചാണ് അമരേന്ദ്ര മരിച്ചതെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഡോക്ടർമാർ പരിഭ്രാന്തരായി.
എലികളിൽ നിന്നും പ്രാണികളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഒരു രോഗമാണ് പ്ലേഗ്. 1896 നും 1918 നും ഇടയിൽ ഈ പകർച്ചവ്യാധിയുടെ രൂക്ഷമായ രൂപം ഇന്ത്യ കണ്ടു. ആ സമയത്ത്, ഇന്ത്യയിലും ചുറ്റുമുള്ള രാജ്യങ്ങളിലും 125 ദശലക്ഷത്തിലധികം ആളുകൾ പ്ലേഗ് ബാധിച്ച് മരിച്ചു. ഒന്ന് കുറഞ്ഞതിനു ശേഷം വീണ്ടും പ്ലേഗ് രണ്ടാമത് ആരംഭിച്ചു. ആ സമയത്ത് ( 1929 നും 1938 നും ഇടയിൽ ) പ്ലേഗ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ലക്ഷം ആയിരുന്നു. എന്നാൽ അമരേന്ദ്ര കൽക്കട്ടയിൽ മരിച്ചപ്പോഴും അതിനുമുമ്പുളള 3 വർഷവും ആ പ്രദേശത്ത് പ്ലേഗ് ബാധിച്ച് ആരും മരിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഈ പ്രദേശത്ത് പ്ലേഗ് ബാധിച്ച് മറ്റാരും മരിക്കാതിരുന്നപ്പോൾ അമരേന്ദ്രയ്ക്ക് മാത്രം എങ്ങനെയാണ് ഈ രോഗം വന്നതെന്ന ചോദ്യം ഉയർന്നിരുന്നു. അന്നത്തെ ബ്രിട്ടീഷ് പോലീസിന് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു ഇത്.
അമരേന്ദ്രയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ വിഷയം അങ്ങിനെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. അവൻ കൊല്ലപ്പെട്ടുവെന്ന് അവർക്ക് ഉറപ്പായിരുന്നു, ആരാണ് ഉത്തരവാദിയെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. അവർക്ക് ഒരു പ്രശ്നം മാത്രമേയുള്ളൂ: അത് എങ്ങനെ തെളിയിക്കും? ദുഃഖിതരായ അദ്ദേഹത്തിന്റെ ബന്ധുക്കൾ കൽക്കട്ട പോലീസിലെത്തി അമരേന്ദ്രയുടെ മരണത്തിലേക്ക് നയിച്ച കുടിലമായ സംഭവങ്ങളുടെ പരമ്പര വിവരിച്ചു. ഔപചാരികമായി പരാതിപ്പെടാൻ മതിയായ തെളിവുകൾ തങ്ങളുടെ പക്കലില്ലെന്ന് അവർ സമ്മതിച്ചു. എന്നാൽ ഡിറ്റക്റ്റീവുകൾ നിശബ്ദമായി ബിനോയേന്ദ്രയെ പിന്തുടർന്നാൽ പിന്നിലുളള രഹസ്യങ്ങൾ പുറത്തും വരും എന്ന് അവർക്ക് ഉറപ്പായിരുന്നു.
അമരേന്ദ്രയുടെ മരണം സ്വാഭാവിക മരണമാണെന്ന് കൊൽക്കത്തയിലെ പല ഡോക്ടർമാരും വിശ്വസിച്ചിരുന്നില്ല, പ്രത്യേകിച്ചും റെയിൽവേ സ്റ്റേഷനിൽ നടന്ന സൂചികൊണ്ടുളള കുത്ത് കിട്ടിയ സംഭവം അവർ അറിഞ്ഞതിന് ശേഷം. രോഗത്തിനും മരണത്തിനും കാരണമാകുന്ന അളവിൽ പ്ലേഗ് ബാസിലി ഒരാൾക്ക് കുത്തിവയ്ക്കാൻ കഴിയുമോ എന്നറിയാൻ അവർ ട്രോപ്പിക്കൽ മെഡിസിൻ ഡയറക്ടർക്ക് ഒരു കത്ത് എഴുതി. ആ യുവാവ് യഥാർത്ഥത്തിൽ കൊലചെയ്യപ്പെട്ടതാണെന്ന് ഉറപ്പിക്കുന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്.
എന്നാൽ പ്ലേഗ് ബാസിലി കൽക്കട്ടയിൽ ലഭ്യമല്ലെന്നറിഞ്ഞത് ഡോക്ടർമാർ അമ്പരന്നു. അപ്പോൾ എങ്ങിനെ പ്ലേഗിന്റെ വൈറസ് കൊലയാളിക്ക് ലഭിച്ചു? ബോംബെയിലെ ഹാഫ്‌കൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ്, റിസർച്ച് ആൻഡ് ടെസ്റ്റിംഗ് എന്ന സ്ഥാപനം മാത്രമാണ് ഇന്ത്യയിൽ ഇത് സൂക്ഷിച്ചിരുന്നത്.

ട്രോപ്പിക്കൽ മെഡിസിൻ റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചതോടെ ബിനോയേന്ദ്രൻ, ഡോ. ഭട്ടാചാര്യ, ഡോ. ധർ, റെയിൽവേസ്റ്റേഷനിൽ വെച്ച് അമരേന്ദ്രയെ കുത്തിയ അജ്ഞാതൻ എന്നിവർക്കെതിരെ പോലീസിൽ ഔദ്യോഗിക പരാതി ബന്ധുക്കൾ നൽകി. ഇതറിഞ്ഞ ബിനോയേന്ദ്ര രാജ്യം വിടാൻ ശ്രമിച്ചെങ്കിലും റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടി. ഷാൾ ചുറ്റിയ അജ്ഞാതനെ ഒഴികെ മറ്റുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്തു. അമരേന്ദ്രയെ തിരിച്ചറിയാനാണ് താൻ ആളെ തിയേറ്ററിലേയ്ക്ക് അയച്ചതെന്ന് ഒടുവിൽ ബിനോയേന്ദ്ര സമ്മതിച്ചെങ്കിലും അയാളുടെ പേരോ മറ്റ് വിവരങ്ങളോ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.
കൽക്കട്ട പോലീസിലെ സമർത്ഥനായ ഉദ്യോഗസ്ഥനായ ലെ ബ്രോക്ക്, ബംഗാൾ ഇന്റലിജൻസ് സർവീസിലെ ശരത് ചന്ദ്ര മിത്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രധാന അന്വേഷണം നടന്നത്. പോലീസ് ക്വസ്റ്റ്യൻ ചെയ്തതോടെ സത്യങ്ങൾ അയാൾ പറഞ്ഞു തുടങ്ങി. എസ്റ്റേറ്റിന്റെ വിഹിതം ആവശ്യപ്പെട്ട ദിവസം മുതൽ തന്റെ സഹോദരന്റെ കൊലപാതകം അക്ഷരാർത്ഥത്തിൽ ആസൂത്രണം ചെയ്യാൻ തുടങ്ങിയെന്ന് അയാൾ സമ്മതിച്ചു. പിൻസ്-നെസ് ഗ്ലാസിലൂടെ ടെറ്റനസ് സെറം കടത്തിവിട്ട് കൊല്ലാൻ ശ്രമിച്ച തന്ത്രം പരാജയപ്പെട്ടതിന് ശേഷം, തനിക്ക് കൂടുതൽ വിശ്വസനീയമായ ഒരു മാരക രോഗത്തിന്റെ സഹായം ആവശ്യമാണെന്ന് ബിനോയേന്ദ്ര മനസ്സിലാക്കിയിരുന്നു. അങ്ങിനെ അവൻ താരാനാഥ് ഭട്ടാചാര്യയുടെ സഹായം തേടി.
താരാനാഥ് ശരിക്കും ഒരു ഡോക്ടർ ആയിരുന്നില്ല. ഒരു മെഡിക്കൽ സപ്ലൈ ലബോറട്ടറിയിലെ ഒരു റിസർച്ച് അസിസ്റ്റന്റ് മാത്രം ആയിരുന്നു അയാൾ. ബ്യൂബോണിക് പ്ലേഗിനെ കൊലപാതക ആയുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആദ്യം ചിന്തിച്ചത് അദ്ദേഹമാണ്. ബാക്ടീരിയ പരത്തുന്ന രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഒരു ടെലിഗ്രാം അയച്ചു. തന്റെ ജോലിയിൽ ഉപയോഗിക്കുന്നതിനായി പ്ലേഗ് ബാസിലിയുടെ ഒരു സാമ്പിൾ അയച്ചുതരാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. കൽക്കട്ടയിലെ സർജൻ ജനറലിന്റെ അനുമതിയില്ലാതെ തങ്ങൾ അങ്ങനെയൊന്നും ചെയ്യാനാകില്ലാ എന്ന് ബുദ്ധിപൂർവം ഇൻസ്റ്റിറ്റ്യൂട്ട് മറുപടിയും നൽകി. അടുത്തതായി തനിക്ക് വേണ്ടി ഇൻസ്റ്റിറ്റ്യൂട്ടിന് എഴുതാൻ ബിനോയേന്ദ്ര; ഡോ. ഷിബാപാദ ഭട്ടാചാര്യയ്ക്കും, ഡോ. ധറിനും പണം നൽകിയിരുന്നു. അവർ എഴുതിയെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് ഇത്തവണയും നിരസിച്ചു.
ഈ പരാജയങ്ങളിലൊന്നും പിൻമാറുന്ന പ്രകൃതമല്ലായിരുന്നു ബിനോയേന്ദ്രന്റേത് അയാൾ ബോംബെയ്ക്ക് വണ്ടികയറി. അവിടെ ആഴ്ച്ചകൾ താമസിച്ച് ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് ഡോക്ടർമാരെ പരിചയപ്പെട്ടു. അയാൾ അവരെ മദ്യത്തിലും മദിരാക്ഷിയിലും സുഖിപ്പിച്ചു. വിലകൂടിയ ഹോട്ടലിൽ താമസിപ്പിച്ചായിരുന്നു സൽക്കാരം. അവസാനം ഇതിന്റെയെല്ലാം നന്ദിസൂചകമായി ആ രണ്ട് ഡോക്ട്ടർമാർ ഒരു വൈയിൽ ജീവനുളള പ്ലേഗിന്റെ കൾച്ചർ പുറത്ത് കടത്തികൊടുത്തു.
കേസ് കോടതിയിൽ എത്തിയപ്പോൾ പ്രോസിക്ക്യൂഷന് ശക്തമായ സാഹചര്യതെളിവുകളും, സാക്ഷിമൊഴികളും, മെഡിക്കൽ റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ബിനോയേന്ദ്രന്റെ യാത്രാരേഖകൾ, ബോംബെയിലെ ഹോട്ടലുകളുടെ ബില്ലുകൾ, കൈപ്പടയിലുളള കടലാസുകൾ എന്നിവയും ലാബിലേക്ക് അയച്ച സന്ദേശങ്ങൾ, എലി വാങ്ങുന്ന കടകളുടെ രസീതുകൾ മുതലായവയും തെളിവായി പരിഗണിക്കപ്പെട്ടു. ബോംബേയിലും മറ്റും ബിനോയേന്ദ്ര നടത്തിയ തിരിമറികൾ സ്പഷ്ടമായിരുന്നു. അമരേന്ദ്രയെ കൊല്ലപ്പെട്ടത് എന്തിനാൽ എന്ന് മാത്രമല്ല, എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും പ്രോസിക്യൂഷന് ഇപ്പോൾ അറിയാമായിരുന്നു.
ബിനോയേന്ദ്ര തന്റെ പ്രതിരോധത്തിനായി നല്ല തുക ചെലവഴിച്ചെങ്കിലും, കോടതിയിൽ അയാൾ പരാജയപ്പെട്ടു. ബിനോയേന്ദ്രയെയും താരാനാഥ് ഭട്ടാചാര്യയെയും കീഴ്ക്കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു. ഡോ. ദുർഗാരതൻ ധർ, ഡോ. ഷിബപാദ ഭട്ടാചാര്യ എന്നിവരെ തെളിവുകളുടെ അഭാവത്താൽ വെറുതെവിട്ടു. എന്നാൽ ഹൈക്കോടതി ബിനോയേന്ദ്രയുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കുറ്റവാളികളെ അഡമാൻ ജയിലിലേയ്ക്ക് ശിക്ഷക്കായി അയച്ചു. പതിനൊന്ന് വർഷത്തിന് ശേഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ് അനുവദിച്ചു. ബിനോയേന്ദ്ര ആ വിഭാഗത്തിൽ പെട്ടില്ലെങ്കിലും ഏതോ ഒരു വിധത്തിൽ അദ്ദേഹത്തിന് മോചനം നേടാനായി. അവൻ പാകൂരിലേക്ക് മടങ്ങി.
അവിടെ എത്തിയപ്പോൾ അയാൾ മാനസീകമായി പല പ്രശ്നങ്ങളും ഉളളവനായി മാറിക്കഴിഞ്ഞിരുന്നു. ഇത് ബന്ധുക്കളുമായി തർക്കങ്ങൾക്കും, വഴക്കുകൾക്കും ഇടയാക്കി. ഒരു നാൾ എല്ലാവരേയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തി അയാൾ തോക്കുമായി കുടുംബത്തിന്റെ തറവാട്ടു വീട്ടിലെത്തി. വീട്ടുകാർ അയാളെ ഒരു മുറിക്കുളളിൽ പൂട്ടിയിട്ടു. അവർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയിട്ടും കീഴടങ്ങാതെ അയാൾ പോലീസിനെ വെടിവയ്ക്കുകയാണ് ഉണ്ടായത്. തുടർന്ന് തിരിച്ചുളള വെടിവയ്പ്പിൽ അയാൾ കൊല്ലപ്പെട്ടു. താരാനാഥ് ഭട്ടാചാര്യയുടെ വിധി ഏറെക്കുറെ അജ്ഞാതമാണ്. ജയിലിൽ വെച്ച് അദ്ദേഹത്തിന് ഭ്രാന്ത് പിടിച്ചതായി ചില വിവരണങ്ങൾ പറയുന്നു.
യഥാർത്ഥത്തിൽ മാരകമായ പ്ലേഗ് കുത്തിവയ്പ്പ് നൽകിയ ആളെ ഒരിക്കലും കണ്ടെത്താനായിട്ടില്ല. അയാൾ പോലീസിന്റെ വലയിൽ നിന്നും രക്ഷപെട്ട് രാജ്യം വിട്ട് പോകാൻ ബിനോയേന്ദ്ര അയാളെ സഹായിച്ചു എന്ന് ചിലരെല്ലാം അക്കാലത്ത് പറഞ്ഞിരുന്നു. എന്നാൽ ബിനോയേന്ദ്രയെ നന്നായി അറിയാവുന്നവർ കരുതുന്നത് ഒരു തെളിവ് അവശേഷിപ്പിക്കുന്ന ആളല്ല അയാൾ എന്നും; സ്വന്തം കൈയ്യാലേയോ, അല്ലെങ്കിൽ പ്ലേഗിന്റെ അണുക്കൾ മൂലമോ ആ അജ്ഞാതൻ കൊല്ലപ്പെട്ടിരിക്കാം എന്നാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന ഈ അവശ്വസനീയമായ കൊലപാതകം അക്കാലത്ത് ലോക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു, എന്നാൽ ഇന്നും അതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും ചർച്ചകളും നടക്കുന്നു. ടൈം മാഗസിൻ ഇതിനെ ‘ ജേം മർഡർ ‘ എന്നാണ് വിശേഷിപ്പിച്ചത്, അതായത് അണുക്കൾ മൂലമുണ്ടാകുന്ന കൊലപാതകം. അക്കാലത്ത് സിംഗപ്പൂരിലെ സ്ട്രെയിറ്റ് ടൈംസ് അതിനെ ‘ പഞ്ചർഡ് ആം മിസ്റ്ററി ‘ എന്നാണ് വിളിച്ചിരുന്നത്.