Skip to content
Crime Files

Crime Files

Crime stories

  • മലയാളംമലയാളം
    • EnglishEnglish
  • Toggle search form
Brian Patrick Regan0 300x300 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.

അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.

Posted on ഓഗസ്റ്റ്‌ 4, 2022ഓഗസ്റ്റ്‌ 4, 2022 By Binosh Augusthy അഭിപ്രായങ്ങൾ ഇല്ല on അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.

The Spy Who Couldn’t Spell

അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ – 1

2001 മെയ് 23. അമേരിയ്ക്കയിലെ വിർജിനിയയിലുള്ള TRW എന്ന ഡിഫൻസ് കോണ്ട്രാക്ടിങ് കമ്പനിയുടെ ചാന്റിലിയിലുള്ള ബ്രാഞ്ച് ഓഫീസ്. അവിടെ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണു ബ്രിയാൻ പാട്രിക്ക് റീഗൻ (Brian Patrick Regan) എന്ന മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ. യു.എസ് എയർഫോഴ്സിലെ ഇന്റലിജൻസ് ഓഫീസറായിരുന്ന റീഗൻ അവിടെ നിന്നും റിട്ടയർ ചെയ്തിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല.
രാവിലെ ഓഫീസിലെത്തിയ റീഗനു പക്ഷേ വല്ലാത്ത അസ്വസ്ഥത തോന്നി. നെഞ്ചിൽ ശ്വാസം തിങ്ങി നിൽക്കും പോലെ. തന്റെ ക്രെഡിറ്റു കാർഡിലും മറ്റുമായി അടച്ചു തീർക്കാനുള്ള ഒരു ലക്ഷത്തോളം ഡോളറിനെ സംബന്ധിച്ചായിരുന്നില്ല ആ അസ്വസ്തത.
തന്നെ ആരോ നിരീക്ഷിയ്ക്കുന്നതായി ദിവസങ്ങളായി ഒരു തോന്നൽ അയാളെ പിടികൂടിയിരുന്നു. ഏതോ അജ്ഞാത നയനങ്ങൾ ഒളിയിടത്തു നിന്നും തന്നെ തുറിച്ചു നോക്കുന്നുണ്ട്.
അസ്വസ്ഥത പെരുകിയ റീഗൻ ഓഫീസിൽ നിന്നും തന്റെ കാറുമായി റോഡിലിറങ്ങി. അല്പ ദൂരം ഓടിയപ്പോൾ തന്നെ ആരോ കാറിൽ പിന്തുടരുന്നതായി അയാൾക്കു തോന്നി. അയാൾ കാർ പായിച്ചു വിട്ടു. എന്നിട്ട് പെട്ടെന്ന് വലതു വശത്തുള്ള ഇടറോഡിലേയ്ക്കു തിരിഞ്ഞു. ആരെങ്കിലും പിന്തുടരുന്നു എങ്കിൽ അവരും ഇങ്ങോട്ടു തിരിയും.
അയാൾ റിയർവ്യൂ മിററിൽ ശ്രദ്ധിച്ചു.
ഇല്ല ആരുമില്ല.
കാർ മുന്നോട്ടു പാഞ്ഞു.
മനസാസ് നാഷണൽ ബാറ്റിൽ ഫീൽഡ് പാർക്കിന്റെ ഒരു വിജന ഭാഗത്താണു റീഗൻ കാർ നിർത്തിയത്. ഒരു വശമാകെ നിബിഡ വനമാണ്.

Manassas National Battlefield Park2 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
Manassas National Battlefield Park

എഞ്ചിൻ ഓഫാക്കിയ ശേഷം റീഗൻ ചുറ്റും കണ്ണോടിച്ചു. ആരെങ്കിലും തന്നെ ശ്രദ്ധിയ്ക്കുന്നുണ്ടോ? അവിടെയെങ്ങും ഒരു മനുഷ്യജീവി പോലും ഇല്ലായിരുന്നു.
കാറിൽ നിന്നും പുറത്തിറങ്ങിയ അയാൾ അരമണിക്കൂറോളം വെറുതെ അതിലെ നടന്നു. അതിനിടയിൽ ഒരു പഴഞ്ചൻ വാൻ അകലെ റോഡിൽ കൂടി പാഞ്ഞു പോയതല്ലാതെ മറ്റൊരു വാഹനമോ മനുഷ്യയോ അയാൾ കണ്ടില്ല.

Baltimore state park 1024x574 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
Manassas National Battlefield Park

അല്പം മുന്നോട്ടു നടന്ന അയാൾ അലക്ഷ്യമെന്ന പോലെ മാഡ് മാഗസിന്റെ രണ്ടു കോപ്പികൾ നിലത്തിട്ടു. എന്നിട്ട് ഒന്നുമറിയാത്ത പോലെ കാറിൽ കയറി ഓഫീസിലേയ്ക്കു തിരിച്ചു പോയി ജോലിയിൽ മുഴുകി.
അന്നു തന്നെ വൈകുന്നേരം റീഗൻ വീണ്ടും അവിടെയെത്തി. താൻ ഇട്ടിട്ടു പോയ മാഗസിനുകൾക്കു എന്തെങ്കിലും സ്ഥാന ചലനം ഉണ്ടായോ എന്നു പരിശോധിച്ചു.
തന്നെ ആരെങ്കിലും നിരീക്ഷിച്ചിരുന്നുവെങ്കിൽ അവർ തീർച്ചയായും, താൻ പോയശേഷം അവിടെയെത്തി ആ മാഗസിനുകൾ പരിശോധിച്ചിട്ടുണ്ടാകും.
എന്നാൽ റീഗൻ ഇട്ട അതേ സ്ഥലത്തു തന്നെ അവ കിടപ്പുണ്ടായിരുന്നു. അയാൾക്കു ആശ്വാസമായി. തന്റെ തോന്നലുകൾ വെറുതെ ആയിരുന്നു.
ഒരു പുഞ്ചിരിയോടെ അയാൾ കാറിൽ കയറി തന്റെ വീടു ലക്ഷ്യമാക്കി ഓടിച്ചു പോയി. എന്നാൽ റീഗനു തെറ്റിപ്പോയിരുന്നു.

Brian Patrick Regan2 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
Brian Patrick Regan

2000 ഡിസംബറിലെ ഒരു പ്രഭാതം.
വാഷിംഗ്ടൻ ഡിസിയിലുള്ള FBI ഫീൽഡ് ഓഫീസിൽ ചില ജോലിത്തിരക്കുകളിലായിരുന്നു സ്പെഷ്യൽ ഏജന്റ് സ്റ്റീവൻ കാർ. ( Steven A. Carr ) അയാളുടെ മുന്നിലിരുന്ന ഓഫീസ് ഫോൺ ശബ്ദിച്ചു തുടങ്ങി.
അതിൽ നിന്നും ലഭിച്ച സന്ദേശം സ്റ്റീവനെ ചാടിയെഴുനേൽപ്പിച്ചു.
FBI യുടെ ന്യൂയോർക്ക് ഓഫീസിൽ നിന്നുമായിരുന്നു ആ ഫോൺ. അവിടെ നിന്നും ഫെഡെക്സ് വഴി അയച്ച ചെറിയൊരു പായ്ക്കറ്റ്, സ്റ്റീവന്റെ ഓഫീസ് ബിൽഡിങിന്റെ താഴെത്തെ റിസപ്ഷനിൽ എത്തിയിട്ടുണ്ട് എന്നും എത്രയും വേഗം കൈപ്പറ്റണം എന്നുമായിരുന്നു സന്ദേശം.
ഒരു നിമിഷം വൈകാതെ അയാൾ സ്റ്റെപ്പുകൾ ചാടിയിറങ്ങി, റിസപ്ക്ഷനിൽ വന്നു ആ പായ്കറ്റ് വാങ്ങി.

Special Agent Steven A. Carr - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
Special Agent Steven A. Carr

ഉന്നതതലങ്ങളിലെ ചാരപ്രവർത്തനങ്ങളെ പറ്റി അന്വേഷിയ്ക്കുന്ന FBI സ്പെഷ്യൽ ഏജന്റണു സ്റ്റീവൻ. 1995 ലെ FBI ൽ ചേർന്ന അയാളുടെ മിടുക്ക് മേലധികാരികൾക്കു ബോധ്യമായതാണ്. അതുകൊണ്ടു തന്നെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട പല കേസുകളും അവർ സ്റ്റീവനെയാണു ഏൽപ്പിയ്ക്കാറ്.
തന്റെ ക്യാബിനിൽ എത്തിയ സ്റ്റീവൻ ആ പായ്ക്കറ്റ് തുറന്നു. ഏതാനും ഡസൻ പേപ്പറുകളായിരുന്നു അതിലുണ്ടായിരുന്നത്. സ്റ്റീവൻ തന്റെ മേശമേൽ അവ നിരത്തി വച്ചു. എന്നിട്ട് അവയെ തരം തിരിച്ചു. മൂന്നു സെറ്റുകളായിരുന്നു അവ. ഓരോ സെറ്റിനും ഒരു കവർ ഷീറ്റ് ഉണ്ടായിരുന്നു. അവയിൽ ഇങ്ങനെ എഴുതിയിരുന്നു.
“THIS LETTER CONTAINS SENSITIVE INFORMATION”, അതിനു താഴെയായി ചെറിയൊരു നോട്ടും. “അതീവ രഹസ്യമായ ഈ കത്തുകൾ നിങ്ങളുടെ പ്രസിഡന്റിനോ ഇന്റലിജൻസ് ചീഫിനോ മാത്രം കൈമാറുക. ഡിപ്ലോമാറ്റിക് പൗച്ചിനുള്ളിൽ വേണം നൽകേണ്ടത്. ഇങ്ങനെയൊരു കത്തിനെ പറ്റി നിങ്ങളുടെ ഓഫീസിലോ വീട്ടിലോ മറ്റൊരിടത്തുമോ ചർച്ച ചെയ്യരുത്. ഇത് അനുസരിയ്ക്കാത്ത പക്ഷം ഈ കത്തുകൾ അമേരിയ്ക്കൻ ഇന്റലിജൻസ് ഏജൻസികളുടെ ശ്രദ്ധയിൽ പെടാൻ സാധ്യതയുണ്ട്“.
ഇതു വായിച്ച സ്റ്റീവൻ കാർ തരിച്ചിരുന്നു. ന്യൂയോർക്കിലെ ലിബിയൻ കോൺസുലേറ്റിലുള്ള ഒരു രഹസ്യ ഏജന്റുവഴി FBI ലഭിച്ചതാണു ഈ കത്തുകൾ.
അമേരിയ്ക്കക്കാരനായ ഒരു അജ്ഞാത വ്യക്തി അയച്ചതായിരുന്നു ഇവ. മൂന്നു വ്യത്യസ്ത കവറുകളിലായി, വ്യത്യസ്ത ദിവസങ്ങളിലാണു ഈ കത്തുകൾ കോൺസുലേറ്റിനു ലഭിച്ചത്. അമേരിയ്ക്കയും ലിബിയയുമായി സംഘർഷം നിലനിൽക്കുന്ന നാളുകളായിരുന്നു അപ്പോൾ.
തന്റെ മുന്നിലിരിയ്ക്കുന്ന പേപ്പറുകളിലേയ്ക്ക് സ്റ്റീവൻ തുറിച്ചു നോക്കി.
ആദ്യ കവറിൽ എത്തിയത് നാലു ഷീറ്റു പേപ്പറുകൾ ആണ്. 149 വരികളിലായി കുറേ അക്ഷരങ്ങളും സംഖ്യകളും ടൈപ്പ് ചെയ്തിരിയ്ക്കുന്നു.
അടുത്ത കവറിൽ ഉള്ളത്, ഈ കോഡുകൾ എങ്ങനെ ഡീകോഡ് ചെയ്യണം എന്ന നിർദേശങ്ങളാണ്.
മൂന്നാമത്തെ കവറിൽ രണ്ടു സെറ്റ് കോഡു ഷീറ്റുകളായിരുന്നു.
ആദ്യ സെറ്റിൽ സൈഫർ കോഡിംഗിന്റെ ഒരു ലിസ്റ്റാണുണ്ടായിരുന്നത്.
അടുത്ത സെറ്റിൽ ആറു ഷീറ്റുകളിലായി ഡസൻ കണക്കിനു വാക്കുകളും അവയുടെ ചുരുക്കപ്പേരുകളുമാണുള്ളത്.
ഈ സെറ്റുകൾ ഒന്നിച്ചു ചേരുമ്പോൾ അതിൽ നിന്നു ലഭിയ്ക്കുന്ന സൂചനകളായിരിയ്ക്കും ആദ്യത്തെ കോഡുകളുടെ അർത്ഥമായി മാറുന്നത്..!
സ്റ്റീവൻ അതിലൂടെ ഒന്നു കണ്ണോടിച്ചു നോക്കി. അയാൾക്കൊന്നും മനസ്സിലായില്ല. ഏതായാലും ഇതയച്ച ആൾ അതീവ ബുദ്ധിമാനാണെന്നു സ്റ്റീവനു മനസ്സിലായി. ഈ മൂന്നു കത്തുകളും ഒന്നിച്ചു ലഭിച്ചാൽ മാത്രമേ ഇതിലെ രഹസ്യം കണ്ടെത്താനാകൂ. ഏതെങ്കിലും കാരണവശാൽ ഒരെണ്ണം നഷ്ടമായാൽ മറ്റു രണ്ടെണ്ണം കൊണ്ട് പ്രയോജനമൊന്നുമില്ല. ഓരോ കവറിനൊപ്പം ഒരു തുണ്ടു കടലാസിൽ ടൈപ്പ് ചെയ്ത ചെറിയൊരു നിർദേശം കൂടി അതയച്ച അജ്ഞാതവ്യക്തി വച്ചിരുന്നു.
മൂന്നു കത്തിൽ ഏതെങ്കിലുമൊന്നു എത്തിച്ചേർന്നിട്ടില്ല എങ്കിൽ, വാഷിംഗ്ടൻ പോസ്റ്റ് പത്രത്തിൽ കാറിനെ സംബന്ധിയ്ക്കുന്ന ഒരു ക്ലാസിഫൈഡ് പരസ്യം നൽകണം എന്നതായിരുന്നു ആ നിർദേശം.
എന്നിട്ടും ഈ മൂന്നു കത്തുകളും ഒന്നിച്ച് FBI യുടെ കൈയിൽ എത്തുമെന്ന് ഈ കത്തുകൾ അയച്ച അജ്ഞാതൻ വിചാരിച്ചിരിയ്ക്കാൻ യാതൊരു സാധ്യതയില്ലായിരുന്നു.
കത്തുകൾ ന്യൂയോർക്ക് FBI യിലെ വിദഗ്ധർ ഇതിനകം ഡീകോഡ് ചെയ്തു കഴിഞ്ഞിരുന്നു. അതിൻ പ്രകാരം കത്തിൽ എഴുതിയിരുന്നത് ഇങ്ങനെ ആയിരുന്നു.
“ഞാൻ CIA യിൽ മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്കൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു അനലിസ്റ്റാണ്. അമേരിയ്ക്കയുടെ തന്ത്ര പ്രധാനമായ ചില രഹസ്യങ്ങൾ നിങ്ങളുടെ രാജ്യത്തിനു ചോർത്തിത്തരുവാൻ ഉദ്ദേശിയ്ക്കുന്നു. അമേരിയ്ക്കയിലെ വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ ടോപ്പ് സീക്രട്ട് രേഖകൾ എനിയ്ക്കു ലഭ്യമാണ്.“
താൻ വെറും വാക്ക് പറയുന്നതല്ലെന്നു തെളിയിയ്ക്കാൻ, ചില അതീവ രഹസ്യ രേഖകളുടെ കോപ്പികളും ഈ കത്തിനൊപ്പം ഉണ്ടായിരുന്നു. ഇറാക്കിന്റെയും ലിബിയയുടെയും സൈനിക കേന്ദ്രങ്ങളുടെ ചില ഉപഗ്രഹ ഫോട്ടോകളും ചില ഡോക്യുമെന്റുകളുമായിരുന്നു അവ. അമേരിയ്ക്കൻ ഇന്റലിജൻസ് ഏജൻസികൾ മാത്രം ഉപയോഗിയ്ക്കുന്ന “ഇന്റെലിങ്ക്“ എന്ന നെറ്റ് സംവിധാനത്തിൽ നിന്നും ഡൗൺലോഡ് ചെയ്തവ ആയിരുന്നു അവ.
ഇതയച്ചത് ആര്? എന്തിന്? ഇതായിരുന്നു സ്റ്റീവൻ കാർ കണ്ടെത്തേണ്ടിയിരുന്നത്.
രാജ്യത്തെ ഇന്റലിജൻസ് ഏജൻസികൾക്കു മാത്രം ലഭ്യമായ ടോപ്പ് സീക്രട്ട് രേഖകൾ കൈവശപ്പെടുത്താൻ കഴിയുന്ന ആൾ തീർച്ചയായും ആ ഏജൻസികളിൽ ജോലി ചെയ്യുന്ന ആരെങ്കിലുമായിരിയ്ക്കണം. അയാൾ വിദേശ ഏജൻസികളെ സമീപിച്ചു എന്നതിനർത്ഥം ആവശ്യമായ രേഖകൾ ചോർത്തിക്കഴിഞ്ഞു എന്നു തന്നെയാണു. അവ ശത്രുക്കളുടെ കൈയിലെത്തും മുൻപ് തടഞ്ഞേ തീരൂ.
സ്റ്റീവൻ തന്റെ മുന്നിലിരുന്ന പേപ്പറുകൾ ക്രമത്തിൽ അടുക്കി ഒരു ഫയലിൽ ആക്കി. അതുമെടുത്ത്, അടുത്ത ക്യാബിനിൽ ഉള്ള തന്റെ സൂപ്പർവൈസറുടെ അടുത്തേയ്ക്കു പോയി.
“ലിഡിയാ“
തന്റെ കൈയിലെ ഫയൽ മേശയുടെ മറുവശത്തേയ്ക്കു തള്ളിക്കൊണ്ട് അയാൾ പറഞ്ഞു,
“നിങ്ങളിതൊന്നു നോക്കു“.
FBI കൗണ്ടർ ഇന്റലിജൻസ് സീനിയർ ഓഫീസറായ ലിഡിയാ ജെക്കോറെക്, സ്റ്റീവനെ ഒന്നു നോക്കിയിട്ട് ആ ഫയലെടുത്ത് നിവർത്തി. ഒന്നും മനസ്സിലാകാതെ അവർ അയാളുടെ നേരെ ചോദ്യഭാവത്തിൽ മുഖമുയർത്തി. സ്റ്റീവൻ കാർ തനിയ്ക്കറിയുന്ന കാര്യങ്ങളെല്ലാം ലിഡിയയെ ധരിപ്പിച്ചു. വിഷയത്തിന്റെ ഗൗരവം മനസ്സിലായ അവർ, എന്താണിനി അടുത്ത സ്റ്റെപ്പ് എന്നു അയാളോടു ചോദിച്ചു.
ഡീകോഡ് ചെയ്ത സന്ദേശത്തിനിടയിൽ ഒരു ഇ-മെയിൽ അഡ്രസ്സുണ്ടായിരുന്നു. ലിബിയൻ കോൺസുലേറ്റിലേയ്ക്ക് കത്തുകൾ അയച്ച അജ്ഞാതൻ, തുടർന്നുള്ള കമ്യൂണിക്കേഷനായി അവർക്കു നൽകിയതാണു ആ ഇ-മെയിൽ അഡ്രസ്സ്. തീർച്ചയായും അതിനെപ്പറ്റി കൂടുതൽ അറിയേണ്ടതുണ്ട്.
ലിഡിയാ ജെക്കോറെക് FBI ആസ്ഥാനവുമായി ബന്ധപ്പെട്ട്, ആ ഇ-മെയിൽ സർവീസ് പ്രൊവൈഡറിൽ നിന്നും കൂടുതൽ വിവരം തേടാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. FBI അമേരിയ്ക്കൻ അറ്റോർണി ജെനറലിൽ നിന്നും ഉടൻ തന്നെ സ്പെഷ്യൽ പെർമിഷൻ നേടിയെടുത്തു.
jacobscall@mail.com എന്ന ആ ഇ-മെയിലിനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നൽകാൻ സ്റ്റീവൻ കാർ, സർവീസ് പ്രൊവൈഡറോട് ആവശ്യപ്പെട്ടു.
അധികം വൈകാതെ വിവരങ്ങൾ ലഭ്യമായി.
അന്നേയ്ക്ക് നാലു മാസം മുൻപ്, ഓഗസ്റ്റ്-3 നു ക്രീയേറ്റു ചെയ്യപ്പെട്ട അക്കൗണ്ടായിരുന്നു അത്. അമേരിയ്ക്കയിലെ മെരിലാൻഡിൽ പ്രിൻസ് ജോർജസ് കൗണ്ടിയിലെ ഒരു പബ്ലിക് ലൈബ്രറിയിലെ ഇന്റെർനെറ്റ് കണക്ഷനിൽ നിന്നുമാണു അത് ഉണ്ടാക്കിയത്. സ്റ്റീവൻ ജേക്കബ്സ് എന്ന പേരാണു അതുണ്ടാക്കിയ ആൾ നൽകിയിരിയ്ക്കുന്നത്. വിർജിനിയയിലുള്ള അലക്സാൻഡ്രിയ പ്രദേശത്തുള്ള അഡ്രസാണു കൊടുത്തിട്ടുള്ളത്. ഈ നാലുമാസത്തിനിടയിൽ ആറു തവണമാത്രമേ ഈ അക്കൗണ്ട് ഉപയോഗിച്ചിട്ടുള്ളു. വാഷിംഗ്ടൻ ഡിസി യ്ക്കു ചുറ്റുമായുള്ള വിവിധ പബ്ലിക് ലൈബ്രറികളിൽ നിന്നാണു ഓരോ തവണയും ഉപയോഗിച്ചിട്ടുള്ളത്. ഈ അക്കൗണ്ടിലേയ്ക്കു വന്നിട്ടുള്ളത്, ഇതിന്റെ ഉടമസ്ഥൻ ടെസ്റ്റിങിനായി അയച്ച ഏതാനും മെയിലുകൾ മാത്രം.
“ഇനി എന്താണു നമ്മുടെ അടുത്ത പരിപാടി?“ ലിഡിയ സ്റ്റീവനോടു ചോദിച്ചു. ഇതിന്റെ പിന്നിലെ ആളിലേയ്ക്കു എത്താവുന്ന ചരടുകൾ ഒന്നും തന്നെ അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല. അയാളെ ഉടൻ കണ്ടെത്തി തടഞ്ഞില്ലെങ്കിൽ ഒരു പക്ഷെ രാജ്യത്തിന്റെ വലിയ സൈനിക രഹസ്യങ്ങൾ ശത്രുക്കളുടെ കൈയിൽ എത്തിച്ചേരും.
സ്റ്റീവൻ തന്റെ മുന്നിലുള്ള എല്ലാ രേഖകളും മേശമേൽ നിരത്തി വച്ചു. അവയിലൂടെ കണ്ണോടിച്ചു. കത്തെഴുതിയ അജ്ഞാതൻ ഉപയോഗിച്ച “ബ്രെവിറ്റി കോഡ് സിസ്റ്റം“ മിലിട്ടറി ഓപ്പറേഷൻ സുരക്ഷകൾക്കായി ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ളതാണെന്നു അയാൾ കണ്ടെത്തി. അതിന്റെ അർത്ഥം കത്തയച്ച ആൾക്കു സൈനിക പശ്ചാത്തലം ഉണ്ടാവാം എന്നതാണ്.
അയാൾക്ക് ടോപ്പ് സീക്രട്ട് സെക്യൂരിറ്റി ക്ലീയറൻസ് ഉണ്ടാവണം, അല്ലാത്ത പക്ഷം അയാളയച്ച സാമ്പിൾ രേഖകൾ കൈവശപ്പെടുത്താൻ കഴിയില്ല.
അമേരിയ്ക്കൻ ഇന്റലിജൻസ് വിഭാഗങ്ങളിലായി ലക്ഷക്കണക്കിനു പേർ ജോലി എടുക്കുന്നുണ്ട്. എന്നാൽ ടോപ്പ് സീക്രട്ട് സെക്യൂരിറ്റി ക്ലീയറൻസ് ഉള്ളവരിലേക്കു വരുമ്പോൾ അതു ഏതാനും ആയിരങ്ങളായി ചുരുങ്ങുന്നു.
കത്തയച്ച അജ്ഞാതന്, ഇന്റെലിങ്ക് ഉപയോഗിയ്ക്കാൻ അനുമതിയുണ്ട് എന്നതിനാൽ വൃത്തം വീണ്ടും ചുരുങ്ങി. അയാൾ അയച്ച സന്ദേശത്തിൽ ഉണ്ടായിരുന്ന ഒരു വാചകം സ്റ്റീവൻ ശ്രദ്ധിച്ചു. “ഞാൻ ഈ പ്രവൃത്തി ചെയ്യുന്നതിലൂടെ എന്നെയും എന്റെ കുടുംബത്തെയും വലിയ ആപത്തിലേയ്ക്കാണു വലിച്ചിഴയ്ക്കുന്നത്.“ ഇതിൽ നിന്നും അയാൾ വിവാഹിതനും മിക്കവാറും കുട്ടികൾ ഉള്ള ആളുമായിരിയ്ക്കണം.
അജ്ഞാതൻ അയച്ച മൂന്നാമത്തെ കവറിൽ ഉണ്ടായിരുന്നത് കുറേ വാക്കുകളും അവയുടെ ചുരുക്ക രൂപങ്ങളുമായിരുന്നല്ലോ. സ്റ്റീവൻ അവ വിശദമായി പഠിച്ചു. അപ്പോൾ അയാൾ ഒരു കാര്യം ശ്രദ്ധിച്ചു, കത്തയച്ചയാൾ പല വാക്കുകളുടെയും സ്പെല്ലിംഗുകൾ തെറ്റിച്ചാണു എഴുതിയിരിയ്ക്കുന്നത്.
AP : Anonmus
NH: Alligations
GR: Reveil
16: Precausion
CN : Negotianalable
ഡീകോഡ് ചെയ്യുന്ന സന്ദേശത്തിൽ മുകളിൽ പറഞ്ഞ ചുരുക്കപ്പേർ കണ്ടാൽ, ഈ വാക്കുകളാണു അവയുടെ അർത്ഥം. ഇത്തരം അനേകം വാക്കുകൾ തെറ്റായി എഴുതിയിരിയ്ക്കുന്നത് സ്റ്റീവൻ നോട്ടു ചെയ്തു.
ഇത്രയും ബുദ്ധിപരമായി സന്ദേശത്തെ കോഡു ചെയ്ത അയാൾക്ക് വാക്കുകളുടെ സ്പെല്ലിംഗുകൾ അറിയില്ല എന്നതു വിചിത്രമായി തോന്നി.
വാഷിംഗ്ടൻ ഡിസിയിലെ മെട്രോപ്പൊലിറ്റൻ ഏരിയയുടെ ഒരു മാപ്പ് സ്റ്റീവൻ തന്റെ മീശമേൽ നിവർത്തിയിട്ടു.
അജ്ഞാതൻ ഇ-മെയിൽ ഉപയോഗിച്ച പബ്ലിക് ലൈബ്രറികളുടെ സ്ഥാനത്ത് ഓരോ പിന്നുകൾ കുത്തിവച്ചു. വളരെ വ്യക്തമായിരുന്നു കാര്യങ്ങൾ. മെരിലാന്റിലെ ബോവി, ക്രോഫ്റ്റൻ എന്നീ കൗണ്ടികളിലായിരുന്നു ലൈബ്രറികൾ. ഈ പ്രദേശത്ത് ആസ്ഥാനമുള്ള ഇന്റെലിജൻസ് ഏജൻസി ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളു.
നാഷണൽ സെക്യൂരിറ്റി ഏജൻസി അഥവാ NSA.

NATIONAL SECURITY AGENCY NSA HEADQUARTERS MARYLAND - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
NATIONAL SECURITY AGENCY (NSA) HEADQUARTERS, MARYLAND

മെരിലാൻഡിലെ ഫോർട്ട് മീഡെ എന്ന സ്ഥലത്താണു NSA ആസ്ഥാനം. അവിടെ ആയിരക്കണക്കിനുപേർ ജോലി ചെയ്യുന്നുണ്ട്. പലരും സൈനിക വിഭാഗങ്ങളിൽ പെട്ടവരും ക്രിപ്റ്റോളജിയിൽ പ്രാവീണ്യമുള്ളവരുമാണ്.
സന്ദേശം അയച്ച ആൾ, താൻ CIA യിൽ ജോലിചെയ്യുന്നു എന്നാണു പറഞ്ഞിട്ടുള്ളതെങ്കിലും അതു കളവായിരിയ്ക്കാനാണു സാധ്യത. അയാൾ പക്ഷെ തെളിവിനായി CIAയുടെ ഒരു ന്യൂസ് ലെറ്റർ കൂടി വച്ചിരുന്നു.
ഇതു പക്ഷെ തന്റെ ജോലി എളുപ്പമാക്കിയതായി സ്റ്റീവനു തോന്നി. തനിയ്ക്കിപ്പോൾ അയാളെ പറ്റി ഒട്ടേറേ കാര്യങ്ങൾ അറിയാം. ടോപ്പ് സീക്രട്ട് സെക്യുരിറ്റി ക്ലിയറൻസ് ഉള്ള, ഇന്റെലിങ്ക് ആക്സെസ്സുള്ള, സ്പെല്ലിംഗ് തെറ്റുകൾ വരുത്തുന്ന, CIA ന്യൂസ് ലെറ്റർ കിട്ടുന്ന, ക്രിപ്റ്റോളജിയിൽ പ്രാവീണ്യമുള്ള, മെരിലാൻഡ് പ്രദേശത്തുള്ള, NSA യിൽ ജോലി ചെയ്യുന്ന ഏതോ ഒരാൾ.
“നമുക്ക് മാക്കിനെ വിളിയ്ക്കണം.“ സ്റ്റീവൻ കാർ, ലിഡിയയോടു പറഞ്ഞു. അവർ NSA യിലെ കൗണ്ടർ ഇന്റെലിജൻസ് ചീഫ് റോബർട്ട് മക് കാസ്ലിന്റെ നമ്പർ ഡയൽ ചെയ്തു.

അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ – 2

തന്റെ മുന്നിൽ രണ്ടു വഴികൾ മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നു ബ്രിയാൻ റീഗൻ ഭീതിയോടെ തിരിച്ചറിഞ്ഞു. ഒന്നുകിൽ എയർ ഫോഴ്സ് ആവശ്യപ്പെട്ട പ്രകാരം യൂറോപ്പിലേയ്ക്കു പോകുക, അല്ലെങ്കിൽ ഒരു വർഷം മുൻപേ റിട്ടയർമെന്റ് വാങ്ങി- അതായത് ഈ വരുന്ന ഓഗസ്റ്റ് മുപ്പതിനു സർവീസിൽ നിന്നു പിരിയുക.
സാധാരണ ഗതിയിൽ, തനിയ്ക്ക് 37 വയസ്സു തികയുന്ന 2001 ആഗസ്റ്റ് വരെ സർവീസിൽ തുടരാവുന്നതാണ്, പക്ഷെ അതിനു താൻ യൂറോപ്പിലേയ്കുള്ള നിയമനം സ്വീകരിച്ചേ മതിയാവു.

Brian Patrick Regan1 1024x852 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
Brian Patrick Regan

ഒട്ടും സന്തോഷകരമായിരുന്നില്ല ബ്രിയാൻ റീഗന്റെ അവസ്ഥ. അയാളെ ആശ്രയിച്ചു മാത്രമാണു കുടുംബം മുന്നോട്ടു പോകുന്നത്. വീട്ടു ചിലവുകൾ, രണ്ടു കുട്ടികളുടെ വിദ്യാഭ്യാസം ഇവയ്ക്കെല്ലാം കൂടി ജോലിയിൽ നിന്നു ലഭിയ്ക്കുന്ന ശമ്പളം തികയാറില്ല. ഏതാണ്ട് ഒരു ലക്ഷം ഡോളറോളം ക്രെഡിറ്റു കാർഡിൽ കുടിശ്ശിഖയുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ കുടുംബത്തെ ഒറ്റയ്ക്കാക്കി യൂറോപ്പിലേയ്ക്കു പോകുന്നതിനെപ്പറ്റി അയാൾക്ക് ആലോചിയ്ക്കാനാവുമായിരുന്നില്ല. അതുകൊണ്ട് സർവീസിൽ നിന്നു പിരിയുക എന്ന വഴി മനസ്സില്ലാമനസ്സോടെ അയാൾ തിരഞ്ഞെടുത്തു.
മെരിലാൻഡിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ബ്രിയാൻ ചെറുപ്പത്തിൽ ഡിസ്‌ലെക്സിയ ബാധിതനായിരുന്നു. ബൗദ്ധികമായ പിന്നോക്കാവസ്ഥ അയാളെ എല്ലാവരുടെ മുന്നിലും പരിഹാസപാത്രമാക്കിയിരുന്നു. മുന്നോട്ടു വളഞ്ഞ നടപ്പും തുറിച്ചുള്ള നോട്ടവും എല്ലാം കൂടി അയാൾ ഒരു വിചിത്ര ജീവിയുടെ ഇമേജാണു സ്കൂളിൽ അയാൾക്കി നൽകിയത്.
മറ്റു കുട്ടികൾ അയാളെ മന്ദബുദ്ധി എന്നു വിളിച്ചു. ടീച്ചർമാർ സഹതാപത്തോടെയാണു അയാളോടു പെരുമാറിയത്. ഇതെല്ലാം കൂടി, താൻ ഒന്നിനും കൊള്ളാത്തവനെന്ന ചിന്തയാണു അയാളിൽ സൃഷ്ടിച്ചിരുന്നത്. ഇങ്ങനെയെല്ലാമായിട്ടും അയാൾ സ്കൂളിൽ നിന്നും പാസായത് മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയിരുന്നു.
തന്റെ 17 മത്തെ വയസ്സിൽ, എയർ ഫോഴ്സിലേയ്ക്കുള്ള പരീക്ഷ പാസായി അയാൾ സേനയിൽ ചേർന്നു.
എയർഫോഴ്സിന്റെ ഇന്റെലിജൻസ് വിഭാഗത്തിലാണു അയാളെ നിയമിച്ചത്. കഴിഞ്ഞ നാലു വർഷമായി National Reconnaissance Office (NRO) യിലാണു ബ്രിയാൻ ജോലിചെയ്തു വരുന്നത്.
അമേരിയ്ക്കൻ ചാര ഉപഗ്രഹങ്ങൾ വഴി വിവരങ്ങളും ചിത്രങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗമാണ് അത്. ബ്രിയാനെ സംബന്ധിച്ചിടത്തോളം ആകെ മടുപ്പായിതുടങ്ങിയിരുന്നു ആ ജോലികൾ. കാരണം എല്ലായിടത്തും ആളുകൾ തന്നെ പരിഹാസം സ്ഫുരിയ്ക്കുന്ന കണ്ണുകളോടെയാണു നോക്കുന്നതെന്നായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്.
ആഗസ്റ്റ് 31 ലേയ്ക്കുള്ള ഓരോ ദിവസവും കൊഴിയും തോറും ബ്രിയാന്റെ നെഞ്ചിടിപ്പും കൂടി വന്നു. താൻ ചെയ്യുന്ന ജോലിയുടെ രീതിയനുസരിച്ച്, റിട്ടയർമെന്റിനു ശേഷം മറ്റൊരു ജോലി കണ്ടെത്തൽ അത്ര എളുപ്പമായിരിയ്ക്കില്ല. അത്തരമൊരു സാഹചര്യത്തിൽ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്ന കടുത്ത ചോദ്യം അയാളെ തുറിച്ചു നോക്കി.
അപ്പോഴാണു അയാളുടെ മനസ്സിലേയ്ക്കു മറ്റു ചില ചിന്തകൾ വന്നു നിറഞ്ഞത്. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ചില വലിയ രഹസ്യങ്ങളാണു താൻ കൈകാര്യം ചെയ്യുന്നത്. ഇറാക്കിലെ സദ്ദാം ഹുസൈന്റെയും ലിബിയയിലെ ഖദ്ദാഫിയുടെയും ജോർദ്ദാനിലെ രാജാവിന്റെയും സിറിയൻ പ്രസിഡൻടിന്റെയുമൊക്കെ വസതികളും അവരുടെ സൈനിക കേന്ദ്രങ്ങളും മിസൈൽ താവളങ്ങളുമൊക്കെ തന്റെ മുന്നിലിരിയ്ക്കുന്ന കമ്പ്യൂട്ടറിൽ ഏതാനും കീകൾ അമർത്തിയാൾ തെളിഞ്ഞു വരും.
അമേരിയ്ക്കൻ ഇന്റലിജൻസ് വിഭാഗങ്ങൾക്കു മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്ന ഇന്റെലിങ്കിൽ പ്രവേശനമുള്ള ആളാണു താൻ. തന്റെ കൈയിലുള്ള രഹസ്യങ്ങൾ, ശത്രുരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം മില്യണുകൾ വിലപിടിപ്പുള്ളതാണ്.
അവസാനം ബ്രിയാൻ റീഗൻ അതു തീരുമാനിച്ചു.
റിട്ടയർ ചെയ്തു പിരിയും മുൻപ് കഴിയാവുന്നിടത്തോളം രഹസ്യങ്ങൾ ചോർത്തുക. മിഡിൽ ഈസ്റ്റിലെ ചില രാജ്യങ്ങൾക്കു അതു നല്ല വിലയ്ക്കു വിൽക്കുക. കാര്യങ്ങൾ ഭംഗിയായി നടന്നാൽ തന്റെ സാമ്പത്തിക പരാധീനത അവസാനിയ്ക്കും.
ചാരപ്രവർത്തനങ്ങളിൽ തനിയ്ക്കു യാതൊരു മുന്നറിവുമില്ല എന്നു ബ്രിയാനു അറിയാം. അതുകൊണ്ടു തന്നെ അതിനെ പറ്റി പഠിയ്ക്കാൻ അയാൾ തീരുമാനിച്ചു.
ഇന്റെലിങ്ക് നെറ്റുവർക്കു തന്നെയാണു അതിനയാൾ ഉപയോഗിച്ചത്. അമേരിയ്ക്കൻ ചാരന്മാരുടെ ചില കേസ് ഡയറികൾ അയാൾ ഡൗൺലോഡ് ചെയ്ത് പഠിയ്ക്കാനാരംഭിച്ചു.
ഇതിനിടയിൽ കൗണ്ടെർ ഇന്റെലിജൻസിനെ പറ്റിയുള്ള ഒരു ക്ലാസ്സിലിരിയ്ക്കാനും അയാൾ സമയം കണ്ടെത്തി.
ചാരപ്രവർത്തനങ്ങളെയും അതിനെതിരെയുള്ള നടപടികളെയും സംബന്ധിയ്ക്കുന്ന ക്ലാസ്സായിരുന്നു അത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നാന്തരമൊരു ചാരന്റെ നിലവാരത്തിലേയ്ക്കു എത്താൻ ബ്രിയാനു കഴിഞ്ഞു.
മന്ദബുദ്ധിയെന്നു കളിയാക്കിയിരുന്ന സഹപാഠികൾക്കോ, സഹതാപത്തോടെ നോക്കിയിരുന്ന ടീച്ചർമാർക്കോ ഒരിയ്ക്കലും ചിന്തിയ്ക്കാനാവുമായിരുന്നില്ല ഇത്തരമൊരു ബ്രിയാനെ.
തന്റെ പദ്ധതി നടപ്പാക്കാനായി സ്വന്തമായൊരു തന്ത്രമാണു ബ്രിയാൻ ആവിഷ്കരിച്ചത്. പൊതുവെ സ്വന്തം രാജ്യത്തെ ചതിയ്ക്കുന്ന ചാരന്മാർ ചെയ്യാറുള്ളത് വിദേശചാരന്മാരുമായി ബന്ധംവെച്ച്, അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക എന്നതാണ്. ആ രീതി താൻ സ്വീകരിയ്ക്കുന്നില്ല എന്നു ബ്രിയാൻ തീരുമാനിച്ചു.
തനിയ്ക്കു ശേഖരിയ്ക്കാൻ കഴിയുന്നിടത്തോളം വിവരങ്ങൾ ആദ്യം തന്നെ ചോർത്തി സൂക്ഷിയ്ക്കുക. തുടർന്നു ബന്ധപ്പെട്ട എതിർ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അവ വില പേശി വിൽക്കുക. ഒരിയ്ക്കലും തന്റെ നേരിട്ടുള്ള സാന്നിധ്യം ഇതിൽ കണ്ടെത്താൻ സാധിയ്ക്കാത്ത വണ്ണം നിഗൂഡമായ കോഡുകൾ വഴി മാത്രമായിരിയ്ക്കും ഏർപ്പാടുകൾ.
1999 മധ്യത്തോടെ ബ്രിയാൻ റീഗൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ സംബന്ധിച്ച് അമേരിയ്ക്ക ശേഖരിച്ച ഒട്ടേറെ വിവരങ്ങൾ ഇന്റെലിങ്കിൽ നിന്നും ഡൗൺലൊഡ് ചെയ്ത് പ്രിന്റൗട്ടുകൾ എടുക്കാൻ തുടങ്ങി.
ആദ്യമൊക്കെ അതു തന്റെ തന്നെ മേശയിലാണു സൂക്ഷിച്ചത്. എന്നാൽ കുറച്ചു കൂടി സുരക്ഷിതമായ അവ വയ്ക്കാൻ ഒരിടം ആവശ്യമായിരുന്നു. അപ്പോഴാണു, ആരും ഉപയോഗിയ്ക്കാത്ത ഒരു അലമാര അവിടെയുള്ളത് അയാൾ ശ്രദ്ധിച്ചത്. പ്രിന്റൗട്ടുകൾ റോളുകളാക്കി അതിൽ നിക്ഷേപിച്ച് താക്കോൽ അയാൾ സൂക്ഷിച്ചു.

The booklet of contact information for consulates that Regan used to try to sell the information. - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
The booklet of contact information for consulates that Regan used to try to sell the information.

സോവിയറ്റ് തകർച്ചയ്ക്കു ശേഷം മിഡിൽ ഈസ്റ്റിൽ അമേരിയ്ക്കൻ താല്പര്യങ്ങൾക്കു ഭീഷണിയായി അവർ കരുതിയത് ചൈനയെ ആണ്. സദ്ദം ഹുസൈനും ഖദ്ദാഫിയും ഇറാനും ചൈനയുമായി കൈകോർത്താൽ അതു തങ്ങളെ താല്പര്യങ്ങളെ വിപരീതമായി ബാധിയ്ക്കാം എന്നു അമേരിയ്ക്കൻ സൈനിക നേതൃത്വം കരുതി.
ഇറാക്ക്, ലിബിയ, ഇറാൻ, സുഡാൻ, ചൈന ഈ രാജ്യങ്ങളുടെ സൈനിക മിസൈൽ കേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ അമേരിയ്ക്ക ശേഖരിച്ചിട്ടുണ്ടായിരുന്നു. ഒരു യുദ്ധ സാഹചര്യം ഉണ്ടായാൽ ഇവയെ ബോംബിട്ടു തകർക്കാൻ അവർക്കു കഴിയും. എന്നാൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങളെ പറ്റി അമേരിയ്ക്കക്ക് അറിയാം എന്നു ഈ രാജ്യങ്ങൾ മനസ്സിലാക്കിയാൽ അവർക്ക് സ്ഥാനം മാറ്റാൻ കഴിയും. ഈ സാഹചര്യമാണു മുതലാക്കാൻ ബ്രിയാൻ റീഗൻ പ്ലാൻ ചെയ്തത്.
തന്റെ രഹസ്യം ചോർത്തൽ ഏതാനും രാജ്യങ്ങളുടെ മാത്രം വിവരങ്ങളിൽ അയാൾ ഒതുക്കിയില്ല. ഇന്റെലിങ്കിൽ നിന്നും തനിയ്ക്കു ലഭിയ്ക്കാവുന്ന എല്ലാ സൈനികരഹസ്യങ്ങളും അയാൾ ഡൗൺലോഡ് ചെയ്ത് പ്രിന്റായും സി ഡി ആയും മാറ്റി.
അവ അലമാരയിൽ ഭദ്രമായി വിശ്രമിച്ചു.

Documents 1024x764 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.

ഒരു ദിവസം ബ്രിയാൻ റീഗൻ ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. അപ്പോഴാണു NRO യുടെ ബിൽഡിംഗ് മാനേജ്മെന്റ് ടീം അയാളുടെ ഓഫീസിലെത്തിയത്. ഉപയോഗത്തിലില്ലാത്ത ഫർണിച്ചറുകൾ മറ്റൊരിടത്തേയ്ക്കു കൊണ്ടു പോകാനായിരുന്നു അവർ എത്തിയത്. ആരും അവകാശപ്പെടാത്തതിനാൽ ബ്രിയാൻ രഹസ്യരേഖകൾ സൂക്ഷിച്ചിരുന്ന അലമാര അവർ എടുത്തു കൊണ്ടു പോയി. സ്റ്റോറിൽ വെച്ച് അതു തുറക്കാൻ ശ്രമിച്ചപ്പോൾ പൂട്ടിയതായി കണ്ടു. ഡ്രിൽ ഉപയോഗിച്ച് അവർ അതു തുറന്നു. റോളുകളായി കെട്ടിവെച്ചിരുന്ന ഡോക്യുമെന്റുകൾ..
അവർ ഉടനെ ബ്രിയാന്റെ ഓഫീസിൽ വിവരമറിയിച്ചു. പുറത്തുനിന്നും വന്ന അയാളോട് സൂപ്പർവൈസറുടെ ഓഫീസിലെത്താൻ അറിയിപ്പു വന്നു. ബ്രിയാൻ അവിടെയെത്തി.
മേശമേൽ ഇരിയ്ക്കുന്ന റോളുകൾ തന്റേതാണെന്ന് ഒറ്റനോട്ടത്തിൽ അയാൾക്കു മനസ്സിലായി. മുഖത്തെ ശാന്തഭാവം മാറാതിരിയ്ക്കാനും ശ്വാസഗതി ഉയരാതിരിയ്ക്കാനും ബ്രിയാൻ പരമാവധി ശ്രമിച്ചു.
“മി.റീഗൻ, ഈ ഡോക്യുമെന്റുകൾ നിങ്ങളുടേതാണോ?“ സൂപ്പർ വൈസർ അയാളെ തുറിച്ചു നോക്കി.
“അതേ സർ..“ ബ്രിയാൻ നിർവികാരനായി പറഞ്ഞു.
“ഇതിരുന്ന അലമാര അവർ കൊണ്ടു പോയി. നിങ്ങളുടെ പേപ്പറുകൾ എടുത്തുകൊള്ളു.“ സൂപ്പർവൈസർ തന്റെ ജോലിയിൽ മുഴുകി.
ബ്രിയാനു വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല. തന്റെ പേപ്പറുകൾ അവർ നിവർത്തി നോക്കിയിട്ടില്ല.
തിരികെ കൊണ്ടുവന്ന അവ ബ്രിയാൻ തന്റെ അലമാരിയുടെ മുകളിലേയ്ക്കിട്ടു. എന്തായാലും ഇനി ഇവിടെ ഇതു സൂക്ഷിയ്ക്കാൻ പാടില്ല. അയാൾ ഉറപ്പിച്ചു.

അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ – 3

2000 മാർച്ചിലെ ഒരു ദിവസം.
അലമാരയ്ക്കു മുകളിൽ സൂക്ഷിച്ചിരുന്ന കടലാസുകെട്ടുകൾ എടുത്ത് ബ്രിയാൻ തന്നെ ജിം ബാഗിൽ തിരുകിവച്ചു. അതിനു മുകളിൽ മുഷിഞ്ഞ ജിം വസ്ത്രങ്ങൾ അമർത്തിവച്ചു.
ആരുടെയും ശ്രദ്ധയിൽ പെടാതെയായിരുന്നു ഇത്.
സമയം 5 മണിയായി.
കമ്പ്യൂട്ടർ ലോഗൗട്ട് ചെയ്ത് അയാൾ എഴുനേറ്റു.
ജിം ബാഗ് തോളിലിട്ട് ഓഫീസിനു പുറത്തേയ്ക്കു നടന്നു. പുറത്തേയ്കുള്ള എക്സിറ്റിനുമുന്നിൽ മെഷീൻ ഗണ്ണുകളുമായി സെക്യൂരിറ്റി ഗാർഡുകൾ ജാഗരൂകരായി നിൽക്കുന്നു. സംശയം തോന്നിയാൽ NRO ചീഫിനെ പോലും പരിശോധിയ്ക്കാൻ അധികാരമുള്ളവരാണവർ.
ബ്രിയാന്റെ നെഞ്ച് പടപടാ ഇടിച്ചു. തന്റെ ജിം ബാഗ് എങ്ങാനും അവർ പരിശോധിച്ചാൽ എല്ലാം തീർന്നു. അയാൾ നടത്തം മെല്ലെയാക്കി. എന്തായാലും ഇനി പിന്നോട്ടു പോകാനാവില്ല. തന്റെ നേരെ നോക്കിയ ഗാർഡിനെ നോക്കി കൈ ഒന്നനക്കി ചിരിച്ച പോലെ കാണിച്ചു.
ഗാർഡ് അയാളുടെ ജിം ബാഗിലേയ്ക്കൊന്നു നോക്കി. പിന്നെ അടുത്ത ആളിലേയ്ക്കു ശ്രദ്ധമാറ്റി. ബ്രിയാൻ വേഗം വെളിയിൽ കടന്നു. മിക്കവാറും എല്ലാദിവസവും ജിംബാഗും തോളിലിട്ട് പോകുന്ന ബ്രിയാനെ കാണാറുള്ള ഗാർഡുകൾക്ക് അന്ന് എന്തെങ്കിലും പ്രത്യേകത തോന്നാൻ കാരണമൊന്നുമില്ലായിരുന്നു.
ജീവൻ വീണ്ടു കിട്ടിയ ആശ്വാസമായിരുന്നു ബ്രിയാന്. മില്യനുകൾ വിലയുള്ള രഹസ്യരേഖകൾ വെളിയിൽ കടത്താൻ ഇത്ര എളുപ്പമായിരിയ്ക്കുമെന്ന് അയാൾ ഒരിയ്ക്കലും കരുതിയിരുന്നില്ല. തന്റെ കാറിൽ കയറി അയാൾ വീട്ടിലേയ്ക്കു ഓടിച്ചു പോയി.
ബോവി എന്ന ടൗണിനടുത്തുള്ള തന്റെ വീട്ടിലെ നിലവറ റൂമിലാണു അത് കൊണ്ടു പോയി സൂക്ഷിച്ചത്. പഴയ മാഗസിനുകളും പത്രങ്ങളുമെല്ലാം അവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു. ആരുടെയും ശ്രദ്ധ ആകർഷിയ്ക്കാത്ത വിധം അവയ്ക്കിടയിൽ വിലപിടിച്ച സൈനിക രഹസ്യങ്ങളും വിശ്രമിച്ചു.
ഏതാനും ആഴ്ചകൾ കൊണ്ട് നൂറുകണക്കിനു ഡോക്യുമെന്റുകളും സിഡികളും ബ്രിയാൻ NRO ഓഫീസിൽ നിന്നും തന്റെ നിലവറയിലെത്തിച്ചു.
ഭാര്യ ആനെറ്റും കുട്ടികളും ഉറങ്ങിക്കിടക്കുന്ന രാത്രികളിൽ ബ്രിയാൻ നിലവറയിലേയ്ക്കു പോയി രഹസ്യരേഖകൾ തരം തിരിയ്ക്കുകയും സിഡികളുടെ പകർപ്പുകളെടുക്കുകയും ചെയ്തു.
ഏപ്രിൽ മാസമായതോടെ, തന്റെ രേഖകൾ വിൽക്കാനുള്ള തയ്യാറെടുപ്പുകൾ അയാൾ തുടങ്ങി. കൗണ്ടെർ ഇന്റെലിജൻസ് ട്രെയിനിങിന്റെ ഭാഗമായി ഓരോ രാജ്യത്തെയും ഇന്റെലിജൻസ് ഏജൻസികളെ പറ്റിയുള്ള വിവരങ്ങൾ ബ്രിയാൻ പഠിച്ചിരുന്നു.
ആദ്യ പടിയായി ലിബിയൻ ഏജൻസിയെ സമീപിയ്ക്കാനാണു അയാൾ തീരുമാനിച്ചത്.
ജൂലൈയിലെ ഒരു നനഞ്ഞ പ്രഭാതം. ആനറ്റും കുട്ടികളും സ്വീഡൻ സന്ദർശിയ്ക്കാൻ പോയിരിയ്ക്കുന്നു. ജോലി സംബന്ധമായ തിരക്കുണ്ടെന്നു പറഞ്ഞ് ബ്രിയാൻ ഒപ്പം പോയില്ല. അയാൾ തന്റെ നിലവറയിലേയ്ക്കിറങ്ങി ചെന്നു. ഏതാണ്ട് ഇരുപതിനായിരം പേജുകൾ വരുന്ന രഹസ്യരേഖകൾ കുറേ ഗർബേജ് ബാഗുകളിലായി അയാൾ കെട്ടിവെച്ചു. സിഡികളും മറ്റും വേറെ പ്ലാസ്റ്റിക് ബാഗുകളിലാക്കി. എന്നിട്ട് അവയെല്ലാം തന്റെ കാറിനുള്ളിൽ കയറ്റി.
ആ വാഹനം, ബാൾട്ടിമൂറിലുള്ള സ്റ്റേറ്റ് പാർക്കിലേയ്ക്കാണു ഓടിച്ചു പോയത്. വീട്ടിൽ നിന്നും 45 കിലോമീറ്ററോളം ദൂരെയാണു പാർക്ക്.

Manassas National Battlefield Park - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
Baltimore state park

നല്ല മഴയത്താണു പാർക്കിൽ എത്തിയത്. പാർക്കിന്റെ താഴ്വാരത്ത് കാർ നിർത്തി ബ്രിയാൻ വെളിയിലിറങ്ങി.
അവിടെയെങ്ങും ആരുമില്ല. വീശിയടിയ്ക്കുന്ന കാറ്റ് മാത്രം.
ഒരു ബായ്ക്ക് പായ്ക്കുമായി അയാൾ മഴയത്ത് നടന്ന് പാർക്കിനുള്ളിലേയ്ക്കു പോയി.
വന്മരങ്ങൾ നിറഞ്ഞ് ആകെ ഇരുട്ട് പരന്നിരിയ്ക്കുന്നു.
ഉള്ളിലൊരിടത്ത് അയാൾ നിന്നു, ചുറ്റും നോക്കി. ആരെയും ഒന്നിനെയും കാണാനില്ല.
ബായ്ക്ക് പായ്ക്ക് തുറന്നു അതിൽ നിന്നും ഒരു ഷവൽ വെളിയിലെടുത്തു. എന്നിട്ട് ഒന്നരയടി ആഴത്തിൽ ഒരു കുഴിയെടുത്തു. എന്നിട്ട് അതിൽ തന്റെ ബാഗിലുണ്ടായിരുന്ന, രഹസ്യരേഖകളുടെ ഒരു പായ്ക്കറ്റ് നിക്ഷേപിച്ചു മണ്ണിട്ടു മൂടി. തുടർന്ന് സമീപത്തുള്ള ഒരു മരത്തിനടുത്ത് ചെന്ന് അതിന്മേൽ ഏതാനും ആണികൾ അടിച്ചു.
അടുത്ത പടിയായി തന്റെ ബായ്ക്ക് പായ്ക്കിൽ നിന്നും ഒരു GPS ലോഗ്ഗർ ഉപകരണം എടുത്തു. തന്റെ ജോലിസംബന്ധമായി നൂറുകണക്കിനു തവണ ഈ ഉപകരണം അയാൾ ഉപയോഗിച്ചിട്ടുണ്ട്.
GPS ലോഗ്ഗറിൽ നിന്നും താൻ നിൽക്കുന്ന സ്ഥലത്തിന്റെ കോർഡിനേറ്റുകൾ അയാൾ മനസ്സിലാക്കി. അത് ഒരു കടലാസിൽ മാർക്കു ചെയ്തു.
രണ്ടു ദിവസത്തെ പാർക്കു സന്ദർശനം വഴി, ഏറ്റവും സെൻസിറ്റീവായ വിവരങ്ങളടങ്ങിയ ഏഴു പായ്കറ്റുകൾ ബ്രിയാൻ ഇവിടെ പലയിടത്തായി കുഴിച്ചിട്ടു. അവയുടെയെല്ലാം കോർഡിനേറ്റുകൾ രേഖപ്പെടുത്തി വെയ്ക്കുകയും ചെയ്തു.

Baltimore state park 1024x242 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
Baltimore state park


ന്യൂയോർക്കിലെ ലിബിയൻ കോൺസുലേറ്റിനു അയയ്ക്കാനായി ബ്രിയാൻ മൂന്നു കത്തുകൾ തയ്യാറാക്കി. ലിബിയൻ ഇന്റെലിജൻസ് തലവനെ ആയിരുന്നു അതിൽ സംബോധന ചെയ്തിരുന്നത്.
ആദ്യ കത്തിൽ, ബ്രെവിറ്റി കോഡിംഗ് സിസ്റ്റം ഉപയോഗിച്ച് എഴുതിയ സന്ദേശം.
രണ്ടാമത്തെ കത്തിൽ അതു ഡികോഡ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ.
മൂന്നാമത്തെ കത്തിൽ ഡീകോഡ് ചെയ്ത സന്ദേശം വായിയ്ക്കാനുള്ള കീവേർഡുകൾ.
എന്നിങ്ങനെ ആയിരുന്നു അതിന്റെ രീതി. മൂന്നു കത്തും വ്യത്യസ്ത സമയങ്ങളിൽ പോസ്റ്റു ചെയ്തു. ഇവ മൂന്നും ഒന്നിച്ചു വെച്ചാൽ മാത്രമേ ആ സന്ദേശം വായിച്ച് അർത്ഥം മനസ്സിലാക്കാനാവുമായിരുന്നുള്ളു.
കത്ത് നിർദ്ദിഷ്ട സ്ഥാനത്ത് എത്തുകയും ലിബിയൻ ഇന്റലിജൻസ് താനുമായി ബന്ധപ്പെടാൻ ആഗ്രഹിയ്ക്കുന്നു എങ്കിൽ ഒരു ടോൾ ഫ്രീ നമ്പർ ഉൾപ്പെടുത്തി, യൂസ്ഡ് കാർ പരസ്യം വാഷിംഗ്ടൻ പോസ്റ്റ് പത്രത്തിൽ നൽകണം എന്നും, അഥവാ കത്തുകൾ മൂന്നും യഥാസ്ഥാനത്ത് എത്തിയില്ലെങ്കിൽ ടോൾ ഫ്രീ നമ്പർ ഉൾപ്പെടാതെ മറ്റൊരു പരസ്യം ചെയ്യണം എന്നും ആ കത്തുകളിൽ രേഖപ്പെടുത്തിയിരുന്നു.
2000 ആഗസ്റ്റ് 31 നു ബ്രിയാൻ റീഗൻ എയർ ഫോഴ്സിൽ നിന്നും പിരിഞ്ഞു.

അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ – 4

FBI സ്പെഷ്യൽ എജന്റ് സ്റ്റീവൻ കാറും ടീമും തങ്ങൾ അന്വേഷിയ്ക്കുന്ന ആ ചാരനെ കണ്ടെത്താനായി വ്യാപകമായ തിരിച്ചിലാണു നടത്തിയത്. ഇന്റെലിങ്ക് ആക്സെസ്സുള്ള, NRO യിൽ ജോലിചെയ്യുന്ന ആ ആളെ കണ്ടെത്താൻ അവർ ഇന്റെലിങ്കിനെ തന്നെ ആശ്രയിച്ചു. ഇന്റെലിങ്കിൽ ആക്സസ്സുള്ള ഓരോ കമ്പ്യൂട്ടറും അവർ അരിച്ചു പെറുക്കി. കഴിഞ്ഞ ഒരു വർഷമായി അവയിൽ കൂടി ഇന്റെലിങ്ക് പ്രവേശനം നടത്തിയവരെയെല്ലാം നിരീക്ഷിച്ചു. ആറുമാസത്തെ ആ പരിശ്രമത്തിനൊടുവിൽ അവർ ഒരിടത്ത് എത്തി നിന്നു, ബ്രിയാൻ റീഗന്റെ കമ്പ്യൂട്ടറിനു മുന്നിൽ.
സ്പെല്ലിംഗുകൾ നിരന്തരം തെറ്റിയ്ക്കുന്ന ഒരാളാണു ബ്രിയാൻ എന്നു കൂടി വ്യക്തമായതോടെ താൻ അന്വേഷിയ്ക്കുന്ന ആൾ അയാൾ തന്നെയെന്ന് സ്റ്റീവൻ കാർ ഉറപ്പിച്ചു.
അയാൾ അപ്പോഴേയ്ക്കും സർവീസിൽ നിന്നും പിരിഞ്ഞ് ചന്റ്ലിയിലുള്ള TRW ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. തന്റെ ടീമിൽ ചിലരെ സ്റ്റീവൻ കാർ TRW ഓഫീസിൽ വിന്യസിച്ചു. നിശബ്ദരായി അവർ ബ്രിയാൻ റീഗനെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അയാളുടെ ഓരൊ ചലനവും സ്റ്റീവൻ കാർ അപ്പോഴപ്പോൾ അറിഞ്ഞു.
2001 മെയ് 23.
തന്നെ ആരോ നിരന്തരം പിന്തുടരുന്നു എന്നൊരു തോന്നൽ ബ്രിയാൻ റീഗനിൽ അസ്വസ്ഥത പടർത്തി. ബാറ്റിൽ ഫീൽഡ് നാഷണൽ പാർക്കിൽ താൻ കുഴിച്ചിട്ടിരിയ്ക്കുന്ന മഹാരഹസ്യം ആരെങ്കിലും കണ്ടു പിടിച്ചിരിയ്ക്കുമോ?
ഇരിപ്പുറയ്ക്കാതെ അയാൾ തന്റെ കാറെടുത്ത് അങ്ങോട്ടേയ്ക്ക് തിരിച്ചു. ബ്രിയാൻ പുറത്തേയ്ക്കു പോകുന്ന വിവരം ഉടനെ തന്നെ സ്റ്റീവൻ കാറിനു എത്തി. അയാൾ തന്റെ സർവെയ് ലൻസ് ടീമിനു അലേർട്ട് കൊടുത്തു.
ബ്രിയാന്റെ കണ്ണിൽ പെടാതെ അവർ അയാളെ പിന്തുടർന്നു.
സ്മിട്ടി എന്ന സർവെയിലൻസ് സ്പെഷ്യലിസ്റ്റിനു സ്റ്റീവൻ കാറിന്റെ കോൾ വന്നു.
“എങ്ങോട്ടാണു അയാൾ പോകുന്നത്?“
“കൃത്യമായി അറിയില്ല. പക്ഷേ അയാൾ ഇടയ്ക്കു വെച്ച് വഴി മാറിപ്പോകുന്നുണ്ട്, അത് തീർച്ചയായും ബാറ്റിൽ ഫീൽഡ് നാഷണൽ പാർക്കിനു നേർക്കാണ്.
അങ്ങോട്ടേയ്ക്കുള്ള മണ്ണു റോഡ് വഴി ഞങ്ങളുടെ കാർ പോകില്ല.“
“ഉടൻ ഒരു പിക്കപ്പ് സംഘടിപ്പിക്കൂ..“ സ്റ്റീവൻ നിർദ്ദേശം നൽകി. ടീം ഉടൻ തന്നെ പഴയൊരു പിക്കപ്പ് വാൻ സംഘടിപ്പിച്ചു.
പാർക്കിലെത്തിയ ബ്രിയാൻ വാഹനം നിർത്തി കുറേ നേരം ചുറ്റും നിരീക്ഷിച്ചു. ആരെയും കാണാനില്ലായിരുന്നു. എന്നാൽ ഏറെ ദൂരെ നിർത്തിയിട്ടിരുന്ന പിക്കപ്പിലിരുന്ന് FBI സർവെയിലൻസ് ടീം ബൈനോക്കുലറിലൂടെ അയാളെ കാണുന്നുണ്ടായിരുന്നു.
ബ്രിയാൻ എന്തോ നിലത്തിടുന്നത് അവർ കണ്ടു. തുടർന്ന് ആ വാൻ പാർക്കിനു മുന്നിലെ വഴിയിൽ കൂടി പാഞ്ഞു പോയി. ബ്രിയാൻ പോയിക്കഴിഞ്ഞ് അവർ തിരികെ വന്നു. അയാൾ നിക്ഷേപിച്ചു പോയത് എന്താണെന്നു പരിശോധിച്ചു. പ്രത്യേകിച്ച് ഒന്നും കണ്ടില്ല. പക്ഷേ എന്തിന്റെയോ സൂചനയാണതെന്നു മനസ്സിലായി.
നിലത്തു അവ കിടന്ന അതേ പോലെ തന്നെ തിരികെ വയ്ക്കാൻ സ്റ്റീവൻ അവരോടു നിർദ്ദേശിച്ചു, അതുപോലെ യാതൊരു അടയാളവും ശേഷിപ്പിയ്ക്കാതെ തിരികെ പോരാനും.
ബ്രിയാനെ കുടുക്കാൻ FBI തീരുമാനിച്ചു.
അതിന്റെ ഭാഗമായി അയാളിപ്പോൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഏതാനും ദിവസത്തേയ്ക്ക് കോണ്ട്രാക്ട് വ്യവസ്ഥയിൽ NRO യിലെ പഴയ ഓഫീസിലേയ്ക്കയച്ചു.
സന്തോഷത്തോടെ അവിടെയെത്തിയ അയാൾ ഉടനെ തന്നെ ഇന്റെലിങ്കിൽ ലോഗിൻ ചെയ്ത് ചൈനയുടെ മിസൈൽ കേന്ദ്രങ്ങളുടെ മാപ്പ് ഡൗൺലോഡ് ചെയ്തെടുത്തു.
അതിന്റെ ജി പി എസ് വിശദാംശങ്ങൾ ഒരു കടലാസിൽ കുറിച്ചെടുത്തു.
തന്റെ ഈ പ്രവർത്തികൾ മുഴുവൻ തൊട്ടപ്പുറത്ത് CCTVയിലൂടെ FBI നിരീക്ഷിച്ചുകൊൻടിരിയ്ക്കുകയാണെന്ന വിദൂര സംശയം പോലും ബ്രിയാൻ റീഗനു അപ്പോൾ ഉണ്ടായിരുന്നില്ല.
ആ ആഴ്ച അവസാനം ബ്രിയാൻ റീഗൻ തന്റെ സൂപ്പർവൈസറോട് ഒരാഴ്ചത്തെ അവധിയ്ക്ക് അപേക്ഷിച്ചു. താനും ആനറ്റും കുട്ടികളുമൊത്ത് ഒർലാൻഡോയിലേയ്ക്കു ഒരു പിക്നിയ്ക്കിനു പോകുന്നു എന്നാണു പറഞ്ഞത്. അവധി അനുവദിയ്ക്കപ്പെട്ടു.
എന്നാൽ അന്നു വൈകിട്ടത്തെ വിമാനത്തിൽ വാഷിംഗ്ടനിൽ നിന്നും സൂറിച്ചിലേയ്ക്ക് ഒരു ടിക്കറ്റ് ബ്രിയാൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന് FBI യ്ക്ക് അറിയാമായിരുന്നു.
കൃത്യം നാലുമണിയ്ക്ക് വാഷിംഗ്ടൻ എയർപോർട്ടിലേക്ക് ബ്രിയാൻ കാറോടിച്ചു പോയി.
ബോർഡിംഗ് പാസെടുത്ത് സെക്യൂരിറ്റി ചെക്കിംഗുകൾക്കു ശേഷം ഡിപ്പാർച്ചർ ഗേറ്റിലേയ്ക്കു പോയി. അവിടെ നിന്നും വിമാനത്തിനടുത്തേയ്ക്കുള്ള പോകാനുള്ള കോബസിൽ കയറി.
നല്ല തിരക്കാണു. ബസിന്റെ വാതിലുകൾ അടഞ്ഞു.
അപ്പോൾ തിരക്കിനിടയിലൂടെ മൂന്നു പേർ നൂഴ്ന്നു മുന്നോട്ട് വന്നു. “ക്ഷമിയ്ക്കണേ.. ഒരു മിനുട്ട്…“
അവർ ഉച്ചത്തിൽ പറഞ്ഞു.
ആ മൂന്നു പേരും ബ്രിയാൻ റീഗന്റെ മുന്നിൽ വന്നു നിന്നു.
“എക്സ്ക്യൂസ് മീ സർ.. ഞങ്ങൾ FBI യിൽ ജോലി ചെയ്യുന്നവരാണ്. ഞാൻ സ്റ്റീവൻ കാർ. ഞങ്ങൾക്കു താങ്കളിൽ നിന്നും ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു. അല്പ സമയം ഞങ്ങളോടൊത്തു വരുന്നതിനു വിരോധമുണ്ടാകുമോ?“
ബ്രിയാൻ റീഗൻ അയാളെ തുറിച്ചു നോക്കി നിന്നു. നിർവികാരതയായിരുന്നു ആ മുഖത്ത്.
“ഷുവർ സർ.“ അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ആളുകൾ വഴിമാറിക്കൊടുത്തു. FBI ഏജന്റുമാരാൽ വലയം ചെയ്യപ്പെട്ട് അയാൾ കോബസിനു പുറത്തേയ്ക്കു നടന്നു.
FBI ഇന്റെറോഗേഷൻ റൂമിലെത്തിച്ച ബ്രിയാനെ അവർ വിശദമായി പരിശോധിച്ചു. അയാളുടെ ഷൂവിന്റെ സോളിനടിയിൽ നിന്നും ഒരു കടലാസ് കണ്ടെടുത്തു. ചൈനയുടെയും ഇറാക്കിന്റെയും യൂറോപ്യൻ എംബസികളുടെ അഡ്രസ്സുകളായിരുന്നു അവ. എന്നാൽ അയാളുടെ കോട്ടിൽ നിന്നും കണ്ടെത്തിയ വിചിത്രങ്ങളായ മറ്റു ചിലതായിരുന്നു.
ഒരു ചെറിയ നോട്ടു പാഡിൽ എഴുതിയ 13 വാക്കുകൾ. ട്രൈസിക്കിൾ, റോക്കറ്റ്, ഹാൻഡ് ഗ്ലൗസ് എന്നൊക്കെ ആയിരുന്നു അത്. അവ തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
മറ്റൊരു കടലാസിൽ ഇത്തരം 26 വാക്കുകൾ കൂടി ഉണ്ടായിരുന്നു.
മറ്റൊരു കടലാസിൽ ആൽഫാന്യൂമറിയ്ക്കായ ചില വാക്കുകൾ എഴുതിയിരുന്നു.
ഉദാ “5-6-N-V-O-A-I”. മറ്റൊരു ബാഗിൽ മൂന്നക്കങ്ങളുള്ള കുറേ സംഖ്യകൾ ആണു ഉണ്ടായിരുന്നത്. “952-832-041” എന്നിങ്ങനെ.
ഈ എഴുത്തുകളെപ്പറ്റി അന്വേഷകർ തിരിച്ചും മറിച്ചും ചോദിച്ചിട്ടും ബ്രിയാൻ റീഗൻ നിശബ്ദത പാലിച്ചു. അമേരിയ്ക്കൻ നിയമപ്രകാരം അയാൾക്ക് അതിനുള്ള അവകാശമുണ്ട്. ബ്രിയാന്റെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് സ്റ്റീവൻ കാറിനു ഉറപ്പുണ്ട്, പക്ഷേ അതു തെളിയിയ്ക്കേണ്ടിയിരിയ്ക്കുന്നു. അതിനു ഈ വാക്കുകളിൽ എന്താണു ഒളിഞ്ഞിരിയ്ക്കുന്നതെന്ന് കണ്ടു പിടിയ്ക്കണം.
ബ്രിയാന്റെ അറസ്റ്റിനു ശേഷമുള്ള രണ്ടാമത്തെ ദിവസം. സ്റ്റീവൻ കാർ തന്റെ ടീമിനെ വിളിച്ചു ചേർത്തു. അവരുടെ മുൻപിലുള്ള മേശയിൽ, ബ്രിയാനിൽ നിന്നും പിടിച്ചെടുത്ത കടലാസുകൾ നിരന്നു കിടന്നു.
“എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടോ?“ സ്റ്റീവൻ അവരെ ഉറ്റു നോക്കി.
“സർ, അയാളെ നമ്മൾ സിസിടിവിയിൽ റെക്കാർഡ് ചെയ്തിരുന്നല്ലോ. അതൊന്നു കൂടി കാണിയ്ക്കാമോ?“ ഒരാൾ ചോദിച്ചു. സ്റ്റീവൻ ആ ഫൂട്ടേജ് പ്ലേ ചെയ്തു.

FBI surveillance camera records Brian Regan stealing secrets 1024x854 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
FBI surveillance camera records Brian Regan stealing secrets

ചൈനീസ് മിസൈൽ സൈറ്റിന്റെ ചിത്രം നോക്കി നോട്ട് പാഡിൽ എന്തോ കുറിയ്ക്കുന്ന ബ്രിയാൻ.
“സർ അതേ നോട്ട് പാഡിലെ കടലാസല്ലേ നമ്മുടെ മുന്നിൽ ഈ കിടക്കുന്നത്?“
13 വാക്കുകൾ കുറിച്ച ആ പേപ്പർ നോക്കി ടീം അംഗം ചോദിച്ചു. സ്റ്റീവൻ അതു ശ്രദ്ധിച്ചു. ശരിയാണ്.
മിസൈൽ സൈറ്റിന്റെ ചിത്രം നോക്കി കുറിച്ചത് തീർച്ചയായും മിസൈൽ സൈറ്റിന്റെ കോർഡിനേറ്റുകളാവാം. അങ്ങനെയെങ്കിൽ ഈ വാക്കുകൾക്ക് ചില അർത്ഥമുണ്ട്. സ്റ്റീവൻ ആ പേപ്പർ കൈയിലെടുത്തു.
ആദ്യവാക്ക് – ട്രൈസിക്കിൾ അതായത് മുച്ചക്ര സൈക്കിൾ – അത് കുറിയ്ക്കുന്നത് “ 3 “ എന്ന സംഖ്യയാവണം. കാരണം ചൈനയുടെ ആ ഭാഗത്തിന്റെ ലാറ്റിറ്റ്യൂഡ് “ 3 “ ആണ്.
ഈ തീയറി പ്രകാരം അവർ മറ്റു വാക്കുകളും ഡിസിഫർ ചെയ്യാൻ ശ്രമിച്ചു.
“പോസ്റ്റ്“ അല്ലെങ്കിൽ വൃക്ഷം എന്നുദ്ദേശിയ്ക്കുന്നത് ഉയരമുള്ള ഒറ്റ ഒബ്ജെക്ടിനെ അഥവാ “ 1 “ നെ.
മോട്ടോർ സൈക്കിൾ എന്നാൽ 2 ചക്രമുള്ള വാഹനം അഥവാ “ 2 “
ആയുധം അല്ലെങ്കിൽ റിവോൾവർ എന്നാൽ “ 6 “
ഈ തീയറി, ബ്രിയാന്റെ പഴ്സിൽ നിന്നും കണ്ടെത്തിയ മറ്റൊരു ഡോക്യുമെന്റിൽ പ്രയോഗിയ്ക്കാൻ സ്റ്റീവൻ തീരുമാനിച്ചു.
ബ്രിയാന്റെ അമേരിയ്ക്കൻ അക്കൗണ്ട് നമ്പരിന്റെ പിൻ കോഡ് ആയിരുന്നു അത്.
നാലു വാക്കുകളായിട്ടാണു അതുള്ളത്. HAND, TREE, HAND, CAR .
HAND = 5, TREE=1, CAR = 4 അതായത് 5154.
സ്റ്റീവൻ തന്റെ മേശമേലിരുന്ന ഫോണിൽ നിന്നും ബ്രിയാന്റെ അക്കൗണ്ട് നമ്പർ ഡയൽ ചെയ്തു. പിൻ നമ്പർ അടിയ്ക്കാൻ നിർദേശം വന്നപ്പോൾ 5154 ഡയൽ ചെയ്തു. അതു കൃത്യമായിരുന്നു.!
ഈ സിസ്റ്റം ഉപയോഗിച്ച് 26 വാക്കുകൾ അവർ ഡീകോഡ് ചെയ്തു. അത് ഇറാക്കി സർഫസ് ടു സർഫസ് മിസൈലുകൾ സൂക്ഷിച്ച കേന്ദ്രങ്ങളുടെ ലൊക്കേഷൻ കോർഡിനേറ്റുകളായിരുന്നു.
പക്ഷേ അഴിയാക്കുരുക്കുകൾ വേറെയുണ്ടായിരുന്നു. ആൽഫാ ന്യൂമറിക് വാക്കുകൾ, കുറേയേറെ മൂന്നക്ക സംഖ്യകൾ. ഇവ എന്തിനെ കുറിയ്ക്കുന്നു എന്നോ എങ്ങനെ ഡീകോഡ് ചെയ്യുമെന്നോ യാതൊരു ഐഡിയയും അവർക്കു കിട്ടിയില്ല. ബ്രിയാൻ റീഗൻ മൗനത്തിൽ തന്നെ തുടർന്നു.
ഒടുക്കം അവ അഴിയ്ക്കാനായി ഡാനിയൽ ഓൾസൻ എന്നൊരു ക്രിപ്റ്റനലിസ്റ്റിനെ FBI നിയോഗിച്ചു.

അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ – 5

ക്രിപ്റ്റോളജിയിൽ സന്ദേശങ്ങളെയും ആശയങ്ങളെയും കോഡ് ചെയ്യാൻ പല രീതികളുമുണ്ട്. അവയിലൊന്നാണു “സീസർ ഷിഫ്റ്റ്“ ( CAESAR SHIFT). ജൂലിയസ് സീസറിന്റെ കാലം മുതലേ ഉപയോഗിച്ചു പോരുന്ന ഒരു ടെക്നിയ്ക്ക് ആണിത്. അതായത്, നിങ്ങൾ കാണുന്ന അക്ഷരം, അക്ഷരമാലയിലെ നിശ്ചിത സ്ഥാനം കഴിഞ്ഞിട്ടുള്ള അക്ഷരത്തെ ആവും സൂചിപ്പിയ്ക്കുക.
എത്ര സ്ഥാനം മാറണം എന്നുള്ളത്, സന്ദേശമയച്ച ആൾ മറ്റെന്തെങ്കിലും രീതിയിൽ സൂചിപ്പിച്ചിരിയ്ക്കും.
മറ്റൊന്ന് “ബുക്ക് കോഡ്“ (BOOK CODE) ആണ്.
ഇവിടെ നിങ്ങൾ കാണുന്ന മൂന്നു സംഖ്യകൾ, ഒരു പ്രത്യേക പുസ്തകത്തിലെ, നമ്പർ സൂചിപ്പിയ്ക്കുന്ന പേജിൽ, അടുത്ത നമ്പർ സൂചിപ്പിയ്ക്കുന്ന ലൈനിലെ, അടുത്ത നമ്പർ സൂചിപ്പിയ്ക്കുന്ന വാക്കിനെയാണു പ്രതിനിധീകരിയ്ക്കുക. ഏതു പുസ്തകം എന്നുള്ളത് അയച്ച ആൾക്കും സ്വീകരിച്ച ആൾക്കും മാത്രമേ അറിയാനാകൂ.
പിന്നെയും സങ്കീർണമായ ടെക്നിയ്ക്കുകൾ വേറെയുണ്ട്. ഇവയിൽ വിദഗ്ദനായിരുന്നു ഡാനിയൽ ഓൾസൻ.

Cryptanalyst Forensic Examiner - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
Daniel Olson
( Daniel Olson, Unit Chief, Cryptanalysis and Racketeering Records Unit, FBI Laboratory, Quantico, Virginia.)


അയാൾ ബ്രിയാനിൽ നിന്നു കണ്ടെടുത്ത അഴിയാക്കുരുക്കുകളുമായി യുദ്ധം തുടങ്ങി. രണ്ടാഴ്ച കൊണ്ട്, ആൽഫാന്യൂമറിക്ക് വാക്കുകൾ അഴിച്ചെടുക്കാൻ ഓൾസനു സാധിച്ചു..!
സീസർ ഷിഫ്റ്റ് ടെക്നിക്ക് ഉപയോഗിച്ചായിരുന്നു അവ എഴുതപ്പെട്ടിരുന്നത്.
ഒരു സ്ലൈഡ് ബോർഡിൽ ബ്രിയാന്റെ ആൽഫാ ന്യൂമറിക്ക് വാക്കുകൾ നിരത്തി എഴുതി. തുടർന്ന് “വൺ ഷിഫ്റ്റ്“ അഥവാ ഒരു സ്ഥാനം മാറ്റി അക്ഷരങ്ങൾ എഴുതി നോക്കി. ഒന്നും കിട്ടിയില്ല. തുടർന്ന് “ റ്റൂ ഷിഫ്റ്റ്“ “ത്രീ ഷിഫ്റ്റ്, ഫോർ ഷിഫ്റ്റ്….. അങ്ങനെയങ്ങനെ. 25 ഷിഫ്റ്റിനു ശേഷം, അതായത് ഒരു സ്ഥാനം എതിർ ദിശയിലേയ്ക്കു നീക്കിയപ്പോൾ ചിലതു വായിച്ചെടുക്കാനായി.
5-6-N-V-O-A-I എന്നു തുടങ്ങുന്ന വാക്കുകളിൽ നിന്നും സംഖ്യകൾ ഒഴിവാക്കി ബാക്കി കിട്ടിയവയെ ഇങ്ങനെ എഴുതാം: “ M-U-N-Z-H-O-F B-A-N-H-O-F-S-T-R “ ഒരു ജർമ്മൻ പദം പോലെ തോന്നിച്ചു ഇത്.
അത് UBS എന്ന സ്വിസ് ബാങ്കിന്റെ സൂറിച്ചിലെ അഡ്രസ്സായിരുന്നു ഓൾസൻ കണ്ടെത്തി.!
അടുത്ത വാചകം ഇങ്ങനെ വായിച്ചു: “ BUNDESPLATZ”. ഇത് ബേൺ നഗരത്തിലെ മറ്റൊരു സ്വിസ് ബാങ്കിന്റെ അഡ്രസായിരുന്നു.
ഇതോടൊപ്പം ഇവയുടെ ജ്യോഗ്രഫിക്കൽ കോർഡിനേറ്റുകളും ആ സന്ദേശത്തിൽ ഉണ്ടായിരുന്നു. നഗരത്തിലെത്തിയാൽ ബാങ്കുകളുടേ സ്ഥാനം ആരുടെയും സഹായമില്ലാതെ ബ്രിയാനു കണ്ടു പിടിയ്ക്കാനാവുമായിരുന്നു.
സന്ദേശം മുഴുവൻ വായിച്ചതിൽ നിന്നും മനസ്സിലായത്, ഇറാക്കിനെയും ചൈനയെയും ഇറാക്കിനെയും സംബന്ധിച്ചുള്ള ചില മിസൈൽ രഹസ്യങ്ങൾ താൻ ചോർത്തിയിട്ടുണ്ട് എന്നും 13 മില്യൺ ഡോളറിനു അവ കൈമാറാം എന്നുമായിരുന്നു. തുക നിക്ഷേപിയ്ക്കേണ്ട ബാങ്കുകളുടെ വിവരവും അതിൽ ഉണ്ടായിരുന്നു. പക്ഷേ ഏറ്റവും വില പിടിച്ച ചോദ്യം ബാക്കി കിടന്നു, ബ്രിയാൻ ചോർത്തിയ രഹസ്യങ്ങൾ എവിടെ?
നാലു പേജുകളിലായി കിടക്കുന്ന കുറേ മൂന്നക്ക സംഖ്യകൾ. അവയെ ഡീകോഡ് ചെയ്യാനുള്ള ഡാനിയൽ ഓൾസന്റെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല.
പക്ഷെ അവയ്ക്കുള്ള ഒരു പൊതു രീതി അയാൾ ശ്രദ്ധിച്ചു.
ആദ്യ സംഖ്യ 0 മുതൽ 9 വരെ ഏതുമാകാം.
രണ്ടാമത്തെ സംഖ്യ 1 മുതൽ 5 വരെയാകാം.
മൂന്നാമത്തേത് 1 അല്ലെങ്കിൽ 2 ആയിരിയ്ക്കും.
പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും അതിനു ഒരു അർത്ഥം കണ്ടെത്താൻ ഓൾസനു കഴിഞ്ഞില്ല.
ഇതിനിടെ ജയിലിൽ ആയിരുന്ന ബ്രിയാൻ തന്ത്രപൂർവം ചില സംഖ്യകൾ ജയിൽ ഭിത്തികളിലും മറ്റും എഴുതിയിട്ടു.
ഇതു കണ്ടെത്തിയ അധികാരികൾ ഓൾസനെ വിവരമറിയിച്ചു. ആ സംഖ്യകളുമായി ഓൾസൻ കുറേ ഗുസ്തി പിടിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.
ഓൾസനെ മനപൂർവം വഴിതെറ്റിയ്ക്കാനുള്ള തന്ത്രമായിരുന്നു അത്.
2003 ജനുവരിയിൽ ബ്രിയാന്റെ വിചാരണ ആരംഭിച്ചു. പട്രീഷ്യ ഹെയ്ൻസ്, ജയിംസ് ഗില്ലിസ് എന്നിവരായിരുന്നു പ്രോസിക്യൂട്ടർമാർ.
രാജ്യദ്രോഹിയായ ബ്രിയാനു വധശിക്ഷ നൽകണമെന്ന് അവർ വാദിച്ചു. നിനാ ഗിൻസ്ബെർഗ് ആയിരുന്നു ബ്രിയാന്റെ വക്കീൽ. ശരിയായ സ്പെല്ലിംഗ് പോലും എഴുതാൻ കഴിവില്ലാത്ത ബ്രിയാനു ഒരു ചാരനാകാനുള്ള യാതൊരു കഴിവുമില്ല എന്നവർ വാദിച്ചു.
അതിബുദ്ധിമാന്മാർക്കു മാത്രം സാധിയ്ക്കുന്ന കാര്യങ്ങളാണു പ്രോസിക്യൂഷൻ അയാൾക്കു മേൽ ആരോപിയ്ക്കുന്നത്. ഏതാനും ചില സംഖ്യകൾ കാട്ടി അയാൾ രാജ്യദ്രോഹം ചെയ്തു എന്നു പറയാനാവില്ല. അയാൾ രഹസ്യങ്ങൾ ചോർത്തിയെങ്കിൽ അതെവിടെ?
ആ ചോദ്യത്തിനൊരു ഉത്തരം പറയാൻ FBI യ്ക്കു സാധിച്ചില്ല. എങ്കിലും തന്റെ കണ്ടെത്തലുകൾ ജൂറിയെ ബോധ്യപ്പെടുത്താൻ ഓൾസനു സാധിച്ചു.
അഴിയ്ക്കാൻ സാധിയ്ക്കാത്ത സംഖ്യകളിൽ എന്തോ മറഞ്ഞിരിപ്പുണ്ട് എന്നും, അത് രഹസ്യ രേഖകളെ സംബന്ധിച്ചാണെന്നും അയാൾ ജൂറിയ്ക്കു മൊഴി നൽകി. ആ സംഖ്യകളുടെ പാറ്റേൺ അയാൾ അവരെ ബോധ്യപ്പെടുത്തി.
പ്രോസിക്യൂഷന്റെ വാദങ്ങളിൽ കഴമ്പുണ്ട് എന്നും, ചാരപ്രവർത്തനം നടത്താൻ തുനിഞ്ഞത് തങ്ങൾക്കു ബോധ്യമായി എന്നും പറഞ്ഞുകൊണ്ട് ജൂറി ബ്രിയാൻ റീഗനു ആജീവാനന്ത ജയിൽ ശിക്ഷ വിധിച്ചു. മേൽക്കോടതിയിൽ ഒരു പക്ഷേ ഈ ശിക്ഷ തള്ളിപ്പോകാൻ സാധ്യതയുണ്ട് എന്നു സ്റ്റീവൻ കാറിനു തോന്നി.
ശിക്ഷാവിധിയുടെ പിറ്റേദിവസം, മാർച്ച് 21 നു ബ്രിയാൻ റീഗനെ FBI ക്കാർ NRO ഓഫീസിലേയ്ക്കു കൊണ്ടു പോയി. ഉന്നത ഉദ്യോഗസ്തരുടെ സാന്നിധ്യത്തിൽ അവർ ഒരു ഡീൽ മുന്നോട്ടു വച്ചു. ചോർത്തിയ രഹസ്യരേഖകൾ ബ്രിയാൻ കാട്ടിക്കൊടുക്കണം, അല്ലാത്ത പക്ഷം അയാളുടെ ഭാര്യയ്ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യും, രേഖകൾ ഒളിപ്പിയ്ക്കാൻ സഹായിച്ചു എന്ന പേരിൽ.
അല്പനേരത്തെ ആലോചനയ്ക്കു ശേഷം ബ്രിയാൻ ഡീൽ സമ്മതിച്ചു. അയാൾ പൂർണ കുറ്റസമ്മതം നടത്തി.
19 പായ്കറ്റുകളിൽ ആയിരക്കണക്കിനു പേപ്പറുകളും കുറേ ഏറെ സിഡികളും രണ്ടു നാഷണൽ പാർക്കുകളിലായി താൻ കുഴിച്ചിട്ടിട്ടുള്ളതായി അയാൾ പറഞ്ഞു.
അവയുടെ ലാറ്റിട്ട്യൂഡുകളും ലോംഗിട്യൂഡുകളുമാണു ഓൾസൻ ഇത്രനാളും ഗുസ്തി പിടിച്ചു കൊണ്ടിരുന്ന ആ സംഖ്യകളിൽ ഒളിപ്പിച്ചു വെച്ചിരുന്നത്.
വളരെ ബുദ്ധിപൂർവകമായ ഒരു പദ്ധതിയായിരുന്നു ബ്രിയാന്റേത്. സൂറിച്ചിലെ ചൈനീസ്, ഇറാക്കി എംബസികളുമായി ഡീൽ ഉറപ്പിച്ചു കഴിഞ്ഞാൽ അയാൾ തന്റെ കൈയിലുള്ള കോഡ് ചെയ്ത കോർഡിനേറ്റ് വിവരങ്ങൾ കൈമാറും.
അവർ പിന്നീട് പാർക്കുകളിൽ നിന്നും അതു സൗകര്യം പോലെ കുഴിച്ചെടുത്തുകൊള്ളണം. പദ്ധതി നടന്നാൽ, ബ്രിയാൻ റീഗൻ ചിത്രത്തിൽ വരാതെ തന്നെ കാര്യങ്ങൾ നടക്കും. അയാളുടെ സ്വിസ്ബാങ്ക് അക്കൗണ്ടിൽ പണവും എത്തും.
പിറ്റേന്നു തന്നെ സ്റ്റീവൻ കാറിന്റെ നേതൃത്വത്തിൽ FBI, മെരിലാൻഡിലെയും വിർജിനിയയിലെയും നാഷണൽ പാർക്കുകളിൽ കുഴിച്ചിട്ടിരുന്ന പായ്ക്കറ്റുകൾ കണ്ടെടുത്തു.
ബ്രിയാനുമൊത്താണു അവർ പോയത്. താൻ കുഴിച്ചിട്ടിരുന്ന സ്ഥലങ്ങൾ കൃത്യമായി അയാൾ കാട്ടിക്കൊടുത്തു. സ്റ്റീവൻ അതുകണ്ട് അത്ഭുതപ്പെട്ടു.
“എനിയ്ക്കാണെങ്കിൽ അഞ്ചുമിനിട്ടു മുൻപ് ഞാൻ ഏതു മരത്തിന്റെ മുൻപിലാണു നിന്നതെന്നു ഓർമ്മിയ്ക്കാൻ പറ്റില്ല. മൂന്നു വർഷം മുൻപ് കുഴിച്ചിട്ട സ്ഥലമാണു അയാൾ കൃത്യമായി ഓർമ്മിയ്ക്കുന്നത്.! ഇയാളെയാണല്ലോ എല്ലാവരും മന്ദബുദ്ധി എന്നു പറഞ്ഞത്..!“
തിരികെ പോരുമ്പോൾ അവർ ഒരു മക് ഡൊണാൾഡ് ബർഗർ ഷോപ്പിൽ കയറി.
“താങ്കൾക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങികഴിച്ചു കൊള്ളു“ .
സ്റ്റീവൻ കാർ സൗമ്യനായി ബ്രിയാനോടു പറഞ്ഞു.
ആർത്തിയോടെ മൂന്നു ഹാംബർഗർ അയാൾ കഴിച്ചു. ബ്രിയാൻ ശാന്തനായിരുന്നു, നിർവികാരനുമായിരുന്നു.
അയാളെ സഹതാപത്തോടെ ഒന്നു കൂടി നോക്കിയിട്ട് സ്റ്റീവൻ എഴുനേറ്റു.
വിർജീനിയയിലെ അലക്സാൻഡ്രിയ ജയിലിലേയ്ക്കുള്ള വാഹനം ബ്രിയാനെ കാത്ത് പുറത്തു കിടപ്പുണ്ട്.

അടിക്കുറിപ്പ് :
STEVEN A. CARR
Special Agent Steven Carr died as the result of cancer he developed from being exposed to hazardous materials during recovery efforts at the Pentagon following the 9/11 Terrorist Attacks.

Special Agent Carr was assigned to interview witnesses at the Pentagon’s Navy Annex, which was across the street from the still-burning Flight 77 impact site. During this time, the air around the Pentagon was still clouded with burning aviation fuel and smoldering debris.

Special Agent Carr had served with the FBI for 20 years. He is survived by his wife and three children.

facebook - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.Share on Facebook
Twitter - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.Tweet
Follow - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.Follow us
Pinterest - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.Save
വൻ കവർച്ചകൾ, സ്പെഷ്യൽ കേസുകൾ Tags:Brian Patrick Regan, Crime Stories, Daniel Olson, FBI, Manassas National Battlefield Park, MARYLAND, National Reconnaissance Office, NATIONAL SECURITY AGENCY (NSA) HEADQUARTERS, Special Agent Steven A. Carr, Steven A. Carr, The Spy Who Couldn’t Spell

പോസ്റ്റുകളിലൂടെ

Previous Post: ജൂലിയ വാലസ് കൊലക്കേസ്
Next Post: ഓപറേഷൻ തണ്ടർബോൾട്ട്.

Related Posts

  • operation blue star
    ഓപറേഷൻ ബ്ലൂസ്റ്റാർ സ്പെഷ്യൽ കേസുകൾ
  • Lockheed Martin F-16 Fighting Falcon
    ബോസ്നിയയിൽ നിന്നുളള രക്ഷപെടൽ. സ്പെഷ്യൽ കേസുകൾ
  • BARBARA JANE MACKLE
    ഒരു കോടീശ്വരി മണ്ണിനടിയിൽ മൂന്ന് നാൾ പൊതുവായി ഉളളവ
  • Pablo Escobar 300x300 - അധോലോക രാജാവായിരുന്ന പാബ്ലോ എസ്കബര്‍
    അധോലോക രാജാവായിരുന്ന പാബ്ലോ എസ്കബര്‍ സ്പെഷ്യൽ കേസുകൾ
  • Operation Nimrod
    ഓപറേഷൻ നിമ്രാദ് സ്പെഷ്യൽ കേസുകൾ
  • Jasbir Singh Rode 157x210 - ഓപറേഷൻ ബ്ലാക് തണ്ടർ
    ഓപറേഷൻ ബ്ലാക് തണ്ടർ സ്പെഷ്യൽ കേസുകൾ

മറുപടി രേഖപ്പെടുത്തുക മറുപടി റദ്ദാക്കുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

നിലവിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും അവയുടെ വിഭാഗങ്ങളും.

  • Posts

    90

  • Categories

    7

വിഭാഗങ്ങൾ

  • കുപ്രസിദ്ധ കൊലപാതകങ്ങൾ (21)
  • കേരളത്തിലെ കുറ്റകൃത്യങ്ങൾ (5)
  • പരമ്പര കൊലയാളികൾ (16)
  • പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ (12)
  • പൊതുവായി ഉളളവ (4)
  • വൻ കവർച്ചകൾ (3)
  • സ്പെഷ്യൽ കേസുകൾ (12)

ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചവ

  • Operation Nimrod
    ഓപറേഷൻ നിമ്രാദ്
  • Jasbir Singh Rode 150x150 - ഓപറേഷൻ ബ്ലാക് തണ്ടർ
    ഓപറേഷൻ ബ്ലാക് തണ്ടർ
  • operation blue star
    ഓപറേഷൻ ബ്ലൂസ്റ്റാർ
  • Bombay Double Murders
    ബോംബെ ഇരട്ടക്കൊലപാതകങ്ങൾ
  • Laila Khan
    രണ്ട് പേർഷ്യൻ പൂച്ചകളും ലൈലാ ഖാനിന്റെ കൊലപാതകവും
  • Sheena Bora
    ഷീന ബോറയുടെ കൊലപാതകം.
  • Aarushi
    ആരുഷി തൽവാർ മർഡർ കേസ്
  • Maria Monica Susairaj 000 150x150 - നീരജ് ഗ്രോവർ മർഡർ കേസ്.
    നീരജ് ഗ്രോവർ മർഡർ കേസ്.
  • Entebbe 150x150 - ഓപറേഷൻ തണ്ടർബോൾട്ട്.
    ഓപറേഷൻ തണ്ടർബോൾട്ട്.
  • Brian Patrick Regan0 150x150 - അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
    അക്ഷരതെറ്റ് വരുത്തിയ ചാരന്റെ കഥ.
  • Julia-Wallace
    ജൂലിയ വാലസ് കൊലക്കേസ്
  • Jolly_Koodathayi
    കൂടത്തായി സീരിയൽ കൊലപാതകങ്ങൾ
  • Serial Killer Irina Viktorovna Gaidamachuk
    “പാവട ധരിച്ച ചെകുത്താൻ”
  • Amarendra-Chandra-Pandey-AI
    ഇന്ത്യയിൽ നടന്ന ബയോളജിക്കൽ വേപ്പൺ മർഡർ
  • Isabella-Ruxton
    ഇസബെല്ല റക്‌സ്റ്റൺ മർഡർ കേസും സൂപ്പർ ഇമ്പോസിഷനും
  • Neethu Solanki
    ദി ഗേള്‍ വിത്ത് പീകോക്ക് ടാറ്റു
  • George Joseph Smith 150x150 - നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ
    നവവധുക്കളുടെ ബാത്ത്ടബ്ബിലെ മരണങ്ങൾ
  • Mata-Hari
    മാത ഹരി
  • Ted Bundy
    ഹൃദയമില്ലാത്ത തിന്മയുടെ നിർവ്വചനം
  • Jane Toppan
    വിഷകന്യക
  • About Us
  • Contact Us
  • Index
  • Paula Jean Welden 1 300x300 - പൗള ജീന്‍ വെല്‍ഡന്റെ തിരോധാനം.
    പൗള ജീന്‍ വെല്‍ഡന്റെ തിരോധാനം. പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ
  • Burari-Death-Case
    ബുരാരിയിലെ 11 നിഗൂഡ മരണങ്ങൾ. പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ
  • STRYCHNINE SULPHATE
    ഹാമിൽട്ടൻ സീരിയൽ കില്ലർ. പരമ്പര കൊലയാളികൾ
  • Sheena Bora
    ഷീന ബോറയുടെ കൊലപാതകം. കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Serial Killer : Pedro Rodrigues Filho
    പെഡ്രോ റോഡ്രിഗസ് ഫിൽഹോ പരമ്പര കൊലയാളികൾ
  • Elisa Lam
    എലിസ ലാമിന് എന്ത് സംഭവിച്ചു! പരിഹരിക്കപ്പെടാത്ത രഹസ്യങ്ങൾ
  • AI Reconstructed Image of Anuradha
    ബാംഗ്ലൂരിനെ കുഴക്കിയ മലയാളിയായ കൊലപാതകി. കുപ്രസിദ്ധ കൊലപാതകങ്ങൾ
  • Adam Worth
    കുറ്റകൃത്യങ്ങളുടെ ലോകത്തിലെ നെപ്പോളിയൻ. വൻ കവർച്ചകൾ

1882 (1) Adinosine triphosphate (1) Alden Davis (1) Ann Swenson (1) Anuradha (1) atropine (1) Behind Enemy Lines (1) Blackpool (2) Bratukhina (1) Budapest (1) Captain Ronald C. Walkerwicz (1) Carquinez Scenic Highway (1) Colin Pitchfork (1) Crime Files (2) Crime Stories (51) Deputy-Superintendent of Police (1) District Crime Branch DYSP Haridas (1) DNA (3) Elizabeth Short (1) FBI (2) Florence Wilson (1) Gennady Safonov (1) Germany (1) Gust House (1) Haffkine Institute for Training Research and Testing in Bombay (1) hostage (1) Ignoto 1 (1) Indrani Mukerjea (1) Iranian embassy (1) Kenya (1) KPS Gill (1) Kushpreet Kaur Toor (1) Lab (1) M. G. Soman (1) Madatharuvi Murder Case (1) Major General Shabeg Singh (1) Margaret Bowman (1) Margaretha Geertruida Zelle (1876–1917) (1) Margaret Lloyd (1) Mary Jane Rogerson (1) Michel Bacos (1) Nadir Shah Patel (1) Nagyrév (1) Nancy Wilcox (1) National Reconnaissance Office (1) Nikolai Ilyinsky (1) Nikolai Koryagin (1) Pavaratty (1) Perunnadu (1) Plague (1) PM Haridas (1) Ponnamattam (1) Rakesh Sawant (1) Rameshwar Nath Kao (1) Saju Jose (1) SAS (1) Scotland (1) Scottish Cannibal (1) Sergei Chudin (1) Serial-Killers (3) Serial Killer (13) Shakhty (1) Shelly Robertson (1) Shokeen (1) Siby Mathews (2) Superimposition (2) Thamarassery (1) The Chessboard Killer (1) The Rhthmaires (1) The Texarkana Moonlight Murders (1) USS Ticonderoga (1) Wanda Walkowicz (1) Whitechapel (1) Yelena Bakulina (1) Yevgeny Pronin (1)

Copyright © 2023 Crime Files.

Powered by PressBook News Dark theme