Two Persian cats and the murder of Laila Khan.

2011 ഡിസംബറിലെ ഒരു ദിനം.
മുംബായിലെ ഓഷിവാരയിലുള്ള മകളുടെ ഫ്ലാറ്റിലേയ്ക്ക് നദീർ പട്ടേൽ കയറിച്ചെന്നു. പാകിസ്ഥാൻ വംശജനായ അയാളുടെ മകൾ ലൈലാഖാനും മാതാവും കുടുംബവും ഇവിടെയാണു താമസം. ഏറെ നാളുകളായി നദീർ പട്ടേൽ അവരുമായി അകന്നു കഴിയുകയാണ്. ലൈലയുടെ അമ്മ, ഇന്ത്യാക്കാരിയായ സെലീന ഖാനുമായുള്ള വിവാഹ ബന്ധം പണ്ടേ മുറിഞ്ഞു പോയിരുന്നു. പാകിസ്ഥാനിൽ വച്ചാണു ലൈല ജനിച്ചത്. വിവാഹമോചന ശേഷം സെലീന മകളുമായി മുംബായിൽ താമസമാക്കി. അവർ വീണ്ടും വിവാഹിതയായി. ആസിഫ് ഷേക്ക് എന്നൊരു ബിസിനസ്സുകാരനായിരുന്നു അത്.
സെലീനയുമായി ബന്ധമൊന്നുമില്ലായിരുന്നുവെങ്കിലും, മകൾ ലൈലയെ നദീർ പട്ടേൽ ഇടയ്ക്കിടെ വിളിയ്ക്കുകയും അന്വേഷിയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു.
ലൈലാ ഖാൻ ഇന്ത്യയിലും പാകിസ്ഥാനിലും പ്രശസ്തയായിരുന്നു. എന്തെന്നാൽ 2008-ൽ ബോളിവുഡ്ഡിൽ റിലീസായ, രാജേഷ് ഖന്ന അഭിനയത്തിലേയ്ക്കു തിരികെ വന്ന “Wafaa- A Deadly Love Story” എന്ന ചിത്രത്തിലെ നായിക അവളായിരുന്നു. ചിത്രത്തിലെ വളരെ ഗ്ലാമറസായ വേഷത്തിലൂടെ അവൾ പേരെടുത്തിരുന്നു.

2011 ഫെബ്രുവരിയിലാണു നദീർ പട്ടേൽ ഒടുവിൽ മകളോടു ഫോണിൽ സംസാരിച്ചത്. പിന്നീട് മാസങ്ങളോളം അവളെ ബന്ധപ്പെടാനായില്ല. ഫോൺ വഴി നേരിട്ടും ബന്ധുക്കൾ വഴിയും ശ്രമിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒടുക്കം അയാൾ മുംബായിൽ നേരിട്ടെത്തി.

ഫ്ലാറ്റിലെത്തിയ നദീർ കണ്ടത് അതു മാസങ്ങളോളമായി ആൾ താമസമില്ലാത്ത നിലയിലാണ്. അയൽക്കാരോട് അന്വേഷിച്ചതിൽ നിന്നും ആർക്കും അവരെ പറ്റി ഒരറിവുമില്ലായിരുന്നു. സെലീനയുടെ സഹോദരിമാരിൽ ചിലരെ അയാൾ ബന്ധപ്പെട്ടു. അവരിൽ ഒരാൾ പറഞ്ഞത്, കഴിഞ്ഞ ഫെബ്രുവരി 7 നു സെലീന താനുമായി ഫോണിൽ സംസാരിച്ചിരുന്നു എന്നാണ്. “തന്റെ ഭർത്താവുമായി ഇപ്പോൾ ചണ്ഡീഗഡിലാണുള്ളത്” എന്നാണത്രേ പറഞ്ഞത്. പിന്നീട് അവർക്കും വിവരമൊന്നുമില്ല. ബന്ധുക്കളുമായി അത്ര ഊഷ്മളബന്ധമൊന്നും സെലീനയ്ക്കോ മകൾ ലൈലയ്ക്കോ ഉണ്ടായിരുന്നില്ല.
ഒടുക്കം നദീർ ഒരു തീരുമാനമെടുത്തു. ഒഷിവാര പൊലീസ് സ്റ്റേഷനിൽ അയാൾ ഒരു പരാതി സമർപ്പിച്ചു. തന്റെ മകൾ ലൈലാ ഖാനെ പറ്റി കഴിഞ്ഞ ഫെബ്രുവരിയ്ക്കു ശേഷം യാതൊരു വിവരവുമില്ല എന്നും അവളെ കണ്ടെത്തി തരണമെന്നുമായിരുന്നു പരാതി.
ഇതേ സമയത്തു തന്നെ, വഫാ സിനിമയുടെ സംവിധായകൻ രാകേഷ് സാവന്തും പൊലീസിൽ ഒരു പരാതി നൽകി. തന്റെ മുൻ ചിത്രത്തിലെ നായികയും, പുതിയ ചിത്രത്തിലെ നായികയായി നിശ്ചയിയ്ക്കപ്പെട്ടിരുന്നവരുമായ ലൈലാ ഖാനെ പറ്റി യാതൊരു വിവരവുമില്ല എന്നായിരുന്നു ആ പരാതിയിലും പറഞ്ഞിരുന്നത്.
ഇൻസ്പെക്ടർ സഞ്ജയ് മോറെ അന്വേഷണമാരംഭിച്ചു.
അന്വേഷണത്തിൽ ബോധ്യപ്പെട്ട ചില കാര്യങ്ങൾ.
ലൈല ഖാനൊപ്പം അവളുടെ അമ്മ സെലീന ഖാൻ, രണ്ടു സഹോദരിമാർ, ഇളയ സഹോദരൻ, ഒരു കസിൻ ഇത്രയും പേരെയാണു കാണാനില്ലാത്തത്. ഇവർ ഒഷിവാരയിലെ ഫ്ലാറ്റിൽ ഒന്നിച്ചായിരുന്നു താമസം. മിക്കപ്പോഴും യാത്രയിലായിരിയ്ക്കുന്നതിനാൽ ഇവർ ഫ്ലാറ്റിൽ സ്ഥിരമായി ഉണ്ടാകാറില്ല, ആയതിനാൽ തന്നെ മറ്റുള്ളവർ ഇവരുടെ തിരോധാനം ശ്രദ്ധിച്ചിട്ടുമില്ല.
മറ്റൊരു പ്രധാന വിവരം, രണ്ടു വർഷം മുൻപ് സെലീന തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ – മുപ്പതു വയസ്സു മാത്രം പ്രായമുള്ള – ഒരു യുവാവിനെ വിവാഹം ചെയ്തിരുന്നു എന്നതാണ്. സുമുഖനായ അയാൾ ഒരു ബോളിവുഡ് നടനാണെന്നാണു പലരും ധരിച്ചിരുന്നത്. കാശ്മീരി സ്വദേശിയാണത്രേ അയാൾ.
മുംബായിൽ പലയിടത്തായി സെലീനയ്ക്കും ലൈലയ്ക്കും ഫ്ലാറ്റുകൾ ഉണ്ടായിരുന്നു. അവയുടെ ഒക്കെ രേഖകൾ പരിശോധിച്ച ഇൻസ്പെക്ടർക്കു ഒരു കാര്യം വിചിത്രമായി തോന്നി. എന്തെന്നാൽ അവയൊന്നും തന്നെ വില നൽകി വാങ്ങിയതായിരുന്നില്ല. മുംബായിലെയും ദുബായിലെയും ചില വൻകിട ബിസിനസുകാരും വ്യക്തികളും സമ്മാനമായി നൽകിയതാണ്..!


ആദ്യ സിനിമയ്ക്കു ശേഷം പിന്നീട് ഒരൊറ്റ ചിത്രം പോലും ലൈലയ്ക്കു ലഭിച്ചിരുന്നില്ല. എന്നിട്ടും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടില്ലാത്ത നിലയിലാണു അവർ കഴിഞ്ഞിരുന്നതത്രേ. മഹാരാഷ്ടയിലെ ഇഗത്പുരിയിൽ ഒരു ഫാം ഹൌസു പോലും അവർക്കുണ്ടായിരുന്നു. ഇടയ്ക്കിടെ വിനോദത്തിനായി അവർ കുടുംബസമേതം അവർ അവിടെ താമസിയ്ക്കാറുമുണ്ടായിരുന്നു.
ലൈലാ നിരന്തരം ദുബായ് സന്ദർശിച്ചിരുന്നതായി പൊലീസ് മനസ്സിലാക്കി. എന്താണു ലൈലയുടെ ദുബായ് ബന്ധങ്ങൾ എന്നതിനെ പറ്റി അവർക്കു പിടികിട്ടിയില്ല. പാകിസ്ഥാൻ വംശജയായ ലൈലയ്ക്ക് മുംബായിൽ ഇത്രയും സ്വത്തു വാങ്ങാൻ തക്ക ശേഷിയുണ്ടാകണമെങ്കിൽ അതിനു തക്കതായ സ്രോതസ്സ് ഉണ്ടാകണമല്ലോ..
ചില തീവ്രവാദ സംഘടനകളിലേയ്ക്കായി പൊലീസിന്റെ അന്വേഷണം. ലഷ്കർ ഇ ത്വയിബ പോലുള്ള സംഘടനകൾ ദുബായ് വഴി ഇന്ത്യയിലേയ്ക്ക് പണമൊഴുക്കുന്നതിനെ പറ്റി പൊലീസിനു വിവരമുണ്ട്. ലൈലയുടെ കുടുംബത്തിൽ കാഷ്മീർ സ്വദേശിയായ “പുതിയ ഭർത്താവിന്റെ“ സാന്നിധ്യവും കൂട്ടിച്ചേർക്കുമ്പോൾ ചില നിഗമനങ്ങളിലേയ്ക്ക് പൊലീസിനു എത്തുവാൻ സാധിച്ചു.
ദുബായിൽ നടത്തിയ അന്വേഷണങ്ങളിൽ നിന്നും, ബംഗ്ലാദേശ് സ്വദേശിയായ മുനീർ ഖാൻ എന്നൊരാളെ വിവാഹം ചെയ്തിരുന്നതായി വിവരം ലഭിച്ചു. ഹർകത്തുൽ – ജിഹാദ്- അൽ ഇസ്ലാമി എന്നൊരു തീവ്രവാദ സംഘടനയിലെ അംഗമായിരുന്നത്രേ അയാൾ.
അവസാനം പൊലീസ് എത്തിയ നിഗമനം ഇതാണ്. ലഷ്കർ ഇ ത്വയിബ, 2011 ൽ മുംബായിൽ ഒരു ഭീകരാക്രമണം പ്ലാൻ ചെയ്തിരുന്നു. അതിനു വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ അവർ ഉപയോഗിച്ചിരുന്നവരിൽ ഒരാൾ ലൈലാ ഖാൻ ആണത്രേ. എന്തോ കാരണങ്ങളാൽ ആക്രമണം നടന്നില്ല. തുടർന്ന് ലൈലയും കുടുംബവും ദുബായിലേയ്ക്കു താമസം മാറി.
ലൈലയുടെ അച്ഛൻ നദീർ പട്ടേലിനു പക്ഷേ ഈ നിഗമനങ്ങളിൽ വിശ്വാസം വന്നില്ല. അയാൾ മുംബായ് ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ ഉത്തരവു പ്രകാരം മുംബയ് പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പൊലീസ് സേനയിലെ മിടുക്കനായ ഹിമാംശു റോയ് (Himanshu Roy) എന്ന IPS ഓഫീസറുടെ മേൽ നോട്ടത്തിലായിരുന്നു അന്വേഷണം.

സെലിനയുടെ രണ്ടാം ഭർത്താവായിരുന്ന അസിഫ് ഷെയ്ക്കിനെ പറ്റി ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണമാരംഭിച്ചു. മുംബായിലെ ഒരു ഇടത്തരം ബിൽഡർ ആയിരുന്നു അയാൾ. സെലിനയുമായുള്ള കുറച്ചുകാലത്തെ ബന്ധത്തിനു ശേഷം അയാൾ വിവാഹമോചനം നേടുകയായിരുന്നു. എന്നാൽ സെലീനയുടെ മൂന്നാം വിവാഹ ശേഷം അസിഫ് ഷെയ്ക്ക് അവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് മനസ്സിലാക്കി.
പൊലീസ് ഷെയ്ക്കിനെ ചോദ്യം ചെയ്തു. ചില സാമ്പത്തിക പ്രയാസങ്ങൾ അയാൾക്കുള്ളതായി പൊലീസിനു പിടികിട്ടി. പണം തട്ടിയെടുക്കുന്നതിനായി സെലീനയെയും ലൈലയെയും മറ്റുള്ളവരെയും അയാൾ കടത്തിക്കൊണ്ടു പോയതായി പൊലീസ് സംശയിച്ചു. അതിനെ ബലപ്പെടുത്തുന്ന മറ്റൊരു തെളിവു കൂടി പൊലീസിനു ലഭിച്ചു. സെലീനയുടെ മുഴുവൻ സ്വത്തുക്കളുടെയും “പവർ ഓഫ് അറ്റോർണി” അസിഫ് ഷെയ്ക്കിന്റെ പേരിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു. തീർച്ചയായും അവർ ഇല്ലാതായാൽ സ്വത്തുക്കൾ ഷെയ്ക്കിന്റെ കൈകളിലെത്തുമല്ലോ..

എന്നാൽ അയാൾ താൻ നിരപരാധിയാണെന്നു വാദിച്ചു. വിവാഹമോചിതരായെങ്കിലും താനും സെലീനയുമായി നല്ല ബന്ധം തുടർന്നിരുന്നു. ലൈല ദുബായിലുള്ള ഒരു ബിസിനസുകാരനെ വിവാഹം ചെയ്തതിനാൽ അവർ കുടുംബ സമേതം അങ്ങോട്ടേയ്ക്കു താമസം മാറ്റാൻ പ്ലാൻ ചെയ്തിരുന്നു. സെലീനയുടെ പുതിയ ഭർത്താവിനെ അവർക്കു വിശ്വാസം പോരാത്തതിനാലാണു തന്റെ പേരിൽ അവരുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണി നൽകിയതെന്നായിരുന്നു അയാളുടെ വാദം. മാസങ്ങളായി തനിയ്ക്ക് അവരുമായി ബന്ധമില്ലായെന്നും, അവർ ദുബായിലേയ്ക്കു പോയിട്ടുണ്ടെന്നാണു താൻ വിശ്വസിച്ചിരുന്നതെന്നും അയാൾ പറഞ്ഞു. പൊലീസിനെ അയാളുടെ മൊഴികൾ അത്ര വിശ്വസനീയമായി തോന്നിയില്ല എങ്കിലും, അയാളെ കേസുമായി ബന്ധപ്പെടുത്താൻ തക്ക തെളിവുകൾ കിട്ടിയുമില്ല.
അതോടെ അവരുടെ ശ്രദ്ധ സെലീനയുടെ മൂന്നാം ഭർത്താവിലേയ്ക്കായി. അത്ഭുതമെന്നു പറയട്ടെ, അയാളെ പറ്റി കാര്യമായ ഒരു വിവരവും ആരിൽ നിന്നും ലഭിച്ചില്ല. കാശ്മീരി സ്വദേശിയാണു അയാളെന്നു മാത്രം അറിയാം. മാസങ്ങളോളമായി അയാൾ മുംബയിൽ നിന്നും അപ്രത്യക്ഷനായിട്ട്.
ക്രൈം ബ്രാഞ്ച് അന്വേഷണം തൽക്കാലം വഴിമുട്ടി നിന്നു.
2012 ജൂൺ മാസം.
ജമ്മു കാശ്മീരിലെ കിസ്റ്റ്വാർ പൊലീസിനു ഒരു പരാതി കിട്ടി. അവിടുത്തെ ഒരു പ്രാദേശിക ബാങ്കായിരുന്നു പരാതിക്കാർ. ബാങ്കിൽ നിന്നും 10 ലക്ഷം രൂപ ലോൺ എടുത്ത പർവേശ് തക്ക് എന്നൊരാൾ നിരന്തരമായി തിരിച്ചടവ് മുടക്കിയിരിയ്ക്കുന്നു എന്നും ഇപ്പോൾ ഏകദേശം രണ്ടു വർഷത്തോളമായി അയാളുമായി ബന്ധപ്പെടാനുമാകുന്നില്ല എന്നുമാണു അതിൽ പറഞ്ഞിരുന്നത്. അയാൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണു ബാങ്കിന്റെ പരാതി.

പൊലീസ് അന്വേഷണമാരംഭിച്ചു. പർവേശ് തക്ക് ഒരു കരാറുകാരനായിരുന്നു. ചെറുപ്പക്കാരൻ , സുമുഖൻ. ഫോറസ്റ്റ് കോണ്ട്രാക്ടർ. ബിസിനസ് ആവശ്യത്തിലേയ്ക്കായിരുന്നു ലോൺ എടുത്തത്. എന്നാൽ ബിസിനസ് പൊളിഞ്ഞിട്ടോ എന്തോ അയാളെ പിന്നീട് നാട്ടിൽ കാണാതായി. അതിനെ പറ്റി വേറെയും ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. ഭീകര സംഘടനയായ ലഷ്കറുമായി ആയാൾക്കു ബന്ധമുണ്ടത്രേ..
ഏതാണ്ട് ഇതേ സമയത്തു തന്നെയാണു, കിസ്റ്റ്വാറിലെ ഒരു പഴയ കെട്ടിടത്തിന്റെ പോർച്ചിൽ നിന്നും കറുത്ത ഒരു സ്കോർപ്പിയോ കാർ കണ്ടെത്തുന്നത്. മാസങ്ങളോളമായി ഉപയോഗിയ്ക്കാതെ കിടന്നിരുന്ന ആ വാഹനത്തെ പറ്റി ആരോ പൊലീസിൽ അറിയിയ്ക്കുകയായിരുന്നു.
കിസ്റ്റ്വാർ പൊലീസ് സ്ഥലത്തെത്തി, വാഹനം കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രാ രജിസ്റ്റ്രേഷൻ നമ്പരായിരുന്നു അതിനുണ്ടായിരുന്നത്. വാഹന ഉടമയെ പറ്റിയുള്ള അന്വേഷണത്തിനൊടുവിൽ, അതുപയോഗിച്ചിരുന്നത് പർവേശ് തക്ക് (Parvez Tak) ആണെന്നു പൊലീസ് കണ്ടെത്തി. ഉടൻ അയാൾക്കു വേണ്ടിയുള്ള അന്വേഷണമായി.
അധികം വൈകാതെ കാശ്മീരിൽ നിന്നും തക്കിനെ കസ്റ്റഡിയിലെടുത്തു.
അയാളെ ചോദ്യം ചെയ്യാനാരംഭിച്ചു. ബിസിനസ് തകർച്ച മൂലം താൻ നാടുവിട്ടു മുംബായിൽ ജോലി ചെയ്യുകയായിരുന്നു എന്നും അങ്ങനെ വാങ്ങിയതാണു സ്കോർപ്പിയോ എന്നും അയാൾ പറഞ്ഞു. ബാങ്കിൽ കടമുള്ളതിനാലും, മറ്റു ചില സ്വകാര്യ കടങ്ങൾ ഉള്ളതിനാലുമാണു വാഹനം ഉപയോഗിയ്കാൻ മടിച്ചതെന്നും അതു വിൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്നും അയാൾ പൊലീസിനെ അറിയിച്ചു.
ജമ്മു കാശ്മീർ പൊലീസ്, സ്കോർപ്പിയോയുടെ നമ്പർ മഹാരാഷ്ട്ര പൊലീസിനെ അറിയിച്ചു. അതിന്റെ ഉടമസ്ഥരെ പറ്റിയുള്ള വിവരം നൽകണമെന്ന് ആവശ്യപ്പെട്ടു. അധികം വൈകാതെ ആ വിവരം ലഭിച്ചു. ലൈലാ ഖാൻ എന്നൊരു സ്ത്രീയുടെ പേരിലാണു അതു രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.
അതിനും പർവേശ് തക്കിനു വിശദീകരണം ഉണ്ടായിരുന്നു. താൻ മുംബായിൽ ഒരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു എന്നും അവർ പിന്നീട് ദുബായിലേയ്ക്കു താമസം മാറിയപ്പോൾ തന്നെ ഏല്പിച്ചതാണു ഈ കാറെന്നുമായിരുന്നു വിശദീകരണം. പൊലീസിനു ഈ മൊഴി അത്ര വിശ്വസനീയമായി തോന്നിയില്ല.
അവർ മുംബൈ പൊലീസിനെ ബന്ധപ്പെട്ടു. രജിഷ്ട്രേഷൻ ഡാറ്റായിലെ വിലാസപ്രകാരമുള്ള ലൈലാ ഖാൻ എന്ന സ്ത്രീയെ പറ്റിയുള്ള വിവരം നൽകാൻ അഭ്യർത്ഥിച്ചു. മുംബായ് ക്രൈം ബ്രാഞ്ച് ആ വിലാസം പരിശോധിച്ചപ്പോൾ, അത് അപ്രത്യക്ഷയായ, ലൈലാ ഖാൻ തന്നെയാണെന്നു ബോധ്യമായി. അവർ ഉടനെ, പർവേശ് തക്കിനെ തങ്ങൾക്കു ചോദ്യം ചെയ്യാൻ വിട്ടു തരണമെന്ന് അഭ്യർത്ഥിച്ചു.
അധികം വൈകാതെ പർവേശ് തക്ക് മുംബൈ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായി. ഹിമാംശു റോയി അയാളെ വിശദമായി ചോദ്യം ചെയ്തു.
തന്നേക്കാൾ ഏറെ പ്രായമുള്ള സെലീന ഖാനെ വിവാഹം ചെയ്തകാര്യം അയാൾ സമ്മതിച്ചു. തനിയ്ക്ക് പാസ്പോർട്ട് ഇല്ലാത്തതിനാൽ, തന്നെ ഒഴിവാക്കി സെലീനയും ലൈലയും കുടുംബവും ദുബായിലേയ്ക്ക് താമസം മാറ്റി എന്നയാൾ പറഞ്ഞു. എന്നാൽ അതപ്പടി വിശ്വസിയ്ക്കാൻ റോയി തയ്യാറായിരുന്നില്ല.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ, ലൈലാ ഖാന്റെ തിരോധാനം സംബന്ധിച്ച് ആദ്യം അന്വേഷിച്ച ഇൻസ്പെക്ടർ സജ്ഞയ് മോറെയും ഉണ്ടായിരുന്നു. അന്ന്, ലൈലയുടെ ഇഗത്പുരിയിലുള്ള ഫാം ഹൌസിനെ പറ്റി അദ്ദേഹം വിശദമായി അന്വേഷിച്ചിരുന്നു. 2011 ഫെബ്രുവരിയിൽ അവിടെ ഒരു തീപിടുത്തം ഉണ്ടായതായി ഒരു പരിസരവാസി പറഞ്ഞിരുന്നു. എന്നാൽ അയാൾ പറഞ്ഞ മറ്റൊരു കാര്യം ഇപ്പോഴും ഇൻസ്പെക്ടറുടെ ഓർമ്മയിലുണ്ട്. പേർഷ്യൻ ഇനത്തിൽ പെട്ട രണ്ടു പൂച്ചകൾ, അവിടെ കുറ്റിക്കാട്ടിൽ അലഞ്ഞു നടക്കുന്നതായി കണ്ടു എന്നതാണത്. സാധാരണ സമ്പന്ന കുടുംബങ്ങൾ ഓമനിച്ചു വളർത്തുന്ന ഇനം പൂച്ചകളാണല്ലോ അവ.
സജ്ഞയ് മോറെ, സെലീനയുടെയും ലൈലയുടെയും കുടുംബത്തിലെ സാഹചര്യങ്ങളെ പറ്റി തക്കിനോടു ചോദിച്ചു. അതിനൊക്കെ തൃപ്തികരമായിരുന്നു അയാളുടെ മറുപടി.
“ലൈലാ രണ്ടു പൂച്ചകളെ വളർത്തിയിരുന്നോ?” ഇൻസ്പെക്ടർ തുടർന്നു ചൊദിച്ചു.
“ഉവ്വ്” തക്ക് സമ്മതിച്ചു. “അവൾ എവിടെ പോകുമ്പോഴും അവയെ കൂടെ കൊണ്ടുപോകുമായിരുന്നു.”
“അവ ഇപ്പോൾ എവിടെ കാണും?”
“ദുബായിലേയ്ക്ക് അവർ കൊണ്ടുപോയിട്ടുണ്ടാവും” തക്ക് പറഞ്ഞു.
“ഇല്ല.. ഇഗത്പുരിയിലെ കുറ്റിക്കാട്ടിൽ അലഞ്ഞു നടക്കുകയാണവ ഇപ്പോഴും.”

ഇൻസ്പെക്ടറുടെ ഈ മറുപടി തക്കിനെ ഒന്നു ഞെട്ടിച്ചു.
“എപ്പോഴും കൂടെ കൊണ്ടു നടക്കുമായിരുന്ന പൂച്ചകളെ കുറ്റിക്കാട്ടിൽ അലയാൻ വിട്ടിട്ട് ലൈല ദുബായിയ്ക്കു പോകുമോ?“
തക്കിനു പെട്ടൊന്നൊരു ഉത്തരം പറയാൻ കിട്ടിയില്ല.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ ചോര മരവിപ്പിയ്ക്കുന്ന ഒരു കൂട്ടക്കൊലയുടെ കഥയാണു പുറത്തു വന്നത്.

കാശ്മീർ സ്വദേശിയായ പർവേശ് തക്ക് ബോളിവുഡ് സ്വപ്നങ്ങളുമായി നടക്കുന്ന ഒരു യുവാവായിരുന്നു. അതിനുള്ള സൌന്ദര്യം തനിയ്ക്കുള്ളതായി അയാൾ വിശ്വസിച്ചു. കാശ്മീരിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും അയാൾ ഒന്നു പയറ്റി. ലോക്കൽ ഇലക്ഷനിൽ മത്സരിച്ചു പരാജയപ്പെട്ടു. ആ വഴി കുറേ കടം കയറി.
ഇടയ്ക്കിടെ അയാൾ മുംബായിൽ വരുമായിരുന്നു. അങ്ങനെ ഒരിയ്ക്കൽ കോൺഗ്രസിന്റെ ഒരു മീറ്റിംഗിൽ വെച്ചാണു മധ്യവയസ്കയായ സെലീന ഖാനുമായി പരിചയപ്പെടുന്നത്.

ആയിടെ ഇറങ്ങിയ ഹിറ്റ് സിനിമ “വഫാ”യിലെ നായിക ലൈലാ ഖാന്റെ മാതാവാണു സെലീന എന്നയാൾക്കു മനസ്സിലായി. അവരുമായുള്ള ബന്ധം തനിയ്ക്ക് ബോളിവുഡിലേയ്ക്കു ഒരു വഴി തുറന്നു തന്നേക്കും.
സെലീനയുമായി അയാൾ പലപ്പോഴും കണ്ടുമുട്ടി. യുവാവായ തക്കിനോട് സെലീനയ്ക്കും താല്പര്യമായി. തന്റെ മകളുമായി സംസാരിച്ച് അടുത്ത സിനിമയിൽ ഒരു റോൾ സംഘടിപ്പിയ്ക്കാമെന്ന് സെലീന വാക്കു കൊടുത്തു. അതിന്റെയൊക്കെ ചിലവിലേയ്ക്കായി അഞ്ചു ലക്ഷം രൂപ തനിയ്ക്ക് നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. അതു സമ്മതിച്ച തക്ക് കാശ്മീരിലേയ്ക്കു പോയി. ബാങ്കിൽ നിന്നും ലോൺ സംഘടിപ്പിച്ച് കാശുമായി അയാൾ മുംബായിൽ തിരികെയെത്തി. കാശു സ്വീകരിച്ച സെലീനയ്ക്ക് അയാളോടു വലിയ സ്നേഹമായി. ആ സ്നേഹം അവരുടെ വിവാഹത്തിലാണു കലാശിച്ചത്.
തന്നേക്കാൾ ഏറെ മുതിർന്ന ആ സ്ത്രീയെ വിവാഹം ചെയ്യുമ്പോൾ തക്കിനു പല കണക്കു കൂട്ടലുകളും ഉണ്ടായിരുന്നു. മുംബായിൽ പലയിടത്തായി സെലീനയ്ക്കും ലൈലയ്ക്കും സ്വത്തുക്കളുണ്ട്. അവയൊക്കെ കൈകാര്യം ചെയ്യാൻ അവസരം, ബോളിവുഡ്ഡിൽ ഒരു നടനായി തിളങ്ങുക. അങ്ങനെ പലതും.



ലൈലയെ സംബന്ധിച്ചിടത്തോളം, വഫാ-യ്ക്കു ശേഷം അവൾക്കു സിനിമയൊന്നും ലഭിച്ചില്ല. ആഡംബരജീവിതം നയിച്ചിരുന്ന അവൾക്ക് ചിലവഴിയ്ക്കാൻ കാശില്ലാതെ ആയതോടെ, ദുബായിലേയ്ക്കുള്ള ബിസിനസ് യാത്രകൾ ആരംഭിച്ചു. പലപ്പോഴും സെലീനയും കുടുംബവും ഒപ്പം പോകും. പർവേശ് തക്കിനു ബോളിവുഡ്ഡിൽ യാതൊരു അവസരവും ലഭിച്ചില്ല. കാശ്മീരിലാണെങ്കിൽ ബാങ്കിൽ പെരുകി വരുന്ന കടവും. നിരാശനായ അയാൾ, സെലീനയോടെ തന്റെ പണം തിരികെ ആവശ്യപ്പെട്ടു. പരിഹാസ ചിരി മാത്രമായിരുന്നു മറുപടി. ഇതു പലപ്പോഴും അവർ തമ്മിൽ കലഹത്തിനു കാരണമായി.
അങ്ങനെയിരിക്കെയാണു മുൻ ഭർത്താവ് ആസിഫ് ഷേയ്ക്കുമായി സെലീന വീണ്ടും ബന്ധം സ്ഥാപിച്ചത് പർവേശ് തക്ക് അറിഞ്ഞത്. സെലീനയുടെ ഇളയ കുട്ടികളുടെ അച്ഛൻ അയാളാണ്. കാര്യങ്ങൾ തന്റെ പിടിയിൽ നിന്നും വഴുതുന്നതായി തക്കിനു തോന്നി.

ലൈലാ ദുബായിൽ വിവാഹം കഴിച്ചതും കുടുംബസമേതം എല്ലാവരും അങ്ങോട്ടേയ്ക്കു താമസം മാറുന്നതും തക്ക് അറിഞ്ഞു. ആ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടില്ല എന്നയാൾ മനസ്സിലാക്കി. സെലീനയുടെ മുംബയിലെ സ്വത്തു വകകൾ നോക്കി നടത്താനുള്ള പവർ ഓഫ് അറ്റോർണി മുൻ ഭർത്താവ് ആസിഫ് ഷേയ്ക്കിന്റെ പേരിലാണെന്നു കൂടി അറിഞ്ഞതോടെ തക്കിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
2011 ഫെബ്രുവരി 7.
ഇഗത്പൂരിലുള്ള ഫാം ഹൌസിൽ ഒരു ഉല്ലാസ യാത്രയ്ക്കു പോകാമെന്ന് സെലീന കുടുംബത്തിലെ എല്ലവരോടുമായി പറഞ്ഞു. അടുത്ത ആഴ്ച അവർ ദുബായിലേയ്ക്കു പോകുമല്ലോ. എല്ലാവർക്കും വലിയ സന്തൊഷമായി.





സെലീന, ലൈല, ലൈലയുടെ സഹോദരിമാരായ അസ്മിനാ, സാറാ, സഹോദരൻ ഇമ്രാൻ, കസിൻ അഫ്രീൻ, പർവേശ് തക്ക് എന്നിവർ ഒരു സ്കോർപ്പിയോ കാറിലും ഔട്ട് ലാൻഡർ കാറിലുമായി ഫാം ഹൌസിലേയ്ക്കു പുറപ്പെട്ടു. ഗ്രാമപ്രദേശമാണു ഇഗത്പൂർ. തൊട്ടടുത്തു താമസക്കാരൊന്നുമില്ല. അല്പം പഴക്കം ചെന്ന ഒരു കെട്ടിടമാണു ഫാം ഹൌസ്.
അന്നത്തെ സായാഹ്നം വളരെ സന്തോഷകരമായിരുന്നു. മുറ്റത്ത് കനലിൽ ചുട്ട ബാർബിക്യൂ തയ്യാർ ചെയ്ത് അവർ ആഘോഷിച്ചു. ഏറെ വൈകിയാണു എല്ലാവരും കിടന്നത്.
രാത്രി ഏകദേശം ഒരു മണിയോടെ പർവേസ് തക്കും സെലീനയും തങ്ങളുടെ മുറിയിൽ ചെറിയൊരു വാക്കു തർക്കം ആരംഭിച്ചു. മുംബയിലെ സ്വത്തുക്കളുടെ പവർ ഒഫ് അറ്റോർണി, മുൻ ഭർത്താവിനെ ഏല്പിച്ചതായിരുന്നു വിഷയം. എന്നാൽ സെലീന തക്കിനെ തീരെ വകവെച്ചില്ല.
അയാൾ താൻ നേരത്തെ കരുതിയിരുന്ന സ്റ്റീൽ വടി കൈയിലെടുത്തു. അതുകൊണ്ട് തലയ്ക്കുള്ള അടിയേറ്റ് സെലീന വീണു. ശബ്ദം കേട്ട ഇമ്രാൻ ഓടി വന്നു. അവൻ തക്കിനെ ആക്രമിയ്ക്കാൻ ശ്രമിച്ചെങ്കിലും സ്റ്റീലിനുള്ള അടിയേറ്റു വീണു. പിന്നീട് അവിടെ നടന്നത് കൂട്ടക്കൊല ആയിരുന്നു. ആ കുടുംബത്തിലെ എല്ലാവരും കൊലചെയ്യപ്പെട്ടു.
ഫാം ഹൌസിനു ഒരു വാച്ച്മാൻ ഉണ്ടായിരുന്നു. കാശ്മീരിയായ ഷബീർ ഹുസൈൻ. അയാളെ തക്ക് നിയമിച്ചതാണ്. ഈ ക്രൂരകൃത്യത്തിനു അയാളും സഹായിച്ചു. തുടർന്ന് ബോഡികൾ മറവു ചെയ്യാനുള്ള ശ്രമമായി.
വാട്ടർ ടാങ്കിന് എന്ന പേരിൽ ഫാം ഹൌസിന്റെ പിൻഭാഗത്ത് ഒരു കൂറ്റൻ കുഴി നിർമ്മിച്ചിരുന്നു. 12 അടി നീളവും 8 അടി വീതിയും 6 അടി ആഴവുമുണ്ടായിരുന്നു അതിന്. പർവേശ് തക്കും ഷബീർ ഹുസൈനും കൂടി മൂന്നു ശരീരങ്ങൾ അതിലിട്ടു. തുടർന്നു ഇഷ്ടിക നിരത്തി രണ്ടടിയോളം അതു മൂടി. അതിനു മുകളിൽ ബാക്കി മൂന്നു ശരീരങ്ങൾ. അവരെ ചോരപുരണ്ട വസ്ത്രങ്ങളും ഷീറ്റുകളും കൊണ്ടു മൂടിയ ശേഷം വീണ്ടും ഇഷ്ടിക നിരത്തി. പിന്നീട് കുഴി മൊത്തം മൂടി. കുഴിയ്ക്കുമുകളിൽ ഇഷ്ടികയും കല്ലും നിരത്തി. പുറമേ നിന്നു അങ്ങനെ ഒരു കുഴി പെട്ടെന്ന് അറിയാത്ത വണ്ണം എല്ലാം ഭദ്രമാക്കി. തുടർന്ന് പെട്രോൾ ഒഴിച്ച് ഫാം ഹൌസിനു തീ കൊടുത്തു. കുറെ ഭാഗങ്ങൾ മാത്രമേ കത്തിയുള്ളു.
ഇതിനിടയിൽ സ്കോർപ്പിയൊയും ഔട്ട്ലാൻഡറുമായി തക്കും ഷബീറും അവിടെ നിന്നും കടന്നു. ഔട്ട് ലാൻഡർ എവിടെയോ പൊളിച്ചു വില്പനയ്ക്ക് കൊടുത്തു. സ്കോർപ്പിയോയുമായി പലവഴി കറങ്ങി കാശ്മീർ വരെ എത്തി. പിന്നീട് അത് പഴയൊരു കെട്ടിടത്തിൽ നിർത്തിയിട്ടു.
അവിശ്വസനീയമായ ഈ കഥ കേട്ട് പൊലീസ് മരവിച്ചിരുന്നു.
അവർ തക്കിനെ അറസ്റ്റു ചെയ്തു. തുടർന്ന് അയാളെയും കൊണ്ട് ഇഗത്പുരിയിലേയ്ക്കു പോയി. അവിടെ മൃതദേഹങ്ങൾ മറവു ചെയ്തയിടം അയാൾ കാട്ടിക്കൊടുത്തു. പൊലീസ് അവിടം കുഴിച്ചു. ആറു അസ്ഥിപജ്ഞരങ്ങൾ കണ്ടെടുത്തു. തുടർന്നുള്ള DNA പരിശോധനയിൽ, അവ ലൈലാ ഖാന്റെയും സെലീനയുടെയും കുടുംബത്തിന്റേതും തന്നെയെന്നു സ്ഥിരീകരിയ്ക്കപ്പെട്ടു.
- On 11 May 2018, at around 12:40pm, Himanshu Roy shot himself at his residence. He was rushed to a hospital but could not be saved. He was reportedly suffering from cancer for a long time.


