ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ നരവേട്ട. ശാസ്ത്രീയ കുറ്റന്വേഷണത്തിന്റെ ഏറ്റവും വലിയ അനുഭവ പാഠം.
ഇറ്റലിയുടെ വടക്കൻ ഭാഗത്തായി ആല്പ്സ് പർവതത്തിന്റെ പ്രാന്തഭാഗത്തുള്ള ചെറിയൊരു നഗരമാണു “ബ്രെംബേറ്റ് ഡി സോപ്രാ“.

നിരനിരയായി പൈൻ മരങ്ങളും പോപ്ലാർ മരങ്ങളും ഇടതൂർന്ന വീഥികൾ. ചക്രവാളത്തിൽ നീലനിറത്തിൽ അതിരിട്ടു നിൽക്കുന്ന ആല്പ്സ്. മഞ്ഞിന്റെ ഒരു ആവരണം എപ്പോഴും തങ്ങിനിൽപ്പുണ്ടാവും..
ഡി സൊപ്ര നഗരത്തിന്റെ പ്രാന്തത്തിലാണു ഫുൽവിയോ ഗംബിരാസിയോയും ( Fulvio Gambirasio ) കുടുംബവും താമസിയ്ക്കുന്നത്. ആർക്കിടെക്റ്റ് ആണയാൾ. ഭാര്യ മൗരാ ( Maura ) അടുത്തുള്ള സ്കൂളിലെ ടീച്ചറും. നാലുമക്കളാണവർക്ക് 15 കാരിയായ കേബ ( Keba ), 13 കാരിയായ യാരാ, പിന്നെ ചെറിയ രണ്ടു കുട്ടികളും ( Natan and Gioele ). സന്തോഷകരമായ ജീവിതം.
2010 നവമ്പർ 26, വെള്ളിയാഴ്ച.
സമയം വൈകിട്ട് 5.15 ആകുന്നു.
രണ്ടാമത്തെ കുട്ടിയായ യാരാ, അധികം അകലെയല്ലാത്ത, തന്റെ ജിമ്നേഷ്യത്തിലേയ്ക്ക് പോകാനായി ഇറങ്ങി. അര കിലോമീറ്ററിൽ താഴെയേ ഉള്ളു അവിടേയ്ക്ക്. നഗരത്തിലെ സ്പോർട്സ് കോപ്ലക്സിനോട് ചേർന്നാണു ജിമ്നേഷ്യം. അവിടെ ജിംനാസ്റ്റിറ്റിക്സിനോട് സാമ്യമുള്ള റിഥമിക് ഡാൻസ് പഠിയ്ക്കുകയാണു യാര. ഇന്നവൾക്കു ക്ലാസില്ല, പക്ഷേ അവിടുത്തെ ഇൻസ്ട്രക്ടർക്ക് ഒരു സ്റ്റീരിയോ കൊടുക്കാനുണ്ട്. അതുകൊടുത്ത് അല്പനേരം പ്രാക്ടീസും ചെയ്തു പോരുക എന്നതാണു അവളുടെ ഉദ്ദേശം..
“മമ്മീ ഞാൻ ഇറങ്ങുന്നു..“ വിളിച്ചു പറഞ്ഞിട്ട് യാരാ വെളിയിലേയ്ക്കിറങ്ങി നടന്നു പോയി.


7.00 മണി ആയി.
ഇതു വരെ യാര തിരിച്ചെത്തിയില്ല. പുറത്തു നല്ല തണുപ്പുണ്ട്, മഞ്ഞിന്റെ നനവും.
മി. ഫുൽവിയോയ്ക്ക് നേരിയ ആശങ്ക തോന്നി.
സാധാരണ ഗതിയിൽ ഇത്രയും താമസിയ്ക്കേണ്ടതില്ല. അവളുടെ മൊബൈലിൽ വിളിച്ചു നോക്കാൻ അയാൾ ഭാര്യയോടു പറഞ്ഞു.
7.11 നു മൗരാ, മകളുടെ ഫോണിലേയ്ക്കു വിളിച്ചു.
കാൾ നേരെ, വോയിസ് മെയിലിലേയ്ക്കാണു പോയത്, മൊബൈൽ സ്വിച്ച് ഓഫായിരിയ്ക്കുന്നു.
പെരുകിയ ആശങ്കയ്ക്കൊടുവിൽ അവർ പൊലീസിലേയ്ക്കു വിളിച്ചു.
ഡി സോപ്രോയിൽ നിന്നും 11 കിലോമീറ്റർ അകലെ, ബെർഗാമോയിലെ പബ്ലിക് പ്രൊസിക്യൂട്ടർ ഓഫീസിലേയ്ക്കാണു കോൾ പോയത്. മജിസ്റ്റ്രെറ്റ് ഓൺ ഡ്യൂട്ടി ആയ ലെറ്റീഷ്യ റിഗ്ഗെരി ആണു കോൾ അറ്റൻഡ് ചെയ്തത്.
45 കാരിയായ റിഗ്ഗെരി മുൻ പൊലീസ് ഉദ്യോസ്ഥയും 15 വർഷത്തോളമായി മജിസ്റ്റ്രെറ്റുമാണ്.

അവർ സ്റ്റേറ്റ് പൊലീസിന്റെയും, മിലിട്ടറി പൊലീസിന്റെയും ഓരോ സംഘത്തെ അങ്ങോട്ടേയ്ക്കു വിട്ടു.
സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക അന്വേഷണമാരംഭിച്ചു.
ജിംനേഷ്യം ഇൻസ്റ്റ്രക്ടറെയാണു ആദ്യം ചോദ്യം ചെയ്തത്.
യാരാ, തന്നെ വന്നു കണ്ടിരുന്നു എന്നും അല്പനേരത്തെ പ്രാക്ടീസിനെ ശേഷം പോയി എന്നും അവർ മൊഴി നൽകി.
തുടർന്ന് നഗരത്തിന്റെ ആ ഭാഗത്ത് വ്യാപകമായ അന്വേഷണമാരംഭിച്ചു.
നടന്നു പോകുന്ന യാരയെ ചിലരൊക്കെ കണ്ടിരുന്നു, പക്ഷെ ആരും ശ്രദ്ധിച്ചിരുന്നില്ല.
ഒരു കാറിനു സമീപം നിന്നു രണ്ടു പേരോട് അവൾ സംസാരിയ്ക്കുന്നതു കണ്ടതായി ഒരാൾ മൊഴി നൽകി. പക്ഷേ അതാരെന്ന് അറിയില്ല.
ഏതാനും മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിൽ ആശാവഹമായ യാതൊരുതുമ്പും ലഭിച്ചില്ല.
പൊലീസ് ഉടൻ തന്നെ യാരയുടെ മൊബൈൽ ഫോണിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചു. അതിൽ നിന്നും അവസാനം പോയിരിയ്ക്കുന്നത് ഒരു ടെക്സ്റ്റ് മെസ്സേജാണ്. അവളുടെ ഒരു കൂട്ടുകാരി മാർട്ടീനയ്ക്കാണു ആ മെസേജ് അയച്ചിരിയ്ക്കുന്നത്. ഞായറാഴ്ച രാവിലെ 8.00 മണിയ്ക്ക് കാണാം എന്നായിരിയിരുന്നു മെസേജ്. കൂടുതലൊന്നുമില്ല.
തങ്ങളുടെ മകൾക്ക് എന്താണു സംഭവിച്ചതെന്നോർന്ന് ഫുൽവിയാനോയും ആശങ്കയിൽ നീറി.
റിഗ്ഗെറിയുടെ നിർദ്ദേശപ്രകാരം, ഉടൻ തന്നെ ഡി സോപ്രായിൽ ഡോഗ് സ്ക്വാഡ് എത്തി. പ്രത്യേക ബ്രീഡിലുള്ള, പരിശീലനം സിദ്ധിച്ച നായകളായിരുന്നു അതിലുണ്ടായിരുന്നത്. ജിംനേഷ്യത്തിൽ നിന്നും ഇറങ്ങിയ നായകൾ പക്ഷേ യാരയുടെ വീട്ടിലേയ്ക്കുള്ള ദിശയിലായിരുന്നില്ല ഓടിയത്, എതിർ ദിശയിലേയ്ക്കായിരുന്നു. മാപെല്ലോ ( Mapello ) എന്നൊരു ഗ്രാമത്തിനു നേർക്കായിരുന്നു ആ വഴി. കുറച്ചു ദൂരം ഓടിയ നായകൾ പിന്നെ മുന്നോട്ടു പോയില്ല. ഒന്നിലേറെ തവണ പരീക്ഷിച്ചപ്പോഴും ഇതു തന്നെ ആയിരുന്നു ഫലം.

പൊലീസ് യാരയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചു. വൈകിട്ട് 6.49 നു, അത് മാപെല്ലോ ഭാഗത്തെ ടവർ ലോക്കെഷനിൽ ഉണ്ടായിരുന്നു. പിന്നീട് സ്വിച്ച് ഓഫായി.
എല്ലാ അന്വേഷണത്തിനൊടുവിലും യാരയെ പറ്റി യാതൊരു വിവരവും ലഭിച്ചില്ല.
അന്വേഷണത്തിന്റെ പൂർണ ചുമതല റിഗ്ഗെരി ഏറ്റെടുത്തു.
യാരയുടെ കുടുംബത്തിൽ നിന്നു തന്നെ ആരംഭിയ്ക്കാൻ അവർ തീരുമാനിച്ചു. ഫുൽവിയാനോയെയും കുടുംബത്തെയും പറ്റി എല്ലാവർക്കും നല്ലതേ പറയാനുണ്ടായിരുന്നുള്ളു. വളരെ സാധാരണമായ ഒരു കുടുംബം. യാരയെ പറ്റിയും അങ്ങനെ തന്നെ. പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണ പെൺകുട്ടി. വീടു വിട്ട് ദൂരെയെങ്ങും പോകാറെയില്ല.
നവമ്പർ 26 നു മാപെല്ലാ ടവറിൽ കൂടി കടന്നു പോയ എല്ലാ കോളുകളും പരിശോധിയ്ക്കാൻ റിഗ്ഗെരി തീരുമാനിച്ചു. അതൊരു ഭാരിച്ച ജോലി ആയിരുന്നു. ഏതാണ്ട് 15000 ഫോണുകളിൽ നിന്നുള്ള കോളുകളാണു അന്നുണ്ടായിരുന്നത്. അവയുടെയെല്ലാം ഉടമസ്ഥരെ കണ്ടെത്തുക എളുപ്പമല്ല. എങ്കിലും ഈ ഫോണുകളിൽ സംശയിയ്ക്കപ്പെടാവുന്നവയെല്ലാം ചോർത്താൻ അവർ തീരുമാനിച്ചു.
ഏതാനും ദിവസങ്ങൾക്കകം ഒരു അറബിക് സംസാരം അവർ പിടിച്ചെടുത്തു. അതു വിവർത്തനം ചെയ്തപ്പോൾ ഇങ്ങനെയായിരുന്നു.
“അള്ളാ എന്നോടു ക്ഷമിയ്ക്കണമേ.. അവളെ കൊല്ലണമെന്ന് ഞാൻ ഉദ്ദേശിച്ചിരുന്നില്ല..!“
അന്വേഷണസംഘം ഉടൻ തന്നെ കോളിന്റെ ഉടമയെ തിരിച്ചറിഞ്ഞു.
മൊറോക്കൻ സ്വദേശിയായ മുഹമ്മദ് ഫക്രി ( Mohammed Fikri ) എന്നൊരാളായിരുന്നു അത്. മാപെല്ലോയിലെ ഒരു നിർമാണ ജോലിയ്ക്കായി അയാൾ കുറെ നാളായി അവിടെയുണ്ട്, യാരാ കാണാതായ ദിവസവും.
ഉടൻ അയാളെ പിടികൂടാൻ റിഗ്ഗെറി നിർദ്ദേശം നൽകി.
പൊലീസ് എത്തുമ്പോൾ അയാൾ ഇറ്റലി വിട്ടിരുന്നു. ഒരു ചരക്കു ബോട്ടിൽ മൊറോക്കോയിലേയ്ക്കു പോയിക്കൊണ്ടിരിയ്ക്കുകയായിരുന്നു അപ്പോൾ.
ഡിസംബർ 4 നു ഇറ്റാലിയൻ നേവി, ബോട്ട് തടഞ്ഞ് മുഹമ്മദ് ഫക്രിയെ അറസ്റ്റ് ചെയ്ത് ഇറ്റലിയിലേയ്ക്കു കൊണ്ടു വന്നു.
ഇറ്റലിയിലെ മാധ്യമങ്ങളിൽ വലിയ വാർത്തയായി സംഭവം.
വളരെ സമർത്ഥമായി പ്രതിയെ അറസ്റ്റു ചെയ്ത പൊലീസിനെ അവർ അഭിനന്ദിച്ചു.
താൻ ഒരു കുറ്റവും ചെയ്തിട്ടില്ല, നിരപരാധിയാണെന്ന് അയാൾ പറഞ്ഞു കൊണ്ടിരുന്നു. ആരെയെങ്കിലും കൊന്നതായി ഫോണിൽ ആരോടും പറഞ്ഞിട്ടില്ല. എന്തു തെളിവിലാണു തന്നെ അറസ്റ്റു ചെയ്തതെന്ന് അയാൾ ചോദിച്ചു.
പൊലീസ് അയാളുടെ അറബിയിലുള്ള ഫോൺ സംഭാഷണം കേൾപ്പിച്ചു.
ഫക്രി അന്തം വിട്ടു പോയി.
അറബിയിലുള്ള ഒരു ചീത്ത വാക്കായിരുന്നു അത്.
പരിഭാഷകനു തെറ്റിപ്പോയതാണ്.
പൊലീസ് ഇക്കാര്യം പുറമേ അന്വേഷിച്ചു ബോധ്യപ്പെട്ടു.
മുഹമ്മദ് ഫക്രിയെ വിട്ടയച്ചു.
അതോടെ റിഗ്ഗെരിയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നു തുടങ്ങി.
കൂടുതൽ അന്വേഷണം നടത്താതെ അയാളെ വിട്ടയച്ചത് ശരിയായില്ല എന്നതായിരുന്നു കൂടുതലും.
ഈ സംഭവത്തോടെ യാരാ ഗംബിറാസിയോയുടെ തിരോധാനം ഇറ്റലിയിൽ വ്യാപകമായ മാധ്യമ ശ്രദ്ധ ആകർഷിച്ചു. യാരയുടെ വീടിനു ചുറ്റും ടെലിവിഷൻ ക്യാമറകളും മൈക്കുകളുമായി റിപ്പോർട്ടർമാർ തമ്പടിച്ചു. ആ കുടുംബത്തിനു വെളിയിൽ പോകാനോ വരാനോ പോലുമാകാത്ത അവസ്ഥയായി. പലപ്പോഴും ജനലും വാതിലുമെല്ലാമടച്ച് അവർ ഉള്ളിൽ ഒതുങ്ങിക്കൂടി. മകൾ നഷ്ടപ്പെട്ടതിനൊപ്പം ഈ സ്ഥിതികൂടി ആയതോടെ അവരുടെ ജീവിതം ദുരിതത്തിലായി. എങ്കിലും എപ്പോഴെങ്കിലും അവൾ തിരിച്ചു വന്നേക്കും എന്നൊരു പ്രതീക്ഷ ഇല്ലാതിരുന്നില്ല.
2011 ഫെബ്രുവരി 26.
യാര തിരോധാനം ചെയ്തിട്ട് കൃത്യം മൂന്നുമാസം കഴിഞ്ഞിരിയ്ക്കുന്നു.
ഇല്ലാരിയോ സ്കോട്ടി ( Ilario Scotti ) എന്നൊരു മധ്യവയസ്കൻ, തന്റെ റിമോട്ട് കണ്ട്രോൾ പ്ലെയിൻ പറപ്പിയ്ക്കാൻ ശ്രമിയ്ക്കുകയാണ്. അദ്ദേഹം നിർമിച്ചതാണ് അത്. സംഗതി വിജയപ്രദമാകുമോ എന്ന സംശയമുള്ളതിനാൽ അല്പം ഒഴിഞ്ഞ സ്ഥലത്ത് മതി പരീക്ഷണം എന്ന് സ്കോട്ടി തീരുമാനിച്ചു.
അദ്ദേഹത്തിന്റെ താമസ സ്ഥലമായ ഡി ഇസോള പട്ടണത്തിന്റെ പ്രാന്തത്തിൽ ഒരു വയൽ പ്രദേശമുണ്ട്. ഇപ്പോഴത് പുല്ലു പടർന്നു തരിശായി കിടക്കുന്നു. ഉച്ചയ്ക്കുശേഷം അദ്ദേഹം ആ വയലിനു സമീപത്തു നിന്നു തന്റെ പ്ലെയിൻ പറത്തി തുടങ്ങി.
അദ്ദേഹം ഉദ്ദേശിച്ച പോലെയല്ല പക്ഷേ അതു പറന്നത്..
കറങ്ങിത്തിരിഞ്ഞു വയലിലെ പുൽക്കൂട്ടത്തിൽ പോയി മൂക്കു കുത്തി വീണു.
പുല്ലുകൾ വകഞ്ഞു മാറ്റി സ്കോട്ടി അങ്ങോട്ടു നടന്നു.
അപ്പോഴാണു പുല്ലുകൾക്കിടയിൽ ഒരു പഴന്തുണികിടക്കുന്നത് കണ്ടത്. അതത്ര ഗൗനിച്ചില്ലെങ്കിലും തൊട്ടടുത്തു തന്നെ കിടന്ന രണ്ടു കറുത്ത ഷൂസുകൾ ശ്രദ്ധിയ്ക്കാതിരിയ്ക്കാൻ പറ്റിയില്ല. ഷൂസുകൾ മാത്രമായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്.
അത് ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. അദ്ദേഹം ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.



ലെറ്റീഷ്യ റിഗ്ഗെറി, തന്റെ മകളുമായി പുറത്തു പോയിരിയ്ക്കുകയായിരുന്നു. തിരികെ വീട്ടിലേയ്ക്കു മടങ്ങുമ്പോഴാണു ഫോൺ തുടർച്ചയായി ശബ്ദിച്ചത്.
കാർ സൈഡൊതുക്കി അവർ ഫോണെടുത്തു.
“മാഡം ഞങ്ങൾക്കൊരു ബോഡി കിട്ടിയിരിയ്ക്കുന്നു. ഉടൻ എത്തുക.“ ഇൻവെസ്റ്റിഗേഷൻ ടീമിലെ കേണലിന്റേതായിരുന്നു കോൾ.
മകളെ ഉടൻ തന്നെ വീട്ടിലിറക്കിയിട്ട് റിഗ്ഗെറി ഡി ഇസോളയിലേയ്ക്കു തിരിച്ചു.
യാരയുടെ താമസ സ്ഥലമായിരുന്ന ഡി സൊപ്രയിൽ നിന്നും 10 കിലോമീറ്ററോളം അകലത്താണു അത്.
റിഗ്ഗെരി സംഭവ സ്ഥലത്തെത്തി.
യാരയുടെ ചില ഫോട്ടോകൾ അവർ കൈയിൽ കരുതിയിരുന്നു.
മണ്ണിൽ കിടന്നു ജീർണിച്ച പാന്റ്സ്, വലിയ പരിക്കുകളില്ലാത്ത, കറുത്ത ഓവർക്കോട്ട്, കറുത്ത ഗ്ലൗവ്, അധികം ജീർണിയ്ക്കാത്ത അടിവസ്ത്രം, ഷൂസ്, ഒപ്പം വല്ലാതെ ജീർണിച്ച അവസ്ഥയിലുള്ള ഒരു ബോഡിയും. ഇതായിരുന്നു ക്രൈം സീൻ.




തന്റെ കൈയിലെ ഫോട്ടോയിൽ കാണുന്ന അതേ ഓവർക്കോട്ട്. അത് യാരയുടെ ബോഡിയാണെന്ന് മനസ്സിലാക്കാൻ റിഗ്ഗെരിയ്ക്ക് പ്രയാസമുണ്ടായില്ല.
ബോഡിയ്ക്ക് സമീപത്തു നിന്നും, യാരയുടെ ഐപ്പോഡ്, മുറിയുടെ താക്കോൽ, സിം കാർഡ്, അവളുടെ ഫോണീന്റെ ബാറ്ററി എന്നിവയും കണ്ടെടുത്തു, എന്നാൽ ഫോൺ അവിടെയെങ്ങുമുണ്ടായിരുന്നില്ല.
ഇറ്റലിയിലെ ഏറ്റവും പ്രശസ്തയായ ഫോറെൻസിക് പതോളജിസ്റ്റ് ക്രിസ്റ്റിനാ കറ്റലാനിയോയുടെ (Cristina Cattaneo) നേതൃത്വത്തിലാണു ഓട്ടോപ്സി (പോസ്റ്റ് മോർട്ടം നടത്തിയത്). ജീർണാവസ്ഥയിലുള്ള അവശിഷ്ടങ്ങളിൽ നിന്നും കൃത്യമായ വിവരങ്ങൾ ശേഖരിയ്ക്കുന്നതിൽ പ്രത്യേക സംവിധാനങ്ങളുള്ളതായിരുന്നു ഡോ.ക്രിസ്റ്റിനായുടെ ലാബ്.

ബോഡിയുടെ ഒരു CAT ( Computerised Auxial Tomography ) സ്കാൻ എടുക്കുകയാണ് ആദ്യം ചെയ്തത്. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബോഡിയുടെ ഒരു പൂർണ 3D രൂപം കമ്പ്യൂട്ടറിൽ സൃഷ്ടിച്ചു. ആ ബോഡിയിൽ ഉണ്ടായിരുന്ന മുറിവുകളെ പറ്റി കൃത്യമായ വിവരം ലഭിയ്ക്കാൻ ഇതു ഫലപ്രദമായി.
മൂർച്ചയുള്ള കത്തി ഉപയോഗിച്ച് പത്തോളം മുറിവുകൾ ആ ശരീരത്തിൽ ഏൽപ്പിച്ചിരുന്നു. കൈകൾ, കാലുകൾ, നിതംബം, കഴുത്ത്, മാറിടം ഇവിടങ്ങളിലായിരുന്നു ആ മുറിവുകൾ. കൂടാതെ മുഖത്ത് ചെറിയ മൂന്നു മുറിവുകൾ, തലയ്ക്കു പിന്നിൽ അടിയേറ്റ മുറിവ് എന്നിവയും കാണപ്പെട്ടു. എന്നാൽ ഇവയൊന്നും തന്നെ മരണകാരണമാകാൻ തക്ക മാരകമായിരുന്നില്ല.
ഇരയെ പരമാവധി പീഡിപ്പിയ്ക്കുക ആയിരുന്നിരിയ്ക്കാം ഉദ്ദേശം. ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ ഈ മുറിവുകളിൽ നിന്നും രക്തം വാർന്നിട്ടാണു ഇര മരണപ്പെട്ടത്. ബലാൽസംഗം നടന്നിട്ടില്ലായിരുന്നു.
ബോഡിയിൽ നിന്നും കുമ്മായത്തിന്റെയും ചണനൂലിന്റെയും നേരിയ അംശങ്ങൾ കണ്ടെത്തി. ഏതോ കൺസ്റ്റ്രക്ഷൻ സൈറ്റിനു സമീപമാകാം ഇര പീഡനങ്ങൾ ഏറ്റുവാങ്ങിയത് എന്നതിന്റെ സാധ്യതയാണു ഇതു സൂചിപ്പിച്ചത്.
ബോഡിയിൽ നിന്നോ വസ്ത്രങ്ങളിൽ കൊലപാതകിയുടെ DNA സാമ്പിൾ കണ്ടെത്തുക എന്നതായിരുന്നു ഡോ.ക്രിസ്റ്റിനയുടെ വെല്ലുവിളി.
യാരയുടെ ശരീരത്തിൽ ഒരിടത്തു നിന്നും അതു ലഭിച്ചില്ല.
ഇരയെയും കൊലപാതകിയെയും ബന്ധിപ്പിയ്ക്കുന്ന ഘടകം ഇരയുടെ വസ്ത്രമാണു.
രണ്ടുപേരുടെയും സ്പർശം അതിലുണ്ടാകും. ആയതിനാൽ കൊലപാതകിയുടെ DNA സാമ്പിൾ ലഭിയ്ക്കാൻ ഏറ്റവും സാധ്യത വസ്ത്രത്തിൽ നിന്നുമാണ്.
അതിനായി ഫോറെൻസിക് സംഘം വിപുലമായ ഒരു സിസ്റ്റം തയ്യാറാക്കി.
വസ്ത്രത്തെ ഒരു വലിയ ഗ്രിഡ് ആയി തിരിച്ചു. നെടുകെ സംഖ്യകളും കുറുകെ അക്ഷരങ്ങളും എന്ന രീതിയിൽ. …31G/1, 31G/2…. അങ്ങനെ പോയി 31G/20 യിൽ എത്തിയപ്പോൾ ഒരു പുരുഷ DNA കണ്ടെത്താൻ അവർക്കായി. യാരയുടെ അടിവസ്ത്രത്തിൽ നിന്നുമാണത് ലഭിച്ചത്.
ഏറെ നീണ്ട തിരച്ചിലിനൊടുവിൽ ഒരു തുമ്പു കിട്ടിയതിന്റെ സന്തോഷത്തിലായി അന്വേഷണ സംഘം.
ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കൈവശമുള്ള വിവരങ്ങളുമായി അതു താരതമ്യം ചെയ്തു നോക്കി. നിരാശയായിരുന്നു ഫലം, അതു ആരുടെതുമായി യോജിയ്ക്കുന്നില്ല.
തികച്ചും അപരിചിതനായ ഒരാളെയാണു തങ്ങൾ അന്വേഷിയ്ക്കുന്നതെന്ന് റിഗ്ഗെറിയും സംഘവും മനസ്സിലാക്കി.
അയാൾക്ക് അവർ ഒരു പേരിട്ടു: ഇഗ്നോട്ടോ-1 ( Ignoto 1 ) അഥവാ അജ്ഞാതൻ-1.
അമേരിയ്ക്കൻ ഫോറെൻസിക് വിദഗ്ധരുടെ സഹയത്തോടെ ആ അജ്ഞാതന്റെ ജനിതകപ്രത്യേകതകളെ പറ്റി അവർ പഠിച്ചു. അതിൽ കണ്ടെത്തിയ ഒരു വിവരം ഇതായിരുന്നു.
ചാരനിറമുള്ള കണ്ണുകളാണു അയാൾക്കുള്ളത്!
ഒരു മലയോളം പോന്ന ദൗത്യമാണു റിഗ്ഗെരിയ്ക്കും സംഘത്തിനും ചെയ്തു തീർക്കാനുണ്ടായിരുന്നത്. ആല്പ്സിന്റെ ഈ താഴ്വരയിലെ ആയിരക്കണക്കായ നിവാസികളിൽ എവിടെയോ അജ്ഞാതനായ ആ കൊലയാളി ഒളിച്ചിരിപ്പുണ്ട്.
അവനെ കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.
റിഗ്ഗെരി തന്റെ സംഘത്തെ രണ്ടായി തിരിച്ചു.
യാരയുടെ കുടുംബം, സുഹൃത്തുക്കൾ, ജിമ്നേഷ്യത്തിലെ അംഗങ്ങൾ, അങ്ങനെ അവളുമായി ഇടപഴകാനിടയുള്ള എല്ലാവരുടെയും DNA സാമ്പിൾ ശേഖരിയ്ക്കുക എന്നതാണു ആദ്യ സംഘത്തിന്റെ ചുമതല. ആളുകളുടെ ഉമിനീരിൽ നിന്നാണു സാമ്പിളുകൾ ശേഖരിയ്ക്കുക. അതിനായി വീടുകളിലും സ്ഥാപനങ്ങളിലും റോഡിലുമെല്ലാം പൊലീസ് സംഘം കയറിയിറങ്ങി.
യാരയെ കാണാതായ ദിവസം, 2010 നവമ്പർ 26 നു , ഡി സൊപ്രാ നഗരത്തിൽ നിന്നു ഡി ഇസോള നഗരത്തിൽലേയ്ക്കു വരുകയോ പോകുകയോ ചെയ്തതായ എല്ലാ മൊബൈൽ നമ്പരുകളുടെയും വിശദാംശങ്ങൾ ശേഖരിയ്ക്കുക എന്നതായിരുന്നു രണ്ടാമത്തെ സംഘത്തിന്റെ ദൗത്യം. ഇങ്ങനെ കണ്ടെത്തുന്ന ഓരോ മൊബൈലിന്റെയും ഉടമകൾ നിർബന്ധമായും തങ്ങളുടെ DNA സാമ്പിൾ പൊലീസിനു നൽകണമായിരുന്നു.
വളരെയേറെ മാനുഷികാധ്വാനവും സാമ്പത്തിക ചിലവുകളുമുള്ള ഒരു ദൗത്യമായിരുന്നു ഇത്. ആറുമണിക്കൂറിലധികനേരത്തെ അധ്വാനം കൊണ്ട് ഏതാനും DNA സാമ്പിളുകൾ മാത്രമാണു ടെസ്റ്റു ചെയ്ത് റിസൾട്ട് പരിശോധിയ്ക്കാൻ സാധിയ്ക്കുക. ഒച്ചിഴയുന്ന വേഗത്തിലാണു കാര്യങ്ങൾ നീങ്ങുക. ആകാംക്ഷയിൽ മുറുകിയ മാധ്യമങ്ങൾക്കും ജനങ്ങൾക്കും പക്ഷേ ക്ഷമ തീരെ ഉണ്ടായില്ല. അവർ അന്വേഷണ സംഘത്തെ വിമർശിച്ചു കൊണ്ടിരുന്നു.
2011 മെയ് മാസമാണു യാരയുടെ സംസ്കാര ചടങ്ങുകൾ നടന്നത്.
ഡി സോപ്രോയിലെ സ്പോർട്സ് ക്ലബിലെ വിശാലമായ ഹാളിൽ ചടങ്ങുകൾ നടന്നു. അനേകം ആളുകൾ അതിൽ പങ്കെടുന്നു. ഇറ്റാലിയൻ പ്രസിഡണ്ടിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. റിഗ്ഗെരിയും സംഘവും ചടങ്ങുകൾക്കു സാക്ഷ്യംവഹിയ്ക്കാൻ എത്തിയിരുന്നു.
അകത്ത് ചടങ്ങുകൾ നടക്കുമ്പോൾ പുറത്ത് റോഡിൽ പൊലീസ് DNA സാമ്പിൾ ശേഖരണം തുടരുന്നുണ്ടായിരുന്നു.
ഇത്രയൊക്കെ ആയിട്ടും ഇഗ്നോട്ടൊ-1 ലേയ്ക്കു വെളിച്ചം വീശുന്ന യാതൊരു തുമ്പും അവർക്കു ലഭിച്ചില്ല.
കൊലചെയ്യപ്പെട്ട ഇരയുടെ ശരീരം മറവു ചെയ്യാനോ ഒളിപ്പിയ്ക്കാനോ, തങ്ങൾക്കു പരിചയമുള്ള നിഗൂഡ സ്ഥലങ്ങളാണു കൊലയാളികൾ പൊതുവെ കണ്ടെത്താറുള്ളത്. ലെറ്റീഷ്യ റിഗ്ഗെറിയ്ക്കും ഈ തത്വം അറിയാം. അതുകൊണ്ടു തന്നെ യാരയുടെ ബോഡി കണ്ടെത്തിയ പ്രദേശത്തെ പറ്റി നല്ല അറിവുള്ള ആരെങ്കിലുമാകാം കൊലയാളി എന്ന് അവർ ഊഹിച്ചു. ആ പ്രദേശത്തെ പറ്റി വിപുലമായ ഒരന്വേഷണം തന്നെ അവർ നടത്തി.
“സാബി മൊബിലി“ ( Sabbie Mobili ) = (Quicksand) എന്നൊരു നൈറ്റ് ക്ലബ്ബ് ആ പ്രദേശത്തുണ്ടായിരുന്നു. ധാരാളം പേർ കുടിച്ചു കൂത്താടി ഉല്ലസിയ്ക്കാൻ എത്തുന്ന സ്ഥലം. അന്വേഷണസംഘം ക്ലബ്ബിലെത്തി വിവരങ്ങൾ തിരക്കി. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലുമാണു അവിടെ തിരക്കു കൂടുതൽ ഉണ്ടാകുന്നത്. (യാരയെ കാണാതായതും ഒരു വെള്ളിയാഴ്ച ആണല്ലോ). സാബി മൊബിലി ക്ലബ്ബ് പരിസരത്ത് അടിപിടിയും ബഹളവും പതിവുള്ളതത്രേ. ക്ലബ്ബിൽ വരുകയും പോകുകയും ചെയ്യുന്നവരെ പറ്റിയുള്ള വിവരങ്ങൾ അവർ ആവശ്യപ്പെട്ടു.


അംഗങ്ങൾക്കു മാത്രമാണു അവിടെ പ്രവേശനമുണ്ടായിരുന്നത്. മെംബർഷിപ് കാർഡ് കാണിച്ചാൽ മാത്രമേ ഉള്ളിലേക്കു വിടൂ. ഈ വിവരം അന്വേഷണ സംഘത്തിന്റെ ജോലി എളുപ്പമാക്കി. ക്ലബ്ബ് മെംബർമാർ എല്ലാവരും DNA സാമ്പിൾ നൽകാൻ അവർ ആവശ്യപ്പെട്ടു. നൂറുകണക്കിനു സാമ്പിളുകളാണു പരിശോധനയ്കായി ശേഖരിച്ചത്.
ദിവസങ്ങൾക്കകം റിഗ്ഗെരി ആകാംക്ഷയോടെ കാത്തിരുന്ന ആ വിവരം ലഭിച്ചു. ഒരു DNA സാമ്പിൾ ഇഗ്നോട്ടോ-1 ന്റേതുമായി പൂർണമായ സാമ്യം കാണിയ്ക്കുന്നു..! അന്വേഷണ സംഘം ആവേശഭരിതരായി. എത്രയോ മാസങ്ങളായി വിശ്രമമില്ലാതെ അവർ ജോലിയെടുക്കുകയാണു ഈയൊരു കണ്ടെത്തലിനായി.
ഈ കേസിന്റെ തുടക്കം മാത്രമായിരുന്നു അത്. ആരും പ്രതീക്ഷിക്കാത്ത അന്ത്യമാണ് അവസാനം സംഭവിച്ചതും.
ഡാമിയാനോ ഗെരിനേനി ( Damiano Guerinoni ). അതായിരുന്നു ആ DNA സാമ്പിളിന്റെ ഉടമയുടെ പേർ. അവർ ഉടൻ തന്നെ അയാളെ കണ്ടെത്തി. അധികം വൈകാതെ നിരാശയോടെ മടങ്ങുകയും ചെയ്തു. കാരണം, യാരയുടെ തിരോധാനം സംഭവിയ്ക്കുന്നതിനു മുമ്പും പിമ്പും ദിവസങ്ങളിൽ അയാൾ തെക്കേ അമേരിയ്ക്കയിൽ ആയിരുന്നു. അയാളുടെ യാത്രാ രേഖകൾ അതു ബോധ്യപ്പെടുത്തി.
ഇതെങ്ങനെ സംഭവിയ്ക്കും? DNA ഫലം തെറ്റുകയില്ല. ഡാമിയാനോ അല്ലെങ്കിൽ അയാളുടെ രക്തബന്ധമുള്ള മറ്റാരെങ്കിലും. അതുറപ്പ്. അതു കണ്ടു പിടിയ്ക്കാൻ വലിയ പ്രയാസമില്ല. റിഗ്ഗെരിയും സംഘവും വീണ്ടും ഉൽസാഹത്തിലായി. ഡാമിയാനോ ഗെരിനേനിയുടെ കുടുംബ വൃക്ഷത്തിന്റെ ഒരു മാതൃക ഉണ്ടാക്കി അവർ. അവരുടെയെല്ലാം DNA ഫലങ്ങൾ ചേർത്തുവെച്ചു.
അവയുടെ വിശദമായ പഠനത്തിനൊടുവിൽ വിസ്മയകരമായ ഒരു കണ്ടെത്തലുണ്ടായി. ഡാമിയാനോയുടെ അമ്മയ്ക്ക്, യാരയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ പത്തു വർഷമായി യാരയുടെ വീട്ടിൽ ഗൃഹജോലികൾക്കായി ആഴ്ചയിൽ രണ്ടുതവണ അവർ പോകാറുണ്ടായിരുന്നു. യാരയുടെ മരണശേഷവും പോയിരുന്നു. ഈ അടുത്ത കാലത്താണു പോകാതായത്. തങ്ങൾ അന്വേഷിയ്ക്കുന്നത് ഒരു പുരുഷനെ ആയതിനാൽ DNA പരിശോധനയിൽ, അതിന്റെ “Y” ഘടകം മാത്രമേ അന്വേഷണ സംഘം ശ്രദ്ധിച്ചിരുന്നുള്ളു. അതുകൊണ്ടാണു ഇക്കാര്യം ശ്രദ്ധയിൽ പെടാതെ പോയത്.
റിഗ്ഗെറിയും സംഘവും ഡാമിയാനോയുടെ അമ്മ അറോറ സാന്നിയെ ( Aurora Zanni ) നിരീക്ഷിയ്ക്കാൻ ആരംഭിച്ചു. അവരുടെ ഫോൺ കോളുകൾ ചോർത്തി. യാത്രകളിൽ പിന്തുടർന്നു. പക്ഷേ സംശയിയ്ക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് അവരെ ചോദ്യം ചെയ്തു. അതിലും ഒന്നും കിട്ടിയില്ല. അവരെ പറ്റി യാരയുടെ കുടുംബത്തിനും മോശമായ അഭിപ്രായം ഉണ്ടായിരുന്നില്ല. അവർക്ക് യാരയുടെ വീടുമായി ബന്ധമുണ്ടായിരുന്നത് തികച്ചും യാദൃച്ഛികമായ ഒരു സംഗതി മാത്രണെന്ന് റിഗ്ഗെരിക്ക് അംഗീകരിയ്ക്കേണ്ടി വന്നു.
ഇത്ര വിപുലവും പണച്ചെലവേറിയതുമായ അന്വേഷണത്തിനു ശേഷവും പ്രതിയെ കണ്ടെത്താനാവാത്തത് അന്വേഷണ സംഘത്തിനു മേൽ കടുത്ത സമ്മർദ്ദമാണു ചെലുത്തിയത്. യാരയുടെ മാതാവ് ടെലിവിഷനിൽ കൂടി തങ്ങളുടെ പ്രതികരണം അറിയിച്ചു. മൂന്നുവർഷമായി മകളുടെ ഘാതകനെ കാത്തിരിയ്ക്കുകയാണു തങ്ങൾ. പൊലീസ് അന്വേഷിയ്ക്കുന്നുണ്ടെന്നു ഞങ്ങൾക്കറിയാം, പക്ഷേ യാതൊരു പ്രയോജനവുമില്ല. തീർച്ചയായും ദൈവനീതിയിൽ ഞങ്ങൾ വിശ്വസിയ്ക്കുന്നു, പക്ഷേ മനുഷ്യനീതിയും ഞങ്ങൾക്കു കിട്ടണം. ആ ഒരു പ്രതീക്ഷയിൽ മാത്രമാണു ഞങ്ങളുടെ ജീവിതം.
ഇതോടെ മാധ്യമങ്ങളും പ്രതിപക്ഷവും ലെറ്റീഷ്യ റിഗ്ഗെറിയെ വിമർശിയ്ക്കാനാരംഭിച്ചു. ഇത്ര പ്രമാദമായ ഒരു കേസ് അന്വേഷിയ്ക്കാനുള്ള പ്രാപ്തിയോ ബുദ്ധിവൈഭവമോ റിഗ്ഗെറിയ്ക്കില്ല എന്നു പലരും അഭിപ്രായപ്പെട്ടു. ഈ സ്ത്രീയ്ക്കു പകരം, കൊള്ളാവുന്ന ആരെയെങ്കിലും അന്വേഷണം ഏല്ലിയ്ക്കണം എന്നാവശ്യപ്പെട്ട് ഡാനിയേലോ ബെലോട്ടി എന്ന നേതാവ് സർക്കാരിനു കത്തെഴുതിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. ഈ സമ്മർദ്ദങ്ങൾക്കൊടുവിലും, റിഗ്ഗെറിയിൽ തന്നെ വിശ്വാസമർപ്പിയ്ക്കാനാണു സർക്കാർ തീരുമാനിച്ചത്.

റിഗ്ഗെറിയുടെ മുന്നിലുള്ള ഏക സാധ്യത ഇഗ്നോട്ടോ-1 ന്റെയും ഡാമിയാനോയുടെയും DNA സമാനത ആയിരുന്നു. ആ പിടിവള്ളിയിൽ പിടിച്ച് മുന്നോട്ടു പോകാൻ അവർ തീരുമാനിച്ചു. ഡാമിയാനോയുടെ കുടുംബവൃക്ഷത്തിന്റെ അടിവേരുകൾ ചികഞ്ഞു നോക്കുക എന്നതായിരുന്നു അടുത്ത പടി.
മാസങ്ങളോളം നീണ്ട ഒരു ദൗത്യമായിരുന്നു അത്. ചർച്ചുകളിലെ പഴയ ജനന വിവാഹ രജിസ്റ്ററുകൾ പരതി പരതി അന്വേഷണ സംഘം അത് ഏറെക്കുറെ സാധ്യമാക്കി. 1716 ആം വർഷം വരെ പിന്നോട്ടുള്ള രേഖകളാണു അവർ കണ്ടെടുത്തത്. നൂറുകണക്കിനു ആളുകളുടെ വിവരം അതിലുൾക്കൊണ്ടിരുന്നു.
ഗോർണോ എന്നൊരു ഗ്രാമത്തിലാണു ഡാമിയാനോയുടെ മുതുമുത്തഛന്മാർ താമസിച്ചിരുന്നത്. ആല്പ്സിനോടു ചേർന്ന ഒരു മലമ്പ്രദേശം. നഗരത്തിന്റെ തിരക്കുകളൊന്നുമില്ലാത്ത തനി നാട്ടിൻ പുറത്തുകാരാണു അവിടുത്തെ താമസക്കാർ. അനേകം ഹെയർപിൻ വളവുകൾ കയറിവേണം അവിടെയെത്താൻ. കാട്ടുപൂക്കളുടെ ഗന്ധവും നായ്ക്കളുടെ കുരയും മേഞ്ഞു നടക്കുന്ന പശുക്കളുടെ അമറലും മുഴങ്ങുന്ന, കോടമഞ്ഞിറങ്ങുന്ന മലഞ്ചെരുവ്. റിഗ്ഗെറിയുടെ സംഘം അവിടെയെത്തി.

ഡാമിയാനോയുടെ അഛൻ നേരത്തെ തന്നെ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ഗിസപ്പെ ഗെരിനോനി ( Giuseppe ), ഗോർണൊയിലാണു താമസം. അവരുടെ കുടുംബതാവഴിയിലുള്ള ധാരാളം പേർ ആ പ്രദേശത്തുണ്ട്. അന്വേഷണ സംഘം ഗിസപ്പെയുടെ വീട്ടിലെത്തി. 1999 ൽ തന്നെ അദ്ദേഹം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിധവയും മൂന്നു മക്കളുമാണു ഇപ്പോൾ അവിടെയുള്ളത്.
അന്വേഷണവിവരം ചോരാതെ വേണം കാര്യങ്ങൾ നടത്തേണ്ടതെന്ന് റിഗ്ഗെരിയ്ക്കറിയാമായിരുന്നു. തങ്ങൾ പഴയ ചില ചരിത്രവിവരങ്ങൾ ശേഖരിയ്ക്കാൻ എത്തിയവരാണെന്ന നാട്യത്തിലാണു അവർ അവിടെ പെരുമാറിയത്. ഗിസപ്പെയുടേതായി അവിടെ ശേഷിച്ചിരുന്നത് ഒരു ഡ്രൈവിങ്ങ് ലൈസൻസും ഗിസപ്പെ അയച്ച പഴയൊരു പോസ്റ്റു കാർഡുമായിരുന്നു. രണ്ടിലും പക്ഷേ, റിഗ്ഗെറിയ്ക്ക് വേണ്ടതായ വിലപ്പെട്ട വിവരം ഉണ്ടായിരുന്നു, DNA സാമ്പിൾ..! പോസ്റ്റ് കാർഡിലെ സ്റ്റാമ്പ് ഒട്ടിച്ചിരിയ്ക്കുന്നത് ഉമിനീർ കൊണ്ടായിരുന്നു. ഇറ്റലിയിലെ അന്നത്തെ നിയമപ്രകാരം ഡ്രൈവിങ് ലൈസൻസിലും സ്റ്റാമ്പ് ഒട്ടിയ്ക്കണമായിരുന്നു. അതിലും ഉമിനീരിന്റെ സാന്നിധ്യമുണ്ടായിരുന്നു.
DNA ഫലം ഒരു കാര്യം അടിവരയിട്ടുറപ്പിച്ചു. ഇഗ്നൊട്ടൊ-1 ന്റെ പിതാവ് ഗിസപ്പെ ഗെരിനോനി തന്നെ..!
(അതായത് ബാറിൽ വച്ച് കിട്ടിയ ആളിന്റെ DNA വഴി കൊലയാളിയുടെ അച്ഛന്റെ അടുത്തുവരെ എത്തി)
ഗിസപ്പെയ്ക്ക് രണ്ട് ആൾമക്കളും ഒരു മകളുമായിരുന്നു. എന്നാൽ DNA ഫലം നിരാശപ്പെടുത്തി. ഗിസപ്പെയുടെ ആണ്മക്കളുടെ DNA യും ഇഗ്നോട്ടോയുടെ DNA യും തമ്മിൽ സാമ്യമുണ്ടായിരുന്നില്ല..!
( ബാറിൽ വച്ച് DNA തെളിവ് കിട്ടയ ആളിന്റെ പേര് : ഡാമിയാനോ ഗെരിനോനി ( Damiano Guerinoni ), ഈ ഡാമിയാനോ ഗെരിനോനി ( Damiano Guerinoni ) ടെ അച്ഛന്റെ സഹോദരൻ ഗിസപ്പെ ഗെരിനോനി ( Giuseppe Guerinoni ), ഈ ഗിസപ്പെ ഗെരിനോനിയുടെ മകനാണ് കൊലപാതകി. എന്നാൽ വിവാഹബന്ധത്തിൽ ഉളള രണ്ട് ആൺമക്കളുമല്ല അയാൾ. )
കേസ് വീണ്ടും വഴുതിമാറുകയാണെന്ന് റിഗ്ഗെറിയ്ക്ക് തോന്നി. ഇഗ്നോട്ടോയുടെ അച്ഛനാണു ഗിസപ്പെ എന്നുറപ്പുള്ള സ്ഥിതിയ്ക്ക് സാധ്യതയുള്ള ഒരേയൊരു തീയറി, അയാൾക്ക് മറ്റൊരു മകൻ ഉണ്ടായിരിയ്ക്കും എന്നാണ്, അതു പക്ഷേ വിവാഹേതര ബന്ധത്തിലുള്ളതാവാം. 30-40 വർഷം മുൻപുള്ള ബന്ധത്തിൽ ജനിച്ചതാവാം. ഗിസപ്പെയുമായി ബന്ധമുണ്ടായിരുന്ന ആ സ്ത്രീ ആരാവാം എന്നു കണ്ടെത്തുകയാണു അടൂത്ത ജോലി.
ഇതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കുടുംബ ബന്ധങ്ങളെ മുറിവേൽപ്പിയ്ക്കാതെ ഇതു കണ്ടെത്തുക എന്നതൊരു വെല്ലുവിളി തന്നെയായിരുന്നു. ആദ്യപടിയായി 1960-70 കാലഘട്ടത്തിൽ ഏതെങ്കിലും അനാഥ ശിശുക്കൾ ജനിച്ചതിന്റെ വിവരമുണ്ടോ എന്നവർ അന്വേഷിച്ചു. ഭർത്താവില്ലാതെ ഗർഭിണി ആയ സ്ത്രീകളെക്കുറിച്ചും അന്വേഷിച്ചു.
നിരാശയായിരുന്നു ഫലം..
1970 ൽ മാത്രമാണു ഇറ്റലിയിൽ വിവാഹ മോചനം നിയമവിധേയമായത്. തങ്ങൾ അന്വേഷിയ്ക്കുന്ന സ്ത്രീ ഒരു പക്ഷെ വിവാഹിതയായി, കുടുംബസ്ഥയായിരിയ്ക്കാം. അങ്ങനെയെങ്കിൽ അവരെ കണ്ടെത്തുക ഏറെക്കുറെ അസാധ്യമെന്നു തന്നെ പറയാം.
ഇതേ സമയം, യാരയുടെ മാതാപിതാക്കൾ ഒരു സ്വകാര്യ ജെനെറ്റിക് വിദഗ്ധന്റെ സഹായം തേടി. അദ്ദേഹം പൊലീസ് റിപ്പോർട്ടുകൾ പഠിച്ചു. ഗിസപ്പെ തന്നെയാണോ ഇഗ്നോട്ടോ-1 ന്റെ പിതാവ് എന്ന കാര്യത്തിൽ അദ്ദേഹത്തിനു തീർച്ചയില്ലായിരുന്നു. അതിനു കാരണം, ഒരാളുടെ പിതൃത്വം ഉറപ്പിയ്ക്കുന്നതിനു ചുരുങ്ങിയത് 15 STR (Short Tandem Repeat) റീജിയനുകൾ എങ്കിലും താരതമ്യം ചെയ്ത് സമാനത കണ്ടെത്തണം. എന്നാൽ പൊലീസ് ചെയ്ത ടെസ്റ്റുകളിൽ 13 STR റീജിയണുകൾ മാത്രമാണു താരതമ്യം ചെയ്തിരുന്നത്.


ഇഗ്നോട്ടൊ-1 യുടെ പിതൃത്വം ഉറപ്പിയ്ക്കാനായി ഗിസപ്പെയുടെ അടക്കം ചെയ്ത ബോഡി പുറത്തെടുത്ത് സാമ്പിൾ ശേഖരിയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീണ്ട ഒരു വർഷത്തെ ശ്രമങ്ങൾക്കൊടുവിൽ അധികാരികൾ അക്കാര്യം അംഗീകരിച്ചു.
2013 മാർച്ച് 7 നു, ഗിസപ്പെയുടെ കല്ലറ തുറന്ന് ബോഡി പുറത്തെടുത്തു. അധികം ആരുടെയും ശ്രദ്ധയിൽ പെടാതെ അത് ഫോറെൻസിക് ലാബിലെത്തിച്ച് സാമ്പിളുകൾ ശേഖരിച്ച ശേഷം ഉടൻ തന്നെ കല്ലറയിൽ തിരികെ അടക്കം ചെയ്തു. പരിശോധനാ ഫലം തൃപ്തികരമായിരുന്നു. 26 STR റീജിയനുകൾ മാച്ച് ചെയ്യുന്നു. അതായത്, ഇഗ്നോട്ടോ-1 ന്റെ പിതാവ് ഗിസപ്പെ എന്നതിൽ യാതൊരു സംശയത്തിനും ഇടമില്ല.!
ഇൻവെസ്റ്റിഗേഷൻ ടീമിലുണ്ടായിരുന്ന മാർഷൽ ജിയോവന്നി മൊസെറിനോയ്ക്ക് ഗോർണൊയിൽ ധാരാളം വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അതുപയോഗിച്ച് അനൗദ്യോഗികമായ ചില അന്വേഷണങ്ങൾ അദ്ദേഹം നടത്തി. ഗിസപ്പെയുടെ കുടുംബജീവിതം, സ്വകാര്യ രഹസ്യങ്ങൾ, പരദൂഷണങ്ങൾ അങ്ങനെ പലതും തന്റെ രഹസ്യ സോഴ്സുകൾ വഴി മൊസെറിനോ ചോർത്തി.
ഗോർണോയിൽ ജനിച്ച ഗിസപ്പെ 1960 കളുടെ മധ്യത്തിൽ പോണ്ടെ സെൽ വാ എന്ന ഗ്രാമത്തിലേയ്ക്ക് താമസം മാറ്റി. അവിടെ, ഒരു പബ്ലിക് ബസ് ഡ്രൈവറായി ജോലി ചെയ്തു. അതിനു സമീപപ്രദേശങ്ങളിൽ ധാരാളം ടെക്സ്റ്റൈൽ മില്ലുകൾ ഉണ്ടായിരുന്നു. അവിടെ ജോലി ചെയ്തിരുന്നത് അധികവും യുവതികളായിരുന്നു. മില്ലുകളിലേയ്ക്കും തിരിച്ചും ജോലിക്കാർ സഞ്ചരിച്ചിരുന്നത് പബ്ലിക് ബസുകളിലാണ്.
മാർഷൽ മൊസെറിനോ, അക്കാലത്ത് ഗിസപ്പെയോടൊപ്പം ജോലി ചെയ്തിരുന്ന ചില ഡ്രൈവർമാരെ കണ്ടെത്തി. അവരോട് ഗിസപ്പെയെപ്പറ്റി അന്വേഷിച്ചു. പെൺ വിഷയത്തിൽ വളരെ തല്പരനായിരുന്നു അയാൾ എന്നാണു മിക്കവരും പറഞ്ഞത്.
അക്കാലത്ത് എല്ലാ വർഷവും മെയ്മാസത്തിൽ ഗിസപ്പെ അല്പം ദൂരെയുള്ള ഒരു റിസൊർട്ടിൽ പോകുമായിരുന്നു, രണ്ടാഴ്ചത്തെ അവധി ആഘോഷിയ്ക്കാൻ. കുടുംബത്തെ ഒപ്പം കൂട്ടിയിരുന്നില്ല. അന്വേഷണ സംഘം ആ റിസോർട്ട് കണ്ടെത്തി. പഴയ കാലത്തെ രേഖകൾ എല്ലാം ശേഖരിച്ചു. പഴയ ജോലിക്കാരെ കണ്ടെത്തി അവരിൽ നിന്നും വിവരം ശേഖരിച്ചു..
2014 ജൂൺ മാസം, ആ അന്വേഷണങ്ങൾക്കു ഫലമുണ്ടായി. അവർ തേടിക്കൊണ്ടിരുന്ന ആ സ്ത്രീയെ കണ്ടെത്തി. എസ്തെർ അസ്രുഫി എന്നായിരുന്നു അവരുടെ പേര്.
എസ്തേർ ജനിച്ചു വളർന്നത് പോണ്ടെ സെൽവായിലായിരുന്നു. അവരുടെ വീടിനു സമീപം തന്നെയായിരുന്നു ഗിസപ്പെയും കുടുംബവും താമസിച്ചിരുന്നത്. 19 മാത്തെ വയസ്സിൽ അവർ വിവാഹിതയായി അടുത്ത ഗ്രാമത്തിലേയ്ക്കു പോയി. അവളുടെ ഭർത്താവ് പക്ഷേ ഒരു രോഗിയായിരുന്നു. മേലാകെ ചിരങ്ങു പിടിച്ച ഒരാൾ. എസ്തെർ അടുത്തുള്ള തുണിമില്ലിൽ ജോലിയ്ക്കു പോയിത്തുടങ്ങി. നിരന്തരമായ ബസ് യാത്രകൾക്കൊടുവിൽ ഗിസപ്പെയുമായി പ്രണയത്തിലുമായി.
റിഗ്ഗെറിയും സംഘവും തങ്ങളുടെ DNA ഡാറ്റാബേസ് പരിശോധിച്ചു. യഥാർത്ഥത്തിൽ എസ്തെർ അസ്രുഫിയുടെ DNA സാമ്പിൾ 2012 ൽ തന്നെ ശേഖരിച്ചിരുന്നതാണ്. ലാബിൽ സംഭവിച്ച ഒരു പിഴവു മൂലമാണു തിരിച്ചറിയപ്പെടാതെ പോയത്. അന്ന് അസ്രുഫിയുടെ സാമ്പിൾ താരതമ്യം ചെയ്തത് ഇഗ്നോട്ടോ-1 ഉം ആയിട്ടായിരുന്നില്ല, യാരയുടേതുമായിട്ടായിരുന്നു. ആ ഒരു പിഴവില്ലായിരുന്നെങ്കിൽ ഒരു പക്ഷേ 2 വർഷം മുൻപേ റിഗ്ഗെരിയും സംഘവും ഇവിടെ എത്തിയേനെ.
DNA പരിശോധനയിൽ അസ്രുഫി എസ്തെർ തന്നെയാണു ഇഗ്നോട്ടോ-1ന്റെ മാതാവ് എന്ന് ഉറപ്പായി.
അസ്രുഫിയും ഭർത്താവും 1970 ൽ പോണ്ടെ സെൽവയിൽ നിന്നും താമസം മാറി. ആ വർഷം തന്നെ അവർ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഒരു ആൺകുട്ടിയും പെൺകുട്ടിയും. മാസിമോ എന്നാണു ആൺകുട്ടിയുടെ പേര്. അവനിപ്പോൾ 42 വയസ്സ് പ്രായമുണ്ട്. വിവാഹം ചെയ്ത് ഭാര്യയും കുട്ടികളുമായി മാപെല്ലോയിൽ താമസിക്കുന്നു.

2011 നവമ്പർ 26 നു മാപെല്ലോയിലാണു യാരയുടെ മൊബൈൽ ഫോണിന്റെ അവസാന സിഗ്നൽ ലഭിച്ചത്. ഇനി സമയം കളയാനില്ല എന്ന് റിഗ്ഗെറി ഉറപ്പിച്ചു. മാസിമോയെ അറസ്റ്റു ചെയ്യും മുൻപ്, അയാൾ തന്നെയാണു ഇഗ്നോട്ടൊ-1 എന്നുറപ്പിയ്ക്കേണ്ടതുണ്ട്. അയാൾക്ക് സംശയം തോന്നാത്ത രീതിയിൽ വേണം പരിശോധന നടത്താൽ അല്ലാത്ത പക്ഷം കടന്നു കളയാൻ സാധ്യതയുണ്ട്.
( കുഴഞ്ഞുമറിഞ്ഞ ഈ കേസിലെ ബന്ധങ്ങൾ മനസിലാക്കാൻ മലയാളത്തിൽ പറയുകയാണെങ്കിൽ : ബാറിൽ ഡി.എൻ.എ ടെസ്റ്റിൽ പോസിറ്റീവ് കാണിച്ച ആളുടെ അച്ഛന്റെ സഹോദരന് അവിഹിതബന്ധത്തിൽ ഉണ്ടായ മകനാണ് കുറ്റവാളി.)
അന്വേഷണ സംഘം മാസിമോയെ രഹസ്യമായി നിരീക്ഷിച്ചു. അയാൾ കെട്ടിട നിർമ്മാണ ജോലിയാണു ചെയ്യുന്നത്. ചെറിയൊരു ട്രക്കിലാണു വരുന്നതും പോകുന്നതും. എന്നും വൈകിട്ട് കൃത്യമായി വീട്ടിലെത്തും. ബാക്കി സമയം ഭാര്യയോടും മക്കളോടുമൊപ്പം ചിലവഴിയ്ക്കും. സ്നേഹസമ്പന്നനായ കുടുംബസ്ഥൻ.


ഞായറാഴ്ച കുടുംബസമേതം പുറത്തുപോയശേഷം തന്റെ കാറിൽ മടങ്ങുകയാണു മാസിമോ ബോസെറ്റി. വഴിയിൽ പൊലീസിനെ കണ്ട് അയാൾ കാർ നിർത്തി. മദ്യപിച്ച് വാഹനമോടിയ്ക്കുന്നവരെ പിടിയ്ക്കാൻ ബ്രീത്ത് അനലൈസറിൽ ഊതിയ്ക്കുകയാണു പൊലീസ്. ഒരു പൊലീസുകാരൻ മാസിമോയുടെ അടുത്തെത്തി, അനലൈസറിൽ ഊതാൻ പറഞ്ഞു.
അയാൾക്ക് ചിരി വന്നു.. “ഞാൻ മദ്യപിയ്ക്കാറില്ല…“
“താങ്കൾ ഊതണം സർ..“ പൊലീസുകാരൻ പറഞ്ഞു. മാസിമോ ഊതി.
എന്നാൽ ബ്രീത്ത് അനലൈസർ കേടായിരുന്നു. അതിൽ ഒന്നും കണ്ടില്ല. ക്ഷമാപണത്തോടെ പൊലീസുകാരൻ മറ്റൊരു അനലൈസർ എടുത്ത് മാസിമോയ്കു നേരെ നീട്ടി. അയാൾ വീണ്ടും ഊതി. ഫലം നെഗറ്റീവായിരുന്നു. “ സോറി സർ.. താങ്കൾക്കു പോകാം..“ പൊലീസുകാരൻ വിനയത്തോടെ പറഞ്ഞു.
മാസിമോയുടെ കാർ അകലെ എത്തിയതും പൊലീസുകാരൻ രണ്ടു ബ്രീത്ത് അനലൈസറുകളുമായി കുറച്ചു മാറി നിർത്തിയിട്ടിരുന്ന ഒരു കാറിനരുകിലേയ്ക്ക് ഓടി. റിഗ്ഗെരിയും സംഘവുമായിരുന്നു അതിൽ ഉണ്ടായിരുന്നത്. മാസിമോയുടെ DNA സാമ്പിൾ ശേഖരിയ്ക്കാൻ അവർ സംഘടിപ്പിച്ച പരിശോധനാ നാടകമായിരുന്നു അത്. സാമ്പിളുകൾ ഉടൻ തന്നെ ലാബിലേയ്ക്കു പോയി. രാത്രി 2 മണിയോടെ ഫലമെത്തി. ഇഗ്നോട്ടോ-1 , മാസിമോ ബൊസെറ്റി തന്നെ..! ഇഗ്നോട്ടോ 1 യും മാസിമോ ബോസെറ്റിയും ഒരാൾ അല്ലാതിരിക്കാനുളള സാധ്യത 2 x 10-27 ആണ്. ( അതായത് 2000000000000000000000000000 ആളുകളിൽ ഒരാൾക്ക് മാത്രമേ ഈ DNA ഉണ്ടാകുകയുളളൂ )
പിറ്റേന്നു പ്രഭാതം. കേണൽ ലൊറുസ്സോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാസിമോയുടെ വീടിനു അല്പം അകലെയായി ആരുടെയും ശ്രദ്ധ ആകർഷിയ്ക്കാതെ കാത്തിരുന്നു. അല്പസമയത്തിനകം തന്റെ ട്രക്കിൽ മാസിമോ കടന്നു പോയി. പൊലീസ് അയാളെ പിന്തുടർന്നു. ഏതാനും കിലോമീറ്റർ അകലെ ഒരു കെട്ടിട നിർമ്മാണ സൈറ്റിലാണു മാസിമോ ട്രക്ക് നിർത്തിയത്. വാഹനം പാർക്ക് ചെയ്ത ശേഷം അയാൾ ജോലിയ്ക്കായി മുകളിലേയ്ക്കു കയറി.
റിഗ്ഗെരിയുടെ ഓർഡറിനായി കാക്കുകയാണു പൊലീസ് സംഘം. കേണൽ ലൊറുസ്സോ തൽസമയം വിവരങ്ങൾ അറിയിച്ചു കൊണ്ടിരുന്നു. തന്നെ പിടികൂടാൻ എത്തുന്ന പൊലീസിനെ കണ്ടാൽ മാസിമോ എടുത്തു ചാടി ജീവനൊടുക്കുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്തായാലും അയാളെ അറസ്റ്റു ചെയ്യാൻ റിഗ്ഗെരി നിർദ്ദേശിച്ചു.
കെട്ടിടത്തിനു ചുറ്റും പൊലീസ് നിലയുറപ്പിച്ചു. കൂടാതെ, മാസിമോ പുറത്തേയ്ക്ക് ഓടിയാൽ പിടികൂടാൻ മറ്റൊരു സംഘവും. ആയുധധാരികളുടെ ഒരു സംഘം തങ്ങളെ വളഞ്ഞിരിയ്ക്കുന്നത് കെട്ടിടത്തിൽ പണിതുകൊണ്ടിരുന്നവർ ശ്രദ്ധിച്ചു. അവർ ആകാംക്ഷയോടെ ചുറ്റും നോക്കി. എന്നാൽ മാസിമോ മാത്രം പരിഭ്രാന്തനായി ചാടിയിറങ്ങി. അതോടെ പൊലീസ് ചടുലമായി നീങ്ങി. ചുറ്റുമുള്ള സ്കഫോൾഡിങ്ങ് വഴി അവർ മുകളിലേയ്ക്ക് കയറിത്തുടങ്ങി. ഇതു കണ്ട മാസിമോ, ഒരു കയറിൽ തൂങ്ങി താഴേയ്ക്കു ചാടി. കാത്തുനിന്ന പൊലീസിന്റെ കൈയിലേയ്ക്കാണയാൾ ചാടിയത്. നിമിഷങ്ങൾക്കകം മാസിമോ കീഴടങ്ങി. കൈയിൽ വിലങ്ങു വീണു.
“നിങ്ങളുടെ പേര്?“ കേണൽ ലൊറുസ്സോ ചോദിച്ചു.
“മാസിമോ ബൊസെറ്റി..“ അയാൾ ശാന്തനായി പറഞ്ഞു. മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരാൾ. തിളങ്ങുന്ന ചാരനിറമുള്ള കണ്ണുകളായിരുന്നു അയാളുടെത്.

വാർത്ത നിമിഷങ്ങൾക്കകം ഇറ്റലിയിലാകെ പടർന്നു, മാധ്യമങ്ങൾ പാഞ്ഞെത്തി. റിഗ്ഗെരി പക്ഷേ ശാന്തയായിരുന്നു. അവർക്കൊരു കോൾ ചെയ്യാനുണ്ടായിരുന്നു, യാരയുടെ അമ്മയ്ക്ക്. ഒടുവിൽ താനതു ചെയ്തിരിയ്ക്കുന്നു. വർഷങ്ങളായി ഉറക്കമിളച്ച് ഒരു തപസ്സു പോലെ പണിയെടുത്തത് ഈയൊരു നിമിഷത്തിനായിരുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇഗ്നോട്ടോ-1 നെ അറസ്റ്റു ചെയ്ത കാര്യം അവർ യാരയുടെ കുടുംബത്തെ അറിയിച്ചു.

മാസിമോയെ പൊലീസ് ചോദ്യം ചെയ്തു. ഇറ്റലിയിലെ നിയമപ്രകാരം പ്രതിയ്ക്ക് പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ മൗനം പാലിയ്ക്കാൻ അവകാശമുണ്ട്. അയാൾ അതു തന്നെ ചെയ്തു. എങ്കിലും പൊലീസ് സാഹചര്യ തെളിവുകൾ ശേഖരിച്ചു. അയാളുടെ ഇന്റെർനെറ്റ് സെർച്ചുകൾ പരിശോധിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. കൗമാരക്കാരായ പെൺകുട്ടികളുടെ രതിചിത്രങ്ങളായിരുന്നു കൂടുതലും അയാൾ കണ്ടിരുന്നത്. പുറമേ ശാന്തനെങ്കിലും ഉള്ളിൽ ഒരു ക്രൂരമൃഗത്തെ അയാൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. യാരയെ എങ്ങനെയാണു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് ഒരിയ്ക്കലും അയാൾ വെളിപ്പെടുത്തിയില്ല.
അയാൾക്കു വേണ്ടി കുടുംബം മികച്ച അഭിഭാഷകരെ തന്നെ ഏർപ്പെടുത്തി. DNA തെളിവുകളല്ലാതെ മറ്റൊരു തെളിവും പ്രതിയ്ക്കെതിരെ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്നവർ വാദിച്ചു. ഒരാളുടെ DNA സാന്നിധ്യം കണ്ടെത്തി എന്നതു കൊണ്ടുമാത്രം ഒരാൾ കൊലപാതകി ആകുന്നതെങ്ങനെ എന്നവർ ചോദിച്ചു.
നീണ്ട വിചാരണയ്ക്കൊടുവിൽ 2015 മാസിമോ ബൊസെറ്റിയെ പരോളില്ലാതെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചു.
അടിക്കുറിപ്പ്: ഈ കേസന്വേഷണത്തിൽ കൂടി വിചിത്രങ്ങളായ പല അറിവുകളും പൊലീസിനു ലഭിച്ചു.
അതിലൊന്ന്, എസ്തെർ – ജിയോവന്നി ബൊസെറ്റി ദാമ്പത്യത്തിലുണ്ടായ മൂന്നുകുട്ടികളും അയാളുടെതല്ല എന്നായിരുന്നു. താൻ ഭർത്താവിനെ ഒരിയ്ക്കലും വഞ്ചിച്ചിട്ടില്ല എന്നാണു പക്ഷേ എസ്തെർ അപ്പോഴും അവകാശപ്പെട്ടത്. (!!!??)